Huddle

Share this post
അച്ഛൻ അറിയാൻ - ഭാഗം 8
www.huddleinstitute.com

അച്ഛൻ അറിയാൻ - ഭാഗം 8

അക്ഷരപ്പൂട്ട് തുറക്കുക

George Koshy
Aug 20, 2021
Comment
Share

കുഞ്ഞുന്നാളിൽ,  പലതിന്‍റെയും തടവറയിലും പരിമിതിയിലും കഴിയുന്ന മകനെ, പൂട്ടുകൾ തുറന്ന് സ്വാതന്ത്രൃത്തിന്റെ മണ്ണിലേക്ക് നയിക്കുന്ന കാര്യമാണ് കഴിഞ്ഞ തവണ പറഞ്ഞു തുടങ്ങിയത്.  അക്ഷരപ്പൂട്ടുകൾ തുറന്നു കൊടുക്കേണ്ടതിനെപ്പറ്റിയാണ് ഇന്ന് നാം ചിന്തിക്കുന്നതു്.

'ഉള്ളിന്നുള്ളിലെ അക്ഷര പൂട്ടുകൾ ആദ്യം  തുറക്കുന്ന' അച്ഛനെ, ഇന്നലെ എന്റെ നെഞ്ചിലെ എന്ന ഗാനത്തിലൂടെ നമുക്ക് പരിചയമുണ്ടല്ലോ..

വായനയ്ക്കായി സമയം വേർതിരിക്കാനുള്ള ക്ഷമ   പുതുതലമുറയിലെ കുട്ടികൾക്ക് ചോർന്നുപോകുന്നു. എല്ലാം കേട്ടും കണ്ടും മാത്രം പഠിക്കുവാനാണ് വ്യഗ്രത. മസ്തിഷ്കത്തെ അത്രയും കുറച്ചുമാത്രം തൊഴിൽ ചെയ്യിപ്പിക്കുവാനുള്ള ഉപബോധമനസ്സിന്റെ നിർദ്ദേശമാവാം അതിന്റെ കാരണം.

ഒരു കുഞ്ഞ് ആദ്യം വിളിച്ചു തുടങ്ങുന്നത് 'അമ്മ' എന്നാണെങ്കിലും, ആ കുഞ്ഞിനെ അക്ഷര ലേകത്തിലേക്ക് കൈ പിടിച്ച് നയിക്കുവാനുള്ള പ്രധാന ദൗത്യം പിതാവിനുള്ളതാണ്.

വായനയുടെ സുഖവും പുസ്തകത്താളുകളുടെ ഗന്ധവും, കുട്ടി ആസ്വദിക്കുവാൻ ഇടയാകണം.

പ്രത്യേകിച്ച്, ഡിജിറ്റൽ മാധ്യമങ്ങൾ സമസ്ത ആശയ വിനിമയ മേഖലകളേയും കീഴടക്കിയിരിക്കുന്ന ഒരു സാഹചര്യത്തിൽ.

അതിനുള്ള ചില മാർഗങ്ങൾ ഇന്ന് നമുക്ക് ചിന്തിക്കാം.

റീഡ് എലൗഡ്

കുട്ടികൾക്ക് ഉച്ചത്തിൽ വായിച്ച് കൊടുത്തു കൊണ്ടു വേണം അവരെ അക്ഷരലോകത്തിന്റെ കവാടത്തിലേക്ക് നയിക്കേണ്ടതു്. ബാലസാഹിത്യത്തിൽ പ്രമുഖമായ സ്ഥാനമാണ് റീഡ് എലൗഡ് സ്റ്റോറികൾക്കുള്ളതു്. ഒട്ടേറെ പ്രയോജനങ്ങൾ കുട്ടിക്ക് ഇതുമൂലം ലഭിക്കുന്നുണ്ട്.

പുതിയ പദങ്ങളുടെ കേൾവിയിലൂടെയാണ് കുട്ടി  പദസമ്പത്ത് വർധിപ്പിക്കുന്നത്. ഭാഷയുടെ ആശയ വിനിമയ സാധ്യയെപ്പറ്റിയും കുട്ടി ബോധവാനായിത്തീരും.

പദങ്ങളുടെ ഉച്ചാരണം കൃത്യമായി ഗ്രഹിക്കുവാനും ഇത് സഹായകമാണ്.

മറ്റൊരാൾ ഉച്ചത്തിൽ വായിച്ചു കൊടുക്കുമ്പോൾ, കുട്ടിയുടെ മനസിൽ സംഭവ പരമ്പരകൾ ഒന്നൊന്നായി സംഭവിക്കുകയാണ് ചെയ്യുന്നത്.

ആമയും മുയലും തമ്മിലുള്ള മൽസര കഥ കേൾക്കുമ്പോൾ, കുട്ടിയുടെ ഉള്ളിൽ ഒരു ഓട്ട മത്സരം നടക്കും.. ഫിനിഷിംഗ് പോയിന്റിൽ എന്ത് സംഭവിക്കുന്നു എന്നറിയാനുള്ള ആകാംക്ഷ മൂലം, കഥ ഇടയ്ക്ക് നിർത്താനോ, രസച്ചരട് മുറിച്ചു കളയുവാനോ കുട്ടി താല്പര്യപ്പെടുകയില്ല. അങ്ങനെ, ഒരു കാര്യത്തിൽ കൂടുതൽ  നേരം ശ്രദ്ധ കേന്ദ്രീകരിക്കുവാനുള്ള ആഗ്രഹവും മനസും ( Attention Span) അവനിൽ വർധിച്ചു വരും. ശുദ്ധ ഭാഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുവാനും ഉച്ചാരണ ശുദ്ധി കൈവരിക്കുവാനും Read aloud Stories സഹായകരമാകും.

എല്ലാത്തിലും ഉപരി, കഥ വായിച്ചു കൊടുക്കുന്ന അച്ഛനും, കേൾക്കുന്ന മകനും തമ്മിൽ ഉള്ള ബന്ധം കൂടുതൽ സുദൃഢമാകുകയും ചെയ്യും. നന്മയുടെയും ധീരതയുടെയും വിജയത്തിന്റെയും ഒക്കെ കഥകളായിരിക്കുമല്ലോ അച്ഛൻ വായിച്ച് കൊടുക്കുക. ക്രമേണ സദ്ഗുണങ്ങളുടെ ശബ്ദരൂപമായി അച്ഛൻ കുട്ടിയുടെ കാതുകളിലും ഉപബോധ മനസിലും നിറഞ്ഞു നിൽക്കും.

കുഞ്ഞിനെ മടിയിലിരുത്തി, അക്ഷരത്തിലൂടെ വിരലോടിച്ച് ഉച്ചത്തിൽ വായിച്ചു കേൾപ്പിക്കുമ്പോൾ, പുസ്തകം കയ്യിൽ പിടിക്കേണ്ട രീതി, എവിടെ നിന്നുമാണ് വായിച്ചു തുടങ്ങേണ്ടത്, അക്ഷരങ്ങൾ ക്രമത്തിന് കണ്ടെത്തേണ്ടതെങ്ങനെ, ചിത്രങ്ങൾ വ്യാഖ്യാനിക്കേണ്ടതെങ്ങനെ , താൾ മറിക്കേണ്ടതെങ്ങനെ തുടങ്ങി എത്രയെത്ര പാഠങ്ങളാണ് കുട്ടി  പഠിക്കുന്നതെന്നോ?

മുതിർന്നവർ വായിക്കുന്നത് കാണുമ്പോൾ കുട്ടികൾക്കു വായിക്കാനുള്ള വ്യഗ്രത വർധിച്ച് വരികയും ചെയ്യും.

അക്ഷരജ്ഞാനം  നൽകുക

അക്ഷരലോകത്തിൽ കൗതുകം ഉണ്ടായാൽ പിന്നെ, കുട്ടിയെ അക്ഷരം കൂട്ടിവായിക്കുവാൻ പരിശീലിപ്പിക്കുക എന്നതാണ് അടുത്ത ദൗത്യം.

അക്ഷരപ്പാട്ടുകൾ പാടി പഠിപ്പിക്കുന്ന് ഈ ഘട്ടത്തിൽ നല്ലതാണ്. ക്രമേണ അക്ഷരങ്ങളോരോന്നായി കുട്ടിയെ പരിചയിപ്പിക്കുക. ഓരോ അക്ഷരങ്ങളും പഠിപ്പിക്കുവാൻ വിവിധ മാധ്യമങ്ങൾ ഉപയോഗിക്കാം. അരിമണിയിലും മണലിലും മറ്റും കുഞ്ഞു വിരലുകൾ കൊണ്ട് എഴുതി പഠിപ്പിച്ചിരുന്ന നമ്മുടെ പഴയ രീതി എത്ര ശാസ്ത്രീയമായിരുന്നെന്നോ?

കുട്ടി മണലിൽ എഴുതുമ്പോൾ, ഒരു തെറ്റ് പറ്റിയാൽ ഉടനെ അത് തുടച്ചു മാറ്റാം. അവന്റെ മനസിൽ നിന്നും ആ തെറ്റ് ഉടനെ അപ്രത്യക്ഷമാകും. എന്നാൽ കടലാസിൽ എഴുതി പഠിപ്പിക്കുമ്പോൾ, തെറ്റുണ്ടായാൽ ഗുണനചിഹ്നം ഇട്ട് അത് വെട്ടിയിട്ട്, ആ അക്ഷരം വീണ്ടും എഴുതും. കടലാസിൽ എന്നതു പോലെ, മനസിലും ആ ഗുണനചിഹ്നവും തെറ്റും മായാതെ കിടക്കും...

അക്ഷരങ്ങളുടെ ആകൃതിയും സ്വരവും ഒരുമിച്ചാണ് കുട്ടി പഠിക്കേണ്ടതു്.  ഓരോ ദിവസവും പഠിക്കുന്ന ഒന്നോ രണ്ടോ അക്ഷരങ്ങൾ, പുസ്തകത്തിലോ, പത്രത്തിലോ കണ്ടെത്താൻ കുട്ടിയെ സഹായിക്കുക. ആ കണ്ടെത്തൽ അവന്റെ ആവേശം വർധിപ്പിക്കും.

പുതിയ പെഡഗോഗി സമ്പ്രദായത്തിൽ ഈ ശൈലിക്ക് കുറെ മാറ്റം ഉണ്ടായിട്ടുണ്ട്. പുതിയ പരീക്ഷണങ്ങളും നിരീക്ഷണങ്ങളും നടന്നു വരുന്നു.

കഥാലോകത്തിലേക്ക്  നയിക്കുക

അക്ഷരങ്ങൾ കൂട്ടി വായിക്കുവാൻ പഠിച്ചു കഴിഞ്ഞാൽ പിന്നെ, നല്ല കഥാപുസ്തകങ്ങളും ജീവിതകഥകളും കുട്ടികളെക്കൊണ്ട് വായിപ്പിക്കുക എന്നതാണ്  അച്ഛൻമാർ ചെയ്യേണ്ട അടുത്ത കർമം.  കഥാപുസ്തകത്തിലെ ഗുണപാഠം കുട്ടി തന്നെ കണ്ടെത്തട്ടെ . അപ്പോൾ തന്നെ കഥയിലെ വില്ലൻ കഥാപാത്രങ്ങൾ ഉളവാക്കുന്ന ദൂഷ്യഫലങ്ങൾ കുട്ടികളുമായി ചർച്ച ചെയ്യുകയും വേണം.

ചിത്രകഥകൾക്ക് ഇന്ന് വളരെ ഡിമാൻഡ് ആണുളളത്. പെട്ടെന്ന് വായിച്ചു തീർക്കാം എന്ന ഗുണമാണ് അതിനുള്ളത്. കഥകളോടൊപ്പം ധാരാളം ചിത്രങ്ങൾ ചേർക്കുന്നതും സർവസാധാരണമാണ്.  ദൃശ്യമാധ്യമങ്ങളിലൂടെയും ചിത്രകഥകളിലൂടെയും കുട്ടിയുടെ

അറിവിന്റെ അതിർത്തി വർധിപ്പിക്കാൻ കഴിയും എന്നത് ശരിയാണ്. പക്ഷെ അവിടെ ഒരു വലിയ അപകടമുണ്ട് എന്നു കൂടെ നാം മനസിലാക്കുക.   കുട്ടിയുടെ  ഭാവനാശേഷിയെ മുരടിപ്പിക്കുവാൻ ചിത്രക്കഥകൾ കാരണമായേക്കാം...

ചിത്രങ്ങളുടെ അധികം പിൻതുണയില്ലാത്ത ഒരു സാധാരണകഥ വായിക്കുമ്പോഴോ, പറഞ്ഞു കേൾക്കുമ്പോഴോ,  കുട്ടിയുടെ മനസ്സിൽ, കഥയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഒരു ഭാവനാ ലോകം വിടർന്നു വരും. അത് അവന്റേതു് മാത്രമായ ലോകമാണ്.

ഭാവനാസമ്പന്നനായ  വിഷ്ണു ശർമൻ പറഞ്ഞു കൊടുത്ത പഞ്ചതന്ത്ര കഥകൾ,  ബാഹുശക്തി, ഉഗ്രശക്തി, ശക്തി എന്നീ മൂന്ന് രാജകുമാരന്മാരുടെ മനസിൽ സൃഷ്ടിച്ച ഭാവനാ ലോകങ്ങൾ എത്ര വിശാലമായിരുന്നിരിക്കണം.  എന്നാൽ ഇന്ന് ദൃശ്യങ്ങളോ ചിത്രങ്ങളോ കഥയോടൊപ്പം നാം  കാണുമ്പോൾ ഭാവിക്കുവാനും സങ്കൽപിക്കുവാനുമുള്ള സാധ്യത ഇല്ലാതാകുകയാണ് ചെയ്യുന്നത്. ചിത്രങ്ങളായോ ദൃശ്യങ്ങളായോ എല്ലാം മുൻപിൽ കാണുന്നതു കൊണ്ട്, അവന് ചിന്തിക്കേണ്ടി വരുന്നേയില്ല.. ഭാവന ഉപയോഗിക്കേണ്ട ആവശ്യം വരുന്നതേയില്ല.

മറിച്ച്,  ചിത്രകാരന്റെയോ ഫിലിംമേക്കറുടെയോ ഭാവനയുടെ പരിധിയിലേക്ക് കുട്ടി ഒതുങ്ങി പോകുവാൻ ഇടയുണ്ട് താനും.

ഇത്തരം ചിത്ര സമൃദ്ധി നൽകുന്ന നവമാധ്യമങ്ങളെ  പൂർണമായി ഒഴിവാക്കാനും ഇന്ന് നമുക്കാവില്ല..

ഇവയുടെ മദ്ധ്യത്തിൽ ഒരു സംതുലിതാവസ്ഥ പാലിക്കുവാനാണ് അച്ഛൻ മകനെ സഹായിക്കേണ്ടത്.

ഇതര ഭാഷാ ഗ്രന്ഥങ്ങളും

മറ്റു ഭാഷകൾ പഠിച്ചു തുടങ്ങാൻ കാലമാകുമ്പോൾ ഇതര ഭാഷയിലുള്ള ലളിത ഗ്രന്ഥങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തുവാനും പിതാക്കന്മാർ മറക്കരുത്.

അക്ഷരങ്ങളുടെ വിശാല ലോകത്ത് കുട്ടിയെ കർമോൽസുകനാക്കുവാൻ  ആയിരിക്കണം നമ്മുടെ ശ്രമം. കൗമാരകാലത്ത് അവരിൽ നിന്നും അധികം പ്രോത്സാഹജനകമായ പ്രതികരണങ്ങളുണ്ടായി എന്നുവരില്ല. എന്നാൽ പിന്നീട് ആ വിത്തുകൾ അറുപതും നൂറും മേനി ആയി വിളയും, സംശയമില്ല.

( ശേഷം അടുത്ത ലക്കത്തിൽ)

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing