അച്ഛൻ അറിയാൻ - ഭാഗം 3
വിജയവും തോൽവിയും ഉണ്ടാകുമ്പോൾ
എന്നോ കേട്ട ഒരു കഥ ...
അക്ബർ ചക്രവർത്തി ഒരിക്കൽ ബീർബലിനോട് പറഞ്ഞു, "എന്റെ കൊട്ടാരത്തിന്റെ പ്രധാന കവാടത്തിനരികെ താങ്കൾ ഒരു ഫലകം പ്രതിഷ്ഠിക്കണം. ഞാൻ അകത്തേക്ക് വരുമ്പോഴും പുറത്തേക്ക് പോകുമ്പോഴും കാണത്തക്കവിധം ആണ് അത് വെക്കേണ്ടത്.
ചുരുങ്ങിയ വാക്കുകൾ മാത്രം ഉള്ള ഒരു വാചകം അതിൽ കുറിക്കണം. വലിയ വിജയങ്ങൾ ഉണ്ടാകുമ്പോൾ ഞാൻ മതിമറന്ന് അഹങ്കരിക്കാതിരിക്കുവാനും വലിയ പരാജയങ്ങൾ ഉണ്ടാകുമ്പോൾ മനം തകർന്നു വിലപിക്കാതിരിക്കുവാനും സഹായിക്കുന്നതായിരിക്കണം ആ വാചകം."
അക്ബറുടെ വാക്കുകൾ ദീർഘനേരം വിശകലനം ചെയ്തിട്ട് ബുദ്ധിമാനായ ബീർബൽ ഒരു ചെറിയ കുറിമാനം എഴുതി വച്ചു. ഇങ്ങനെ ആയിരുന്നു ആ വാചകം. "ഇത് പെട്ടെന്ന് തീരും" ( It will soon be over ). വിജയമായാലും പരാജയമായാലും താൽക്കാലികമായിരിക്കും അതിന്റെ അനുരണനങ്ങൾ. അതുകൊണ്ട് ഏറെ സന്തോഷിക്കുകയോ ഏറെ ദുഃഖിക്കുകയോ വേണ്ട. അതായിരുന്നു ആ ചെറു വാചകത്തിലെ വലിയ സന്ദേശം.
ഒരു കുന്ന് കയറിയാൽ പിന്നാലെ ഒരു താഴ്‌വര ഉറപ്പാണ്. ഒരു ഇറക്കത്തിന് ഒരു കയറ്റം തീർച്ചയായും ഉണ്ടാവും. പുതുതലമുറ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു പാഠമാണിത്. അച്ഛൻമാരാണ് ഈ പാഠം ബാല്യത്തിൽ ആദ്യം പറഞ്ഞു കൊടുക്കേണ്ടത്.
നേട്ടങ്ങൾ കൈവരുമ്പോൾ ആഹ്ലാദിക്കാം. നേട്ടങ്ങൾ കൊയ്തെടുക്കുമ്പോൾ കുട്ടികളെ അഭിനന്ദിക്കാം. പക്ഷേ എല്ലാത്തിലും ഔചിത്യവും മിതത്വവും പാലിക്കുകയും വേണം. മത്സരപരീക്ഷകൾ ഇന്ന് സമൃദ്ധമാണ്. കലാ കായിക രംഗത്തും മത്സരങ്ങൾ ഏറെയുണ്ട്. ജീവിതം മുഴുവൻ നിരന്തരം മത്സരങ്ങളാൽ നിബിഡമാണ്. കുട്ടികൾ വിജയം കൈവരിക്കുമ്പോൾ അവരെ ആത്മാർത്ഥമായി അഭിനന്ദിക്കാൻ നാം മടിക്കരുത്. അത് അവർക്ക് വലിയ പ്രോത്സാഹനമാണ്. പ്രത്യേകിച്ച്, ബാല്യത്തിൽ തന്റെ ഹീറോ ആയ അച്ഛനിൽ നിന്നും ഒരു തലോടൽ ലഭിക്കുമ്പോൾ.
പക്ഷേ അവൻ മാത്രമാണ് കുന്നിന്റെ മുകളിൽ, മറ്റാർക്കും സാധിക്കാത്തത് അവന് നേടാൻ കഴിഞ്ഞു എന്നിങ്ങനെയൊക്കെയുള്ള ചിന്ത കുട്ടിക്ക് ഉണ്ടാകരുത്. സഹപാഠികളുടെയും മറ്റ് മത്സരാർത്ഥികളുടെയും നേട്ടങ്ങളെക്കുറിച്ച് കൂടി അച്ഛൻ ചോദിച്ചറിയുകയും മകനെ അഭിനന്ദിക്കുമ്പോൾ ഒപ്പം അവരെയും കൂടെ അഭിനന്ദിക്കുകയും വേണം.
'ഞാൻ മാത്രം ലോകത്തിന്റെ നെറുകയിൽ എത്തി നിൽക്കുന്നു' എന്ന തോന്നൽ കുട്ടിക്ക് ഉണ്ടാവരുത്. തന്റെ ചുറ്റുമുള്ള ലോകത്തെയും തന്നോടൊപ്പം സമഭാവനയോടെ കാണുവാനും അംഗീകരിക്കുവാനും ഈ പഠനശൈലി അവനെ സഹായിക്കും.
തോൽവി ഉണ്ടാകുമ്പോൾ
തോൽവി ഉണ്ടാകുമ്പോൾ സമചിത്തതയോടെ നേരിടാനും കുട്ടികളെ കൃത്യമായി പഠിപ്പിക്കേണ്ടതുണ്ട്. താരതമ്യേന ശ്രമകരമാണ് ആ ദൗത്യം. ഒരു തോൽവിയിൽ എല്ലാം തകർന്നു പോകുന്നില്ല എന്നും പരിശ്രമിച്ചാൽ വിജയം കൈപ്പിടിയിൽ ഒതുങ്ങും എന്നും കൂടി മകനെ പറഞ്ഞ് മനസ്സിലാക്കണം. പുതു തലമുറ പരാജയത്തിൽ പാടെ പതറിപ്പോകുകയും പെട്ടെന്ന് ആത്മഹത്യയിൽ അഭയം തേടാൻ ഉദ്യമിക്കുകയും ചെയ്യാറുണ്ട്.
ആയിരാമത്തെ ശ്രമത്തിലാണ് തോമസ് ആൽവ എഡിസണ് ബൾബ് കണ്ടു പിടിക്കാൻ കഴിഞ്ഞതെന്ന് പറയപ്പെടുന്നു. അതിനു മുൻപ് ഓരോ തവണയും വൈദ്യുതിയുമായി ഘടിപ്പിക്കുമ്പോൾ ബൾബ് പൊട്ടിപ്പോകുമായിരുന്നുവത്രേ. ഒടുവിൽ വിജയം വരുതിയിൽ എത്തിയപ്പോൾ പത്രക്കാർ അദ്ദേഹത്തോട് ചോദിച്ചു, "താങ്കൾ 999 തവണ തോറ്റു അല്ലേ?"
എഡിസന്റെ മറുപടി ഇങ്ങനെയായിരുന്നു, "ഞാൻ തോറ്റു എന്നു നിങ്ങൾ പറഞ്ഞ, 999 വിധങ്ങളിൽ അല്ല ബൾബുണ്ടാക്കുന്നതെന്ന് ഞാൻ പഠിക്കുകയായിരുന്നു. അല്ലാതെ തോൽക്കുകയായിരുന്നില്ല." (Don't call it a failure. Call it an education).
പരാജയങ്ങളുടെ മുറിവുകൾ കരിഞ്ഞുണങ്ങാൻ ഒരു പക്ഷെ ഏറെ സമയമെടുത്തു എന്നു വരാം. എന്നാൽ അവയെ മനസ്സാന്നിധ്യത്തോടെ നേരിടാൻ കുട്ടികളെ പരിശീലിപ്പിക്കുകയാണ് വേണ്ടത്..
"ഒരു വാതിൽ അടയുമ്പോൾ ഈശ്വരൻ മറ്റൊരു വാതിൽ തുറക്കുന്നുണ്ട്. പക്ഷേ നാം അടഞ്ഞ വാതിലിലേക്ക് തന്നെ കണ്ണുനട്ടിരിക്കുന്നതിനാൽ തുറന്ന പുതിയ വാതിൽ ശ്രദ്ധയിൽ പെടുന്നതേ ഇല്ല," അലക്സാണ്ടർ ഗ്രഹാം ബെൽ പറഞ്ഞ ഈ വാക്കുകൾ ഏറെ അർത്ഥസമ്പൂർണമാണ്. ഒരു കിനാവു കൊണ്ട് രാത്രി അവസാനിക്കുന്നില്ലെന്നും, അവസരങ്ങൾ ഇനിയും നമ്മുടെ മുൻപിൽ അണി നിരക്കുമെന്നും കുഞ്ഞുങ്ങൾക്ക് മനസ്സിലാവുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കണം. അതിലുപരി, നഷ്ടപ്പെട്ട അവസരങ്ങളും പരാജയപ്പെട്ട പോരാട്ടങ്ങളും നമ്മെ തകർക്കുവാൻ വേണ്ടിയുള്ളതല്ല, ഊർജ്ജം സംഭരിക്കുവാനും പുതിയ പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും വേണ്ടിയുള്ള ഇടവേള സമ്മാനിക്കുകയാണെന്നും അവർ തിരിച്ചറിയണം. നടക്കുവാൻ പഠിക്കുന്നതിനിടയിൽ കുട്ടി എത്രയോ തവണ നിലം പതിച്ചിട്ടുണ്ടാവും. എത്രയോ തവണ താഴെ വീണ് മുട്ട് പൊട്ടിയതിനുശേഷമായിരിക്കാം സൈക്കിളിൽ കയറാൻ പഠിച്ചിട്ടുണ്ടാവുക. അതുകൊണ്ട് തോൽവികളെയും ക്രിയാത്മകമായി തന്നെ നേരിടാൻ വേണ്ട പ്രോത്സാഹനം നൽകുവാൻ നാം വിസ്മരിക്കരുത്.
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് താരം സുനിൽ നരൈൻ വിക്കറ്റുകൾ നേടുമ്പോൾ തന്റെ വിജയാഹ്ലാദം ഒരു ചെറിയ ചിരിയിലൊതുക്കാറുണ്ട്. ഒരു മാസ്റ്റർ ബ്ളാസ്റ്റർ തന്നെ സ്റ്റേഡിയത്തിന് പുറത്തേക്ക് പറപ്പിച്ചാലും സുനിലിന് വലിയ ഭാവദേദമൊന്നുമില്ല. അടുത്ത ബോളിനെപ്പറ്റിയാവും അയാൾ അപ്പോൾ ചിന്തിക്കുക. അമിതമായ വികാരപ്രകടനങ്ങൾ തെല്ലും ഒരുഘട്ടത്തിലും ഉണ്ടാവുന്നില്ല. അതുകൊണ്ടു തന്നെ നമുക്ക് അയാളോട് ബഹുമാനം വർദ്ധിക്കുകയാണ് ചെയ്യുന്നത്. എന്നാൽ മറ്റു ചില കേമന്മാരാകട്ടെ, ഒരു വിക്കറ്റ് എടുത്താൽ പിന്നെ ഗ്രൗണ്ട് മുഴുവൻ ഓടി തിമിർത്തു ഔട്ടായ ബാറ്റ്സ്മാനെ പരിഹസിച്ചു പറഞ്ഞു വിടും. എതിരാളി ഒരു സിക്സ് അടിച്ചാൽ പിന്നെ കണ്ണും മൂക്കും തിരുമ്മി ആരോടൊക്കെയോ ഉള്ള ദേഷ്യം തീർക്കും. ഇത്തരക്കാരോട് നമുക്ക് എന്ത് വികാരമാണ് ഉള്ളതെന്ന് പറയേണ്ടതില്ലല്ലോ.
ചുരുക്കത്തിൽ വിജയത്തെയും പരാജയത്തെയും തുല്യ അകലത്തിൽ നിർത്തി, വസ്തുനിഷ്ഠമായും യാഥാർഥ്യ ബോധത്തോടെയും അഭിമുഖീകരിക്കുവാൻ നമ്മൾ കുട്ടികൾക്ക് പരിശീലനം നൽകേണ്ടതുണ്ട്.
വിജയത്തെയും തോൽവിയും മനസ്സാന്നിധ്യത്തോടെ നേരിടണം. പിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് നൽകേണ്ടത് ഇത്തരം പോസിറ്റീവ് സ്ട്രോക്കുകൾ ആവണം.
ചില പഴയ കഥകളൊക്കെ ഓർമിപ്പിച്ചുകൊണ്ട് വിജയപരാജയങ്ങൾ എങ്ങനെ നേരിടേണം എന്നതിനെ ആസ്പദമാക്കി, അതിൽ പിതാക്കന്മാർക്കുള്ള പങ്ക് എന്നിവ വ്യക്തമാക്കിയിരിക്കുന്ന ഈ ചെറിയ ലേഖനം വായിക്കുന്ന ഏവർക്കും വളരെ പ്രയോജനപ്രദം ആകും എന്ന് പ്രതീക്ഷിക്കുന്നു.
നന്നായിട്ടുണ്ട്.