Huddle

Share this post
അച്ഛൻ അറിയാ൯ - ഭാഗം 4
www.huddleinstitute.com

അച്ഛൻ അറിയാ൯ - ഭാഗം 4

ഡാഡി, സൈലൻസ് പ്ളീസ്

George Koshy
Jul 23, 2021
Share this post
അച്ഛൻ അറിയാ൯ - ഭാഗം 4
www.huddleinstitute.com

ഒരു മനുഷ്യന് എത്ര ചെവിയുണ്ട്?"

"രണ്ട്. "

"എത്ര വായുണ്ട്?"

"ഒന്ന്."

"അതെന്തേ അങ്ങനെ? രണ്ട് കണ്ണും രണ്ട് കാതും രണ്ട് കൈയും രണ്ട് കാലും മൂക്കിന് രണ്ട് സുഷിരവും ഒക്കെ ഉള്ളപ്പോൾ, രണ്ട് വായും രണ്ട് നാവും വേണ്ടിയിരുന്നില്ലേ."

സ്വാഭാവികമാണ് ആ ചോദ്യം. ലളിതമാണ് ഉത്തരവും. കേൾക്കുന്നതിലും കാണുന്നതിലും ചെയ്യുന്നതിലും പകുതി മതി നമ്മുടെ സംസാരം എന്ന് ഈശ്വരൻ നിശ്ചയിച്ചിട്ടുണ്ട്. അതാണ് അതിന്റെ കാര്യം. നാം സംസാരിക്കുന്നതിന്റെ ഇരട്ടി കേൾക്കുവാൻ തയ്യാറാകണമെന്ന് ചുരുക്കം.

ശ്രോതാവായ അച്ഛൻ

അക്ഷരങ്ങൾ കൂട്ടി വായിക്കാനും കൂട്ടി സംസാരിക്കുവാനും അഭ്യസിക്കുമ്പോൾ മുതൽ കുട്ടികൾ തങ്ങളുടെ ആശയങ്ങൾ പ്രകടിപ്പിക്കാൻ ഏറെ വ്യഗ്രത കാട്ടി തുടങ്ങും. പറഞ്ഞാലും പറഞ്ഞാലും അവർക്ക് മതി വരില്ല. അതോടൊപ്പം അവർക്ക് ഒട്ടേറെ സംശയങ്ങളും ഉണ്ട്. സൂര്യന് കീഴിലുള്ള എന്തും അവർക്ക് ചോദ്യചിഹ്നമാണ്. അതെല്ലാം അവർ ചോദിക്കുകയും ചെയ്യും.

കുട്ടികളുടെ സംഭാഷണത്തിന്റെ മറുഭാഗത്ത് മിക്കപ്പോഴും പിതാക്കന്മാർ ആയിരിക്കും. കാരണം കുട്ടികളെ സംബന്ധിച്ച് പിതാക്കന്മാർ അറിവിന്റെ നിറകുടങ്ങളാണ്. സർവ്വജ്ഞപീഠം കയറിയവരാണ്. അപ്പോൾ പിന്നെ അച്ഛനോട് അല്ലാതെ പിന്നെ ആരോടാണ് ഇക്കാര്യങ്ങളൊക്കെ ചോദിക്കുക.

ഇവിടെ അച്ഛൻമാർ അഭ്യസിക്കേണ്ടത്, ഒരു നല്ല ശ്രോതാവായി തീരുവാനാണ്. ഇന്ന് നമുക്ക് അന്യം നിന്നു പൊയ്ക്കൊണ്ടിരിക്കുന്ന ഒരു കലയാണ് ശ്രോതാവാകുക എന്നത്. ക്ഷമയോടെ കേൾക്കുവാൻ പലർക്കും ബുദ്ധിമുട്ടാണ്.

ഒരാളുടെ സംസാരം നാം ഒറ്റയടിക്ക് എത്രനേരം കേട്ടിരിക്കും? കൂടിവന്നാൽ 17 സെക്കൻഡ് എന്നാണ് ബിഹേവിയർ സയന്റിസ്റ്റുകൾ പറയുന്നത്. നല്ല കേൾവിക്കാരനായ പിതാവിനെ, കുട്ടി ഏറെ ഇഷ്ടപ്പെടുന്നു. ശ്രദ്ധയോടെ കാതുകൂർപ്പിച്ച് ഇരിക്കുവാൻ തയ്യാറായാൽ, കുട്ടിയിൽ നിന്നും വാചാലമായ സംഭാഷണം കേൾക്കാം. അവനെ അതിന് അനുവദിക്കണം.

