Huddle

Share this post
കാവലൊരുക്കാം മനസ്സിന് - ഭാഗം 8
www.huddleinstitute.com

കാവലൊരുക്കാം മനസ്സിന് - ഭാഗം 8

മനഃശാസ്ത്ര ചികിത്സ ; നീക്കാതെ വയ്യ ഈ തെറ്റിദ്ധാരണകൾ

Lakshmi Narayanan
Aug 26, 2021
Comment
Share

''മോനേ എനിക്ക് പലപ്പോഴും ദേഷ്യവും സങ്കടവും നിയന്ത്രിക്കാൻ കഴിയുന്നില്ല. വാവക്കുട്ടിയോട് പോലും ഞാൻ ദേഷ്യപ്പെടുകയാണ്. പലപ്പോഴും കാര്യമെന്താണെന്ന് മനസിലാക്കാൻ പോലും കഴിയാതെ ഞാൻ  കരയാറുണ്ട്. എന്റെ മുറിക്കുള്ളിൽ ഇരുന്നു ഞാൻ കരയുന്നത് കൊണ്ടാണ് നിങ്ങൾ കാണാത്തത്. എനിക്കെന്റെ മനസ് നിയന്ത്രിക്കാൻ കഴിയുന്നില്ല.പലപ്പോഴും നിന്നോട് പോലും എനിക്ക് ദേഷ്യം തോന്നുകയാണ്. എനിക്ക് ഒരു ഡോക്റ്ററെ കാണണം. നീ എന്നെ ഒരു സൈക്യാട്രിസ്റ്റിനെയോ സൈക്കോളജിസ്റ്റിനെയോ കാണിക്കാമോ?"

വൈകിട്ട് എല്ലാവരുമൊന്നിച്ച്  ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് 74 വയസ് കഴിഞ്ഞ മേരി ടീച്ചർ തന്റെ ഏക മകനായ ജോണിനോട് ഇക്കാര്യം പറഞ്ഞത്. പിഡബ്ല്യൂഡിയിൽ എഞ്ചിനീയർ ആയ ജോൺ അമ്മയുടെ വർത്തമാനം കേട്ട് ഒന്ന് ഞെട്ടി. പിന്നെ അല്പം പരിഹാസം നിറഞ്ഞ ചിരിയോട് അമ്മയോട് പറഞ്ഞു, നിങ്ങൾക്ക് എന്ത് കുഴപ്പം ഉണ്ടെന്നാണ് ഈ പറയുന്നത്. റിട്ടയർ ആയി വീട്ടിൽ വെറുതെയിരിക്കുമ്പോൾ തോന്നുന്ന ഓരോ പ്രാന്താണ് ഇതൊക്കെ. 'അമ്മ കുട്ടികളുടെ കാര്യത്തിലും ഞങ്ങളുടെ കാര്യത്തിലും ഒന്നും കൂടുതലായി ഇടപെടേണ്ട. അപ്പോൾ ഞങ്ങളോട് വഴക്കിടേണ്ട ആവശ്യവും വരില്ല. 'അമ്മ ഭക്ഷണം കൃത്യമായി കഴിച്ച് ടിവിയും കണ്ട് പ്രാർത്ഥനയൊക്കെയായി മുറിയിൽ ഇരുന്നാൽ മതി. അല്ലാതെ ദേഷ്യം വരുന്നു സങ്കടം വരുന്നു എന്നൊക്കെ പറഞ്ഞു ഭ്രാന്തിന്റെ ഡോക്റ്ററെ കാണാൻ പോകുവല്ലേ ? ഓരോന്നൊക്കെ പറയും മുൻപ് 'അമ്മ എന്നെ പറ്റിയും എന്റെ മോളെ പറ്റിയും ചിന്തിച്ചു നോക്കിയോ? ഈ വയസാം കാലത്ത് അമ്മയ്ക്ക് ഭ്രാന്താണെന്നും ചികിത്സിക്കുകയാണെന്നും നാട്ടുകാരറിഞ്ഞാൽ പിന്നെ എനിക്ക് തലയുയർത്തി നടക്കാൻ പറ്റുമോ ? വാവക്കുട്ടിയുടെ ഭാവി എന്താകും. എന്തിനാ അമ്മേ ആവശ്യമില്ലാത്ത ഓരോ കാര്യങ്ങൾ ചെയ്യുന്നത്?

