പ്രണയം ചെന്നെത്തിനിൽക്കുന്നത്...
കഴിഞ്ഞ കുറച്ച് കാലങ്ങളായി പ്രണയ-പരാജയത്തിന്റെയോ, പ്രണയം നിരസിക്കപ്പെടുന്നതിന്റെയോ പേരിൽ നമ്മുടെ കണ്മുന്നിൽ കയ്യെത്തും ദൂരത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങളും, ജീവൻ അപഹരിക്കുന്ന സാഹചര്യങ്ങളും ഓരോ വ്യക്തിയുടെയുമുള്ളിൽ ആകുലത നിറയ്ക്കുന്നതാണ്.
അതുകൊണ്ട് തന്നെ മുന്നോട്ടുള്ള ജീവിതത്തിൽ ഈ വിധത്തിലുള്ള പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായി ഒരു പരിധിവരെ കൗമാരപ്രായക്കാരായ പെൺകുട്ടികളും ആൺകുട്ടികളും, യുവതീ-യുവാക്കളും, മാതാപിതാക്കളും ഒക്കെ അടങ്ങുന്ന വലിയ സമൂഹം ഒന്നടങ്കം ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു.
"നിന്നെയും കൊല്ലും ഞാനും ചാകും" എന്ന പ്രയോഗം പ്രണയത്തിലും വിവാഹജീവിതത്തിലും പ്രായ-ലിംഗ ഭേദമന്യേ കാലങ്ങളായി ഉപയോഗിച്ചു വരുന്നതാണ്. "നീ കൊ ഞാ ച" എന്ന പേരിൽ ഒരു മലയാള സിനിമ പോലും കുറച്ചു വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഒരു പ്രണയിതാവെന്ന നിലയിൽ മനസ്സിനെ സന്തോഷിപ്പിക്കുന്ന ഒരുപാട് നിമിഷങ്ങൾ ഈ വാചകത്തെ ചുറ്റിപ്പറ്റി ഓരോ വ്യക്തിയുടെയും ജീവിതത്തിൽ ഉണ്ടായെന്നിരിക്കാം. എന്നാൽ അത് നമ്മുടെ കണ്മുന്നിൽ ഇങ്ങനെ പ്രാവർത്തികമായി കൊണ്ടിരിക്കുമ്പോൾ കുറച്ചധികം കാര്യങ്ങളിൽ നമ്മൾ ശ്രദ്ധിക്കുകയും മുൻകരുതലെടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു.
അതിനു പരിഹാരമെന്നോണം ‘പ്രണയിക്കരുത്’ എന്നാണ് നിങ്ങൾക്ക് മറ്റുള്ളവർ തരുന്ന ഉപദേശമെങ്കിൽ അത് പൂർണ്ണമായും ഞാൻ തള്ളിക്കളയുകയാണ്.
മറിച്ച് എനിക്ക് നിങ്ങളോടു പറയാനുള്ളത് പ്രണയമെന്ന് മാത്രമല്ല ഒരു സൗഹൃദമോ സഹോദര തുല്യമായ ബന്ധമോ അങ്ങനെ ഏത് വിധത്തിലുള്ള ഒരു പുതിയ സ്നേഹബന്ധവും നിങ്ങളിലേക്ക് എത്തുമ്പോൾ പ്രഥമ ഘട്ടത്തിൽ തന്നെ നിങ്ങളാൽ വിലയിരുത്തപ്പെടേണ്ട ഒന്നാണ് കടന്നു വരുന്ന വ്യക്തിയുടെ "പേഴ്സണാലിറ്റി".
ഒരു വ്യക്തിയുടെ ചിന്തകൾ-ചിന്താഗതി, പെരുമാറ്റം, വികാരം-വികാരപ്രകടനം, സ്വഭാവം എന്നിവ ചേരുന്നതാണ് പേഴ്സണാലിറ്റി.
ബന്ധങ്ങളിൽ ശ്രദ്ധിക്കേണ്ടത്
● നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന വ്യക്തിയുടെ സ്വഭാവവും പെരുമാറ്റവും ചിന്താഗതിയും വികാരപ്രകടനവും ഒക്കെ, നിങ്ങളുടെ ജീവിത്തിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന തലത്തിലേക്ക് ആ വ്യക്തിയ്ക്ക് സ്ഥാനക്കയറ്റം നൽകുന്നത് മുൻപ് തന്നെ വിലയിരുത്തുക.
● നിങ്ങളോടൊപ്പം മറ്റു വ്യക്തികളോടും അയാൾ എങ്ങനെ പെരുമാറുന്നു എന്നത് തീർച്ചയായും ശ്രദ്ധിക്കുക.
● സഭ്യമല്ലാത്ത ഭാഷകൾ നിരന്തരം ഉപയോഗിക്കുന്നുണ്ടോ, അക്രമവാസന ഉണ്ടോ എന്ന് ശ്രദ്ധിക്കുക.
● ഒരു ബന്ധത്തിലും അമിതമായ പ്രതീക്ഷ സ്വയം കൊണ്ടു നടക്കാതിരിക്കുകയും എതിർവശത്ത് നിൽക്കുന്ന വ്യക്തികൾക്ക് അമിത പ്രതീക്ഷ നൽകാതിരിക്കുകയും ചെയ്യുക.
● പരസ്പരം അംഗീകരിച്ചു തെറ്റുതിരുത്തി മുന്നോട്ട് പോകാൻ ശ്രമിക്കുക. മറിച്ച് നിങ്ങളുടെമേൽ അനാവശ്യമായ അധികാരമോ ആധിപത്യമോ സ്ഥാപിക്കുവാൻ ശ്രമിക്കുന്നുവെങ്കിൽ അത് പക്വതയോടെ തിരിച്ചറിയുക. (മറിച്ച് അതിന് സ്നേഹത്തിന്റെയോ പ്രണയത്തിന്റെയോ മുഖം നൽകാതിരിക്കുക)
● ഏത് വിധത്തിലുള്ള സ്നേഹബന്ധത്തിലും പ്രാക്ടിക്കലായ രീതിയിൽ മാത്രം കാര്യങ്ങൾ കാണുക.
● സ്വഭാവവൈകല്യങ്ങൾ അഥവാ പെരുമാറ്റവൈകല്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ പരിഹരിക്കാനും ആരോഗ്യകരമായി മുന്നോട്ട് പോകാനും ശ്രദ്ധിക്കുക
ട്രോൾ ഗ്രൂപ്പുകളിൽ വൈറൽ പോസ്റ്റുകൾ കണ്ട് 'കലിപ്പന്റെ പെണ്ണ്' എന്ന് അഭിമാനത്തോടെ പറയാൻ നിൽക്കണ്ട.
അൽപ്പസ്വൽപ്പം ദേഷ്യമുണ്ടാകുന്ന വ്യക്തികൾ നമുക്ക് ചുറ്റുമുണ്ടാകാം. പക്ഷെ പക്വതയും ആക്രമണ സ്വഭാവവും രണ്ടാണെന്ന് നിങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ആക്രമണസ്വഭാവം കണ്ട് പക്വതയാണെന്ന് തെറ്റിദ്ധരിക്കേണ്ടെന്ന് സാരം.
അനാവശ്യ സംശയങ്ങളും, കുറ്റപ്പെടുത്തലുകളും, ദേഷ്യവും, ദേഹോപദ്രവും, മറ്റുള്ളവരുടെ മുന്നിൽ വച്ച് ആക്ഷേപിക്കാനുള്ള പ്രവണതയും "ചേട്ടന്റെ മെച്യുരിറ്റിയും സ്നേഹവുമാണെന്ന്" ഇനിയെങ്കിലും പെൺകുട്ടികൾ തെറ്റിദ്ധരിക്കരുത്. അവയൊക്കെയും സ്വഭാവ വൈകല്യങ്ങളും മോശം പേഴ്സണാലിറ്റിയുമാകുന്നു.
● അമിതമായി ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന ശീലമുള്ള വ്യക്തിയാണെങ്കിലും കല്യാണം കഴിഞ്ഞ് എനിക്കത് പരിഹരിക്കാൻ സാധിക്കും, അല്ലെങ്കിൽ ലഹരിയൊക്കെ ഉപയോഗിക്കുന്നുണ്ടെങ്കിലും എന്നോട് ഭ്രാന്തമായ സ്നേഹമാണ്-എനിക്ക് അതുമതി എന്നീ തരത്തിലുള്ള വിഡ്ഢിത്തങ്ങൾ ഇനിയെങ്കിലും ആവർത്തിക്കാതിരിക്കുക.
ഇതേ 'ഭ്രാന്തമായ' സ്നേഹമാണ് ഒടുവിൽ ജീവനപഹരിക്കുന്നതിൽ ചെന്നെത്തുന്നത് എന്നെപ്പോഴും ഓർക്കുക.
● ഒന്നിച്ച് ചിലവിടുന്ന നിമിഷങ്ങളിൽ അമിത അടുപ്പം പ്രകടിപ്പിക്കും വിധത്തിലുള്ള(സ്വകാര്യ നിമിഷങ്ങൾ ഉൾപ്പെട്ട) ഫോട്ടോകളോ വീഡിയോകളോ പകർത്തുന്നതുപോലെയുള്ള വിഡ്ഢിത്തരങ്ങൾ കാട്ടാതിരിക്കുക.
ഇനി ഏതെങ്കിലും സ്വകാര്യ നിമിഷങ്ങളിൽ മുൻപ് എടുത്തുപോയിട്ടുള്ള ഫോട്ടോഗ്രാഫുകളോ വീഡിയോകളോ ഉപയോഗിച്ച് നിങ്ങളെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ ധൈര്യപൂർവ്വം അച്ഛനമ്മമാരോടോ, ഏറ്റവും അടുപ്പവും വിശ്വാസവുമുള്ള പക്വത എത്തിയ ഏതെങ്കിലും വ്യക്തികളോടോ, ഒരു സൈക്കോളജിസ്റ്റിനോടോ പങ്കുവച്ച് നിയമസഹായത്തോടെ പരിഹരിക്കാൻ ശ്രമിക്കുക.
സംഭവിച്ചുപോയതൊന്നും തന്നെ ജീവിതത്തിന്റെ അവസാനമല്ലെന്ന് തിരിച്ചറിയുക. എല്ലാം മറികടക്കാൻ കഴിയുമ്പോളാണ് നമ്മുടെ വിജയം!
എത്രത്തോളം മോശമായ അനുഭവങ്ങളും പെരുമാറ്റങ്ങളും ഉണ്ടായാലും അതെല്ലാം സഹിച്ചുകൊണ്ട് ഒരു ബന്ധം മുന്നോട്ട് കൊണ്ടുപോകുന്ന സാഹചര്യം, 'ഉപദ്രവിക്കപ്പെടാതെയോ ജീവഹാനി സംഭവിക്കാതെയോ' ഒഴിവാക്കുന്നതിനായി മുൻപ് പറഞ്ഞ ഘടകങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് ആവശ്യമാണ്..
മാതാപിതാക്കളോട്
● വളർച്ചയുടെ ഓരോ ഘട്ടത്തിലും മക്കളുമായി ശക്തമായ അടിത്തറയുള്ള ഒരു സൗഹൃദമോ സൗമ്യമായ പെരുമാറ്റ ശൈലിയോ എല്ലാക്കാലത്തും വളർത്താൻ ശ്രമിക്കുക. ഒരു പരിധിവരെ അവരുടെ പ്രശ്നങ്ങൾ നിങ്ങൾക്കു മുന്നിൽ തുറന്നു പറയാൻ അതവർക്ക് ധൈര്യം നൽകും.
● അതല്ലെങ്കിൽ അറിവില്ലായ്മ കൊണ്ടോ, നാണക്കേടുകൊണ്ടോ, കുറ്റബോധം കൊണ്ടോ ഓരോ പ്രായത്തിലും തുറന്നു പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ നിങ്ങളോട് പങ്കുവയ്ക്കുന്നതിന് കുഞ്ഞു കുഞ്ഞു കത്തുകളെഴുതുന്ന ശീലം അവരിൽ കുട്ടിക്കാലം മുതലുണ്ടാക്കിയെടുക്കുക. ആ കുഞ്ഞു കത്തുകളിലൂടെ നിങ്ങൾക്കിടയിൽ ആഴത്തിലുള്ള ഒരു സൗഹൃദം ജനിക്കട്ടെ.
● വളർച്ചയുടെ ഓരോ ഘട്ടത്തിലും ശ്രദ്ധയോടെ അവരെ വീക്ഷിക്കുക. തെറ്റുകൾ പക്വതയോടെ തിരുത്തി മുന്നോട്ട് പോകുക.
തെറ്റുകൾ മറികടക്കേണ്ടതാണെന്നും, അവരുടെ തെറ്റുകളിൽ ഒപ്പം നിൽക്കില്ലായെന്നും നീതിയോടൊപ്പം മാത്രമേ നിങ്ങൾ നിൽക്കുകയുള്ളുവെന്നും അവരെ ബോധ്യപ്പെടുത്തുക.
● സൗഹൃദവും പ്രണയവും അബദ്ധങ്ങളും ഒക്കെ ചേരുന്നതാണ് കൗമാരമെന്നും യൗവ്വനമെന്നും തിരിച്ചറിയുക. അത് അവർ തുറന്നു പറയുകയോ മറ്റേതെങ്കിലും മാർഗ്ഗത്തിലൂടെ നിങ്ങൾ അറിയുകയോ ചെയ്യുകയാണെങ്കിൽ വൈകാരികമായി ആഴത്തിലുള്ള പ്രതികരണങ്ങൾ ഒഴിവാക്കുക. യാതൊരു വിധത്തിലുള്ള ചൂഷണങ്ങളും ആ ബന്ധത്തിൽ സംഭവിച്ചിട്ടില്ലയെങ്കിൽ പ്രകോപനമായ പെരുമാറ്റം എതിർവശത്ത് നിൽക്കുന്ന വ്യക്തിയുടെ നേർക്ക് ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ആത്മാഭിമാനം എല്ലാവർക്കും വലുതാണ്. അത് മുറിപ്പെടുന്നത് ചെറുപ്പക്കാരിൽ എടുത്ത് ചാട്ടത്തിന് കാരണമാവാം. അതുകൊണ്ട് തന്നെ സംയമനത്തോടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കുക.
● ഏതെങ്കിലും വിധത്തിലുള്ള സ്വഭാവവൈകല്യങ്ങളോ, ദു:ശീലങ്ങളോ ഒക്കെയുള്ള മകനെ കല്യാണം കഴിപ്പിച്ചു നേരെയാക്കാമെന്ന ചിന്ത ഒഴിവാക്കുക.
സ്വഭാവ വൈകല്യങ്ങൾ നേരെയാക്കാൻ ക്വാളിഫൈഡ് ആയ വ്യക്തികൾ സർവീസ് നൽകിവരുന്നുണ്ട്. ഒരു സൈക്കോളജിസ്റ്റിനെ സമീപിച്ച് ഇങ്ങനെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക..
● പെണ്മക്കളെ ആത്മവിശ്വാസത്തോടെയും, ആത്മധൈര്യത്തോടെയും ആവശ്യത്തിന് വിദ്യാഭ്യാസം നൽകി വളർത്തുക. അവരോട് സമൂഹത്തിൽ വ്യത്യസ്ത തലങ്ങളിൽ നടക്കുന്ന പ്രശ്നങ്ങൾ പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഓരോ ഘട്ടത്തിലും ചർച്ച ചെയ്ത് തിരിച്ചറിവുകളോടെ മുന്നോട്ട് പോകുക.
പുതുതലമുറയോട്
പ്രണയം എന്നത് ഒന്നിച്ചു ജീവിച്ചോളാം എന്ന ഉടമ്പടി അല്ല. നിങ്ങൾക്ക് ഒരാളോട് ഇഷ്ടമോ ആകർഷണമോ തോന്നിയാൽ തൊട്ടടുത്ത പടി വിവാഹവുമല്ല. ആകർഷണത്തിനപ്പുറം പരസ്പരം മനസ്സിലാക്കുമ്പോൾ മാത്രമാണ് ഒന്നിച്ച് മുന്നോട്ടു പോകാൻ കഴിയുമോ ഇല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുക. ആ തിരിച്ചറിവിനൊടുവിൽ അനുകൂലമായ ഉത്തരമാണ് നിങ്ങൾക്ക് ലഭിക്കുന്നതെങ്കിൽ മാത്രമാണ് അവിടെ ഒരു വിവാഹം സംഭവിക്കുക.
ഒരു പ്രണയത്തിൽ ഉൾപ്പെട്ട് മുന്നോട്ട് പോകുമ്പോൾ തുടരാൻ കഴിയാത്ത ഒരു ബന്ധം അവസാനിപ്പിക്കുന്നതിന് രണ്ട് വ്യക്തികൾക്കും അവകാശമുണ്ട്. എന്നാൽ ഒരു വ്യക്തിയെ വ്യാജവാഗ്ദാനങ്ങൾ നൽകി സമ്പത്തികമായോ, ലൈംഗികമായോ, മറ്റേതെങ്കിലും വിധത്തിലോ സ്വന്തം താൽപ്പര്യങ്ങൾക്കായി ഉപയോഗിച്ച് ഉപേക്ഷിക്കുന്നത് കുറ്റകൃത്യമാണ്.
അതല്ലാത്ത പക്ഷം ഒത്തുപോകാൻ കഴിയില്ലെങ്കിൽ രണ്ടു വഴിയിലേക്ക് തിരിയുന്നതിനു വേണ്ടിത്തന്നെയാണ് ഒരോ ആകർഷണത്തിന്റെ പിന്നാലെയും വിവാഹങ്ങൾ സംഭവിക്കാത്തതും, പ്രണയങ്ങൾ സംഭവിക്കുന്നതുമെന്ന് തിരിച്ചറിയുക. പ്രണയം സംഭവിക്കുമ്പോൾ എന്നപോലെ പ്രണയം അവസാനിക്കപ്പെടുമ്പോഴും അത് അംഗീകരിക്കപ്പെടാനുള്ള മനസ്സ് നിങ്ങൾക്ക് തീർച്ചയായും ഉണ്ടാവണം. അപ്പോഴാണ് നിങ്ങൾ ഒരു നല്ല വ്യക്തിയും നല്ല മാതൃകയുമായി മാറുന്നത്.
Psy. സ്വർഗ്ഗീയ ഡി. പി
കൺസൾട്ടൻറ് സൈക്കോളജിസ്റ്റ്
Good one👍🏻