മെനോപോസ് അഥവാ ആർത്തവവിരാമം
ആർത്തവ കാലത്തിൻ്റെ ആരംഭം പോലെ തന്നെ തിരിച്ചറിയപ്പെടേണ്ടതും കൃത്യമായി മനസ്സിലാക്കേണ്ടതുമായ ശാരീരിക മാറ്റമാണ് മെനോപോസ് അഥവാ ആർത്തവ വിരാമം.
സ്ത്രീ ശരീരത്തിൽ പ്രത്യുൽപാദനത്തിന് സഹായിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം നിലയ്ക്കുന്നതുമായി ബന്ധപ്പെട്ട സ്വാഭാവികമായ പ്രക്രിയയാണ് ആർത്തവ വിരാമം. സാധാരണയായി ഒരു സ്ത്രീ അവളുടെ നാല്പതോ അമ്പതോ വയസ്സുകളിൽക്കൂടി കടന്ന് പൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് ആർത്തവ വിരാമം സംഭവിക്കുക.
ഹൈപ്പൊതലാമസിലും പിറ്റ്യൂട്ടറി ഗ്ലാൻഡിലും ഉൽപ്പാദിപ്പിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനം നിലയ്ക്കുന്നതിലൂടെ, കൗമാരപ്രായത്തിൽ ആരംഭിച്ച് പതിറ്റാണ്ടുകളായി ശരീരം തുടർന്ന് വന്നിരുന്ന, മാസത്തിൽ മാറി-മാറി രണ്ട് ഓവറികളിലോരോന്നിൽ ഓരോ അണ്ഡം ഉൽപ്പാദിപ്പിച്ചു വന്നിരുന്ന രീതി അവസാനിക്കുന്നു. അതോടുകൂടി സംയോജനം നടന്ന് ഗർഭിണിയാകാനുള്ള സാധ്യതയും, സംയോജനം നടന്നില്ലയെങ്കിൽ രക്തവും അണ്ഡവും പുറം തള്ളുന്ന ആർത്തവവും അവസാനിക്കുന്നു. ഇതിനെ ആർത്തവ വിരാമം അഥവാ മെനോപോസ് എന്ന് വിളിക്കുന്നു.
ഈ കാലത്തിൽ, ആർത്തവ കാലഘട്ടത്തിന്റെ ആരംഭത്തിൽ എന്നപോലെ സ്ത്രീകൾ കടുത്ത മാനസിക ശാരീരിക സംഘർഷങ്ങളിലൂടെ കടന്ന് പോകുന്നു. ആർത്തവ വിരാമം പൂർണ്ണമായി സംഭവിച്ച ശേഷവും മുന്നോട്ട് കുറച്ച് കാലമെങ്കിലും ഇതേ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ പിന്തുടരാനുള്ള സാധ്യതയും ഏറെ ആയതിനാൽ ആർത്തവ-വിരാമത്തെ അടുത്തറിഞ്ഞു മുന്നോട്ട് പോകുക എന്നതാണ് ഈ കാലഘട്ടം നേരിടാനുള്ള ഏറ്റവും നല്ല തന്ത്രം/മാർഗ്ഗം(കോപ്പിങ്ങ് സ്ട്രാറ്റജി).
ആർത്തവ വിരാമം/മെനോപോസ് സ്ഥിരീകരിക്കുന്നതെങ്ങനെ?
സാധാരണഗതിയിൽ ഒരു സ്ത്രീ തന്റെ നാൽപ്പാതോ അമ്പതോ വയസ്സുകളിലൂടെ കടന്നുപോകുവെ തുടർച്ചയായി 12 മാസങ്ങൾ ആർത്തവം സംഭവിച്ചിട്ടില്ല എങ്കിൽ അതിനെ ആർത്തവ വിരാമം അഥവാ മെനോപോസ് ആയി കണക്കാക്കുന്നു.
സാധാരണഗതിയിൽ ആദ്യ ഘട്ടത്തിൽ ഒരു ഡോക്ടറുടെ സഹായമില്ലാതെ സ്വയം നിർണ്ണയം നടത്താൻ കഴിയുന്നതാണ്. എന്നാൽ ലക്ഷണങ്ങളും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് ഡോക്ടറുടെ സേവനം ആവശ്യമാണെങ്കിൽ ഒരു ഡോക്ടറുടെ സഹായം തേടുക.
ആർത്തവവിരാമത്തോടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ശാരീരികാരോഗ്യത്തോടൊപ്പം മാനസികരോഗ്യത്തെയും മോശമായി ബാധിക്കുന്നതിനാൽ ചില അവസരത്തിൽ ഗൈനക്കോളജിസ്റ്റിനോടൊപ്പം സൈക്കോളജിസ്റ്റിന്റെയും സേവനം ആവശ്യമായി വരാറുണ്ട്.
ലക്ഷണങ്ങൾ
● ആർത്തവം എല്ലാ മാസങ്ങളിലും കൃത്യമായി തുടർച്ചയായി വരാതിരിക്കുകയോ, ആർത്തവം നിന്ന് പോകുകയോ ചെയ്യുക.
● ഹോട്ട് ഫ്ലാഷ് എന്ന അവസ്ഥ (പെട്ടെന്ന് ശരീരത്തിൽ ചൂടനുഭവപ്പെടുന്നു, സാധാരണയായി കഴുത്തിലും മുഖത്തും മാറിലും, കൂടുതലായി വിയർക്കുന്നു)
● യോനി വരൾച്ച
● ക്ഷീണം
● തുടർച്ചയായി ഉറങ്ങാൻ കഴിയാത്തവിധം അസ്വസ്ഥത അനുഭവപ്പെടുക.
● ആൻക്സൈറ്റി അഥവാ ഉത്കണ്ഠ അനുഭവപ്പെടുക.
● ഡിപ്രെഷൻ അഥവാ വിഷാദം അനുഭവപ്പെടുക.
● മുടി കൊഴിയൽ
● ലൈംഗിക താൽപ്പര്യക്കുറവ്
● കൂടെക്കൂടെ മൂത്രമൊഴിക്കണമെന്ന രീതി
● രാത്രിയിലെ അമിത വിയർപ്പ്
● ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോഴുള്ള അതിയായ-പതിവില്ലാത്ത വേദന
മാനസികമായ തയ്യാറെടുപ്പ്/മറികടക്കൽ എങ്ങനെ?
● ആർത്തവം പോലെ തന്നെ തടഞ്ഞു നിർത്താൻ കഴിയാത്ത സ്വാഭാവികമായി സംഭവിക്കുന്ന ശാരീരിക മാറ്റമാണ് ആർത്തവ-വിരാമം അഥവാ മെനോപോസ്. അതുകൊണ്ട് തന്നെ ഇതിനെ മറികടക്കുന്നതിന്റെ ഭാഗമായി ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകും എന്ന സത്യം അംഗീകരിക്കുക.
● ഒരു ഗൈനക്കോളജിസ്റ്റിനെ കൺസൾട്ട് ചെയ്ത് സംശയങ്ങൾ ദുരീകരിക്കാം. നിങ്ങളുടെ ശാരീരിക സ്ഥിതിയ്ക്കനുസരിച്ച് മരുന്നുകൾ ആവശ്യമെങ്കിൽ കഴിക്കുക.
● നന്നായി/ആവശ്യത്തിന്/കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. ധാരാളം പഴങ്ങളും പച്ചക്കറികളും പാലുൽപ്പന്നങ്ങളും മുട്ടയും മാംസാഹാരങ്ങളും കഴിക്കാം. ഹോർമോൺ മാറ്റങ്ങൾ മൂലം കാൽസ്യം, വൈറ്റാമിൻ ഡി, പ്രോട്ടീൻ മുതലായവ ശരീരത്തിന് കൂടുതൽ ആവശ്യമായി വരുന്ന സമയമാണിത്.
● നന്നായി വെള്ളം കുടിയ്ക്കുക.
● വ്യായാമം ചെയ്യുക. ഇതിലൂടെ ശാരീരിക മാനസിക പിരിമുറുക്കങ്ങളെ ഒരു പരിധി വരെ മറികടക്കാൻ കഴിയും.
● മനസ്സിന് ഉണർവും ഉന്മേഷവും നൽകുന്ന പ്രവർത്തികളിൽ ഏർപ്പെടാം (പ്രിയപ്പെട്ടവരെ കാണാം, യാത്രകൾ ചെയ്യാം, സിനിമകൾ കാണുകയോ പാട്ടുകൾ കേൾക്കുകയോ ചെയ്യാം, ചെടികൾ നട്ടുപിടിപ്പിക്കാം etc)
● പ്രശ്നങ്ങളിലേക്ക് തിരിഞ്ഞ് ഒതുങ്ങിക്കൂടുന്ന രീതി ഉപേക്ഷിക്കുക, നിങ്ങൾക്ക് സന്തോഷം തരുന്ന കാര്യങ്ങൾ/ചുമതലകൾ(ജോലി) കൃത്യമായി നിർവഹിക്കുക.
മുന്നോട്ടുള്ള കുടുംബ ജീവിതവുമായി ബന്ധപ്പെട്ടും മറ്റ് പല വിഷയങ്ങളിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടാവാം. ഏത് ഘട്ടത്തിലും സേവനത്തിനായി ഒരു സൈക്കോളജിസ്റ്റിനെ ബന്ധപ്പെടാം.
Psy. സ്വർഗ്ഗീയ ഡി. പി
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.