അച്ഛൻ അറിയാൻ - ഭാഗം 6
കാണിച്ചും കേൾപ്പിച്ചും മാതൃകയാകുക
യു കെ ജി യിലാണ് സൂരജ് പഠിക്കുന്നത്. ഒരു ദിവസം ടീച്ചർ സൂരജിന്റെ പിതാവിനെ സ്കൂളിലേക്ക് വിളിപ്പിച്ചു. കൊച്ചു കുട്ടിയാണെങ്കിലും സൂരജിന് ഒരു ദുസ്വഭാവം ഉണ്ട്. കൂടെ പഠിക്കുന്ന കുട്ടികളുടെ പെൻസിൽ അവർ അറിയാതെ എടുത്തുകൊണ്ട് വീട്ടിൽ പോകും. അങ്ങനെയാണ് അധ്യാപിക പിതാവിനെ വിളിപ്പിച്ചത് . വിവരമറിഞ്ഞ പിതാവ് വല്ലാതെ കുപിതനായി. അദ്ദേഹം മകനെ മാറ്റി നിർത്തി ചോദിച്ചു, "നിനക്ക് ഇതിന്റെ വല്ല ആവശ്യവുമുണ്ടോ? ഞാൻ ഓഫീസിൽ നിന്നും നിനക്ക് വേണ്ടത്ര പെൻസിലും പേനയും കടലാസും ഒക്കെ കൊണ്ട് തരുന്നില്ലേ?"
സത്യത്തിൽ സൂരജിനെ തെറ്റിലേക്ക് നയിച്ചത് ആരാണ്? കടയിൽ നിന്നും വാങ്ങി നൽകേണ്ടതിന് പകരം, സർക്കാർ ഓഫീസിൽ നിന്നും സാധനങ്ങൾ അടിച്ചുമാറ്റുന്ന ഈ അച്ഛനല്ലേ തെറ്റായ മാതൃക കാട്ടിക്കൊടുത്തത്. എന്ത് സന്ദേശമാണ് അച്ഛൻ മകന് നൽകിയത് ? ആവശ്യമെങ്കിൽ, ആരുമറിയുന്നില്ല എങ്കിൽ അന്യരുടെ വസ്തുക്കൾ രഹസ്യമായി സ്വന്തമാക്കാമെന്ന ഒരു പാഠം ആയിരുന്നില്ലേ. ഇതിന് മകനെ കുറ്റം പറയാനാവുമോ? മക്കൾ ബാല്യത്തിൽ ഒപ്പുകടലാസുകളാണെന്ന സത്യം, ആ പിതാവ് ഗ്രഹിക്കാതെ പോയി.
"കണ്ടും കേട്ടുമൊക്കെ പഠിച്ചോണം," പലരും പലരോടും ഇങ്ങനെയൊക്കെ പറയുന്നത് നാം കേട്ടിട്ടുണ്ടാവും.
അതെ, മനുഷ്യർ പാഠങ്ങൾ പഠിക്കുന്നത്, കണ്ടും കേട്ടും ഒക്കെയാണ്. ഈ രണ്ടു വിധത്തിലും പഠിക്കാത്തവർ, അനുഭവത്തിലൂടെ കൊണ്ടു പഠിക്കാൻ നിർബന്ധിതരാകും.കാണുകയും കേൾക്കുകയും ചെയ്യുന്നതിന്റെ ഗുണദോഷവശങ്ങൾ വിലയിരുത്താനുള്ള പ്രാപ്തി ഇല്ലാത്തതിനാൽ കുട്ടികൾ അവയെ അന്ധമായിട്ടാണ് അനുകരിക്കുന്നത്. മകന്റെ വളർച്ചാഘട്ടത്തിൽ സ്വന്തം അച്ഛനെയാണ് മാതൃകാപുരുഷനായി പരിഗണിക്കുന്നതും അനുകരിക്കുന്നതും എന്ന് പറഞ്ഞിരുന്നുവല്ലോ. അത് മനസ്സിലാക്കി വേണം ഓരോ അച്ഛന്മാരും പെരുമാറുവാൻ .
മക്കൾ ഒപ്പുകടലാസുകൾ
വൈകിട്ട് വീട്ടിൽ വന്നാൽ നിരന്തരം മൊബൈൽ ഫോണിൽ അഭിരമിക്കുന്ന ഒരാളാണ് സന്തോഷ്. ബാത്റൂമിൽ പോകുമ്പോൾ പോലും മൊബൈൽ ഫോണും കൊണ്ടാണ് പോവുക. സന്തോഷിന്റെ മകൻ അഭിക്ക് അഞ്ചു വയസ്സ് പ്രായമേയുള്ളു. പക്ഷേ അവനും അച്ഛനിൽ നിന്നും ഇതേ മാതൃക പഠിച്ചുകഴിഞ്ഞു. ഇപ്പോൾ അവന് മാതാപിതാക്കന്മാരോട് സംസാരിക്കാൻ പോലും സമയമില്ല. പുറത്തുപോയി കളികളിൽ ഏർപ്പെടാനും താല്പര്യമില്ല. സദാസമയവും ഫോണിൽ കുത്തിവരയ്ക്കുന്നതാണ് അവന്റെ ഹോബി. അച്ഛനും അമ്മയ്ക്കും അറിഞ്ഞുകൂടാത്തത് പലതും മൊബൈലിൽ ചെയ്യുവാനും ഈ ഇളംപ്രായത്തിൽ തന്നെ അവൻ പഠിച്ചു കഴിഞ്ഞു. തന്റെ മകൻ 'ടെക്നോ സാവി ' ആണെന്ന് സന്തോഷ് ആദ്യമൊക്കെ അഭിമാനത്തോടെ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ മകന്റെ മൊബൈൽ ഫോണിനോടുള്ള അമിത ഭ്രമം എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ നിസ്സഹായാവസ്ഥയിലാണ് അയാൾ.
അച്ഛനിൽ നിന്നും പകർന്നു കിട്ടിയ മാതൃകയുടെ അപകടം ശ്രദ്ധിക്കുക.
കുട്ടികളുടെ സ്വഭാവരൂപീകരണത്തിൽ, കുടുംബത്തിന്റെയും ചുറ്റുപാടുകളുടെയും പങ്ക് വളരെ വലുതാണ്. ആൺകുട്ടികളുടെ റോൾ മോഡൽ അച്ഛന്മാർ ആണെന്ന് പറഞ്ഞല്ലോ. രണ്ടു വയസ്സു കഴിയുമ്പോൾ മുതൽ അവൻ പിതാവിനെ ഗൗരവത്തോടെ വീക്ഷിച്ചു തുടങ്ങും. മൂന്ന് ആകുമ്പോഴേക്കും അനുകരണവും ആരംഭിക്കും. നല്ല സ്വഭാവങ്ങൾ മാത്രമല്ല മോശം സ്വഭാവങ്ങളും കുട്ടികൾ അനുകരിക്കുമെന്നതാണ് ഇതിലെ അപകടം. വിവേചനശക്തി അവർക്ക് ഇല്ലാത്തത് കൊണ്ടാണത്. അത് മാത്രമല്ല, നെഗറ്റീവ് ആയ കാര്യങ്ങൾ അനുകരിക്കുവാൻ ഒരു സ്വാഭാവിക ചോദന മനുഷ്യന് കൂടുതലായി ഉണ്ടുതാനും.
തിന്മ പകർത്താൻ എളുപ്പം
വേദഗ്രന്ഥത്തിലെ ഒരു സൂക്തം അവരെ പഠിപ്പിക്കുവാൻ വളരെ ബുദ്ധിമുട്ട് ആയേക്കാം. എന്നാൽ ഒരു സിനിമയിൽ വില്ലൻ കഥാപാത്രം പറയുന്ന അനഭിലഷണീയമായ പദപ്രയോഗങ്ങൾ അവന്റെ നാവിന് പെട്ടെന്ന് വഴങ്ങുകയും ചെയ്യും.പിതാക്കന്മാരുടെ സ്വഭാവരീതികൾ ഒരു സ്പോഞ്ച് പോലെ അവർ വലിച്ചെടുക്കും. അരുതാത്ത കാര്യങ്ങൾ കണ്ടാൽ അതായിരിക്കും ആദ്യം പഠിക്കുക. വാശി പിടിക്കരുതെന്നും അസൂയ പാടില്ലെന്നും പെട്ടെന്ന് പ്രകോപിതരാകരുതെന്നുമൊക്കെ ഒരു പിതാവ് മകനോട് പറഞ്ഞു കൊടുത്തു എന്ന് കരുതുക. എന്നാൽ അതേ പിതാവ് വാശി കാണിക്കുകയും ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുമ്പോൾ കുട്ടി ഗ്രഹിക്കുന്ന പാഠമെന്താണ് ? ചില കാര്യങ്ങൾ പറയാൻ വേണ്ടി മാത്രം ഉള്ളതാണ്, പ്രാവർത്തികമാക്കാൻ ഉള്ളതല്ല. പ്രസംഗവും പ്രവൃത്തിയും ഒന്നാകണമെന്ന് നിർബന്ധമില്ല. കുട്ടിയുടെ ഉപബോധ മനസ്സിലേക്ക് ഇത്തരം ചില ബോധ്യങ്ങൾ ആഴത്തിൽ കയറി കൂടുകയാണ് ചെയ്യുന്നത്.
കുട്ടി പിതാവിൽ കാണുന്ന ജീവിതശൈലി അന്ധമായി അനുകരിച്ചു തുടങ്ങും. ക്രമേണ അത് അവന്റെ സ്വഭാവത്തിന്റെ ഒരു ഭാഗമായി മാറുകയും ചെയ്യും. ചുരുക്കത്തിൽ ഒരു അച്ഛൻ എന്തുപറയുന്നു എന്നതിനേക്കാൾ എന്ത് ചെയ്യുന്നു എന്നതിലാണ് കൂടുതൽ പ്രാധാന്യം. പുലർച്ചയ്ക്ക് ഉണരും മുതൽ, രാത്രിയിൽ നിദ്രയിലേക്ക് ഊഴ്ന്നിറങ്ങും വരെയുള്ള തന്റെ വാക്കും, നോക്കും ചെയ്തിയുമെല്ലാം രണ്ടു കണ്ണുകൾ സസൂക്ഷ്മം വീക്ഷിക്കുന്നു എന്ന ബോധത്തോടെ വേണം പിതാവ് തന്റെ ജീവിതചര്യ ആസൂത്രണം ചെയ്യേണ്ടതു്. കേൾക്കുക മാത്രം ചെയ്യുന്നതിന്റെ 10% ആണ് നമ്മുടെ മനസിന്റെ ഉള്ളറകളിലേക്ക് കയറുന്നത്. എന്നാൽ, കേൾക്കുകയും കാണുകയും ചെയ്യുന്നതിന്റെ 60% തലച്ചോർ ഓർമയിൽ വയ്ക്കും. കാഴ്ചയുടെയും കേൾവിയുടെയും ഒപ്പം പ്രവൃത്തി കൂടി ആയാൽ 90 % വും ഹൃദിസ്ഥമാകും. മന:ശാസ്ത്ര പഠനങ്ങൾ വെളിപ്പെടുത്തുന്നത് ഇതാണ്. അതുകൊണ്ട്, കേവലം ഉപദേശങ്ങളിൽ ഒരുക്കി നിർത്താതെ, മകനുമൊത്ത് ക്രിയാത്മകമായി പല പ്രവർത്തനങ്ങളിലും ഏർപ്പെടുവാൻ അച്ഛൻ വിസ്മരിക്കരുത്.
കുട്ടിയെ പ്രാപ്തനാക്കുക
മകനൊപ്പം അച്ഛൻ വിനോദത്തിൽ ഏർപ്പെടുമ്പോൾ പല ഗുണങ്ങൾ ആണ് ഉള്ളത്. മകനുമായുള്ള അച്ഛന്റെ ആത്മബന്ധം ശക്തിപ്പെടും. ഇരുവരുടെയും കായികക്ഷമത വർദ്ധിക്കും. എങ്ങനെയാണ് മത്സരങ്ങളിൽ ജയിക്കേണ്ടത് എന്ന് കുട്ടി ഇതിനിടെ പഠിക്കും. തോൽവി ഉണ്ടാകുമ്പോൾ വൈകാരികമായി തളരാതെ അതിനെ നേരിടാനും കുട്ടി പ്രാപ്തനാവും. സ്വയം ചെയ്യുവാൻ സാധിക്കുന്ന കാര്യങ്ങൾ ചെയ്യാനായി അവനെ പ്രാപ്തനാക്കുവാനും അച്ഛൻ ശ്രമിക്കേണ്ടതുണ്ട്. ദിനകൃത്യങ്ങൾ ചെയ്യുക, ടൈം ടേബിൾ അനുസരിച്ച് പുസ്തകങ്ങൾ ബാഗിൽ എടുത്തു വയ്ക്കുക., ഭക്ഷണം കഴിക്കുക എന്നിങ്ങനെ പല കാര്യങ്ങളും അവന് സ്വയം ചെയ്യാനാവും.
"കുട്ടിയല്ലേ, അവനെ സഹായിച്ചേക്കാം. പെട്ടെന്ന് കാര്യങ്ങൾ നടക്കട്ടെ" എന്നൊക്കെ കരുതി അവർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ പിതാവ് ഇടപെടുമ്പോൾ, മകനെ സഹായിക്കുകയല്ല, നിരുത്സാഹപ്പെടുത്തുകയും നിഷ്ക്രിയൻ ആക്കുകയുമാണ് ചെയ്യുന്നത് .
കുട്ടി, പഴയ കുട്ടിയല്ല
'കുട്ടികൾ ചെറുതല്ലേ അവർ ഇതൊന്നും കാണുന്നില്ല, അറിയുന്നില്ല' എന്നൊക്കെ ഉള്ള ധാരണയോടെ ലഹരിവസ്തുക്കൾ രഹസ്യമായി ഉപയോഗിക്കുന്ന ചില പിതാക്കന്മാർ ഉണ്ട്. 'അവർക്ക് എന്തറിയാൻ' എന്ന ചിന്തയോടെ യൂട്യൂബിൽ അവിഹിതമായ കാഴ്ചകളിൽ അഭിരമിക്കുന്ന പിതാക്കന്മാരും ഉണ്ട്. എന്നാൽ കുട്ടികൾ നമ്മെക്കാൾ പലമടങ്ങ് സ്മാർട്ട് ആണെന്ന് മറക്കരുത്. നമ്മുടെ രഹസ്യങ്ങൾ ഒക്കെ അവർ നിമിഷം കൊണ്ട് പൊളിച്ചടുക്കും. എന്നുമാത്രമല്ല ശരിയല്ലാത്ത കാര്യങ്ങൾ രഹസ്യമായി ചെയ്യാം എന്ന ചിന്ത അവരിൽ രൂഢമൂലമാകാനും അത് കാരണമാകും. അത്തരം കാര്യങ്ങൾ പ്രാവർത്തികമാക്കാൻ അവർ ശ്രമിക്കുകയും ചെയ്യും.
കുട്ടികളെ വെറും കുട്ടികൾ എന്ന നിലയിൽ ആരും കാണരുത് എന്ന് ചുരുക്കം.
കൊച്ചി പഴയ കൊച്ചി അല്ല : അതുപോലെതന്നെ കുട്ടികൾ പഴയ കുട്ടികളുമല്ല.
( തുടരും)
Excellent message