കാരണം, കുട്ടിയുടെയും മനസ്സിൽ ഒട്ടേറെ കടിഞ്ഞാണുകൾ ഉണ്ട്. അവയൊക്കെ 'പൊട്ടുവാൻ' , പുതിയ ആശയലോകത്തിലേക്ക് പറന്നുയരുവാൻ, ഹൃദയം തുറന്നുള്ള സംഭാഷണം അവനെ സഹായിക്കും.

മനപൂർവ്വ ശ്രമം വേണം

സമാന ആശയങ്ങൾ ഉള്ളവരുമായി സംസാരിച്ചിരിക്കുവാൻ നമുക്ക് ബുദ്ധിമുട്ടില്ല. അത് പൊതുവെ കൗതുകകരവുമാണ്. എന്നാൽ കുട്ടിയുടെയും അച്ഛന്റെയും ആശയങ്ങളിലും സംഭാഷണങ്ങളിലും അജഗജാന്തരം ഉണ്ടാവും. സമാന ആശയങ്ങൾ അവരുടെ ഇടയിൽ അത്യപൂർവമായി മാത്രമേ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് അച്ഛന്റെ പക്ഷത്തുനിന്നും കുട്ടിയുടെ സംഭാഷണത്തിന് കാതേകുവാൻ മനപൂർവ്വ ശ്രമം നടത്തേണ്ടിയിരിക്കുന്നു.

തട ഇടരുത്

കുട്ടികൾ പറയുന്നതിൽ ചിലപ്പോൾ നമുക്ക് അത്ര സ്വീകാര്യമല്ലാത്ത പലതും ഉണ്ടായിരിക്കാം. എങ്കിലും അസഹിഷ്ണുത കാട്ടരുത്. ഇടയ്ക്കു കയറി സംഭാഷണം തടയരുത്. എടുത്തടിച്ചതു പോലെ പ്രതികരിച്ച് അവരുടെ വായടക്കാൻ തുനിയരുത്.

ഒരുപക്ഷേ അവർ പറഞ്ഞു തുടങ്ങുമ്പോൾ തന്നെ അവർ പറയാൻ ആഗ്രഹിക്കുന്നത് എല്ലാം നമുക്ക് മനസ്സിലായിട്ടുണ്ടാവും. എങ്കിലും നാം അവരെ നിരുത്സാഹപ്പെടുത്തരുത്. പറയുവാൻ ഉള്ളതെല്ലാം അവർ പറഞ്ഞു തീർക്കട്ടെ. നാം അതിന് അനുവദിക്കുന്നില്ല എങ്കിൽ, തന്നോട് അച്ഛൻ നീതി പുലർത്തിയില്ല, തനിക്ക് പറയാൻ അവസരം തന്നില്ല എന്നൊക്കെയാവും മകൻ അപ്പോൾ കരുതുക.

അച്ഛന്റേതു പോലെ അനുഭവ സമ്പത്തിന്റെ അടിസ്ഥാനത്തിൽ രൂപം കൊണ്ട യുക്തി ആയിരിക്കുകയില്ലല്ലോ മകന്റേത്. അനുഭവം എന്ന ഗുരു നൽകുന്ന പാഠം കുട്ടികൾക്ക് കുറവാണല്ലോ. താരതമ്യേന അപക്വം. എന്നാൽ അതിന് അപവാദങ്ങളും ഉണ്ട് എന്ന് വിസ്മരിക്കരുത്. ചെറിയ വായിൽ നിന്ന് വലിയ വാക്കുകൾ വന്നു എന്നുവരാം. തീർച്ചയായും തുറന്ന മനസ്സോടെ വേണം മകന്റെ അഭിപ്രായങ്ങളും വാദങ്ങളും ശ്രദ്ധിക്കുവാൻ.

താരതമ്യ പഠനം വേണ്ട

കുട്ടി എന്തെങ്കിലും പറയുമ്പോൾ തന്റെ ബാല്യത്തിൽ തനിക്കുണ്ടായ സമാനമായ അനുഭവങ്ങളുമായി താരതമ്യം ചെയ്ത് പ്രതികരിക്കാനാണ് പിതാവിന് താല്പര്യം. തന്റെ പഴയ കഥകൾ വേണമെങ്കിൽ മകനോട് പറയാം. പക്ഷേ അതാവരുത്, മകന്റെ ജീവിതാനുഭവങ്ങളെ വിലയിരുത്തുവാനുള്ള അളവുകോൽ.

കേൾക്കാൻ ക്ഷമ കാട്ടുക എന്ന പ്രാഥമിക മര്യാദ നമ്മൾ മറന്നു പോകരുത്. മാത്രമല്ല, സംഭാഷണ വേളയിൽ ഇടയ്ക്ക് മകനോട് ഉപചോദ്യങ്ങൾ ചോദിക്കാനും പിതാവ് ശ്രമിക്കണം. നോട്ടം കൊണ്ടോ ഭാവം കൊണ്ടോ പ്രോത്സാഹനം നൽകാനും മടിക്കരുത്. ഈ രീതിയിൽ ഫലപ്രദമായ പിതൃ - പുത്ര ആശയവിനിമയം നടന്നില്ലെങ്കിൽ കുട്ടികൾ ക്രമേണ അവരുടെ രണ്ടാം കുടുംബമായ സുഹൃത്ത് വലയത്തിലേക്കും (Peer Group) സാമൂഹ്യമാധ്യമങ്ങളിലേക്കും വഴുതിവീഴും. ചിലപ്പോൾ അന്തർമുഖനായി എന്നും വരാം.

എപ്പോഴാണ് സംസാരിക്കേണ്ടത് ?

സംഭാഷണത്തിനു വേണ്ടി പ്രത്യേക സമയമൊന്നും വേർതിരിക്കേണ്ടതില്ല. ഒരുമിച്ചു നടക്കുമ്പോൾ, കുട്ടിയെ സ്കൂളിലേക്ക് കൊണ്ടുപോകുമ്പോൾ ഉറങ്ങാൻ പോകുന്നതിന് തൊട്ടുമുൻപ് എന്നിങ്ങനെ കിട്ടുന്ന അവസരങ്ങളൊക്കെ സംഭാഷണ സമയങ്ങൾ ആക്കാവുന്നതേയുള്ളു. ഇത്തരം സംഭാഷണങ്ങൾ യാന്ത്രികമായി പോകരുത്. നൈസർഗികമായി അത് സംഭവിക്കണം.

ഇവിടെ നാം ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ കൂടെ സൂചിപ്പിക്കട്ടെ.

1. കുട്ടികളുടെ സംഭാഷണശൈലി മനസ്സിലാക്കണം.

ചില കുട്ടികൾ രാവിലെ ഉണർന്നു കഴിഞ്ഞാൽ ഉടൻ തന്നെ കാര്യമായിട്ട് എന്തെങ്കിലുമൊക്കെ പറയുന്നവർ ആവാം. പ്രഭാതത്തിൽ കലപില കൂട്ടുന്ന ചില കിളികളെപ്പോലെ... മറ്റു ചിലരാവട്ടെ സ്കൂളിൽ നിന്നും തിരികെ വന്നതിനുശേഷമാവും കിലുക്കാംപെട്ടികൾ ആകുന്നത്. ചിലർ ചുരുക്കം വാക്കുകൾ ഉപയോഗിക്കുമ്പോൾ മറ്റുചിലർ വാചാലരാകും. ഇനിയും ചിലർ വളരെ മെല്ലെ സംസാരിക്കുന്നരാവും. വേറെ ചിലരാവട്ടെ, അതിവേഗത്തിൽ ആശയവിനിമയം നടത്താൻ ശ്രമിക്കും.

പറഞ്ഞു വളരുന്ന കാലഘട്ടത്തിൽ ഏത് ശൈലിയും അവർ സ്വീകരിച്ചോട്ടെ. നമ്മൾ ബേജാറാവണ്ട. എന്നാൽ കേൾവിക്കാർക്ക് അരോചകമായ എന്തെങ്കിലുമുണ്ടെങ്കിൽ വേണ്ട തിരുത്തലുകൾ പറഞ്ഞു കൊടുക്കുകയുമാവാം.

2. സാധാരണ മനുഷ്യനായി പ്രതികരിക്കുക.

ഒരു സാധാരണ മനുഷ്യന്റെ എല്ലാ വികാരങ്ങളോടും ഭാവപ്രകടനങ്ങളോടും കൂടെത്തന്നെ കുട്ടിയോട് സംസാരിക്കണം. "ഞാനപ്പനല്ലേ, ചിരിക്കാമോ? തമാശ പറയാമോ? എന്റെ സ്ഥാനം കാത്തുസൂക്ഷിക്കേണ്ടേ?" എന്നൊക്കെ ചിന്തിക്കുന്നവർ ഉണ്ടാവാം.. എന്നാൽ തികഞ്ഞ സ്വാഭാവികതയാണ് നമ്മിൽ നിന്നും ഉണ്ടാകേണ്ടത്. പിതാവിന്റെ മനസ്സിലുള്ള വികാരങ്ങൾ പ്രകടിപ്പിച്ചു കൊണ്ട് തന്നെ വേണം പ്രതികരിക്കുവാൻ. അപ്പോഴാണ് കുട്ടി കംഫർട്ടബിൾ ആകുക.

3. സംഭാഷണത്തെ നയിക്കുക

ഒരു സംഭവം വിശദീകരിക്കുമ്പോൾ പ്രധാന കാര്യത്തിലേക്ക് വരുവാൻ കുട്ടികൾ കൂടുതൽ സമയമെടുത്തു എന്ന് വരാം. പക്ഷേ അപ്പോൾ അസഹിഷ്ണുത കാട്ടരുത്. എന്നാൽ കാര്യത്തിന്റെ മർമ്മത്തിലേക്ക് വരുവാൻ സഹായകരമായ ചില ചോദ്യങ്ങൾ ഈ ഘട്ടത്തിൽ ചോദിക്കാവുന്നതാണ്. "അവിടെ ആരൊക്കെ ഉണ്ടായിരുന്നു ?" " അവർ എന്തു പറഞ്ഞു?" എന്നിത്യാദി ചോദ്യങ്ങൾ പ്രസക്തമായേക്കാം.

തന്റെ സംഭാഷണം പിതാവ് കേൾക്കുന്നുവെന്നും അദ്ദേഹം അതിൽ തല്പരൻ ആണെന്നും ഉള്ള വിശ്വാസമാണ് മകന്റെ മനസ്സിൽ അപ്പോൾ രൂപംകൊള്ളുന്നത്.

4. മാർഗനിർദേശം നൽകുക

കുട്ടി കാര്യങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞിട്ട്, അവന് വേണ്ട മാർഗ്ഗനിർദ്ദേശവും നൽകണം.

അത്യന്താധുനിക ശാസ്ത്ര യുഗത്തിലെ കുട്ടിയാണെങ്കിലും, ഉപദേശങ്ങളും ദിശാസൂചികളും അവനും ഇഷ്ടപ്പെടുന്നുണ്ട്. ഇവിടെ ഒരു കാര്യം ശ്രദ്ധിക്കേണ്ടത്, ഉപദേശങ്ങൾ അടിച്ചേൽപ്പിക്കരുത് എന്നുള്ളതാണ്. അതൊരു പ്രഭാഷണമായി തീരാതിരിക്കാൻ ശ്രദ്ധിക്കണം. കുട്ടിയുമൊത്തുള്ള ചർച്ചയിലൂടെ, കൊച്ചുവർത്തമാനത്തിലൂടെ വേണം ഉപദേശങ്ങൾ കൈമാറ്റപ്പെടുവാൻ.

കുറച്ചു സംസാരം, കൂടുതൽ ശ്രവണം എന്നതായിരിക്കണം ഓരോ പിതാവും സ്വീകരിക്കേണ്ട നയം. മക്കൾ ഹൃദയം തുറന്ന് സംസാരിക്കട്ടെ, എന്തും, ഏതും... അതിന് അവരെ എപ്പോഴും അനുവദിക്കുക. പ്രോത്സാഹിപ്പിക്കുക.

Comment
Share
Share this post
അച്ഛൻ അറിയാ൯ - ഭാഗം 4
www.huddleinstitute.com

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing