Huddle

Share this post
മനസ്സിന്റെ മണിട്രാപ്പുകൾ
www.huddleinstitute.com

മനസ്സിന്റെ മണിട്രാപ്പുകൾ

Reshmi Radhakrishnan
Jun 21, 2021
Comment
Share

ഒരു കഥയിലൂടെ തുടങ്ങാം. പറയിപെറ്റ പന്തിരുകുലത്തിലെ ഒരു സന്തതിയായിരുന്നു പാക്കനാർ. പാക്കനാർ ഒരു ദിവസം തന്റെ പത്നിയോടൊത്ത് നടന്ന് പോകുമ്പോൾ പത്നിക്ക് ഒരു തുണിസഞ്ചി കിട്ടി. അത് നിറയെ സ്വർണനാണയങ്ങൾ ആയിരുന്നു. ഇത് കണ്ട പാക്കനാർ ഭീതിയോടെ പറഞ്ഞു, “അയ്യോ അതെടുക്കല്ലേ. അത് ആളെക്കൊല്ലിയാണ്.” ഇതെന്ത് ഭ്രാന്താണ് പറയുന്നതെന്ന് ഭാര്യക്ക് തോന്നി. എന്തായാലും പാക്കനാരുടെ നിർദ്ദേശപ്രകാരം ആ സഞ്ചി ഭാര്യ മനസില്ലാമനസോടെ വഴിയിൽ തന്നെ ഉപേക്ഷിച്ചു.

അതേസമയം ആ വഴി മൂന്ന് പേർ വരുന്നത് കണ്ട് പാക്കനാരും ഭാര്യയും മാറി നിന്നു. വഴി യാത്രക്കാർ സഞ്ചി കണ്ടു. ആകാംക്ഷയോടെ അതെടുത്ത് തുറന്ന് നോക്കിയപ്പോൾ നിറയെ സ്വർണ നാണയങ്ങൾ. അവർ മൂന്ന് പേരും അത് തുല്യമായി വീതിച്ചെടുക്കാം എന്ന് തീരുമാനിച്ചു. അതിനിടയിൽ അവർക്ക് വിശപ്പ് തോന്നിയപ്പോൾ ഒരാൾ ഭക്ഷണം ശേഖരിക്കാൻ പോയി. മറ്റ് രണ്ട് പേരും അവിടെ തന്നെ നിൽക്കാമെന്ന് പറഞ്ഞു. അങ്ങനെ നിന്നപ്പോൾ അവർക്ക് രണ്ട് പേർക്കും ഭക്ഷണം കണ്ട് പിടിക്കാൻ പോയ ചങ്ങാതിയെ ഒരു മരക്കഷ്ണം കൊണ്ട് അടിച്ച് കൊന്നാൽ മൂന്ന് പേർക്കുള്ളത് രണ്ട് പേർക്കാവുമല്ലോ എന്ന് തോന്നി. അവർ പതുങ്ങി നിന്ന് ഭക്ഷണം കൊണ്ടുവന്ന ചങ്ങാതിയെ പിന്നിൽ നിന്ന് അടിച്ച് കൊന്നു. കൊന്നതിന് ശേഷം ഭക്ഷണം കഴിക്കാൻ തുടങ്ങി. എന്നാൽ ഭക്ഷണം കൊണ്ടുവന്ന ആൾ മറ്റ് രണ്ട് പേരെക്കാളും ദുഷ്ടബുദ്ധി ആയിരുന്നു, അയാൾ പണമൊറ്റയ്ക്കെടുക്കാൻ വേണ്ടി  ഭക്ഷണത്തിൽ വിഷം ചേർത്തിട്ടുണ്ടായിരുന്നു. രണ്ട് പേരും വിഷം ചേർത്ത ഭക്ഷണം കഴിച്ച് മരണപ്പെട്ടു.

ഇതെല്ലാം പാക്കനാരും ഭാര്യയും ഒളിച്ച് നിന്ന് കാണുന്നുണ്ടായിരുന്നു. പാക്കനാർ പറഞ്ഞത് ഭാര്യക്ക് ബോധ്യപ്പെട്ടു. ആവശ്യത്തിലേറെ കയ്യിൽ വരുന്ന പണം ആപത്തുകൾ വരുത്തി വയ്ക്കുമെന്ന് പാക്കനാർ ഭാര്യക്ക് മനസിലാക്കി കൊടുത്തു. കഥ അവിടെ നിൽക്കട്ടെ. ഇനി നമുക്ക് കാര്യത്തിലേക്ക് വരാം.

കയ്യിൽ കൂടുതൽ പണമുള്ളത് കൊണ്ട് എന്തെങ്കിലും രോഗമുണ്ടാകുമോ? ഇല്ലെന്ന് പറയാൻ വരട്ടെ. ഇംഗ്ലണ്ടിലെ ഡോ. റോജർ ഹെണ്ടേർസൺ എന്ന മാനസികാരോഗ്യ വിദഗ്ദ്ധൻ പറയുന്നത് ചിലർക്ക് അങ്ങനെ ഉണ്ടാകും എന്നാണ്. ആ മാനസിക രോഗമാണ് മണിസിക്ക്നസ് സിൻഡ്രോം. പണമില്ലാത്തത് കൊണ്ടുള്ള മാനസിക ബുദ്ധിമുട്ടുകൾ സ്വാഭാവികമാണ്. പക്ഷെ ഒരു വ്യക്തിക്ക് പണമുള്ളത് കാരണം അസുഖം വന്നു എന്ന് വിശ്വസിക്കാൻ നമുക്ക് ബുദ്ധിമുട്ടാണ്. എന്നാൽ അങ്ങനെയൊന്നുണ്ട് എന്നതാണ് സത്യം.

എന്താണ് മണിസിക്ക്നസ് സിൻഡ്രോമിന്റെ ലക്ഷണങ്ങൾ?

ഒരു വ്യക്തി നിരന്തരമായി പണത്തെ പറ്റി മാത്രം ചിന്തിച്ച് ബേജാറായിക്കൊണ്ടിരിക്കുക, എവിടെ പോയാലും എന്ത് ചെയ്യുമ്പോഴും കണക്കിലധികമുള്ള പണം, കടബാധ്യത എന്നിവയെ പറ്റി വ്യാകുലപ്പെടുക, അത് പതിയെ ശാരീരികമായും മാനസികമായും ആരോഗ്യത്തെ ബാധിക്കുക. ഇതൊക്കെയാണ് ഈ അസുഖത്തിന്റെ ലക്ഷണം. നോട്ടുകെട്ടുകൾ അടുക്കി വച്ച് അത് നോക്കി ആനന്ദിക്കുന്നവരെ കണ്ടിട്ടില്ലെ. അതെ പോലെ എല്ലാ ദിവസവും അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്തുകൊണ്ടിരിക്കുന്നവർ. അവരൊക്കെ ഈ അസുഖമുള്ളവരാണ്. ആസ്തി കുറഞ്ഞവർക്കല്ല, കൂടുതൽ വരുമാനമുള്ളവർക്കാണ് ഈ പ്രശ്നം ഉണ്ടാവുക. പണത്തിന്റെ വിഷമം പലർക്കും ഉണ്ടാവാം. അവരെല്ലാം സന്തോഷത്തോടെ ജീവിക്കുന്നുണ്ടെന്ന് നമുക്കറിയാം.

2007ൽ അമേരിക്കയിൽ സാമ്പത്തികമാന്ദ്യം ഉണ്ടായപ്പോൾ മുപ്പത്തിയഞ്ച് ശതമാനം പേർക്ക് മാനസിക ബുദ്ധിമുട്ടുകളും അതിനെ തുടർന്നുള്ള ശാരീരികമായ ആസ്വാസ്ഥ്യങ്ങളും ഉണ്ടായി. അതിൽ കൂടുതലും പ്രത്യേകിച്ച് ബാധ്യത ഒന്നുമില്ലാത്ത ധനികരായിരുന്നു എന്നുള്ളതാണ് സത്യം. അത്യാവശ്യം കഴിഞ്ഞുകൂടാൻ വഴിയുള്ള ഒരാൾ, അല്ലെങ്കിൽ സാമ്പത്തികമായി നല്ല നിലയിൽ ഉള്ള ഒരാൾക്ക് അയാളുടെ പ്രാഥമിക ആവശ്യങ്ങളായ വൈദ്യുതി, ഫോൺബിൽ അതുപോലുള്ള മറ്റ് ബില്ലുകൾ അടയ്ക്കാൻ സമയത്തിന് സാധിക്കാതിരിക്കുന്നതും അതിന് വേണ്ടി അയാൾ ഓവർ ടൈം ജോലി ചെയ്യേണ്ടി വരുന്നതുമൊക്കെ ഇത്തരം സ്വഭാവത്തിന്റെ ചെറിയൊരു സിഗ്നലാണ്.

മണിസിക്ക്നസ് സിൻഡ്രോമിന്റെ ശാരീരികമായ ലക്ഷണങ്ങൾ.

ആദ്യ ഘട്ടത്തിൽ വിഷാദം, ശരീരഭാരം കൂടൽ, ഉറക്കമില്ലായ്മ എന്നിവയായിരിക്കും ലക്ഷണങ്ങൾ. വയറെപ്പോഴും കാലി ആണെന്ന തോന്നൽ, മനം പിരട്ടൽ, വയറിളക്കം, ദഹനക്കുറവ്, വിഷാദം, ശ്രദ്ധക്കുറവ്, ലൈഗികതാൽപ്പര്യക്കുറവ്, തീരുമാനങ്ങൾ എടുക്കുവാനുള്ള വിഷമം, നെഗറ്റീവ് വിചാരങ്ങൾ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. സ്വന്തം വരുമാനത്തിന് നിയന്ത്രണം ഇല്ലായ്മ, താൻ തന്നെ വരുത്തി വയ്ക്കുന്ന വർദ്ധിച്ച ചിലവുകൾ, തന്റെ ഒപ്പമോ അതിൽ കൂടുതലോ പണമുള്ള മറ്റ് ധനികരുടെ നിലവാരത്തിൽ ജീവിക്കാനുള്ള വ്യഗ്രത എന്നിവയൊക്കെ ഇതിന്റെ മറ്റ് ഭാഗങ്ങളാണ്. എങ്ങനെയാണ് തന്റെ അത്യാഗ്രഹത്തെ നിയന്ത്രിക്കേണ്ടത് എന്ന് അവർക്ക് തന്നെ അറിയില്ല. അങ്ങനെയുള്ളവർ പതിയെ നല്ല സാമ്പത്തിക അവസ്ഥയിൽ നിന്ന് കടക്കെണിയുടെ ചുഴിയിലേക്ക് പതിക്കുന്നു. അതായത് മൊത്തത്തിൽ കയ്യിൽ നിന്ന് പോകുന്ന ഒരവസ്ഥ.

സമ്പാദ്യം കുറയുമ്പോൾ കുറ്റബോധം തോന്നുന്ന മറ്റ് ചിലരുണ്ട്. അത് മറ്റൊരു മനഃശാസ്ത്രമാണ്. അവരപ്പോഴാണ് പട്ടിണി പാവങ്ങളെ കുറിച്ചോർക്കുക. എന്നാൽ അവർക്ക് വേണ്ടി ഒന്നും ചെയ്യുകയുമില്ല. ഇത് സാധാരണ സംഭവിക്കുന്നത് അവനവനേപ്പറ്റി യാതൊരു മതിപ്പും ഇല്ലാത്തവർക്കായിരിക്കും. അതായത് ലോ സെൽഫ് എസ്റ്റീം ഉള്ളവർക്ക്. പണക്കാരനാകുന്നതിനൊപ്പം ഈ കുറ്റബോധവും കൂടികൊണ്ടിരിക്കും. അത് സമ്മർദ്ദവും മാനസിക ബുദ്ധിമുട്ടുകളും തുടർന്ന് ശാരീരിക പ്രശ്നങ്ങളും ഉണ്ടാക്കും.

ഇനി മറ്റ് ചിലർ മണി വർഷിപ്പിങ് വിഭാഗമാണ്. അവരാണ് എത്ര കിട്ടിയാലും ഉള്ളതിൽ തൃപ്തിയില്ലാത്ത മനുഷ്യർ. ഉള്ളത് ഇരട്ടിപ്പിക്കാനുള്ള ചിന്തകളിലായിരിക്കും അവർ എപ്പോഴും. പണം കൂടുന്നതിനനുസരിച്ച് ചിന്തകളും സമ്മർദ്ദവും കൂടും. ഇങ്ങനെയുള്ളവരാണ് പണം ഇരട്ടിപ്പിക്കുന്നതിന് വേണ്ടി ചൂതു കളി പോലെയുള്ള മാർഗങ്ങൾ ഒക്കെ ശ്രമിച്ച് ഉള്ളതും കൂടി കളഞ്ഞ് കുളിക്കുന്നത്. ഇത്തരം മാനസികാവസ്ഥ കൂടുന്നതോടെ ഇവർ സദാസമയവും ചിന്തയിലായിരിക്കും. പങ്കാളിയുമായും കുടുംബവുമായും ചിലവഴിക്കുന്ന സമയം കുറയുന്നു. അങ്ങനെ കുടുംബ പ്രശ്നങ്ങൾ ആരംഭിക്കുന്നു.

പണം കൊണ്ട് സന്തോഷം വാങ്ങാനാവുമോ? അങ്ങനെയെങ്കിൽ ലോകത്തിലെ ഏറ്റവും വലിയ പണക്കാരാകും ഏറ്റവും വലിയ സന്തുഷ്ടർ. അതുമല്ല ഇതേ മനുഷ്യർ ലോകത്തിലെവിടെ സന്തോഷം ലഭിക്കും എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു.

1950 മുതൽ അമേരിക്കൻ സമ്പദ് വ്യവസ്ഥ ഏതാണ്ട് ഒരേ രീതിയിൽ മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ അമേരിക്കക്കാരന്റെ സന്തോഷ സൂചിക ഉയർന്നിട്ടുമില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഒരാളുടെ സാമ്പത്തിക അവസ്ഥയും അയാളുടെ മാനസിക സന്തോഷവും തമ്മിൽ വലിയ ബന്ധം കാണുന്നില്ല. എന്തായിരിക്കും കാരണം? ശരിയായ അവശ്യത്തിനല്ല പണം ചെലവാക്കുന്നത് എന്നത് തന്നെ. ആവശ്യത്തിന് വേണ്ടി പണം ചെലവഴിക്കുന്നതിന് പകരം പണം ചെലവാക്കുന്നതിന് വേണ്ടി മാത്രം വഴി തിരഞ്ഞ് പിടിക്കുന്നു. അത് താൽക്കാലികമായി സന്തോഷം തരുമെങ്കിലും പിന്നീട് മാനസിക അസ്വസ്തകളിൽ കൊണ്ടെത്തിക്കുന്നു.

മണിസിക്ക്നസ് സിൻഡ്രോം എങ്ങനെ നിയന്ത്രിക്കാം.

ഈ പ്രശ്നം കണ്ടുപിടിച്ച റോജർ ഹെണ്ടേർസൺ തന്നെ ഈ പ്രശ്നം നിയന്ത്രിക്കാൻ മൂന്ന് വഴികൾ നിർദ്ദേശിക്കുന്നു. അവ 3A എന്ന പേരിൽ അറിയപ്പെടുന്നു. Avoid, Alter, Accept എന്നിവയാണവ.

1.  Avoid

 അവോയിഡ് എന്നതിൽ നിന്നും സുരക്ഷിതമല്ലാത്ത നിക്ഷേപങ്ങൾ ഒഴിവാക്കുക എന്നും അവരവരുടെ വരുമാനത്തിനനുസരിച്ച് ജീവിക്കുക എന്നുമാണ് ഉദ്ദേശികുന്നത്.

2.  Altering

ആൾട്ടറിങ് എന്നതിന് ജീവിത നിലവാരത്തിൽ മാറ്റം വരുത്താനും ചെലവിനനുസരിച്ച് തൊഴിലിൽ മാറ്റം വരുത്തി പുതിയ തൊഴിലുകൾ കണ്ടെത്തുക എന്നുമാണ് അർഥം.

3.  Accepting

അക്സെപ്റ്റിങ് അഥവാ സ്വീകരിക്കൽ എന്നതിന് സാമ്പത്തിക വിഷമത്തെ അഭിമുഖീകരിക്കുന്ന മാനസിക അവസ്ഥ കൈവരിക്കൽ എന്നതാകുന്നു. ഇത് എന്നെപ്പോലെ പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാകുന്നു എന്ന് മനസിലാക്കുക, ഉൾക്കാഴ്ച ഉണ്ടാവുക, പ്രശ്നങ്ങൾ വരുമ്പോൾ അത് നേരിടാം എന്ന് തീരുമാനിക്കുക, വെറുതെ ആധിപിടിക്കാതിരിക്കുക. ഇതൊക്കെ നമ്മൾ ഉറപ്പ് വരുത്തേണ്ടതാണ്.

“ഹോ ഇത് ഒരുപാട് പണമുള്ള ധനികരുടെ പ്രശ്നമല്ലേ” എന്നോർത്ത് തള്ളിക്കളയാൻ വരട്ടെ. നിങ്ങൾ അടിസ്ഥാനപരമായ ആവശ്യങ്ങൾ നടത്തി പോകാൻ കഴിവുള്ള, അത്യാവശ്യം സമ്പാദ്യമൊക്കെയുള്ള ഒരാളാണെങ്കിൽ നിങ്ങളെയും ഒരു ധനികനായി തന്നെ സങ്കൽപ്പിക്കാവുന്നതാണ്. ആ അവസ്ഥയിൽ നിൽക്കുമ്പോൾ മേൽപറഞ്ഞ ശാരീരിക അസ്വസ്ഥതകൾ ഉണ്ടെങ്കിൽ നിങ്ങൾക്കും മണിസിക്ക്നസ് സിൻഡ്രോം ഉണ്ട് എന്നാണ് അർഥം. നിയന്ത്രിക്കാൻ ആവാത്ത വിധം അങ്ങനെയുണ്ടെങ്കിൽ എത്രയും പെട്ടെന്ന് ഒരു മാനസികാരോഗ്യ വിദഗ്‌ധനെ സമീപിക്കുക.

ആവശ്യത്തിലധികം പണം ആളെക്കൊല്ലിയാണെന്ന് പാക്കനാർ പറഞ്ഞത് ഇപ്പോൾ മനസിലായില്ലെ.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing