ഒരു വ്യക്തിയുടെ ചിന്ത, വികാരങ്ങളുടെമേലുള്ള നിയന്ത്രണം, പെരുമാറ്റം എന്നിവയിലുള്ള ഗൗരവകരമായ തകരാറിനെയാണ് മനഃശാസ്ത്രജ്ഞർ മാനസികരോഗം എന്ന് വിശേഷിപ്പിക്കുന്നത്. അതിനർത്ഥം ഒരിക്കലും ഭേദമാകാത്ത ഒന്നാണിത് എന്നല്ല. ഹോർമോണുകളിലെ കയറ്റിറക്കങ്ങൾ മുതൽ അപ്രതീക്ഷിതമായി ഏൽക്കുന്ന മാനസികാഘാതം വരെ മാനസികരോഗങ്ങൾക്കുള്ള കാരണമാകാം. മാനസികാരോഗ്യ പ്രശ്‌നങ്ങൾ ബലഹീനതകളോ സ്വഭാവദൂഷ്യങ്ങളോ മൂലമുണ്ടാകുന്നവയല്ല എന്ന് മനസിലാക്കുകയാണ് ഇവിടെ പ്രധാനം. കൃത്യമായ ചികിത്സ, പരിചരണം എന്നിവ കൊണ്ട് മിനസികപ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിക്ക് ജീവിതത്തിലേക്ക് തിരിച്ചു വരാൻ കഴിയും. എന്നാൽ അതിനു കുടുംബവും സമൂഹവും നൽകുന്ന പിന്തുണ വളരെ വലുതാണ്.
ഓരോ രോഗത്തിനും സാഹചര്യത്തിനും വ്യക്തിക്കും അനുസരിച്ച്, രോഗലക്ഷണങ്ങളുടെ തീവ്രതയും ദൈർഘ്യവും വ്യത്യാസപ്പെട്ടേക്കാം. ഉചിതമായ ചികിത്സയിലൂടെ രോഗം സുഖപ്പെടുത്താനും അങ്ങനെ അവർക്ക് ഫലപ്രദവും സംതൃപ്‌തികരവും ആയ ജീവിതം നയിക്കാനും കഴിയും. എന്നാൽ പലപ്പോഴും നമ്മുടെ സമൂഹത്തിൽ കണ്ട് വരുന്നത് ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തുന്ന പ്രവണതയാണ്. വിവിധതരം മനസിക പ്രശ്നനങ്ങളെക്കുറിച്ചും അവയ്ക്കുള്ള ചികിത്സകളെക്കുറിച്ചുമുള്ള അറിവില്ലായ്മയാണ് ഇത്തരം ഒറ്റപ്പെടുത്തലുകൾക്ക് പിന്നിൽ. നല്ലൊരു വിഭാഗം സമൂഹത്തിനും മാനസിക രോഗമെന്നാൽ ഇന്നും ഭയപ്പെടുത്തുന്ന ഒന്നാണ്. സെല്ലുകൾക്കുള്ളിലെ അടച്ചിടലും ഷോക്ക് ട്രീറ്റ്മെന്റുമാണ് ഉടനടി മനസിലേക്ക് ഓടിയെത്തുക. അടുത്തിടപഴകി, ഒന്ന് മനസ് തുറന്നു സംസാരിച്ചാൽ പോലും ഭേദമാകുന്ന മാനസിക പ്രശ്നങ്ങളെ ഇത്തരം സ്റ്റിഗ്മകൾ കൊണ്ട് അടിച്ചമർത്തി ഗുരുതരമായ മാനസിക വിഭ്രാന്തികളിലേക്ക് തള്ളി വിടുകയാണ് സമൂഹം ചെയ്യുന്നത്.
ശരീരത്തിനുണ്ടാകുന്ന ഏതൊരു അസുഖത്തെയും പോലെ ഒന്നാണ് മാനസിക പ്രശ്നങ്ങളും എന്ന് മനസിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനാൽ തന്നെ മാനസിക രോഗ ചികിത്സ മറ്റുള്ളവരിൽ നിന്നും ഒളിച്ചുവയ്ക്കേണ്ട ഒന്നല്ല എന്ന് മനസിലാക്കുകയാണ് ആദ്യ പ്രതിവിധി. കുടുംബാന്തരീക്ഷത്തിൽ കുടുംബത്തിലെ മറ്റംഗങ്ങൾക്കൊപ്പം തന്നെ നിർത്തി ചികിത്സിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സാധാരണക്കാരനായ ഒരു വ്യക്തി ചിന്തിക്കുന്ന രീതിയിലായിരിക്കുകയില്ല മാനസികമായ പ്രശ്നങ്ങൾ നേരിടുന്ന ഒരു വ്യക്തി ചിന്തിക്കുക. തനിക്ക് പലതരത്തിലുള്ള കുറവുകൾ ഉണ്ടെന്നുള്ള ധാരണ ഇത്തരക്കാരിൽ ശക്തമായിരിക്കും. അതിനാൽ തന്നെ അത്തരത്തിലുള്ള ചിന്തകളെ അവരുടെ മനസ്സിൽ നിന്നും പുറന്തള്ളുന്നതിനാൽ നല്ല ക്ഷമയോടെയുള്ള സമീപനം ആവശ്യമാണ്. മാനസികരോഗം ബാധിച്ചവരോടുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും സമീപനം എങ്ങനെയായിരിക്കണം എന്ന കാര്യത്തിൽ നമുക്ക് രണ്ട് മാതൃകകൾ നോക്കാം..
നൊമ്പരമായി വീണ
ഡിഗ്രി ആദ്യവർഷ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് മലപ്പുറം സ്വദേശിനിയായ വീണയുടെ അച്ഛൻ ഷോക്കേറ്റ് മരിക്കുന്നത്. അച്ഛന്റെ പുന്നാര മകളായി വളർന്ന വീണ ആ ദൃശ്യം നേരിൽ കാണുകയും ചെയ്തു. ആ കാഴ്ച സ്വതവേ ഉൾവലിഞ്ഞ സ്വഭാവക്കാരിയായ വീണയ്ക്ക് ഉണ്ടാക്കിയ ഷോക്ക് ചെറുതല്ല. അവൾ ആരോടും ഒന്നും മിണ്ടാതെയായി. ക്രമേണ കോളേജിൽ പോകാനുള്ള ആഗ്രഹം ഉപേക്ഷിച്ചു. സദാസമയവും വീടനകത്ത് അടച്ചിരിക്കാനായി ഇഷ്ടം. ഈ അവസ്ഥ വർഷങ്ങളോളം തുടർന്നു. വീണയുടെ അമ്മയാകട്ടെ പൂജയും പ്രാർത്ഥനയും മറ്റുമായി മകൾക്ക് യാതൊരു പ്രശ്നവുമില്ല എന്ന നിലയിൽ മുന്നോട്ട് പോയി. ഇതിനിടക്ക് വീണയുടെ അമ്മയുടെ സഹോദരൻ വീണയെ ഒരു മാനസികരോഗ വിദഗ്ധനെ കാണിക്കുന്നതിനെക്കുറിച്ച് പറഞ്ഞെങ്കിലും മകളുടെ ഭാവിയെ മുൻനിർത്തി 'അമ്മ അതിനു വിസമ്മതിച്ചു. 'അവൾ കോളേജിൽ പോയില്ലെങ്കിലും പഠിച്ചില്ലെങ്കിലും കുഴപ്പമില്ല, ആളൊരു മനോരോഗക്കാരിയാണ് എന്ന് നാലാൾ അറിയരുത്' ഇതായിരുന്നു ചികിത്സയെപ്പറ്റി പറഞ്ഞപ്പോഴെല്ലാം അമ്മയുടെ മറുപടി.
ഭാവിയിൽ ഉണ്ടാകാനിരിക്കുന്ന വിവാഹജീവിതത്തെ ഇത്തരം ചികിത്സകൾ ബാധിക്കും, വീണയ്ക്ക് താഴെയുള്ള പെൺകുട്ടിയുടെ ജീവിതത്തെയും ബാധിക്കും മാത്രമല്ല, മാനസികരോഗത്തിനു ചികിത്സതേടുന്നു എന്നെല്ലാം നാട്ടുകാർ അറിഞ്ഞാൽ അവർ ഒറ്റപ്പെടുത്തുകയും ചെയ്യും. ഇതെല്ലാമായിരുന്നു വീണയുടെ അമ്മയുടെ നിലപാട്. അതിനാൽ തന്നെ പത്താം ക്ലാസ് വിദ്യാഭ്യാസമുള്ള ഒരു യുവാവിന്റെ വിവാഹാലോചന വന്നപ്പോൾ ഇടം വലം നോക്കാതെ അവർ വീണയുടെ വിവാഹം നടത്തുകയും ചെയ്തു. എന്നാൽ വിവാഹത്തോടെ എല്ലാം ശരിയാകും എന്ന നാടൻ ചിന്തക്ക് വിരാമമിട്ടുകൊണ്ട് മറിച്ചാണ് പലതും സംഭവിച്ചത്.
പുതിയ വീടിനോടും വീട്ടുകാരോടും ഇണങ്ങാൻ വീണയ്ക്ക് കഴിഞ്ഞില്ല. ഭർത്താവിന്റെ സാമിപ്യം വീണയ്ക്ക് അരോചകമായി തോന്നി. പലപ്പോഴും അവളുടെ നിയന്ത്രണം വിട്ടു. ചിലപ്പോൾ അത് കരച്ചിലുകളായി പരിണമിക്കുകയും മറ്റ് ചിലപ്പോൾ ദേഷ്യം കൊണ്ട് ഉറഞ്ഞുതുള്ളുകയും ചെയ്തു. ഭർത്താവിന്റെ വീട്ടുകാർ വീണയെ തിരികെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. മാനസികപ്രശ്നങ്ങൾ മറച്ചുവച്ചാണ് കല്യാണം കഴിച്ചത് എന്ന പേരിൽ ഒരുപാട് ബഹളങ്ങളുണ്ടായി. ഒടുവിൽ വിവാഹമോചിതയായ വീണ വീട്ടിൽ തിരിച്ചെത്തി. വിവാഹ മോചനസമയത്ത് കോടതി നൽകിയ നിർദേശമനുസരിച്ചാണ് വീട്ടുകാർ വീണയെ മാനസികരോഗ ചികിത്സയ്ക്കായി കൊണ്ട് പോയത്. അവിടെ നിന്നുമാണ് വീണയെ പിടികൂടിയിരിക്കുന്നു ശക്തമായ വിഷാദത്തിന്റെ കണ്ണികളെ പറ്റി ഡോക്റ്റർ വിശദീകരിക്കുന്നത്.
സ്വതവേ അന്തർമുഖയായിരുന്ന വീണയ്ക്ക് എല്ലാം തന്നെ അച്ഛനായിരുന്നു. അദ്ദേഹത്തിൻ്റെ ദാരുണമായ മരണം നേരിൽ കാണേണ്ടി വന്ന ഷോക്കും ഒറ്റപ്പെട്ടു എന്ന ചിന്തയും വീണയെ വിഷാദത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിടുകയായിരുന്നു. എന്നാൽ അവിടെ നിന്നും വീണയെ കരകയറ്റാൻ ഒരു കൈ സഹായവുമായി ആരും വന്നില്ല. വീട്ടുകാർ വീണക്ക് നിശ്ചയിച്ച ചികിത്സ വിവാഹമായിരുന്നു. അതാവട്ടെ ദയനീയമായി പരാജയപ്പെട്ടു. അനിയത്തിക്ക് വിവാഹ ആലോചനകൾ നടക്കുന്ന സമയമായതിനാൽ വീണയെ വീട്ടിൽ നിന്നും മാറ്റി അമ്മയുടെ സുഹൃത്തിന്റെ വീട്ടിൽ നിർത്തിയായിരുന്നു ചികിത്സ. മരുന്നിന്റെ പിൻബലത്തിൽ വീണ വിഷാദത്തിന്റെ കടലിൽ നിന്നും മെല്ലെ കയറി വന്നു. എന്നാൽ സ്വബോധത്തിലേക്ക് എത്തിത്തുടങ്ങിയതോടെ താൻ വീടിനും വീട്ടുകാർക്കും ഒരു ബാധ്യതയാണ് എന്ന ചിന്ത വീണയിൽ വേരുറച്ചു. അതിനാലാണല്ലോ, തന്നെ വീട്ടിൽ നിന്നും മാറ്റി നിർത്തുന്നതെന്ന് അവൾ ഊഹിച്ചു. ഇതിനിടയിൽ അനിയത്തിയിൽ നിന്നും കേൾക്കേണ്ടി വന്ന ശകാരം വീണയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. അവൾ മരുന്നുകൾ ഉപേക്ഷിക്കുകയും വീണ്ടും വിഷാദത്തിലേക്ക് തെന്നി വീഴുകയും ചെയ്തു.
ജിതിന്റെ ജീവിതം നൽകുന്ന സന്ദേശം
തൃശ്ശൂർ സ്വദേശിയായിരുന്ന ജിതിൻ ചെറുപ്പം മുതൽക്ക് ഒരു പ്രത്യേക സ്വഭാവക്കാരനായിരുന്നു. സ്വന്തം കാര്യത്തിൽ മാത്രം ശ്രദ്ധയൂന്നുന്ന, ഒറ്റ നോട്ടത്തിൽ സ്വാർത്ഥനായ ഒരു വ്യക്തി. ജിതിൻ വളരുന്നതിനനുസരിച്ച് സ്വഭാവത്തിലെ ഈ വ്യത്യാസങ്ങളും വളർന്നു. മറ്റുള്ളവരോട് അടുത്ത ഇടപഴകാൻ ആഗ്രഹിക്കാതെ സ്വന്തം ലോകത്ത് ഒതുങ്ങികൂടിയ ജിതിൻ ഭൂരിഭാഗം സമയത്തും ചിന്തകളുടെ ലോകത്തായിരുന്നു. പ്രാർത്ഥനകൾ, അമിതമായ ചിന്തകൾ എന്നിവ കൊണ്ട് ഓരോ ദിവസവും തള്ളി നീക്കി. പഠനം പ്ലസ് ടു തലത്തിൽ ഉപേക്ഷിച്ചു. ചിന്തകൾക്ക് വ്യക്തമായ ഉത്തരം ലഭിക്കാതെ പലപ്പോഴും സ്വന്തം തല തന്നെ തല്ലിപ്പൊട്ടിക്കാൻ തുടങ്ങി. ഈ അവസ്ഥയിലാണ് ജിതിന്റെ സഹോദരൻ ഇനി അനിയനെ ഇങ്ങനെ വിട്ടാൽ ശരിയാകില്ലെന്നും മനഃശാസ്ത്രജ്ഞനെ കാണിക്കണമെന്നും തീരുമാനിക്കുന്നത്. എന്നാൽ ഏതൊരു സാധാരണക്കാരായ മലയാളി കുടുംബവും പറയുന്നത് പോലെ ജിതിന്റെ മാതാപിതാക്കളും ഈ തീരുമാനത്തോട് വിയോജിപ്പ് കാണിച്ചു. എന്നാൽ സഹോദരൻ പിന്മാറാൻ ഒരുക്കമായിരുന്നില്ല.
പ്രഗത്ഭനായ ഒരു സൈക്യാട്രിസ്റ്റിന് കീഴിൽ ജിതിന് ചികിത്സ ആരംഭിച്ചു. അക്യുട്ട് സ്കീസോഫ്രീനിയ എന്ന രോഗാവസ്ഥയിലായിരുന്നു ജിതിൻ. തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളെ പെരുപ്പിച്ചു കാണുക, അനാവശ്യ ചിന്തകൾ, ഭീതികൾ എന്നിവകൊണ്ട് മനസ് നിറയ്ക്കുക, ആ ചിന്തകൾ വേട്ടയാടപ്പെടുമ്പോൾ അതിൽ ഭയന്ന് ജീവിക്കുക എന്നതൊക്കെയായിരുന്നു സ്കീസോഫ്രീനിയ എന്ന രോഗാവസ്ഥ. കൗൺസിലിംഗ് പോലുള്ള ചികിത്സാരീതികൾ കൊണ്ട് മാത്രം മാറ്റാൻ കഴിയുന്നവയായിരുന്നില്ല അത്. തുടർച്ചയായി മരുന്ന് കഴിക്കുകയും അതിനൊത്ത് ജീവിതം എൻഗേജ്‌ഡ് ആയി നിർത്തുകയും വേണമായിരുന്നു. ഡോക്റ്ററുടെ നിർദേശപ്രകാരം ആ ദൗത്യം കുടുംബം ഒന്നടങ്കം ഏറ്റെടുത്തു.
പലപ്പോഴും ആരോടും മിണ്ടാതെ മുറിക്കുള്ളിൽ അടച്ചിരുന്നു ജിതിൻ പയ്യെ പുറത്തിറങ്ങിത്തുടങ്ങി. ആ മാറ്റം വീട്ടുകാർ അംഗീകരിച്ചു. മകനുമായി പുറത്ത് പോകാനുള്ള കൂടുതൽ അവസരങ്ങൾ മാതാപിതാക്കളുണ്ടാക്കി. തന്നെ ആർക്കും വേണ്ട എന്ന ചിന്തയിൽ നിന്നും ഈ വീടിനു ഞാൻ ഏറെ പ്രിയപ്പെട്ടതാണ് എന്ന ചിന്തയിലേക്ക് ജിതിൻ എത്തി. അതോടെ മരുന്നുകൾ ഫലം കണ്ടു തുടങ്ങി. പന്ത്രണ്ടാം തരത്തിൽ പഠനം നിർത്തിയ ജിതിൻ കമ്പ്യൂട്ടർ സോഫ്റ്റ്‌വെയർ കോഴ്‌സുകൾ ചെയ്യാൻ തുടങ്ങി. പുറത്തിറങ്ങുകയും കൂടുതൽ ആളുകളോട് ഇടപഴകുകയും ചെയ്തു. ഇടക്കിടക്ക് വിഷാദത്തിലേക്ക് വീണു പോകുമ്പോൾ താങ്ങി നിർത്താൻ കുടുംബം ഉണ്ടായിരുന്നു. ഇപ്പോൾ ജിതിന്റെ ചികിത്സ അവസാനഘട്ടത്തിലാണ്. പഠിച്ച മേഖലയുമായി ബന്ധപ്പെട്ടുള്ള ജോലി കൂടി കിട്ടിയതോടെ ജിതിൻ സന്തുഷ്ടനാണ്. സ്കീസോഫ്രീനിയയുടെ മരുന്നുകൾ ഇനിയും ഏറെ കാലം കഴിക്കേണ്ടതുണ്ട്. എന്നിരുന്നാലും തന്റെ ജീവിതത്തെക്കുറിച്ച് ജിതിൻ ഇന്ന് ആത്മവിശ്വാസത്തോടെ ചിന്തിക്കുന്നുണ്ട്.
കൂടെ നിൽക്കേണ്ടത് കുടുംബമാണ്
മേൽപ്പറഞ്ഞ രണ്ട് സംഭവങ്ങളും കൊച്ചിയിലെ ഒരു പ്രമുഖ സൈക്യാട്രിസ്റ്റ് തന്റെ 15 വർഷത്തെ സർവീസ് ഡയറിയിൽ നിന്നും ഓർത്തെടുത്തതാണ്. രണ്ടു കേസുകളിലും ചികിത്സ ശരിയായ ദിശയിലായിരുന്നു. എന്നാൽ കുടുംബങ്ങളിൽ നിന്നും നാട്ടുകാരിൽ നിന്നും ലഭിക്കേണ്ട പിന്തുണ ലഭിക്കാതെ വന്നതോടെ വീണയുടെ ഗതി മറ്റൊന്നായി. വീട്ടുകാർ കൂടെ നിന്ന ജിതിന്റെ ചികിത്സ വിജയകരമായ പരിസമാപ്തിയിലേക്ക് എത്തുകയും ചെയ്തു. ഇത്തരത്തിൽ ഒരു പിന്തുണ നൽകുവാൻ തികഞ്ഞ ക്ഷമയും അർപ്പണ മനോഭാവവും ആവശ്യമാണ്.
എങ്ങനെ പിന്തുണയ്ക്കണം ?
മാനസിക രോഗം ഏതൊരു ശാരീരിക രോഗത്തേയും പോലെ തന്നെ ഏതൊരാളേയും ബാധിച്ചേക്കാവുന്നതാണ് എന്ന തിരിച്ചറിവാണ് കുടുംബാംഗങ്ങൾക്ക് ആദ്യം വേണ്ടത്. എന്നാൽ നിര്‍ഭാഗ്യവശാല്‍ നമ്മുടെ സമൂഹത്തില്‍ മാനസികാരോഗ്യത്തെക്കുറിച്ച് ധാരാളം തെറ്റിദ്ധാരണ നിലനില്‍ക്കുന്നുണ്ട്. ബോധപൂര്‍വം തന്നെ നമ്മള്‍ അവരുടെ വികാരങ്ങള്‍ക്ക് മുറിവേല്‍പ്പിക്കുകയും അവരെ കഴിവുകെട്ടവരായി മുദ്രകുത്തുകയും അവരോട് വിവേചനപരമായി പെരുമാറുകയും ചെയ്യുന്നു. ചികിത്സാകാലയളവിൽ പോലും ഇത്തരക്കാരെ അടിച്ചമർത്താനാണ് പലരും ശ്രമിക്കുന്നത്. ഇത് രോഗികളുടെ മാനസികമായ ആത്മബലം ഇല്ലാതാക്കുകയും വിഷാദത്തിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. ചികിത്സതേടുന്നവരോട് രോഗത്തെക്കുറിച്ച് സംസാരിക്കാതിരിക്കുക. പകരം അവരെ ഒരു സാധാരണ വ്യക്തിയായികാണുകയും ഭാവികാര്യങ്ങളെപ്പറ്റി ചോദിച്ചറിയുകയും ചെയ്യുക. ഇത് അവരിൽ ആത്മവിശ്വാസം നിറയ്ക്കും.
വ്യക്തിത്വം അംഗീകരിക്കുകയും അവരുടെ സ്വകാര്യത മാനിക്കുകയും ചെയ്യുക. ചികിത്സാ കാലയളവിൽ ഇമോഷണലി രോഗികൾ ഏറെ വീക്കായിരിക്കും. അതിനാൽ മനസിന് ആഘാതമേല്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം ഇത്തരം അവസ്ഥയിൽ ചെയ്യാതിരിക്കുക. സമനിലയുള്ള ദിനചര്യ പിന്തുടരുന്നതിനായി ഇവരെ സഹായിക്കുക. മാനസിക രോഗമുള്ള ഒരു വ്യക്തി വൈകാരികമായ പിന്തുണ ആശിക്കുകയും അവരില്‍ വിശ്വാസമുള്ള ഒരാളെ അന്വേഷിക്കുകയും ചെയ്യുന്നുണ്ടാകും. ഇത്തരത്തില്‍ ഒരു ബന്ധം ഉണ്ടായിരിക്കുന്നത് ഒരു വ്യക്തിയെ ജീവിതത്തില്‍ പ്രത്യാശ കൈവരിക്കുന്നതിനും വേഗത്തില്‍ രോഗമുക്തി നേടുന്നതിനും വളരെയധികം സഹായിക്കും. ചികിത്സയ്ക്ക് പിന്തുണയേകി കൂടെ നിൽക്കുന്നവർ ഇക്കാര്യം കൂടിയോർക്കുക.
ഒറ്റയ്ക്ക് ഇരിക്കാനും ചിന്തിച്ചു കാട് കയറാനുമുള്ള അവസരം ഇല്ലാതാക്കുക. ചെറുതാണെങ്കിലും അവരെ എൻഗേജ്‌ഡ് ആക്കുന്ന പ്രവൃത്തികളിൽ ശ്രദ്ധിക്കുക. കുറ്റപ്പെടുത്തുകയോ വിചാരണ നടത്തുകയോ വിമര്‍ശിക്കുകയോ ഒന്നും ചെയ്യാതെ അവര്‍ പറയുന്നത് കേട്ടിരിക്കുക. അവരുടെ മനസിലെ ആഴമേറിയ വികാരങ്ങളും മനോഭാവങ്ങളും പങ്കുവെയ്ക്കാന്‍ അനുവദിക്കുക. ഒരാളുമായി സംസാരിക്കുകയും അയാളുടെ സങ്കടങ്ങളും വികാരങ്ങളും പങ്കുവെയ്ക്കുകയും ചെയ്യുക എന്നത് സ്വയം ഒരു തെറാപ്പിയായി പ്രവര്‍ത്തിക്കും. പ്രതീക്ഷയും പിന്തുണയും കൊടുക്കുക, അതിലൂടെ അവര്‍ക്ക് അവരില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനും അവരുടെ രോഗത്തില്‍ നിന്ന് മുക്തി നേടാനും കഴിയും. ഇത് ചികിത്സയുടെ തന്നെ ഭാഗമാണെന്ന തിരിച്ചറിവ് തുടക്കം മുതലുണ്ടാകണം.
അടുത്തലക്കം: മനസ്സ് തിരിച്ചുപിടിക്കാം ഒത്തൊരുമിച്ച്
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.