Nov 18, 2021 • 9M

തടവിലാക്കപ്പെടുന്ന പെൺമനസുകൾ- സമൂഹത്തിൻ്റെ പങ്കെന്ത്? ഭാഗം - 10

ഓഫീസിനും വീടിനും ഇടയ്ക്കുള്ള ഒരു സ്ത്രീയുടെ നെട്ടോട്ടം നിങ്ങൾ കാണുന്നുണ്ടോ ?

Lakshmi Narayanan
Comment
Share
 
1.0×
0:00
-8:55
Open in playerListen on);
Episode details
Comments

''വയ്യ.... കൊച്ചിനെ  നോട്ടവും വീട്ടിലെ ചുമതലകളും എല്ലാം കൂടി നോക്കി വയ്യാതായി. രാവിലെ 4  മണിക്ക് എഴുന്നേൽക്കുന്നത് ആണ്. കിടക്കുമ്പോൾ 12  കഴിയും. ഓഫീസിൽ അല്ലാത്ത സമയം മുഴുവൻ ഒരു മെഷീൻ പോലെയാണ് ജോലി ചെയ്യുന്നത്. എനിക്ക് മതിയായി'' എട്ട് മാസം പ്രായമുള്ള മകൻ മാധവിന്റെ സംരക്ഷണവും വീട്ടിലെ ജോലികളും ചെയ്ത് വർക്ക് ലോഡ് ഏറെയുള്ള ഐടി കമ്പനിയിലെ സീറ്റിലേക്ക് കൂടി ചേക്കേറി കഴിയുമ്പോൾ പലപ്പോഴും താൻ താനല്ലാതായി മാറുന്നു എന്ന് വളരെ സങ്കടത്തോടെയാണ് ഐടി പ്രൊഫഷണലായ ശാന്തി പറഞ്ഞത്.

എന്നാൽ ഓഫീസിലെ ഉച്ചയൂണിന്റെ നേരത്ത് സഹപ്രവർത്തകരോട് മനസ് തുറന്നപ്പോൾ ശാന്തിയെ കാത്തിരുന്നതാകട്ടെ വിചാരിക്കാത്ത പ്രതികരണവും.

''ഓ..ഇതൊക്കെ ഒരു ജോലിയാണോ... എല്ലാ പെണ്ണുങ്ങളും ഇതൊക്കെ ചെയ്യുന്നത് തന്നെയാണ്. അതൊക്കെ ജീവിതത്തിന്റെ ഭാഗമാണ്. വിട്ടുകളയണം!'' ഓഫീസിലെ ഏറ്റവും അടുത്ത കൂട്ടുകാരിയായ നീനുവിന്റെ പ്രതികരണം ഇതായിരുന്നു.

''പൊന്നു മോളെ ... നീ ആദ്യമായ് അമ്മയാകുന്ന കൊണ്ട് തോന്നുന്നതാണ് ഇതൊക്കെ ഒരു പ്രശ്നമാണെന്ന്. ഞങ്ങളൊക്കെ ഇതും ഇതിലപ്പുറവും അനുഭവിച്ചിട്ടുണ്ട്. ഇതിനൊക്കെ പരാതിപറയാൻ പോയാൽ അതിനെ സമയം കാണൂ.'' സീനിയർ ആയ അപർണേച്ചിയുടെ ഡയലോഗ് ഇതായിരുന്നു.

''അമ്മയാകുക എന്ന് പറഞ്ഞാൽ എളുപ്പമുള്ള കാര്യമാണെന്ന് കരുതിയോ? മാതൃത്വത്തിന്റെ ഭാഗമാണ് ഈ പറഞ്ഞ ജോലിയൊക്കെ. അതെല്ലാം കുഞ്ഞിനെ ഓർത്ത് സന്തോഷത്തോടെ ചെയ്യുമ്പോഴാണ് ഒരു പെണ്ണ് നല്ല അമ്മയാകുക.'' അക്കൗണ്ട്സിലെ രവി സാറും വിധിയെഴുതി.

ചുരുക്കി പറഞ്ഞാൽ അമ്മയായി എന്നതിന്റെ പേരിൽ മാതൃത്വവും അനുബന്ധ ജോലികളും അടിച്ചേൽപ്പിക്കുന്ന അവസ്ഥ. സഹായത്തിന് ആരുമില്ലെങ്കിലും പരാതി പറയാൻ പാടില്ല. അതെല്ലാം തന്നെ കുഞ്ഞിനെ ഓർത്ത് സഹിക്കണം. പേരന്റിംഗ് എന്നത് ഒരു പങ്കാളിത്ത സ്വഭാവമുള്ള ഉത്തരവാദിത്തമാണെങ്കിലും കാര്യത്തോട് അടുക്കുമ്പോൾ അതെല്ലാം അമ്മയുടെ മാത്രം  ഉത്തരവാദിത്തമാണ് എന്ന പച്ചക്കള്ളം അറിഞ്ഞുകൊണ്ട് അടിച്ചേൽപ്പിക്കാൻ ശ്രമിക്കും. ഇത് അമ്മയായ സ്ത്രീക്ക് ഉണ്ടാക്കുന്ന മാനസിക ശാരീരിക സമ്മർദ്ദങ്ങൾ വളരെ വലുതാണ്. അത് മനസ്സിലാകണമെങ്കിൽ ഇത്തരം പ്രശ്നം നേരിടുന്ന അമ്മമാരിൽ ഒരാളായ  ശാന്തിയുടെ ജീവിതം കൂടുതൽ വ്യക്തമായി അടുത്തറിയണം.

കുഞ്ഞിന്റെ അപ്പിത്തുണി മാറ്റണമെങ്കിൽപോലും 'അമ്മ തന്നെ വേണം!

''പലപ്പോഴും അമ്മയായത് എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട തീരുമാനമായി പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അതൊരിക്കലും എന്റെ മകനെ എനിക്ക് ഇഷ്ടമല്ലാഞ്ഞിട്ട് അല്ല. ഈ സമൂഹം എന്റെ മേൽ അടിച്ചേൽപ്പിക്കുന്ന മാതൃത്വത്തിന്റെ ചുമതലകൾ കൊണ്ട് മാത്രമാണ്. അമ്മയായ ഒരു സ്ത്രീയെ ജീവിക്കാൻ, എന്തിനേറെ സ്വസ്ഥമായി ഒന്ന് ശ്വാസം വിടാൻ പോലും സമൂഹം അനുവദിക്കുന്നില്ല എന്നതാണ് സത്യം. എവിടെ തിരിഞ്ഞാലും ഉപദേശത്തിന്റെ ബഹളമാണ്. പല വ്യക്തികൾക്കും സഹനത്തിന്റെയും ക്ഷമയുടെയും പരിധി വ്യത്യസ്തമാണ്. എനിക്ക് സിസേറിയൻ ആയിരുന്നു. പ്രസവം കഴിഞ്ഞയുടൻ കുഞ്ഞിന് ആവശ്യമായ മുലപ്പാൽ ഇല്ലായിരുന്നു. അപ്പോൾ തുടങ്ങി കാണാൻ വന്ന ചില സ്ത്രീകളുടെ വക ബഹളം. എങ്ങനെ പാലുണ്ടാകും പ്രസവം അല്ലല്ലോ, കത്തിവച്ചു കീറിയത് അല്ലെ എന്നായിരുന്നു ആദ്യചോദ്യം. ഞാൻ അനുഭവിക്കുന്ന വേദന എനിക്കല്ലേ അറിയൂ. അതൊരു തുടക്കം മാത്രമായിരുന്നു. കുഞ്ഞു കരഞ്ഞാൽ അമ്മയായ എനിക്കറിയാം അതിന്റെ ആവശ്യം എന്താണെന്ന്. എന്നാൽ അപ്പോൾ വരും ഉപദേശം അതിനെ ഇട്ട് കരയിപ്പിക്കാതെ എടുക്കൂ എന്ന്. കുഞ്ഞിനെ വെറുതെ കരയിപ്പിക്കാൻ എന്റെ തലക്ക് വല്ല പ്രശ്നവും ഉണ്ടോ ? കുഞ്ഞിന്റെ നിറം, തലമുടി ഇവ വച്ചുള്ള താരതമ്യങ്ങൾ, നിറം കൂടാനുള്ള ഉപദേശങ്ങൾ ഇങ്ങനെ സ്വൈര്യം എന്തെന്ന് ഞാൻ അറിഞ്ഞിട്ടില്ല.

ഒടുവിൽ ആറു മാസം എങ്ങനെയോ തള്ളി നീക്കിയാണ് പ്രസവാവധിക്ക് ശേഷം ജോലിക്ക് കയറിയത്. ഭർത്താവും ഞാനും ഒരേ ഫീൽഡാണ്. എന്നാൽ അദ്ദേഹത്തിന് കോട്ടയത്തും എനിക്ക് കൊച്ചിയിലുമാണ് ജോലി. കുഞ്ഞിനെ നോക്കലും ജോലിക്ക് പോകലും കൂടി എളുപ്പത്തിൽ നടക്കില്ല. അങ്ങനെയാണ് ഞങ്ങൾ കുഞ്ഞിനെ നോക്കാനായി ദിവസവും വന്നു പോകുന്ന ഒരു ആയയെ കണ്ടെത്തിയത്. അപ്പോൾ വീണ്ടും പ്രശ്നം ! 'ഓ... വല്ലാത്ത മനസ് തന്നെ, അവളുടെ കൈക്കുഞ്ഞിനെ വല്ലവരെയുമൊക്കെ ഏൽപ്പിച്ചു പോകാൻ തോന്നുന്നുണ്ടല്ലോ അവൾക്ക് എന്നായി ഒരു വിഭാഗം'.  'ഇപ്പോൾ ജോലിക്ക് പോയിട്ടെന്തിനാ.. ഭർത്താവ് വീട് നോക്കില്ലേ...അഹമ്മതിയാണ് അവൾക്ക്' എന്ന് മറ്റൊരു വിഭാഗം.  ഇവർക്കൊക്കെ ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളെപ്പറ്റി എന്തറിയാം? വീട് പണി നടക്കുകയാണ്. പണത്തിന് ഏറ്റവും ആവശ്യമുള്ള സമയമാണ്. ഭർത്താവിനെ കൊണ്ട് ഒറ്റയ്ക്ക് കാര്യങ്ങൾ നോക്കാനാവില്ല. എനിക്കാണെങ്കിൽ കരിയറിലെ ഏറ്റവും മികച്ച സമയമാണ്. ഇപ്പോൾ ഒരു ബ്രേക്ക് വന്നാൽ പിന്നീട് അത് ബാധിക്കും. കുഞ്ഞുങ്ങൾ മൂന്നു വയസാകുന്നതോടെ പ്ളേ സ്‌കൂളിലും മറ്റും പോകാൻ തുടങ്ങും അപ്പോൾ എന്റെ കരിയർ എന്താകും. അമ്മക്ക് ജോലിയുണ്ടെങ്കിൽ അതിന്റെ ഗുണം മക്കൾക്ക് കൂടിയല്ലേ?

ഇതൊന്നും ആരും വകവയ്ക്കുന്നില്ല. ഞാൻ രാവിലെ നാല്‌ മണിക്ക് എഴുന്നേൽക്കും. അദ്ദേഹവും കൂടെ ജോലികൾക്ക് ഒപ്പം കൂടും. കുഞ്ഞിന്റെ തുണികൾ നനയ്ക്കണം, വീട് വൃത്തിയാക്കണം, ഞങ്ങൾക്ക് കൊണ്ട് പോകാനുള്ള ഭക്ഷണം, കുഞ്ഞിന്റെ ഭക്ഷണം, കുഞ്ഞിനെ നോക്കുന്നവർക്കുള്ള കാര്യങ്ങൾ എന്നിവയെല്ലാം ചെയ്ത് വയ്ക്കണം. ഇതിനിടയിൽ വീടിന്റെ പണി നോക്കണം, എന്റെയും ഭർത്താവിന്റെയും വീട്ടിലേക്ക്  മുറ തെറ്റാതെ വിളിച്ച് കുഞ്ഞിന്റെ വിശേഷങ്ങൾ പറയണം. കേൾക്കുമ്പോൾ എല്ലാം എളുപ്പമാണ്. എന്നാൽ 24  മണിക്കൂറിൽ ഏകദേശം 20  മണിക്കൂറും ജോലി ചെയ്യുന്ന ഒരു സ്ത്രീയെ സംബന്ധിച്ച്‌ ഇതൊന്നും എളുപ്പമല്ല. ആരോടും മനസ് തുറക്കാൻ കഴിയാത്ത തരത്തിലുള്ള ബാധ്യതയാണ് സമൂഹം മാതൃത്വം എന്ന മൂന്നക്ഷരത്തിന്റെ പിന്നിൽ കൊരുത്തു വച്ചിരിക്കുന്നത്. അമ്മമാരെ ഉപദേശിക്കുന്ന കാര്യത്തിൽ ആൺപെൺ വ്യത്യസമില്ല.  കഷ്ടപ്പാടുകൾ വല്ലതും പറയാൻ തുടങ്ങിയാൽ ഉടൻ ചോദ്യം വരും. നിനക്ക് പിന്നെ സുഖമല്ലേ, എല്ലാം ജോലിക്ക് വരുന്നവർ നോക്കുമല്ലോ.. എന്ത് നോക്കും എന്നാണ് ഇവർ ഉദ്ദേശിക്കുന്നത്? കാലമെത്ര മാറിയിട്ടും തിരുത്താനാവാത്ത ഈ ചോദ്യങ്ങളും ഉപദേശങ്ങളുമാണ്  അമ്മയാകുന്ന ഒരു വ്യക്തിയുടെ ശാപം. കുഞ്ഞിന്റെ അപ്പിത്തുണി കഴുകുന്ന കാര്യത്തിൽ പോലും ഉപദേശിക്കാൻ ആളുണ്ട്. അതും 'അമ്മ ചെയ്‌താൽ മത്രമേ ശരിയാകൂ' എന്നാണ് പറയുന്നത്.

ഇതെല്ലാം കേട്ട് മാസങ്ങളോളം വീട്ടിൽ ഒരു അടിമയെ പോലെ ഞാൻ ജോലികൾ ചെയ്തു. എന്റെ വ്യക്തിപരമായ കാര്യങ്ങൾ നോക്കാനോ, കരിയറിൽ ശ്രദ്ധിക്കാനോ എനിക്ക് സമയമില്ലാതെയായി. എന്നിട്ടും 'കുഞ്ഞിനെ നോക്കാതെ കരിയർ നോക്കി പോകുന്ന 'അമ്മ എന്ന പേരാണ് ബാക്കി നിന്നത്. എന്നാൽ ഈ പേരുദോഷമൊന്നും അച്ഛന് ബാധകമല്ല കേട്ടോ. മനസ് കൈവിട്ട് പോകുമെന്ന് ഉറപ്പായ നിമിഷത്തിലാണ് ഞാൻ സൈക്കോളജിസ്റ്റായ സുഹൃത്തിനോട് സംസാരിക്കുന്നത്. അവളുടെ ആദ്യ ഉപദേശം സമൂഹത്തിനു വേണ്ടി ജീവിക്കാതെ സ്വന്തം താല്പര്യങ്ങൾക്കും ആവശ്യങ്ങൾക്കും അനുസരിച്ച് ജീവിക്കാനായിരുന്നു. സമൂഹം പറയുന്നത് മുഖവിലയ്ക്കെടുക്കാതെ മുന്നോട്ട് പോകുക എന്നത് എനിക്ക്  ആദ്യമൊക്കെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ പിന്നീട് അത് ശീലമായി. കുഞ്ഞിനെ നോക്കാൻ ഒരു മുഴുവൻ സമയ ആയയെ വച്ചു. കുഞ്ഞിന്റെ തുണികൾ അവർ കഴുകി, പാചകവും ചെയ്തു. എനിക്ക് കരിയറിൽ കൂടുതൽ ശ്രദ്ധിക്കാൻ കഴിഞ്ഞു, വീട്ടിലെത്തിയാൽ അടുക്കളപ്പണിയും  വീട്ടുജോലികളുമായുള്ള ഓട്ടം ഇല്ലാതായതോടെ കുഞ്ഞിന്റെ കൂടെ ചെലവിടാൻ കൂടുതൽ സമയം കിട്ടി. എന്നാൽ മുൻപ് ഇതായിരുന്നില്ല അവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ ജീവിതം മകന്റെ ഒപ്പം കൂടുതൽ മനോഹരമായത് എപ്പോഴാണെന്ന് പറയാം'' ശാന്തി തന്റെ കഥ പറയുന്നു.

പ്രസവിച്ച സ്ത്രീ ഒരു പളുങ്ക് പാത്രം പോലെയാണ്

ഒരു വ്യക്തി ഏറ്റവും വീക്കായി നിൽക്കുമ്പോഴാണ് അവർ വിധേയപ്പെടുക. ഇത് മനസിലാക്കിയാണ് സമൂഹം കുഞ്ഞിനോടുള്ള സ്നേഹം കാണിക്കാൻ എന്ന വ്യാജേന പ്രസവിച്ച സ്ത്രീക്ക് മുകളിൽ ഉപദേശവുമായി എത്തുന്നത്. ഒരു സ്ത്രീ ഗർഭം ധരിക്കുമ്പോൾ ശരീരത്തിൽ പലവിധ മാറ്റങ്ങളും ഉണ്ടാകുന്നു. വ്യത്യസ്തങ്ങളായ പല ഹോർമോണുകളും ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നു. ഇത്തരം പ്രെഗ്നൻസി ഹോർമോണുകൾ സ്ത്രീകളുടെ യഥാർത്ഥ സ്വഭാവത്തെത്തന്നെ മാറ്റിമറിക്കുന്നു. പ്രസവാനന്തരം ഈ ഹോർമോണുകൾ എല്ലാം തന്നെ ശരീരത്തിൽ നിന്നും പിൻവാങ്ങുന്നു. ആ സമയത്ത് മനസ് ആകെ ആടിയുലഞ്ഞ അവസ്ഥയിലായിരിക്കും ഉണ്ടാകുക. ഈ  അവസ്ഥയിൽ വേണ്ടത് ഉപദേശമല്ല, സ്നേഹവും പരിചരണവും വിശ്രമവുമാണ്. അത് നൽകാൻ ശ്രമിക്കുക.

വീട് നോക്കാനും കുഞ്ഞിനെ വളർത്താനും മാത്രമുള്ള ഒരാളായല്ല സ്ത്രീയെ പരിഗണിക്കേണ്ടത്. ഇതെല്ലാം കൂട്ടുത്തരവാദിത്തമായി കാണണം.

സ്ത്രീക്ക് അവൾ അർഹിക്കുന്ന സ്‌പേസ് നൽകിയാൽ മാത്രമേ അവൾ മാനസികമായും ശാരീരികമായും നല്ലൊരു അമ്മയും വ്യക്തിയുമാകുകയുള്ളൂ.

പ്രസവാനന്തരം എത്ര സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നുവോ അത്രയും മികച്ച രീതിയിൽ അവൾ ജീവിതത്തിലേക്ക് തിരിച്ചെത്തും. അമ്മയായ ഒരു വ്യക്തിയുടെ ജീവിതത്തിലേക്കുള്ള അനാവശ്യമായ എത്തിനോട്ടം, ഉപദേശം, കുറ്റംപറച്ചിൽ എന്നിവ സമൂഹത്തിന്റെ ഭാഗത്തുനിന്നുണ്ടെങ്കിൽ അതിനു വിരാമമിടേണ്ട ഉത്തരവാദിത്തം കുടുംബത്തിനുള്ളതാണ്.  അവൾക്കുള്ള പിന്തുണ വീട്ടിൽ നിന്നും തുടങ്ങണം. പോസ്റ്റ് പാർട്ടം ഡിപ്രഷൻ പോലുള്ള അവസ്ഥകളിൽ വൈകാതെ വൈദ്യസഹായം ലഭ്യമാക്കണം. പങ്കാളിത്ത സ്വഭാവത്തിൽ വീട്ടുജോലികൾ ചെയ്യുന്നതിലും കുഞ്ഞിനെ നോക്കുന്നതിലും യാതൊരുവിധ മടിയും കാണിക്കേണ്ട കാര്യമില്ല. പ്രസവാനന്തരം സ്വസ്ഥമായ ഒരു അന്തരീക്ഷം ലഭ്യമല്ലെങ്കിൽ അത് സ്ത്രീയുടെ കരിയറിനെ മാത്രമല്ല, മാനസികനില, ലൈംഗിക ജീവിതം എന്നിവയെയും ബാധിക്കും.

അടുത്തലക്കം : നീ ഒരു പെൺകുഞ്ഞിന്റെ 'അമ്മയാണ് മറക്കണ്ട ! എന്തിനാണീ താക്കീത് ?