Huddle

Share this post
എൻ്റെത് മാത്രമെന്ന അമിത ചിന്ത രോഗമാവുമ്പോൾ
www.huddleinstitute.com

എൻ്റെത് മാത്രമെന്ന അമിത ചിന്ത രോഗമാവുമ്പോൾ

Dr Sebin S Kottaram
Aug 31, 2021
Comment
Share

ഏറ്റവും ശ്രേഷ്ഠമായ വികാരങ്ങളിലൊന്നാണ് പ്രണയം. അത് വ്യക്തിയോടാകാം, പൂവിനോടാകാം, കാറിനോടാകാം, പ്രകൃതിയോടാകാം... എന്തുമാകാം. അദമ്യമായ ഇഷ്ടത്തിൽ നിന്ന് പ്രണയം മൊട്ടിടുന്നു. എന്നാൽ ഈ ഇഷ്ടം ഇഷ്ടപ്പെടുന്ന വ്യക്തിയാകാം, വസ്തുക്കളാക്കാം, അത് എൻ്റെത് മാത്രമായിരിക്കണമെന്ന അമിതമായ ചിന്ത മാനസിക പ്രശ്നത്തിലേക്കു നീങ്ങുന്നു. താനിഷ്ടപ്പെടുന്ന വ്യക്തിയോ വസ്തുവോ തനിക്ക് നഷ്ടപ്പെടുമോ എന്ന അമിതമായ ഉത്കണ്ഠ, എൻ്റെത് മാത്രമായിരിക്കണം എന്ന ചിന്തയിലേക്ക് (possessiveness) മാറുന്നു. അതോടെ ആ വ്യക്തിയുടെ, ഇഷ്ടപ്പെടുന്ന ആളുകളോടുള്ള പെരുമാറ്റത്തിലും സ്വാഭാവികമല്ലാത്ത മാറ്റങ്ങൾ വരുന്നു. ഈയൊരു ചിന്ത അമിതമാകുമ്പോൾ, താനിഷ്ടപ്പെടുന്ന വ്യക്തി അകലുന്നു / നഷ്ടപ്പെടുന്നുവെന്ന് തോന്നിയാൽ ആ വ്യക്തിയെ ഇല്ലാതാക്കാൻ വരെ ശ്രമിക്കാം. അതിനുദാഹരണങ്ങളാണ് അടുത്ത കാലത്തുണ്ടായ പ്രണയ പകയുടെ പരിണിത ഫലങ്ങളായ കൊലപാതകങ്ങൾ. പ്രണയം നിരസിച്ചതിന് തിരുവല്ലയിൽ പെട്രോളൊഴിച്ചാണ് പെൺകുട്ടിയെ കൊലപ്പെടുത്തിയത്. കോതമംഗലത്തുള്ള മെഡിക്കൽ വിദ്യാർത്ഥിനിയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആസിഡൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവങ്ങളും ധാരാളം ഉണ്ടായിട്ടുണ്ട്.

എന്താണ് ഇതിനു കാരണം?

അമിതമായ ഇഷ്ടം അമിതമായ പകയിലേക്ക് എങ്ങനെ മാറുന്നു?

ഒറ്റ ഉത്തരം : താനേറെ ആഗ്രഹിച്ച വ്യക്തിയെ തനിക്ക് ലഭിച്ചില്ലെങ്കിൽ മറ്റാർക്കും ലഭിക്കേണ്ട എന്ന സ്വാർത്ഥത നിറഞ്ഞ മനോവൈകല്യമാണ് (പൊസസ്സീവ്നെസിന്റെ  അങ്ങേയറ്റം) കൊലപാതകങ്ങളിൽ കലാശിക്കുന്നത്. തന്നെക്കുറിച്ചു തന്നെയുള്ള മതിപ്പ് (ആത്മാഭിമാനം) വളരെക്കുറഞ്ഞവരായിരിക്കും അമിത പൊസസ്സീവ്നെസ്സ് ഉള്ളവർ. പ്രിയപ്പെട്ടവരോടുള്ള സ്നേഹവും തൻ്റെത് മാത്രമായിരിക്കണമെന്ന ചിന്തയും ഏതൊരു ബന്ധത്തിലും സ്വാഭാവികമാണ്. ദാമ്പത്യത്തിലാവട്ടെ, പ്രണയത്തിലാവട്ടെ ജീവിത പങ്കാളിയോ കമിതാവോ തന്റെ സ്വന്തമാണ്, തൻ്റെത് മാത്രമാണെന്ന ചിന്ത പരസ്പരം ഉണ്ടാകും. അത് ആ ബന്ധത്തിന്റെ തീവ്രത സൂചിപ്പിക്കുന്നു. അതാണ് ഓരോ വാലന്റെൻസ് ഡേയിലെയും ആശംസാ വാചകങ്ങളിൽ 'Be Mine' (എന്റേതായിരിക്കുക) എന്ന് കാണുന്നത്. എന്നാൽ പൊസസ്സീവ്നെസ്സ് പങ്കാളിയുടെ നേട്ടങ്ങളിൽ പോലും അസ്വസ്ഥതയും അസൂയയും സൃഷ്ടിക്കുന്നു. വലിയ നേട്ടങ്ങളിലേക്കു പോകുമ്പോൾ പങ്കാളിയെ തനിക്ക് നഷ്ടപ്പെടുമോ എന്ന അടിസ്ഥാനമില്ലാത്ത ആശങ്കയാണ് ഇവിടെ കാരണം. എതിർ ലിംഗത്തിൽപ്പെട്ടവർ പങ്കാളിയോട് സംസാരിക്കുന്നതു പോലും ഇക്കൂട്ടർക്ക് അധികം താൽപ്പര്യമില്ലായിരിക്കും. ചിലരാകട്ടെ പങ്കാളി മറ്റുള്ളവരുമായി ഇടപഴകുന്നതിനു പോലും വിലക്കേർപ്പെടുത്തുന്നു. ഓഫീസിലും മറ്റും പോകുമ്പോൾ പങ്കാളി വീട്ടിലുണ്ടെങ്കിൽ വീട് പുറത്തു നിന്ന് പൂട്ടിയായിരിക്കും പോകുന്നത്. ഇന്നത്തെക്കാലത്ത് ആരെയും വിശ്വസിക്കാൻ പറ്റില്ല, അതുകൊണ്ട് മുറ്റത്തേക്കുപോലും ഇറങ്ങണ്ട എന്ന മുടന്തൻ ന്യായമായിരിക്കും ഇതിന് പറയുന്നത്.

ചിലരാകട്ടെ പുറത്തുനിന്നുള്ള ആരും പങ്കാളിയെ കാണാതിരിക്കാനായി വീട്ടിനു പുറത്തേക്ക് അധികം കൊണ്ടുപോവുകയില്ല. പൊതു പരിപാടികളിൽ നിന്നെല്ലാം അകറ്റിനിർത്തും. പൊസസ്സീവ്നെസ്സ്  അമിതമാകുമ്പോൾ അസൂയയിലേക്കും പങ്കാളിയെ വാക്കുകൾ കൊണ്ടും ശാരീരികമായും ഉപദ്രവിക്കുന്നതിലേക്കും അത് ചെന്നു നിൽക്കുന്നു. പാരനോയ ഉൾപ്പെടെയുള്ള ബന്ധങ്ങളിലെ പ്രശ്നങ്ങളിലേക്കും ഇത് നയിക്കുന്നു. പ്രത്യേകിച്ച് തെളിവുകളൊന്നാന്നുമില്ലാതെ തന്നെ, മറ്റുള്ളവർ തന്നെ ഉപദ്രവിക്കാൻ ശ്രമിക്കുന്നുവെന്ന തോന്നൽ പാരനോയ ഉള്ള വ്യക്തികളിൽ കാണാം. മറ്റുള്ളവർ നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്നും നിങ്ങളോട് കള്ളം പറയുന്നുവെന്നും നിങ്ങളെ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും, പാരനോയ ഉള്ള വ്യക്തികൾ ചിന്തിക്കുന്നു. മറ്റുള്ളവരെല്ലാം മോശക്കാരാണെന്ന വിശ്വാസമായിരിക്കും ഇത്തരക്കാർക്കുള്ളത്. പൊസസ്സീവ്നെസ്സിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുന്നത്, തെറ്റായ അവസ്ഥയിലേക്ക് മാറുന്നത് മുൻകൂട്ടി കാണാൻ സഹായിക്കും. ജീവിത പങ്കാളി / പ്രണയിക്കുന്ന വ്യക്തി തന്നെ ഉപേക്ഷിച്ച് പോകുമെന്ന് പൊസസ്സീവ് ആയവർ ചിന്തിക്കുന്നു. ഇത് ഭയത്തിലേക്കും ദേഷ്യത്തിലേക്കും സങ്കടത്തിലേക്കും കൊണ്ടു ചെന്നെത്തിക്കും.

പലപ്പോഴും ബാല്യത്തിലെ ബന്ധങ്ങളിൽ അരക്ഷിതാവസ്ഥ ഉണ്ടായിരുന്നവരിലാണ് പൊസസ്സീവ്നെസ് ഏറിനിൽക്കുന്നത്. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ വേർപിരിഞ്ഞവർ, ദുരന്തങ്ങളിൽപ്പെട്ടവർ, തുടങ്ങിയവർക്കൊക്കെ ഇത്തരത്തിൽ അമിത പൊസസ്സീവ്നെസ്സ് ഉണ്ടാകാം. മറ്റുള്ളവരുമായുള്ള ബന്ധത്തിൽ ഉത്കണ്ഠ നിറഞ്ഞ മനോഭാവം പുലർത്തുന്ന ഇത്തരക്കാർക്ക് അവരേക്കുറിച്ച് മതിപ്പു കുറവും മറ്റുള്ളവരെക്കുറിച്ച് മതിപ്പ് കൂടുതലുമായിരിക്കും. ഇത് സ്വയം അപകർഷതാബോധം സൃഷ്ടിക്കുകയും ചെയ്യും. പങ്കാളിയിൽ വിശ്വാസം കുറവായിരിക്കുന്നതിനൊപ്പം തന്നെ പങ്കാളി ഉപേക്ഷിക്കുമോ എന്ന ശക്തമായ ഭയവും ഇത്തരക്കാർക്കുണ്ടാകും. മറ്റുള്ളവരുമായുള്ള വൈകാരിക അടുപ്പം ജനനം മുതൽ ഒരു വ്യക്തിയിൽ ആരംഭിക്കുന്നതാണ്. അമ്മയോ, വളർത്തമ്മയോ ആയ ബന്ധം എങ്ങനെയായിരുന്നോ അത് ഭാവിയിൽ മറ്റുള്ളവരുമായുള്ള ബന്ധത്തെ സ്വാധീനിക്കാം. ആദ്യ ബന്ധത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മറ്റു ബന്ധങ്ങളെ കാണുന്നത്. കാരണം ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുന്നത് ബാല്യം മുതലാണ്. ഉത്കണ്ഠ നിറഞ്ഞ വൈകാരിക അടുപ്പം (Anxious Attachement) അഥവാ അടുക്കും ചിട്ടയുമില്ലാത്ത വൈകാരിക അടുപ്പം (Disorganized Attachement) ഉള്ളവർ എപ്പോഴും ആവശ്യക്കാരായിരിക്കും. ആത്മാഭിമാനം കുറഞ്ഞിരിക്കുന്നതിനൊപ്പം ആകുലചിന്തകളായിരിക്കും മനസ്സിൽ. മറ്റുള്ളവരുമായി അടുക്കാൻ താല്പര്യമുണ്ടെങ്കിലും മറ്റുള്ളവർ തന്നെ അവർക്കൊപ്പം ഉൾക്കൊള്ളുമോ എന്ന ആശങ്കയായിരിക്കും ഇവരിൽ ഉള്ളത്. ഇത്തരക്കാർക്ക് ബന്ധങ്ങൾ നിലനിർത്താൻ പ്രയാസമായിരിക്കും. ബോർഡർ ലൈൻ പേഴ്സനാലിറ്റി ഡിസോർഡർ (Borderline Personality Disorder) ഉള്ളവരിലും പൊസസ്സീവ്നെസ്സ് കാണപ്പെടുന്നു. ഇവരുടെ മൂഡ് പെട്ടെന്ന് മാറിക്കൊണ്ടിരിക്കും.

ലക്ഷണങ്ങൾ

• ഇടയ്ക്കിടെ വളരെ വേഗത്തിൽ I Love You എന്നു പറഞ്ഞു കൊണ്ടിരിക്കുന്നത്.

• ഒരു ദിവസം ചെയ്ത / ചെയ്യേണ്ട കാര്യങ്ങളുടെ വളരെ സൂക്ഷ്മമായ വിശദീകരണം ആവശ്യപ്പെടുന്നത്. ഉദാഹരണത്തിന്, രാവിലെ മുതൽ വൈകീട്ട് വരെ പുറത്തുപോയ സമയം ഓരോ മണിക്കൂറിലും എന്തെടുക്കുകയായിരുന്നു എന്ന മട്ടിലുള്ള ചോദ്യങ്ങൾ.

• അമിത സംശയം

പങ്കാളിയിൽ വിശ്വാസം കുറവുള്ള ഇത്തരക്കാർ അമിതമായി സംശയാലുക്കളായിരിക്കും. അതിനാൽ തന്നെ പങ്കാളിയുടെ സ്വകാര്യതയിലേക്ക് മറഞ്ഞിരുന്ന് എത്തി നോക്കാൻ ശ്രമിക്കും. പങ്കാളിക്ക് രഹസ്യ കാമുകനുണ്ടെന്ന തെറ്റായ സംശയത്തിൽ ബെഡ് റൂമിലെ അലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്ന കഥാപാത്രത്തെ ഒരു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത് ഇത്തരത്തിലുള്ളതാണ്. പങ്കാളിയുടെ വാട്സ്ആപ്പ് മെസേജുകൾ, ഫേസ്ബുക്ക് കമന്റുകൾ, ഇമെയിൽ എന്നിവയെല്ലാം ഓരോന്നായി തുറന്ന് പരിശോധിക്കുന്നതും ഇത്തരക്കാരിൽ കാണാം.

• നിങ്ങൾ ഫ്രീയായിട്ടിരിക്കുന്ന സമയം മുഴുവൻ ജീവിത പങ്കാളിക്കൊപ്പം മാത്രം ചെലവഴിക്കണമെന്ന് നിബന്ധിക്കുന്നത്. സുഹൃത്തുക്കൾ, സഹപ്രവർത്തകർ, മറ്റു കുടുംബാംഗങ്ങൾ, ബന്ധുക്കൾ എന്നിവരുമായെല്ലാം ഇടപഴകുമ്പോഴാണ് ശരിയായ രീതിയിൽ ബന്ധങ്ങൾ വളരുന്നത്.

എങ്ങനെ നേരിടാം

• പൊസസ്സീവ്നെസ്സ് ഉള്ള പങ്കാളിയുടെ ലക്ഷണങ്ങൾ മനസ്സിലായാൽ, അത് നിങ്ങളെക്കുറിച്ചുള്ള ശ്രദ്ധ എന്നതിനേക്കാൾ പങ്കാളിയുടെ അരക്ഷിതാവസ്ഥയിൽ നിന്നും ബന്ധത്തെക്കുറിച്ചുള്ള ഉത്കണ്ഠയിൽ നിന്നും വ്യക്തിത്വ വൈകല്യങ്ങളിൽ നിന്നും രൂപപ്പെടുന്നതാണെന്ന് മനസ്സിലാക്കുക. പങ്കാളിയോട് നിങ്ങൾക്കുള്ള സ്നേഹം ബോധ്യപ്പെടുത്താൻ ശ്രമിക്കുക. എന്നിട്ടും മാറ്റമുണ്ടാകുന്നില്ലെങ്കിൽ ദമ്പതികൾക്കായുള്ള കൗൺസിലിംഗിന് മാനസികാരോഗ്യ വിദഗ്ധനെ കാണുക.

നിങ്ങൾക്കുണ്ടെങ്കിൽ എന്തു ചെയ്യാം ?

• ന്യായീകരിക്കാനാവാത്ത സംശയങ്ങളിലേക്കും അതു വഴിയുള്ള പരിശോധനകളിലേക്കും പോകാതിരിക്കുക.

• ജീവിത പങ്കാളിയോട് നിങ്ങളുടെ മാനസികാവസ്ഥ ശാന്തമായി പറയുക.

• ജീവിത പങ്കാളിയെക്കൂടാതെ, മറ്റു കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ, തുടങ്ങിയവരുമായും ബന്ധം നിലനിർത്തുക. ആശയ വിനിമയം നടത്തുക.

• വലിയ അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു സൈക്കോളജിസ്റ്റിന്റെ സഹായം തേടുക.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing