Mar 4 • 10M

അച്ഛൻ അറിയാൻ ഭാഗം - 34

കുട്ടികളെ ബോൺസായ് മരങ്ങൾ ആക്കരുത്

George Koshy
Comment
Share
 
1.0×
0:00
-9:46
Open in playerListen on);
Episode details
Comments

അച്ഛൻ അറിയാൻ എന്ന ഈ പംക്തി പതിവായി കേൾക്കുകയോ വായിക്കുകയോ ചെയ്യുന്ന പലരും വിവിധ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാറുണ്ട്. അവരോടു നന്ദി അറിയിക്കുന്നു. അതോടൊപ്പം ചിലർ ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കാറുമുണ്ട്. അങ്ങനെയുള്ള ചോദ്യങ്ങളിൽ ചിലതു തുടർന്നുള്ള ഏതാനും എപ്പിസോഡുകളിൽ നമ്മൾ വിചിന്തനം ചെയ്യുകയാണ്. പേരുകൾ വെളിപ്പെടുത്താതെയും നിങ്ങളുടെ സംശയങ്ങൾ ഉന്നയിക്കാവുന്നതാണ്‌. ഒരു ചോദ്യം ഇന്ന് നമുക്ക് ചർച്ച ചെയ്യാം.

ചോദ്യം : എന്റെ മൂത്ത മകൻ വളരെ സ്മാർട്ട് ആണ്. പഠിക്കാൻ അവനോടു ആരും ആവശ്യപ്പെടേണ്ടതില്ല. അവന്റെ കാര്യങ്ങളെല്ലാം അവൻ സ്വയം നോക്കിക്കൊള്ളും. എന്നാൽ ഇളയവൻ അങ്ങനെയല്ല. ഏതു കാര്യം ചെയ്യാനും കൂടെ സഹായമായി ഒരാൾ വേണം. പഠനത്തിലും മൂത്തവനൊപ്പം വരില്ല. കായികവിഷയങ്ങളിൽ ആണ് ഇവന്റെ കമ്പം. ഇത് ഞങ്ങൾ മാതാപിതാക്കൾക്ക് വളരെ വിഷമം ഉണ്ടാക്കുന്നു. മൂത്തവനെപോലെ ഇളയവനും മിടുക്കൻ ആകുവാൻ എന്താണ് ചെയ്യേണ്ടത്?

ഉത്തരം: നിരവധി മാതാപിതാക്കളെ അലട്ടുന്ന ഒരു പ്രശ്നമാണിത്. വളരെ മിടുക്കനായി വളർന്നു വരുന്ന മൂത്ത കുട്ടിയുടെ പിന്നാലെ, അതിനേക്കാൾ മിടുക്കൻ ആകണം എന്ന് മാതാപിതാക്കൾ ആഗ്രഹിക്കുന്ന ഇളയ കുട്ടി... പക്ഷെ അവന്റെ വളർച്ച മറ്റൊരു രീതിയിൽ ആണ്. നിങ്ങളുടെ പ്രതീക്ഷകൾ എല്ലാം അവൻ തകർക്കുന്നു. ഇതാണല്ലോ പ്രശ്നം.

ഞാനൊരു കാര്യം താങ്കളോട് ചോദിക്കട്ടെ. താങ്കൾ ഷൂസ് ധരിക്കുന്ന വ്യക്തി ആണെങ്കിൽ, താങ്കളുടെ ഷൂസ് മറ്റെല്ലാവരുടെയും കാലുകൾക്കും പാകമാകുമോ? ഇല്ലേയില്ല. "എന്റെ കാലിനു ഇത് കിറുകൃത്യമാണല്ലോ. പിന്നെന്തേ അയാൾക്കും ഇട്ടാൽ? എന്ത് പറഞ്ഞാലും അയാളുടേതും എന്റേതും കാലുകളല്ലേ", എന്നാരും തന്നെ ചോദിക്കാനിടയില്ല. രണ്ട് പേരുടേതും കാലുകൾ തന്നെ ആണെങ്കിലും, ഓരോരുത്തരുടെ കാലുകളും വ്യത്യസ്തമാണെന്നും, ഒരാളുടെ കാലുകൾക്ക് ഇണങ്ങുന്നത് അടുത്തയാളുടെ കാലുകൾക്കു ചേരണമെന്നില്ലെന്നും നമുക്കറിയാം.

ഇപ്പറഞ്ഞതിന്റെ പ്രസക്തി ഇവിടെയെന്താണ് എന്ന് ചിന്തിക്കുന്നുണ്ടാവാം. പറയാം. താങ്കൾക്ക് രണ്ട് കുട്ടികളാണല്ലോ ഉള്ളത്. അവർ ഇരുവരും താങ്കളുടെ മക്കളാണെങ്കിലും തികച്ചും വ്യത്യസ്തരാണ്. സത്യത്തിൽ അവർ തമ്മിലുള്ള സാമ്യം, താങ്കളുടെ കുട്ടികളാണ് ഇരുവരും എന്നതിൽ അവസാനിക്കുന്നു.

ബാഹ്യരൂപത്തിൽ അവർ വ്യത്യസ്തരായിരിക്കുന്നതു പോലെ ആന്തരികമായും വ്യത്യസ്തരാണ്. അവർ രണ്ടും ഒരുപോലെ ആയിരിക്കണമെന്ന് നമുക്ക് ശഠിക്കുവാൻ സാധിക്കുകയില്ല. മൂത്ത മകന്റെ പഠനരീതികളും ഇഷ്ടാനിഷ്ടങ്ങളും ഇളയ മകൻ കോപ്പി പേസ്റ്റ് ചെയ്യേണ്ടതില്ല. അവന് അനുയോജ്യമായിരുന്ന ശിക്ഷണശൈലിയും അവന്റെ കാര്യത്തിൽ നിങ്ങൾ അവലംബിച്ച നടപടിക്രമങ്ങളും അടുത്ത കുട്ടിയുടെ കാര്യത്തിൽ പ്രാവർത്തികമാകണമെന്നില്ല.

ഒരേ രീതിയിലുള്ള മാതാപിതാക്കളുടെ പെരുമാറ്റം, രണ്ട് കുട്ടികളിലും രണ്ട് വ്യത്യസ്ത പ്രതികരണങ്ങൾ ആയിരിക്കാം ഉളവാക്കുക എന്ന് ചുരുക്കം.

അത് മാത്രമല്ല, ചിലപ്പോൾ നേർവിപരീത ഫലങ്ങൾ സൃഷ്ടിച്ചു എന്നും വരാം. ചൂടുവെള്ളത്തിൽ ഇട്ടാൽ മുട്ട.കട്ടിയുള്ളതായി തീരും. എന്നാൽ അതേ ചൂടുവെള്ളം ഉരുളക്കിഴങ്ങിനെ മൃദുലമാക്കുകയും ചെയ്യും. ഒരേ രക്ഷാകർതൃത്വശൈലി പല കുട്ടികളിലും പലവിധ സ്വാധീനമായിരിക്കും ചെലുത്തുക. കാരണം അവർ വ്യത്യസ്ത വ്യക്തിത്വങ്ങൾ ആണ് എന്നത് തന്നെ. നിങ്ങളുടെ രണ്ട് കുട്ടികളിൽ മൂത്തവനെപ്പോലെയല്ല ഇളയവന്റെ പെരുമാറ്റം എന്നതുകൊണ്ട് തെല്ലും ആശങ്കപ്പെടേണ്ടതില്ല.

അവരുടെ താൽപര്യങ്ങളിൽ വലിയ അന്തരം ഉണ്ടായിരിക്കും. ഉറക്കത്തിന്റെ രീതികളിൽ മാറ്റമുണ്ടാകാം, ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്തിൽ മാറ്റമുണ്ടാകാം. പഠനരീതിയിൽ മാറ്റമുണ്ടാകാം, ശിക്ഷയോടുള്ള പ്രതികരണത്തിലും മാറ്റമുണ്ടാകാം. ഒരാൾ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ആശ്വാസത്തിനും പ്രോത്സാഹനത്തിനും വേണ്ടി നിങ്ങളിലേക്ക് തിരിഞ്ഞു എന്ന് വരാം. എന്നാൽ അടുത്തയാൾ തികച്ചും വ്യത്യസ്തമായി, സ്വയം പ്രോത്സാഹനം നൽകുന്നവൻ ആയെന്നു വരാം. തങ്ങൾക്കു പോകാവുന്ന പരിധികൾ പെട്ടെന്ന് മനസ്സിലാക്കുന്ന കുട്ടികൾ ഉണ്ട്. പലവുരു പറഞ്ഞാൽ മാത്രം ഉൾക്കൊള്ളുന്നവരും ഉണ്ട്.

ഓരോ കുട്ടിയും വ്യത്യസ്തരാണെന്നും ഒരാളുടെ കാര്യത്തിൽ ഫലം ചെയ്തത് അടുത്തയാളുടെ കാര്യത്തിൽ പ്രയോഗികമാകണമെന്നില്ല എന്നും അച്ഛൻ അറിയണം.

ഒരു ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന രണ്ട് യന്ത്ര മനുഷ്യരല്ല നിങ്ങളുടെ കുട്ടികൾ. അങ്ങനെ ആയിരുന്നെങ്കിൽ മാത്രമേ, ഇളയവനും മൂത്തവനെ പോലെ തന്നെ ആവുകയുള്ളൂ. അതുകൊണ്ട് അക്കാര്യത്തിൽ അല്പം പോലും ആശങ്ക വേണ്ട.

അതുപോലെ, നിങ്ങൾ ഒരു കുട്ടിയായിരുന്ന കാലത്തു നിങ്ങൾ ആയിരുന്നത് പോലെ ആയിരിക്കണമെന്നില്ല, ഇന്ന് നിങ്ങളുടെ മകൻ കാര്യങ്ങളിൽ ഏർപ്പെടുന്നത്. ഓടിച്ചാടി നടക്കുന്ന ഒരു പ്രകൃതം ആയിരുന്നിരിക്കാം ബാല്യത്തിൽ നിങ്ങൾക്കുണ്ടായിരുന്നത്. എല്ലാ കാര്യത്തിലും ഇടപെടും. തെല്ലും അടങ്ങിയിരിക്കില്ല. എന്നാൽ നിങ്ങളുടെ മകൻ അങ്ങനെ ആവണമെന്നേയില്ല. അവൻ ശാന്തപ്രകൃതനും സ്വകാര്യത ഇഷ്ടപ്പെടുന്നവനും ആയിരിക്കാം. "ഇവനെ എന്തിനു കൊള്ളാം. ഒരു ഉറക്കം തൂങ്ങി. വീടിനു പുറത്തോട്ടിറങ്ങുമോ? ഞാൻ പണ്ടോക്കെ ഇവന്റെ പ്രായത്തിൽ പറന്നു നടക്കുമായിരുന്നു." ഇങ്ങനെ പരാതിപ്പെടുന്ന അച്ഛന്മാരെ, നിങ്ങളും കണ്ടിട്ടുണ്ടാവും.

"ഇവന്റെ ചേട്ടനെ കണ്ട് പഠിക്കണം. ഏതു കാര്യത്തിനും മുന്നിലുണ്ട്. തല്ലിക്കൊന്നാൽ ഒരു കാര്യത്തിനും ഇവനിറങ്ങി തിരിക്കില്ല" എന്ന് പരിദേവനം പറയുന്ന അച്ഛന്മാരെയും കണ്ടിട്ടുണ്ടാവും. ഇതെല്ലം ഒഴിവാക്കേണ്ടതാണ്. കാരണം ഓരോ കുട്ടിയും വ്യത്യസ്തനാണ്. തന്റെ ബാല്യത്തിലെ പ്രകൃതം മകനും ഉണ്ടാകണമെന്ന് വാശി പിടിച്ചു, മകനെ തല്ലിപ്പഴുപ്പിക്കാൻ ശ്രമിച്ചു അവന്റെ ജീവിതം കുട്ടിച്ചോറാക്കിയ അനേകം അച്ഛന്മാരുണ്ട്. മക്കളെക്കുറിച്ചു നമുക്ക് സ്വപ്നങ്ങളും പ്രതീക്ഷകളും ഒക്കെ ഉണ്ടാകുന്നതിൽ തെറ്റില്ല. പക്ഷെ ഒന്നും അവരിൽ അടിച്ചേൽപ്പിക്കാൻ തുനിയരുത്. അവരുടെ ആകാശത്തിലേക്കു അവർ വളർന്നു പൊന്തട്ടെ. അവരെ ബോൺസായ് മരങ്ങളാക്കരുത്. വലിയ ആൽമരങ്ങളെയും മറ്റും ചെറിയ ചെടിച്ചട്ടിയിൽ നട്ടു, തങ്ങളുടെ ഈഗിത പ്രകാരമുള്ള വലിപ്പത്തിൽ വളർത്തി എടുക്കുന്ന രീതിയാണല്ലോ ബോൺസായ്. കുട്ടികളുടെ കാര്യത്തിൽ അത് വേണ്ട. അവരെ സ്വതന്ത്ര വിഹായസ്സിലേക്കു പടർന്നു വളരുവാൻ അനുവദിക്കുക. ശരിയായ ദിശാബോധത്തോടെ വളരുവാൻ വേണ്ട വെള്ളവും വളവും കൊടുക്കുവാനും കീടങ്ങളുടെ ആക്രമണങ്ങളിൽ നിന്നും അവരെ സംരക്ഷിക്കുവാനും മാത്രം അച്ഛന്മാർ തുനിഞ്ഞാൽ മതിയാകും. ഇത് ക്ഷിപ്രസാധ്യമായ കാര്യമല്ല. കുട്ടികളുടെയും നിങ്ങളുടേയുമൊക്കെ വ്യത്യസ്തത വേർതിരിച്ചു പഠിക്കണമെങ്കിൽ, അച്ഛന്മാർ പല 'സ്‌കൂളുകളിൽ' പഠിക്കേണ്ടി വരും. സ്വന്തം ഓർമ്മകളെയും അനുഭവങ്ങളെയും മാത്രം ആശ്രയിക്കാതെ, മാറുന്ന കാലത്തിനനുസരിച്ചുള്ള പഠനം, വിലയിരുത്തൽ, പുനർപഠനം എന്നിവയൊക്കെ ആവശ്യമായി വരും. എന്നാൽ ഓരോ കുട്ടിയുടെയും സവിശേഷത അനുസരിച്ചുള്ള രക്ഷാകർതൃത്വ ശൈലി സ്വീകരിക്കുന്നത് കുട്ടിയുടെ വളർച്ചയിലും വികാസത്തിലും വളരെ ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. ചുരുക്കത്തിൽ, നിങ്ങളുടെ കാര്യത്തിൽ പ്രായോഗികമായ കാര്യങ്ങളോ. , നിങ്ങളുടെ മൂത്തകുട്ടിയുടെ കാര്യത്തിൽ പ്രാവർത്തികമായ ചുവടുകളോ... ഇതൊന്നും തന്നെ ഇളയകുട്ടിയുടെ കാര്യത്തിൽ പ്രവർത്തനക്ഷമമാകണമെന്നില്ല. ഓരോരുത്തരും വ്യത്യസ്തരാണ് എന്ന് വീണ്ടും ഞാൻ ആവർത്തിക്കട്ടെ. ഇളയവൻ മൂത്തകുട്ടിയുടെ ഫോട്ടോസ്റ്റാറ്റ് ആയിരുന്നെങ്കിൽ എന്ത് ബോറാകുമായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? തീർച്ചയായും അവരുടെ വൈവിധ്യത്തിനു ഒരു സൗന്ദര്യമുണ്ട്.

എന്നാൽ പഠനം പോലെയുള്ള അനിവാര്യമായ കാര്യങ്ങളിൽ, കുട്ടിക്ക് താല്പര്യം കുറയുന്നെങ്കിൽ അത് പ്രത്യേകമായി വിശകലനം ചെയ്യേണ്ടതാണ് എന്നും മറക്കാതിരിക്കുക. നിങ്ങൾക്ക് ഒരു ചോദ്യമോ സംശയമോ ഉണ്ടെങ്കിൽ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.