ജീവിതത്തിലെ അദ്യത്തെ 1000 ദിവസങ്ങൾ
ഒരു മനുഷ്യന്റെ ജിവിതം എങ്ങനെയിരിക്കുമെന്നു തീരുമാനിക്കപ്പെടുന്നത് ഭ്രൂണം രൂപപ്പെടുന്നത് തൊട്ടുള്ള ആയിരം ദിവസങ്ങളാണെന്നു കരുതുന്നു. മാസം തികഞ്ഞു ജനിക്കുന്ന കുഞ്ഞുങ്ങൾ ഒൻപത് മാസം, അഥവാ 270 ദിവസങ്ങളാണ് ഗർഭപാത്രത്തിൽ കഴിയുന്നത്. അദ്യത്തെ രണ്ട് വർഷത്തിൽ 730 ദിനങ്ങൾ. രണ്ടാം പിറന്നാൾ ദിനത്തിൽ ഒരു കുഞ്ഞ് 1000 ദിവസങ്ങൾ പിന്നിടുന്നു. ഈ കാലഘട്ടത്തിലാണ് എറ്റവും കൂടുതൽ വളർച്ച ഉണ്ടാകുന്നത്. നമ്മളുടെ ഉയരത്തിന്റെ 50 ശതമാനവും, തൂക്കത്തിന്റെ 20 ശതമാനവും, തലച്ചോറിന്റെ വളർച്ചയുടെ 90 ശതമാനവും സംഭവിക്കുന്നത് ഈ കാലയളവിലാണ് .
ഗർഭാവസ്ഥയിൽ സംഭവിക്കുന്ന പല കാര്യങ്ങളും 'ആയുഷ്കാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഭവിഷ്യത്തുകൾക്കു കാരണമാകാം. ഉദാഹരണത്തിന് ഗർഭത്തിന്റെ ആദ്യ നാളുകളിൽ റൂബെല്ല എന്ന വൈറസ് രോഗം അമ്മയെ ബാധിക്കുകയാണെങ്കിൽ അത് കുഞ്ഞിനെ സാരമായി ബാധിക്കാം. ബുദ്ധിമാന്ദ്യം, അന്ധത, ഹൃദയത്തിനും മറ്റ് പല അവയവങ്ങൾക്കും ഉണ്ടാകുന്ന തകരാറുകൾ മിക്കപ്പോഴും ഗുരുതരമാകാം. വൈറസുകൾ, ബാക്ടീരിയ, ചില മരുന്നുകൾ, റേഡിയേഷൻ തുടങ്ങി കുഞ്ഞിനു പ്രശ്നങ്ങളുണ്ടാകുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കപ്പെടണം. പോഷകഗുണങ്ങളുള്ള ഭക്ഷണം മതിയായ അളവിൽ കഴിച്ചാൽ മാത്രമേ പിറക്കുന്ന കുഞ്ഞിനു ശരിയായ വളർച്ച ഉണ്ടാകുകയുള്ളൂ. പ്രമേഹം, രക്താതിസമ്മർദം തുടങ്ങിയ രോഗങ്ങൾക് ശരിയായ ചികിത്സ വേണം.
പ്രസവ സമയത്തെ പരിചരണം കുറ്റമറ്റതാവണം. ശ്വാസതടസ്സം , മഞ്ഞപിത്തം, അണുബാധ തുടങ്ങിയ രോഗാവസ്ഥകൾക് വിദഗ്ധ ചികിത്സ വേണ്ടി വരും. മുലയൂട്ടലാണ് എറ്റവും പ്രധാനം . പോഷകമൂല്യമുള്ള ആഹാരം എന്നതിലുപരി ബുദ്ധിശക്തിയും പ്രതിരോധ ശേഷിയും വർധിപ്പിക്കാനും മുലപ്പാൽ ഉത്തമമാണ്. ആറു മാസം കഴിഞ്ഞാൽ മുലപ്പാലിനോടൊപ്പം മറ്റു ഭക്ഷണങ്ങളും നല്കിതുടങ്ങണം. ഒരു വയസ്സ് മുതൽ വീട്ടിൽ പാകം ചെയ്യുന്ന എല്ലാ ഭക്ഷണ സാധനങ്ങളും കുഞ്ഞിനു നല്കണം. വിറ്റാമിനുകളും, ധാതുലവണങ്ങളും മതിയായ അളവിൽ നല്കണം.
ശാരീരിക വളർച്ചയും ബുദ്ധിവികാസവും ധ്രുതഗതിയിൽ സംഭവിക്കുന്ന ഈ ദിനങ്ങളിൽ ഉയരം , തൂക്കം, മാനസിക വളർച്ചയുടെ വിവിധ നാഴികക്കല്ലുകൾ തുടങ്ങിയവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ് . രണ്ടു മാസം പിന്നിടുമ്പോൾ കാഴ്ചശക്തിയും, കേൾവിയും ആർജിക്കുകയും, പുഞ്ചിരിക്കുകയും ചെയ്യണം. ഏതെങ്കിലും ഘട്ടത്തിൽ ശാരീരിക മാനസിക വളർച്ച ആർജിക്കുന്നില്ലെങ്കിൽ ഉടനെ ഡോക്ടറെ കാണണം .
രോഗപ്രതിരോധ കുത്തിവെപ്പുകൾ
രോഗം തടയാനുള്ള ലോകമെമ്പാടും സ്വീകരിച്ചിട്ടുള്ള ഉപാധിയാണ് ഇമ്മ്യൂണിസഷൻ. പോളിയോ , ഡിഫ്ത്തീരിയ, വില്ലൻ ചുമ തുടങ്ങി 20 ൽ പരം രോഗങ്ങളെ ചെറുക്കാനുള്ള വാക്‌സിനുകൾ ഇന്ത്യയിൽ ലഭ്യമാണ്. ഇവയിൽ മിക്കവയും സൗജന്യമായി ഗവണ്മെന്റ് ആശുപത്രികളിൽ ലഭ്യമാണ്. യഥാസമയത്ത് വാക്‌സിൻ നല്കി കുട്ടികളെ മാരക രോഗങ്ങളിൽ നിന്നും സംരക്ഷിക്കുക.
1000 ദിനങ്ങളിൽ ശരിയായ പരിചരണം നൽകിയാൽ രണ്ടാം ജന്മദിനം ആഘോഷിക്കുമ്പോൾ ആരോഗ്യമുള്ള ഒരു കുഞ്ഞിനോടൊപ്പം സന്തോഷം പങ്കിടാം. മാത്രമല്ല , ആ കുഞ്ഞ് ഭാവിയിൽ അരോഗ്യമുള്ള ഒരു വ്യക്തിയാവുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
Dear Sir, It is a short yet very convincing message. Thanks Dr.