Huddle

Share this post
അച്ഛൻ അറിയാൻ - ഭാഗം 11
www.huddleinstitute.com

അച്ഛൻ അറിയാൻ - ഭാഗം 11

മനസ്സിന് നൽകേണ്ട വാക്സിൻ

George Koshy
Sep 10, 2021
Share this post
അച്ഛൻ അറിയാൻ - ഭാഗം 11
www.huddleinstitute.com

വഴിയിലുടനീളം തേങ്ങിക്കരഞ്ഞു കൊണ്ടാണ് ഐൻസ്റ്റീന്റെ അമ്മ അന്ന് സ്കൂളിൽ നിന്നും വീട്ടിലേക്കു പോയത്. അമ്മയുടെ ചെറുവിരലിൽ കൈ ചുറ്റി കുഞ്ഞു ഐൻസ്റ്റീനും കൂടെ ഉണ്ടായിരുന്നു. അവനും കരയുകയാണ്. ഹെഡ്മാസ്റ്ററുടെ പരുഷമായ ചില വാക്കുകളാണ് അവരെ ഇരുവരെയും കരയിപ്പിച്ചത്.

"ഈ മണ്ടശിരോമണിയെ ഇനി മേലിൽ ഈ സ്‌കൂളിലേക്ക് വിട്ടേക്കരുത്. കുഴി മടിയനാണിവൻ. മഹാ ഉഴപ്പനും. ക്ലാസ്സിലെ മറ്റു കുട്ടികൾ കൂടെ ഇവൻ മൂലം വഷളാകും. "

ഏറെ പ്രതീക്ഷകളോടെ മകനെ സ്‌കൂളിലേക്കയച്ച ഒരു മാതാവിന്റെ ഹൃദയം തകർന്നു പോകാൻ ഇതിൽ പരം എന്ത് വേണം?

പക്ഷെ അവർ നിരാശപ്പെട്ടിരുന്നില്ല. വൈകാതെ മാതാപിതാക്കൾ മകനെ കളികളിലൂടെയും മറ്റും പാഠങ്ങൾ അഭ്യസിപ്പിക്കുന്ന ഒരു സ്‌കൂളിൽ കൊണ്ടാക്കി. ശേഷമുള്ള ചരിത്രം നമുക്കറിയാം. ലോകം കണ്ട ഏറ്റവും ശ്രദ്ധേയനായ ഒരു ശാസ്ത്രജ്ഞന്റെ പരിണാമ കഥയാണത്. സത്യത്തിൽ എന്താണ് സംഭവിച്ചത്? അതാണ് ഇന്ന് നാം ചിന്തിക്കുന്നത്.

ഒരു വാക്‌സിനെപ്പറ്റിയാണല്ലോ ഇന്ന് നാലാൾ കൂടുന്നിടത്തൊക്കെ ചർച്ച. കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിൻ.

എന്നാൽ എല്ലാ അച്ഛന്മാരും അറിഞ്ഞിരിക്കേണ്ട ഒരു വാക്‌സിനുണ്ട്. മകന്റെ മനസ്സിനേകേണ്ട വാക്‌സിനാണത്.

മാനസികമായും ശരീരശാസ്ത്രപ്രകാരവുമുള്ള ചില പ്രതിസന്ധികൾ  പുതിയ തലമുറ വളരെയധികമായി ഇന്ന് നേരിടുന്നുണ്ട്. എന്നാൽ യഥാസമയം ആ പ്രശ്നങ്ങൾ തിരിച്ചറിയുകയും, അംഗീകരിക്കുകയും, തുടക്കത്തിൽ  തന്നെ പ്രതിരോധിച്ചു, വേണ്ട വാക്‌സിൻ കൊടുക്കുകയും ചെയ്താൽ കുട്ടികൾ പ്രശ്നങ്ങളിൽ നിന്ന് മോചിതരാകും. അതിപ്രഗത്ഭന്മാരായി വളരുകയും ചെയ്യും. അതിനു ഉത്തമ  ഉദാഹരണമാണ്  വിശ്രുതശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ.

എന്തായിരുന്നു ഐൻസ്റ്റീന്റെ പ്രശ്നങ്ങൾ

1. ആറു വയസ്സെത്തും വരെ ഐൻസ്റ്റീൻ നേരെ ചൊവ്വേ സംസാരിക്കുമായിരുന്നില്ല. തട്ടിയും തടഞ്ഞുമൊക്കെയുള്ള ശിശുവിന്റെ സംസാരം ആരിലും സഹതാപം ഉണർത്തുമായിരുന്നു. ഇത്തരം കുട്ടികളുടെ  ഈ പ്രായത്തിലെ പ്രശ്നത്തിന്, ഇന്ന് വിളിക്കുന്ന പേര് തന്നെ ഐൻസ്റ്റീൻ സിൻഡ്രോം എന്നാണ്. 

2. ഉച്ചത്തിലുള്ള വായനയിലും ഐൻസ്റ്റീനു ബുദ്ധിമുട്ടുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. തന്റെ മനസ്സിലുള്ള ആശയങ്ങളും ചിന്തകളും സംസാരത്തിലൂടെയോ എഴുത്തിലൂടെയോ പ്രകടിപ്പിക്കുവാനും തനിക്കു പ്രയാസം നേരിട്ടു.

3. പഠിപ്പിക്കുന്ന പാഠങ്ങൾ ഓർത്തിരിക്കുവാൻ ഐൻസ്റ്റീനും സാധിക്കുമായിരുന്നില്ല.  എന്നാൽ ക്രിയാത്മകമായി പ്രോത്സാഹനം നൽകുന്ന ഒരു സ്കൂളിലേക്ക് മാറിയപ്പോൾ അവനിലെ കഴിവുകൾ പ്രകടമായി തുടങ്ങി.  

4. തന്റേതായ കാഴ്ചപ്പാടിലൂടെ ആയിരുന്നു ഐൻസ്റ്റീൻ ലോകത്തെ കണ്ടത്.  ചതുരപ്പെട്ടിയുടെ പുറത്തേക്കിറങ്ങി ( ഔട്ട് ഓഫ് ദി ബോക്സ്)  ചിന്തിക്കുവാൻ അവസരം ഉണ്ടായപ്പോൾ കാര്യങ്ങൾ മാറി മറിഞ്ഞു തുടങ്ങി.  അങ്ങനെയാണ് E = MC 2 എന്ന ആപേക്ഷിക സിദ്ധാന്തത്തിന്റെ ആവിർഭാവം.

5. ആൾക്കൂട്ടത്തിൽ നിന്നും അകന്നു നിൽക്കുവാനാണ് ഐൻസ്റ്റീൻ പൊതുവെ താല്പര്യപെട്ടിരുന്നത്.

6.  ഒന്നിലേറെ നിർദ്ദേശങ്ങൾ ഒന്നിച്ചു കൊടുത്താൽ ഓർത്തോർത്തു ചെയ്യുവാനും തനിക്കു ബുദ്ധിമുട്ടുണ്ടായിരുന്നു.

7. എഴുതുമ്പോൾ അക്ഷരങ്ങൾ മാറിപ്പോകുന്നതു സാധാരണമാണ്. b. യും d. യും തമ്മിൽ എപ്പോഴും മാറിപ്പോകും. pot. എന്നെഴുതിയാൽ top, എന്നാവും വരിക. കൂടാതെ വാചകങ്ങൾക്കിടയിൽ ഇടേണ്ട ചിഹ്നങ്ങൾ ഉണ്ടാവാറില്ല.

ഡിസ്ലെക്സിയ എന്ന പഠന വൈകല്യം ആയിരുന്നു ഐൻസ്റ്റീന് ഉണ്ടായിരുന്നതെന്നാണ് വൈദ്യലോകത്തിന്റെ നിഗമനം. 

പുറമെ നോക്കിയാൽ ഒരുപിടി പ്രശ്നങ്ങൾ. പക്ഷെ കാര്യങ്ങളെ സംയമനത്തോടെ നേരിട്ടാൽ ഡിസ്ലെക്സിയക്കാരുടെ ഈ പ്രശ്നങ്ങളെല്ലാം വലിയ സാധ്യതയിലേക്കുള്ള കവാടങ്ങൾ ആണ്. ഡിസ്ലെക്സിയ എന്ന പ്രശ്നമുള്ള കുട്ടികളുടെ സംഖ്യ ഇന്ന് ക്രമാതീതമായി വർധിക്കുന്നു എന്നാണ് കണക്കുകൾ വെളിപ്പെടുത്തുന്നത്. ഒരു പക്ഷെ ഇന്ന് ആളുകൾ അതിനെപറ്റി കൂടുതൽ ബോധവാന്മാർ ആകുന്നതിനാൽ കൂടുതൽ കേസുകൾ തിരിച്ചറിയപ്പെടുന്നതാവാം.  

എന്താണ് ഡിസ്ലെക്സിയ?

അക്ഷരങ്ങളും അക്കങ്ങളും വായിക്കുവാനും എഴുതുവാനും ഒരു വ്യക്തിക്ക് നേരിടുന്ന ബുദ്ധിമുട്ടിനെയാണ് ഡിസ്ലെക്സിയ എന്ന വാക്ക് കൊണ്ട് വിശേഷിപ്പിക്കുന്നത്. പദാന്ധത എന്നോ പഠനവൈകല്യം എന്നോ ഈ അവസ്ഥയെ വിശേഷിപ്പിക്കാറുണ്ട്. കൂടാതെ, ഒരു സംഭവ പരമ്പര ഓർത്തെടുക്കുവാനോ , ഒരു കുട്ടിക്കവിതയെങ്കിലും കാണാതെ പഠിക്കുവാനോ അവനു സാധിച്ചില്ലെന്ന് വരാം. എഴുത്തും വായനയും ഉൾക്കൊള്ളുന്ന ഗൃഹപാഠം ചെയ്യാൻ ഏറെ സമയം വേണ്ടി വന്നേക്കാം. സാധാരണമായ വിദ്യാഭ്യാസ സമ്പ്രദായത്തിലുള്ള കുട്ടികൾക്ക് ഇത് വളരെ പ്രയാസം ഉണ്ടാക്കുന്നതാണ്.  ഉഴപ്പനാണ് എന്നോ മടിയനാണ് എന്നോ അധ്യാപകരും കൂട്ടുകാരും വീട്ടുകാരുമൊക്കെ മുദ്ര കുത്തും. ഇത് അവരെ കൂടുതൽ അന്തർമുഖരാക്കും. എന്നാൽ ഇതൊരു രോഗാവസ്ഥ അല്ലെന്നു മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത്. ഒരുവന്റെ ബുദ്ധി വൈഭവത്തിന്റെയോ സാധ്യശക്തിയുടെയോ അളവുകോലുമല്ല.

നമ്മുടെ മസ്തിഷ്കത്തിലെ ഒരു പ്രധാന ഘടകം ആണല്ലോ സെറിബ്രം. സെറിബ്രത്തിനു രണ്ട് അർദ്ധ ഗോളങ്ങൾ (Hemisphere) ഉണ്ട്. ഈ അർദ്ധഗോളങ്ങളിൽ ഓരോ ഭാഗവും ഓരോ ദൗത്യമാണ് നിർവഹിക്കുന്നത്. സംസാരം, ഭാഷ, യുക്തിചിന്ത, ആസൂത്രണം, തിരിച്ചറിവുകൾ . ലൈംഗീകത, കല, ശാസ്ത്രീയത, വൈകാരികത, ഓർമ്മ, കായികം തുടങ്ങി ഒരു മനുഷ്യൻ വ്യാപരിക്കുന്ന എല്ലാ മേഖലകൾക്കും വ്യത്യസ്തമായ പോയിന്റുകൾ തലച്ചോറിൽ ഉണ്ടാവും. സാധാരണക്കാരിൽ ഈ മേഖലകൾ എല്ലാം ശരാശരിയായി പ്രവർത്തിക്കും.  എന്നാൽ ഡിസ്ലെക്സിക് ആയ കുട്ടികൾ ചില മേഖലകളിൽ പിന്നോക്കം പോയെന്നു വരം. അപ്പോൾ തന്നെ മറ്റു ചില മേഖലകളിൽ അവർ അതീവ മികവുള്ളവരായിരിക്കാം.

ആ മികവിന്റെ മേഖലകൾ ഏതാണെന്നു കണ്ടെത്തി, അവരെ അതുവഴി നയിക്കണം.  ബാല്യത്തിലെ ഇവരെ ശരിയായ നിലയിൽ തിരിച്ചു വിട്ടാൽ, അസാമാന്യ ബുദ്ധിജീവികളായി ഇവർ മാറും എന്നതാണ് സത്യം. സമൂഹത്തിൽ  സമുന്നതരായി തീരുകയും ചെയ്യും. എഴുത്തിലും വായനയിലും ഒരു കുട്ടിക്ക് ബലഹീനതയുണ്ടാവാം. പക്ഷെ കായിക മേഖലയിൽ അവൻ മിടുമിടുക്കാനാവാം. അല്ലെങ്കിൽ ചിത്രരചനയിൽ അതീവ താല്പര്യമുണ്ടാകാം. അവന്റെ ഇഷ്ടമേഖലകൾ ( ശക്തിമേഖലകൾ) എത്രയും വേഗം കണ്ടെത്തണം.   ഇവിടെയാണ് ശ്രദ്ധാലുവായ ഒരു അച്ഛന്റെ പങ്കാളിത്തം.     

 ആയുഷ്കാലം മുഴുവൻ ഈ 'പോരായ്മയും സവിശേഷതയും' ഒക്കെ ആ വ്യക്തിയുടെ കൂടെ ഉണ്ടാവും. എന്ന് വച്ച് സുഗമമായ ജീവിതത്തിന് ഇത് ഒരു നിലയിലും തടസ്സം ആകേണ്ടതില്ല.  അനുയോജ്യമായ പഠനരീതി അവലംബിക്കുകയും വൈകാരികമായ പിന്തുണ നൽകുകയും ചെയ്യുക എന്നതാണ് മാതാപിതാക്കളുടെ ഉത്തരവാദിത്തം.  എത്രയും നേരത്തെ ഡിസ്ലെക്സിയ കണ്ടെത്തുന്നുവോ അത്രയും നല്ലത്. ഇന്ന് പല അധ്യാപകരും  ഇത്  മനസ്സിലാക്കി മാതാപിതാക്കളോട് പറഞ്ഞാലും അവർ അത് അംഗീകരിക്കാൻ തയ്യാറാകുന്നില്ല എന്നത് ഒരു പ്രശ്നമാണ്. ഡിസ്ലെക്സിയ ഒരു മാനസിക രോഗം ആണെന്ന തെറ്റിദ്ധാരണയാണ് അതിന്റെ കാരണം. 20 ശതമാനം കുട്ടികൾക്കും ഇന്ന് ഡിസ്ലെക്സിയ ഉണ്ടെന്നാണ് നിഗമനം.

യു ഡോണ്ട് ഹാവ് ട്ടു ബി എ ഡിസ്ലെക്സിക് ട്ടു ബികോം എ ജീനിയസ് എന്നൊരു ലേഖനം കുറേക്കാലം മുൻപ് വായിച്ചത് എന്റെ ഓർമയിലുണ്ട്. എന്ന് വച്ചാൽ,  ഡിസ്ലെക്സിക് ആണോ, എങ്കിൽ ഒരു ജീനിയസ് ആകാൻ എല്ലാ സാധ്യതയും ഉണ്ട് എന്ന് ചുരുക്കം.

ആദ്യത്തെ അമേരിക്കൻ പ്രസിഡന്റ് ആയിരുന്ന ജോർജ് വാഷിംഗ്‌ടൺ, തോമസ് ആൽവാ എഡിസൺ, ഹെൻറി ഫോർഡ് , മുഹമ്മദ് അലി, സ്റ്റീവ് ജോബ്സ്, ലിയനാർഡോ ഡാവിഞ്ചി, സ്കോട്ട് ഫിറ്റ്സ്ജറാൾഡ്, പട്രീഷ്യ പോലാക്കോ, സ്റ്റീവൻ സ്പീൽബർഗ്, റിച്ചാർഡ് ബ്രാൻസൺ  തുടങ്ങി ഒട്ടേറെ ലോക പ്രസിദ്ധർ ഈ സംഘത്തിലുള്ളവരാണെന്നു  മറക്കേണ്ട.

ആൺകുട്ടികൾക്കാണ് ഈ പ്രശ്‍നം കൂടുതലായി കണ്ട് വരുന്നത് എന്ന് പഠനങ്ങൾ വെളിപ്പെടുത്തുന്നു. ശ്രദ്ധാലുവായ ഒരു അച്ഛന് വളരെ നേരത്തെ തന്നെ കുട്ടിക്ക് ഈ പ്രശ്‍നം ഉണ്ടോ എന്ന് തിരിച്ചറിയുവാൻ കഴിയും. ഈ പ്രത്യേകതകൾ ഉള്ളവരിൽ പലരും  സ്‌കൂളിൽ പോകും മുൻപേ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. ചെറിയ കുട്ടിക്കവിതകൾ പോലും മനഃപാഠമാക്കുവാൻ അവർക്കു ബുദ്ധിമുട്ടായിരിക്കും. വായിക്കുവാൻ പ്രയാസം നേരിടും. ഇടതുവശം, വലതു വശം എന്നൊക്കെ പറഞ്ഞാൽ മനസ്സിലാക്കാൻ പ്രയാസപ്പെടും. സ്പെല്ലിങ് തലയിൽ കയറുകയില്ല. മറ്റു കുട്ടികളെ പോലെ സംസാരിക്കുവാൻ കൂട്ടാക്കുകയില്ല. ഇതൊക്കെ ഡിസ്ലെക്സിയയുടെ ചില ലക്ഷണങ്ങൾ ആണ്. എങ്കിലും ഈ മേഖലയിൽ പ്രാഗൽഭ്യം ഉള്ള മനശ്ശാസ്ത്രജ്ഞൻമാരുടെ അടുത്ത് കുട്ടിയെ കൊണ്ട് പോയി ഡിസ്ലെക്സിയ ടെസ്റ്റ് നടത്തി മാത്രമേ ഒരു തീരുമാനത്തിൽ എത്താവു.

ഈ സവിശേഷത തിരിച്ചറിഞ്ഞാൽ പിന്നെ അവനെ സഹായിക്കാൻ വേണ്ടിയുള്ള പല പദ്ധതികൾ ആവിഷ്കരിക്കണം. സ്‌കൂൾ അധ്യാപകർക്കും മനഃശാസ്ത്രജ്ഞർക്കും  ഇക്കാര്യത്തിൽ സഹായിക്കാൻ ആവും. പരീക്ഷക്ക് കൂടുതൽ സമയം ലഭിക്കുക, മറ്റൊരു കുട്ടിയെ വെച്ച് പരീക്ഷ എഴുതുക, എഴുത്തു പരീക്ഷ ഒഴിവാക്കുക തുടങ്ങി ഒട്ടേറെ ആനുകൂല്യങ്ങൾ ഇവർക്ക് സ്‌കൂളിൽ ലഭിക്കുന്നുണ്ട്.

അവരെ എങ്ങനെ സഹായിക്കാം?

ഡിസ്ലെക്സിക് ആയ കുട്ടികൾ വായനയും എഴുത്തും ഭാവിയിൽ പൂർണ്ണമായും ഒഴിവാക്കും എന്നൊന്നും ഭയപ്പെടേണ്ട. അവരെ പരിശീലിപ്പിക്കുവാൻ നിരവധി മാർഗങ്ങൾ ഉണ്ട്. അതിനു വേണ്ടി പ്രത്യേകം പരിശീലനം നേടിയവരുമായി ബന്ധപ്പെട്ട് ആ മാർഗങ്ങൾ പഠിച്ചെടുക്കുക. വായനയോടും എഴുത്തിനോടും കുട്ടിക്ക് അതൃപ്തി ഉണ്ടാകാൻ സാധ്യതയുള്ള അധ്യയന രീതികൾ ഒഴിവാക്കണം എന്ന് മാത്രം.

മറ്റു കുട്ടികളെ പോലെ പെർഫോം ചെയ്യാനാവാത്തതു കൊണ്ട്, വൈകാരികമായി ഈ കുഞ്ഞുങ്ങൾ ചിലപ്പോൾ നിരാശയിൽ അകപ്പെടാം.

അതുകൊണ്ട് അവർക്കു വേണ്ട വൈകാരിക പിന്തുണ നല്കാൻ പിതാവിന് കഴിയണം. അവർ നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ നന്നായി അഭിനന്ദിക്കണം. അവർക്കു കൂടുതൽ ശക്തി ഉള്ള മേഖലകളിൽ പ്രോത്സാഹിപ്പിക്കണം. ഡിസ്ലെക്സിയയും ബുദ്ധിയും തമ്മിൽ ബന്ധമൊന്നും ഇല്ലെന്നും, മറിച്ചു അവർക്കു കൂടുതൽ മിടുക്കന്മാർ ആകാൻ കഴിയുമെന്നും മഹാന്മാരുടെ ഉദാഹരണ സഹിതം പറഞ്ഞു കൊടുക്കുക.

സംഗീതം, പെയിന്റിംഗ്, അഭിനയം , ടെക്നോളജി എന്നിങ്ങനെ, കുട്ടിക്ക് താല്പര്യമുള്ള മേഖലകൾ കണ്ടെത്തിയാൽ അതിൽ വേണ്ടത്ര പ്രോത്സാഹനം നൽകുക. അവന് ആത്മവിശ്വാസമുള്ള പ്രവർത്തനങ്ങളിൽ മുഴുകുവാൻ അനുവദിക്കുക.

ഓഡിയോ ബുക്ക്സ് കേൾപ്പിക്കുന്നത് നല്ലതാണ്. എഴുതുന്നതിനു പകരം, കമ്പ്യൂട്ടർ ഉപയോഗിക്കട്ടെ. ലൈവ് ട്രാൻസ്‌ക്രൈബ്, പഠനം കളികളാക്കാനുള്ള 'ആപ്പുകൾ' എന്നിവയൊക്കെ പ്രയോജനകരമാണ്. ഒരു നേർരേഖയിൽ സ്കെയിൽ  വച്ച് വരികൾ വായിപ്പിക്കുന്നതും നല്ലതാണു. ശ്രദ്ധ കേന്ദ്രീകരിക്കാൻ അത് സഹായിക്കും.

സോജൻ - റീന ദമ്പതികളുടെ മകൻ സ്വരൂപ് പഠന വൈകല്യമുള്ളവനായിരുന്നു. ശൈശവത്തിൽ തന്നെ അവർ പരിഹാര മാർഗങ്ങൾ അവലംബിച്ചു  വന്നു. ഏഴു വയസുള്ളപ്പോൾ ഇക്കാര്യം അവർ സ്വരൂപിനോട് പറഞ്ഞു, "മോന് ഇങ്ങനെ ഒരു ചെറിയ വായനാപ്രശ്‍നം  ഉണ്ട്. മോൻ പേടിക്കേണ്ട. നമുക്ക് വേറെ വഴികൾ ഉണ്ട്. വായിക്കാൻ വേണ്ടി മോൻ കഠിനമായി ശ്രമിക്കുന്നത് നല്ലതു തന്നെ. മോനെക്കുറിച്ചു ഞങ്ങൾക്ക് വളരെ അഭിമാനം ഉണ്ട് " എന്നിങ്ങനെയൊക്കെ പറഞ്ഞു അവർ അവനെ ഉത്തേജിപ്പിച്ചു.

നിരന്തരം അവർ സ്വരൂപിനെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. ഇന്ന് അവൻ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ഉന്നതമായ പദവിയിൽ ജോലി ചെയ്യുകയാണ്. വിവാഹിതനായി, സന്തുഷ്ട കുടുംബജീവിതം  നയിക്കുന്നു.

അച്ഛന് ചെയ്യാവുന്ന കാര്യങ്ങൾ 

വിജയങ്ങൾ ആഘോഷമാക്കുക. പൂർത്തിയാക്കിയ ഒരു പ്രോജക്ടിന്റെ ഒടുവിൽ മകനോടൊപ്പം ഒരു ഉല്ലാസ യാത്ര ആവാം. സമ്മാനങ്ങൾ നൽകാം.

പരിപൂർണ്ണത ഒരിക്കലും പ്രതീക്ഷിക്കരുത്. അടുത്തെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതൊരു വലിയ വിജയമായി പരിഗണിക്കണം.

ഡിസ്ലെക്സിയ എന്നാൽ എന്താണെന്നു കുഞ്ഞിനെ പറഞ്ഞു മനസ്സിലാക്കിക്കുക. അത് അവരുടെ കുറ്റം അല്ലെന്നും ആ പരിമിതിയെ തങ്ങൾ ഒരുമിച്ചു മറികടക്കുമെന്നും അവനെ ധൈര്യപ്പെടുത്തുക.

കുട്ടിക്ക് ആസ്വാദ്യകരമായത്  അവൻ ചെയ്യട്ടെ. പഠനവുമായി ഒരു സന്തുലനത്തിനു അത് സഹയിക്കും.

കുട്ടിയുടെ കഴിവുകളും ടാലൻ്റുകളും പ്രോത്സാഹിപ്പിക്കുക. പഠനമാണ് പ്രധാന ജോലി എന്ന് അവനു തോന്നരുത്.

ലോക പ്രശസ്തരായി തീർന്ന നിരവധി വ്യക്തികൾ ഇതേ വഴിയിൽ സഞ്ചരിച്ചവരാണ് എന്ന് സ്വയം ഉറപ്പിക്കുക.

മാതാപിതാക്കളുടെ സ്നേഹം പ്രകടിപ്പിക്കുവാനുള്ള അവസരങ്ങൾ നന്നായി പ്രയോജനപ്പെടുത്തുക.

അലക്സാണ്ടർ ഗ്രഹാംബെല്ലിന്റെ വാക്കുകൾ  ശ്രദ്ധിക്കുക: "ഒരു വാതിൽ അടയുമ്പോൾ ദൈവം മറ്റൊരു വാതിൽ തുറക്കുന്നു ...പക്ഷെ മിക്കപ്പോഴും അടഞ്ഞ വാതിലിനു നേരെ നോക്കിയിരുന്നു നാം വിലപിക്കുന്നതിനാൽ തുറക്കപ്പെട്ടു പുതിയ വാതിലുകൾ കാണാറില്ല."

മക്കളുടെ കാര്യത്തിലും ഇത് സംഭവിക്കാം. ചില കാര്യത്തിൽ അവർ മറ്റുള്ളവരെപ്പോലെ പ്രാവീണ്യം കാണിക്കുന്നില്ല എന്ന് വരാം. ഒട്ടും നിരാശപ്പെടേണ്ട. അവരുടെ ഉള്ളിൽ തുറന്നു കിടക്കുന്ന മറ്റു ചില വാതിലുകൾ ഉണ്ടായേക്കാം. അത് കണ്ടെത്തുക. വിശാലമായ ആ വാതിൽ താണ്ടി പുതിയ വഴിയിലൂടെ കുതിക്കുവാൻ അവരെ പ്രാപ്തരാക്കുക. ഇതിൽ അച്ഛന്റെ പങ്കു വളരെ വലുതാണ്.

( ശേഷം അടുത്ത ലക്കത്തിൽ )

Comment
Share
Share this post
അച്ഛൻ അറിയാൻ - ഭാഗം 11
www.huddleinstitute.com

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing