അച്ഛൻ അറിയാൻ - ഭാഗം12
ആരാണ് സ്മാർട്ട്, ഫോണോ നമ്മളോ?
ചക്രം, അച്ചടി യന്ത്രം, കമ്പ്യൂട്ടർ...
ഇവയൊക്കെ തമ്മിൽ പൊതുവായി എന്തെങ്കിലും ഉണ്ടോ?
ഉണ്ട്. ലോകചരിത്രത്തിന്റെ ഗതി മാറ്റി എഴുതിയ ചില കണ്ടുപിടുത്തങ്ങൾ ആണ് അവ. അവയിൽ അവസാനത്തേതും പ്രമുഖവും ആണ് കമ്പ്യൂട്ടറും ഡിജിറ്റൽ സാങ്കേതിക വിദ്യയും. അവ ഇന്ന് മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളെയും സ്വാധീനിച്ചു കൊണ്ടിരിക്കുന്നു. സ്മാർട്ട് ഫോണുകൾ നമ്മെ സമ്പൂർണമായി കീഴടക്കി കഴിഞ്ഞിരിക്കുകയാണ്. വിവരസാങ്കേതികവിദ്യയിലും കുതിച്ചു ചാട്ടം ഉണ്ടായിട്ടുണ്ട്. ഇതിനു ധാരാളം ഗുണങ്ങളും ഉണ്ട്. എന്നാൽ കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ വികസനത്തിൽ ഇത് ഏറെ അപകടങ്ങൾ സൃഷ്ടിക്കുന്നതായിട്ടാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പിതാക്കന്മാർ ഈ ചുവന്ന വെളിച്ചം തിരിച്ചറിയുകയും മക്കളെ ശരിയായ ദിശയിൽ നയിക്കുകയും ചെയ്തില്ലെങ്കിൽ, അപകടം സുനിശ്ചിതം.
ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പറയട്ടെ, സ്മാർട്ട് ഫോണും അത്യന്താധുനിക സാങ്കേതിക വിദ്യകളും ഇന്ന് കുട്ടികളുടെ ജീവിതത്തിന്റെ ഒരു അഭിവാജ്യഘടകമായി തീർന്നു കഴിഞ്ഞിരിക്കുന്നു. ഈ തലമുറ ഡിജിറ്റൽ ലോകത്തേക്കാണ് പിറന്നു വീഴുന്നത് തന്നെ. ടെക്‌നോളജിയുടെ സ്വാധീനം ഇനി പൂർവാധികം ശക്തിയോടെ തുടരുകയും ചെയ്യും. പഠനത്തിനും അറിവ് സമ്പാദനത്തിനും പുതിയ വഴിത്താരകൾ തുറന്നിട്ടുകൊണ്ട് പുത്തൻ തലമുറയെ തന്റെ വരുതിയിലാക്കിയിരിക്കുകയാണ് നൂതന സാങ്കേതിക വിദ്യകൾ.
ഡിജിറ്റൽ ബേബി സിറ്റർ
ശൈശവത്തിൽ തന്നെ നവീനസാങ്കേതികത മനുഷ്യജീവിതത്തിലേക്ക് കടന്നു വരികയാണ്. ഡിജിറ്റൽ ബേബി സിറ്റർ എന്നൊരു പദപ്രയോഗം തന്നെ പ്രചാരത്തിൽ വന്നു കഴിഞ്ഞു. രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള മാതാപിതാക്കളുടെ തിരക്കിനിടയിൽ കുഞ്ഞിനോടൊപ്പം ചെലവഴിക്കുവാൻ നേരം കിട്ടുന്നില്ല. ഈ കുറവ് പരിഹരിക്കുന്ന സാങ്കേതിക സംവിധാനങ്ങളാണ് ഡിജിറ്റൽ ബേബി സിറ്റർ.
കുഞ്ഞിന്റെ കൺമുൻപിലേക്ക് ആകർഷകമായ പരിപാടികൾ ഓൺ ചെയ്തു ഒരു ടാബ്‌ലെറ്റ് വച്ച് കൊടുത്താൽ കുഞ്ഞു ശാന്തനാകും. പക്ഷെ ഈ ശാന്തത മെല്ലെ മെല്ലെ ഒരു കൊടുംകാറ്റായി മാറുവാനുള്ള സാധ്യത ആണുള്ളത് എന്ന് പിതാവും മാതാവും വിസ്മരിക്കരുത്. ആ മേഖലയിലേക്കുള്ള ഒരു കൈചൂണ്ടിയാണ് ഈ കുറിപ്പ്.
അപകടം വരുന്ന വഴി
5 - 10 പ്രായപരിധിയിലുള്ള കുട്ടികൾ ശരാശരി ആറു മണിക്കൂറുകൾ കംപ്യൂട്ടറിന്റെയോ ഫോണിന്റെയോ സ്‌ക്രീനിൽ കണ്ണ് നട്ടിരിക്കുന്നു എന്നായിരുന്നു കണക്കു കൂട്ടപ്പെട്ടിരുന്നത്. എന്നാൽ കൊറോണ മൂലം ആരംഭിച്ച ഓൺലൈൻ വിദ്യഭ്യാസം കാരണം സമയദൈർഘ്യം വർധിച്ചു. സാങ്കേതികതയും കുട്ടികളും തമ്മിലുള്ള ഒരു പുതിയ ബാന്ധവവും തന്മൂലം ഉടലെടുക്കുകയുണ്ടായി. ഇത് കുട്ടിയുടെ ശാരീരികം, മാനസികം, സാമൂഹികം എന്നിങ്ങനെ സമസ്തമേഖലയുടെയും വളർച്ചയെ ബാധിക്കുന്നു എന്നാണ് ശാസ്ത്രജ്ഞരും ഭരണകൂടവും നടത്തുന്ന പഠനങ്ങൾ വെളിപ്പെടുത്തുന്നത്.
അച്ചടക്കമില്ലാത്ത ഒരു ജീവിത ശൈലി ഉരുത്തിരിയുന്നതാണ് പ്രശ്നങ്ങളിൽ പ്രമുഖം. പല ആരോഗ്യപ്രശ്നങ്ങൾക്കും ഇത് കാരണമായി തീരാം. കൃത്യമായ വ്യായാമപദ്ധതികൾ ഇല്ലാത്തതിനാൽ ശരീരത്തിന് അമിത തൂക്കം ഉണ്ടാകും.
'മൊബൈലിൽ നോക്കിയിരുന്നു കഴുത്തു വേദനിക്കുന്നു, കണ്ണ് കഴക്കുന്നു" എന്ന പരാതിയുമായി ഡോക്ടർമാരെ സമീപിക്കുന്നവരുടെ സംഖ്യ ഈ നാളുകളിൽ വർധിക്കുന്നു. കൃത്യമായ ഉറക്കത്തിന്റെ ചിട്ട ഇല്ലാതായി തീരുന്നതും അപകടമാണ്.
സ്‌കൂളിൽ കൂട്ടുകാർ ഒത്തുചേരുമ്പോൾ, അവരുടെ ഇടപാടുകളിൽ നിന്നും ആർജ്ജിക്കേണ്ട ഒട്ടേറെ സാമൂഹ്യ പാഠങ്ങളുണ്ട്. സമൂഹത്തിൽ നിന്നും സമ്പാദിക്കേണ്ട അനുഭവജ്ഞാനമുണ്ട്. ഓൺലൈൻ പഠനം മൂലവും സമൂഹ മാധ്യമങ്ങളിലുള്ള അമിതമായ വ്യാപാരം മൂലവും, കുട്ടികൾക്ക് അതിനുള്ള അവസരങ്ങൾ നിഷേധിക്കപെടുകയാണ് .
സമപ്രായക്കാരുമൊത്തുള്ള ഇടപാടുകളുടെ അഭാവത്തിൽ കുട്ടിയുടെ ആത്മധൈര്യം ചോർന്നു പോകാം. ആകുലതകളും ആശങ്കകളും അധികരിക്കാം. പരസ്പരം പ്രോത്സാഹിപ്പിക്കുവാനും വിട്ടു വീഴ്ച ചെയ്യുവാനും ഒക്കെ ഉള്ള കഴിവ് നേടാൻ സാധിക്കാതെ പോകുന്നു. പിയർ ഗ്രൂപ്പ് നൽകേണ്ട പോസിറ്റീവ് ഊർജം ലഭിക്കാതെ പോകുന്നത് കുട്ടികളുടെ സാമൂഹ്യവൽക്കരണത്തിൽ വലിയ വിടവാണ് ഉണ്ടാക്കുന്നത്. മിക്ക വീടുകളിലും ഒറ്റക്കുട്ടികളാണുള്ളത്. മറ്റൊരു കുട്ടി ഉണ്ടെങ്കിൽ തന്നെ അഞ്ചോ ആറോ വർഷത്തിന്റെ വ്യത്യാസം കാണും. സമപ്രായക്കാരുമായി സമ്പർക്കത്തിനുള്ള അവസരം ഇല്ലാതെ നാലു ചുമരുകൾക്കുള്ളിലേക്ക് അവരുടെ ജീവിതം ഒതുങ്ങുകയാണ്.
സമീപകാലത്തു കേട്ട ഒരു പരാതി : "എന്റെ മകൻ കുറെയധികം നേരം ഈ പുത്തൻ സാങ്കേതിക ഉപകരണങ്ങളോടൊപ്പം ചെലവഴിച്ചു കഴിയുമ്പോൾ അവൻ ഭൂതബാധിതനെ പോലെ ആയിത്തീരുകയാണ്. മനുഷ്യരുമായി ഇടപെടുവാൻ അവനു കഴിയാത്ത ഒരവസ്ഥ. പെരുമാറ്റം യാന്ത്രികവും ചിലപ്പോൾ മൃഗീയവും ആയി മാറുന്നു. ഒരു തരം ടെക് - ഒബ്സെഷന് കുട്ടി വിധേയനാകുന്നു."
മാതാപിതാക്കൾ ഗൗരവത്തോടെ കാണേണ്ട ഒരു അവസ്ഥയാണിത്.
ബോഡി ഇമേജ് പ്രശ്നങ്ങൾ, ഇന്റർനെറ്റ് ഗെയിം അഡിക്ഷൻ തുടങ്ങി, അതീവഗുരുതരമായ ഓൺലൈൻ ചൂതാട്ടങ്ങളിൽ വരെ കുട്ടികൾ മെല്ലെ വ്യാപൃതരാകുകയാണ്. വിചാര വികാരങ്ങളില്ലാത്ത യന്ത്രങ്ങളുമൊത്തു അധികസമയവും വ്യാപാരിക്കുന്നതിനാൽ മാനുഷികവികാരങ്ങൾ ക്രമേണ കുറഞ്ഞു വരുന്നു. സഹാനുഭൂതിയും വിട്ടുവീഴ്ചാമനോഭാവവും കുറയുന്നു. ക്രിയാത്മകമായി ചിന്തിക്കുവാനുള്ള താല്പര്യം കുറയുന്നു. ചെറിയ പരാജയങ്ങളിൽ പോലും പെട്ടെന്നു തളർന്നു പോകുന്നു. ആശയവിനിമയത്തിൽ പോരായ്മകൾ ഉണ്ടാകുന്നു. പൊതുവെ ജീവിതനൈപുണ്യം കുറഞ്ഞ ഒരു തലമുറയാണോ വളർന്നു വരുന്നതെന്ന ആശങ്ക വച്ച്പുലർത്തുന്ന മനശ്ശാസ്ത്രജ്ഞരുണ്ട്.
ഇത്തരം പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരക്രിയകൾ വീട്ടിൽ ആണ് തുടങ്ങേണ്ടത്. അല്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴി തെളിക്കപ്പെടാം.
എങ്ങനെയാണു അഡിക്ഷൻ ഉണ്ടാവുന്നത്?
നന്മയായാലും തിന്മയായാലും ഏതു മേഖലയിലും പരിധിയില്ലാത്ത ഇടങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടു പോകാൻ സ്മാർട്ട് ഫോണിന് കഴിയും എന്നതാണ് നാം ഇതിനു അഡിക്ട് ആകുവാൻ കാരണം. അറിവിന്റെ ആഴക്കടലുകളിൽ മുങ്ങാംകുഴിയിടാൻ നമുക്ക് സാധിക്കും. അപ്പോൾ തന്നെ സ്വകാര്യതയിലിരുന്നു കൊണ്ട് രഹസ്യങ്ങളിലേക്കു ഊളിയിടാനും സാധിക്കും.
സുരേഷ് രാവിലെ സ്കൂളിൽ പോകുന്നതിനു മുൻപേ വെറുതെ തന്റെ ഫേസ്ബുക്കിൽ ഒന്ന് കയറി നോക്കിയതാണ്. അവിടെ നിന്നൊരു ക്ലിക്കിലൂടെ അറിയാതെ യൂട്യൂബിലേക്കു പോയി. ക്രമേണ അതിരുകൾ ലംഘിച്ചുള്ള വീഡിയോയിലേക്കു വിരലുകൾ ചലിച്ചു. എങ്ങനെ അവിടെ എത്തിയെന്നോ എങ്ങനെ പുറത്തിറങ്ങുമെന്നോ എത്തും പിടിയും കിട്ടാത്ത അവസ്ഥയിലേക്ക് സുരേഷ് വളരെ വേഗം വഴുതി വീണു. മണിക്കൂറുകൾ അടർന്നു വീഴുന്നത് പോലും അവന്റെ ശ്രദ്ധയിൽ പെട്ടില്ല.
മൊബൈൽ അഡിക്ഷൻ കുട്ടികളെ മാത്രം ബാധിക്കുന്ന ഒരു പ്രശ്നമല്ല. പത്തും പന്ത്രണ്ടും മണിക്കൂറുകൾ മുതിർന്നവർ പോലും ഇപ്പോൾ സ്മാർട്ട് ഫോണിനോടൊപ്പമാണ്. രാവിലെ ഉണർന്നാലുടനെ വാട്സ് ആപ്പിലൂടെ ഒരു പ്രദക്ഷിണം. തുടർന്ന് സന്ദേശങ്ങൾക്കുള്ള മറുപടി നൽകൽ. പിന്നെ ഫേസ് ബുക്കായി, യു - ട്യൂബായി, ലിങ്ക്ഡ് - ഇന്നും ടിക് ടോക്കുമൊക്കെയായി..
യു ട്യൂബ് ചാനലുകൾ നടത്തുന്നവരുടെ സംഖ്യയും ക്രമാതീതമായി വർധിച്ചു. നിൽക്കുന്നതും തിരിയുന്നതും, കഴിക്കുന്നതും ഉറങ്ങുന്നതുമെല്ലാം ഷൂട്ട് ചെയ്തു ചൂണ്ടക്കൊളുത്തുകൾ പോലുള്ള ടാഗ്‌ലൈനും ചേർത്തു പോസ്റ്റ് ചെയ്യുന്നത് പലരുടെയും ദിനചര്യയുടെ ഭാഗമായി കഴിഞ്ഞു. അല്പം ലൈംഗീകതയുടെ ചേരുവയും കൂടെ ഉണ്ടെങ്കിൽ വൈറലാകുവാൻ പിന്നെ മറ്റൊന്നും വേണ്ട. സ്വന്തം നിക്കർ അലക്കുന്നതു എങ്ങനെയെന്ന് ഷൂട്ട് ചെയ്ത് വ്ലോഗ് ആക്കിയ അഞ്ചു വയസ്സുകാരൻ ലക്ഷക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ചത് അടുത്ത കാലത്താണ്. ഇത്തരം കാര്യങ്ങളിൽ വ്യാപൃതരാകുവാൻ പല മാതാപിതാക്കളും കുട്ടികളെ നിർബന്ധിക്കുകയാണിന്നു. കുട്ടികൾ അതിനു തയ്യാറാകാതെ ഇരുന്നാൽ, അവർ 'ഗുഡ് ഫോർ നതിങ്'എന്ന് മുദ്ര കുത്തപ്പെടുന്നു. ലൈക്കുകളുടെ എണ്ണം അനുസരിച്ചു കുട്ടിയുടെ സ്മാർട്നെസ്സ് അളക്കുന്ന ഒരു സംസ്കാരം ന്യൂ ജനറേഷൻ പാരന്റ്സിനെ ബാധിച്ചുവോ എന്ന് സംശയം.
