നിങ്ങളുടെ കുട്ടിയുടെ പിരുപിരിപ്പും അശ്രദ്ധയും കൈകാര്യം ചെയ്ത് മടുത്തുവോ?
“മനുവിന്റെ കാര്യം ഒന്നും പറയണ്ട…. ഒരു മിനിറ്റ് പോലും ഒരിടത്തും അടങ്ങിയിരിക്കില്ല...ആകെയൊരു പിരുപിരുപ്പാണ്...എന്തെങ്കിലും ചെയ്യാന്‍ തുടങ്ങിയാല്‍ അഞ്ചു മിനിറ്റില്‍ ശ്രദ്ധ മാറും..ഗതികെടുമ്പോള്‍ വഴക്കുപറഞ്ഞും ചെറിയ അടി കൊടുത്തും കൊണ്ടിരുത്തും. വീണ്ടും പഴയ പോലെ തന്നെ..ക്ലാസ്സിലും ഇതുതന്നെ പരാതി.. ബലമായി എവിടെങ്കിലും കൊണ്ടിരുത്തിയാലും അവിടെയും തിരിഞ്ഞും മറിഞ്ഞും പിരുപിരുപ്പ് കാണിക്കും..വല്ലാത്ത വികൃതി തന്നെ.”
എട്ടുവയസ്സുകാരനെക്കുറിച്ചുള്ള അമ്മയുടെ പരാതിയാണ്. സാമം, ദാനം, ഭേദം, ദണ്ഡം എല്ലാം പരീക്ഷിച്ച് പരാജിതയായ അമ്മയുടെ നൊമ്പരങ്ങൾ..
കുട്ടികളിലെ ഇത്തരം പിരുപിരുപ്പും അടങ്ങിയിരിക്കായ്കയും കുസൃതിയെന്നും വികൃതിയെന്നുമൊക്കെ എഴുതിത്തള്ളാന്‍ വരട്ടെ. അമിതമായ ശ്രദ്ധക്കുറവും ഒരിടത്തും ഒന്നടങ്ങിയിരിക്കാത്ത ശീലവും ഒരു നിയന്ത്രണവുമില്ലാത്തത് പോലുള്ള പെരുമാറ്റങ്ങളും ചിലപ്പോള്‍ എ.ഡി.എച്ച്.ഡി. (അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്റ്റിവിറ്റി ഡിസോര്‍ഡര്‍) എന്ന അസുഖത്തിന്റെ ലക്ഷണങ്ങളാവാം. ഈ പ്രശ്നങ്ങള്‍ സാധാരണ നേരിയ തോതില്‍ മിക്കവാറും കുട്ടികളിലും കണ്ടേക്കാമെങ്കിലും അവയുടെ തീവ്രത വല്ലാതെ കൂടുമ്പോള്‍ മാത്രമാണ് അവയെ എ.ഡി.എച്ച്.ഡി.യുടെ ലക്ഷണങ്ങളായി പരിഗണിക്കുന്നത്.
എന്തുകൊണ്ടാവും കുട്ടികള്‍ക്ക് ഈയൊരു മാനസികാവസ്ഥ വരുന്നത്?
ശ്രദ്ധ, ഏകാഗ്രത, ആത്മനിയന്ത്രണം എന്നീ ഗുണങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്കത്തിലെ ചില ഭാഗങ്ങളുടെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും, കാലതാമസവുമാണ് ഇത്തരം മാനസികാവസ്ഥയുടെ പ്രധാനകാരണം. മസ്തിഷ്കത്തിലെ അവശ്യരാസവസ്തുക്കളായ ഡോപ്പമിന്‍, നോറെപ്പിനെഫ്രിന്‍, എന്നിവയുടെ അസന്തുലിതാവസ്ഥയും ഹോർമോൺ തകരാറുകൾ, തീരെ ചെറുപ്രായത്തിലെ പോഷകാഹാരക്കുറവ്, ഗര്‍ഭകാലത്ത് അമ്മമാര്‍ക്കുണ്ടാകുന്ന രോഗങ്ങൾ പ്രസവ സമയത്ത് കുട്ടിക്ക് തലച്ചോറിൽ ഉണ്ടാകുന്ന ആഘാതങ്ങൾ, തുടങ്ങിയ ജീവശാസ്ത്രപരമായ കാരണങ്ങളും മാതാപിതാക്കൾ തമ്മിലുള്ള പൊരുത്തക്കേട്, അച്ഛന്റെ മദ്യപാനശീലം, ഗർഭസ്ഥാവസ്ഥയിൽ അമ്മക്ക് ഉണ്ടാകുന്ന മറ്റ് മാനസിക സംഘർഷങ്ങളും, തുടങ്ങിയ മാനസികസാമൂഹിക കാരണങ്ങളും മൂലമാണ് മിക്കപ്പോഴും ഇത്തരം ഒരു മാനസികാവസ്ഥ രൂപപെടാനുള്ള ആധാരം. എന്നാൽ മേല്പറഞ്ഞ കാരണങ്ങൾ ഇല്ലാത്ത കുട്ടികളിലും ഈ രോഗം കാണപ്പെടാം. വളരുംതോറും ഇവരിൽ ചില കിട്ടികളുടെ പിരുപിരിപ്പും എടുത്തുചാട്ടവും ശ്രദ്ധയില്ലായ്മയും കുറഞ്ഞുവരാറുണ്ട്.
സാധാരണയായി രോഗലക്ഷണങ്ങള്‍ തുടങ്ങുന്നത് കുട്ടിക്ക് മൂന്നിനും ആറിനും ഇടക്ക് പ്രായമുള്ളപ്പോഴാണ്. മുപ്പത് കുട്ടികളുള്ള ഒരു ക്ലാസില്‍ ഒരാള്‍ക്കെങ്കിലും എ.ഡി.എച്ച്.ഡി. ഉണ്ടാവാമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ആണ്‍കുട്ടികള്‍ക്ക് ഈ അസുഖം വരാനുള്ള സാദ്ധ്യത പെണ്‍കുട്ടികളേക്കാൾ മൂന്നിരട്ടിയാണ്. വളരുന്തോറും ഈ കുട്ടികളുടെ പിരുപിരുപ്പും എടുത്തുചാട്ടവും കുറയാറുണ്ട്. പക്ഷേ അറുപത് ശതമാനത്തോളം കുട്ടികളില്‍ മുതിര്‍ന്നാലും ശ്രദ്ധക്കുറവും അടുക്കും ചിട്ടയില്ലായ്മയും ബാക്കിനില്‍ക്കാറുണ്ട്. എ.ഡി.എച്ച്.ഡി. ബാധിതരില്‍ മൂന്നില്‍ രണ്ടു പേര്‍ക്ക് വലുതാകുമ്പോള്‍ വിഷാദരോഗം, ഉത്ക്കണ്ഠാരോഗങ്ങള്‍, പഠനവൈകല്യങ്ങള്‍ തുടങ്ങിയ മാനസികപ്രശ്നങ്ങളും അവശേഷിക്കാറുണ്ട്
എന്തൊക്കെയാണ് ഈ മാനസികാവസ്ഥയുടെ ലക്ഷണങ്ങള്‍ ?
ബാല്യസഹജമായ കുസൃതി എവിടെയാണ് തുടങ്ങുന്നത്, എവിടെയാണ് അവസാനിക്കുന്നത് എന്ന സംശയം പലപ്പോഴും കുടുംബാംഗങ്ങളെയും അദ്ധ്യാപകരെയും കുഴയ്ക്കാറുണ്ട്. അത് തിരിച്ചറിയണമെങ്കില്‍ ആദ്യം ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍ എന്തൊക്കെയാണ് എന്ന് നമ്മള്‍ അറിയേണ്ടതുണ്ട്.
കുഞ്ഞുങ്ങള്‍ ചെയ്യുന്ന കാര്യങ്ങളിലെ അവരുടെ ശ്രദ്ധക്കുറവ് തന്നെയാണ് ഒരു പ്രധാന ലക്ഷണം. ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മറവി അമിതമാവുക, കാര്യങ്ങളുടെ വിശദാംശങ്ങള്‍ ഗ്രഹിക്കുന്നതില്‍ ബുദ്ധിമുട്ടു നേരിടുക തുടങ്ങിയ പ്രശ്നങ്ങള്‍ ഈ കുട്ടികളില്‍ കണ്ടുവരാറുണ്ട്. പുതിയ വിവരങ്ങള്‍ പഠിച്ചെടുക്കാനും, വേണ്ട ശ്രദ്ധ കൊടുത്ത് അടുക്കും ചിട്ടയോടെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനും ഇവര്‍ക്ക് പ്രയാസം നേരിടാറുണ്ട്. ഒരു പ്രവൃത്തി മുഴുവനാക്കാതെ വേറൊന്നിലേക്ക് കടക്കുക, സ്വന്തം സാധനങ്ങള്‍ നിരന്തരം കൈമോശം വരുത്തുക, എന്തുചെയ്താലും പെട്ടെന്നു തന്നെ ബോറടിച്ചു പോവുക, അശ്രദ്ധ കാരണം പഠനത്തില്‍ നിസ്സാരമായ തെറ്റുകള്‍ വരുത്തുക തുടങ്ങിയവ ഇവരുടെ രീതികളാണ്.
മറ്റ് കുട്ടികളുടെയത്ര വേഗത്തിലും കൃത്യമായും കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനോ, നിര്‍ദ്ദേശങ്ങള്‍ മനസ്സിലാക്കാനോ, ജോലികള്‍ സ്വന്തമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാനോ ഇവര്‍ക്ക് കഴിയാറില്ല. നല്ല ഏകാഗ്രത ആവശ്യമുള്ള ജോലികളില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള പ്രവണതയും ചെറിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോള്‍ പോലും ശ്രദ്ധ അതിലേക്കു തിരിഞ്ഞു പോവാനുള്ള സാധ്യതയും ഇവർക്കുണ്ടാവറുണ്ട്. കുട്ടി എപ്പോഴും പകല്‍ക്കിനാവ് കണ്ടിരിക്കുവാണ് എന്നൊക്കെയുള്ള പരാതികളുമായി മാതാപിതാക്കള്‍ എത്താറുമുണ്ട്. പക്ഷെ ഇതേ കുട്ടിക്ക് കമ്പ്യൂട്ടറിന്‍റെയോ ടീവിയുടെയോ മുമ്പില്‍ കുറേനേരമെങ്കിലും ഇരിക്കാന്‍ മടിയില്ലല്ലോ എന്ന് പല മാതാപിതാക്കളും പറഞ്ഞുകേള്‍ക്കാറുണ്ട്. എ.ഡി.എച്ച്.ഡി.യുള്ള കുട്ടികള്‍ക്ക് ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ പറ്റാതെ വരികയല്ല, മറിച്ച് കൂടുതല്‍ മാനസികാദ്ധ്വാനം വേണ്ട പ്രവൃത്തികളില്‍ ആവശ്യമായ ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെ പോവുകയാണ് ചെയ്യുന്നത്. ടിവി കാണുമ്പോൾ ഈ കുട്ടികൾ ഒരു ചാനൽ മാത്രം കാണാതെ ഇടക്കിടക്ക് ചാനലുകൾ മാറ്റിക്കൊണ്ടിരിക്കും. പലപ്പോഴും ഒരു പ്രോഗ്രാം പൂർണമായി കണ്ടുത്തീർക്കാനുള്ള ക്ഷമ ഇവർക്ക് ഉണ്ടാകില്ല.
പിരുപിരുപ്പ് അല്ലെങ്കില്‍ അടങ്ങിയിരിക്കാത്ത പ്രകൃതമാണ് രണ്ടാമത്തെ ലക്ഷണം. ഇരിപ്പിടത്തില്‍ എപ്പോഴും ഇളകിക്കളിക്കുകയോ ഞെരിപിരി കൊള്ളുകയോ ചെയ്തേക്കാം. നിരന്തരം ചലിച്ചുകൊണ്ടേയിരിക്കുക, എപ്പോഴും ഓടിനടക്കുക, ഇടതടവില്ലാതെ സംസാരിക്കുക, അടങ്ങിയിരുന്ന് ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരിക, ചുറ്റുപാടുമുള്ള സാധനങ്ങളിലൊക്കെ തൊടാനോ അവയെടുത്ത് കളിക്കാനോ ശ്രമിക്കുക തുടങ്ങിയ കുഴപ്പങ്ങളും ഇവരില്‍ കാണാറുണ്ട്.
അക്ഷമയും വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാതെയുമുള്ള പെരുമാറ്റങ്ങളും ഇത്തരം കുട്ടികള്‍ക്കുണ്ട്. ക്യൂ നില്‍ക്കുക, കളികളിലും മറ്റും തങ്ങളുടെ ഊഴമെത്തുന്നത് വരെ ക്ഷമയോടെ കാത്തിരിക്കുക ഒക്കെ ഇവര്‍ക്ക് ബുദ്ധിമുട്ടാവും. ക്ലാസ്സിലാണെങ്കില്‍ മുന്നും പിന്നും നോക്കാതെ അഭിപ്രായങ്ങള്‍ പറയുക, ചോദ്യം മുഴുവനാകുന്നതിന് മുൻപ് തന്നെ വായില്‍ വരുന്ന ഉത്തരം വിളിച്ചു പറയുക, ആവശ്യങ്ങള്‍ ഉടനടി സാധിച്ചില്ലെങ്കില്‍ ദേഷ്യപ്പെടുക, അമിതമായ സംസാരം, മറ്റുള്ളവരുടെ കാര്യങ്ങളിൽ ആവശ്യമില്ലാതെ ഇടപെടുക, നിയന്ത്രണങ്ങളൊന്നുമില്ലാതെ തങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക, മറ്റുള്ളവരുടെ സംഭാഷണങ്ങളെയോ ജോലികളെയോ തടസ്സപ്പെടുത്തുക തുടങ്ങിയ പ്രശ്നങ്ങളും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. ഈ ലക്ഷണങ്ങള്‍ കുട്ടിക്ക് ഏഴു വയസ്സാവുന്നതിനു മുമ്പേ തുടങ്ങുകയും ചുരുങ്ങിയത് ആറുമാസമെങ്കിലും നീണ്ടുനില്‍ക്കുകയും ചെയ്താലേ സാധാരണ നിലയില്‍ എ.ഡി.എച്ച്.ഡി. എന്ന് രോഗനിര്‍ണയം നടത്താറുള്ളൂ.
കുട്ടികളിലെ ശ്രദ്ധക്കുറവ് ലഘൂകരിക്കാന്‍ ചില പൊടിക്കൈകള്‍ വീട്ടില്‍ത്തന്നെ ശ്രമിക്കാവുന്നതാണ്.
ചെയ്യേണ്ട കാര്യങ്ങളെ ഒറ്റയടിക്ക് നല്‍കാതെ ചെറിയ ചെറിയ ഭാഗങ്ങളായി വേര്‍തിരിച്ചു കൊടുക്കുക.
ഏറെ സമയമെടുക്കുന്ന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ചെറിയ ഇടവേളകള്‍ അനുവദിക്കുക.
കുട്ടികള്‍ പഠിക്കാനിരിക്കുമ്പോള്‍ ടീവിയോ അവരുടെ ശ്രദ്ധ തിരിച്ചുവിട്ടേക്കാവുന്ന മറ്റുപകരണങ്ങളോ പ്രവര്‍ത്തിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
ഉണരുന്നത് മുതല്‍ ഉറങ്ങാന്‍ പോകുന്നതു വരെയുള്ള എല്ലാ ദിനചര്യകള്‍ക്കും ഒരു സമയക്രമം നിശ്ചയിക്കുന്നതും എല്ലാ ദിവസവും അത് കര്‍ശനമായി പിന്തുടരുന്നതും ഫലപ്രദമാണ്. ഈ ടൈംടേബിള്‍ കുട്ടിക്ക് എളുപ്പം കാണാവുന്ന വിധത്തില്‍ എവിടെയെങ്കിലും ഒട്ടിച്ച് വക്കുക.
കുട്ടിയുടെ സാധനസാമഗ്രികള്‍ ഓരോന്നിനും അതിന്റേതായ സ്ഥലം കൃത്യമായി നിശ്ചയിച്ച് അവ സ്ഥലത്തു മാത്രം സൂക്ഷിക്കാന്‍ പ്രത്യേകം നിഷ്ക്കര്‍ഷിക്കേണ്ടതാണ്.
കായികവിനോദങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത് വഴി ