മക്കളെ വളർത്തുമ്പോൾ ചെയ്യേണ്ട ക്രിയാത്മകമായ ചില കാര്യങ്ങളാണ് കഴിഞ്ഞ ഏതാനും ലക്കങ്ങളിൽ നാം ചിന്തിച്ചത്. ഇക്കാര്യങ്ങൾ പരാമർശിക്കുന്ന നിരവധി ഗ്രന്ഥങ്ങൾ ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. കുഞ്ഞ് ഗർഭപാത്രത്തിൽ കിടക്കുമ്പോൾ തന്നെ പലരും അതൊക്കെ വാങ്ങി വായിക്കാറുണ്ട്. നല്ലതു തന്നെ.
എന്നാൽ ചെയ്യേണ്ട കാര്യങ്ങളോടൊപ്പം തന്നെ മാതാപിതാക്കൾ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളും നമ്മുടെ ശ്രദ്ധയിൽ പെടേണ്ടതുണ്ട്. മാതാപിതാക്കൾ എന്ന നിലയിൽ നാം ആ കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ, അത് മക്കളോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കും.
നമ്മുടെ ശ്രദ്ധക്കുറവ് കൊണ്ട് കുട്ടികളുടെ ജീവിതം കുട്ടിച്ചോറാകാവുന്ന, അത്തരം ചില കാര്യങ്ങളിലേക്ക് ഇനി നമ്മുടെ ശ്രദ്ധ തിരിക്കാം. മക്കൾ സന്തോഷഭരിതരും, ധൈര്യശാലികളും, സമതുലിതാവസ്ഥ പാലിക്കുന്നവരും ആകുവാൻ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണവ.
1. തെറ്റായ പ്രതികരണങ്ങൾ
വളർച്ചയുടെ നാളുകളിൽ കുട്ടികൾ തടസ്സങ്ങളെയൊക്കെ തട്ടിമാറ്റാൻ ശ്രമിക്കുന്നത് സ്വാഭാവികമാണ്. പരിധിവിട്ട് അവർ നീങ്ങിയെന്നും വരം. ഈ ശ്രമങ്ങളെല്ലാം അവരുടെ വളർച്ചയുടെ ഭാഗമാണ്. ചിലപ്പോൾ അവരുടെ പ്രവൃത്തികൾ നമുക്ക് അത്ര ഇഷ്ടപ്പെട്ടില്ലെന്നും വരാം, അരോചകമായെന്നും വരാം. നാം അതിനോട് പ്രതികരിക്കും, പ്രതികരിക്കണം. എന്നാൽ മക്കളോട് എന്തെങ്കിലും പറയുകയോ പ്രതികരിക്കുകയോ ചെയ്യും മുൻപ്, നേരാംവണ്ണം രണ്ട് തവണ ചിന്തിക്കുന്നത് ഉചിതമാണ്. കാരണം, നാം പറയുന്നതും ചെയ്യുന്നതുമായ കാര്യങ്ങൾ, അവരുടെ ഉപബോധ മനസ്സിൽ ദീർഘകാലം മായാതെ, മറയാതെ നിൽക്കും.
കുട്ടികളോട് അത്തരം സന്ദർഭങ്ങളിൽ തങ്ങൾ പറയുന്നത് എന്തൊക്കെയാണെന്ന് ഒരു സംഘം മാതാപിതാക്കളോട് ഒരു ഗവേഷകൻ അന്വഷിച്ചു. തങ്ങൾ അങ്ങനെ ചെയ്യാൻ / പറയാൻ പാടില്ലായിരുന്നു എന്ന് ഗ്വരന്റ്സിനു കുറ്റബോധം തോന്നിയ അപൂർവം കാര്യങ്ങളെ ഉണ്ടായിരുന്നുള്ളു എന്നതായിരുന്നു വസ്തുത. അവരുടെ പ്രതികരണങ്ങളിലെ അപകടം അവർ തന്നെ അറിയുന്നില്ലെന്നതാണ് സത്യം.
സമാനമായ ചോദ്യം കുട്ടികളോട് ഉന്നയിച്ചപ്പോൾ, മറുപടി ഒരു പ്രവാഹം പോലെ ആയിരുന്നു. ഒരു കുട്ടി പറഞ്ഞു, " എന്റെ പിതാവ് ഒരിക്കൽ എന്നോട് പറഞ്ഞത് ഇന്നും എന്റെ ഓർമയിലുണ്ട്, 'നിനക്കിപ്പോൾ ഒന്നും മനസ്സിലാവുകയില്ല. വളർന്നു വലുതായി നീ ഒരു അപ്പനാകുമ്പോൾ മനസ്സിലാക്കി കൊള്ളും. നിന്റെ മക്കൾ നിനക്കൊരു ഭാരമാകുമ്പോഴേ നീ പഠിക്കൂ' എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്."
ഈ കുട്ടി തുടർന്ന് പറഞ്ഞു, "അപ്പന്റെ ശാപവാക്കുകൾ ആയിരുന്നു അത്. തന്നെയല്ല, ഞാൻ ഇപ്പോൾ അപ്പനൊരു ഭാരമാണ് എന്നും കൂടെയല്ലേ അദ്ദേഹം ഉദ്ദേശിച്ചത്." അപ്പൻ പറഞ്ഞത് ഏത് അർത്ഥത്തിലാവാം? മകൻ അത് എടുത്തത് ഏത് അർത്ഥത്തിലായിരുന്നു?
ആശയവിനിമയത്തിൽ ഉപയോഗിക്കുന്ന പദങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ഉണ്ടാകുന്ന പ്രശ്നമാണത്.
സംഗീതിന് ഒരു നല്ല ഗിറ്റാറിസ്റ് ആകണമെന്നായിരുന്നു ആഗ്രഹം. സമയം കിട്ടുമ്പോഴൊക്കെ അവൻ ഗിറ്റാർ പരിശീലിച്ചു കൊണ്ടിരുന്നു. ഒരു ദിവസം സന്ധ്യക്ക്, അച്ഛൻ T V യുടെ മുൻപിൽ ഇരിക്കുമ്പോൾ, സംഗീത് അടുത്തുചെന്ന് ഗിറ്റാറിൽ മനോഹരമായി ഒരു ഗാനം ആലപിക്കാൻ ശ്രമിച്ചു. "അത് കൊണ്ട് കളയെടാ, ഞാൻ ഇപ്പോൾ ഈ ന്യൂസ് ഒന്ന് കേൾക്കട്ടെ" എന്നായിരുന്നു പിതാവിന്റെ പെട്ടെന്നുള്ള പ്രതികരണം. അച്ഛനിൽ മതിപ്പുളവാക്കുവാനും അദ്ദേഹത്തിൽ നിന്ന് ഒരു പ്രശംസാവാക്ക് കേൾക്കാനുമായിരുന്നു സംഗീത് ആഗ്രഹിച്ചതും ശ്രമിച്ചതും. പക്ഷെ ഈ പ്രതികരണം അവനു ഹൃദയഭേദകമായിരുന്നു. പിതാവ് തിടുക്കത്തിൽ എന്തെങ്കിലും ചെയ്യുകയായിരുന്നു എന്നും, അപ്പോൾ മകൻ കാര്യമായി എന്തെങ്കിലും പറയാൻ അടുത്ത് ചെന്നു എന്നും കരുതുക, " പോയിരുന്നു പഠിക്കടാ" എന്നാണ് അച്ഛന്റെ മറുപടിയെങ്കിൽ, പിതാവിനോടുള്ള ആശയവിനിമയത്തേക്കാൾ പ്രാധാന്യമുള്ളതാണ് പഠനം എന്ന തെറ്റായ സന്ദേശം ആയിരിക്കും മകന് കിട്ടുക. ദൂരവ്യാപകമായ ഭവിഷ്യത്തുകളായിരിക്കും, ഇത്തരം ആലോചനയില്ലാത്ത പ്രതികരണങ്ങളിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
2. കള്ളം, അർദ്ധസത്യം, അതിശയോക്തി
നിങ്ങൾ കുട്ടികളോട് പറയുന്ന ഒരു കാര്യം കള്ളമായിരുന്നു എന്ന് അവർ പിന്നീട് കണ്ടെത്തിയെന്ന് കരുതുക. മനഃശാസ്ത്രപരമായി അവരെ അതിനോളം തളർത്തുന്ന മറ്റൊന്നില്ല. അച്ഛൻ എന്ന തന്റെ ആരാധനാമൂർത്തി ഒരു ഉടഞ്ഞ വിഗ്രഹം ആണ് എന്ന ബോധ്യം അവരെ അസ്തപ്രജ്ഞരാക്കും. ഒരു പക്ഷെ പറയുന്ന വാക്കുകളേക്കാൾ അത് നിങ്ങൾ പറഞ്ഞു ഫലിപ്പിക്കുന്ന വിധം ആയിരിക്കും അവനു കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കുക.
ചിലപ്പോൾ പച്ചക്കള്ളമായിരിക്കില്ല, സത്യത്തിന്റെ നിറം ചാലിച്ച കള്ളങ്ങൾ അഥവാ അർദ്ധ സത്യങ്ങൾ ആവും നാം പറയുക. അതും വളരെ അപകടകരമാണ്. പറയുന്നതിൽ എത്ര ശതമാനം ഉൾക്കൊള്ളണം എന്തൊക്കെ തള്ളണം എന്ന് കുട്ടിക്ക് അറിയില്ലല്ലോ.
അതിശയോക്തി പറയുന്നതു നാം പൊതുവെ ഒരു വലിയപ്രശ്നമായി പരിഗണിക്കാറില്ല. എന്നാൽ വളരെ സത്യസന്ധമായ മനസ്സായതു കൊണ്ട് അതും കൊച്ചു കുട്ടികൾക്ക് അസ്വസ്ഥത ഉണ്ടാക്കാം.
കല്യാണത്തിന് ഇരുപതു പേര് മാത്രമേ പങ്കെടുക്കാൻ സർക്കാർ അനുമതിയുള്ളു. എന്നാൽ അൻപതോളം പേര് ഉണ്ടായിരുന്നു. തിരികെ വീട്ടിൽ എത്തിയ പിതാവ് , "ഹോ! ഒരു വലിയ പെരുന്നാളിന്റെ ആളുണ്ടായിരുന്നു കല്യാണത്തിന്" എന്ന് പറയുമ്പോൾ, പരിധിയിൽ കൂടുതൽ ഉണ്ടായിരുന്നു എന്നേ അദ്ദേഹം ഉദ്ദേശിച്ചുള്ളൂ. പക്ഷെ, ഒരു വലിയ പെരുന്നാളിനു പങ്കെടുക്കുന്നത് ആയിരങ്ങൾ ആണെല്ലോ, പിന്നെ എന്തിന് അച്ഛൻ കള്ളം പറയുന്നു എന്ന ചിന്തയായിരിക്കും മകനുണ്ടാവുക. അറിയാതെ അച്ഛൻ മകന്റെ മുൻപിൽ കള്ളൻ ആകുകയാണ്.
വാസ്തവവിരുദ്ധമായ കാര്യങ്ങളോ പർവതീകരിച്ചുള്ള പ്രസ്താവനകളോ പൂർണമായി ഒഴിവാക്കുന്നതാണ് നല്ലത്.
'നിങ്ങളുടെ വാക്കുകൾ ഉവ്വ്, ഉവ്വ് എന്നും ഇല്ല, ഇല്ല എന്നും മാത്രമായിരിക്കണം' എന്ന ബൈബിൾ സൂക്തം ഇവിടെ പ്രസക്തമാണ്. നഷ്ടമുണ്ടായാലും എന്റെ പിതാവ് സത്യത്തിന്റെ വഴിയിൽ നിന്നും വ്യതിചലിക്കില്ല എന്ന ബോധ്യമാണ് മകനുണ്ടാകേണ്ടത്. അവസരത്തിനൊത്തു ചുവടു മാറ്റാം എന്ന് അവൻ അച്ഛനിൽ നിന്നും പഠിച്ചാൽ, അതിൽ പരം ഒരു ദ്രോഹം നിങ്ങൾക്ക് അവനോടു ചെയ്യാനാവില്ല തന്നെ.
3. ഒന്നും പറയാതിരിക്കുക
എന്ത് കണ്ടാലും പ്രതികരിക്കാതെ നിർവികാരികളായി ഇരിക്കുന്ന മാതാപിതാക്കളുണ്ട്. ഇതും വളരെ വലിയ അപകടത്തിലേക്കായിരിക്കും കുട്ടിയെ എത്തിക്കുക. അച്ഛൻ തന്റെ അധിപനാണെന്ന ബോധ്യം കുട്ടിയുടെ ഉപബോധ മനസ്സിലുണ്ട്. തന്റെ പ്രവർത്തനങ്ങളിൽ അപാകത ഉണ്ടായാൽ ആ അധിപൻ നിയന്ത്രിക്കുമെന്നും അവന്റെ ഉള്ളിന്റെ ഉള്ളിൽ ചിന്തയുണ്ട്. എന്നാൽ അച്ഛനിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ലെങ്കിൽ, താൻ എല്ലായ്പോഴും ശരിയാണ് എന്ന വിചാരമായിരിക്കും മകനിൽ രൂഢമൂലമാകുന്നത്. അപ്പോൾ പിന്നെ, ബാഹ്യമായ ചില ഇടപെടലുകളോ നിയന്ത്രണങ്ങളോ ഉണ്ടാകുമ്പോൾ അത് കുട്ടിയെ അപകടകരമാം വിധം വല്ലാതെ അസ്വസ്ഥനാക്കും. തന്റെ അച്ഛൻ മൗനാനുവാദം തന്നതിന് അപ്പുറത്തു ഇവർ എന്തിനു ഇടപെടുന്നു എന്ന ചിന്ത ആയിരിക്കും മകനുണ്ടാവുക.
ജനിച്ചു വീഴുമ്പോൾ മുതൽ കുട്ടി വലിയ തോതിൽ അമ്മയിലും പിന്നെ അച്ഛനിലും കണ്ണ് നട്ടായിരിക്കും വളരുക. അവരുടെ നിർദ്ദേശങ്ങൾ അവർക്കു അത്യന്താപേക്ഷിതമാണ്. നേരാംവണ്ണം അത് ലഭിക്കാതെ ഇരുന്നാൽ, പല കാരണങ്ങളാൽ മാതാപിതാക്കൾ മൗനം ദീക്ഷിച്ചാൽ, കുട്ടിയുടെ മനോവികാസത്തെ അത് ബാധിക്കും.
4. അർത്ഥമാക്കാതെയുള്ള പ്രസ്താവനകൾ
ദിലീപും ഭാര്യയും രണ്ട് കൊച്ചു കുട്ടികളും കൂടെ പാർക്കിൽ പോയി. രാത്രി എട്ടു മണി. പാർക്ക് അടയ്ക്കുവാൻ സമയമായി. 'പോകാം; എന്ന് കുട്ടികളോട് പറഞ്ഞെങ്കിലും അവർ ഓട്ടവും ചാട്ടവും കുത്തിമറിച്ചിലുമായി കളിച്ചു തിമിർക്കുകയാണ്. പാർക്കിലെ പല കളിയുപകരണങ്ങളും അവർ നന്നായി ആസ്വദിക്കുകയാണ്. അതുകൊണ്ട് തന്നെ നിർബന്ധിച്ചിട്ടും അവർ പോകാൻ തയ്യാറാകുന്നില്ല.
ഈ ഘട്ടത്തിൽ ദിലീപിന്റെ ഒരു പ്രസ്താവന ഇങ്ങനെയായിരുന്നു : " ശരി. നിങ്ങളിവിടെ തനിച്ചു നിന്നോ. ഇപ്പോൾ അവര് വന്നു ലൈറ്റെല്ലാം ഓഫ് ചെയ്യും. ഞങ്ങളിതാ പോകുന്നു." തെല്ലു കോപം അഭിനയിച്ചു പറഞ്ഞിട്ട്, ദിലീപും ഭാര്യയും അല്പം മുന്നോട്ടു നടക്കുന്നതായി ഭാവിച്ചു. സത്യത്തിൽ അവർ കുട്ടികളെ ഉപേക്ഷിച്ചിട്ട് പോകില്ല, പറഞ്ഞത് അർത്ഥമാക്കുന്നതുമില്ല. അത് അവരുടെ ഒരു തന്ത്രം മാത്രമായിരുന്നു. എന്നാൽ ഉപേക്ഷിച്ചിട്ട് പോകും എന്ന ആ ഭീഷണി കുട്ടികളെ എത്രമാത്രം ദോഷകരമായി ബാധിക്കുമെന്നു അവർ ചിന്തിച്ചിരുന്നില്ല?
ആഹാരം കൊടുക്കുന്നത് കഴിച്ചില്ലെങ്കിൽ കാട്ടുമാക്കാൻ പിടിച്ചു കൊടുക്കും. അനുസരണക്കേടു കാണിച്ചാൽ രാത്രിയിൽ ഇരുട്ടത്ത് വീടിനു പുറത്തു നിർത്തും... സമാനമായ പല പ്രസ്താവനകളും നാം കേട്ടിട്ടുണ്ട് , ഒരുപക്ഷെ പറഞ്ഞിട്ടുമുണ്ടാവും.
തന്റെ രക്ഷാകർത്താക്കളോടും പരിചരണദാതാക്കളോടും ഒക്കെയുള്ള ബന്ധം, അവർ നൽകുന്ന സുരക്ഷിതത്വം എന്നിവയൊക്കെ ഒരു കുട്ടിയുടെ വളർച്ചയുടെ നാളുകളിൽ ഏറെ നിർണ്ണായകമാണ്. ഉപേക്ഷിച്ചിട്ട് പോകുമെന്ന് പിതാവ് പറയുമ്പോൾ, ഈ സുരക്ഷിതത്വ ബോധത്തിന്റെ അടിസ്ഥാനത്തിന്മേൽ കത്തിവെക്കുകയാണ് ചെയ്യുന്നത്. പിതാവ് ഇനി തന്നെ സംരക്ഷിക്കാൻ കൂടെ ഉണ്ടാവില്ല എന്നൊരു സന്ദേശമാണ് കുട്ടിക്ക് ലഭിക്കുന്നത്. അവരെ സംബന്ധിച്ച് സുരക്ഷിതമായ ഒരു നിലപാടുതറ കാൽച്ചുവട്ടിൽ നിന്നും ഒലിച്ചുപോകും പോലെയാണിത്. മാതാപിതാക്കന്മാരോടുള്ള ബന്ധത്തിന് തന്നെ അത് വലിയ വിള്ളൽ ഏല്പിക്കും.
നേരത്തെ സൂചിപ്പിച്ച പോലെ ഒരു സാഹചര്യം ഉണ്ടായാൽ, കാര്യകാരണ സഹിതം കുട്ടിക്ക് കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. കൂടാതെ പാർക്കിൽ നിന്നും പോകാൻ സമയമാകുന്നതിനു മുൻപ്, അതിനു വേണ്ടി മാനസികമായി തയ്യാറെടുക്കാൻ അവനു സമയം കൊടുക്കുകയും വേണം. കളിച്ചു നടക്കുന്ന കുട്ടികൾക്ക് മറ്റൊരു സ്ഥിതിയിലേക്ക് മാറാൻ ( Transition) തെല്ലു സമയം വേണ്ടി വരും. അതുകൊണ്ട് മുൻകൂട്ടി കാര്യങ്ങൾ അവരോടു പറയണം. കൂടാതെ അവർക്കു രസകരമായ മറ്റു ചിലതിലേക്കു അവരുടെ ശ്രദ്ധ മാറ്റിയെടുക്കുകയും ചെയ്യാം. അല്ലാതെ അറത്തുമുറിച്ചുള്ള പ്രതികരണങ്ങൾ ഉണ്ടാവരുത്.
കുട്ടികൾക്ക് ദ്രോഹമാകാവുന്ന നമ്മുടെ മറ്റു ചില ചെയ്തികൾ കൂടെയുണ്ട്. അവയെപ്പറ്റി അടുത്ത ലക്കത്തിൽ.