ദിനചര്യകൾക്ക് ഇടവേളകൾ കിട്ടുമ്പോഴൊക്കെയും കൈ നീളുകയാണ്, സ്മാർട്ട് ഫോണിലേക്കു. തന്റെ പോസ്റ്റുകൾക്ക് വ്യൂ എത്രയായി? ഇന്നെത്ര ലൈക്കുകൾ കിട്ടി? പുതിയ പോസ്റ്റുകൾ എന്തൊക്കെ? ഇങ്ങനെ രാപ്പകലില്ലാതെ സ്മാർട്ട് ഫോണുകളിൽ അഭിരമിക്കുന്ന മാതാപിതാക്കളെ കണ്ട് വളരുന്ന കുട്ടിയിലും രൂപം കൊള്ളുന്ന ജീവിത ശൈലി. ഇത് തന്നെ ആയിരിക്കും.
രാജുവും രാധയും ഭർത്താവും ഭാര്യയും ആണ്. ഒരേ കൂരയുടെ കീഴെ അന്തി ഉറങ്ങുന്നവർ. പക്ഷെ ജന്മദിനവും വിശേഷദിവസങ്ങളും പരസ്പരം ആശംസിക്കുന്നുതു വാട്സ് ആപ്പിലൂടെ ആണെങ്കിലോ? മക്കളുടെ ചാട്ടം പിന്നെ വളയമില്ലാതെ ആയിരിക്കും എന്ന് മറക്കേണ്ട.
നമ്മെയും സ്മാർട്ട് ഉപകരണങ്ങളെയും തമ്മിൽ വിഭജിക്കാനാവാത്ത ഒരു സ്ഥിതിയാണ് ഇന്ന് സംജാതമായിരിക്കുന്നത്. മുതിർന്നവർക്ക് പോലും ഇത് ഏറെ ശ്രമകരമെങ്കിൽ എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുങ്ങളുടെ അവസ്ഥ ഊഹിക്കാവുന്നതല്ലേയുള്ളൂ. ഈ പകർച്ചവ്യാധിയെ കൈകാര്യം ചെയ്യുവാൻ അനേകം മാതാപിതാക്കൾക്കും അറിഞ്ഞു കൂടാ എന്നതാണ് ഭയാനകമായ വാസ്തവം. നമുക്കു തന്നെ നമ്മെ നിയന്ത്രിക്കുവാൻ ആവുന്നില്ലെങ്കിൽ പിന്നെ കുട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ ആവുന്നതെങ്ങനെ ?
നിരോധനം വേണ്ട, നിയന്ത്രണം മതി?
സ്ക്രീൻ ഉപയോഗം പൂർണമായും നിരോധിക്കുവാൻ കഴിയില്ല. അത് സാമൂഹ്യ പ്രശ്നങ്ങൾക്കും പഠനപ്രശ്നങ്ങൾക്കും വഴിമരുന്നിട്ടേക്കാം.
"പറയുന്നതെല്ലാം കൃത്യമായി ചെയ്താൽ ഫോൺ തരാം. ഇല്ലെങ്കിൽ ഫോണിൽ തൊടരുത്" എന്നൊക്കെ ചില പിതാക്കന്മാർ പറയുന്നത് കേട്ടിട്ടുണ്ട്. അത്തരം നിയന്ത്രണ രീതികളും ശരിയല്ല. അപകടകരമാം വിധം മുൻഗണനകളെ തിരുത്തുവാൻ ഈ ചിന്ത കാരണമാകും .
വിഷമിക്കേണ്ട. ടെക്നോളജി എന്ന ഇരുൾ നിറഞ്ഞ തുരങ്കത്തിന്റെ അഗ്രത്തിൽ വെളിച്ചത്തിന്റെ തുരുത്തുണ്ട്. സാങ്കേതിക വിദ്യകൾ സൃഷ്ടിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ട്.
പ്രതിസന്ധികൾ പുതിയ കാര്യമല്ല. മുതിർന്നവരോട് സംസാരിച്ചാൽ അറിയാം, അവരുടെ കാലഘട്ടത്തിലും സമാനമായ പ്രതിസന്ധികൾ അവരും നേരിട്ടിരുന്നു. അവസ്ഥാന്തരം ഉണ്ടായിരുന്നു എന്ന് മാത്രം. ഓരോ കാലത്തും പുതുമയെ പുല്കാനുള്ള വ്യഗ്രത പുതു തലമുറകൾക്കു ഉണ്ടായിരുന്നു. അത് അല്പമല്ലാത്ത പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തിരുന്നു. എങ്കിലും ഒരു മഴയും തോരാതിരുന്നിട്ടില്ല, ഒരു രാവും പുലരാതിരുന്നിട്ടില്ല. പ്രതീക്ഷ കൈ വിടരുത്.
കുട്ടികളുടെ അപകടകരമായ മൊബൈൽ ബാന്ധവത്തിൽ നിന്നും അവരെ രക്ഷിക്കാനുള്ള പോരാട്ടത്തിൽ മാതാപിതാക്കൾ ഏകരല്ല എന്നതാണ് ആശ്വാസകരമായ ഒരു കാര്യം. നാം ഭയക്കുന്ന ഈ സാങ്കേതികത തന്നെ നമ്മുടെ സഹായത്തിനുണ്ട്. കുട്ടികൾ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കാനും കയറി ഇറങ്ങുന്ന സൈറ്റുകൾക്ക് അതിർത്തി രേഖപ്പെടുത്തുവാനും ആവശ്യമായ സാങ്കേതിക സഹായം ഇന്ന് ഫോണുകളിൽ തന്നെ ഉണ്ട്. അതിനു നമ്മെ സഹായിക്കുന്ന നെറ്റ്‌വർക്ക് സെക്യൂരിറ്റി സംവിധാനങ്ങൾ ഉപയോഗിക്കാം. സ്കൂളിൽ നിന്നും കുട്ടി ക്ഷേമത്തോടെ വീട്ടിലെത്തുമ്പോൾ അച്ഛന്റെ ഫോണിൽ അലാറം മുഴങ്ങും. മകന്റെ ഫോണിൽ ഇത്തരം സംവിധാനങ്ങൾ ക്രമീകരിക്കുന്നതിലൂടെ അച്ഛന് ഒട്ടേറെ നിയന്ത്രണങ്ങൾ നടപ്പിലാക്കുവാൻ സാധിക്കും.
അമിതോപയാഗം കാണുമ്പോൾ കുട്ടിയുടെ കയ്യിൽ നിന്നും ഫോൺ ബലമായി പിടിച്ചു വാങ്ങുന്നത് കണ്ടിട്ടുണ്ട്. അത് പാടില്ല. ആ പ്രവർത്തി അവന്റെ മനസ്സിൽ മുറിവേകം. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കണം. പകരം ഓരോ ആഴ്ചയിലുമുള്ള ഇന്റർനെറ്റ് ഉപയോഗപരിധി മുൻകൂട്ടി നിർണയിച്ചു നിയന്ത്രിക്കാൻ കഴിയും. ഇതിനും സാങ്കേതിക സഹായം ലഭിക്കും. സ്മാർട്ട് ഫോണുമായി കുട്ടി അടച്ചിട്ട മുറിയുടെ സ്വകാര്യതയിലേക്കു പോകാൻ അനുവദിക്കരുത്.
കുട്ടിക്ക് ഉണ്ടായേക്കാവുന്ന സാമൂഹ്യപ്രശ്നങ്ങൾ പരിമിതപ്പെടുത്തുവാനും മാർഗങ്ങളുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും മകന് സമപ്രായക്കാരുമായി വീഡിയോ കോളിനുള്ള അവസരം ഉണ്ടാക്കി കൊടുക്കുവാൻ പിതാവ് ശ്രദ്ധിക്കണം.
"ഞങ്ങളുടെ മകൾ യുവാന വളരെ ക്രിയേറ്റീവ് ആണ്," യുവാനയുടെ മാതാവ് ജെനി പറഞ്ഞു, "ആഴ്ചയിൽ പല വിശേഷാവസരങ്ങളും ദിനാചരണങ്ങളും ഉണ്ടല്ലോ. അപ്പോൾ ചുറ്റുപാടിലും കിട്ടുന്ന വസ്തുക്കൾ കൊണ്ട് മകൾ പല കരകൗശല വസ്തുക്കളും ഉണ്ടാക്കും. അവളുടെ കൂട്ടുകാരും അങ്ങനെ ഒക്കെ തന്നെ. ഇവരെല്ലാം കൂടെ എല്ലാ ഞായറാഴ്ചകളിലും വൈകിട്ട് ഓൺലൈനിൽ ഒരുമിച്ചു കൂടും. എന്നിട്ട് ഓരോരുത്തരുടെയും കലാവസ്തുക്കൾ പ്രദർശിപ്പിക്കും. വാരവിശേഷങ്ങൾ പങ്കു വെക്കും, കളിക്കും. തമാശകൾ പറയും. ഞങ്ങളുടെ മേൽനോട്ടം ഇതിനുണ്ടാവും." തന്റെ മകൾക്കു നഷ്ടമാകുന്ന സാമൂഹ്യബന്ധങ്ങളെ ഒരു പരിധി വരെ എങ്കിലും വീണ്ടെടുക്കാനുള്ള ശ്രമമാണ് ജെനിയുടേത്. ഇത് അഭിനന്ദനാർഹമാണ്.
സ്ക്രീനിനു വെളിയിലേക്ക്
സ്ക്രീനിനു വെളിയിലുള്ള വിനോദങ്ങളിലേക്കു കുട്ടിയെ മാതാപിതാക്കൾ നയിക്കേണ്ടത് അത്യാവശ്യമാണ്. കുട്ടികളുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുവാനും മറക്കരുത്. ചിത്രകല, സംഗീതം ഡാൻസിങ്, പെയിന്റിംഗ് തുടങ്ങി അവർക്കു താല്പര്യമുള്ള മേഖലകളിൽ ഏർപ്പെടുവാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക. മികവ് പ്രകടിപ്പിക്കുമ്പോൾ അഭിനന്ദിക്കുക. അവരുടെ കലാപ്രകടനങ്ങൾ ചിത്രീകരിച്ചു സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുവാനും കഴിയും.
പൂന്തോട്ടം ഒരുക്കുക. അക്വേറിയം തയ്യാർ ചെയ്യുക, ചെറിയ തോതിൽ കൃഷിയിൽ ഏർപ്പെടുക തുടങ്ങി ജീവിതഗന്ധമുള്ള കാര്യങ്ങളിലും അവരെ ഇടപെടുത്തണം.
ഓൺലൈൻ ക്ലാസുകൾ, ഹോം വർക്കുകൾ, അകത്തും പുറത്തുമുള്ള വിനോദ പരിപാടികൾ, വ്യായാമം, വിശ്രമം, ഭക്ഷണം, ഉറക്കം എന്നിവക്കെല്ലാം കൃത്യമായി ഒരു ടൈം ടേബിൾ ഉണ്ടാക്കുവാനും അത് നടപ്പിലാക്കുവാനും മാതാപിതാക്കൾ കുട്ടിയെ സഹായിക്കേണ്ടതുണ്ട്.
ഉറങ്ങുന്നതിനു ഒരു മണിക്കൂർ മുൻപെങ്കിലും മൊബൈൽ ഫോണും മറ്റു ഉപകരണങ്ങളും മാറ്റി വെക്കുന്നതും ഉചിതമായിരിക്കും. ഇങ്ങനെയെല്ലാമാണെങ്കിലും കുഞ്ഞുങ്ങൾക്ക് അമിതമായ മാനസിക ആശങ്കകൾ ഉണ്ടാകാം. അത്തരം ഘട്ടങ്ങളിൽ ഒരു സൈക്കോളജിസ്റിനെ കാണിക്കുവാനും മടിക്കരുത്.
കേരളത്തിൽ ഇതിനകം മുന്നൂറിലധികം സ്‌കൂളുകളിൽ നടപ്പാക്കിയ ഓ ആർ സി ( Our Responsibility to Children ) പദ്ധതി കുട്ടികളിൽ മാനസിക പ്രശ്നങ്ങൾ പ്രതിരോധിക്കുവാനുള്ള സംവിധാനമാണ്. സർക്കാർ തലത്തിലുള്ള അത്തരം കാര്യങ്ങളെ പറ്റിയും നാം ബോധവാന്മാരാകേണ്ടതുണ്ട്.
ശാസ്ത്രം എക്കാലത്തും രക്ഷകനും ശിക്ഷകനും ആയിരിക്കും. നാം ശാസ്ത്രത്തെ നമ്മുടെ നായകൻ അകാൻ അനുവദിക്കരുത്. അവ നമ്മുടെ ദാസരാകട്ടെ.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.