അച്ഛൻ അറിയാൻ -ഭാഗം 5
സമയം = ജീവിതം
ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസ് മുറിയിൽ എത്തിയത് സാമാന്യം വലിയ ഒരു ഗ്ലാസ് ജാറുമായിട്ടാണ്. കുറെ കൽച്ചീളുകളും, ചരലും പിന്നെ മണലുമൊക്കെ കയ്യിൽ കരുതിയിരുന്നു.
കുട്ടികൾ കാൺകെ അധ്യാപകൻ ആദ്യം ജാറിൽ മണൽ നിറച്ചു. അവശേഷിച്ചിരുന്ന സ്ഥലത്ത് ചരൽ വാരിയിട്ടു. തുടർന്ന് രണ്ടോ മൂന്നോ കൽക്കഷണങ്ങൾ ഇടാൻ മാത്രമേ തനിക്ക് സാധിച്ചുള്ളൂ. അപ്പോഴേക്കും ജാർ നിറഞ്ഞു .
കുട്ടികളെ നോക്കി അധ്യാപകൻ പറഞ്ഞു തുടങ്ങി , "ഈ ഗ്ലാസ് ജാർ നിങ്ങളുടെ ജീവിതകാലം ആണ്. ഈ കൽച്ചീളുകൾ ആകട്ടെ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങളും. ഉദാഹരണം : ഈശ്വരൻ, കുടുംബം, വ്യക്തിത്വം, ആരോഗ്യം മുതലായവ."അധ്യാപകൻ പറഞ്ഞതെല്ലാം അവർ ശ്രദ്ധയോടെ കേട്ടിരുന്നു. പിന്നെ അദ്ദേഹം ചരലുകൾ കൈയ്യിൽ എടുത്തിട്ട് പറഞ്ഞു,
"ഇത് താരതമ്യേന പ്രാധാന്യം കുറഞ്ഞ കാര്യങ്ങൾക്ക് തുല്യം. പഠനം, തൊഴിൽ, വിനോദം എന്നിവയൊക്കെ. ഈ മണൽത്തരികളാകട്ടെ, ജീവിതത്തിലെ നൂറുകണക്കിന് അപ്രസക്തമായ കാര്യങ്ങൾ. ടിവി കാണൽ, കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കൽ, കമ്പ്യൂട്ടർ ഗെയിം കളിക്കൽ അങ്ങനെയൊക്ക .... ഈ ഗ്ലാസ് ജാറിൽ ആദ്യം മണലും ചരലും നിറച്ചാൽ പിന്നെ കൽക്കഷണങ്ങൾക്ക് സ്ഥലം കിട്ടുകയില്ലെന്ന് മനസിലായില്ലേ."
ഇത്രയും പറഞ്ഞിട്ട് അദ്ദേഹം പരീക്ഷണം ആവർത്തിച്ചു.
ഇത്തവണ ജാറിൽ ആദ്യം നിറച്ചത് കല്ലുകൾ ആയിരുന്നു. എല്ലാ കൽക്കഷണങ്ങൾക്കും ഇടം കിട്ടി. പിന്നീട് അതിനിടയ്ക്ക് ഉണ്ടായിരുന്ന ശൂന്യ സ്ഥലങ്ങളിൽ ചരലും നിറയ്ക്കാൻ കഴിഞ്ഞു. മണൽത്തരികൾക്ക് പിന്നെയും ആ ജാറിൽ ആവശ്യത്തിന് സ്ഥലം ഉണ്ടായിരുന്നു.
"ഓരോ ദിവസത്തെയും നമ്മുടെ സമയവും ഇതുപോലെ ക്രമീകരിക്കണം. പ്രാധാന്യമുള്ള കാര്യങ്ങൾക്ക് ജീവിതത്തിൽ മുൻഗണന കൊടുക്കണം. അപ്പോൾ ചെറിയ കാര്യങ്ങൾക്കു പോലും ആവശ്യത്തിന് സമയം കിട്ടും." അധ്യാപകൻ പറഞ്ഞുനിർത്തി.
മകന്റെ ജീവിതവിജയം ആഗ്രഹിക്കുന്ന ഏത് പിതാവും ആദ്യം പറഞ്ഞു പഠിപ്പിക്കേണ്ട പാഠങ്ങളിൽ ഒന്നാണ് ശരിയായ സമയ വിനിയോഗം എന്നത്. കുഞ്ഞുന്നാളിൽ തന്നെ കൃത്യമായ സമയക്രമീകരണം ജീവിതചര്യയുടെ ഭാഗമായി തീർന്നാൽ ജീവിതാന്ത്യംവരെ ആ സ്വഭാവം കൂട്ടിനുണ്ടാവും.
ജീവിത വിജയം നേടിയിട്ടുള്ളവരുടെ പട്ടിക പരിശോധിച്ചാൽ അവരെല്ലാം തന്നെ സമയനിഷ്ഠ ഉള്ളവരായിരുന്നുവെന്ന് മനസ്സിലാക്കാം. ഇക്കാര്യത്തിൽ കൃത്യനിഷ്ഠ ഇല്ലാത്തവർ സ്വജീവിതത്തിന് മാത്രമല്ല സമൂഹത്തിലെ മറ്റു വ്യക്തികൾക്കും പ്രശ്നം സൃഷ്ടിക്കുന്നവരാണ്.
ഒരു പൊതുചടങ്ങിൽ ഉദ്ഘാടനത്തിന് വരേണ്ട മന്ത്രി ഒരു മണിക്കൂർ താമസിച്ചാണ് വരുന്നതെന്ന് കരുതുക. 500 പേർ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടെന്നും കരുതുക. മന്ത്രി വൈകിയതിനാൽ, തൽഫലമായി 500 മനുഷ്യ - മണിക്കൂറുകളാണ് പാഴാകുന്നത്. എട്ടുമണിക്കൂർ ആണല്ലോ സാധാരണ ഒരു ദിവസത്തെ നമ്മുടെ പ്രവൃത്തിസമയം. അങ്ങനെ നോക്കിയാൽ 62 പ്രവർത്തി ദിനങ്ങൾ പ്രയോജനരഹിതമായി തീരുകയാണ്. ഒരാൾക്ക് പ്രതിദിന വേതനമായി 800 രൂപ കൂട്ടിയാൽ, നഷ്ടം അര ലക്ഷം രൂപയാണ്. ഒരു വ്യക്തി സമയക്ലിപ്തത പാലിക്കാഞ്ഞതുകൊണ്ട് വന്നുഭവിച്ച നഷ്ടം എന്താണെന്ന് നോക്കൂ.
സമയം പണമോ?
സമയം പണമാണ് എന്ന പഴമൊഴി ഇവിടെയാണ് അർത്ഥവത്താകുന്നത്. സത്യത്തിൽ സമയത്തിന്റെ വില പണം കൊണ്ട് കൊടുത്തു തീർക്കാനാവില്ല..
സമയം ജീവിതം തന്നെയാണ്. ഏതുനിമിഷവും മരണം കടന്നു പിടിക്കാവുന്ന ഒരു അവസ്ഥയിൽ കഴിയുന്ന ഒരു വ്യക്തിയോട് ഇങ്ങനെ ചോദിച്ചു നോക്കൂ:
"സൂര്യന് കീഴിലുള്ള എന്തും നിങ്ങൾക്ക് ഇപ്പോൾ ആവശ്യപ്പെടാം. ഉറപ്പായും അത് ലഭിക്കും. എത്ര കോടി രൂപ വേണമെങ്കിലും ചോദിക്കാം. എത്ര ഉയർന്ന വിദ്യാഭ്യാസവും നേടാം. അറിവിന്റെ സർവ്വജ്ഞപീഠം ആവശ്യപ്പെടാം. സമുന്നത വ്യക്തികളുമായുള്ള ഉറ്റ സൗഹൃദവും സ്വാധീനവും സമ്പാദിക്കാം. ലോകത്തിന്റെ ഏതു കോണിലും നിമിഷാർദ്ധംകൊണ്ട് എത്താം. അങ്ങനെ എന്തും ചോദിച്ചു വാങ്ങാമെന്ന് ഒരു വരം കിട്ടിയാൽ എന്തായിരിക്കും ചോദിക്കുക ?"
ഇപ്പറഞ്ഞതൊന്നും ആയിരിക്കുകയില്ല അദ്ദേഹം ചോദിക്കാൻ സാധ്യതയുള്ളത്. കാരണം എന്ത് നേടിയിട്ടും എന്താണ് പ്രയോജനം? ഏതുനിമിഷവും മരണം പിടിമുറുക്കാൻ പോവുകയല്ലേ. നേടുന്നതൊന്നും അനുഭവിക്കാൻ കഴിയില്ലല്ലോ. തീർച്ചയായും അപ്പോൾ ചോദിക്കുക, 'ആരോഗ്യത്തോടെ ജീവിക്കാൻ കുറേ വർഷങ്ങൾ കൂടെ തരണം' എന്നായിരിക്കും. എന്നുവച്ചാൽ, മറ്റേതൊരു നേട്ടത്തെക്കാളും മനുഷ്യൻ ആഗ്രഹിക്കുന്നത് ജീവിക്കാൻ വേണ്ട സമയത്തെയാണ് . ചുരുക്കത്തിൽ സമയം = പണം എന്ന സമവാക്യത്തെക്കാൾ ശരിയായത് സമയം = ജീവിതം എന്നത് തന്നെയാണ്. മറ്റെന്ത് നന്മകളും നേട്ടങ്ങളും നമ്മുടെ പക്കൽ ഉണ്ടെങ്കിലും അതെല്ലാം പ്രയോജനപ്പെടണ മെങ്കിൽ സമയം ആവശ്യമാണ്. അതുകൊണ്ടാണ് സമയവിനിമയം എന്ന വിഷയം ഗൗരവത്തോടെ കാണേണ്ടത്.
ലക്ഷ്യബോധം വേണം
11 കളിക്കാരുള്ള ഒരു ഫുട്ബോൾ ടീമിനെപ്പറ്റി ചിന്തിക്കൂ.. ഗെയിമിനിടയിൽ കളിക്കാർ അങ്ങോട്ടുമിങ്ങോട്ടുമെല്ലാം പന്ത് പാസ് ചെയ്യും. ചിലപ്പോൾ ബാക്ക് പാസ് ചെയ്യുകയും ചെയ്യും.
എന്നാൽ ഈ കളിക്കാർക്ക് എല്ലാം ഒരു പൊതു ലക്ഷ്യമുണ്ട്. മുൻപിലുള്ള ഗോൾവലയിൽ പന്ത് എത്തിക്കുക എന്നതാണ് ആ ലക്ഷ്യം. വിവിധ കഴിവുകൾ ഉള്ള കളിക്കാരെ അതനുസരിച്ചുള്ള പൊസിഷനിൽ ആയിരിക്കും കോച്ച് നിയോഗിക്കുക. കളിക്കളത്തിന് പുറത്ത് ശ്രദ്ധ മാറ്റുന്ന മറ്റെന്തൊക്കെ കാര്യങ്ങൾ സംഭവിച്ചാലും കളിക്കാരുടെ എല്ലാ നീക്കങ്ങളും ഗോൾപോസ്റ്റിലേക്ക് മാത്രമായിരിക്കും.അതുപോലെ ഓരോ വ്യക്തിക്കും തന്റെ ജീവിതത്തെ പറ്റി ഒരു ആത്യന്തികലക്ഷ്യബോധം ഉണ്ടാവണം. തന്റെ കഴിവുകൾ, സാഹചര്യങ്ങൾ, സാധ്യതകൾ എന്നിവയെല്ലാം യാഥാർത്ഥ്യബോധത്തോടെ വിലയിരുത്തി വേണം ഈ ഗോൾ തീരുമാനിക്കേണ്ടത്. എത്രയും ചെറുപ്രായത്തിൽ തന്നെ ആ ബോധം കൃത്യമായി കൈവരിക്കുവാൻ കഴിയുന്നുവോ അത്രയും നല്ലത്. ചെറുപ്രായത്തിൽ തന്നെ കുട്ടിക്ക് ഈ ദിശാബോധം നൽകുവാൻ പിതാവിന് കഴിയണം. അതോടൊപ്പം അവരുടെ ഒരുക്കങ്ങൾക്ക് തുരങ്കം സൃഷ്ടിക്കുവാനിടയുള്ള തടസങ്ങളെ ചൂണ്ടിക്കാണിച്ച് കൊടുക്കുകയും വേണം.
തടസങ്ങൾ
സമയം ശരിയായി ഉപയോഗിക്കുന്നതിനുള്ള തടസ്സങ്ങൾ എന്തൊക്കെയാണ് ?
1. 'നോ' പറയാൻ അറിഞ്ഞുകൂടാത്തതാണ് അതിൽ പ്രമുഖം. അങ്ങനെ ചിലരുണ്ട്. ആര് എന്തിന് വിളിച്ചാലും 'യേസ്' എന്ന മറുപടിയേ അവരിൽ നിന്നുണ്ടാവൂ.. അതൊരു കഴിവുകേടാണ്. നമ്മോട് ആര് എന്ത് ആവശ്യപ്പെട്ടാലും കണ്ണുംപൂട്ടി 'യെസ് ' പറയരുത്.
സാമാന്യം നന്നായി ഗിത്താർ ഉപയോഗിക്കുന്ന ഒരു കുട്ടിയായിരുന്നു അതുൽ. അതുകൊണ്ടു തന്നെ ധാരാളം പേർ അവനെ പല ചടങ്ങിനും ഗിത്താർ പ്ലേ ചെയ്യുവാൻ വിളിച്ചുകൊണ്ടിരുന്നു. വിളിച്ചിടത്തെല്ലാം അതുൽ പോകും. അതുകൊണ്ട് തന്റെ കഴിവുകൾ വളർത്തുവാൻ വേണ്ട സമയം അതുലിന് ലഭിക്കാതെ പോയി. ഏറെ വൈകാതെ അവൻ ഫീൽഡ് ഔട്ട് ആകുകയും ചെയ്തു.
തന്റെ വ്യക്തിത്വവികസനത്തിനും ലക്ഷ്യസാധ്യത്തിനു ഉതകുന്ന അവസരങ്ങൾ മാത്രമേ ഒരാൾ തിരഞ്ഞെടുക്കാൻ പാടുള്ളൂ. കൂടുതൽ ഉയരങ്ങളിലേക്ക് പോകുന്നതിന് തടസ്സമാകും വിധം തിരക്കുകളിൽ അമർന്ന് പോകരുത്. ബുദ്ധിപൂർവ്വം 'നോ' പറയാനും പഠിക്കണം.
2. സമയം ക്രിയാത്മകമായി ഉപയോഗിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന മറ്റൊരു കാര്യം, കൊക്കിലൊതുങ്ങുന്നതിൽ അധികം കൊത്താൻ ശ്രമിക്കുന്നതാണ്. വായിൽ വയ്ക്കുന്നത് നന്നായി ചവച്ചരച്ച് ഭക്ഷിച്ചതിനു ശേഷം മാത്രം അടുത്ത ഉരുള എടുക്കുക. നന്നായി ചെയ്യാൻ കഴിയുന്നതിൽ മാത്രം ഒരു സമയത്ത് ജാഗ്രത പുലർത്തുക.
3. വളരെ പരിമിതമായ അറിവ് മാത്രം നേടിയിട്ട് തിടുക്കത്തിൽ ഓരോ കാര്യങ്ങളിൽ ഏർപ്പെടാൻ തുനിയുമ്പോൾ ഒട്ടേറെ പാളിച്ചകൾ സംഭവിക്കാം. ഇതും സമയത്തിന്റെ ഫലപ്രദമായ വിനിമയത്തെ ബാധിക്കുന്ന കാര്യമാണ്.
4. ഓരോരുത്തരുടെയും ബയോളജിക്കൽ പ്രൈം ടൈം വ്യത്യസ്തമായിരിക്കും. ചിലർക്ക് അതിരാവിലെ ആവും, ഏറ്റവും നല്ല സമയം. മറ്റുചിലർ വൈകി ഉറങ്ങുന്നതിൽ സന്തോഷം കാണുന്നവർ ആവാം. ഇത് തിരിച്ചറിഞ്ഞുള്ള ഒരു ആസൂത്രണം നമുക്കു ആവശ്യമാണ്. പക്ഷേ പ്രഭാതത്തിൽ ആദ്യം ഉണരുന്ന പക്ഷിക്കാണ് പുഴുവിനെ കിട്ടുക എന്ന പഴമൊഴി തീർച്ചയായും മറക്കരുത്.
ശൈശവത്തിലെ സമയക്രമം ആയിരിക്കുകയില്ല ബാല്യത്തിലും പിന്നീട് കൗമാരത്തിലും ഒക്കെ അനുവർത്തിക്കേണ്ടത്. എങ്കിലും സമയത്തിന്റെ മൂല്യത്തെ പറ്റിയുള്ള അടിസ്ഥാനപാഠങ്ങൾ കുഞ്ഞുനാളിൽ തന്നെ മകനെ അഭ്യസിപ്പിക്കുവാൻ പിതാവിന് കഴിയണം. ജീവിതം സാർത്ഥകമാക്കാൻ വേണ്ട പ്രഥമപാഠങ്ങളിൽ ഒന്നാണത്.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.