Huddle

Share this post
ഉറക്കത്തകരാറുകള്‍
www.huddleinstitute.com

ഉറക്കത്തകരാറുകള്‍

Reshmi Radhakrishnan
Jun 23, 2021
Comment
Share

നമുക്ക് എല്ലാവര്‍ക്കും ചിലപ്പോളൊക്കെ നല്ല ഉറക്കത്തിന് ചില പ്രശ്നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ചിലപ്പോള്‍ ഉറക്കം വരാത്തതാവും.മറ്റുചിലപ്പോള്‍ ഉറക്കത്തിനിടയില്‍ അറിയാതെ ഉണരുന്നതാവും. അല്ലെങ്കില്‍ ശല്യപ്പെടുത്തുന്ന സ്വപ്നങ്ങള്‍ കാണുന്നതാവും.മറ്റുചിലപ്പോള്‍ കൂടുതല്‍ ഉറങ്ങുന്നതാവും പ്രശ്നം.പലപ്പോഴും ഈ പ്രശ്നങ്ങള്‍ കുറച്ചു നാള്‍ക്കുശേഷം കുറയുകയോ ഇല്ലാതാവുകയോ ചെയ്യും.പക്ഷെ ഇത്തരം പ്രശ്നങ്ങള്‍ ഏതാനും  ആഴ്ചകള്‍,മാസങ്ങള്‍ അല്ലെങ്കില്‍ വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നെങ്കില്‍ ആ ക്ഷീണം മാനസികാരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കും.ഏകാഗ്രത കുറയുകയും  പഠനം, ജോലി,ഡ്രൈവിംഗ് തുടങ്ങിയ ദൈനംദിന കാര്യങ്ങളെ വരെ അപകടകരമായി ബാധിക്കാന്‍ തുടങ്ങുകയും ഒടുവില്‍ ബന്ധങ്ങളേയും സാമൂഹിക ജീവിതത്തേയും വരെ പ്രതികൂലമാക്കുന്ന അവസ്ഥയില്‍ എത്തുകയും ചെയ്തേക്കാം.

ഇത്തരം പ്രശ്നങ്ങളെ പൊതുവായി ഉറക്കത്തകരാറുകള്‍ എന്ന് പറയാം.

എന്തൊക്കെയാണ് ഉറക്കത്തകരാറുകളുടെ ലക്ഷണങ്ങള്‍ ?

★പകല്‍ സമയത്ത് ഉറക്കം തൂങ്ങലും അസ്വസ്ഥതയും അനുഭവപ്പെടുക .

★ദൈനംദിന കര്‍ത്തവ്യങ്ങളില്‍ ശ്രദ്ധിയ്ക്കാന്‍  കഴിയാതെ വരുക.

★വാഹനമോടിക്കുമ്പോഴോ അല്ലെങ്കില്‍ ഇരിയ്ക്കുമ്പോഴോ ഉറക്കം വന്ന് കണ്ണടഞ്ഞുപോവുക.

★പകല്‍ മുഴുവന്‍ ക്ഷീണവും ഉദാസീനതയും അനുഭവപ്പെടുക .

★ദിവസം മുഴുവന്‍ ചായ,കാപ്പി പോലെയുള്ള  ഉത്തേജകപാനീയങ്ങള്‍ ധാരാളമായി വേണമെന്ന് തോന്നുക .

വിവിധ തരം ഉറക്കത്തകരാറുകള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

ഉറക്കമില്ലായ്മ: ഒരു വ്യക്തിക്ക് ഗാഢമായ ഉറക്കത്തിലാകാന്‍ അല്ലെങ്കില്‍ കുറേ നേരത്തേയ്ക്ക് ഉറക്കം നിലനിര്‍ത്താന്‍ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥ.ചിലപ്പോള്‍ മനസിന്‍റെ അടിത്തട്ടില്‍ കിടക്കുന്ന ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം, വിഷാദം, അല്ലെങ്കില്‍ ഏതെങ്കിലും ശാരീരികമായ അസുഖങ്ങള്‍ എന്നിവ മൂലം ഉറക്കമില്ലായ്മ വരുന്നതാകും.. ചില മരുന്നുകള്‍ കഴിയ്ക്കുന്നതുകൊണ്ടോ,കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിയ്ക്കുന്നതുകൊണ്ടോ വ്യായാമത്തിന്‍റെ കുറവുകൊണ്ടോ ഇത് ഉണ്ടായേക്കാം.

ഉറക്കത്തില്‍ ശ്വാസം നിലയ്ക്കല്‍ :  മൂക്ക്, തൊണ്ട, ശ്വാസനാളം മുതലായവ ഉള്‍പ്പെട്ട ശ്വസനേന്ദ്രിയ സംവിധാനത്തില്‍ ഉണ്ടാകുന്ന തടസമാണ് ഇതിന് കാരണമാകുന്നത്. ഈ അവസ്ഥമൂലം വ്യക്തിയുടെ ഉറക്കത്തിന് വിഘ്നം സംഭവിക്കുന്നു. കൂര്‍ക്കം വലിയും ചിലപ്പോഴൊക്കെ ഇത്തരത്തിലുള്ള വിഘ്നത്തിന് കാരണമാകാറുണ്ട്.

ഉറക്കത്തില്‍ കാലിട്ടടിക്കുന്ന പ്രവണത (റെസ്റ്റ്ലെസ് ലെഗ്സ് സിന്‍ഡ്രം- ആര്‍ എല്‍ എസ്) : ആര്‍.എല്‍.എസ് ഉള്ള ആളുകള്‍ക്ക് ഉറക്കത്തിനിടയില്‍ കാലില്‍ സുഖകരമല്ലാത്ത ഒരു തരിപ്പ് അല്ലെങ്കില്‍ വേദന തോന്നും.അത് മാറാന്‍ വേണ്ടി കാല് നീട്ടിവലിക്കലോ തൊഴിക്കലോ, കുടയലോ  ആണ് ഇവര്‍ ചെയ്യുന്നത്.

അമിതമായ ഉറക്കം (നാര്‍കോലെപ്സി): ഗാഢമായ പകലുറക്കമാണ് നാര്‍കോലെപ്സിയുടെ പ്രത്യേകത. ഉറക്കവും ഉറക്കമുണരലും നിയന്ത്രിക്കുന്ന തലച്ചോറിന്‍റെ ഭാഗത്തിന്‍റെ പ്രവര്‍ത്തനസംവിധാനത്തകരാറാണ് ഈ തടസത്തിനുകാരണം.ചിലപ്പോള്‍ സംസാരിച്ചുകൊണ്ടിരിയ്ക്കുമ്പോഴോ,ജോലിചെയ്യുമ്പോഴോ വാഹനം ഓടിയ്ക്കുമ്പോഴോ പെട്ടെന്ന് അപകടകരമായ വിധം ഉറക്കത്തിലേക്ക് വീണുപോകുന്ന 'അനിയന്ത്രിതമായ ഉറക്കം' പോലും ഉണ്ടായേക്കാം.

തലേന്ന് രാത്രിയില്‍ നിങ്ങള്‍ നന്നായി ഉറങ്ങിയതാണെങ്കിലും പിറ്റേന്ന് പകല്‍ മുഴുവന്‍ നിങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടും.ചിലപ്പോള്‍ നിങ്ങള്‍ ഉറക്കമായിത്തുടങ്ങുന്ന സമയത്ത് തീക്ഷ്‌ണമായ മിഥ്യാഭ്രമങ്ങള്‍ ഉണ്ടാകും.അല്പം ഉണര്‍വുള്ള സമയത്തു തന്നെ ഇവ കാണുന്നതിനാല്‍ ഇവ യഥാര്‍ത്ഥമാണെന്ന തോന്നല്‍ കൂടുതല്‍ ശക്തമായിരിക്കും. മിക്ക കേസുകളിലും ഈ മിഥ്യാഭ്രമങ്ങള്‍ മൂലം കടുത്ത ഭീതി അനുഭവപ്പെടുന്നു. നിങ്ങള്‍ പാതിയുറക്കത്തിലായിരുന്നതിനാല്‍ കഴിഞ്ഞുപോയ ചില കാര്യങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായേക്കും.

സ്ലീപ് പാരലൈസിസ് : ചിലപ്പോള്‍ നിങ്ങള്‍ ഉറക്കത്തിലാകുമ്പോഴോ അല്ലെങ്കില്‍ ഉണരുമ്പോഴോ  നിങ്ങള്‍ക്ക് ചലിക്കാനോ സംസാരിക്കാനോ ശേഷിയില്ലായ്മ അനുഭവപ്പെട്ടേക്കാം. ഇത് സാധാരണ ഒന്നോ രണ്ടോ മിനിറ്റ് നീണ്ടുനില്‍ക്കും, എന്നാല്‍ നിങ്ങളുടെ ശ്വസിക്കാനുള്ള ശേഷിയെ ഇത് ബാധിക്കില്ല, പക്ഷെ അങ്ങനെയാണെങ്കിലും ഇത് നിങ്ങളെ വളരെയധികം ഭയപ്പെടുത്തിയേക്കാം.

ഇതൊന്നുമല്ലാത്ത ചില ഉറക്കത്തകരാറുകളും ഉണ്ട്.ഉറക്കത്തില്‍ നടക്കല്‍,രാത്രിയില്‍ പെട്ടന്ന് ഉറക്കമുണരുമ്പോള്‍ വല്ലാത്ത ഭയംതോന്നല്‍, ദുഃസ്വപ്നങ്ങള്‍,കിടക്കയില്‍ മൂത്രമൊഴിക്കല്‍ (കുട്ടികള്‍ക്ക്), വിമാനയാത്രയ്ക്ക് ശേഷമുള്ള ജറ്റ് ലാഗ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ഉറക്ക തടസ്സങ്ങള്‍ വേറേയും ഉണ്ട്.

ഉറക്കത്തകരാറുകള്‍ക്ക് എന്താണ് കാരണം ?

പല കാരണങ്ങളുണ്ട്.

ദിനചര്യ : ദിനചര്യയ്ക്ക് സമയക്രമം പാലിക്കാതിരിക്കുക.വളരെ നേരത്തേ അല്ലെങ്കില്‍ വളരെ വൈകി ഉറങ്ങുന്നത് നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതിക്ക് കുഴപ്പം ഉണ്ടാക്കിയേക്കാം.

രോഗാവസ്ഥ : ആസ്തമ, ഹൃദയസംബന്ധമായ രോഗങ്ങള്‍, ദീര്‍ഘകാലമായി തുടരുന്ന വേദനകള്‍, ശ്വാസകോശ അണുബാധ മറ്റ് പല രോഗാവസ്ഥകളും ഉറക്കത്തെ സാരമായി തടസ്സപ്പെടുത്തും.വിവിധ വേദനസംഹാരികള്‍ (പെയിന്‍ കില്ലേഴ്സ്),ജലദോഷത്തിനും കഫക്കെട്ടിനും മറ്റും നിങ്ങള്‍ മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ വാങ്ങിക്കഴിക്കുന്ന കഫീന്‍ അടങ്ങിയിട്ടുള്ള ചില മരുന്നുകള്‍ എന്നിവയൊക്കെ നിങ്ങളുടെ ഉറക്കത്തിന്‍റെ ക്രമത്തെ തടസപ്പെടുത്തിയേക്കാം. വിഷാദവും മാനസിക സമ്മര്‍ദ്ദവും മറ്റും കുറയ്ക്കാനുള്ള മരുന്നുകള്‍, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനുള്ള മരുന്നുകള്‍, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള മരുന്നുകള്‍ എന്നിവയും ഇന്‍സോമ്നിയക്ക് കാരണായേക്കാം.

ഉത്കണ്ഠയും വിഷാദവും: മദ്യത്തിന്‍റേയും മയക്കുമരുന്നിന്‍റേയും ഉപയോഗവും ഉറക്കത്തിന് തടസം ഉണ്ടാക്കുന്ന കാര്യങ്ങളാണ്.

സാഹചര്യങ്ങളില്‍ വരുന്ന  മാറ്റം : രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുക, മറ്റൊരു സമയ മേഖലയിലേക്ക് പ്രവേശിക്കുക തുടങ്ങിയ കാര്യങ്ങള്‍ നിങ്ങളുടെ ഉറക്കത്തിന്‍റെ ഗതിയെ ചിലപ്പോഴൊക്കെ സാരമായി താറുമാറാക്കിയേക്കാം.

സാധാരണ ഉറങ്ങുന്ന  പരിസരം : സ്ഥലം മാറിക്കിടന്നാല്‍ ഉറക്കം കിട്ടില്ല എന്ന് ചിലര്‍ പറയുന്നത് കേട്ടിട്ടില്ലേ.വലിയ ശബ്ദമോ വൃത്തിയില്ലാത്ത മുറിയോ സുഖകരമല്ലാത്ത മെത്തയോ എല്ലാം ഉറക്കത്തെ ബാധിക്കും.

അടുത്തുകിടക്കുന്നയാളുടെ കൂര്‍ക്കം വലിയും ഒരാളുടെ ഉറക്കം തടസ്സപ്പെടുത്തുന്ന കാര്യമാണ്.

പരിഹാര മാര്‍ഗ്ഗങ്ങള്‍

ഉറക്കത്തകരാറുകള്‍ ഒരാളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ദോഷം ചെയ്തേക്കാം. പ്രത്യേകിച്ച് വാഹനങ്ങള്‍ ഓടിക്കുകയോ അപകടകരമായ സംഗതികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയോ ചെയ്യുന്നവര്‍ക്ക്. ഉറക്കത്തകരാറുള്ള വ്യക്തികള്‍ കാലക്രമേണ മുന്‍കോപികളും അന്തര്‍മുഖരുമായിത്തീര്‍ന്നേക്കാം. കൂടെയുള്ളവര്‍ ക്ഷമിക്കുകയും ആ വ്യക്തിയുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പെരുമാറുകയും വേണം.

ഇത്തരക്കാര്‍ക്ക് ഉറങ്ങാനായി വളരെ സ്വസ്ഥമായ സാഹചര്യം സൃഷ്ടിക്കുക.വീട്ടിലെ സാഹചര്യം ശാന്തമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രമിക്കുക.

കൂര്‍ക്കംവലി, വൈകിയുള്ള ഉറക്കം തുടങ്ങിയ കാര്യങ്ങള്‍ ഉറക്കത്തെ തടസപ്പെടുത്തുന്നുണ്ടെങ്കില്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക.

ഒരു നല്ല ഉറക്ക സമയക്രമം  ഉണ്ടാക്കിയെടുക്കുക.. അതുപോലെ ഉറങ്ങാന്‍ പോകുതിന് മുമ്പ് വ്യായാമം ചെയ്യുക, പാട്ടുകേള്‍ക്കല്‍ പോലെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനുള്ള കാര്യങ്ങള്‍ ചെയ്യുക.

കൃത്യമായ ചികിത്സ നേടിയാല്‍ മരുന്നിലൂടേയും ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിലൂടേയും നിങ്ങള്‍ക്ക് ഈ തകരാറിന്‍റെ ലക്ഷണങ്ങള്‍ നിയന്ത്രിക്കാവുന്നതാണ്. പകല്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില ഉദ്ദീപനൗഷധങ്ങള്‍ നിങ്ങള്‍ക്ക് നല്‍കിയേക്കാം. അതുപോലെ തന്നെ മിഥ്യാഭ്രമം, മോഹാലസ്യം, ഉറങ്ങി തളര്‍ന്നു വീഴല്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആന്‍റിഡിപ്രസ്സന്‍റുകളും ഡോക്ടര്‍ നിങ്ങള്‍ക്ക് ശുപാര്‍ശ ചെയ്തേക്കാം.നിങ്ങളുടെ ആരോഗ്യനില വര്‍ദ്ധിപ്പിക്കുന്നതിനായി ചിട്ടയായ ഒരു വ്യായാമ ശീലം പിന്തുടരുകയും മദ്യപാനവും പുകവലിയും കഫീനും ഒഴിവാക്കുകയും ചെയ്യുക.

ഉറക്കം തൂങ്ങലിന്‍റെ ഒരു ചെറിയ സൂചനയെങ്കിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ വാഹനമോടിക്കലോ അല്ലെങ്കില്‍ അപകട സാധ്യതയുള്ള മറ്റ് പ്രവര്‍ത്തികളോ ഒഴിവാക്കുക. വാഹനം ഓടിക്കുമ്പോള്‍ നിങ്ങള്‍ക്ക് ഉറക്കം തൂങ്ങല്‍ ഉണ്ടാകുന്നു എങ്കില്‍ വാഹനം അരികുചേര്‍ത്ത് ഒതുക്കി നിര്‍ത്തുകയും ഒന്നു വിശ്രമിക്കുകയും ചെയ്യുക. ഡോക്ടര്‍ ഒരു ചികിത്സാ പദ്ധതി നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കില്‍ അത് കൃത്യമായി പിന്തുടരണമെന്നത്  വളരെ പ്രധാനപ്പെട്ടകാര്യമാണ്.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing