Huddle

Share this post
തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? - ഭാഗം 2
www.huddleinstitute.com

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? - ഭാഗം 2

മകൾക്ക് പറക്കാൻ നിങ്ങൾ ആകാശമാകുക

Lakshmi Narayanan
Sep 23, 2021
Comment
Share

നിയമം മൂലം നിരാകരിക്കപ്പെട്ട ഒന്നാണ് ലിംഗാടിസ്ഥാനത്തിലുള്ള വിവേചനം. എന്നാൽ ഇന്നും നമ്മുടെ നാട്ടിൽ പ്രത്യക്ഷമായും പരോക്ഷമായും ആൺപെൺ വ്യത്യാസം നിലനിൽക്കുന്നുണ്ട്. അത് കൃത്യമായി മനസ്സിലാകണമെങ്കിൽ നവജാത ശിശു പിറന്നു വീണ വീട്ടിലേക്ക് കയറിച്ചെല്ലണം. ആൺകുഞ്ഞാണ്‌ ജനിച്ചതെങ്കിൽ 'അമ്പോ കോളടിച്ചല്ലോ' എന്ന് പറഞ്ഞു പ്രശംസിക്കുന്ന ഒരു വിഭാഗം ജനങ്ങൾ പെൺകുഞ്ഞാണെങ്കിൽ 'ആ പെൺകുഞ്ഞാണ്‌ ചെലവ് കൂടുതലാണ്' എന്ന ഡയലോഗിലേക്ക് വഴിമാറുന്നത് കാണാം. ഇനി മൂത്ത കുട്ടി പെണ്ണാണ്, രണ്ടാമത്തെ കുഞ്ഞും പെണ്ണാണ് എന്നറിഞ്ഞാലോ.. 'അയ്യോടാ ഇതും പെൺകുഞ്ഞാണോ' എന്നാകും ചോദ്യം. മൂത്ത കുട്ടി ആണാണ്, രണ്ടാമതൊരു ആൺകുട്ടി കൂടിയാണ് ജനിച്ചിരിക്കുന്നതെങ്കിൽ 'പൊളിച്ചല്ലോ രണ്ട് ആൺകുഞ്ഞുങ്ങൾ, നിങ്ങൾക്ക് ഇനി എന്ത് പേടിക്കാനാണ്' എന്നാകും ചോദ്യം.

ഇപ്പറഞ്ഞ ചോദ്യങ്ങളൊന്നും തന്നെ സമൂഹത്തിന്റെ മുഴുവൻ പ്രതിഫലനമല്ല. ഒരു പരിശ്ചേദം മാത്രമാണ്. എന്നിരുന്നാലും ഇത്തരത്തിൽ ചിന്തിക്കുന്ന നല്ലൊരു വിഭാഗം ജനങ്ങളുടെ ഇടയിൽ ആരോഗ്യകരമായ മാനസികാവസ്ഥ നിലനിർത്തിക്കൊണ്ട് ഒരു പെൺകുഞ്ഞിനെ വളർത്തിയെടുക്കുക എന്നത് അത്ര നിസ്സാരമായ കാര്യമല്ല. ജനിച്ചത് പെൺകുഞ്ഞാണെങ്കിൽ ചെലവ് കൂടുമല്ലോ എന്നും ആൺകുഞ്ഞാണെങ്കിൽ ഇനി എന്ത് പേടിക്കാനാണ് നിങ്ങൾക്ക് എന്നും ചോദിക്കുന്ന സമൂഹത്തിന്റെ മലിനമായ മനസ് കുഞ്ഞുങ്ങളുടെ വളർച്ചാഘട്ടത്തെ വേട്ടയാടാതെ വേണം ഓരോ മാതാപിതാക്കളും തന്റെ മക്കളെ വളർത്തിയെടുക്കാൻ. പെൺകുഞ്ഞുങ്ങളെ വിവാഹം കഴിപ്പിച്ചയാക്കാനുള്ള ചെലവാണ് ഒരു കുഞ്ഞു ജനിക്കുമ്പോൾ തന്നെ പലരുടെയും മനസിലേക്ക് ഓടിയെത്തുന്നത്. എന്നാൽ ആൺകുഞ്ഞുങ്ങൾ നല്ല ജോലി നേടി തങ്ങൾക്കൊപ്പം കാലാകാലം ജീവിക്കും എന്ന ചിന്തയാണ് ആൺകുട്ടികൾ ജനിക്കുമ്പോൾ ഉള്ള സന്തോഷത്തിനു പിന്നിൽ.

ഒന്ന് ചിന്തിച്ചു നോക്കൂ, കുഞ്ഞുങ്ങൾ ജനിക്കുമ്പോൾ തന്നെ ഇത്തരം മുൻധാരണകൾ തീർക്കുന്നത് അവർക്ക് ചുറ്റുമുള്ള, മാതാപിതാക്കൾ ഉൾപ്പെടുന്ന സമൂഹമല്ലേ? ഒരേ രീതിയിൽ വളരാനും തുല്യ വിദ്യാഭ്യാസം നേടാനും ജോലി സമ്പാദിക്കാനും മാതാപിതാക്കളെ സംരക്ഷിക്കാനും മക്കൾക്ക് എല്ലാവർക്കും ഒരേ അവകാശമാണുള്ളത്. എന്നാൽ അതിനു വിലങ്ങു തടിയാകുന്നത് സമൂഹത്തിന്റെ ഈ ഇടുങ്ങിയ ചിന്താഗതി ഒന്ന് മാത്രമാണ്. വിദ്യാഭ്യാസത്തെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കും മുൻപായി കല്യാണത്തെക്കുറിച്ചും അനുബന്ധ ചെലവുകളെക്കുറിച്ചും ചിന്തിക്കുന്ന രീതിയിൽ നിന്നും മാതാപിതാക്കൾ മാറി ചിന്തിക്കണം.  വളർച്ചയുടെ ഓരോ ഘട്ടത്തിലും താൻ അച്ഛനമ്മമാർക്ക് ഒരു ഭാരമാണ്, അല്ലെങ്കിൽ അധിക ചെലവാണ് എന്ന തോന്നലുണ്ടായാൽ തന്നെ കുഞ്ഞുങ്ങൾ അവരുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും തുറന്നു പറയാൻ വിമുഖത കാണിക്കും.

പെൺകുട്ടികൾക്ക് 'അത്യാവശ്യം' സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന മോഡേൺ ഫാമിലി

അടുത്തിടെ ഇറങ്ങിയ ഒരു മലയാള സിനിമയിലെ പ്രശസ്തമായ ഒരു വചനമാണിത്,  പെൺകുട്ടികൾക്ക് 'അത്യാവശ്യം' സ്വാതന്ത്ര്യമൊക്കെ കൊടുക്കുന്ന മോഡേൺ ഫാമിലിയാണ് ഞങ്ങളുടേത്. ഇത്തരത്തിലുള്ള ഒരു കുടുംബത്തിന്റെ ഭാഗമാകാതിരിക്കുക എന്നതാണ് ഒരു പെൺകുട്ടിയുടെ ഏറ്റവും വലിയ വിജയം. കാരണം, സ്വാതന്ത്ര്യമെന്നത് ഓരോ വ്യക്തിക്കും ജന്മസിദ്ധമായി ലഭിക്കുന്നതും പ്രകൃത്യാലുള്ളതുമാണ്. അത് അത്യാവശ്യത്തിനു മാത്രം ദാനമായി നൽകേണ്ടതല്ല. തുറന്ന മനസോടെ ചിന്തിക്കാനും ആ ചിന്തകൾക്ക് അനുസൃതമായി പ്രവർത്തിക്കാനുമുള്ള അവസരം ലഭിക്കാത്ത പക്ഷം ഓരോ വ്യക്തിയും കൂട്ടിലടക്കപ്പെട്ട കിളികൾക്ക് തുല്യമായി മാറും. നിർഭാഗ്യവശാൽ ഈ അവസ്ഥ ഏറ്റവും കൂടുതലായി അനുഭവിക്കപ്പെടേണ്ടി വരുന്നത് പെൺകുട്ടികൾക്കാണ്. ഇത്തരത്തിലുള്ള തരം തിരിവുകൾ ഒന്നും ബാധിക്കാത്ത രീതിയിൽ ആത്മവിശ്വാസത്തോടെ പെണ്മക്കളെ വളർത്തുന്നതിനാണ് മാതാപിതാക്കൾ പ്രാമുഖ്യം നൽകേണ്ടത്.

എന്നാൽ പറയുന്നത്ര എളുപ്പമുള്ള കാര്യമല്ല അതെന്നും മനസിലാക്കണം. മക്കളുടെ കാര്യത്തിൽ ആൺപെൺ  വ്യത്യാസമില്ലെന്ന തിരിച്ചറിവ് ആദ്യം മാതാപിതാക്കളിൽ അടിയുറക്കണം. പിന്നീട് ആ ചിന്തയിൽ അധിഷ്ഠിതമായി മക്കളെ വളർത്താൻ അവർക്ക് കഴിയണം. ആത്മവിശ്വാസം, ലക്ഷ്യബോധം എന്നിവ കുട്ടികളിൽ വളർത്തിയെടുക്കുക എന്നതായിരിക്കണം മാതാപിതാക്കൾ എന്ന നിലയിൽ ആദ്യം ചെയ്യേണ്ടത്. സ്വന്തം ചിന്തകൾക്ക് പ്രാധാന്യം നൽകി പ്രവർത്തിക്കാനും ചിന്തകൾ യാഥാർഥ്യത്തിലേക്ക് നീങ്ങുന്ന രീതിയിൽ പ്രവർത്തിക്കാനും കുട്ടികൾക്ക് കഴിയണം. പ്രതിബന്ധങ്ങൾ സൃഷ്ടിക്കുക എന്നതല്ല, പ്രതിബന്ധങ്ങളെ ഒഴിവാക്കുക എന്നതിനായിരിക്കണം മാതാപിതാക്കൾ പ്രാധാന്യം നൽകേണ്ടത്.

താരതമ്യം വേണ്ടേ വേണ്ട !

പ്രമുഖ സൈക്കോളജിസ്റ്റുകൾ പറയുന്ന പ്രധാന കാര്യമാണ് അനാവശ്യമായ താരതമ്യം കുട്ടികളിലെ നൈസർഗികമായ കഴിവുകൾ ഇല്ലാതാക്കുമെന്നത്. ഓരോ കുട്ടിയും മറ്റൊരാളിൽ നിന്നും വ്യത്യസ്തനായിരിക്കും. അത് പോലെ തന്നെ അവരുടെ കഴിവുകളും വ്യത്യസ്തമായിരിക്കും. അയാൾ വീട്ടിലെ കുട്ടികളുടെ കഴിവുമായി തന്റെ മകളെ താരതമ്യം ചെയ്യുന്നത് മാത്രമല്ല ഇവിടെ ഉദ്ദേശിക്കുന്നത്. സഹോദരനുമായി അനാവശ്യമായി താരതമ്യം ചെയ്യപ്പെടുന്നത് പോലും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. താൻ വീട്ടിൽ രണ്ടാം തരക്കാരിയാണ് എന്ന ചിന്തയാണ് ഇതിലൂടെ പെൺകുട്ടികളിൽ വേരുറക്കുന്നത്. തന്റെ ആവശ്യങ്ങൾ, താല്പര്യങ്ങൾ, ഇഷ്ടങ്ങൾ എന്നിവയെല്ലാം മാതാപിതാക്കളോട് തുറന്നു പറയാനും ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാനും കുട്ടികൾ വിമുഖത കാണിക്കും. സാവധാനം പഠനത്തിലും മറ്റ് എക്സ്ട്രാ കരിക്കുലർ ആക്റ്റിവിറ്റികളിലുമുള്ള താല്പര്യം നഷ്ടമാകും. ഇത് ഒരു വിധത്തിൽ പറഞ്ഞാൽ വ്യക്തിഹത്യയുടെ മറ്റൊരു രൂപമാണ്.

എല്ലാ കാര്യത്തിനും കുറ്റപ്പെടുത്തുക, മക്കളെ കേൾക്കാനുള്ള ക്ഷമകാണിക്കാതിരിക്കുക, താൻ ഉദ്ദേശിക്കുന്ന രീതിയിൽ മാത്രം മകൾ വളരണം എന്നാഗ്രഹിക്കുക, അതിനായി വാശി പിടിക്കുക, മക്കളുടെ ഇഷ്ടാനിഷ്ടങ്ങളിൽ കൈകടത്തുക, സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ കഴിയാത്ത രീതിയിൽ കുട്ടികളെ വളർത്തിയെടുക്കുക, തുടങ്ങിയവയെല്ലാം മക്കളോടുള്ള നിങ്ങളുടെ അമിതമായ സ്നേഹത്തിന്റെ പ്രതിഫലനമാണ് എന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ ആ ചിന്ത മാറ്റേണ്ട സമയമായി. കുട്ടികൾക്ക് സ്വയം ചിന്തിക്കാനുള്ള അവസരം നൽകുകയും അവരുടെ താല്പര്യങ്ങൾ കൂടി ഉൾക്കൊള്ളുകളുമാണ് ഒരു നല്ല പേരന്റ് ചെയ്യേണ്ടത്. അടുത്ത വീട്ടിലെ കുട്ടികളോടും സഹോദരനോടും താരതമ്യം ചെയ്യുന്നതിന് പകരം ജീവിതത്തിൽ പൊരുതി വിജയിച്ചിട്ടുള്ള വ്യക്തികളുമായി അവളെ താരതമ്യം ചെയ്യുക. നേട്ടം കയ്യെത്തിപ്പിടിക്കാൻ ഓരോ വ്യക്തികളും നടത്തിയിട്ടുള്ള ശ്രമങ്ങൾ ബോധിപ്പിക്കുക.

മകളെ സ്വപ്നം കാണാൻ പഠിപ്പിക്കുക

സ്വപ്നങ്ങൾക്ക് അതിരുകളില്ല എന്നാണ് പറയുക. അത് പോലെ തന്നെയാകണം മക്കളോടുള്ള നിങ്ങളുടെ ഉപദേശവും. മലയോളം ആഗ്രഹിച്ചാൽ കുന്നോളം കിട്ടും എന്ന് പഠിപ്പിക്കാതെ, മലയോളം ആഗ്രഹിച്ച് മലയോളം തന്നെ സ്വന്തമാക്കാനുള്ള ഇച്ഛാശക്തി വളർത്തിയെടുക്കുക. അച്ഛനമ്മമ്മാർക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് താനെന്ന തോന്നൽ മകളിൽ ജനിപ്പിക്കേണ്ടത് അച്ഛനമ്മമാരുടെ തന്നെ ഉത്തരവാദിത്തമാണ്. തനിക്കും എല്ലാവരെയും പോലെ കടമകളും ഉത്തരവാദിത്തങ്ങളും ഉണ്ടെന്ന ധാരണയിൽ വേണം ചെറുപ്പം മുതൽക്ക് പെണ്മക്കളെ വളർത്താൻ. ഒരിക്കലും മകളുടെ സ്വപ്നങ്ങൾക്ക് അതിർത്തികൾ വയ്ക്കരുത്. അഞ്ചു വയസുള്ള മകൾ ആസ്ട്രോനെറ്റ് ആകാനാണ് ആഗ്രഹിക്കുന്നതെങ്കിൽ , ആ ആഗ്രഹത്തിനൊപ്പം മാത്രം നിൽക്കുക. അതിന്റെ സാധ്യതകളും പ്രതിസന്ധികളുമെല്ലാം വളർച്ചയുടെ വിവിധ തലങ്ങളിൽ അവൾ സ്വയം മനസ്സിലാക്കട്ടെ എന്ന് കരുതണം. അല്ലാതെ, നിങ്ങളുടെ കണ്ണിലൂടെ മകളുടെ ആഗ്രഹങ്ങളെയും സ്വപ്നങ്ങളെയും കാണാൻ ശ്രമിക്കരുത്. മാതാപിതാക്കളുടെ സ്വപ്നങ്ങൾക്കനുസരിച്ച് മാത്രം മകളെ വളർത്താൻ ശ്രമിച്ചാൽ അവളുടെ ജീവിതം എത്ര പരാജയമായിരിക്കും എന്നതിനുദാഹരണമാണ് വർഷയുടെയും മെറീനയുടെയും ജീവിതം.

എറണാകുളം സ്വദേശിനിയായ വർഷ ഒരു എൻജിനീയർ ആണ്. മൂത്ത രണ്ട് ചേട്ടന്മാരുടെയും പാത പിന്തുടർന്നുകൊണ്ട് മകളെ എൻജിനീയർ ആക്കാൻ ആഗ്രഹിച്ചത് അച്ഛനും അമ്മയും തന്നെയാണ്. പഠനത്തിൽ മിടുക്കിയായിരുന്ന  വർഷ അച്ഛനമ്മമാരുടെ നിർബന്ധത്തിന്‌ വഴങ്ങിയാണ് എഞ്ചിനീയറിംഗ് എൻട്രൻസ് എഴുതിയത്. ഉള്ളിൽ ഒരു ചിത്രകാരിയാകണമെന്നും ഫൈൻ ആർട്ട്സ് പഠിക്കണമെന്നുമാണ് വർഷ ആഗ്രഹിച്ചിരുന്നത്.  എന്നാൽ ചെറുപ്പം മുതൽക്ക് ചേട്ടന്മാരോടും അവരുടെ കഴിവുകളോടും താരതമ്യം ചെയ്യപ്പെട്ടു വളർന്ന വർഷയ്ക്ക് ഇക്കാര്യം മാതാപിതാക്കളോട് തുറന്നു പറയാനുള്ള ധൈര്യം പോലുമുണ്ടായിരുന്നില്ല. എൻട്രൻസ് കിട്ടിയതോടെ മാതാപിതാക്കൾ തെരഞ്ഞെടുത്ത വിഷയത്തിൽ വർഷ എഞ്ചിനീയറിംഗ് പഠനത്തിന് ചേർന്നു. എന്നാൽ പ്ലസ് റ്റു  വരെ കാഴ്ചവച്ച പഠനനിലവാരം എഞ്ചിനീയറിംഗിൽ നിലനിർത്താൻ വർഷയ്ക്ക് ആയില്ല. എങ്ങനെയൊക്കെയോ നാല് വർഷം കൊണ്ട് പഠനം പൂർത്തിയാക്കി. അച്ഛനമ്മമാരുടെ സ്വാധീനത്തിൽ ജോലിക്കും കയറി. എന്നാൽ ഇഷ്ടമല്ലാത്ത മേഖലയിലെ ജോലിയിൽ തിളങ്ങാൻ വർഷയ്ക്കായില്ല. പല സ്ഥാപനങ്ങളിൽ നിന്നും അവൾ പുറത്താക്കപ്പെട്ടു. അതോടെ അച്ഛനമ്മമാരുടെ കണ്ണിൽ അവൾ ഒന്നിനും കൊള്ളാത്തവളായി.

സമാനമായ അവസ്ഥ തന്നെയാണ് കോഴിക്കോട് സ്വദേശിനിയായ മെറീനക്കും പറയാനുള്ളത്. മൂന്നു മക്കളുള്ള വീട്ടിലെ മൂന്നാമത്തെ മകളാണ് മെറീന. മൂത്ത ചേച്ചി അച്ഛനെ പോലെ ഡോക്റ്ററായി. രണ്ടാമത്തെ ചേട്ടൻ എഞ്ചിനീയർ ആണ്. എന്നാൽ മെറീന ഈ രണ്ട് മക്കളിൽ നിന്നും വ്യത്യസ്തയായിരുന്നു. മെറീനക്ക് താല്പര്യം വൈൽഡ് ലൈഫ് ഫോട്ടോഗ്രഫിയോടായിരുന്നു. എന്നാൽ വീട്ടിലെ ഇളയ പെൺകുട്ടി ഫോട്ടോഗ്രാഫിയുടെ പിന്നാലെ പോകുന്നതിനോട് അച്ഛനമ്മമാർക്ക് യാതൊരു താല്പര്യവും ഉണ്ടായിരുന്നില്ല. മെറീനക്ക് മുന്നിൽ എഞ്ചിനീയറിംഗ്, മെഡിസിൻ എന്നിങ്ങനെ രണ്ട് ഓപ്‌ഷനുകളാണ് മാതാപിതാക്കൾ വച്ചത്. നിർബന്ധത്തിന് വഴങ്ങി എഞ്ചിനീയറിംഗ് തെരെഞ്ഞെടുത്തു. രണ്ടാം വർഷം സമ്മർദ്ദം താങ്ങാൻ കഴിയാതെ ക്ലാസ് മുറിയിൽ തളർന്നു വീണു. അത് പഠനത്തെ കാര്യമായി തന്നെ ബാധിച്ചു. വീട്ടുകാരിൽ നിന്നുള്ള അമിതമായ സമ്മർദ്ദം മെറീനക്ക് സമ്മാനിച്ചത് അപസ്മാരത്തിന്റെ ദിനങ്ങളായിരുന്നു. അതോടെ മൂന്നാം വർഷം പഠനം നിർത്തി വീട്ടിലിരുപ്പായി. അതോടെ ഉള്ള സമാധാനം കൂടി നഷ്‌ടമായ അവസ്ഥ. മറ്റുള്ളവരെ കാണാനും സംസാരിക്കാനും വിമുഖത, ആത്മവിശ്വാസമില്ലായ്മ ഇതൊക്കെ മെറീനയെ ആകെ തകർത്തു. ഇപ്പോഴും ജീവിതം എവിടെയും എത്താതെ തന്റെ ഇഷ്ടത്തിന് പഠിക്കാനുള്ള അവസരമെങ്കിലും നൽകണമെന്ന് മാതാപിതാക്കളോട് തുറന്നു പറയാനാകാതെ മെറീന ജീവിക്കുന്നു.

സമൂഹം എന്ത് തന്നെ വിലയിരുത്തിയാലും വർഷയുടെയും മെറീനയുടെയും ജീവിതം അവരുടെ കയ്യിൽ നിന്നും വഴുതി പോയതിനു പിന്നിൽ ഒരേയൊരു കരണമാണുള്ളത്. അത്  അവരുടെ സ്വപ്നങ്ങൾക്ക് മേൽ മാതാപിതാക്കൾ കരിനിഴൽ വിരിച്ചതാണ്.

സ്വന്തം മകളെ  ശാരീരികമായും മാനസികമായും പൂർണ്ണ ആരോഗ്യത്തോടെ വളർത്തിയെടുക്കണമെങ്കിൽ മാതാപിതാക്കൾ ആദ്യം ചെയ്യേണ്ടത് മകൾക്ക് പറക്കാനുള്ള ആകാശമാകുക എന്നതാണ്. വലുതോ ചെറുതോ ആയ അവളുടെ സ്വപ്നങ്ങൾക്ക് കൂട്ട് നിൽക്കുക. മിണ്ടാതിരിക്ക് എന്നല്ല തുറന്നു പറയൂ എന്ന് പറഞ്ഞു പരിശീലിപ്പിക്കുക. വീട്ടുകാരിൽ നിന്നും ആഗ്രഹിക്കുന്ന രീതിയിലുള്ള പിന്തുണ കിട്ടാത്തതാണ് പലപ്പോഴും പല കുട്ടികളെയും വ്യക്തി പരമായ പരാജയത്തിലേക്ക് നയിക്കുന്നത്.

അടുത്ത ലക്കം : 'ആവറേജ് അമ്പിളിമാരെ' സൃഷ്ടിക്കാതിരിക്കാം

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing