ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം ഉൾപ്പെടുത്തേണ്ട അനൗപചാരിക വിദ്യാഭ്യാസത്തിന്റെ ആവശ്യകത
നമ്മുടെ നാട്ടിലെ പൊതു വിദ്യാഭ്യാസനയം അനുസരിച്ച് ഏകദേശം നാല് വയസ്സിൽ കുട്ടികളുടെ സ്കൂൾ വിദ്യാഭ്യാസ കാലത്തിന് ഔപചാരികമായി തുടക്കം കുറിയ്ക്കപ്പെടുന്നു. മുന്നോട്ടുള്ള തുടർച്ചയായ, വർഷങ്ങളേറെ നീണ്ട് നിൽക്കുന്ന പഠനത്തിന്റെ ആരംഭകാലം എന്ന് വിശേഷിപ്പിക്കാവുന്ന LKG ക്ലാസ്സ് മുതൽത്തന്നെ കൃത്യമായ സിലബസുകൾ ഉൾപ്പെടുത്തിയ ചിട്ടയായ പഠനകാലങ്ങളിലേക്കുള്ള ആദ്യ കവാടം തുറക്കപ്പെടുന്നു.
മുന്നോട്ട് കുട്ടികളുടെ ബുദ്ധിവികാസമനുസരിച്ച് സങ്കീർണ്ണമാകുന്ന വ്യത്യസ്ത ഘട്ടങ്ങളിലേക്ക് ചുവട് വയ്പ്പ് നടത്തുന്ന തുടർപ്പഠനരീതി സ്വീകരിക്കുന്നു.
കുറച്ചുകൂടി വ്യക്തമായി പറഞ്ഞാൽ ഒരുപക്ഷെ സ്വയം സമ്പാദിച്ചു തുടങ്ങുന്നതിന് തൊട്ട് മുൻപ് വരെ ഏകദേശം രണ്ട് പതിറ്റാണ്ടോളം നീണ്ടു നിൽക്കുന്ന ഔപചാരിക വിദ്യാഭ്യാസവും, മുന്നോട്ട് എത്രകാലം വേണമെങ്കിലും നീണ്ടു പോകാവുന്ന ഒരു വ്യക്തിയ്ക്ക് സ്വയം തിരഞ്ഞെടുക്കാവുന്ന അനൗപചാരിക വിദ്യാഭ്യാസവും. ഇതാണ് നമ്മുടെ നാട് തുടർന്ന് വരുന്ന വിദ്യാഭ്യാസത്തിന്റെ പാത. ആയതിനാൽ LKG മുതൽ ഹയർ സെക്കന്ററി വരെ നീളുന്ന അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ പതിനാല് വർഷങ്ങൾ നീണ്ട പഠന വഴികളിലൊരിക്കൽപ്പോലും വിദ്യാർത്ഥി ജീവിതത്തിനോ വിദ്യാഭ്യാസ ജീവിതത്തിനോ ഒരു ഇടവേള സംഭവിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
ഈ യാഥാർത്ഥ്യത്തിലേക്ക് നോട്ടമയക്കുമ്പോഴാണ് കുട്ടികളുടെ അല്ലെങ്കിൽ വിദ്യാർഥികളുടെ മാനസിക ഉല്ലാസത്തിനുതകും വിധം ഔപചാരിക വിദ്യാഭ്യാസത്തിനോടൊപ്പം സ്ഥാനം പിടിക്കേണ്ട അനൗപചാരികമായ വിദ്യാഭ്യാസത്തിന്റെ ഏറ്റവും മനോഹരമായ വശമെന്ന് വിശേഷിപ്പിക്കാവുന്ന ‘പാഠ്യേതര പ്രവർത്തനങ്ങൾ’ അഥവാ ‘എക്സ്ട്രാ കരിക്യുലർ ആക്ടിവിറ്റീസ്’ ഉയർന്നുവരുന്നത്.
എന്താണ് പാഠ്യേതര പ്രവർത്തനങ്ങൾ/എക്സ്ട്രാ കരിക്യുലർ ആക്ടിവിറ്റീസ്?
പഠനം അല്ലാത്ത അഥവാ പഠനരീതിയിൽ ഉൾപ്പെടുത്തിയിട്ടില്ലാത്ത, അക്കാഡമിക് സിലബസുകൾക്ക് പുറത്തുള്ള പ്രവർത്തനങ്ങളാണ് പാഠ്യേതര പ്രവർത്തനങ്ങൾ/എക്സ്ട്രാ കരിക്യുലർ ആക്ടിവിറ്റീസ്.
അതായത് സ്കൂൾ കോളേജ് വിദ്യാഭ്യാസത്തിലെ സാധാരണ പഠന പദ്ധതിയുടെ പരിധിയ്ക്ക് പുറത്ത് വിദ്യാർഥികൾ നടത്തുന്ന സാംസ്കാരിക പ്രവർത്തനങ്ങൾ, കലാ പ്രവർത്തങ്ങങ്ങൾ, കായിക ഇനങ്ങൾ, ഗെയിമുകൾ എന്നിവയൊക്കെ ഉൾപ്പെട്ടതാണ് പാഠ്യേതര പ്രവർത്തനങ്ങൾ/എക്സ്ട്രാ കരിക്യുലർ ആക്ടിവിറ്റീസ്.
ഇത്തരം പ്രവർത്തനങ്ങൾ വിദ്യാർഥികളുടെ ഇഷ്ടങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസരിച്ച് സ്വമേധയാ ഏർപ്പെടുന്നവയാണ്. ഒറ്റയ്ക്കോ, കൂട്ടുകാരുടെയോ സമപ്രായക്കാരുടെയോ ഒപ്പം ഒരു കൂട്ടം വ്യക്തികൾ ചേർന്നോ പങ്കെടുക്കുന്നവയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ/എക്സ്ട്രാ കരിക്യുലർ ആക്ടിവിറ്റീസിന്റെ ആവശ്യകത എന്ത്?
ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ പാഠ്യേതര പ്രവർത്തനങ്ങൾ/ എക്സ്ട്രാ കരിക്യുലർ ആക്ടിവിറ്റീസ് വിദ്യാർഥികളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിൽ വ്യത്യസ്തങ്ങളായ പഠനങ്ങൾ നടന്നിട്ടുണ്ട്. എല്ലാ പഠനങ്ങളും വിരൽ ചൂണ്ടുന്നത് പാഠ്യേതര പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് മുന്നിൽ തുറന്നിടുന്ന വിശാലവും മനോഹരവുമായ നേട്ടങ്ങൾ നിറഞ്ഞ ലോകത്തേക്ക് തന്നെയാകുന്നു.
തുടർച്ചയായ ഔപചാരിക വിദ്യാഭ്യാസം നൽകുന്ന വെല്ലുവിളികളെയും മാനസിക സമ്മർദ്ദങ്ങളെയും മറികടക്കുന്നതിന് അല്ലെങ്കിൽ ഔപചാരിക വിദ്യാഭ്യാസത്തെ കൂടുതൽ അനായാസമായി നേരിടുന്നതിന് പാഠ്യേതര പ്രവർത്തനങ്ങൾ/എക്സ്ട്രാ കരിക്യുലർ ആക്ടിവിറ്റീസ് നൽകുന്ന സംഭാവന ചെറുതൊന്നുമല്ല.
സ്കൂൾ/കോളേജ് തലങ്ങളിൽ ഏർപ്പെടുന്ന കലാകായിക പ്രവർത്തനങ്ങളോടൊപ്പം അധ്യാപകരുടെയോ വിദ്യാർഥിക്കളുടെയോ നേതൃത്വത്തിൽ രൂപം കൊള്ളുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ക്ലബ്ബുകളും സാംസ്കാരിക പ്രവത്തനങ്ങളും മെച്ചപ്പെട്ട സാമൂഹിക ചിന്തയിലേയ്ക്കും സഹജീവികളോടുള്ള കരുണയും സ്നേഹവും നിറഞ്ഞ മനോഭാവങ്ങളിലേക്കും കൊണ്ടെത്തിക്കും.
പാഠ്യേതര പ്രവർത്തനങ്ങൾ മുന്നോട്ട് വയ്ക്കുന്ന മറ്റ് നേട്ടങ്ങൾ
● കലാകായിക പ്രവർത്തനങ്ങളിൽ മികവ് നേടാൻ സഹായിക്കുന്നതോടൊപ്പം കുട്ടികളുടെ ലേണിംഗ് മികച്ചതാക്കുന്നു.
● പഠനത്തിലെ മടുപ്പ് കുറയ്ക്കുന്നു.
● ആശയവിനിമയത്തിനുള്ള കഴിവ് മെച്ചപ്പെടുത്തുന്നു.
● ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നു.
● സാമൂഹിക വിരുദ്ധ പ്രവൃത്തികളിൽ ഏർപ്പെടുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.
● ബന്ധങ്ങൾ നിലനിർത്തിക്കൊണ്ട് പോകുവാൻ ശീലിപ്പിയ്ക്കുന്നു.
● മികച്ച മാനസികരോഗ്യം മുന്നോട്ട് വയ്ക്കുന്നു.
● മെച്ചപ്പെട്ട സ്വഭാവം/പെരുമാറ്റം ഇവ നൽകുന്നു.
● കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനുള്ള സാധ്യത കുറയ്ക്കുന്നു.
● സ്കൂൾ കോളേജ് വിദ്യാഭ്യാസം പാതിവഴിയിൽ ഉപേക്ഷിക്കുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു.
അതുകൊണ്ട് തന്നെ അക്കാഡമിക് നേട്ടങ്ങളെ മുൻനിർത്തി നിങ്ങളുടെ മക്കളെ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രോത്സാഹിപ്പിക്കാതിരിക്കുന്ന അല്ലെങ്കിൽ പിന്തിരിപ്പിക്കുന്ന രീതിയാണ് നിങ്ങൾ അവലംബിക്കുന്നതെങ്കിൽ തീർച്ചയായും അത് പിൻവലിയ്ക്കുന്നതും അവർക്കാവശ്യമായ പ്രോത്സാഹനങ്ങൾ നൽകുന്നതും അവരെ ഏറെ നേട്ടങ്ങളിലേക്ക് നയിക്കുന്നതാണ്.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.