
അച്ഛൻ അറിയാൻ ഭാഗം - 31
വിവിധ പാരന്റിങ് ശൈലികളെ പറ്റി പഠിച്ചു കഴിയുമ്പോൾ, നമുക്ക് ചില ആശങ്കകളുണ്ടാകാം.
കാരണം, ആധികാരിക രക്ഷാകർതൃത്വ ശൈലിയാണ് ( Authoritative Parenting ) പൊതുവെ ആശാസ്യമായതു എന്നാണല്ലോ നമ്മുടെ നിഗമനം. ചിലപ്പോൾ നമ്മുടെ പാരന്റിങ്, ഈ ഒരു ശൈലിയിലേക്ക് മാത്രമായി ഒതുങ്ങിക്കൂടണമെന്നു നിർബന്ധമില്ല. സ്വേച്ഛാധിപത്യ ശൈലിയുടെയും എല്ലാം അനുവദിച്ചു കൊടുക്കുന്ന Permissive ശൈലിയുടെയും മധ്യത്തിലാണ് ഇതിന്റെ സ്ഥാനം. എത്ര ശ്രമിച്ചാലും, ഏതു നിമിഷവും അങ്ങോട്ടോ ഇങ്ങോട്ടോ വഴുതിപ്പോയേക്കാം.
നമ്മൾ, നമ്മുടെ കുട്ടിയെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ തന്നെ, അറിയാതെ അവനുള്ള നിയമങ്ങളിൽ വെള്ളം ചേർക്കുവാൻ സാധ്യതയുണ്ട്. തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നതിനു പകരം കുട്ടിയുടെ കടുംപിടുത്തതിന് വഴങ്ങി കൊടുക്കാനും ഇടയുണ്ട്.
മറ്റു ചിലപ്പോൾ, നേരെ മറിച്ചു നിയമങ്ങളുടെ കാര്യത്തിൽ നമ്മൾ കർക്കശക്കാരും അയവില്ലാത്തവരും ആകുകയും കുട്ടിയുടെ വികാരങ്ങൾ അവഗണിക്കുകയും ചെയ്തെന്നു വരാം. ചർച്ച ചെയ്യുന്നതിന് പകരം കല്പനകൾ പുറപ്പെടുവിച്ചെന്നും വരാം. പിതാവിന്റെ ഓരോ സമയത്തെയും മാനസികാവസ്ഥ അനുസരിച്ചു നിലപാടുകളിൽ ചാഞ്ചാട്ടം ഉണ്ടാകാം.
ഇങ്ങനെയൊക്കെ സംഭവിച്ചാൽ തെല്ലും അസ്വാസ്ഥ്യം വേണ്ട. അതൊക്കെ സ്വാഭാവികമാണ്. ശരിയായ നിലപാടിൽ നാം ഉറച്ചു നിൽക്കുമ്പോൾ തന്നെ, ചിലപ്പോൾ കുട്ടിക്ക് ചില കാര്യങ്ങളിൽ വഴങ്ങി കൊടുക്കേണ്ടി വന്നേക്കാം. ചിലപ്പോൾ വളരെ ശാഠ്യത്തോടെ അവരോടു പെരുമാറേണ്ടിയും വന്നേക്കാം.
നമ്മുടെ വ്യക്തിപരമായ ജീവിതവും രക്ഷകർത്താവ് എന്ന നിലയിലുള്ള ജീവിതവും രണ്ടും രണ്ടാണല്ലോ. ഇത് രണ്ടും കൂടെ സന്തുലിതമായി നിർത്താനുള്ള തത്രപ്പാടിനിടയിൽ, ഒരേ ശൈലിയിലുള്ള പാരന്റിങ്ങിൽ തന്നെ ഉറച്ചു നിൽക്കുവാൻ തെല്ലു ബുദ്ധിമുട്ടാണ്. അതിൽ ആശങ്കപ്പെടേണ്ട. ലജ്ജിക്കുകയോ ദുഃഖിക്കുകയോ വേണ്ട. അതുകൊണ്ട് പ്രയോജനമൊന്നുമില്ല.
ഒരു കാര്യം നാം മനസ്സിലാക്കണമെന്ന് മാത്രം. ആധികാരിക രക്ഷാകർതൃത്വം ( Authoritative Parenting ) ആണ് ഏറ്റവും മികച്ച പാരന്റിങ് ശൈലിയായി പഠനങ്ങൾ വെളിപ്പെടുത്തിയിട്ടുള്ളത്. മനപ്പൂർവമായി അതിൽ നിന്ന് വഴുതിപ്പോകരുത്.
ഇനിയും ഒരു പക്ഷെ നിങ്ങൾ അനുവർത്തിച്ചു വന്ന ശൈലി മറ്റൊന്നായിരുന്നു എന്ന് കരുതുക. എങ്കിലും ഈ മെച്ചപ്പെട്ട രീതിയിലേക്ക് മാറുവാൻ നിങ്ങൾക്കും സാധിക്കും. ഏറ്റവും മികച്ച ഒരു പിതാവാകുവാൻ ഉള്ള താല്പര്യത്തോടെയും സമർപ്പണത്തോടെയുമുള്ള മനപ്പൂർവ പരിശ്രമത്തിലൂടെ മകനുമായി നല്ല ഒരു ബന്ധം സ്ഥാപിച്ചെടുക്കുവാൻ നിങ്ങൾക്ക് കഴിയും. ആരോഗ്യപരമായ ആധികാരികത്വം കാത്തുസൂക്ഷിക്കുവാനും ഇടവരും. കാലങ്ങൾ കഴിയുമ്പോൾ നിങ്ങളുടെ ഈ ഹൃദയപൂർവമായ ശ്രമങ്ങളുടെ വിളവ് കുട്ടി കൊയ്തെടുക്കുക തന്നെ ചെയ്യും.
റൺ ഔട്ട് ആകാതിരിക്കാൻ
മികച്ച നിലയിൽ ബാറ്റു ചെയ്യുമ്പോൾ റൺ ഔട്ട് ആകുന്നത് ദുഃഖകരമാണെന്നു നമ്മൾ കേട്ടിട്ടുണ്ട്. അതുപോലെയാണ് നല്ലൊരു പാരന്റ് ആയി മുന്നോട്ടു പോകുന്നതിനിടയിൽ പെട്ടെന്ന് മറ്റു ചില ശൈലിയിലേക്ക് വഴുതി പോകുന്നത്. അതിനെ നിയന്ത്രിക്കാൻ സാധ്യമായ 10 കല്പനകൾ ഇനി പറയാം.
1. കൃത്യമായ അതിരുകൾ നിർണ്ണയിക്കുക. മകൻ ചെയ്യാവുന്നവ, ചെയ്യാൻ പാടില്ലാത്തവ, പോകാൻ പറ്റുന്ന പരിധികൾ, അവനെക്കുറിച്ചുള്ള പ്രതീക്ഷകൾ എന്നിവയെല്ലാം മുൻകൂട്ടിത്തന്നെ നിർണ്ണയിക്കുക.
2. നിയമങ്ങളും പരിധികളും വ്യക്തമായി മനസ്സിലാക്കും വിധം, മകന് വിശദീകരിച്ചു കൊടുക്കുക.
3. ഒരു സംഭവം ഉണ്ടാകുമ്പോൾ, അതിൽ മകന്റെ കാഴ്ചപ്പാട് വിശദീകരിക്കുവാൻ അവനെ അനുവദിക്കുക.
4. ന്യായമായ ശിക്ഷാനടപടികൾ നടപ്പിലാക്കേണ്ടി വന്നാൽ, സ്ഥിരത പുലർത്തുക.
5. കുട്ടിയെ നിങ്ങളുടെ ആശ്രിതനായല്ലാതെ, ഒരു പൂർണ്ണവ്യക്തിയായി കണ്ട് ആദരിക്കണം.
6. പ്രശ്നത്തിൽ പെടുമ്പോൾ എപ്പോഴും കുട്ടിയെ ഓടി വന്നു സഹായിക്കരുത്.
7. സ്വയം തീരുമാനങ്ങൾ എടുക്കുവാനും പ്രശ്നങ്ങൾ പരിഹരിക്കുവാനും മകനെ പ്രോത്സാഹിപ്പിക്കുക.
8. സാഹചര്യങ്ങളിൽ മാറ്റമുണ്ടായാൽ അതിനെ നമ്മൾ അംഗീകരിക്കണം.
9. ആവശ്യമെങ്കിൽ തീരുമാനങ്ങൾ നമ്മൾ പുനഃപരിശോധിക്കണം.
10. നേർക്ക് നേരെ ഇടപെടുന്നില്ലെങ്കിലും കുട്ടിയുടെ കാര്യത്തിൽ ഒരു വിദൂരവീക്ഷണം ഉണ്ടാവണം.
ഇങ്ങനെയൊക്കെ ചില മനഃപ്പൂർവ ശ്രമങ്ങൾ നടത്തിയാൽ ശരിയായ പാരന്റിങ് ശൈലിയിൽ ഏറെക്കുറെ ചുവടുറപ്പിക്കുവാൻ നിങ്ങൾക്കു സാധിക്കും. ഇനി എങ്ങാനും വഴുതിപ്പോയാലും തിരിച്ചുവരാനാകും, ഭയപ്പെടേണ്ട.
ഹെലികോപ്ടറും പുല്ലുവെട്ടു യന്ത്രവും
ഇവിടെ പരാമർശിച്ചവ കൂടാതെ, മറ്റു രണ്ട് തരം പാരന്റിങ് ശൈലി കൂടെ ആധുനിക മനഃശാസ്ത്രം, നമ്മെ പരിചയപ്പെടുത്തുന്നുണ്ട്.
ഒന്ന്, ഹെലികോപ്റ്റർ പാരന്റിങ് ശൈലി. ഡോക്ടർ ഹെയിം ജിനോട്ടിന്റെ Parents & Teenagers എന്ന ഗ്രന്ഥത്തിലാണ് ഈ പദപ്രയോഗം ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിൽ ഒരു കൗമാരകഥാപാത്രം പരാതിപ്പെടുന്നത് ഇങ്ങനെയാണ്: "എന്റെ മാതാപിതാക്കന്മാർ എപ്പോഴും എന്റെ തലയ്ക്കു മീതെ ഒരു ഹെലികോപ്റ്ററിനെപ്പോലെ മൂളിപ്പറന്നു നടക്കുകയാണ്. അവരുടെ നോട്ടം മറച്ചു എനിക്ക് ഒന്നും ചെയ്യാൻ ആവില്ല."
പുസ്തകത്തിൽ നിന്നും ഹെലികോപ്റ്റർ പാരന്റിങ് എന്ന ഈ പ്രയോഗം 2011 ൽ ഡിക്ഷനറിയിൽ കയറിക്കൂടുകയും ഉണ്ടായി.
കുട്ടികളുടെ ശൈശവത്തിൽ ഒരു ഹെലികോപ്റ്റർ പാരന്റ്, കുട്ടിക്ക് ഒരു നിഴലായി കൂടെ നടക്കും. കളി അവനോടൊപ്പം, ആഹാരം അവനോടൊപ്പം, ഉറക്കവും അവനോടൊപ്പം. ഒറ്റക്കൊരു സമയം അവനു കിട്ടാറേയില്ല. പ്രൈമറിസ്കൂളിൽ എത്തുമ്പോഴാകട്ടെ, ഹോംവർക് ചെയ്തു സഹായിക്കുക, സ്കൂൾ പ്രോജെക്ടിൽ ഇടപെടുക എന്നിങ്ങനെ എല്ലാ കാര്യത്തിലും അവരുടെ സജീവ പങ്കാളിത്തം ഉണ്ടായിരിക്കും. മുതിർന്നു കഴിയുമ്പോഴും , അവർക്കു സ്വയം ചെയ്യാവുന്ന കാര്യങ്ങളിൽ പോലും ഇടപെടുക, മാർക്ക് കുറയുമ്പോൾ എല്ലാ അധ്യാപകരെയും വിളിച്ചു കുറ്റപ്പെടുത്തുക, തുടങ്ങി തൊട്ടതിനും പിടിച്ചതിനുമെല്ലാം അവർ ഇടപെടും. കുട്ടികൾക്കു ശ്വാസം മുട്ടും വിധമായിരിക്കും അവരുടെ മേൽനോട്ടം.
കുട്ടികൾ എന്തെങ്കിലും തെറ്റായി ചെയ്താൽ സംഭവിക്കാവുന്ന ദോഷഫലങ്ങളെപ്പറ്റിയുള്ള ആശങ്കയാണ് ഒരു കാരണം. കുട്ടിക്ക് നിരാശ ഉണ്ടായാൽ അത് അവന് അസ്സഹനീയമാകാം എന്ന ചിന്തയാണ് മറ്റൊരു കാരണം. തങ്ങളുടെ ബാല്യത്തിൽ കിട്ടാതെ പോയ സ്നേഹവും കരുതലും സംരക്ഷണവും വാരിക്കോരി കൊടുക്കാൻ ശ്രമിക്കുന്നതാണ് ഇനിയുമൊരു കാരണം. ഇത്തരം ശൈലി സ്വീകരിച്ചിട്ടുള്ള മറ്റു മാതാപിതാക്കന്മാരിൽ നിന്നുള്ള സമ്മർദ്ദമാവാം ( Peer Pressure ) നാലാമതൊരു കാരണം.
നല്ല ഉദ്ദേശലക്ഷ്യങ്ങളായിരിക്കും ഇതിന്റെ പിന്നിൽ ഉള്ളത്, പക്ഷെ അതുമൂലം ചില അപകടങ്ങൾ ഉണ്ട്. "എന്റെ മാതാപിതാക്കൾക്ക് എന്നിൽ വിശ്വാസമില്ല. ഞാൻ ഇത് സ്വയം ചെയ്താൽ പരാജയപ്പെട്ടുപോകുമെന്നാണ് അവർ കരുതുന്നത്." എന്നിങ്ങനെ കുട്ടി ചിന്തിച്ചു തുടങ്ങും. കുട്ടിയുടെ ആത്മധൈര്യം മുഴുവൻ ചോർന്നു പോകാൻ ഈ ചിന്ത കാരണമാകും. അവൻ സ്വയം ഒന്നും ചെയ്യാൻ കഴിവില്ലാത്തവർ ആയിത്തീരുകയും ചെയ്യും.
പ്രശനം ഉണ്ടാകാതെ സൂക്ഷിക്കാനും, ഉണ്ടായാൽ ഉടനെ പരിഹാരം കണ്ടെത്താനും പേരെന്റ്സ് നിരന്തരം കൂടെ നിന്നാൽ പിന്നെ, ഈ പ്രശ്നങ്ങളെ നേരിട്ട്, ജീവിതപാഠങ്ങൾ പഠിക്കാൻ കുട്ടിക്ക് സമയമെവിടെ? അവസരമെവിടെ? തോൽവിയെ നേരിടാൻ ഇത്തരം കുട്ടികൾ തെല്ലും ത്രാണിയില്ലാത്തവരായി മാറും.
നിരാശയുടെയും ആശങ്കയുടെയും ഭീതിയുടെയും അളവ് ഇവരിൽ വളരെ കൂടുതൽ ആയിരിക്കും.
മാതാപിതാക്കളുടെ തണലിൻ കീഴിൽ വളരുന്നതിനാൽ, അവരെക്കാൾ മുകളിലേക്ക് കുട്ടിക്ക് ഉയരാൻ സാധിക്കാതെയും വരും. ദൈനംദിന ജീവിതത്തിൽ വേണ്ടതെല്ലാം പേരെന്റ്സ് സ്പൂണിൽ വാരി വായിലേക്ക് ഇട്ടു കൊടുക്കുന്നതിനാൽ, സ്വയം ഒന്നും ചെയ്യാൻ കഴിവില്ലാത്തവരായി തീരുകയവും ഫലം.
ഗലീലക്കടലിലെ വെള്ളത്തിന് മീതെ നടക്കാൻ മോഹം പ്രകടിച്ചിപ്പോൾ നടക്കുവാൻ ശിഷ്യനായ പത്രോസിനെ, യേശുക്രിസ്തു അനുവദിച്ചതായി ബൈബിളിൽ പറയുന്നുണ്ട്. എന്നാൽ വൈകാതെ പത്രോസ് വെള്ളത്തിൽ മുങ്ങിപ്പോയി. കുറെ ഉപ്പുവെള്ളം കുടിച്ചു കാണും. കയ്യിട്ടടിച്ചു കാണും, സ്വയം രക്ഷപെടാൻ ശ്രമിച്ചു കാണും. അതിനാവില്ലെന്നു ബോധ്യമായും കാണും. പക്ഷെ മുങ്ങി പോകുന്നതിനു മുൻപ് പെട്ടെന്ന് കൈ നീട്ടി യേശു പത്രോസിനെ വലിച്ചുയർത്തി. പിന്നീടൊരിക്കലും വെള്ളത്തിൽ നടക്കാനുള്ള മോഹം പത്രോസിനുണ്ടാവാനിടയില്ല. ഇതാണ് എല്ലാ മാതാപിതാക്കന്മാർക്കും മാതൃക.
പരാജയങ്ങളിലൂടെ പാഠങ്ങൾ പഠിക്കുവാൻ കുട്ടിയെ അനുവദിക്കുക.
ചെയ്യാൻ പ്രാപ്തിയുള്ള കാര്യങ്ങൾ അവർ സ്വയം ചെയ്യട്ടെ. അവരുടെ ആത്മധൈര്യം വർധിക്കട്ടെ. അടിയന്തിര ഘട്ടങ്ങളിൽ മാത്രം ഇടപെടുക. എല്ലായ്പ്പോഴും തലക്കു മീതെ മൂളിപ്പറക്കരുത്.
പുല്ലുവെട്ടു ശൈലി ( Lawn mower style) എന്നാണ് അടുത്ത ശൈലി അറിയപ്പെടുന്നത്. ഹെലികോപ്റ്റർ ശൈലിയെക്കാൾ ഒരുപടികൂടി കടന്നതാണിത്. ആത്യന്തികമായി കുട്ടികളെ ഉപദ്രവകരമായി ബാധിക്കുന്ന തരം ശൈലിയാണിത്. മിക്ക വീടുകളിലും ഒരു കുട്ടിയെ കാണുകയുള്ളൂ. അതുകൊണ്ട് അവന്റെ മാർഗ്ഗമദ്ധ്യേയുള്ള എല്ലാത്തരം പ്രതിബന്ധങ്ങളെയും മാതാപിതാക്കന്മാർ മുറിച്ചു മാറ്റി വഴി രാജകീയമാക്കി, പട്ടു പരവതാനി വിരിച്ചു കൊടുക്കുന്ന രീതിയാണിത്. കുട്ടികൾ ഒരു തരത്തിലുള്ള പ്രതിബന്ധവും അനുഭവിക്കരുതെന്നാണ് അവരുടെ ആഗ്രഹം. തങ്ങൾ ചെറുപ്പകാലത്തു ഒത്തിരി കഷ്ടപ്പെട്ടു. മക്കൾ അതൊന്നും അറിയരുത്, അതാണ് അവരുടെ താല്പര്യം.
എന്നാൽ കുട്ടികൾ പ്രയാസങ്ങൾ അറിഞ്ഞു തന്നെ വളരണം. മാത്രമല്ല , മാതാപിതാക്കന്മാരുടെ കഷ്ടതയുടെ കഥകൾ അവർ കേൾക്കുകയും ചെയ്യണം. മഞ്ഞുകലപ്പ ശൈലി ( Snow Plow) എന്നും ബുൾഡോസെർ ശൈലി എന്നും, ചെയ്യുന്ന കാര്യങ്ങളുടെ ഗൗരവം അനുസരിച്ച് ഈ ശൈലിയെ സംബോധന ചെയ്യാറുണ്ട്.
കുട്ടികളെ ഒന്ന് സഹായിച്ചാൽ , കാര്യം പെട്ടെന്ന് നടന്നു കിട്ടും, പ്രശ്നങ്ങളും കുറവായിരിക്കും എന്നൊക്കെയാവും ഇവരുടെ വാദമുഖങ്ങൾ. അവ സത്യമാണ് താനും. എന്നാൽ ദൂരവ്യാപകമായ ഭവിഷ്യത്തുകളിലേക്കായിരിക്കും ഈ 'എളുപ്പ വഴി'കളിലൂടെ നിങ്ങൾ എത്തിച്ചേരുക.
മാതാവും പിതാവും ആവുക എന്നത് അനുഗ്രഹീതമായ അനുഭവം ആണ്. ഒരു സമൂഹത്തിനു മുഴുവൻ പ്രയോജനം ചെയ്യന്ന ചിലരെ വാർത്തെടുക്കാൻ കിട്ടുന്ന അപൂർവ അവസരമാണിത്. ശരിയായ ഗൃഹപാഠം ചെയ്തിട്ട് ഈ ദൗത്യം ഏറ്റെടുത്താൽ അത് ധന്യമായ ഒരു അനുഭവം ആയിരിക്കും. വരുന്നവഴിക്കു കൈകാര്യം ചെയ്യാനാണ് നീക്കമെങ്കിൽ അപകടത്തിലേക്ക് കൂപ്പു കുത്തുകയും ചെയ്യാം.
തീരുമാനം താങ്കളുടേതാണ്.