തകിടം മറിച്ചിലിലെ സാദ്ധ്യതകൾ
സംരംഭകത്വവികസനപരിശീലനപരിപാടിക്കിടയിൽ പരിചയപ്പെട്ട നാട്ടിൻപുറത്തുകാരിയും കുടുംബിനിയുമായ ഒരു മധ്യവയസ്കയാണ് സുധ. തകിടം മറിച്ചിലിലെ സാദ്ധ്യതകളെയും അവ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെയും അവ പ്രയോജനപ്പെടുത്തുന്ന രീതികളെയും വല്ലാതെ തുറന്നു വയ്ക്കുന്നു, അവരുടെ ജീവിതം. ഒരു സാധാരണ നാട്ടിൻപുറത്തെ കർഷകകുടുംബത്തിലെ ആറ് മക്കളിൽ മൂന്നാമത്തെ പെൺകുട്ടിയായിരുന്നു അവർ. അവരുടെ ജീവിതം അവരുടെ വാക്കുകളിലൂടെ ഞാൻ പറയാൻ ശ്രമിക്കാം.
പത്താം ക്ലാസ് പഠനം കഴിഞ്ഞപ്പോൾ തുടർന്ന് പഠിക്കാനുള്ള കഴിവുണ്ടായിരുന്നെങ്കിലും, വീട്ടിൽ അതിനുള്ള ആസ്തിയില്ലാതിരുന്നതിനാൽ ഞാൻ പഠനം അവസാനിപ്പിച്ച് വീട്ടുപണികളും കൃഷിപ്പണികളുമായി ജീവിച്ചു. മൂത്ത സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞപ്പോൾ മാതാപിതാക്കൾ എൻ്റെ കല്യാണം നടത്താൻ തീരുമാനിച്ചു. വന്നു കണ്ടവരിൽ ഇരുകൂട്ടർക്കും സ്വീകാര്യമായ ഒരു ചെറുക്കനുമായുള്ള വിവാഹം ഉറപ്പിച്ചു. ഒരു സാധാരണ നാടൻ പെൺകുട്ടിയുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെയായി പുതിയ സ്ഥലത്തു സന്തോഷത്തോടെ ജീവിക്കാൻ തുടങ്ങി. രണ്ടുമക്കളായി. മൂത്ത കുട്ടിയെ സ്കൂളിൽ ചേർക്കേണ്ട സമയമായി.
ഇതിനിടയിൽ ഒരു അനിയൻ വിവാഹിതനായി. നാട്ടുനടപ്പും പതിവുമനുസരിച്ചു മൂത്തയാളും കുടുംബവും പുതിയ വീടുവെച്ചുമാറേണ്ടത് ആവശ്യമായി വന്നു. സാമ്പത്തികമായി അതിനു കഴിയാത്തതുകൊണ്ട് തല്ക്കാലം വാടകവീട്ടിലേക്കു താമസം മാറി, പക്ഷെ പെട്ടെന്ന് ഭർത്താവിന് ഒരു കാലിന്റെ ബലം കുറയാൻ തുടങ്ങി. ആദ്യമൊന്നും അത് കാര്യമാക്കിയില്ലെങ്കിലും പതുക്കെ നടക്കാനും ഭാരമെടുക്കാനും കഴിയാതെയായി. ചികിത്സക്കു നല്ല ചെലവായി. പക്ഷെ തുടർന്നു പഴയ ജോലി ചെയ്യാൻ കഴിയാതായി. പറ്റുന്ന പുതിയ ജോലിയൊന്നും കിട്ടിയതുമില്ല. വീട് പതുക്കെ പട്ടിണിയിലായിത്തുടങ്ങി. ഒന്നിനും വഴിയില്ലാതെ ആദ്യമൊക്കെ സ്വന്തം വീട്ടുകാരെ സമീപിച്ചു. പക്ഷെ അവരും പ്രാരാബ്ദക്കാരാണല്ലോ. ഭർത്താവിന്റെ വീട്ടിൽനിന്ന് കാര്യമായ സഹായമില്ല എന്നു തന്നെയല്ല, ആവശ്യത്തിലേറെ കുത്തുവാക്കുകളും പരിഹാസങ്ങളും ഉണ്ടാകാനും തുടങ്ങി. എല്ലാവരും കുലമഹിമയിലും അഭിമാനത്തിലും ഏറെ ശ്രദ്ധിച്ചിരുന്നവരായതുകൊണ്ടു രണ്ടുവീട്ടിലെയും സത്രീകൾ പുറത്തു ഒരു തൊഴിലിനും പോയിരുന്നില്ല. വീട്ടിലെ ജോലികൾ, ഭർത്താവിന്റെയും, മാതാപിതാക്കളുടെയും, മക്കളുടെയും ആവശ്യങ്ങൾ തുടങ്ങിയവ ചെയ്യുക എന്നതു മാത്രമായിരുന്നു ജീവിതചര്യ. കുടുംബത്തിന്റെ സാമ്പത്തികാവസ്ഥ വല്ലാത്ത ഞെരുക്കത്തിലായപ്പോഴും ഒരു പുതിയ വരുമാനസ്രോതസ് അന്വേഷിക്കാൻ തോന്നിയില്ല. അതുകൊണ്ട് എല്ലാ വിഷമങ്ങളും ഉള്ളിലൊതുക്കി കഴിഞ്ഞുകൂടാൻ ശ്രമിച്ചു. തീരെ നിവർത്തിയില്ലാത്തപ്പോൾ "എല്ലാവരും കൂടി ചത്തുകളഞ്ഞാലോ" എന്നും ആലോചിച്ചിരുന്നു.
ഒരിക്കൽ പത്താം ക്ലാസ്സിൽ ഒരുമിച്ചു പഠിച്ചിരുന്ന ഒരു കൂട്ടുകാരിയെ സ്വന്തം വീട്ടിൽ പോയി വരുന്നവഴിക്കു വെച്ചു കാണാനിടയായി. വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ അവൾ ഭർത്താവിന്റെ വിശേഷങ്ങളും അന്വേഷിച്ചു. ആദ്യം എല്ലാം നന്നായി പോകുന്നു എന്ന് പറഞ്ഞു. ഭർത്താവിന് കമ്പനി ജോലിയുണ്ടായിരുന്നു എന്ന് അവൾക്കു അറിയാമായിരുന്നു. അതുകൊണ്ടാവണം അവൾ പെട്ടെന്ന് ചോദിച്ചു "ഒരു പോളിസി എടുക്കാമോ" എന്ന്. പോളിസി എന്താണെന്നുപോലുമറിയാതിരുന്ന ഞാൻ തിരിച്ച് ചോദിച്ചു "പോളിസിയോ? അതെന്താണ്?'. അവളുടെ വിശദീകരണത്തിൽ നിന്നും എനിക്കാകെ മനസ്സിലായത് കുറച്ചുകാശ് തുടർച്ചയായി നിക്ഷേപിച്ചാൽ പിന്നീട് കൂടുതൽ കാശ് തിരിച്ചു കിട്ടുമെന്നും കൂടുതൽ കാലം ജീവിതത്തിനു സുരക്ഷിതത്വം കിട്ടുമെന്നുമാണ്. ഞാനറിയാതെ എന്റെ കണ്ണ് രണ്ടും നിറഞ്ഞുപോയി. കാരണം അന്ന് അത്താഴം വയ്ക്കാനുള്ള അരി പോലും എന്റെ വീട്ടിൽ ഇല്ലായിരുന്നു. അതു വാങ്ങാനുള്ള പൈസയും ഇല്ലായിരുന്നു. പെട്ടെന്നുള്ള എന്റെ ഭാവമാറ്റം കണ്ടയുടനെ അവളും വല്ലാതായി. എന്റെ കയ്യിൽപിടിച്ചു ഒരുവശത്തേക്ക് മാറ്റി നിർത്തി അവൾ എന്നോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അവൾ അവളുടെ പേഴ്സ് തുറന്ന് ഒരു നൂറിന്റെ നോട്ട് എടുത്തു കയ്യിൽ തന്നിട്ട് പിന്നീട് വീട്ടിലേക്കു വരാം എന്ന് പറഞ്ഞു. ആദ്യം ഞാൻ കാശുവാങ്ങാൻ മടിച്ചെങ്കിലും എന്റെ അപ്പോഴത്തെ അവസ്ഥ കൊണ്ടാകാം ഞാൻ മറുത്തൊന്നും പറഞ്ഞില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ എന്റെ കൂട്ടുകാരി ഒരു സാറിനെയും കൂട്ടി വീട്ടിൽ വന്നു. അവളുടെ കീഴിൽ ഞാനും, ഒരു ഇൻഷുറൻസ് ഏജൻ്റ് ആകണം എന്ന് അവൾ എന്നോട് പറഞ്ഞു. വേണമെങ്കിൽ രണ്ടുപേർക്കും ആകാം എന്നാണ് അവർ പറഞ്ഞത്. എന്നാൽ ഭർത്താവിന് അത്തരം ഒരു ജോലിയും ഇഷ്ടമായിരുന്നില്ല. എൻ്റെ കാര്യത്തിലും ഭർത്താവിന് ഒട്ടും താത്പര്യമുണ്ടായിരുന്നില്ല. നാട്ടുകാർ....വീട്ടുകാർ...തറവാടിത്തം... ഇതുപോലെ പല ആളുകളെ കാണുക...അലഞ്ഞുനടക്കുക...അവരോടൊക്കെഅപേക്ഷിക്കുക...അപരിചിതരുടെ കൂടെപോവുക....അതും കുടുംബിനിയും രണ്ടുമക്കളുടെ അമ്മയുമായ ഒരു ചെറുപ്പക്കാരി... എന്റെ ചുറ്റിലുമുള്ളവർക്ക് ഒരിക്കലും ഓർക്കാൻ കൂടി കഴിയാത്ത കാര്യമായിരുന്നു. എനിക്കും വലിയ ഭയമായിരുന്നു. ഞാനും ഒട്ടും താല്പര്യം കാട്ടിയില്ല. എൻ്റെ സുഹൃത്ത് പക്ഷെ എന്നെ വിടാൻ തയ്യാറായിരുന്നില്ല. അവൾ വീണ്ടും വന്നു. അവളുടെ ആവർത്തിച്ചുള്ള ശ്രമങ്ങളിൽ ഒടുവിൽ ഞാനും സമ്മതിച്ചു. അനേകം നിബന്ധനകളോട ഭർത്താവ് എനിക്ക് ഇൻഷുറൻസ് ഏജൻസി എടുക്കാൻ അനുവാദം തന്നു. ഒരു ദിവസം രണ്ടും കല്പിച്ചു ഞാൻ എന്റെ കൂട്ടുകാരിയുടെ കൂടെ ഫീൽഡിൽ ഇറങ്ങി. ആദ്യ ദിവസങ്ങളിൽ കൂട്ടുകാരി തന്നെയാണ് എല്ലാവരോടും കാര്യങ്ങൾ ചോദിച്ചതും പോളിസിയെടുക്കാൻ ആവശ്യപെട്ടതും. പക്ഷെ അന്ന് ആരും തന്നെ പോളിസി എടുത്തില്ല എന്നു മാത്രമല്ല, ഒരു പരിചയവുമില്ലാത്ത ആളുകളോട് പോളിസിയെടുക്കാൻ പറഞ്ഞപ്പോൾ പലരും വല്ലാതെ അധിക്ഷേപിച്ചു സംസാരിക്കുകയും ചെയ്തു. ചിലരുടെ നോട്ടം വച്ചുള്ള സംസാരവും തൊലിയുരിയുന്നതു പോലെയായിരുന്നു. എനിക്കു വല്ലാത്ത നാണക്കേടും വിഷമവും തോന്നി. എന്നാൽ കൂട്ടുകാരി ഒരു പുഞ്ചിരിയോടെ എന്നോട് പറഞ്ഞു "ഇത് പതിവാണ്. പത്തു പേരോടു ചോദിച്ചാലാണ് ഒരു പക്ഷെ ഒരാൾ താല്പര്യം കാണിക്കുക. പത്തു പേർ താൽപ്പര്യം കാണിച്ചാൽ അതിൽത്തന്നെ ഒന്നോ രണ്ടോ പേരുമാത്രമേ പോളിസി എടുക്കുകയുള്ളു. നമ്മൾ എത്ര കൂടുതൽ ബിസിനസ് നടത്തുന്നുവോ അത്രയും കൂടുതൽ കമ്മീഷൻ നമുക്കു ലഭിക്കും ഇപ്പോൾ മാസം തോറും എനിക്ക് ഏകദേശം ഇരുപതിനായിരം രൂപ കിട്ടുന്നുണ്ട്".പക്ഷെ എന്റെ മാനസികനില വല്ലാതെ തളർന്നിരുന്നു. എനിക്ക് ഒട്ടും കോൺഫിഡൻസ് തോന്നിയില്ല.. രാത്രി മുഴുവനും എന്തു ചെയ്യണം എന്ന് തന്നെ ആലോചിച്ചു. ഒടുവിൽ ഞാൻ എങ്ങനെയോ തീരുമാനിച്ചു. "പിറ്റേന്നും കൂട്ടുകാരിയുടെ കൂടെ ഫീൽഡിലിറങ്ങാൻ." രാവിലെ എണീറ്റ് വീട്ടിലെ പണികളെല്ലാം തീർത്തു. "ഞാൻ ഇന്നും പോയിനോക്കട്ടെ. ആരെങ്കിലും സമ്മതിച്ചാൽ ഞാൻ ഇത് തുടർന്ന് ചെയ്യാം. ഇല്ലെങ്കിൽ ഇത് അവസാനിപ്പിക്കാം" എന്ന് ഭർത്താവിനോട് പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിലെത്തി. ഞങ്ങൾ രണ്ടുപേരും കൂടി അന്ന് പല ആളുകളെയും കണ്ടു. ആദ്യമൊക്കെ കാര്യമായി ആളുകളെ ബോധവൽക്കരിച്ചു പോളിസി എടുപ്പിക്കാൻ നോക്കി. പക്ഷെ കഴിഞ്ഞില്ല. ഒടുവിൽ ഒരാളുടെയടുത്തു സംസാരിക്കുന്നതിനിടയിൽ എന്റെ നിയന്ത്രണങ്ങളൊക്കെവിട്ടു ഞാൻ പൊട്ടിക്കരഞ്ഞുപോയി. എന്തായാലും അദ്ദേഹം ഒരു ലക്ഷത്തിന്റെ ഒരു പോളിസി എടുക്കാം എന്ന് സമ്മതിച്ചു. അംങ്ങനെ എന്റെ ആദ്യത്തെ ഇൻഷുറൻസ് പോളിസി എടുത്തുകിട്ടി. വൈകുന്നേരമായപ്പോഴേക്കും ഞങ്ങൾ കൂടുതൽ പേരെ കണ്ടു. എനിക്ക് പലരോടും സംസാരിക്കാനുള്ള ധൈര്യമായിത്തുടങ്ങി. എന്റെ നാണവും മറ്റു മാനസികവിഷമങ്ങളും കുറഞ്ഞുതുടങ്ങിയിരുന്നു. തിരിച്ചു വീട്ടിലെത്തിയപ്പോൾ എനിക്ക് വലിയ ആവേശമായിരുന്നു. ജീവിതത്തിൽ ആദ്യമായി ഒരുകാര്യം സ്വന്തമായി ചെയ്തതിന്റെ സംതൃപ്തി. തുടർന്ന് ചെയ്യാനുള്ള പലകാര്യങ്ങളും ഇങ്ങനെ മനസിലേക്ക് വരുന്നുണ്ടായിരുന്നു. അങ്ങനെ പലതും ആലോചിച്ചുകൊണ്ടിരിക്കുമ്പോളാണ് ഭർത്താവ് വന്നത്. വലിയ ഗൗരവത്തിലായിരുന്നു. വന്നു കയറിയ ഉടനെ പറഞ്ഞു "ഇനി മേലാൽ ഇത്തരം പണിക്കൊന്നും പോകരുത് എന്ന്. നാട്ടുകാരുടെയും വീട്ടുകാരുടെയും മുൻപിൽ വലിയകുറച്ചിലാണ്". മാത്രമല്ല ആരൊക്കയോ അങ്ങേരെ ചീത്തപറഞ്ഞുപോലും. "പെണ്ണുമ്പിള്ളയെ ഊരു തെണ്ടാൻ ഇറക്കി വിട്ടിരിക്കുന്നു എന്ന്."അതു വരെയുണ്ടായിരുന്ന വലിയ സന്തോഷം പെട്ടെന്ന് ചിതറിപ്പോയി. കണ്ണുകൾ രണ്ടും നിറഞ്ഞു. അകത്തു പോയി കുറെ കരഞ്ഞു. അത് കണ്ടപ്പോൾ ഭർത്താവിനും സങ്കടമായി. ഒടുവിൽ ഭർത്താവും എതിർപ്പ് അവസാനിപ്പിച്ചു.
പിറ്റേന്ന് ഞാൻ വീട്ടുപണികളൊക്കെ തീർത്തു ഫീൽഡിൽപോയി. കുറച്ചു സമയത്തേക്ക് കൂട്ടുകാരി വന്നു. പിന്നെ പഴയ ഓഫീസർ സഹായിക്കാൻ വന്നു. കാര്യങ്ങളൊക്കെ വിശദമായി പറഞ്ഞുമനസിലാക്കി. പോളിസി കാര്യങ്ങൾക്കു സമീപിക്കാവുന്ന പലരെയും മുൻകൂട്ടി കണ്ടെത്തി. അവരെ സമീപിച്ചു. ചിലയിടങ്ങളിൽ സത്യത്തിൽ കരയുക തന്നെയുണ്ടായി. ഇങ്ങനെ ദിവസങ്ങൾ ആഴ്ചയിലേക്കും, ആഴ്ചകൾ മാസങ്ങളിലേക്കും നീണ്ടു. ആറു മാസം കൊണ്ട് എനിക്ക് ടാർഗറ്റ് പൂർത്തിയാക്കാൻ കഴിഞ്ഞു.ഇതിനിടയിൽ എനിക്ക് എന്റെ ആദ്യത്തെ കമ്മീഷൻ കമ്പനിയിൽ നിന്ന് കിട്ടി. അയ്യായിരം രൂപ. അത് എനിക്ക് ലക്ഷങ്ങളുടെ ലോട്ടറി കിട്ടിയ പോലെ ആയിരുന്നു. അത്രയും തുക ഞാൻ ഭർത്താവിന്റെ കയ്യിൽ കൊടുത്തപ്പോൾ ആദ്യം അദ്ദേഹത്തിന് വലിയ വിഷമമായിരുന്നു. എന്നാലും അതുകൊണ്ടു ഒന്ന് രണ്ടു മാസത്തെ വാടക കൊടുക്കാനും വീട്ടിലെ അത്യാവശ്യം സാധനങ്ങൾ വാങ്ങാനും കഴിയുന്നതുകൊണ്ടു അദ്ദേഹം ഒന്നും മിണ്ടിയില്ല.പിന്നീട് എനിക്ക് കൃത്യമായി കമ്മീഷൻ കാശ് കിട്ടാൻ തുടങ്ങി. പക്ഷേ വീണ്ടും പ്രശ്നങ്ങളായി. വീട്ടിലെ അനുജനും ബന്ധുക്കൾക്കും എന്റെ നാട്ടിലെ നടപ്പും ജോലിയും തീരെ പിടിക്കാതായി. പരാതികളും ദേഷ്യ പ്രകടനങ്ങളും പതിവായി. നാട്ടുകാരിൽ ചില സ്ഥിര ഏഷിണിക്കരും കൂടിയായപ്പോൾ പുറത്തിറങ്ങാൻ വയ്യാതായി. പലപ്പോഴും ഇത് ഭർത്താവിനെ വല്ലാതെ പ്രശ്നത്തിലാക്കിയിരുന്നു. അദ്ദേഹത്തിന് എതിർക്കാനും വയ്യ.... സമ്മതിക്കാനും വയ്യ... അത് ഞങ്ങളുടെ ബന്ധത്തിലും പ്രശ്നങ്ങളുണ്ടാക്കാൻ തുടങ്ങി. പലപ്പോഴും മക്കൾക്കും കളിയാക്കലുകളും പരിഹാസങ്ങളും അനുഭവിക്കേണ്ടി വന്നു.എന്ത് ചെയ്യണം എന്നറിയാതെ വല്ലാതെ വിഷമിച്ചു...പല ദിവസങ്ങളിലും ഇതിനെക്കുറിച്ചു ദീർഘമായ ചർച്ചകൾ വീട്ടിൽ നടന്നു. ഒടുവിൽ എന്തും വരട്ടെ ഇതുതുടരുക തന്നെ എന്ന് തീരുമാനിച്ചു. അത്ര സന്തോഷത്തോടെ അല്ലെങ്കിലും ഭർത്താവു കൂടെ നിക്കാൻ തയ്യാറായി. ഞാൻ വർദ്ധിച്ച ശക്തിയോടെ ഫീൽഡിലിറങ്ങി. ഒരു വർഷത്തിനുള്ളിൽ നല്ല രീതിയിൽ ബിസിനസ് നടത്താൻ കഴിഞ്ഞു. മാസംതോറും ഇരുപത്തിയയ്യായിരം വരെ വരുമാനമുണ്ടായി തുടങ്ങി.ലോൺ എടുത്തു ഒരു ചെറിയ ടൂവീലർ വാങ്ങി. ഭർത്താവും പതുക്കെ എന്റെ കൂടെ വരൻ തുടങ്ങി. വാടക വീട് കുറച്ചു കൂടി നല്ല വീടാക്കി. മക്കളെ നല്ല സ്കൂളിലേക്ക് മാറ്റി. ഇടയ്ക്കിടെ ഭർത്താവിന്റെ വീട്ടിലും എന്റെ സ്വന്തം വീട്ടിലും ചെറിയ സഹായങ്ങൾ ചെയ്യാൻ ശ്രമിച്ചു. വഴിയേ ആളുകൾ പരാതി പറച്ചിൽ നിർത്താൻ തുടങ്ങി. എനിക്ക് പറ്റാത്തപ്പോൾ ഭർത്താവ് എന്നെ സഹായിക്കാൻ തുടങ്ങി. മക്കൾ വലുതായി. പതുക്കെ ഞങ്ങൾ പത്തു സെന്റ് സ്ഥലം സ്വന്തമായി വാങ്ങി. ലോൺ എടുത്തു ഒരു ചെറിയ വീട് വച്ച് അവിടേക്കു താമസം മാറി. അടുത്ത ജംഗ്ഷനിൽ ഒരു ചെറിയ മുറി വാടകക്കെടുത്തു ഞാൻ ഓഫീസ് തുടങ്ങി. മകനെ എൻജിനീറിംഗിനും മകളെ മെഡിസിനും പഠിപ്പിച്ചു. മകളുടെ വിവാഹം നന്നായി നടത്തി. മകൻ നല്ല ജോലിയിലാണ് ഞാനും ഭർത്താവും ഇപ്പോഴും ഞങ്ങളുടെ ജോലിതുടരുന്നു. ഇത് ആരെയും ഒന്നിരുത്തി ചിന്തിപ്പിക്കേണ്ട ജീവിതമാണ്. എല്ലാ സ്വപ്നങ്ങളും പ്രതീക്ഷകളും തകിടം മറിഞ്ഞു പോയ ഒരു സാധാരണ നാട്ടിൻ പുറത്തുകാരി അതിനിടയിലെ നേരിയ ഒരു സാധ്യതയെ അതും ഒരു ആക്സിഡന്റ് പോലെ കൂട്ടുകാരിയിലൂടെ മുൻപിൽ വന്നത് കണ്ടെത്തി അതിലൂടെ നാട്ടുകാരുടെയും വീട്ടുകാരുടെയും തൊഴിലിടത്തിലെയും വെല്ലുവിളികളെ ധൈര്യം ഉണ്ടാക്കിയെടുത്തു അതിജീവിച്ചു, നഷ്ടപെട്ട ജീവിതത്തെ തിരികെപിടിച്ച അനുഭവങ്ങൾ തകിടം മറിച്ചിലിലെ സാധ്യതകളുടെ ഉപയോഗത്തെക്കുറിച്ചുള്ള ഒരു നേർസാക്ഷ്യമാണ്. ഇന്നത്തെ നമ്മുടെ ചുറ്റുപാടുകളിൽ പലപ്പോഴും പരാജയപ്പെടുന്ന , സ്വന്തമായി ഒരു അസ്തിത്വവും ഇല്ലത്ത, പലപ്പോഴും ആത്മഹത്യക്കും കൊലപാതകത്തിനും ഇടയ്ക്കു ജീവിക്കുന്ന സ്ത്രീകൾക്ക്, സുധയുടെ ജീവിതം ഒരു മാതൃകയാണ്. ഇടയ്ക്കിടെ ജീവിതത്തിൽ വിരുന്നുവരുന്ന തകിടം മറിച്ചിലുകൾ ജീവിതത്തിലെ അവസാനമല്ല എന്നും, അത് ഏതുതരത്തിലുള്ളതാണെങ്കിലും അവയെ മറികടക്കാം എന്നും ഒരു സാമാന്യ ബോധമുണ്ടാക്കിയെടുക്കാൻ കഴിഞ്ഞാൽ,ചുറ്റിലുമുള്ള അവസരങ്ങളെ തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്താൻ ശ്രമിച്ചാൽ ജീവിതത്തിന്റെ ഏതറ്റത്തു നിന്നും നമുക്ക് തിരിച്ചു വരൻ കഴിയും. പരാജയപ്പെട്ടു എന്ന അപകർഷതയല്ല മറിച്ചു തിരിച്ചുവരാനുള്ള പ്രാപ്തിയുണ്ടെന്ന ആത്മബോധമാണ് പുതിയ കാലത്തിൽ പുതിയ തലമുറയ്ക്ക് മാതാപിതാക്കളും അധ്യാപകരും മുതിർന്നവരും ബോധ്യപെടുത്തേണ്ടത്. അതായിരിക്കണം വിദ്യാഭ്യാസം. എല്ലാ തകിടം മറിച്ചിലുകളിലും തിരിച്ചു വരാനുള്ള സാധ്യതകളും ഉണ്ടെന്നു തിരിച്ചറിഞ്ഞു മുന്നോട്ടുപോയാൽ ഒരിക്കലും ആത്മഹത്യ ചെയ്യേണ്ടി വരില്ല. ആരും കൂടെയില്ല എന്ന് തോന്നുമ്പോഴും, എല്ലാവരും എതിരാണെന്ന് തോന്നുമ്പോഴും, എല്ലാം നഷ്ടപ്പെട്ടു എന്ന് തോന്നുമ്പോഴും ഈ സുധ ഒരു നക്ഷത്ര വെളിച്ചമാണ്.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.