ഇത്രയും പറഞ്ഞു കൊണ്ട് ജോൺ കസേരയിൽ നിന്നും എഴുന്നേറ്റപ്പോഴേക്കും മേരി ടീച്ചറുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഈ കാഴ്ച കണ്ടുകൊണ്ടാണ് പേരമകൾ വാവക്കുട്ടി എന്ന് മേരി ടീച്ചർ വിളിക്കുന്ന ട്രീസ അങ്ങോട്ട് വന്നത്. മെഡിക്കൽ എൻട്രൻസിന് തയ്യാറെടുക്കുന്ന ട്രീസ തന്റെ അച്ഛനെ അരികിൽ പിടിച്ചിരുത്തി അച്ഛമ്മയെ ഒരു മാനസികാരോഗ്യവിദഗ്ദനെ  കാണിക്കണം എന്നാവശ്യപ്പെട്ടു. ഇക്കാര്യത്തിൽ തന്റെ അച്ഛന്റെ അറിവില്ലായ്മ മനസ്സിലാക്കിക്കൊണ്ട് തന്നെ ട്രീസ മനഃശാസ്ത്ര ചികിത്സ ആർക്കും എപ്പോഴും അനിവാര്യമായി വന്നേക്കാവുന്ന ഒന്നാണെന്നും അത് മറച്ചുവയ്ക്കേണ്ട ഒന്നല്ലെന്നും അച്ഛനെ ബോധ്യപ്പെടുത്തി. മനസില്ലാ മനസോടെയാണ് ജോൺ അമ്മയെ നഗരത്തിലെ പ്രശസ്തനായ സൈക്യാട്രിസ്റ്റിനെ കാണിക്കാൻ കൊണ്ട് പോയത്.

ഭർത്താവിന്റെ പെട്ടെന്നുണ്ടായ മരണം, അത് വരെ അദ്ദേഹവുമൊന്നിച്ചു താമസിച്ചിരുന്ന നഗരത്തിലെ വീട്ടിൽ നിന്നും ഗ്രാമത്തിലെ വീട്ടിലേക്കുള്ള  കൂടുമാറ്റം, അമ്മയ്‌ക്കൊപ്പം ഒന്നിച്ചിരിക്കാനും സംസാരിക്കാനും സമയം കണ്ടെത്താൻ കഴിയാത്ത ഏകമകന്റെ തിരക്ക്, വാർധക്യത്തിലെ ആകുലതകൾ, അവിചാരിതമായി കടന്നുവന്ന ഹൃദ്രോഗം ഉണ്ടാക്കിയ അസ്വസ്ഥത ഇതെല്ലാം ചേർന്ന് ആ അമ്മയുടെ മനസ് ആകെ കലുഷിതമായിരുന്നു. 'അമ്മ ദേഷ്യപ്പെട്ടപ്പോഴും സങ്കടംപറഞ്ഞപ്പോഴും മനസിന്റെ സമനില നിലനിർത്താൻ കഴിയാത്ത അവസ്ഥയിലേക്ക് 'അമ്മ പോകുകയാണെന്ന് മനസിലാക്കാൻ ജോണിന് കഴിഞ്ഞില്ല. അമിതമായ സമ്മർദ്ദം കുറയ്ക്കുന്നതിനുള്ള ഒരു ഗുളിക, മരുന്നിനേക്കാൾ മൂല്യമുള്ള മകന്റെ സ്നേഹം , ആ സ്നേഹത്തിൽ നിന്നും വരുന്ന കരുതൽ , കുടുംബത്തോട് തുറന്നു സംസാരിക്കാനും അടുത്തിടപഴകാനും അൽപനേരം ഇതൊക്കെ ലഭിച്ചതോടെ ആ അമ്മക്കിളി വീണ്ടും ചിറകുകൾ വിരിച്ചു പറക്കാൻ തുടങ്ങി. താൻ ഒറ്റയ്ക്കാണെന്ന  മേരി ടീച്ചറുടെ തോന്നൽ മാറ്റിയെടുക്കുക മാത്രമാണ് ഇവിടെ മാനസികാരോഗ്യ വിദഗ്ദൻ ചെയ്തത്.

മേരി ടീച്ചറുടെ ജീവിതം ഇന്നത്തെ സമൂഹത്തിന്റെ ഒരു നേർചിത്രമാണ്. നൂറിൽ 8 പേർ മാത്രമാണ് തങ്ങൾക്ക് മാനസികമായ ചില പിരിമുറുക്കങ്ങൾ ഉണ്ടെന്നും ചികിത്സ അനിവാര്യമാണെന്നും സ്വയം തിരിച്ചറിയുന്നത്. എന്നാൽ അവരിൽ ഭൂരിപക്ഷം പേർക്കും ജോൺ ചിന്തിച്ചതിനു സമാനമായി ചിന്തിക്കുന്ന ബന്ധുക്കൾ ചികിത്സ നിഷേധിക്കുകയാണ് ചെയ്യുന്നത്. മാനസിക രോഗത്തെയും ചികിത്സയെയും കുറിച്ചുള്ള അബദ്ധ ധാരണകൾ അഭ്യസ്തവിദ്യരായ ജനങ്ങൾക്കിടയിലും നിലനിൽക്കുന്നു എന്നതിനുള്ള തെളിവാണ് ഇത്. മറ്റുള്ളവർ എന്ത് ചിന്തിക്കും എന്ന അമിതഭയമാണ് ബഹുഭൂരിപക്ഷത്തെയും മനഃശാസ്ത്ര ചികിത്സയിൽ നിന്നും മാറ്റി നിർത്തുന്നത്. മാത്രമല്ല, രോഗം വരുന്നതിനെപ്പറ്റിയും ചികിത്സയെപ്പറ്റിയും അബദ്ധധാരണകളാണ് പലർക്കുമുള്ളത്.

ഹിപ്നോട്ടിസം മാത്രമല്ല മനഃശാസ്ത്ര ചികിത്സ

യഥാര്‍ത്ഥത്തില്‍ മന:ശാസ്ത്ര ചികിത്സയെന്നാല്‍ പ്രശ്നങ്ങള്‍ക്ക് കാരണമായ ചിന്തകളും പെരുമാറ്റ രീതികളും എങ്ങനെ മാറ്റിയെടുക്കാം എന്ന പരിശീലനമാണ്. ആ പരിശീലനത്തിന്റെ ഭാഗമായി ചിലർക്ക് പിന്തുണയ്‌ക്കെന്ന പോലെ മരുന്നുകളും അനിവാര്യമായി വരുന്നു. എന്നാൽ ഈ മരുന്നുകളെ കാലക്രമത്തിൽ  ജീവഹാനിയുണ്ടാക്കുന്ന ഒന്നായി പലരും കാണുന്നു. അടിസ്ഥാന രഹിതമായ ഇത്തരം ചിന്തകളാണ് മനഃശാസ്ത്ര ചികിത്സ പലർക്കും നിഷേധിക്കുന്നത്.ചിലര്‍ മനശാസ്ത്ര ചികിത്സയെന്നാല്‍ ഹിപ്നോട്ടിസം മാത്രം എന്നു തെറ്റിദ്ധരിക്കാറുണ്ട്. തങ്ങളുടെ അനുവാദമില്ലാതെ മനസ്സിലുള്ള കാര്യങ്ങള്‍ എല്ലാം മന:ശാസ്ത്രജ്ഞര്‍ പിടിച്ചെടുക്കും എന്ന ധാരണയില്‍ ചികിത്സയ്ക്ക് വിസ്സമതിക്കുന്നവരുമുണ്ട്. മറ്റനേകം ചികിത്സാ രീതികളിൽ ഒന്ന് മാത്രമാണ് ഹിപ്നോട്ടിസം. സിനിമയില്‍ കാണും പോലെ ഒരാളെ ബോധം കെടുത്തി അയാളുടെ അനുവാദം കൂടാതെ മനസ്സിലിരിപ്പു കണ്ടെത്താന്‍ ഉപയോഗിക്കുന്ന തന്ത്രമല്ല അത്.

മാനസിക പ്രശ്നങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമായിരിക്കും. മനസിനെ ബാധിക്കുന്ന ചിന്തകളുടെയും അവയുടെ പ്രതിപ്രവർത്തനത്തിന്റെയും അടിസ്ഥാനത്തിൽ മാനസിക പ്രശ്നങ്ങളെ പലതായി തരം തിരിക്കുന്നു. വ്യക്തിയുടെ സ്വഭാവം, അസുഖത്തിന്റെ സ്വഭാവം, കാലപ്പഴക്കം എന്നിവ നിശ്ചയിച്ചശേഷം സമ്മർദ്ദങ്ങളും സംഘർഷങ്ങളും നേരിടാൻ വ്യക്തികളെ സജ്ജരാക്കുന്ന ഒരു പ്രക്രിയയാണ് മാനസിക ചികിത്സ. സ്വയം തീരുമാനങ്ങൾ എടുക്കാൻ ചികിത്സതേടുന്ന വ്യക്തിയെ പര്യാപ്തനാക്കുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം. മറ്റ് ചികിത്സകളിൽ നിന്നും വ്യത്യസ്തമായി ക്ഷമ ആവശ്യമായ ഒന്നാണിത്. ചികിത്സ തേടുന്ന വ്യക്തിയെ കുടുംബം പൂർണ മനസോടെ പിന്തുണച്ചാൽ മാത്രമേ മനഃശാസ്ത്ര ചികിത്സയ്ക്ക് ഫലപ്രാപ്തിയുണ്ടാകൂ. അതിനിടയിൽ സാമൂഹികമായ ഇടപെടലുകൾ, മരുന്ന് , ചികിത്സാരീതികൾ എന്നിവയെ സംബന്ധിച്ച അബദ്ധധാരണകൾ എന്നിവയ്‌ക്കൊന്നും അടിസ്ഥാനമില്ല. 

മാനസികാരോഗ്യം; തെറ്റിദ്ധാരണകളും യാഥാർഥ്യവും

മാനസികരോഗത്തെക്കുറിച്ച് പലവിധ തെറ്റിദ്ധാരണകൾ നിലനിൽക്കുന്നത് പോലെ തന്നെയാണ് മാനസികാരോഗ്യത്തെക്കുറിച്ചുള്ള ചിന്തകളും. പലപ്പോഴും വികലമായ കാഴ്ചപ്പാടുകളാണ് ഈ രംഗത്ത് മനുഷ്യർക്കുള്ളത്. ചെറിയ കുട്ടികളിൽ  മുതൽ വാർധക്യത്തിൽ നിൽക്കുന്ന വ്യക്തികളിൽ വരെ മാനസിക പ്രശ്നങ്ങൾ കണ്ടുവരുന്നു. അവയെ ശരിയായി മനസിലാക്കാൻ കഴിയാത്തതാണ് പലരുടെയും അവസ്ഥകൾ പരിധിവിടാനുള്ള കാരണം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ അകറ്റേണ്ടത് അനിവാര്യമാകുന്നത് ഈ സന്ദർഭത്തിലാണ്.

സന്തോഷവാനായ വ്യക്തിക്ക് മാനസികപ്രശ്നമുണ്ടാകില്ല

 ഒരു വ്യക്തിയുടെ ജീവിത സാഹചര്യങ്ങൾ ഉയർന്നതോ മോശമോ ആകട്ടെ, അതും മാനസികാരോഗ്യവും തമ്മിൽ യാതൊരുബന്ധവുമില്ല. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അഞ്ചിൽ ഒരാൾവീതം മാനസികരോഗം അനുഭവിക്കുന്നവരാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമയമോ കാലമോ നോക്കാതെ ആർക്കും എപ്പോഴും വരാവുന്ന ഒന്നാണ് മാനസിക പ്രശ്നങ്ങൾ. ഏത് പ്രായത്തിലുള്ളവർക്കും ഇത്തരം പ്രശ്നങ്ങൾ വരാം എന്നതാണ് മറ്റൊരു ഘടകം. അതിനാൽ സ്വഭാവം, പെരുമാറ്റം, വൈകാരികമായ തകർച്ച എന്നിവ കണ്ടെത്തുന്ന പക്ഷം ഏത് പ്രായക്കാർക്കും ചികിത്സ തേടാവുന്നതാണ്.

ദുർബലരായ മനുഷ്യരെ മാനസികരോഗം ബാധിക്കും

കാലങ്ങളായി സമൂഹത്തിൽ നിലനിൽക്കുന്ന ഒരു തെറ്റിദ്ധാരണയാണിത്. വാസ്തവത്തിൽ ഒരു മനുഷ്യന്റെ മാനസികനിലയുമായോ ശാരീരിക ക്ഷമതയുമായോ  വ്യക്തിയുടെ സ്വഭാവ സവിശേഷതകളുമായോ മാനസിക രോഗത്തിന് ബന്ധമില്ല. സാമൂഹിക, ജനിതക, മാനസ്സിക, പാരിസ്ഥിതിക, ശാരീരിക, ജീവശാസ്ത്രപരമായ ഘടകങ്ങളുടെ മാറ്റം കൊണ്ടാണ് മാനസികരോഗങ്ങൾ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഓരോ വ്യക്തികളിലും വ്യത്യസ്തമായ അളവുകളിലുള്ള വൈകാരിക തകർച്ചകളാണുണ്ടാക്കുക.

മാനസികരോഗികൾ എല്ലാവരും അക്രമകാരികളാണ്

സിനിമകളിലും മറ്റും നമ്മൾ കണ്ടു പരിചയിച്ചിട്ടുള്ള മാനസിക രോഗികൾ വൈകാരികമായി പൊട്ടിത്തെറിക്കുന്നവരും അക്രമകാരികളുമാണ്. ഇവർക്കുള്ള പ്രധാന ചികിത്സ ഇരുട്ടറയിലുള്ള ജീവിതവും ഷോക്കുമാണ്‌. മാനസിക ചികിത്സ രംഗത്തോട് കാണിക്കുന്ന ഏറ്റവും വലിയ നീതികേടാണ് ഇത്തരത്തിലുള്ള ഒരു ചിത്രീകരണം. മാനസികരോഗമുള്ളവർ എല്ലാവരും തന്നെ അക്രമവാസന കാണിക്കുമെന്ന ചിന്ത തെറ്റാണ്. ഒന്നിനോടും പ്രതികരിക്കാൻ കഴിയാതെ വിഷാദത്തിലേക്ക് മുങ്ങിത്താഴുന്നവരും മാനസികരോഗത്തിന്റെ പിടിയിലുള്ളവർ തന്നെയാണ്. എന്നാൽ ഒരു ചെറിയ വിഭാഗം രോഗികൾ അക്രമവാസന കാണിക്കുന്നുണ്ട് എന്നത് ശരിയാണ്. എന്നാൽ അത് സമൂഹം എങ്ങനെ അവരോട് പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.

ആശുപത്രികളിൽ പാർപ്പിച്ചുള്ള ചികിത്സ വേണം

മാനസികപ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവരിൽ വളരെ ചുരുക്കം ആളുകൾക്ക് മാത്രമാണ് ആശുപത്രികളിൽ പാർപ്പിച്ചുള്ള ചികിത്സ അനിവാര്യമായി വരുന്നത്. അതും പലർക്കും വളരെ ചുരുക്കം കാലത്തേക്ക് മാത്രമേ ആശുപത്രിവാസം അനിവാര്യമാകുകയുള്ളൂ. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും സാമീപ്യവും കരുതലും പരിചരണവുമാണ് മാനസികരോഗികൾക്ക് രോഗമുക്തി ഉണ്ടാക്കുന്നത്. സ്വന്തം വീട്ടിൽ താമസിച്ചുകൊണ്ട് കൃത്യമായി ചികിത്സ തേടുക എന്നതാണ് ഇതിൽ പ്രധാനം.

മാനസികരോഗം ബാധിച്ചയാൾക്ക് ജീവിതമില്ല

മാനസികരോഗം ബാധിച്ച ഒരു വ്യക്തി നല്ല ചികിത്സ നേടുന്ന പക്ഷം അവർക്ക് ജീവിതത്തിലേക്ക് തിരിച്ചെത്താൻ കഴിയും. ജോലി ചെയ്യാനും സ്വസ്ഥമായ ജീവിതം നയിക്കാനും സാധിക്കില്ല എന്ന ചിന്ത തീർത്തും അബദ്ധമാണ്. മാനസികരോഗത്തിന്റെ തീവ്രത അനുസരിച്ചാണ് ജോലി ചെയ്യാനുള്ള കഴിവ് നിലനിൽക്കുകയും ഇല്ലാതാകുകയും ചെയ്യുന്നത്. കൂടുതൽ കേസുകളിലും ജോലി ചെയ്യാനുള്ള അവസരം രോഗാവസ്ഥയിൽ നിന്നും മുക്തി നേടാൻ സഹായിക്കുന്നു. കൃത്യമായ മരുന്ന്, ആരോഗ്യകരമായ ജീവിതരീതികൾ എന്നിവ പിന്തുടരാൻ കഴിഞ്ഞാൽ മനസികരോഗത്തിൽ നിന്നും മുക്തനാകാനും സാധാരണ ജീവിതം നയിക്കാനും സാധിക്കും.

സൈക്യാട്രിസ്റ്റ് മാത്രമാണ് ഏക പ്രതിവിധി

മാനസികരോഗം വന്നാൽ ഉടനെ കാണേണ്ടത് സൈക്യാട്രിസ്റ്റിനെ ആണെന്ന ഒരു ധാരണയുണ്ട്. എന്നാൽ അങ്ങനെയല്ല. രോഗത്തിന്റെ കാഠിന്യം അനുസരിച്ചാണ് ചികിത്സ നിശ്ചയിക്കപ്പെടുന്നത്. മനശാസ്ത്രജ്ഞന്മാരിൽ തന്നെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലർമാർ, തെറാപിസ്റ്റുകൾ എന്നിങ്ങനെ പല ഉപവിഭാഗങ്ങളുമുണ്ട്. രോഗത്തിന്റെ സ്വഭാവം അനുസരിച്ചാണ് ഇവരിൽ ആരുടെ ചികിത്സയാണ് വേണ്ടതെന്നു നിശ്ചയിക്കുന്നത്.

അടുത്തലക്കം : റീഹാബിലിറ്റേഷൻ എങ്ങനെ വേണം?

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing