Huddle

Share this post
വ്യക്തിത്വ വൈകല്യങ്ങള്‍
www.huddleinstitute.com

വ്യക്തിത്വ വൈകല്യങ്ങള്‍

Reshmi Radhakrishnan
Jun 10, 2021
Comment
Share

തളത്തില്‍ ദിനേശനെ ഓര്‍മ്മയില്ലേ? വടക്കുനോക്കിയന്ത്രത്തിലെ സംശയരോഗിയായ ആ ഭര്‍ത്താവിനെ? സിനിമ കണ്ട് നമ്മളെല്ലാം ഒരുപാട് ചിരിച്ചെങ്കിലും ഒട്ടും സന്തോഷപ്രദമല്ലാത്ത മനശ്ശാസ്ത്രപരമായ ഒരുപാട് യാഥാര്‍ത്ഥ്യങ്ങളുടെ ആകെത്തുകയാണ് തളത്തില്‍ ദിനേശന്‍ എന്ന മനുഷ്യന്‍. നിരുപദ്രവകരമെന്നും നിഷ്കളങ്കമെന്നുമൊക്കെ തോന്നിപ്പിക്കുന്ന കൊച്ചുകൊച്ചു ശീലക്കേടുകളില്‍ നിന്ന് തുടങ്ങി ഒരു ബന്ധത്തിന്റെ തകര്‍ച്ചയില്‍ വരെയെത്തിച്ച ദിനേശനില്‍ നിന്ന് ഒരു വ്യക്തിയുടെ പെരുമാറ്റവൈകല്യങ്ങളെക്കുറിച്ച് നമുക്ക് ഒരുപാട് പഠിക്കാനുണ്ട്.

കൊട്ടും കുരവയുമായി നടത്തുന്ന വലിയ വിവാഹങ്ങള്‍ പലതും പലപ്പോഴും അപ്രതീക്ഷിതമായ അന്ത്യത്തിലെത്തി നമ്മളെ അമ്പരപ്പിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പെരുമാറ്റവൈകല്യങ്ങള്‍ക്ക് പിന്നിലുള്ള മാനസികമായ പല ഘടകങ്ങളും പരിഗണിക്കപ്പെടാതെ പോവുകയും ബന്ധങ്ങള്‍ അവസാനിപ്പിക്കുകയുമാണ് ചെയ്യാറുള്ളത്. മാനസികാരോഗ്യവും ചികിത്സയുമൊന്നും നമ്മുടെ നാട്ടിലെ പൊതുധാരണയില്‍ പരസ്യമായി അംഗീകരിക്കപ്പെടുന്നില്ലാത്തതുകൊണ്ട് അതേ വ്യക്തിതന്നെ അതേ പെരുമാറ്റവൈകല്യങ്ങളോടെ ചിലപ്പോള്‍ അടുത്തൊരു ബന്ധത്തിലേക്ക് പോവുകയും ചെയ്യാം. ചെറുപ്പത്തിലെ തിരിച്ചറിഞ്ഞെങ്കില്‍ പരിഹരിക്കാമായിരുന്ന പല കാര്യങ്ങളുമാണ് ഈ മനോഭാവം കൊണ്ട് ഗുരുതരമായ പെരുമാറ്റവൈകല്യങ്ങളായി വളര്‍ന്ന് ഇത്തരം പ്രശ്നങ്ങളില്‍ കലാശിക്കുന്നതും.

ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇങ്ങനെയുള്ള വൈകല്യങ്ങളെപ്പറ്റി സ്വയം ആ  വ്യക്തി പോലും തിരിച്ചറിയുന്നുണ്ടാവില്ല എന്നതാണ്. ഇത്തരം പെരുമാറ്റവൈകല്യങ്ങള്‍ കാലങ്ങളായി താന്‍ പുലര്‍ത്തിവരുന്ന പതിവ് ശീലങ്ങളോ ജീവിതശൈലികളോ സ്വഭാവരീതികളോ ആയിട്ടാവും പ്രകടമാവുക. വലിയ കുഴപ്പങ്ങള്‍ ഒന്നുമില്ലാത്ത രീതികളായി അത് അംഗീകരിക്കപ്പെടുകയും ചെയ്യുന്നുണ്ടാവും. വ്യക്തിബന്ധങ്ങളില്‍ പ്രശ്നമുണ്ടാകുമ്പോൾ മാത്രമാവും ആ രീതിയിലുള്ള പ്രവർത്തികൾ ഗുരുതരമാണെന്ന് തിരിച്ചറിയുക. ഇത്തരം ജീവിത ശൈലികൾ അവ പുലർത്തുന്ന വ്യക്തികളേക്കാളുപരി, അവർക്ക് ചുറ്റുമുള്ളവർക്കാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

വ്യക്തികളില്‍ സാധാരണ കണ്ടുവരുന്ന ചില പെരുമാറ്റ വൈകല്യങ്ങളും അവയുമായി ബന്ധപ്പെട്ട ചില സ്വഭാവരീതികളും ഒന്ന് പരിശോധിയ്ക്കാം.

  1. പാരനോയ്ഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍

മറ്റുള്ളവരെയും  അവരുടെ ഉദ്ദേശ്യങ്ങളെയും അവിശ്വസിക്കുകയും സംശയിക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷണം. സ്വാഭാവികമായും പലപ്പോഴും തിക്തഫലങ്ങള്‍ പങ്കാളിയാണ് അനുഭവിക്കേണ്ടി വരുക.

ഇതിനെത്തുടര്‍ന്ന് മറ്റുള്ളവർ തന്നെ ഉപദ്രവിക്കാനോ വഞ്ചിക്കാനോ ശ്രമിക്കുകയാണെന്ന  വിശ്വാസം വളരുന്നു. അതോടെ എല്ലായ്പ്പോഴും മറ്റുള്ളവരെ സംശയത്തോടെയും കരുതലോടെയും നിരീക്ഷിക്കാന്‍ തുടങ്ങുന്നു. എത്ര തെളിയിക്കാന്‍ ശ്രമിച്ചാലും വസ്തുതകള്‍ നിരത്തിയാലും മറ്റുള്ളവരുടെ  വിശ്വസ്തതതയോടുള്ള സംശയം മാറുന്നില്ല. തനിക്കെതിരെ നീങ്ങാന്‍ തക്കം പാര്‍ത്തിരിക്കുകയാണ് എല്ലാവരും എന്ന ഭയാശങ്കകള്‍ മനസ്സില്‍ നിറയുന്നു.

വളരെ കാഷ്വല്‍ ആയ സംസാരമദ്ധ്യേ വന്നുപോകുന്ന നിര്‍ദ്ദോഷമായ അപകടകരമല്ലാത്ത അല്ലെങ്കില്‍ തമാശക്ക് വേണ്ടി മാത്രം പറയുന്ന പരാമർശങ്ങൾ പോലും വ്യക്തിപരമായ അപമാനമോ ആക്രമണമോ ആയി ഇവര്‍ കാണുന്നു. അത്തരം പരാമര്‍ശങ്ങളോട് ഇക്കൂട്ടർ ദേഷ്യത്തിലോ ശത്രുതാമനോഭാവത്തോടെയോ സമീപിക്കുകയും ചെയ്യുന്നു. 

പകപോക്കാനുള്ള പ്രവണത ഇവര്‍ക്ക് കൂടുതലാണ്. കൊച്ചുവര്‍ത്തമാനത്തിലെ ഒരു ചെറിയ വാക്കിലൊക്കെ കയറിപ്പിടിച്ചായിരിക്കും ചിലപ്പോള്‍ ഇവര്‍ വലിയ പ്രശ്നങ്ങള്‍ തുടങ്ങുന്നത്. എന്തിനാണ് ഇവര്‍ ഇതെല്ലാം ചെയ്യുന്നത് എന്ന് മറ്റുള്ളവര്‍ക്ക് ഒരുതരത്തിലും മനസ്സിലാവുകയുമില്ല. “അവന്‍ പണ്ടേ വല്യ ദേഷ്യക്കാരനാ, വാശിക്കാരനാ, മൂക്കത്താ ശുണ്ഠി” എന്നൊക്കെ പറഞ്ഞ് കുടുംബാംഗങ്ങള്‍ പോലും ഈ പ്രശ്നങ്ങളെ ലഘൂകരിക്കാറാണ് പതിവ്.

  1. സ്ക്കിസോയ്ഡ് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍

സാമൂഹികമോ വ്യക്തിപരമോ ആയ ബന്ധങ്ങളിൽ താൽപ്പര്യക്കുറവ് ആണ് ഇത്തരക്കാരുടെ പ്രധാന ലക്ഷണം. മിക്കപ്പോഴും തനിച്ചായിരിക്കാൻ ഇഷ്ടപ്പെടുന്നവർ. സ്വന്തം ലോകത്ത് മുഴുകിയുള്ള ഒരു ജീവിതരീതിയായിരിക്കും ഇവർക്ക്.

വൈകാരികമായ യാതൊരു പ്രകടനങ്ങളും ഇല്ലാത്ത നിസ്സംഗഭാവം. സ്നേഹമോ പ്രണയമോ ഒന്നും കമ്മ്യൂണിക്കേറ്റ് ചെയ്യാനുള്ള കഴിവില്ലായ്മ. ഈ പ്രകൃതം ഏറ്റവും മോശമായി ബാധിക്കുക പങ്കാളിയെയായിരിക്കും എന്നതില്‍ സംശയം വേണ്ട. പ്രത്യേകിച്ചും കല്യാണമൊക്കെ കഴിഞ്ഞ ആദ്യനാളുകളില്‍ പ്രതീക്ഷിക്കുന്ന സ്നേഹവും കരുതലും പ്രകടമായി കിട്ടാതെ വരുമ്പോള്‍ പങ്കാളി വൈകാരികമായി അരക്ഷിതമാകുന്നതോടെ ദാമ്പത്യജീവിതത്തില്‍  പ്രശ്നങ്ങള്‍ തുടങ്ങുന്നു.

ഒന്നിലും ആനന്ദം കണ്ടെത്താനുള്ള കഴിവില്ലായ്മയാണ് മറ്റൊരു കാര്യം. എന്ത് ചെയ്താലാണ് ഈ വ്യക്തിയെ ഒന്ന് സന്തോഷിപ്പിക്കാന്‍ പറ്റുക എന്ന ആശയക്കുഴപ്പത്തിലാവും ഇവരുടെ ചുറ്റുമുള്ളവര്‍. ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ താൽപ്പര്യമില്ലായ്മയും ഇവരിൽ കണ്ടുവരുന്നു. സ്വാഭാവികമായും ഈ രീതികളൊക്കെ ദാമ്പത്യബന്ധത്തില്‍ ഉലച്ചിലുകള്‍ ഉണ്ടാക്കുന്നു.

  1. സ്ക്കിസൊടൈപ്പൽ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍

കുറച്ചുകൂടി പ്രകടമായ പെരുമാറ്റവൈകല്യങ്ങളാണ് ഇക്കൂട്ടര്‍ക്ക് ഉണ്ടാവുക. വിചിത്രമായ വസ്ത്രധാരണം, വിചിത്രമായ ചിന്ത, വിശ്വാസങ്ങൾ, സംസാരം അല്ലെങ്കിൽ പെരുമാറ്റം. എവിടുന്നോ എന്തോ ശബ്ദം കേൾക്കുന്നത് പോലുള്ള വിചിത്രമായ അനുഭവങ്ങൾ. ആരോ തന്‍റെ പേര് മന്ത്രിക്കുന്ന പോലെയുള്ള തോന്നൽ ഒക്കെ ഈ അവസ്ഥയുടെ ലക്ഷണങ്ങളാണ്.

മറ്റുള്ളവരോട് അനുചിതമായ വൈകാരിക പ്രതികരണങ്ങൾ, അടുപ്പമുള്ള ബന്ധങ്ങള്‍ ഇല്ലാതിരിക്കുക, സമൂഹത്തോട് ഭയമോ അകല്‍ച്ചയോ തോന്നുക എന്നിവയും ഇവരുടെ പ്രത്യേകതകളാണ്.

മറ്റൊന്നാണ്  മാന്ത്രിക ചിന്തകള്‍ – തന്റെ ചിന്തകളിലൂടെ ആളുകളെയും സംഭവങ്ങളെയും സ്വാധീനിക്കാൻ കഴിയുമെന്ന് ഇവര്‍ വിശ്വസിക്കുന്നു. അമാനുഷികമായ കഴിവുകള്‍ തനിക്ക് ഉണ്ടെന്നുള്ള തോന്നലുകള്‍ അങ്ങനെയുള്ള പ്രവര്‍ത്തികള്‍ ഒക്കെ ഇവരുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നു. സാധാരണ സംഭവങ്ങളിൽ പോലും തനിക്ക് മാത്രം മനസ്സിലാവുന്ന മറഞ്ഞിരിക്കുന്ന സന്ദേശങ്ങളുണ്ടെന്ന വിശ്വാസവും തുടര്‍ന്നുണ്ടാകുന്ന വിചിത്രമായ പ്രവര്‍ത്തികളുമൊക്കെ ഈ വൈകല്യത്തിന്റെ ലക്ഷണങ്ങളാണ്.

  1. ബോര്‍ഡര്‍ലൈന്‍ പേഴ്സനാലിട്ടി ഡിസോര്‍ഡര്‍

സ്വന്തം നിലനില്‍പ്പിനെപ്പറ്റിയുള്ള സന്ദേഹങ്ങള്‍ ആണ് പ്രധാന ലക്ഷണം. താന്‍ ആരാണ്, തന്റെ ജന്മോദ്ദേശ്യം എന്താണ് എന്നൊക്കെ ഓവറായി ചിന്തിച്ച് കൊണ്ടിരിക്കും. മറ്റുള്ളവരെക്കുറിച്ചുള്ള അഭിപ്രായങ്ങൾ‌ വേഗത്തിൽ‌ മാറ്റുന്നു. ഉദാഹരണത്തിന്  ആരെയെങ്കിലും ഒരു ദിവസം ഒരു ചങ്ങാതിയായും അടുത്ത ദിവസം ശത്രുവായും കാണുന്നു. അടുപ്പവും വിദ്വേഷവും കോപവും സ്നേഹവും ഒക്കെ  മാറിമാറി വരികയും ഓരോ സമയവും അതനുസരിച്ച് പെരുമാറുകയും ചെയ്യുന്നു. സ്വയം മുറിവേല്പിക്കൽ, ശരീരത്ത് പൊള്ളല്‍ ഉണ്ടാക്കല്‍ അല്ലെങ്കിൽ അമിതമായി ഭക്ഷണം കഴിക്കുക പോലുള്ള സ്വയം ദോഷകരമായ പെരുമാറ്റങ്ങൾ, ഉള്‍വലിയലും ആത്മഹത്യയെക്കുറിച്ച് ആവർത്തിച്ചുള്ള ചിന്തകളുമൊക്കെ ഇവരുടെ രീതികളാണ്. 

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, മയക്കുമരുന്ന് ഉപയോഗം, അശ്രദ്ധമായി വാഹനമോടിക്കൽ, കണക്കില്ലാതെ പണം ചിലവഴിക്കൽ പോലുള്ള ആവേശകരമായ അല്ലെങ്കിൽ അശ്രദ്ധമായ പെരുമാറ്റം, ഇവയൊക്കെയാണ് ബി പി ഡിയുടെ ലക്ഷണങ്ങള്‍..

ഇത്തരം പെരുമാറ്റ വൈകല്യങ്ങള്‍ അനുഭവിക്കുന്നവരെക്കാള്‍ ചുറ്റുമുള്ളവരാണ് കൂടുതല്‍ പ്രശ്നങ്ങളില്‍ പെടുന്നത്. ഇത്തരം വൈകല്യങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ തന്നെ ആവശ്യമായ ചികിത്സ ആരംഭിച്ചാല്‍ ഒരുപരിധിവരെ തീവ്രത കുറക്കാവുന്നതാണ്. ഇത് രീതിയാണ് എന്നോ സ്വഭാവമാണ് എന്നോ നിസ്സാരമായി തള്ളിക്കളഞ്ഞാൽ ഭാവിയില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്ന അവസ്ഥകളില്‍ എത്തിച്ചേക്കാം എന്ന് തിരിച്ചറിയുക.

പ്രാഥമികമായി ഒരു മനഃശാസ്ത്രവിദഗ്ധന്റെയും, കടുത്ത വൈകാരിക വിക്ഷോപങ്ങളെ കൈകാര്യം ചെയ്യാൻ മനോരോഗവിദഗ്ധന്റെയും സംയുക്തമായ ദീർഘകാല ചികിത്സകൊണ്ടേ ഇത്തരം വ്യക്തിത്വവൈകല്യങ്ങള്‍  ഒരു പരിധിവരെ  നിയന്ത്രിച്ചും സുഖപ്പെടുത്തിയും കൊണ്ടുപോകാൻ പറ്റുകയുള്ളു.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing