Huddle

Share this post
വളർത്താം മൂല്ല്യബോധം, പരസ്പരം അഭിനന്ദിക്കാം
www.huddleinstitute.com

വളർത്താം മൂല്ല്യബോധം, പരസ്പരം അഭിനന്ദിക്കാം

Vipin Roldant
May 28, 2021
Comment
Share

ഫെയ്‌സ്‌ബുക്ക് പോസ്റ്റുകളും വാട്ട്സ്ആപ്പ് സ്റ്റാറ്റസുകളും ഇടാത്തവരായി ആരും കാണില്ല. നമ്മുടെ നേട്ടങ്ങളും സന്തോഷങ്ങളും പ്രശ്നങ്ങളുമെല്ലാം അതിൽ നാമിങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കും. പൂന്തോട്ടത്തിൽ പൂവിട്ട പൂക്കളും പാചകവൈദഗ്ദ്ധ്യവും ആർട്ട് ആന്റ് ക്രാഫ്റ്റുമൊക്കെ നിത്യേന സ്റ്റാറ്റസിൽ ഇടം പിടിക്കുന്ന പ്രധാന സംഭവങ്ങളാണ്. അടുത്തിടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ടപ്പോൾ മനസിൽ പതിഞ്ഞ ചില ചിത്രങ്ങളുടെ താഴെ ഇങ്ങനെയൊക്കെ എഴുതിയിരിക്കുന്നു. 

My sister’s painting, My Amma’s special biriyani, My younger brother’s performance. സ്വന്തം നേട്ടങ്ങൾക്കൊപ്പം തങ്ങളുടെ കുടുംബത്തിലെ അച്ഛനെയും അമ്മയെയും അനുജനെയും ചേച്ചിയെയും ഒക്കെ പ്രോത്സാഹിപ്പിക്കാനും അവരെ അംഗീകരിക്കാനും അതിൽ അഭിമാനിക്കാനും ശ്രമിക്കുന്ന ഒരു പെൺകുട്ടി. സത്യത്തിൽ എന്ത് നല്ല കാര്യമാണ്. ഇന്ന് സഹോദരങ്ങൾ തമ്മിൽ വഴക്കും അടിപിടിയും സർവ്വസാധാരണമാണ്. മക്കളുടെ ഇടയിലെ പരാതി കേട്ട്  മടുത്ത് പോകുന്ന അമ്മമാരുണ്ട്. 

കൊച്ചുകൊച്ചു കുസൃതികൾ ഇല്ലാത്ത കുഞ്ഞുങ്ങളില്ല. എന്നാൽ കുറച്ച് പ്രായമായ ശേഷവും തന്റെ ഏറ്റവും വലിയ പാര ഇവനാണ് അല്ലെങ്കിൽ ഇവളാണ് എന്ന് സഹോദരങ്ങളെ നോക്കി പറയുന്ന കുട്ടികൾ ഇന്ന് പല വീടുകളിലുമില്ലേ? ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം? നേരിടാം? പരസ്പരം അഭിനന്ദിക്കാൻ മക്കളെ ചെറുപ്പത്തിലെ മുതൽ ശീലിപ്പിച്ചാൽ നിങ്ങൾ രക്ഷപ്പെട്ടു. ചെറിയൊരു മാർഗ്ഗം വിശദീകരിക്കാം. 

വീട്ടിൽ ഒരു ബോർഡ് വാങ്ങി എല്ലാവർക്കും കാണാവുന്നത് പോലെ വയ്ക്കുക. അതിൽ  മക്കളുടെ പേരുകൾ ഒരു വശത്തായി എഴുതുക. അവർ സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് സംസാരിച്ചാൽ  അവരെ പറ്റി നല്ലത് പറഞ്ഞ് ഒരു സ്റ്റാർ നൽകാം. പകരം നിരന്തരമായ പരാതി മാത്രമാകുമ്പോൾ നൽകിയ സ്റ്റാർ മായ്ച്ചും കളയാം. മാസം അവസാനിക്കുമ്പോൾ കൊടുത്ത സ്റ്റാറുകളുടെ എണ്ണം നോക്കി ഒരു കൊച്ചു സമ്മാനവും അവർക്ക് നൽകാം. ചൊട്ടയിലെ ശീലം ചുടല വരെ എന്നല്ലെ. ചെറുപ്പത്തിലെ ഇങ്ങനെ നന്മ പറയാൻ ശീലിപ്പിച്ചാൽ പിന്നീട് വലുതാകുമ്പോഴും അതവരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾക്ക്  വഴി തെളിക്കാതിരിക്കില്ല. 

മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ അച്ഛനും അമ്മയും പരസ്പരം അഭിനന്ദിക്കുന്നത് കേട്ട് മക്കൾ വളരണം. അമ്മ സുന്ദരിയാണെന്നും നീ ഉണ്ടാക്കിയ ഭക്ഷണം നന്നായിരിക്കുന്നുവെന്നും അച്ഛൻ പറയുന്നത് കേട്ട് വളരുന്ന ആൺകുട്ടികൾ ഭാവിയിൽ  അവന്റെ ഭാര്യയെയും സ്നേഹത്തോടെ ചേർത്ത് പിടിക്കാൻ ശ്രമിക്കും. പല സ്ത്രീകളും പറയുന്നത് കേട്ടിട്ടുണ്ട് തങ്ങളുടെ ഭർത്താക്കന്മാർ ഒരു നല്ല വാക്ക് പറയില്ല. ഒരു കൺസേൺ അല്ലെങ്കിൽ മടുത്തോ എന്നൊരു ചോദ്യം ഒരിക്കലുമില്ല. കാരണമവർക്ക് അതറിയില്ല. വീട്ടിൽ  നിന്നും അതവർ  ഒരിക്കലും കണ്ട് പഠിച്ചിട്ടുമില്ല. കാരണം നമുക്ക് കിട്ടിയതെ നമുക്ക് കൊടുക്കാനാവു. നിങ്ങളുടെ മക്കളെ നിങ്ങൾ പ്രോത്സാഹിപ്പിച്ചും അംഗീകരിച്ചും  വളർത്തിയാലെ വലുതാവുമ്പോൾ അവരും മറ്റുള്ളവരെ അഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യൂ. നമ്മളുടെ കുടുംബങ്ങളിലൊക്കെ എപ്പോഴും സംഭവിക്കുന്ന ഒരു കാര്യമാണ് സഹോദരങ്ങളുടെയും അയൽക്കാരുടെയും കുറ്റം പറച്ചിൽ. മക്കളുടെ മുൻപിൽ വച്ചുള്ള ഇത്തരം സംസാരങ്ങൾ ഒഴിവാക്കണം. വളർന്നു വരുമ്പോൾ  അവർ പരസ്പരം ഒരു താങ്ങായി ജീവിക്കണമെങ്കിൽ ചെറുപ്പത്തിലെ അവർ തമ്മിലുള്ള സ്നേഹം ദൃഢമായിരിക്കണം. 

മറ്റുള്ളവരെ അഭിനന്ദിക്കാൻ പഠിച്ചാൽ പലതുണ്ട് ഗുണം. നമ്മളുടെ മനസ്സിന്റെ സമ്മർദം കുറയ്ക്കാനുള്ള  ഏറ്റവും നല്ല വഴിയാണ് അന്യരുടെ നേട്ടങ്ങളിൽ സന്തോഷിക്കുക എന്ന തന്ത്രം. നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ പലരും പെരുമാറാതെ വരുമ്പോൾ അല്ലെങ്കിൽ കാര്യങ്ങൾ ഉദ്ദേശിച്ച രീതിയിൽ നടക്കാതെ വരുമ്പോൾ എല്ലാവരും അസ്വസ്ഥരാകും. സമ്മർദം പിടിച്ച നടത്തവും ഓട്ടവുമാവും പിന്നെ. വ്യക്തികളെയും സാഹചര്യത്തെയും അതെങ്ങനാണോ അതേപടി അംഗീകരിക്കുക, പോസിറ്റീവ് ആയി കാണുക, ഇങ്ങനെയൊക്കെ ശീലിച്ചാൽ  മാനസ്സികാരോഗ്യത്തിൽ എ പ്ലസ് വാങ്ങാൻ നമുക്കും സാധിക്കും. ചില വ്യക്തികളെ കണ്ടിട്ടില്ലെ, നാക്കെടുത്താൽ  മറ്റുള്ളവരുടെ കുറ്റവും കുറവും മാത്രം പറയുന്നവർ. എന്തൊരു നെഗറ്റീവ് എനർജിയാണ് അവർ മറ്റുള്ളവർക്ക്  നൽകുക. കുടുംബത്തിലെ മാതാപിതാക്കളും മക്കളും തങ്ങൾ ഈ ടൈപ്പ് ആളുകൾ അല്ലെന്നും ഇങ്ങനെയുള്ളവരുമായി നമുക്ക് സമ്പർക്കം ഇല്ലെന്നും ഉറപ്പ് വരുത്തണം.  

പണ്ടൊരു കഥ വായിച്ചത് ഓർമ്മ വരുന്നു. രണ്ട് പട്ടാളക്കാർ ചികിൽസയിലാണ്. ആശുപത്രിയിലെ ഒരു മുറിയിലെ രണ്ട് കട്ടിലുകളിലായി അവർ കിടക്കുന്നു. ഒരാൾക്ക് പരിക്ക് നട്ടെല്ലിനാണ്. എഴുന്നേറ്റിരിക്കാൻ കഴിയില്ല. മറ്റെ ആളുടെ പരിക്ക് കാലുകൾക്കായിരുന്നു. അയാൾക്ക് ഇരിക്കാൻ കഴിയും. മുറിയിൽ ഒരു ജനാലയുണ്ട്. ജനാലയുടെ അടുത്തുള്ള കട്ടിലിൽ കിടക്കുന്നത് കാലിന് പരിക്കേറ്റയാളാണ്. നട്ടെല്ലിന് ക്ഷതം പറ്റി എഴുന്നേൽക്കാൻ സാധിക്കാതെ കിടക്കുന്ന തന്റെ സുഹൃത്തിന് വേണ്ടി ജനാലയിൽകൂടി കാണുന്ന കാഴ്ചകൾ  മറ്റെ പട്ടാളക്കാരൻ ദിവസവും വിവരിക്കുമായിരുന്നു. ജനാലയിൽകൂടി അയാൾ കാണുന്ന കാഴ്ചകളിൽ അവിടുത്തെ പൂക്കളും ചെടികളും പക്ഷികളും മനോഹരമായ പ്രഭാതവുമെല്ലാം ഉണ്ടായിരുന്നു. പെട്ടെന്നൊരു ദിവസം അസുഖം വല്ലാതെ കൂടി അദ്ദേഹം മരിച്ചു. മറ്റെ ആളുടെ നട്ടെല്ലിന്റെ ക്ഷതം കുറെ ദിവസത്തിന്റെ ചികിൽസ മൂലം കുറവായി പതിയെ എഴുന്നേറ്റിരിക്കാനും നടക്കാനും സാധിക്കുന്ന നിലയിലായി. അയാൾ ആദ്യം ആകാംക്ഷയോടെ എത്തി നോക്കിയത് ആ ജനാലക്കരികിലേക്കാണ്. അവിടെയുള്ള മനോഹരമായ പൂക്കളും ചെടികളും ഒക്കെ കാണാൻ അദ്ദേഹത്തിന് തിടുക്കമായി. പക്ഷേ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തികളഞ്ഞു. കുറെ കാലങ്ങളായി പെയിന്റ് ചെയ്യാത്ത ചെളിയും പായലും പിടിച്ച ഒരു മതിൽ. അത് മാത്രമാണ് അയാൾ അവിടെ കണ്ടത്. അയാളുടെ കണ്ണുകൾ നിറഞ്ഞു. തന്നെ സന്തോഷിപ്പിക്കാൻ തന്റെ വേദനയിൽ ആശ്വാസമാകാൻ തനിക്ക് വേണ്ടി മനോഹരമായ ഒരു ലോകം സൃഷ്ടിക്കാൻ തന്റെ സുഹൃത്തിന് കഴിഞ്ഞല്ലോ എന്ന ചിന്ത അയാളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചു. 

മറ്റുള്ളവരെ അഗീകരിക്കാനും അവരെപ്പറ്റി നല്ലത് പറയാനും നാം മക്കളെ പഠിപ്പിക്കുമ്പോൾ വലിയ ഒരു മൂല്ല്യബോധം നാം വരും തലമുറയിൽ സൃഷ്ടിക്കുകയാണ്. മഹാകവി അക്കിത്തത്തിന്റെ വരികൾ ഓർത്ത് പോകുകയാണ് ,

“ഒരു കണ്ണീർകണം മറ്റുള്ളവർക്കായ് ഞാൻ പൊഴിക്കവെ,  ഉദിക്കയാണെൻ ആത്മാവിൽ ആയിരം സൗരമണ്ഡലം, ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചിലവാക്കവെ ഹൃദയത്തിലുലാവുന്നു നിത്യനിർമല പൗർണമി” 

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing