Huddle

Share this post
കാവലൊരുക്കാം മനസ്സിന് ഭാഗം-3
www.huddleinstitute.com

കാവലൊരുക്കാം മനസ്സിന് ഭാഗം-3

വിദ്യാലയങ്ങളിലെ മാനസികാരോഗ്യം; അടിമുടി മാറ്റം അനിവാര്യം

Lakshmi Narayanan
Jul 22, 2021
Comment
Share

സഹപാഠികളെ തല്ലി എന്ന കുറ്റത്തിനാണ് രാഹുലിനെ സ്റ്റാഫ് റൂമിലേക്ക് വിളിച്ചുകൊണ്ട് വന്നത്. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിലുള്ള ശിക്ഷാ നടപടികൾക്കും ശകാരങ്ങൾക്കും ശേഷം ഒരു ചടങ്ങെന്ന പോലെയാണ് സ്‌കൂളിലെ സൈക്കോ - സോഷ്യോ കൗൺസിലറുടെ അടുത്തേക്ക് കുട്ടിയെ എത്തിക്കുന്നത്. ഇതാദ്യമായല്ല നിറഞ്ഞ കണ്ണോടും താഴ്ത്തിയ തലയോടും കൂടി രാഹുൽ തന്റെ കൗൺസിലിംഗ്  ടീച്ചറുടെ അടുത്തെത്തുന്നത്. മൂന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് രാഹുൽ ആദ്യമായി സഹപാഠിയെ ആക്രമിക്കുന്നത്.  ക്ലാസ് ടീച്ചർ അന്ന്  ചൂരൽ കഷായം നൽകി കുട്ടിയെ ക്ലാസിൽ നിന്നും പുറത്താക്കി. എന്നാൽ ആ ശിക്ഷാ നടപടികൊണ്ടൊന്നും യാതൊരു കാര്യവും ഉണ്ടായില്ല. നിസ്സാര കാര്യത്തിന് പോലും സഹപാഠികളോട് വഴക്കുണ്ടാക്കുക, അഭിപ്രായ വ്യത്യാസങ്ങൾ വരുമ്പോൾ തല്ലുണ്ടാക്കുക എന്നിവ രാഹുലിന്റെ ശീലമായി.

ആദ്യമൊക്കെ അധ്യാപകരോട് അല്പം പേടി ഉണ്ടായിരുന്നെങ്കിലും പിന്നീട് അതും ഇല്ലാതായി. സ്‌കൂളിലെ സ്ഥിരം ശിക്ഷാ നടപടികൾ ഒന്നും രാഹുലിനെ ബാധിക്കാതെ വന്നതോടെയാണ് സ്‌കൂളിലെ സ്റ്റുഡന്റ് കൗൺസിലറുടെ അടുത്തേക്ക് കുട്ടിയെ എത്തിക്കുന്നത്. തന്റെ പ്രശ്നങ്ങളും ദേഷ്യത്തിനുള്ള കാരണവും ഒന്നും തന്നെ വിട്ടുപറയാൻ രാഹുൽ ഒരുക്കമായിരുന്നില്ല. പിന്നീട് രാഹുലിന്റെ വീടും പശ്ചാത്തലവും പഠനവിധയമാക്കിയപ്പോളാണ് വളരെ മോശം ചുറ്റുപാടിൽ നിന്നാണ് രാഹുൽ വരുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞത്. അച്ഛൻ തികഞ്ഞ മദ്യപാനിയായിരുന്നു. മദ്യപിച്ച് നാട്ടിലും വീട്ടിലും അടിയുണ്ടാക്കി നടക്കുന്ന അച്ഛനെ കണ്ടാണ് രാഹുൽ വളർന്നത്. മദ്യലഹരിയിൽ അച്ഛൻ അമ്മയെ ഉപദ്രവിക്കുന്നത് നേരിട്ട് കാണേണ്ടി വരുന്നതിന്റെ റിഫ്ലെക്സ്‌ ആക്ഷൻ ആയിരുന്നു രാഹുൽ പ്രകടിപ്പിച്ചിരുന്ന ആക്രമണ മനോഭാവം. എപ്പോഴെല്ലാം അച്ഛൻ അമ്മയെ തല്ലുന്ന ദൃശ്യം മനസ്സിലേക്ക്  വരുന്നുവോ, അപ്പോഴെല്ലാം രാഹുൽ മറ്റുള്ളവരെ ആക്രമിക്കുമായിരുന്നു. മൂന്നാം ക്ലാസിൽ വച്ച് തന്നെ കൗൺസിലർക്ക് ഇക്കാര്യം മനസ്സിലായതാണ്. ഇവിടെ കുട്ടിക്ക് കൗൺസിലിംഗ് നൽകുന്നത് കൊണ്ട് മാത്രം കാര്യമില്ല. മാറ്റം വേണ്ടത് വീട്ടുകാർക്കും കുടുംബാന്തരീക്ഷത്തിനുമാണ്.

ഇക്കാര്യം കൗൺസിലർ പല കുറി സ്‌കൂളിലെ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അത് പ്രകാരം രാഹുലിന്റെ മാതാപിതാക്കളെ സ്‌കൂളിലേക്ക് വിളിപ്പിച്ചു എങ്കിലും സഹകരിക്കാൻ അവർ തയ്യാറായില്ല. കുട്ടികളുടെ മാനസ്സികാരോഗ്യത്തെക്കുറിച്ചുള്ള അറിവില്ലായ്‍മയും സഹകരിക്കാനുള്ള ബുദ്ധിമുട്ടും മൂലം രാഹുലിന്റെ അച്ഛൻ ഒരിക്കൽ പോലും സ്‌കൂളിലേക്ക് വന്നില്ല. പതിയെ പതിയെ അധ്യാപകരും രാഹുലിനെ ഉപേക്ഷിച്ച മട്ടായി. കഴിഞ്ഞ ആറ് വർഷമായി രാഹുലിനെ അടുത്തറിഞ്ഞിട്ടും മാതാപിതാക്കളുടെ സഹകരണമില്ലാത്തതിനാൽ കുട്ടിയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ ചൈൽഡ് സൈക്കോളജിസ്റ്റ് കൂടിയായിരുന്ന കൗൺസിലർക്ക് കഴിഞ്ഞില്ല. കൊറോണ തുടങ്ങി പഠനം ഓൺലൈൻ ആയതോടെ രാഹുലിനെ പറ്റിയുള്ള വിവരങ്ങളും ഇല്ലാതായി.

അച്ഛന്റെ അമിതമായ മദ്യപാനവുമായിരുന്നു രാഹുലിന്റെ മാനസ്സിക പിരിമുറുക്കത്തിന് പിന്നിലെ പ്രധാന കാരണമെങ്കിൽ സഹപാഠിയായ റൂബന്റെ പ്രശ്നം മറ്റൊന്നായിരുന്നു. അച്ഛനും അമ്മയും മൂത്ത സഹോദരിയും ഉൾപ്പെടുന്നതായിരുന്നു റൂബന്റെ കുടുംബം. അച്ഛൻ വിദേശത്തായിരുന്നു. നല്ല രീതിയിൽ തന്നെയാണ് ആ മാതാപിതാക്കൾ മക്കളെ വളർത്തിയത്. എന്നാൽ കൗമാരത്തിലേക്ക് കടന്നതോടെ പഠിക്കാൻ മിടുക്കൻ ആയിരുന്ന റൂബൻ പഠിത്തത്തിൽ പിന്നിലായി. എപ്പോഴും എല്ലാത്തിനോടും അലസതയും ഭയവും. പ്രശ്നം വൈകാരികമായിരുന്നു എന്ന് മനസിലാക്കാൻ വീട്ടുകാർക്ക് കഴിഞ്ഞില്ല. മാതാപിതാക്കൾക്ക് അപ്പുറത്ത് റൂബന് മറ്റൊരു ലോകം ഇല്ലായിരുന്നു.

കൗമാരത്തിലേക്ക് കടന്നതോടെ ശരീരത്തിൽ പലവിധ മാറ്റങ്ങളും വന്നു. വൈകാരികമായ മാറ്റങ്ങളും ഹോർമോൺ വ്യതിയാനങ്ങളും വന്നതോടെ ഏതൊരു കൗമാരക്കാരനെയും പോലെ സ്വയംഭോഗം ചെയ്യാൻ ആരംഭിച്ചു റൂബൻ. എന്നാൽ താൻ ചെയ്യുന്നത് തെറ്റാണോ എന്ന ചിന്ത താമസിയാതെ റൂബനെ അലട്ടാൻ തുടങ്ങി. മതവിശ്വാസങ്ങൾ സ്വയംഭോഗത്തെ എതിർക്കുക കൂടി ചെയ്തതോടെ, താൻ ഏന്തോ വലിയ പാപം ചെയ്തു എന്ന ധാരണയായി റൂബന്. ഇക്കാര്യം തുറന്ന് സംസാരിക്കാൻ വീട്ടിൽ അച്ഛനില്ല. അടുത്ത സുഹൃത്തുക്കളോടും മനസ് തുറക്കാൻ ഭയം. ഒടുവിൽ രണ്ടും കല്പിച്ച് കൗൺസിലിംഗ് അധ്യാപികയോട് മനസ് തുറക്കാം എന്ന് വച്ചപ്പോൾ,  ക്ലാസ് അധ്യാപിക തടസമായി നിന്നു. 'എന്തിനാണ് ഇപ്പോൾ കൗൺസിലിംഗ് ടീച്ചറെ കാണുന്നത്? അതിനും മാത്രം ഒരു പ്രശ്നവും നിനക്കില്ല, ടിവി കാണലൊക്കെ നിർത്തി പഠനത്തിൽ ശ്രദ്ധിച്ചാൽ നല്ല മാർക്ക് ഇനിയും നേടാം' . രണ്ടോ മൂന്നോ വാചകത്തിൽ അവർ റൂബന്റെ പ്രശ്നത്തിന് പരിഹാരം പറഞ്ഞു.  ക്ലാസ് ടീച്ചർ എന്ന നിലയിൽ അവർ റൂബന്റെ പഠന നിലവാരത്തെപ്പറ്റി മാത്രമാണ് ചിന്തിച്ചത്. എന്നാൽ അതിനപ്പുറത്ത് വൈകാരികമായ പല പ്രശ്നങ്ങളും കുട്ടികൾക്ക് ഉണ്ടാകാം എന്ന് മറന്നു കൊണ്ട് കൗൺസിലറുടെ അടുത്ത് പോകുന്നതിൽ നിന്നും അവർ അവനെ വിലക്കി.

മേൽപ്പറഞ്ഞ രണ്ടു കേസുകളിൽ നിന്നും വ്യക്തമാകുന്ന ഒരു കാര്യമുണ്ട്. കുട്ടികൾക്കുണ്ടാകുന്ന മാനസ്സിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി വിദ്യാലയങ്ങളിൽ സൈക്കോ - സോഷ്യോ കൗൺസിലറുടെ സഹായം ഏർപ്പെടുത്തുന്നതുകൊണ്ട് മാത്രം കാര്യമില്ല. മറിച്ച്, കൃത്യമായ സമയത്ത് അവരുടെ സേവനം കുട്ടികളിലേക്ക് എത്തിക്കാൻ മാതാപിതാക്കളും അധ്യാപകരും കൂടി ശ്രമിക്കണം. കുട്ടികളുടെ മാനസ്സികാരോഗ്യ പരിപാലനം എന്നത് അധ്യാപകരും മാതാപിതാക്കളും സമൂഹവും കൂടി ഉൾപ്പെടുന്ന ഒരു പ്രോസസ്സ് ആണ്. ലഹരി ഉപയോഗം, വീടുകളിലെ അരക്ഷിതാവസ്ഥ, പോക്സോ കുറ്റകൃത്യങ്ങൾ, വൈകാരികമായ തടസങ്ങൾ അങ്ങനെ കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വ്യത്യസ്തങ്ങളാണ്. അടച്ചിട്ട മുറിക്കുള്ളിൽ ഇരുന്നുകൊണ്ട് ഒരു സൈക്കോളജിസ്റ്റിന് ഒറ്റക്ക് പരിഹാരം കണ്ടെത്താൻ കഴിയുന്ന ഒന്നല്ല അത്. അതു കൊണ്ട് തന്നെയാണ് ഈ മേഖലയിൽ സംസ്ഥാനം വികാസം പ്രാപിക്കാതെ ഇരിക്കുന്നതും.

5000  കുട്ടികളും ഒരു സൈക്കോ സോഷ്യോ കൗൺസിലറും

2009 ൽ കേന്ദ്ര സർക്കാരിന് കീഴിൽ കിശോരി ശക്തി യോജന എന്ന പദ്ധതി നടപ്പിലാക്കുന്നതിലൂടെയാണ് സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികളുടെ മാനസ്സിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരെ മാനസികാരോഗ്യമുള്ള കുട്ടികളാക്കി മാറ്റുന്നതിനുമായി സോഷ്യോ സൈക്കോ കൗൺസിലർ എന്ന പോസ്റ്റ് നിലവിൽ വരുന്നത്.  സൈക്കോളജി, എംഎസ്ഡബ്ള്യു ബിരുദധാരികളാണ് ഈ സ്ഥാനത്തേക്ക് വന്നത്. ഇതു പ്രകാരം കേരളത്തിൽ 165 സർക്കാർ വിദ്യാലയങ്ങളിൽ മാനസ്സികാരോഗ്യ വിദഗ്ധരുടെ സേവനം ലഭ്യമായി. എന്നാൽ രണ്ടു വർഷത്തിന് ശേഷം ഈ പദ്ധതി ഫണ്ടിന്റെ അപര്യാപ്തത മൂലം റദ്ദാക്കപ്പെട്ടു. എന്നാൽ കേരളത്തിൽ പദ്ധതി പഴയ രീതിയിൽ തന്നെ തുടരുന്നതിനായി അന്നത്തെ സാമൂഹിക നീതി വകുപ്പ് ചുമതലയുണ്ടായിരുന്ന മന്ത്രി ശ്രീമതി ടീച്ചർ ഉത്തവിട്ടു. ഇതിന്റെ ഭാഗമായി കൂടുതൽ വിദ്യാലയങ്ങളിൽ സൈക്കോ സോഷ്യോ കൗൺസിലർമാരുടെ സേവനം ലഭ്യമാക്കി. നിലവിൽ കേരളത്തിലെ 1200  ൽ പരം സർക്കാർ വിദ്യാലയങ്ങളിൽ ഇത്തരത്തിൽ പോസ്റ്റ് നിലനിൽക്കുന്നു.

ഇതിൽ 920  വിദ്യാലയങ്ങളിലാണ് നിലവിൽ കൗൺസിലർമാരുടെ സേവനം ലഭ്യമാകുന്നത്. ബാക്കി വിദ്യാലയങ്ങളിൽ പോസ്റ്റിങ് നടക്കേണ്ടിയിരിക്കുന്നു. ഈ വേക്കൻസിയിലേക്ക് താമസിയാതെ സൈക്കോളജി ബിരുദധാരികളെ നിയമിക്കുമെന്ന് മുഖ്യമന്ത്രി അടുത്തിടെ വ്യക്തമാക്കിയിരുന്നു. എന്നാൽ പ്രത്യക്ഷത്തിൽ ഒരു ചെറിയ പരിഹാരമാർഗം മാത്രമേ ഇത് കൊണ്ടാകുന്നുള്ളൂ എന്നതാണ് വാസ്തവം.

സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ മാത്രമേ ഇത്തരം സേവനം ലഭ്യമാകുന്നുള്ളൂ എന്നത് തന്നെയാണ് ആദ്യത്തെ പോരായ്മ. അതും ഒന്നാം തരം മുതൽ പത്താം തരം വരെ മാത്രം. യഥാർത്ഥത്തിൽ കുട്ടികളിൽ വൈകാരികമാറ്റ പ്രശ്നങ്ങൾ ആരംഭിക്കുന്നത് 15  വയസോടെയാണ്. ആ സമയത്ത് മനസ് തുറക്കാൻ ആരും തന്നെ അരികിലില്ലാത്ത അവസ്ഥയാണുള്ളത്. സർക്കാർ സ്‌കൂളിന് പുറത്ത്, പ്രൈവറ്റ്, എയ്ഡഡ് സ്‌കൂളുകളിൽ സൈക്കോ സോഷ്യോ കൗൺസിലറുടെ സേവനം ലഭ്യമല്ല എന്നത് വളരെ വലിയൊരു പോരായ്മയായി ചൂണ്ടി കാണിക്കപ്പെടുന്നു. നിലവിൽ പോസ്റ്റിങ് ഉള്ള വിദ്യാലയങ്ങളിൽ തന്നെ അത് പേരിനൊരു പോസ്റ്റ് ആയി മാറുന്നു. കാരണം വളരെ നല്ല രീതിയിൽ പ്രവർത്തിക്കാൻ കൗൺസിലർമാർ തയ്യാറാണെങ്കിലും കുട്ടികളുടെ പ്രശ്നങ്ങൾ അവരിലേക്ക് എത്താതെ പോകുന്നു.

കുട്ടികളിലേക്ക് എത്തിച്ചേരാനാകുന്നില്ല

ആയിരത്തോളം കുട്ടികളാണ് ശരാശരി ഒരു വിദ്യാലയത്തിൽ ഉണ്ടാകുക. ചില വിദ്യാലയങ്ങളിൽ ഇത് 5000  വരെയെത്തും. എന്നാൽ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി സ്റ്റുഡന്റ് കൗൺസിലർമാർ ഇല്ല. രാവിലെ 9 .30  മുതൽ 10  മണിവരെയാണ് ഒരു കുട്ടിക്ക് കൗൺസിലറെ കാണുവാനായി അനുവദിച്ചിട്ടുള്ള സമയം. ക്ലാസ് സമയത്ത് കാണണമെങ്കിൽ ക്ലാസ് ടീച്ചറുടെ അനുവാദം ആവശ്യമാണ്. ഇത് കുട്ടികളിൽ ഭീതിയുണർത്തുന്ന ഒന്നാണ്. അതിനാൽ തന്നെ അവർ തങ്ങളുടെ പ്രശ്നങ്ങൾ തുറന്ന് പറയാതിരിക്കുന്നു.

എല്ലാവിഷയങ്ങൾക്കും പിരീഡുകൾ അനുവദിക്കുന്നത് പോലെ സ്റ്റുഡന്റ് കൗൺസിലർക്ക് കുട്ടികളുമായി സംവദിക്കാൻ ഒരു സമയം ലഭിക്കുന്നില്ല. വിദ്യാഭ്യാസ വകുപ്പിന്റെ ഭാഗമല്ലാതെ പ്രവർത്തിക്കുന്നവരാണ് സ്റ്റുഡന്റ് കൗൺസിലർമാർ എന്നതിനാലാണ് അത്.

''ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടാണ് ഞങ്ങളും ഈ രംഗത്ത് പ്രവർത്തിക്കുന്നത്. പ്രധാന പ്രശ്നം അധ്യാപകർക്കും മാതാപിതാക്കൾക്കും മാനസികാരോഗ്യത്തെപ്പറ്റി വ്യക്തമായ ധാരണയില്ല എന്നതാണ്. പലപ്പോഴും ഗുരുതരമായ വീഴ്ചകൾ അവരുടെ ഭാഗത്ത് നിന്നും വരുമ്പോൾ നിശബ്ദമായിരിക്കാനേ ഞങ്ങൾക്ക് കഴിയൂ. സ്വഭാവ വൈകല്യത്തിനോ , മാനസികാസ്വാസ്ഥ്യത്തിനോ ചികിത്സ അനിവാര്യമായി വരുന്ന കേസുകളിൽ ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് കുട്ടികളെ റെഫർ ചെയ്യാൻ മാത്രമേ ഞങ്ങൾക്ക് സാധിക്കൂ. അത് നടപ്പിലാക്കണമെങ്കിൽ മാതാപിതാക്കൾ തന്നെ വിചാരിക്കണം. എന്നാൽ പല കേസുകളിലും മാതാപിതാക്കൾ ഇത്തരം കാര്യങ്ങളിൽ വേണ്ടത്ര പരിഗണന നൽകുന്നില്ല'' സൈക്കോ സോഷ്യോ കൗൺസിലർ ആയ ധന്യ ആബിദ് പറയുന്നു.

മെന്റൽ ഹെൽത്ത് അവേർനെസ്സ് ഇല്ല

സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നിന്നും ഇപ്പോഴും മാനസികാരോഗ്യമില്ലാത്ത, പഠിത്തത്തിൽ പിന്നിലായ, സമൂഹത്തിനു ബാധ്യതയാകുന്ന രീതിയിലുള്ള പെരുമാറ്റ വൈകല്യങ്ങളോടെ കുട്ടികൾ പുറത്തിറങ്ങുന്നു എങ്കിൽ അതിനുള്ള പ്രധാന കാരണം  മെന്റൽ ഹെൽത്ത് അവേർനെസിന്റെ അഭാവമാണ്.  സൈക്കോ സോഷ്യോ കൗൺസിലർ എന്ന പോസ്റ്റിലേക്ക് ഒരാൾ വരുന്നതുകൊണ്ട് മാത്രം പരിഹരിക്കാൻ കഴിയുന്ന പ്രശ്‌നമല്ല ഇത്. മാറ്റം തുടങ്ങേണ്ടത് അടിസ്ഥാന തലത്തിൽ നിന്നുമാണ്. കുട്ടികളുടെ പ്രശ്നങ്ങളെ, ദേഷ്യത്തെ, സങ്കടത്തെ, പെരുമാറ്റ വൈകല്യത്തെയെല്ലാം നിസാരവത്കരിക്കുന്ന പ്രവണതയിൽ നിന്നും മാതാപിതാക്കളും നല്ലൊരു ശതമാനം  അധ്യാപകരും  പിന്മാറണം. ഇതിനു ആദ്യം വേണ്ടത് കുട്ടികൾക്കും വികാര വിചാരങ്ങൾ ഉണ്ടെന്ന തിരിച്ചറിവാണ്. ഒപ്പം ശക്തമായ മെന്റൽ ഹെൽത്ത് അവെർനസ് പദ്ധതികളും നടപ്പിലാക്കണം.

ജില്ലാ മാനസ്സികാരോഗ്യ കേന്ദ്രത്തിന്റെ സേവനത്തെപ്പറ്റി ഇന്നും പലർക്കും അറിവില്ല. സ്‌കൂൾ തലത്തിൽ നടത്തുന്ന കൗൺസിലിംഗ് കുട്ടികളിലെ പ്രശ്നങ്ങളെ കണ്ടെത്തുക മാത്രമാണ് ചെയ്യുന്നത്. പരിഹാരത്തിനായി വിദഗ്ധരുടെ അടുത്തേക്ക് റെഫർ ചെയ്യുമ്പോൾ അത് നടപ്പിലാക്കാൻ മാതാപിതാക്കളും അധ്യാപകരും മുൻകൈ എടുക്കണം. സ്‌കൂൾ തലത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പോക്സോ ഉൾപ്പെടെയുള്ള പല കേസുകളും മാനസികാരോഗ്യ വിദഗ്ധന്റെ അടുത്തേക്ക് എത്തുന്നില്ല എന്നതാണ് വാസ്തവം. കുടുംബത്തിന്റെ അഭിമാനം, കുട്ടിയുടെ ഭാവി തുടങ്ങിയ മുട്ടാപ്പോക്കുകൾ പറഞ്ഞുകൊണ്ട് ഇല്ലാതാക്കുന്നത് കുട്ടികൾക്ക് ലഭിക്കേണ്ട നല്ല ചികിത്സയാണ്.മാത്രമല്ല പല കേസുകളിലും ഫോളോ അപ്പുകൾ നടക്കുന്നില്ല.

പുരുഷ കൗൺസിലർമാരുടെ അഭാവം

നിലവിൽ കണ്ടു വരുന്ന പ്രവണത ബഹുഭൂരിപക്ഷം വരുന്ന സർക്കാർ സ്‌കൂളുകളിലും വനിതകളാണ് കൗൺസിലിംഗ് പോസ്റ്റുകളിൽ ഉള്ളത്. ഇത് കൗമാരത്തിലെത്തി നിൽക്കുന്ന ഒരു ആൺകുട്ടിയെ സംബന്ധിച്ച് അലപം ബുദ്ധിമുട്ടുള്ള കാര്യമാണ്. തന്റെ വൈകാരികമായ പ്രശ്നങ്ങൾ, സ്വയംഭോഗം പോലുള്ള കാര്യങ്ങളിലെ സംശയങ്ങൾ എന്നിവയെല്ലാം അവർ തുറന്ന് പറയാനും ചോദിക്കാനും മടിക്കുന്നു. ഈ അവസ്ഥ തെറ്റായ ധാരണകളിലേക്കും നീക്കങ്ങളിലേക്കും കുട്ടികളെ എത്തിക്കുന്നു. മാത്രമല്ല, കുട്ടികൾ തനിക്കൊരു പ്രശ്നമുണ്ടെന്നു മനസിലാക്കി മുന്നോട്ട് വരുന്നത് വളരെ ചുരുക്കം കേസുകളിലായിരിക്കും. ഈ അവസ്ഥയിൽ അവർക്ക് വേണ്ട പിന്തുണ കൂടി ലഭിക്കാതെ വന്നാലുള്ള അവസ്ഥ വളരെ ഭീകരമാണ്.

അടുത്തലക്കം: മക്കളുടെ മനസ്സറിയാത്ത മാതാപിതാക്കൾ

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing