Huddle

Share this post
പോക്സോ കേസുകളും യുവാക്കളും
www.huddleinstitute.com

പോക്സോ കേസുകളും യുവാക്കളും

Psy. Swargeeya D P
Jun 29, 2021
Comment
Share

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ ഒരുപാടു പേർ വായിക്കുകയും ഷെയർ ചെയ്യുകയും ചെയ്ത ഒരു വാർത്തയുണ്ട്. 19 വയസ്സുകാരനായ ടിക്ടോക് താരം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും പെൺകുട്ടി 7 മാസം ഗർഭിണിയായിരിക്കവെ ഒളിവിൽ കഴിഞ്ഞിരുന്ന താരത്തെ കണ്ടെത്തി പോലീസ് അറസ്റ്റ് ചെയ്തുവെന്നതുമാണ് വാർത്തയുടെ ഉള്ളടക്കം.

ആ വാർത്തയെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ സമാനമായ വാർത്തകളുടെ എണ്ണം കൂടുകയും, ഈ പ്രവർത്തിയെ അല്ലെങ്കിൽ ഇതിൽ കുറ്റവാളികളാക്കപ്പെട്ടവരെ പ്രോത്സാഹിപ്പിക്കുകയും എതിർക്കുകയും ചെയ്യുന്നവരുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ ഉയർന്നു വരികയും ചെയ്തു. പ്രോത്സാഹനം എന്നത് അൽപ്പം വിചിത്രമായ വഴിയിലും, അസഭ്യമായ ഭാഷയിലുമാണ്- “പരസ്പര സമ്മതത്തോടെ ശാരീരികബന്ധത്തിൽ ഏർപ്പെട്ടിട്ട്,ഇപ്പോൾ ഗർഭിണിയായപ്പോൾ അവൻ മാത്രം കുറ്റവാളി” എന്നിങ്ങനെയുള്ളതും, ഇതേ അർഥം വരുന്നതും, ഇതിനേക്കാൾ മോശം ഭാഷയിൽ എഴുതപ്പെട്ടതുമാണ് ഓരോ വാചകങ്ങളും. ഇവിടെ ആർക്കാണ് തെറ്റുപറ്റുന്നതെന്നും ഈവിധത്തിലുള്ള പ്രോത്സാഹനപോസ്റ്റുകളുടെ പിന്നിലെ അജ്ഞത എത്രത്തോളമാണെന്നും തിരിച്ചറിയേണ്ടതാണ്.

2 വർഷങ്ങൾക്ക് മുൻപ് എന്റെ പ്രൊഫഷണൽ ലൈഫിൽ ഉണ്ടായ ഒരു പ്രത്യേക അനുഭവം പങ്കുവയ്ക്കാം. രണ്ടായിരത്തിപ്പതിനെട്ടിൽ ഞാൻ കോട്ടയം സബ് ജയിലിൽ വിസിറ്റിങ് സൈക്കോളജിസ്റ്റായി ജോലി ചെയ്ത സമയത്താണ് വളരെ പ്രായം കുറഞ്ഞ, കൗമാര കാലത്തിന്റെ അവസാന ഘട്ടത്തിലൂടെയോ യൗവനകാലത്തിന്റെ തുടക്കത്തിലൂടെയോ കടന്നു പോകുന്ന ആൺകുട്ടികൾ സമാനമായ കുറ്റകൃത്യങ്ങളിൽ വലിയ തോതിൽ ഉൾപ്പെടുന്നതായി ആദ്യമായ് അറിയുന്നത്.

റിമാൻഡിൽ കഴിയുന്ന, വിചാരണ നേരിടുന്നവരിൽ മാനസികമായി ബുദ്ധിമുട്ടുന്ന വ്യക്തികൾക്ക് സഹായമെന്നവണ്ണം കൗൺസിലിംഗ് സെഷൻസും, അവിടെ കഴിയുന്ന എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി ഗ്രൂപ്പ്‌ ഇന്ററാക്ടീവ് സെഷൻസും നൽകിവന്നിരുന്നു. ഗ്രൂപ്പ്‌ സെഷൻസിൽ അവരുടെ സംശയങ്ങൾ ചോദിക്കുകയും, കൃത്യമായ മറുപടിയിലൂടെ ആകുലതകളെ കുറയ്ക്കാനുള്ള ശ്രമങ്ങളുമാണ് നടന്നിരുന്നത്. 

ഇങ്ങനെയൊരു ഗ്രൂപ്പ് സെഷനിലാണ് 18 വയസ്സിനും 23 വയസ്സിനുമിടയിൽ പ്രായം തോന്നിക്കുന്ന നിഷ്കളങ്ക മുഖമുള്ള, നിഷ്കളങ്കമായ ചോദ്യങ്ങൾ ഉന്നയിക്കുന്ന ആൺകുട്ടികളെ ഞാൻ ശ്രദ്ധിക്കുന്നത്. സെഷൻ കഴിയാൻ കാത്തിരുന്നു. ശേഷം സഹായത്തിനായി കൂടെ ഉണ്ടാവാറുള്ള പോലീസ് ഓഫീസർമാരോട് കാര്യം അന്വേഷിച്ചു. 

“ഈ ആൺകുട്ടികളുടെ പേരിലുള്ള കുറ്റങ്ങൾ എന്താണ്?”

“മേഡം, എല്ലാം പ്രണയക്കേസുകളാണ്. 16 ഉം 17 ഉം വയസ്സുള്ള പെൺകുട്ടികളാണ് മറുവശത്ത്. ചിലർ ഗർഭിണിയാണ്. ചിലരുടെ കാര്യത്തിൽ പെൺകുട്ടിയുടെ വീട്ടിൽ അറിഞ്ഞ് പ്രശ്നമായാൽ, സ്വന്തം പ്രായമോ അവളുടെ പ്രായമോ നോക്കാതെ വീട്ടിൽ നിന്ന് വിളിച്ചിറക്കി താലി കെട്ടുക എന്നിങ്ങനെ ഒക്കെയാണ് രീതികൾ. പിന്നെ പ്രായം ഇതല്ലേ.. വീണ്ടും അബദ്ധങ്ങൾ തുടരും- ശരീരികബന്ധം ഉണ്ടാകും. പോക്സോ കേസ് ആകും” എന്ന്.

ഞാൻ ഹാളിന് പുറത്തേക്ക് നോക്കി. ‘പിള്ളേരെല്ലാം’കൂട്ടം കൂടി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നു. ഞാനോർത്തു- ഏത് വകുപ്പിലാണ് ഈ പ്രായത്തിൽ ജയിലിനകത്ത് കഴിയുന്നതെന്ന്.

പോലീസ് ഉദ്യോഗസ്ഥൻ തുടർന്നു “ആരും അത്ര കുഴപ്പക്കാരൊന്നുമല്ല. പറഞ്ഞിട്ടെന്താ.. ചുറ്റും നടക്കുന്ന ഒന്നിനെപ്പറ്റിയും കൃത്യമായ ധാരണ ഇല്ല. നാട്ടിൽ നിയമപരമായി വിവാഹപ്രായം എത്രയാണെന്നെങ്കിലും ഇവന്മാർ അറിഞ്ഞിരിക്കണ്ടേ.. ഇതിപ്പോൾ 18 ഉം 19 ഉം 20 ഉം വയസ്സുള്ളപ്പോൾ പോക്സോ പീഡനത്തിന് ജയിലിൽ ആകേണ്ടി വന്നില്ലേ” എന്ന്.

ഞാനാ ചെറുപ്പക്കാരെ വിളിച്ചരികിൽ നിർത്തി കുറച്ചധികം സംസാരിച്ചു. പല വിഷയങ്ങളെക്കുറിച്ചും വ്യക്തമായൊരു ധാരണ നൽകുന്നതിനും ശ്രമിച്ചു. അതുമാത്രമല്ല പിന്നീട് അതേ പ്രായത്തിലുള്ള, അല്ലെങ്കിൽ കൗമാരപ്രായക്കാരായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെഷൻസ് കൊടുക്കുമ്പോഴൊക്കെ ഇങ്ങനെയുള്ള അബദ്ധങ്ങൾ കാട്ടാതിരിക്കുന്നതിനുള്ള നിർദ്ദേശവും, നിയമങ്ങളും, നിയമലംഘനത്തിന്റെ ശിക്ഷകളും ഉൾപ്പെടുത്താൻ ശ്രമിച്ചു പോന്നു.

ഇന്ന് ഞാൻ അതേ വിഷയങ്ങൾ തന്നെ ഇവിടെയും ഉൾപ്പെടുത്തുന്നു.

പ്രണയവും, വിവാഹവും, പോക്സോ നിയമവുമായൊക്കെ ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട വസ്തുതകൾ.

പ്രണയിക്കുന്നതിന് നിങ്ങളുടെ പ്രായം പ്രശ്നമല്ല. ഒന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴും പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴും കോളേജിൽ പഠിക്കുമ്പോഴും വാർദ്ധക്യത്തിലുമൊക്കെ മനുഷ്യന് പ്രണയിക്കാം. പക്ഷെ അതിൽ നിയമം അംഗീകരിക്കാത്ത വസ്തുതകൾ തിരിച്ചറിഞ്ഞു വേണം നിങ്ങൾ മുന്നോട്ട് പോകാൻ.

  1. എത്ര ചെറിയ പ്രായത്തിൽ പ്രണയിച്ചാലും, രണ്ട് വ്യക്തികൾക്കും പ്രായപൂർത്തിയായെങ്കിൽ മാത്രമേ നിയമപരമായി വിവാഹം സാധ്യമാകു.

  2. നിങ്ങൾ പ്രായപൂർത്തിയായവരാണെങ്കിൽ വിവാഹം കഴിക്കാതെ തന്നെ പരസ്പര സമ്മതത്തോടെ നിങ്ങൾക്ക് ഒന്നിച്ച് ജീവിക്കാം.

  3. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പ്രണയിക്കുന്നതിൽ തെറ്റില്ല. എന്നാൽ അവളുടെ സമ്മതത്തോടെയോ അല്ലാതെയോ ശാരീരികബന്ധത്തിൽ ഏർപ്പെട്ടാൽ അത് പോക്സോ വകുപ്പിൽപ്പെടുന്ന കുറ്റകൃത്യമാകുന്നു. കാരണം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൺസന്റ് അല്ലെങ്കിൽ സമ്മതത്തിന് വാല്യു ഇല്ല എന്നത് തന്നെ.

  4. പോക്സോ നിയമം ചാർത്തപ്പെട്ടാൽ പിന്നെ ഒത്തുതീർപ്പിലൂടെ കേസ് അവസാനിപ്പിക്കാൻ കഴിയില്ല.

  5. കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും.(അവിടെ നിങ്ങൾ പരസ്പരം പ്രണയിച്ചിരുന്നു എന്ന സ്റ്റേറ്റ്മെന്റിനോ, അവളുടെ സമ്മതത്തോടെയാണ് ശാരീരികബന്ധം സംഭവിച്ചതെന്ന വാദത്തിനോ വാല്യൂ ഉണ്ടാവില്ല. പറ്റിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു, പീഡിപ്പിക്കപ്പെട്ടു-എന്ന് തന്നെയാകും കേസ്. കാരണം പെൺകുട്ടി മൈനർ ആണ്.)

  6. പെൺകുട്ടിയ്ക്കോ വീട്ടുകാർക്കോ പരാതിയില്ലെങ്കിലും ഏതെങ്കിലുമൊരു മൂന്നാമൻ പരാതിപ്പെട്ടാലും കേസ് മുന്നോട്ട് പോകും.

  7. പ്രായപൂർത്തിയായ പെൺകുട്ടിയുടെയോ സ്ത്രീയുടെയോ ഭാഗത്തുനിന്നും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ കാര്യത്തിൽ ഇതേ പെരുമാറ്റമുണ്ടായാൽ, ആ സ്ത്രീ പോക്സോ കുറ്റവാളിയായി മാറും.

(പ്രണയത്തിൽ ഉൾപ്പെട്ട സ്ത്രീയ്ക്ക് പ്രായപൂർത്തിയായതുകൊണ്ട് ആൺകുട്ടി മൈനർ ആയാലും ശാരീരിക ബന്ധത്തിന് പ്രശ്നമില്ലായെന്ന് ധരിക്കരുത്. ഇവിടെ ജൻഡറിനല്ല പ്രാധാന്യം, കുട്ടികൾ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്നതിനാണ്.)

നിയമങ്ങൾ നമ്മുടെ ഓരോരുത്തരുടെയും നന്മയ്ക്കോ സുരക്ഷയ്ക്കോ ഒക്കെയായി നിർമ്മിക്കപ്പെട്ടിട്ടുള്ളവയാണ്. പ്രായത്തിന്റെ എടുത്ത് ചാട്ടത്തിൽ അബദ്ധങ്ങൾ കാട്ടാതെ വസ്തുതകൾ മനസ്സിലാക്കി മുന്നോട്ട് പോകുക. പ്രണയവും ജീവിതവും ആരോഗ്യത്തോടെ കൊണ്ടുപോയെങ്കിൽ മാത്രമാണ് വിജയമുണ്ടാകുകയെന്ന് എപ്പോഴുമോർക്കുക.

Psy. സ്വർഗ്ഗീയ ഡി. പി

കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing