ഫെയ്സ്ബുക്ക് ഉപയോഗവും മാനസികാരോഗ്യവും
“പ്രിയ ഡോക്ടര്‍, ഞാന്‍ മുപ്പതുവയസ്സുള്ള ഒരു എഞ്ചിനീയറാണ്. ഫെയ്സ്ബുക്ക് ഉപയോഗം നിയന്ത്രിക്കാനാവുന്നില്ല എന്നതാണ് എന്റെ പ്രശ്നം. ഇടയ്ക്കിടക്ക് ഫോണ്‍ എടുത്ത് ഫെയ്സ്ബുക്ക് ഒന്നു നോക്കിയില്ലെങ്കില്‍ ഭയങ്കര വേവലാതിയാണ്. വേറൊരു കാര്യവും ചെയ്യാന്‍ സമയവും ശ്രദ്ധയും കിട്ടാതായിരിക്കുന്നു. ഉറങ്ങാന്‍ കണ്ണടയ്ക്കും മുമ്പും ഉണര്‍ന്നാല്‍ ഏറ്റവുമാദ്യവും ചെയ്യുന്നതും രാത്രിയില്‍ എത്ര ലൈക്കുകള്‍ കിട്ടി, എന്തൊക്കെ കമന്റുകൾ വന്നു എന്നൊക്കെ നോക്കലാണ്. ജോലി ചെയ്യുമ്പോഴും കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഇരിക്കുമ്പോഴുമൊക്കെ എഫ്ബിയിൽ എന്താവും നടക്കുന്നുണ്ടാവുക എന്ന ആധിയും ആകെ ഒരസ്വസ്ഥതയുമാണ്. വേറൊരുകാര്യം ചെയ്യുന്നതിലും എവിടെയെങ്കിലും പോകുന്നതിലുമൊന്നും യാതൊരു താല്പര്യവുമില്ലാതായിരിക്കുന്നു. ഇതൊരു മാനസികരോഗമാണോ? ഞാന്‍ എന്താണ് ചെയ്യേണ്ടത്?
അടുത്തിടെ ഒരു മനശാസ്ത്രജ്ഞന് വന്ന കത്താണ്. ഇതിലേ പ്രശ്നക്കാരനായ ആ യുവാവ് നമ്മളില്‍ പലരുമാണ് എന്ന് തോന്നുന്നുവല്ലേ..
ഫെയ്‌സ്‌ബുക് അഡിക്ഷന്‍ എന്ന ന്യൂജനറേഷന്‍ പ്രശ്നത്തിന്റെ ഏതാനും ലക്ഷണങ്ങളാണ് മേല്‍പ്പറഞ്ഞ യുവാവ് എഴുതിയിരിക്കുന്നത്. ഉദ്ദേശിച്ചതിലും കൂടുതല്‍ സമയം എഫ്ബിയില്‍ ചെലവഴിച്ചുപോവുക, ഏറെനാളായി അടുത്തറിയാവുന്നവരെക്കാളും പ്രാധാന്യം എഫ്ബി ഫ്രണ്ട്സിനു കൊടുക്കാന്‍ തുടങ്ങുക, മറ്റു സന്തോഷങ്ങളും താല്‍പര്യങ്ങളും ഉത്തരവാദിത്തങ്ങളും അവഗണിക്കപ്പെടുകയും ജീവിതം എഫ്ബിക്കുള്ളില്‍ മാത്രമായി ചുരുങ്ങിപ്പോവുകയും ചെയ്യുക, തുടങ്ങിയവയും ഈ പ്രശ്നത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരത്തിലുള്ള അമിതമായ ഫെയ്‌സ്‌ബുക് ഉപയോഗം ഒരു വ്യക്തിയുടെ ആരോഗ്യം, പഠനനിലവാരം, കാര്യക്ഷമത, വ്യക്തിബന്ധങ്ങള്‍ തുടങ്ങിയവയെ തകിടം മറിക്കുന്നുണ്ടെന്നതിന് ഏറെ തെളിവുകളുണ്ട്.
ഇനി നിങ്ങള്‍ക്ക് ഫെയ്‌സ്‌ബുക് അഡിക്ഷന്‍ ഉണ്ടോ എന്ന് എങ്ങനെയറിയാം ?
മുന്‍കൂട്ടി നിശ്ചയിച്ചതിലും വല്ലാതെ കൂടുതല്‍ നേരം സൈറ്റില്‍ ചെലവഴിക്കുക, അതേക്കുറിച്ച് മറ്റുള്ളവരോട് കള്ളം പറയേണ്ടി വരിക, ഇതിനൊക്കെയിടയില്‍ മറ്റുത്തരവാദിത്തങ്ങള്‍ മറന്നു പോവുക, ഏറെനാളായി അടുത്തറിയാവുന്നവരെക്കാളും പ്രാധാന്യം ഫെയ്‌സ്‌ബുക് സുഹൃത്തുക്കള്‍ക്ക് കൊടുക്കാന്‍ തുടങ്ങുക, ജീവിതപ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാനുള്ള ഒരുപാധിയായി എഫ്ബിയെ ഉപയോഗിക്കുക,ഫെയ്സ്ബുക്കില്‍ നിന്ന് വിട്ടുനില്‍ക്കുമ്പോള്‍ ദേഷ്യമോ വിരസതയോ നിരാശയോ ഒക്കെ അനുഭവപ്പെടുക തുടങ്ങിയവ ഒരഡിക്ഷന്റെ സൂചനകളാവാം.
ചെറുപ്പക്കാര്‍, സ്ത്രീകള്‍, വ്യക്തിബന്ധങ്ങളില്‍ വൈഷമ്യങ്ങള്‍ നേരിടുന്നവര്‍, പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവ് വേണ്ടത്രയില്ലാത്തവര്‍, ഏകാന്തജീവിതം നയിക്കുന്നവര്‍, വിഷാദം പോലുള്ള മാനസികപ്രശ്നങ്ങളുള്ളവര്‍ തുടങ്ങിയവര്‍ക്ക് ഫെയ്‌സ്‌ബുക് അഡിക്ഷന്‍ രൂപപ്പെടാന്‍ സാദ്ധ്യത കൂടുതലുണ്ട്.
ഇനി മറ്റൊരു കാര്യം ചോദിക്കട്ടെ?എന്തിനാണ് നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ സമയം ചിലവഴിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ?
എബ്രഹാം മാസ്‌ലോവ് എന്ന മനശ്ശാസ്ത്രജ്ഞന്റെ വീക്ഷണത്തില്‍ ഭക്ഷണവും പാര്‍പ്പിടവും പോലുള്ള അടിസ്ഥാനാവശ്യങ്ങള്‍ നിറവേറ്റപ്പെട്ടു കഴിഞ്ഞാല്‍ അടുത്തതായി നാം തേടുന്നത് സ്നേഹം, സ്വയംമതിപ്പ്, സാഫല്യബോധം തുടങ്ങിയവയുടെ പൂര്‍ത്തീകരണമാണ്. നമ്മുടെ ഇത്തരമാവശ്യങ്ങളെ തൃപ്തിപ്പെടുത്താന്‍ ഒരു പരിധി വരെ എഫ്ബിക്കാകുന്നുണ്ട്. Social grooming എന്നു വിളിക്കപ്പെടുന്ന ഈ പ്രോസസ്സ് ശരിക്കും വ്യക്തിത്വ വികാസത്തിനും നല്ലതാണ്.. കൊച്ചുവര്‍ത്തമാനങ്ങളും പരദൂഷണങ്ങളും ഒക്കെ പറയുമ്പോള്‍ നമുക്ക് ലഭിക്കുന്ന ഒരു മാനസ്സിക ഉല്ലാസം തന്നെയാണ് ഫെയ്സ്ബുക്കിലും നടക്കുന്നത്. എന്നാല്‍ അത് അമിതമാകുന്നിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങുന്നത്.
എത്ര ഫെയ്ക്ക് ആകാന്‍ ശ്രമിച്ചാലും ആത്യന്തികമായി നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വത്തെത്തന്നെയാണ് നാമൊക്കെ ഫെയ്‌സ്‌ബുക്കിലും പ്രകടമാക്കുന്നത് എന്നാണ് വിവിധ പഠനങ്ങളുടെ നിഗമനം. നമ്മള്‍ ഇടുന്ന പോസ്റ്റുകള്‍, ഫോട്ടോസ്, നമ്മുടെ ഫ്രണ്ട്സ് ലിസ്റ്റിലുള്ള ആളുകള്‍, കമന്‍റുകളുടെ സ്വഭാവം ഒക്കെ നമ്മളെപ്പറ്റി ചിലതൊക്കെ വ്യക്തമാക്കുന്നുണ്ട്. ഫെയ്സ്ബുക്കില്‍ നാം ചെയ്യുന്ന ഓരോ കാര്യങ്ങള്‍ക്കും നമ്മുടെ വ്യക്തിത്വവും മനശാസ്ത്രവുമായ ബന്ധപ്പെട്ട ചില പ്രത്യേകതകളുണ്ട്.
ഒരു വ്യക്തിയോടു മാത്രമായി സംസാരിക്കുമ്പോള്‍ നമ്മെക്കുറിച്ച് അയാള്‍ എന്തു വിചാരിക്കും എന്നതിന് നാം അത്ര വലിയ ഊന്നല്‍ കൊടുക്കാറില്ല. എന്നാല്‍ എഫ്ബിയിലേതു പോലെ പലരോടുമായി ആശയവിനിമയം നടത്തുമ്പോള്‍ ബോധപൂര്‍വം തെരഞ്ഞെടുക്കുന്ന ഒരു നല്ല ഇമേജാണ് നാം ഫെയ്‌സ്‌ബുക് പോസ്റ്റുകളിലൂടെ അവതരിപ്പിക്കാറുള്ളത്. ഇത് നമ്മുടെ നല്ല ഗുണങ്ങളെക്കുറിച്ച് നമുക്കു തന്നെ ബോദ്ധ്യം ജനിക്കാനും അതുവഴി നമ്മുടെ സ്വയംമതിപ്പ് മെച്ചപ്പെടാനും ഇടയാക്കുന്നുണ്ട്. മറ്റുള്ളവരുടെ കമന്റുകളും ഷെയറുകളും ഒക്കെ ഈ മതിപ്പ് കൂടാന്‍ സഹായിക്കുകയും ചെയ്യും..
എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. വേറൊരാളുടെ കാഴ്ച്ചപ്പാടിലൂടെ നമ്മെത്തന്നെ വീക്ഷിക്കുമ്പോള്‍ നാം മറ്റുള്ളവരുമായുള്ള താരതമ്യങ്ങളില്‍ മുഴുകാനും അങ്ങിനെ സ്വയം വിലയിടിച്ചു കാണാനും സാദ്ധ്യത കൂടുതലാണ്. കണ്ണാടി നോക്കിയുള്ള ആത്മവിശകലനങ്ങള്‍ പലപ്പോഴും നിരാശയിലവസാനിക്കുന്നത് പോലെതന്നെയാണ് ഇത്.
സഭാകമ്പമോ അമിത നാണമോ ആത്മവിശ്വാസക്കുറവോ മൂലം പുറംലോകത്ത് ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാനും നിലനിര്‍ത്തുവാനും ബുദ്ധിമുട്ടുള്ളവര്‍ക്ക് ഒരു നല്ല ഉപാധിയാണ് ഫെയ്‌സ്‌ബുക് എന്ന ധാരണ ഒരിക്കല്‍ നിലനിന്നിരുന്നു. എന്നാല്‍ അവിടെയും അവര്‍ക്ക് മറ്റുള്ളവരുടെയത്ര ബന്ധങ്ങള്‍ ഉണ്ടാക്കാനാകുന്നില്ല എന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ആശയവിനിമയകാര്യത്തില്‍ അവര്‍ക്കുള്ള പ്രശ്നങ്ങള്‍ ഓണ്‍ലൈനിലും പ്രകടമാകുന്നതും അവരുടെ പോസ്റ്റുകള്‍ പലപ്പോഴും നിഷേധാത്മകമായിപ്പോകുന്നതും അവ മോശം പ്രതികരണങ്ങള്‍ ക്ഷണിച്ചുവരുത്തുന്നതുമൊക്കെ കാണാറുണ്ട്. അതവരെ കൂടുതല്‍ അന്തര്‍മുഖരാക്കാന്‍ കാരണമാകുന്നു.അങ്ങനെയുള്ളവര്‍ അധികസമയം ഫെയ്സ്ബുക്കില്‍ ചിലവഴിക്കുന്നത് നല്ലതല്ല.
നമുക്ക് ഏതുതരം ഗുണങ്ങള്‍ തരുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ ബന്ധങ്ങള്‍ രണ്ടായി തരംതിരിക്കപ്പെട്ടിട്ടുണ്ട്. വിവരങ്ങള്‍ മാത്രം തരുന്ന അത്ര ആഴമില്ലാത്ത ബന്ധങ്ങള്‍ Bridging capital എന്നും, വൈകാരികപിന്തുണ ലഭ്യമാക്കാറുള്ള തീവ്രമായ ബന്ധങ്ങള്‍ Bonding capital എന്നും അറിയപ്പെടുന്നു. ഇതില്‍ ഫെയ്‌സ്‌ബുക് നമുക്കു തരുന്നത് പ്രധാനമായും Bridging capital ആണ്. അപരിചിതരുമായിപ്പോലും ഇടപഴകാനും വലിയ സമയനഷ്ട്ടമില്ലാതെ ഈ ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോകാനും അവസരങ്ങളൊരുക്കിയാണ് എഫ്ബി ഇതു സാധിക്കുന്നത്. ഇഷ്ടവിഷയങ്ങളെയും തൊഴിലവസരങ്ങളെയുമൊക്കെ കുറിച്ചുള്ള അറിവുകള്‍ നമുക്കു തരാന്‍ ഇത്തരം ബന്ധങ്ങള്‍ക്കാകുന്നുമുണ്ട്. എന്നാല്‍ Bonding capital വേറെയാണ്. നമുക്ക് നല്ല പരിചയമുള്ള ഓഫ് ലൈൻ ആയി അടുത്തിടപഴകാന്‍ സാഹചര്യം ലഭിക്കുന്നവരുമായി ഉണ്ടാകുന്ന ആഴത്തിലുള്ള ബന്ധമാണ് അത്. ഓഫ് ലൈന്‍ ബന്ധങ്ങളില്‍ അഭിരമിക്കുമ്പോള്‍ ഇതുരണ്ടും മനസ്സില്‍ വക്കേണ്ടതുണ്ട്.
ഫെയ്സ്ബുക്കില്‍ തലങ്ങും വിലങ്ങും റിക്വസ്റ്റുകള്‍ കൊടുക്കുകയും വാങ്ങുകയും ചെയ്ത് ഫ്രണ്ട്സ് ലിസ്റ്റുകള്‍ വിപുലപ്പെടുത്തുന്നവരുണ്ട്, അവരോട് ഒരു കാര്യം പറയാനുണ്ട്.
ഡന്‍ബാര്‍ എന്ന നരവംശ ശാസ്ത്രജ്ഞന്റെ വീക്ഷണത്തില്‍ നമുക്ക് ശരിക്കും മനസ്സില്‍ സൂക്ഷിക്കാനാകുന്നത് നൂറ്റമ്പതിനും ഇരുന്നൂറ്റിമുപ്പതിനും ഇടക്ക് സുഹൃത്തുക്കളുടെ വിശദാംശങ്ങള്‍ മാത്രമാണ്. ഇതിലും കൂടുതലെണ്ണം ബന്ധങ്ങള്‍ക്കു വേണ്ടി ഊര്‍ജം ചെലവഴിക്കേണ്ടി വന്നാല്‍ അത് മറ്റു കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്താനുള്ള തലച്ചോറിന്റെ കഴിവിനെ പ്രതികൂലമായി ബാധിക്കുമത്രേ. സോ എണ്ണത്തില്‍ വലിയ കാര്യമൊന്നുമില്ല എന്നര്‍ത്ഥം.
പ്രൈവസി സെറ്റിംങ്ങ്സിനെക്കുറിച്ച് വലിയ ധാരണയില്ലാതെ വ്യക്തിവിവരങ്ങളോ പോസ്റ്റുകളോ പ്രസിദ്ധപ്പെടുത്തും മുമ്പ് ഒരിക്കല്‍ എഫ്ബിയില്‍ ചേര്‍ത്ത വിവരങ്ങള്‍ പിന്നീടൊരിക്കലും എന്നത്തേക്കുമായി മായ്ച്ചുകളയാനാകില്ല എന്നും, തൊഴില്‍ദാതാക്കളും നിയമപാലകരും സാമൂഹ്യവിരുദ്ധരുമടക്കം ഒട്ടേറെപ്പേര്‍ നിങ്ങളെഴുതുന്നത് വായിച്ചേക്കാം എന്നും ഓര്‍ക്കുന്നതു നല്ലതാണ്.
ജോലിക്കയറ്റത്തെയോ വിദേശയാത്രയെയോ പറ്റിയുള്ള കൂട്ടുകാരുടെ പോസ്റ്റുകള്‍ പലരിലും അസൂയയും നിരാശയും ഉളവാക്കുന്നുണ്ട് എന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികള്‍, സ്ത്രീകള്‍, വിദ്യാഭ്യാസപരമായോ സാമ്പത്തികമായോ പിന്നാക്കം നില്‍ക്കുന്നവര്‍, നേരിട്ടു പരിചയമില്ലാത്ത അനേകം പേരെ ഫ്രണ്ട്സായെടുത്തിട്ടുള്ളവര്‍ തുടങ്ങിയവരിലാണ് ഈ പ്രശ്നം കൂടുതലായി കാണപ്പെടുന്നത്. എഫ്ബിയില്‍ നിന്ന് ലോഗൌട്ട് ചെയ്തുകഴിഞ്ഞും ഇത്തരം പോസ്റ്റുകളെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഇത് വിഷാദത്തിനു പോലും ഇടയാക്കുകയും ചെയ്യാം.
നാര്‍സിസ്റ്റുകള്‍ക്ക് നല്ല വളക്കൂറുള്ള മണ്ണാണ് ഫെയ്സ്ബുക്ക്. ആത്മരതിയെന്ന തന്നോടുതന്നെയുള്ള കനത്ത അഭിനിവേശം, എങ്ങുമെവിടെയും തന്റെയാധിപത്യം ഉറപ്പിക്കാനുള്ള അടങ്ങാത്ത ത്വര, ഏതൊരിടത്തും ‘ഞാന്‍’ എന്ന വിഷയം എടുത്തിടുക, ബന്ധങ്ങളില്‍ ഉപരിപ്ലവത മാത്രം വെച്ചുപുലര്‍ത്തുക തുടങ്ങിയവയും ഇക്കൂട്ടരുടെ മുഖമുദ്രകളാണ്. നാഴ്സിസിസം ബാധിതര്‍ എഫ്ബിയില്‍ ഏറെ സമയം ചെലവഴിക്കും എന്നും, നിരന്തരം അപ്ഡേറ്റുകളിടുക, കൂടെക്കൂടെ സ്വന്തം ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുക, ആവര്‍ത്തിച്ച് പ്രൊഫൈല്‍ ചിത്രം മാറ്റുക, സ്വന്തം ജീവിതത്തെ പൊലിപ്പിച്ചു കാണിക്കുക, സ്വകാര്യരഹസ്യങ്ങള്‍ പോലും വിളിച്ചുപറയുക, വളരെയധികം പേരെ ഫ്രണ്ട്സാക്കുക, ഇടയ്ക്കിടെ സ്വന്തം പ്രൊഫൈല്‍ പരിശോധിക്കുക, വിമര്‍ശനങ്ങളോട് തീവ്രമായി പ്രതികരിക്കുക തുടങ്ങിയ സ്വഭാവരീതികള്‍ പ്രകടിപ്പിക്കും എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ചുറ്റുമുള്ളവര്‍ക്ക് ഇവരുടെ പൊള്ളത്തരങ്ങള്‍ അനായാസം തിരിച്ചറിയാന്‍ സാധിക്കാറുമുണ്ട്.
പല അംഗങ്ങളിലും, പ്രത്യേകിച്ച് സ്വതവേ ആശങ്കാചിത്തരായവരില്‍, ഉത്ക്കണ്ഠ വര്‍ദ്ധിക്കാന്‍ ഫെയ്‌സ്‌ബുക് നിമിത്തമാകുന്നുണ്ട്. അപ്ഡേറ്റുകള്‍ വൈകിയാല്‍ മറ്റുള്ളവര്‍ എന്തു കരുതും, ഇന്നയാള്‍ തന്റെ പോസ്റ്റോ ഫോട്ടോയോ ലൈക്കോ കമന്റോ ചെയ്യാതിരുന്നത് എന്തായിരിക്കും എന്നൊക്കെയുള്ള ആകുലതകള്‍ ഇതില്‍പ്പെടുന്നു. ഏറെയാളുകള്‍ തന്നെ വീക്ഷിക്കുന്നുണ്ട് എന്ന ബോധം എഫ്ബിയിലും സഭാകമ്പത്തിനും വഴിവെക്കാം. മുന്‍ പ്രണയബന്ധങ്ങളുടെ പ്രൊഫൈലുകള്‍ നിരന്തരം സന്ദര്‍ശിക്കുന്നത് മാനസികസമ്മര്‍ദ്ദമുളവാക്കുകയും ഹൃദയത്തിലെ മുറിവുകളുണങ്ങി പുതിയൊരു ജീവിതത്തിലേക്കു കടക്കുന്നതിന് വിഘാതങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തേക്കാം.
ലോകത്തിനു മുന്നില്‍ എങ്ങിനെ സ്വയമവതരിപ്പിക്കണം എന്ന സന്ദേഹമുള്ളവര്‍ക്ക് വിവിധ അഭിപ്രായങ്ങളെയും കാഴ്ചപ്പാടുകളെയും മറ്റുള്ളവര്‍ എങ്ങിനെ സ്വീകരിക്കും എന്നു പരീക്ഷിച്ചറിയാനും കിട്ടുന്ന പ്രതികരണങ്ങള്‍ക്കനുസൃതമായി സ്വയം മാറാനും ഉള്ള അവസരങ്ങള്‍ ഫെയ്‌സ്‌ബുക് ഒരുക്കുന്നുണ്ട്. മറുവശത്ത്, എഫ്ബിയില്‍ നല്ല പ്രോത്സാഹനവും പൊതുസമ്മതിയും കിട്ടുന്നതോടെ കഷ്ടപ്പെട്ടു പഠിച്ച് മറ്റുള്ളവരുടെ മതിപ്പു സമ്പാദിക്കാനുള്ള താല്പര്യം ചില കൗമാരക്കാര്‍ക്കെങ്കിലും നഷ്ടമാകുന്നുണ്ട്. അമിതമായ എഫ്ബിയുപയോഗം കൗമാരക്കാരില്‍ ആക്രമണോത്സുകതയും സാമൂഹ്യവിരുദ്ധതയും വളര്‍ത്തുന്നു എന്നും, കുട്ടികളെ ലൈംഗികചൂഷണത്തിനുപയോഗിക്കുന്നവര്‍ ഇരകളെക്കണ്ടെത്താന്‍ ഫെയ്‌സ്‌ബുക്കിനെ കരുവാക്കുന്നു എന്നും സൂചനകളുണ്ട്.
ഏതൊരു ഡിജിറ്റല്‍ പ്ലാറ്റ് ഫോമിനെയും പോലെ സൂക്ഷിച്ച് ഉപയോഗിച്ചാല്‍ ഗുണങ്ങളുള്ള ഒന്നാണ് ഫെയ്സ്ബുക്കും. പക്ഷെ മറിച്ചായാലോ? അതില്‍ നിന്ന് രക്ഷപ്പെടുക ദുഷ്കരമാവുകയും ചെയ്യും.
ഫെയ്സ്ബുക്കിന്റെ മാത്രമല്ല ഉറച്ച തീരുമാനങ്ങളുടെ പാസ് വേഡും നമ്മുടെ നിയന്ത്രണത്തില്‍ത്തന്നെയായിരിക്കട്ടെ.
ഈയൊരു പ്രശ്നത്തില്‍ നിന്നു പുറത്തുകടക്കാന്‍ പ്രയോജനപ്പെടുത്താവുന്ന പല വിദ്യകളും വിദഗ്ദ്ധര്‍ മുന്നോട്ടുവെക്കുന്നുണ്ട്.
വ്യക്തിജീവിതത്തില്‍ നിങ്ങള്‍ ഏതൊക്കെ പ്രശ്നങ്ങളില്‍ നിന്നാണോ ഒളിച്ചോടാന്‍ ശ്രമിക്കുന്നത് അവയെ യാഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിക്കുക. അത് ബന്ധങ്ങളിലെ വിള്ളലുകള്‍ ആവാം ജോലിയിലെ പ്രശ്നങ്ങള്‍ ആകാം ഒറ്റപ്പെടലുകളാവാം, തനിയെ അതിനു പറ്റുന്നില്ലെങ്കില്‍ വിദഗ്ദ്ധസഹായം ഉപയോഗപ്പെടുത്തുക
പ്രതിസന്ധികളില്‍ താങ്ങായേക്കാവുന്ന നല്ല വ്യക്തിബന്ധങ്ങളും സാമൂഹ്യബന്ധങ്ങളും വളര്‍ത്തിയെടുക്കുക.
ഏറ്റവും പ്രയോജനകരമായ ഏതാനും കാര്യങ്ങള്‍ക്കു മാത്രമായി നിശ്ചിത സമയം മാത്രമേ ഓരോ ദിവസവും ഫെയ്സ്ബുക്കില്‍ ചെലവിടൂ എന്നു നിശ്ചയിക്കുക.
എന്തൊക്കെക്കാര്യങ്ങള്‍ക്കായാണ് ഫെയ്സ്ബുക്കില്‍ സമയം ചെലവാക്കുന്നത് എന്നു ശ്രദ്ധിച്ച് ഒരാഴ്ചക്കാലത്തേക്ക് ഈ വിവരം ഒരു നോട്ട്ബുക്കില്‍ കുറിച്ചുവെക്കുക. ഫെയ്സ്ബുക്കില്‍ ചെയ്യുന്ന ഏതെങ്കിലും പ്രവൃത്തികള്‍ വ്യക്തിപരമോ ജോലിസംബന്ധമോ ആയ എന്തെങ്കിലും ഗുണങ്ങള്‍ തരുന്നുണ്ടോ എന്നു പരിശോധിക്കുക. ഏറ്റവും പ്രയോജനകരമായ ഏതാനും കാര്യങ്ങള്‍ക്കു മാത്രമായി നിശ്ചിത സമയം മാത്രമേ ഓരോ ദിവസവും ഫെയ്സ്ബുക്കില്‍ ചെലവിടൂ എന്നു നിശ്ചയിക്കുക.
ആരെങ്കിലും ഗുഡ് മോണിംഗ് പറഞ്ഞോ പുതുതായി ഫ്രണ്ട്റിക്വസ്റ്റയച്ചവരുടെ കൂട്ടുകാര്‍ എത്തരക്കാരാണ് എന്നൊക്കെ നോക്കാന്‍ ഇടക്കിടെ എഫ്ബിയില്‍ കയറുന്ന ശീലം ദീര്‍ഘകാലാടിസ്ഥാനത്തില്‍ യാതൊരു സന്തോഷമോ സാഫല്യമോ കൊണ്ടുത്തരാന്‍ പോവുന്നില്ല എന്ന് തിരിച്ചറിയുക. പ്രൊഫൈല്‍പിക്കും കവര്‍ഇമേജും പെട്ടെന്നു പെട്ടെന്നു മാറ്റുന്നതും തൊട്ടതും പിടിച്ചതുമൊക്കെ സ്റ്റാറ്റസായി പങ്കുവെക്കുന്നതുമൊക്കെ നമ്മുടെയും പ്രസ്തുത പോസ്റ്റുകള്‍ കാണുന്നവരുടെയും സമയം വെറുതേ പാഴാവാനും അവര്‍ക്ക് നമ്മെപ്പറ്റിയുള്ള അഭിപ്രായം മോശമാവാനും മാത്രമേ ഉപകരിക്കൂ.
ഫ്രണ്ട്സ് ലിസ്റ്റിലെ എണ്ണം മത്സരബുദ്ധിയോടെ കൂട്ടേണ്ട ആവശ്യമില്ല. കൂട്ടുകാരുടെ എണ്ണത്തിലല്ല ഉള്ളവരുമായുള്ള ബന്ധത്തിന് വേണ്ടത്ര ആഴമുണ്ടോ എന്നതിലാണ് കാര്യം. അത്ര പരസ്യമാക്കേണ്ട എന്നു കരുതുന്ന വിവരങ്ങള്‍ അടുത്ത സുഹൃത്തുക്കളോടു മാത്രമായി പങ്കുവെയ്ക്കാന്‍ വേണ്ടി ഫെയ്സ്ബുക്ക് ഒഴിവാക്കി മെസേജ്, ചാറ്റ് തുടങ്ങിയവ ഉപയോഗപ്പെടുത്താവുന്നതുമാണ്. ഫെയ്സ്ബുക് പകരുന്ന സന്തോഷം ജീവിതത്തിലെ മറ്റു സന്തോഷങ്ങള്‍ക്ക് പകരമാണോ എന്നു പരിശോധിക്കുക. സന്തോഷവും ആരോഗ്യവും നല്‍കുന്ന മറ്റു പ്രവൃത്തികളിലും ശ്രദ്ധചെലുത്താന്‍ തുടങ്ങുക. ഉത്സവങ്ങളോ ആഘോഷങ്ങളോ മറ്റോ വരുമ്പോള്‍ ഞാന്‍ ഇന്ന തിയ്യതി വരെ ഫെയ്സ്ബുക്കിലുണ്ടാവില്ല എന്ന് ഫ്രണ്ട്സിനെ മുന്‍കൂട്ടിയറിയിച്ച് അത്രയും ദിവസത്തേക്ക് എഫ് ബിയില്‍ നിന്ന് അവധിയെടുക്കുക. തിരിച്ച് ഫെയ്സ്ബുക്കില്‍ കയറുന്നതിനു മുമ്പ് എങ്ങിനെയവിടെ കുറച്ചു കൂടി ഫലപ്രദവും ദോഷരഹിതവുമായ രീതിയില്‍ ഇടപെടാം എന്നൊന്നു വിചിന്തനം നടത്തുക. വ്യക്തിപരവും സാമൂഹ്യവും ജോലിസംബന്ധവുമൊക്കെയായ പല പ്രയോജനങ്ങളും ഫെയ്സ്ബുക് കൊണ്ട് ഇക്കാലത്ത് കിട്ടാം എന്നതിനാല്‍ സൈറ്റില്‍ നിന്ന് പൂര്‍ണമായും വിട്ടുപോരുക എന്നത് തുടക്കത്തിലേ പരിഗണിക്കേണ്ട ഒരു പ്രതിവിധിയല്ല. എന്നാല്‍ മുകളില്‍പ്പറഞ്ഞ മാര്‍ഗങ്ങള്‍ പലതവണ ശ്രമിച്ചിട്ടും പ്രശ്നത്തിനു പരിഹാരമാവുന്നില്ല എങ്കില്‍ അക്കൌണ്ട് ഡിലീറ്റ് ചെയ്യുന്ന കാര്യവും ആലോചിക്കുക. ഫെയ്സ്ബുക്കിനും അപ്പുറം ജീവിതത്തിന്‍റെ പുതിയ വെളിച്ചങ്ങള്‍ ഉണ്ട് എന്ന് തിരിച്ചറിയുക.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.