ഭയത്തെ കീഴടക്കാം
മൺസൂൺ കാലമാണ്. ആലപ്പുഴക്കടുത്ത് പുഴയോരത്തുള്ള റിസോർട്ടിലാണ് ബ്രിട്ടീഷുകാരനായ എഡ്വേർഡ് അവധിക്കാലം ചെലവഴിക്കാൻ എത്തിയിരിക്കുന്നത്.
റിസോർട്ടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്. പുഴയിൽ വെള്ളം സാവധാനം ഉയരുന്നു. പതിയെ അത് റിസോർട്ടിന്റെ മുറ്റത്തേക്കും പരക്കുന്നു. പെട്ടെന്ന് എതാനും വർഷം മുൻപ് വായിച്ച വാർത്തയും കണ്ട വീഡിയോകളുമാണ് എഡ്വേർഡിന്റെ മനസിലേക്ക് വന്നത്.
'ഓ മൈ ഗോഡ് ' സുനാമി എന്നലറി വിളിച്ചുകൊണ്ട് എഡ്വേർഡ് റിസോർട്ടിന്റെ ടെറസിലേക്കോടി.
പനിയും ജലദോഷവുമായാണ് രാജീവിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. കോവിഡ് ടെസ്റ്റിന്റെ ഫലം വരാനായി കാത്തിരിക്കുകയാണ്. ഫലം വന്നപ്പോൾ "പോസിറ്റീവ് ". പിന്നീടറിഞ്ഞത് ആശുപത്രിയുടെ മുകളിൽ നിന്ന് താഴേക്ക് രാജീവ് ചാടാൻ ശ്രമിച്ച വാർത്തയാണ്.
രണ്ട് കേസുകളിലും ഉള്ളിലുണ്ടായിരുന്ന ഭയമാണ് ഇത്തരത്തിൽ പ്രവർത്തിക്കാൻ ഇരുവർക്കും പ്രേരണയായത്. ആദ്യത്തെ കേസിൽ എഡ്വേർഡിന്റെ മനസ്സിൽ വെള്ളം ഉയരുന്നതുമായി ബന്ധപ്പെട്ടുള്ള കാഴ്ചകൾ നിറഞ്ഞു നിൽക്കുന്നത് സുനാമിയുമായി ബന്ധപ്പെട്ടാണ്. സുനാമി പല രാജ്യങ്ങളിലും ആഞ്ഞടിച്ചതിന്റെ വീഡിയോ ചിത്രങ്ങൾ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ഭയചകിതനായി 'സുനാമി ' എന്നലറി വിളിച്ചുകൊണ്ടോടിയത്. പക്ഷേ കുട്ടനാട്ടിൽ താമസിക്കുന്നവർക്ക് വെള്ളം ഉയരുന്നതും വെള്ളപ്പൊക്കവും ഒരു വർഷം തന്നെ ഒന്നിലധികം തവണയുണ്ടാകുന്ന പ്രതിഭാസമാണ്. അതിനാൽ സ്ഥിരം കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഈ പ്രതിഭാസം അവരിൽ ഭയമുണ്ടാക്കുന്നില്ല. പലപ്പോഴും നമ്മുടെ മനസ്സിൽ കാത്തു സൂക്ഷിച്ചിരിക്കുന്ന തെറ്റായ പല ചിന്തകളും അറിവുകളും മുൻ അനുഭവങ്ങളുമാണ് നമ്മളിൽ ഭയം രൂപപ്പെടുത്തുന്നത്.
രണ്ടാമത്തെ കേസിലാകട്ടെ, കോവിഡിനെക്കുറിച്ച് അവിടെ നിന്നും ഇവിടെ നിന്നുമായി കുറേശ്ശെ കേട്ട മുറി അറിവുകൾ രാജീവിന് സമ്മാനിച്ചത് കോവിഡിനെക്കുറിച്ചുള്ള വലിയ ഭയമാണ്. അതുകൊണ്ട് തന്നെ കോവിഡ് ടെസ്റ്റ് നടത്താൻ പോലും രാജീവ് ഭയന്ന് മാറി നിന്നിരുന്നു ആദ്യം. ഒടുവിൽ തനിക്ക് കോവിഡാണെന്നറിഞ്ഞപ്പോൾ, അതുമായി ബന്ധപ്പെട്ട മരണങ്ങളുടെയും ഗുരുതരാവസ്ഥകളുടെയും ചിത്രമാണ് മനസ്സിൽ തെളിഞ്ഞത്. പെട്ടെന്ന് തന്റെയും ജീവൻ നഷ്ടപ്പെടാൻ പോവുകയാണെന്ന ചിന്ത വളർന്നതോടെ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇവിടെ തെറ്റായ മുറി അറിവുകളാണ് കോവിഡിനെക്കുറിച്ച് രാജീവിൽ അമിതമായ ഭയം നിറച്ചത്. ഗുരുതരമായ രോഗമുള്ളവരും മറ്റുമാണ് കോവിഡ് ബാധിച്ചു മരിച്ചവരിൽ ഏറെയും. ആകെ ജനസംഖ്യയും രോഗികളുടെ എണ്ണവും പരിശോധിച്ചാൽ ഭൂരിഭാഗം രോഗികളുടെയും രോഗം ഭേദപ്പെടുന്നതാണ് കാണാൻ കഴിയുക. മരണനിരക്കും കുറവാണ്. ഇതാണ് യാഥാർഥ്യം. അപ്പോൾ പൊതുവേ മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാത്ത രാജീവിന്റെ മനസ്സിലെ അമിത ഭയത്തിന് അടിസ്ഥാനമില്ലെന്ന് മനസിലാക്കാം.
പലപ്പോഴും നമ്മുടെ മനസ്സിലും ഭയം നിറയുന്നത് ഇത്തരം തെറ്റായ അർദ്ധ അറിവുകൾ മൂലമാണ്. ഏതൊരു കാര്യത്തെ കുറിച്ചും ശരിയായി മനസിലാക്കിയാൽ നാം മനസ്സിൽ സൂക്ഷിക്കുന്ന ഭയത്തിന് അടിസ്ഥാനമില്ലെന്ന് മനസിലാക്കാം. ഇതുവഴി ഭയത്തെ അകറ്റാനും സാധിക്കും. എന്തിനെയാണോ ഭയക്കുന്നത് ആ അവസ്ഥയിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കാതെ അതിനെ നേരിടുകയാണ് ഭയത്തെ കീഴടക്കാനുള്ള അടുത്തവഴി. നാം നേരിട്ടുകഴിയുമ്പോഴാണ് 'ഇതിത്രേ ഉള്ളോ' എന്നു നാം മനസിലാക്കുന്നത്. രാവിലെയോ വൈകുന്നേരമോ കാറ്റും പച്ചപ്പുമുള്ള സ്ഥലത്തുകൂടി കൈവീശി നടക്കുന്നത് മനസ്സിനെ ശാന്തമാക്കാൻ സഹായിക്കും. തണുത്ത വെള്ളത്തിൽ കുളിക്കുന്നതും, ഇടക്കിടെ മുഖം കഴുകുന്നതും ശരീരത്തിനൊപ്പം മനസ്സിനെയും തണുപ്പിക്കും.
ഭയം മൂലം ഹൃദയമിടിപ്പ് വർധിക്കുകയും, കൈകൾ വിയർക്കുകയുമൊക്കെ ചെയ്യുമ്പോൾ ശാന്തമായ ഒരു സ്ഥലത്ത് പോയി ഇരിക്കുക. നിങ്ങളുടെ കൈകൾ വയറ്റിൽ വച്ചതിനു ശേഷം സാവധാനം ശ്വസിക്കുക. നിങ്ങളെ റീലാക്സ്ഡ് ആക്കാൻ ഇത് സഹായിക്കും.
നിങ്ങളെ ഭയപ്പെടുത്തുന്ന കാര്യത്തെ വെല്ലുവിളിക്കുക എന്നതാണ് അടുത്ത പടി. നിങ്ങൾ ഭയക്കുന്നത് സംഭവിക്കുമെന്നുള്ളതിന് എന്ത് തെളിവാണ് കൈയിൽ ഉള്ളതെന്ന് പരിശോധിക്കുക. ഉദാഹരണത്തിന് : ലിഫ്റ്റിൽ കയറുമ്പോൾ ലിഫ്റ്റ് കേടായി നിന്ന് അതിനകത്ത് കുടുങ്ങുമോഎന്നാണ് ഭയമെങ്കിൽ ലോകത്തുള്ള ലക്ഷകണക്കിന് ലിഫ്റ്റുകളിൽ തകരാർ സംഭവിക്കുന്നത് എത്രയെണ്ണത്തിനാണെന്ന് ചിന്തിക്കുക . വളരെ കുറച്ചുമാത്രമായിരിക്കും. അപ്പോൾ അപൂർവ്വമായി സംഭവിക്കുന്നതിനെ വ്യാപകമായി കാണുന്ന ചിന്ത മാറ്റുക. ജീവിതത്തിൽ നിങ്ങൾക്ക് സന്തോഷം തരുന്ന അനുഭവങ്ങളെ, വ്യക്തികളെ, സ്ഥലങ്ങളെകണ്ണടച്ച് മനസ്സിൽ കാണുക. പോസിറ്റീവ് ഫീലിംഗ്സ് നിങ്ങളെ കൂടുതൽ റിലാക്സ്ഡ് ആക്കും. ഭയത്തെക്കുറിച്ച് നിങ്ങളുടെ പ്രിയപ്പെട്ടവരുമായോ, മാനസികവിദഗ്ധരുമായോ തുറന്നു സംസാരിക്കുന്നതും ഭയത്തെ നിയന്ത്രിക്കാൻ സഹായിക്കും. കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പിയും മറ്റും ഭയം തീർക്കാൻ ഫലപ്രദമാണ്. വായന, സിനിമകാണൽ, സംഗീതം ശ്രവിക്കൽ, ഔട്ടിങ്ങ്, പുറത്തുപോയി ഭക്ഷണം കഴിക്കൽ തുടങ്ങി നിങ്ങളെ സന്തോഷിപ്പിക്കുന്ന ഏതെങ്കിലും കാര്യങ്ങൾ ചെയ്യുന്നതും ഭയത്തിന്റെ അവസ്ഥയിൽ നിന്നകറ്റും.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.