കഴിഞ്ഞ ഒന്നരവർഷക്കാലത്തോളമായി നാം ഓരോരുത്തരും പിന്നിട്ട വഴികളും, ജീവിത സാഹചര്യങ്ങളും ഒരുപക്ഷെ വാക്കുകൾ കൊണ്ട് വിവരിക്കുക അസാധ്യം തന്നെയാണ്. ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിരുന്ന അജ്ഞാതനായ രോഗാണുവിന്റെ ആക്രമണവും, നാടുനീളെ- രാജ്യത്തോളമോ രാജ്യങ്ങളോളമോ പടരുന്ന രോഗബാധയും, കർഫ്യൂവും, ലോക്ക്ഡൗണുമൊക്കെ ഒരിക്കലും യാഥാർഥ്യമാവില്ല എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മനുഷ്യരുടെ ഇടയിലേക്കാണ് കോവിഡ്-19 എന്ന മഹാമാരി കടന്നു വന്നത്. പിന്നിങ്ങോട്ടുള്ള മാറ്റങ്ങളും നിർദ്ദേശങ്ങളും മുന്നൊരുക്കങ്ങളും അപരിചിതമെന്നതിൽ നിന്ന് ശീലങ്ങൾ എന്ന തലക്കെട്ടിലേക്ക് മാറുകയായിരുന്നു.
ദിവസങ്ങളും മാസങ്ങളും പിന്നിട്ടപ്പോൾ നാം ഈ സാഹചര്യങ്ങളുമായി ഏറെ പരിചിതരായെങ്കിലും, കോവിഡ് രോഗബാധയും അതിജീവനത്തിന്റെ വഴികളും നിയന്ത്രണങ്ങളുമൊക്കെ ഒരുപക്ഷെ എല്ലാവരെയുമോ അല്ലെങ്കിൽ ഒരു വലിയ വിഭാഗം മനുഷ്യരെയോ ശാരീരികമായും മാനസികമായും സാമ്പത്തികമായും തളർത്തി.
ഈ കാലങ്ങളിലൊക്കെ കോവിഡ് രോഗബാധയെ തുടർന്നും, കോവിഡ്കാല പ്രതിസന്ധികളെ തുടർന്നും മാനസികമായി ബുദ്ധിമുട്ടുന്ന മനുഷ്യരെ ചേർത്ത് നിർത്തുന്നതിനും പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മാനസികനില മെച്ചപ്പെടുത്തുന്നതിനും സേവനം നൽകിപ്പൊരുന്നതുകൊണ്ട് തന്നെ, ഓരോ മനുഷ്യന്റെയും പ്രശ്നങ്ങളിലേക്കിറങ്ങി ചെല്ലുമ്പോൾ ഇന്നത്തെ സാമൂഹിക സാഹചര്യം എത്രത്തോളം മനുഷ്യന്റെ സന്തോഷത്തെയും മാനസികരോഗ്യത്തെയും ബാധിക്കുന്നു എന്നത് അതിന്റെ ആഴത്തിൽ തന്നെ തിരിച്ചറിയാൻ കഴിഞ്ഞു.
കോവിഡ് ബാധിതനായിരിക്കെ ഉത്കണ്ഠ പ്രശ്നങ്ങളുമായി സേവനം തേടിയ ഒരാളുടെ വാക്കുകളാണ് - “എനിക്ക് ഉറങ്ങാൻ കഴിയുന്നില്ല, വിശക്കുന്നില്ല, എന്തെങ്കിലും സംഭവിച്ചു പോകുമോ എന്ന് ഭയമാണ്. എനിക്ക് പനി പിടിയ്ക്കുന്നത് വരെ ഞാനും ഭാര്യയും ഒന്നിച്ചായിരുന്നു, അവൾ ഇൻഫെക്ടഡ് ആയിട്ടുണ്ടാകുമോയെന്ന് ഓർക്കുമ്പോൾ ഒന്നിനും കഴിയുന്നില്ല. അവൾ 7 മാസം ഗർഭിണിയാണ്.” എന്നാൽ കോവിഡ് ബാധിതരല്ലാത്ത മാനസികമായും ശാരീരികമായും ആരോഗ്യവാന്മാരും ആരോഗ്യവതികളുമായ സുഹൃത്തുക്കൾക്കോ വീട്ടുകാർക്കോ അദ്ദേഹം അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകളുടെ ആഴം മനസിലാവണമെന്നില്ല. “ഇതൊന്നും ഒരു പ്രശ്നമല്ല, നീ അനാവശ്യമായി ചിന്തിച്ചുകൂട്ടുന്നതാണ്, സമാധാനമായിരിക്ക്” എന്നിങ്ങനെയുള്ള ഉപദേശത്തിനപ്പുറം അവർ പ്രശ്നങ്ങളെ നിസ്സാരമായി കണ്ടേക്കാം. എന്നാൽ ഒരു പ്രൊഫഷണലിന്റെ കൃത്യമായ ഇടപെടലിലൂടെ ഇത്തരത്തിൽ മാനസികബുദ്ധിമുട്ടനുഭവിക്കുന്നവരെ പുറത്തുകടത്താൻ കഴിയും.
കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തെ ശാരീരികാരോഗ്യം മാനസികാരോഗ്യം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചാൽ, ശാരീരികാരോഗ്യ സംരക്ഷണം എങ്ങനെ വേണമെന്നതിൽ ഒരുപരിധിവരെ ഏവരും ബോധവാന്മാരാണെന്ന് മനസിലാക്കാം. ഗവണ്മന്റിന്റെ ഭാഗത്തു നിന്നുമുണ്ടായ മുന്നൊരുക്കങ്ങളും, മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും എക്സ്പേർട്ടുകൾ നയിച്ച വൈദഗ്ധ്യം നിറഞ്ഞ ഇടപെടലുകളും ജനങ്ങളിൽ കൃത്യമായ അവബോധം കൃത്യ സമയത്ത് സൃഷ്ടിക്കുന്നതിന് വലിയ അളവിൽ സഹായിച്ചു.
എന്നാൽ കോവിഡ് കാലത്തെ മാനസികാരോഗ്യ സംരക്ഷണ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കിയാൽ ഒരുപക്ഷെ ഒരു വലിയ ശതമാനം ജനങ്ങൾ തീർത്തും അജ്ഞരോ അല്ലെങ്കിൽ ആവശ്യമായ അവബോധം ഇല്ലാത്തവരോ ആണെന്നതാണ് യാഥാർഥ്യം.
കോവിഡ് ബാധിതരെ മാനസികമായി ബുദ്ധിമുട്ടിയ്ക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമെന്നോണം ഗവണ്മെന്റിന്റെയും സൈക്കോളജിസ്റ്റുകളുടെ വിവിധ അസോസിയേഷനുകളുടെയും നേതൃത്വത്തിൽ സൗജന്യമായി ഫോണിലൂടെ കൗൺസിലിംഗ് സേവനങ്ങൾ ലഭ്യമാണ്. എന്നിരുന്നാലും മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തിരിച്ചറിവുണ്ടാകാത്ത മനുഷ്യരാണ് ഏറെയും. മുൻപ് പങ്കിട്ട കോവിഡ് ബാധിതന്റെ സാഹചര്യത്തോടും ചിന്തകളോടും ചുറ്റിലുമുള്ള മനുഷ്യരുടെ പ്രതികരണം അതിന് ഒരു ഉദാഹരണമാണ്.
പല തലങ്ങളിലുള്ള വസ്തുതകൾ ഇതിന് ഹേതുവാണ്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്നതും എടുത്ത് പറയേണ്ടതും കോവിഡ്-19 എന്ന വൈറൽ രോഗം മനുഷ്യനെ എങ്ങനെ ബാധിക്കുന്നു എന്നത് തന്നെയാണ്.
വൈറൽ ഫീവർ അഥവാ വൈറൽ പനി നമുക്കേവർക്കും പരിചിതമാണ്. കടുത്ത ക്ഷീണവും, കൂടിയ ശരീരതാപനിലയുമായി ഡോക്ടറെ കൺസൾട്ട് ചെയ്ത അവസരങ്ങളിൽ പലപ്പോഴും കേട്ടിട്ടുണ്ടാവാം “സാരമില്ല, സാധാരണ വൈറൽ ഫീവർ ആണ്. ക്ഷീണമുണ്ടാവും. മരുന്ന് കഴിക്ക്. നന്നായി വെള്ളം കുടിയ്ക്ക്“ എന്നൊക്കെയുള്ള ഡോക്ടറുടെ സമാധാനപ്പെടുത്തൽ.
‘സാരമില്ലാതിരുന്ന’, ശാരീരികമായി മാത്രം ബുദ്ധിമുട്ടിച്ചിരുന്ന, സാധാരണ വൈറൽ ഫീവർ മാത്രം പരിചയമുണ്ടായിരുന്ന മനുഷ്യർക്കിടയിലേക്കാണ് വ്യത്യസ്തമായ, അപരിചിതമായ രോഗലക്ഷണങ്ങളുമായി, കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന കോവിഡ്-19 എന്ന രോഗബാധ വന്നെത്തിയത്. കോവിഡ്-19 എന്താണെന്ന തിരിച്ചറിവിൽ ഓരോ മനുഷ്യനും നിശ്ചലനായി. ഇനിയെന്ത്, എങ്ങനെ, എങ്ങോട്ട് എന്നിങ്ങനെ കൃത്യതയില്ലാത്ത ചോദ്യങ്ങൾ മുന്നിലുയർന്നു.
പരിചിതവും, അപരിചിതവുമായ ശാരീരിക രോഗലക്ഷണങ്ങളോടൊപ്പം- ഓർമ്മക്കുറവ്, മറവി, അകാരണമായ സംശയങ്ങൾ, സംസാരിക്കാനോ ചലിക്കാനോ സാധിക്കാതെ വരിക തുടങ്ങിയ മാനസികാരോഗ്യത്തെ തകർക്കുംവിധമുള്ള രോഗലക്ഷണങ്ങളും കണ്ടുതുടങ്ങവെ രോഗബാധിതനായ മനുഷ്യന്റെ മാനസിക നില പലപ്പോഴും അസ്ഥിരമായി മാറുന്നു.
കോവിഡ് രോഗബാധിതനായി ശരീരത്തിൽ ഓക്സിജന്റെ അളവ് കുറയുന്ന മനുഷ്യരിൽ വലിയ ശതമാനം പേരും ഓർമ്മക്കുറവും, മറവിയും, അകാരണമായ സംശയങ്ങളും അനുഭവിക്കുന്നു. എന്നാൽ ഓക്സിജന്റെ കുറവിനോടൊപ്പം, അനാരോഗ്യവും, സാമൂഹികസാഹചര്യങ്ങളും കൂടി ഒത്തുചേരുമ്പോൾ രോഗബാധിതന്റെ മാനസികാരോഗ്യത്തെ മോശമായി ബാധിക്കുന്ന ഭയം, ദേഷ്യം, ദുഃഖം, നിരാശ, ഉത്കണ്ഠ അഥവാ ആങ്ങ്സൈറ്റി, സ്‌ട്രെസ്സ് അഥവാ മാനസികസമ്മർദ്ദം, വിഷാദം അഥവാ ഡിപ്രെഷൻ, ഉറക്കക്കുറവ് അല്ലെങ്കിൽ ഉറക്കമില്ലായ്മ, അതല്ലെങ്കിൽ ദുഃസ്വപ്നങ്ങളും ഭയവും അതെ തുടർന്നുള്ള ഉറക്കം നഷ്ടമാകലും, ആത്മഹത്യാ പ്രവണതയുമൊക്കെ അഭിമുഖീകരിക്കേണ്ടിവരുന്നു. രോഗബാധിതരായ എല്ലാരുവരും ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നില്ലയെങ്കിലും, ഒരു വലിയ ശതമാനം പേർ ചെറുതും വലുതുമായ മാനസിക സംഘർഷങ്ങളിലൂടെ കടന്നുപോകുന്നു.
സാമൂഹിക സാഹചര്യങ്ങളിൽ ഏറ്റവും മോശമായ വശങ്ങൾ ഒരുപരിധി വരെ അനുഭവിക്കുന്നത് സാധാരണ തൊഴിൽ ചെയ്ത്, സാധാരണ ജീവിതം നയിക്കുന്ന മനുഷ്യർ തന്നെയാണ്. തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും, ലോണും മറ്റു കടങ്ങളും, കാലങ്ങളായി തുടർന്നുവരുന്ന ആരോഗ്യപ്രശ്നങ്ങളുടെ ചികിത്സ സാമ്പത്തിക പ്രതിസന്ധിമൂലം മുടങ്ങുന്നതും, കുട്ടികളുടെ ഭക്ഷണവും വിദ്യാഭ്യാസവും, വഴിമുട്ടി നിൽക്കുന്ന ജീവിതവുമൊക്കെ- സാമൂഹികമായി അലട്ടുന്ന പ്രശ്നങ്ങളുടെ മുൻനിരയിലുണ്ടാവും.
ഇതിനോടൊപ്പം കോവിഡ്-19 രോഗബാധിതനായാലുണ്ടാകുന്ന ഒറ്റപ്പെടലുകളും, ഹോംക്വാറന്റൈനിൽ ആണെങ്കിൽ നഷ്ടപ്പെടുന്ന ചലന സ്വാതന്ത്ര്യവും, കോവിഡുമായി ബന്ധപ്പെട്ട ഭയപ്പെടുത്തുന്ന വസ്തുതകളും വാർത്തകളും, അമിതമായ ചിന്താക്കുഴപ്പങ്ങളും, മടുപ്പും, വിരസതയും, ആയുസ്സിനെയും ആരോഗ്യത്തെയും കുറിച്ചുള്ള വ്യാകുലതകളും, ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നാൽ പ്രിയപ്പെട്ടവരുടെ സാമിപ്യമില്ലാത്ത രൂക്ഷമായ ഒറ്റപ്പെടലുകളും, ഓക്സിജൻ തെറാപ്പി പോലുള്ള ചികിത്സാ രീതികളും, കൂടെ ആശുപത്രിയിൽ കഴിയുന്നവരിലേക്കുള്ള എത്തിനോട്ടവും, പ്രിയപ്പെട്ടവർക്ക് രോഗം ബാധിച്ചിട്ടുണ്ടാകുമോ എന്ന ഭയവും, ജീവൻ നഷ്ടപ്പെടുമോ എന്ന ചിന്തയുമൊക്കെ ഒരു മനുഷ്യനെ മാനസികാരോഗ്യം നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് നയിക്കുന്നു. തുടർച്ചയായ പാനിക് അറ്റാക്കുകൾക്കും, ആങ്ങ്സൈറ്റി അറ്റാക്കുകൾക്കും കാരണമാകുന്നു.
പുരുഷൻമാരിലെ മദ്യപാനവും പുകവലി ശീലവും മാനസികാരോഗ്യ കാര്യത്തിൽ വീണ്ടും മുറിവുകളുണ്ടാക്കുമ്പോൾ, സ്ത്രീകളിൽ ഗർഭാവസ്ഥയും, PCOD/PCOS, ഹൈപൊതൈറോയിഡിസം/ ഹൈപ്പർതൈറോയിഡിസം, തെറ്റിവരുന്ന മാസമുറ എന്നിങ്ങനെയുള്ള ഹോർമോൺസുമായി ബന്ധപ്പെട്ട വിഷയങ്ങൾ മാനസികാരോഗ്യത്തെ സംബന്ധിച്ച പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു.
എങ്ങനെ മറികടക്കാം?
A. കോവിഡ് രോഗബാധയുടെ സമയത്തും കോവിഡനന്തരവും ശാരീരികാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ട വിദഗ്ധ നിർദ്ദേശങ്ങൾ കൃത്യമായി പിന്തുടരുക.
കൃത്യ സമയങ്ങളിൽ ഭക്ഷണം കഴിക്കുക
ധാരാളം വെള്ളം കുടിയ്ക്കുക
ആവശ്യത്തിന് ഉറങ്ങുക
കഠിനമായ ജോലികൾ ചെയ്യാതെ ആവശ്യത്തിന് വിശ്രമിക്കുക.
ഓരോ പ്രാവശ്യവും ഭക്ഷണശേഷം 10 മിനിറ്റ് മുറിയിലൂടെ നിർബന്ധമായും നടക്കുക.
കോവിഡ്-19 ചികിത്സയുടെ ഭാഗമായി കഴിക്കേണ്ട വൈറ്റമിൻ സപ്പ്ളിമെന്റസ് കഴിക്കുക.
വൈറ്റമിൻ C : 1000 എംജി ഒരു ദിവസം ഒരു നേരം. അല്ലെങ്കിൽ 500എംജി വീതം ഒരു ദിവസം രണ്ട് നേരം
സിൻക്: 50mg ഒരു നേരം
ബി കോംപ്ലക്സ്: ഒരു നേരം
വൈറ്റാമിൻ D 60000യൂണിറ്റ്: ആഴ്ചയിൽ ഒരിക്കൽ ഒരു നേരം.
ചുമയോ കഫമോ ഉണ്ടെങ്കിൽ 2 നേരം ആവി പിടിയ്ക്കുക.
B. കോവിഡ്-19 നുമായി ബന്ധപ്പെട്ടതോ അല്ലാത്തതോ ആയ ഉത്കൺഠ ഉണ്ടാക്കുന്ന വസ്തുതകളിലേയ്ക്കും വാർത്തകളിലേക്കും ശ്രദ്ധിക്കാതിരിക്കുക.
C. മദ്യപാനവും പുകവലിയും ഉപേക്ഷിക്കുക
D. ഹോർമോണുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് കഴിക്കുന്ന മരുന്നുകൾ തുടരുക.
E. സന്തോഷമായിരിക്കാൻ ശ്രമിക്കുക. സിനിമ കാണാം, പാട്ട് കേൾക്കാം, എഴുതാം, വരയ്ക്കാം, വായിക്കാം, ശരീരത്തിന് ക്ഷീണമുണ്ടാക്കാത്ത എന്റർടൈൻമെന്റുകൾ കണ്ടെത്താം.
F. അനാവശ്യ കാര്യങ്ങൾ ഓർമ്മപ്പെടുത്തി ഭയപ്പെടുത്താത്ത പ്രിയപ്പെട്ട വ്യക്തികളോടോ സുഹൃത്തുക്കളോടോ ഫോണിൽ സംസാരിക്കാം.
G. മറികടക്കാൻ സാധിക്കാത്തവിധം മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് തോന്നിയാൽ സൈക്കോളജിസ്റ്റിന്റെ സേവനം തേടുക.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.