Huddle

Share this post
അച്ഛൻ അറിയാൻ - ഭാഗം 13
www.huddleinstitute.com

അച്ഛൻ അറിയാൻ - ഭാഗം 13

എതിർലിംഗത്തിലുള്ളവരെ കുട്ടി കാണേണ്ടതെങ്ങനെ ?

George Koshy
Sep 24, 2021
Comment
Share

കാമുകൻ കാമുകിയെ തീയിട്ടു കൊന്നു...

ഭാര്യ ഭർത്താവിന് വിഷം കൊടുത്തു...

കിടപ്പറയിലേക്ക് വിഷപ്പാമ്പിനെ തുറന്നു വിട്ടു...

ഇത്തരം വാർത്തകൾ ദിനപത്രത്തിൽ ഒരു പതിവ് പംക്തി പോലെ വന്നു കൊണ്ടിരിക്കുകയാണ്. സമൂഹം ഏറെ വളർന്നിട്ടും ഇത് പോലെയുള്ള  പ്രാകൃത പ്രവർത്തനങ്ങളും വർധിച്ചു വരുന്നു. സ്ത്രീ പുരുഷന്മാർ തമ്മിലുണ്ടായിരിക്കേണ്ട മാന്യമായ ബന്ധത്തെപ്പറ്റി ശരിയായ അവബോധം ഇല്ലാതെ കുട്ടികൾ വളർന്നു വരുമ്പോഴാണ് ഇത്തരം കൊടും ക്രിമിനലുകളായി അവർ മാറുന്നത്.

പെൺകുട്ടികളോടും മുതിർന്ന സ്ത്രീകളോടുമുള്ള  മനോഭാവം എന്തായിരിക്കണം എന്നത് ഒരു അച്ഛൻ മകന് നൽകേണ്ട മാർഗനിർദേശത്തിൽ പ്രമുഖം തന്നെ.  എന്നാൽ മകനോട് ഇക്കാര്യങ്ങൾ എങ്ങനെയാണു പറയേണ്ടത്? എന്തൊക്കെ പറയണം? സംശയങ്ങൾ ചോദിച്ചാൽ എങ്ങനെ ഉത്തരം നൽകും? എന്നിത്യാദി ചോദ്യങ്ങൾ പിതാവിന്റെ മനസ്സിൽ ഉണ്ടായേക്കാം. അതുകൊണ്ട് തന്നെ മൂല്യഭ്യാസം നൽകുന്നതിൽ ഇന്ന് അനേക കുടുംബങ്ങളും പരാജയമായിത്തീരുന്നു.  ഇത്തവണ നമുക്ക് അക്കാര്യങ്ങൾ ചിന്തിക്കാം.

സാധാരണ കുട്ടികൾക്ക് സ്ത്രീ പുരുഷ ബന്ധങ്ങളെ പറ്റി അറിവ് ലഭിക്കുന്നത് സഹപാഠികളികളിൽ നിന്നും പുസ്തകങ്ങളിൽ നിന്നും ഒക്കെ ആയിരിക്കും. ചലച്ചിത്രങ്ങൾ, സീരിയലുകൾ, ചുറ്റുപാടുമുള്ള ജീവിത ദൃശ്യങ്ങൾ എന്നിവയൊക്കെ  ഇക്കാര്യത്തിൽ ഒരു പങ്കു വഹിക്കുന്നുണ്ട്. എന്നാൽ അറിയേണ്ട കാര്യങ്ങൾ അറിയേണ്ട തോതിൽ അറിയേണ്ട പ്രായത്തിൽ ആയിരിക്കുകയില്ല കുട്ടിയുടെ മനസ്സിലേക്കും തലച്ചോറിലേക്കും കടന്നു കയറുക. ഡിജിറ്റൽ മാധ്യമങ്ങളുടെ ആവിർഭാവത്തോടെ ഈ അറിവുകളുടെ ഒരു വിസ്ഫോടനം തന്നെ സംഭവിക്കുകയാണ്. ഈ അപക്വമായ പ്രവാഹം മകന്റെ മനസ്സിൽ സൃഷ്ടിക്കുന്ന അപകടത്തിന്റെ സാധ്യതകളെപ്പറ്റി അച്ഛന്മാർ ബോധവാന്മാർ ആയിരിക്കണം.

മനസിലാക്കുക, അംഗീകരിക്കുക

എതിർ ലിംഗത്തിലുള്ള വ്യക്തിയെ ശരിയായി മനസിലാക്കുകയും, അംഗീകരിക്കുകയും ചെയ്യുക എന്നതാണ് ഒന്നാമത് ഗ്രഹിക്കേണ്ട പാഠം. ഈ പഠനം ആരംഭിക്കേണ്ടത് വീടുകളിൽ ആണ്. സ്ത്രീ പുരുഷന്റെയോ, പുരുഷൻ സ്ത്രീയുടെയോ കളിപ്പിള്ളയോ ഉപഭോഗവസ്തുവോ അല്ല എന്നതാണ് ആദ്യപാഠം.

യുവദമ്പതികളാണ് ആദിയും അനീറ്റയും. ഇരുവരും അഭ്യസ്തവിദ്യർ. ക്യാമ്പസ് റിക്രൂട്മെന്റു വഴി ഇരുവർക്കും മൾട്ടി നാഷണൽ കമ്പനിയിൽ ജോലി ലഭിച്ചു. മികച്ച കുടുംബപശ്ചാത്തലം. തൊഴിൽ രംഗത്തു പ്രഗത്ഭർ. സാമ്പത്തിക നിലയും ഭദ്രം. നഗരത്തിലെ ഒരു ഫ്ലാറ്റിലാണ് അവർ താമസിക്കുന്നത്. ഭാര്യയുടെ റോളുകൾ നിർണ്ണയിക്കുന്ന ഘട്ടം വന്നപ്പോൾ ആണ് പ്രശ്നങ്ങളുടെ കാർമേഘം ഉരുണ്ട് കൂടാൻ തുടങ്ങുന്നത്.

കൂട്ട് കുടുംബത്തിൽ ജീവിച്ചു വന്ന ആദി അടുക്കളയിലേക്കു എത്തി നോക്കേണ്ട ആവശ്യമേ വന്നിട്ടില്ല. അതുകൊണ്ട് ജോലി കഴിഞ്ഞു വന്നാൽ ആദി പൂർണ വിശ്രമത്തിലായിരിക്കും. വീട്ടുജോലി എല്ലാം അനീറ്റ തന്നെ ചെയ്യണം. ഭാര്യയുടെ ശമ്പളവും ഭർത്താവിനെ ഏൽപ്പിക്കണം. നിസ്സാര കാര്യത്തിനും ഭാര്യ ഭർത്താവിന്റെ മുൻപിൽ കൈ നീട്ടണം, കുടുംബത്തിലെ എല്ലാ കാര്യങ്ങളും ഭർത്താവു തന്നെ ഏകപക്ഷീയമായി തീരുമാനിക്കും.

അനീറ്റ പക്ഷെ ജനിച്ചതും വളർന്നതും മറ്റൊരു അന്തരീക്ഷത്തിലായിരുന്നു. അവളുടെ വീട്ടിൽ അമ്മയ്ക്കായിരുന്നു എല്ലാത്തിലും മേൽക്കോയ്മ. ഇത് കണ്ട് വളർന്ന അനീറ്റയ്ക്ക്, ആദിയുടെ പ്രകൃതം തീരെ പിടിച്ചില്ല. അവൾ പ്രതിഷേധിക്കാൻ തുടങ്ങി. ആദിയുടെ പുരുഷ ഈഗോ മുറിപ്പെട്ടു. അനീറ്റയെ വിരട്ടിയും ഭയപ്പെടുത്തിയുമൊക്കെ അനുസരിപ്പിക്കുവാൻ ശ്രമമായി. മെല്ലെ കാര്യങ്ങൾ കൈയ്യാങ്കളിയിലേക്കെത്തി. ഒടുവിൽ സഹിക്കാനാവാതെ വന്നപ്പോൾ ഭർത്താവുമൊപ്പമുള്ള പൊറുതി  മതിയാക്കി, കിട്ടിയതൊക്കെ കെട്ടിപ്പെറുക്കി അനീറ്റ അവളുടെ വീട്ടിലേക്കു പോയി. ഇപ്പോൾ വിവാഹമോചന കേസ് നടക്കുകയാണ്.

സ്ത്രീ പുരുഷ ബന്ധങ്ങളിലും അടിസ്ഥാന പെരുമാറ്റ പ്രക്രിയയിലും വേണ്ട അവബോധം ഇല്ലാത്തതിന്റെ പരിണിത ഫലം ആയിരുന്നു ഈ സംഭവം. ഇരുവരുടെയും മാതാപിതാക്കൾ മക്കൾക്കു ഉന്നത  വിദ്യാഭ്യാസം നൽകി. എന്നാൽ ജീവിത പാഠങ്ങൾ  നൽകിയില്ല.

മറ്റു പലതിലും എന്നത്  പോലെ ഇക്കാര്യത്തിലും അഭ്യസനം ആരംഭിക്കേണ്ടത് വീട്ടിൽ തന്നെ. വാക്കുകളിലൂടെയും പ്രവൃത്തിയിലൂടെയും മാതാപിതാക്കൾ വീട്ടിൽ വെളിപ്പെടുത്തുന്ന മാതൃകകളാണ് സ്ത്രീയുടെയും പുരുഷന്റെയും റോളുകളെ പറ്റിയുള്ള  ധാരണകളുടെ അടിത്തറ കുഞ്ഞിന്റെ മനസ്സിൽ പാകുന്നത്.

ആദ്യത്തെ കണ്മണി?

ജനിച്ചത് പെൺകുട്ടി ആണെന്ന് കേൾക്കുമ്പോൾ പലരുടെയും മുഖത്തു ശോകച്ഛവി പടരുന്നത് കണ്ടിട്ടുണ്ട്. ആദ്യത്തെ കണ്മണി ആണായിരിക്കണം എന്ന മിഥ്യാധാരണയിൽ നിന്നാണ് ഇത്തരം ആശയങ്ങൾ രൂപം കൊള്ളുന്നത്. മക്കൾ ദൈവത്തിന്റെ ദാനം എന്നാണ് വേദസൂക്തം. ഈശ്വരന്റെ ദൃഷ്ടിയിൽ ആൺകുട്ടി എന്ന ദാനം,  പെൺകുട്ടി എന്ന ദാനത്തേക്കാൾ മികവ് കൂടിയതൊന്നുമല്ല. ഞങ്ങൾ ഒരു ആൺകുട്ടിക്ക് വേണ്ടിയാണ് പ്രാർഥിച്ചത്. പക്ഷെ ജനിച്ചത് ഒരു പെണ്ണായിരുന്നു എന്ന് ദൈവത്തോട് പരിഭവം പ്രകടിപ്പിക്കുന്നവരുണ്ട്. ഇത്തരം പ്രസ്താവനകൾ പൂർണ്ണമായും ഒഴിവാക്കേണ്ടതാണ്. മനസ്സിൽ അങ്ങനെ ഒരു ചിന്ത ഉണ്ടായാൽ അത് മുളയിലേ നുള്ളിക്കളയണം.

ആൺകുട്ടിക്കു കൊടുക്കുന്ന അതേ  മൂല്യവും മാന്യതയും   പെൺകുട്ടിക്കും കൊടുക്കുക എന്നതാണ് വീട്ടിൽ ചെയ്യേണ്ട ഒന്നാമത്തെ കാര്യം.

ഇരുവരും ഈശ്വര ദൃഷ്ടിയിൽ തുല്യരാണ്. മാതാപിതാക്കളുടെ മുൻപിലും അങ്ങനെ ആയിരിക്കണം.

 വളർന്നു വരുമ്പോൾ ആൺകുട്ടിക്കും  പെൺകുട്ടിക്കും ഒരേ തരം പരിഗണന കൊടുക്കുക. ഒരു പോലെ ഉത്തരവാദിത്തങ്ങൾ ഏല്പിക്കുക, ഒരു പോലെ ജോലികൾ നൽകുക  എന്നിവയൊക്കെയാണ് വീട്ടിൽ ചെയ്യേണ്ട മറ്റൊരു  കാര്യം. ആൺകുട്ടിയെയും പെൺകുട്ടിയെയും, പേരെന്റ്സ് ഒരു പോലെ തന്നെ അംഗീകരിക്കുക. അപ്പോൾ സ്വന്തം സഹോദരിയെപ്പോലെ, സമൂഹത്തിലെ എല്ലാ സ്ത്രീകളെയും ആദരിക്കണമെന്ന  പൊതുബോധം മകനിൽ വളർത്തുവാൻ അച്ഛന് കഴിയും.

കായികക്ഷമതയിൽ,  ആണ് - പെൺ  വ്യത്യാസം ഉണ്ടാകാം. വികാര പ്രകടനത്തിൽ വ്യത്യസ്തത ഉണ്ടാവാം. പെരുമാറ്റ രീതിയിലും വൈജാത്യങ്ങൾ ഉണ്ടാവാം. എന്നാൽ ഇവർ ഇരുവരുടെയും മൂല്യം തുല്യമാണ്. ഒരു പുരുഷന് ഒരിക്കലും സ്ത്രീയുടെ  ദൗത്യങ്ങൾ ഏറ്റെടുക്കുവാൻ കഴിയില്ല. സ്ത്രീക്ക് പുരുഷൻ ആകുവാനും കഴിയില്ല. ആവേണ്ട ആവശ്യവും ഇല്ല. പ്രകൃതിയും സമൂഹവും ഇരുവർക്കും സമ്മാനിച്ചിട്ടുള്ള വ്യത്യസ്തമായ ഉത്തരവാദിത്തങ്ങൾ കൃത്യമായി നിറവേറ്റിയാൽ മതിയാകും.

പുരുഷൻ സ്ത്രീയെ വില കുറച്ചു കാണാൻ ശ്രമിക്കുന്നത് പോലെ അപകടകരമായ ഒരു കാര്യമാണ് സ്ത്രീ പുരുഷൻ അകാൻ ശ്രമിക്കുന്നതും. തങ്ങളുടെ റോൾ വില കുറഞ്ഞതാണെന്ന അപകർഷതാ ബോധം പെൺകുട്ടികൾക്ക് ഉണ്ടാകുമ്പോളാണ്, ആൺകുട്ടികളെ പോലെ പെരുമാറുവാനും സംസാരിക്കുവാനും, വസ്ത്രം ധരിക്കുവാനും, തങ്ങളുടെ സ്വത്വത്തെ മറച്ചു പിടിച്ചു മറ്റൊന്നിലേക്കു പടർന്നു കയറാനുമൊക്കെ ശ്രമിക്കുന്നത്. ഇതും ഒഴിവാക്കേണ്ടതാണ് എന്ന് സാന്ദർഭികമായി ഓർപ്പിക്കട്ടെ. ആണ് ആണായും,  പെണ്ണ് പെണ്ണായും തന്നെ വളർന്നു വരട്ടെ.

മാതാപിതാക്കളുടെ സംഭാഷണത്തിൽ നിന്നും പെൺകുട്ടികൾക്ക്  ഒരു അധമമനോഭാവം  ഉണ്ടാകരുത്. മാത്രമല്ല, സ്വന്തം ദൗത്യം നിർവഹിക്കാനുള്ള ഉത്തേജനവും ഊർജവും അവർക്കു നൽകുകയും വേണം. സ്ത്രീത്വത്തിനും പുരുഷത്വത്തിനും അതിന്റെതായ മൂല്യം ഉണ്ട്. പുരുഷനിൽ സ്ത്രീത്വവും സ്ത്രീയിൽ ആണത്വവും വർധിച്ചു വന്നാൽ അത് അശുഭ സൂചനയാണ്. പൂവൻ കോഴി കൂവിക്കോട്ടെ , പിടക്കോഴി മുട്ട ഇട്ടോട്ടെ. അവർ അവരുടെ ജോലി ചെയ്യട്ടെ. രണ്ടും ഒരുപോലെ പ്രാധാന്യമുള്ളതാണ് എന്നാണ്  നാം കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ടത്.

ഭാര്യയെ താഴ്ത്തികെട്ടരുത്

 അമ്മയെ മകന്റെ മുൻപിൽ താഴ്ത്തി കെട്ടുന്ന അച്ഛൻ വികലമായ മാതൃകയാണ് നൽകുന്നത്.  വീടുകളിലെ സംഭാഷണത്തെപറ്റി പറഞ്ഞല്ലോ.   "പെൺബുദ്ധി പിൻബുദ്ധി," "പെൺവാക്ക് കേൾക്കുന്നവൻ പെരുവഴിയിൽ" എന്നൊക്കെയുള്ള ചൊല്ലുകളിലൂടെ അമ്മയെ  താഴ്ത്തി കെട്ടുന്ന അച്ഛനും, അതെല്ലാം നിശബ്ദം കേൾക്കുന്ന അമ്മയും എന്ത് ചിത്രമാണ് ഒരു മകന്റെ മനസ്സിൽ കോറിയിടുന്നുതു? പുരുഷന് എന്തുമാവാം, എന്തും പറയാം, എല്ലാം കേൾക്കുകയും എല്ലാം അടിമയെപ്പോലെ അനുസരിക്കകുക മാത്രം ചെയ്യേണ്ടവളാണ് സ്ത്രീ എന്നതായിരിക്കും മകൻ മനസിലാക്കുക.

സ്ത്രീ സമൂഹത്തെ ഒന്നാകെ രണ്ടാം  തരക്കാർ  ആയിട്ടായിരിക്കും അവൻ പിന്നീട് കാണുക. ചോദ്യം ചെയ്യപ്പെടാതെയുള്ള ആൺവിധേയത്വമാണ് പെണ്ണിന്റെ ധർമം,  ഭാര്യ ഉൾപ്പെടെയുള്ള സ്ത്രീ വർഗം തങ്ങളുടെ അടിമകളായി ജീവിക്കണം എന്നിങ്ങനെയൊക്കെയുള്ള  ചിന്ത അവനെ ക്രമേണ ഭരിച്ചു തുടങ്ങും. സ്ത്രീകൾ പുരുഷന്മാരുടെ ഉപഭോഗവസ്തുക്കൾ മാത്രം എന്ന തോന്നലും അവനിൽ രൂഢമൂലമാകും. വികലമായ ഒരു മാനസികാവസ്ഥയിലേക്കായിരിക്കും കുട്ടി എത്തിച്ചേരുക. തന്റെ  താല്പര്യത്തിനു ഒരു പെൺകുട്ടിയോ മുതിർന്ന സ്ത്രീയോ വിധേയപ്പെട്ടിട്ടില്ലെങ്കിൽ, അവരെ കീഴ്പ്പെടുത്തണം എന്നൊക്കെ ഉള്ള ചിന്തകൾ ഉടലെടുക്കുന്നത് ഈ മനോഭാവത്തിൽ നിന്നാണ്.

സ്ത്രീ അടിമയും അല്ല ഉടമയും അല്ല. സ്വതന്ത്ര വ്യക്തിത്വം ആണ്.

ഒരു പൂന്തോട്ടത്തിലെ എല്ലാ പൂക്കളും ഒരു പോലെ അല്ല. അവിടെ മുല്ലപ്പൂവും റോസാപ്പൂവും , പിച്ചകവും, ജമന്തിയും ഒക്കെ ഉണ്ടാവും. ഒരു പുഷ്പവും ഒന്നിനേക്കാൾ ശ്രെഷ്ഠമല്ല. ഓരോന്നിനും വിവിധ ഗന്ധവും വിവിധ സൗന്ദര്യവും ആയിരിക്കും ഉണ്ടാവുക എന്ന് മാത്രം.  പുരുഷനും സ്ത്രീക്കും വ്യത്യസ്തമായ റോൾ ആണ് ഉള്ളതെങ്കിലും അവർ തുല്യരാണ്.

ഒരേ ദൗത്യം ആയിരിക്കില്ല അവർക്കു നിർവഹിക്കുവാൻ ഉള്ളത്. എന്നാൽ ഇരുവരുടെയും സ്വയമൂല്യത്തിന് തുല്യ സ്ഥാനം ഉണ്ട്.

വ്യത്യസ്തർ, പക്ഷെ തുല്യർ

പുരുഷനും സ്ത്രീക്കും വ്യത്യസ്തമായ റോൾ ആണ് ഉള്ളതെങ്കിലും അവർ തുല്യരാണ്.

ഒരേ ദൗത്യം ആയിരിക്കില്ല അവർക്കു നിർവഹിക്കുവാൻ ഉള്ളത്. എന്നാൽ ഇരുവരുടെയും സ്വയമൂല്യത്തിന് തുല്യ സ്ഥാനം ഉണ്ട്.

"അവനൊരു ആണല്ലേ" എന്ന് പറഞ്ഞു വീട്ടിൽ ആൺകുട്ടികളുടെ കുരുത്തക്കേടുകളെ ന്യായീകരിക്കുകയും പെൺകുട്ടിയെ ശാസിക്കുകയും ചെയ്യുന്നത് ആശാസ്യമല്ല.

ഒരു പ്രതിസന്ധിയിൽ പൊട്ടിക്കരയുന്ന മകനോട്, "നീ ആണല്ലേ, പെൺകുട്ടികളെ പോലെ കരയല്ലേ" എന്ന് പറയന്നവരുണ്ട്. സ്ത്രീ ദുർബല ആണെന്നും കണ്ണുനീർ തുള്ളിയുടെ പര്യായമാണെന്നും ഉള്ള ധാരണയാണ് ഈ വാക്കുകൾ ആണ്കുട്ടിയിൽ ചെലുത്തുന്നത്. ഈ ചിന്തകളെ പിന്താങ്ങുന്ന ദൃശ്യ മാധ്യമങ്ങളിലെ വിവിധ പരിപാടികൾ സൃഷ്ടിക്കുന്ന അപകടങ്ങൾ വളരെ വലുതാണ്. സ്ത്രീ കണ്ണുനീർ തുള്ളി എന്ന സീരിയൽ സങ്കൽപം സമീപകാലത്തു, സ്ത്രീ കാട്ടുതീ എന്ന സങ്കല്പത്തിലേക്കു മാറിയിട്ടുണ്ട്. അതും ശരിയല്ല. സർവംസഹയോ  സംഹാര ദുർഗ്ഗയോ ആയി  സ്ത്രീയെ കാണേണ്ടതില്ല. തന്നോട് താരതമ്യത്തിന് വിധേയപ്പെടുത്താതെ അവളെ അവളായി തന്നെ കാണുവാൻ ആൺകുട്ടികൾ പഠിക്കണം.  പിതാക്കന്മാരുടെ വാക്കുകളിലൂടെയും പെരുമാറ്റത്തിലൂടെയും ആൺകുട്ടി വളരെ കൃത്യമായി തന്നെ ഈ കാര്യങ്ങൾ അവന്റെ ബാല്യ കൗമാരങ്ങളിൽ മനസ്സിലാക്കണം.

ജീവിത പങ്കാളിയെയും ഇതര സ്ത്രീകളെയും  വില കുറഞ്ഞ, ഉപഭോഗവസ്തുക്കളായി കാണാതെ, തന്നെ പോലെ സ്വയമൂല്യം ഉള്ള ഒരു ഈശ്വര സൃഷ്ടിയായി പരിഗണിക്കുവാനും ആദരവോടെ കാണുവാനും ഒരു വ്യക്തി പഠിച്ചു തുടങ്ങേണ്ടത് വീട്ടിൽ നിന്നാണ്.

വീട്ടിലെ ചൊല്ലുകളും  ചെയ്തികളും അതിന് അനുയോജ്യമാക്കിയെടുക്കേണ്ടത് അച്ഛന്മാരാണ്.

( ശേഷം അടുത്തലക്കത്തിൽ )

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing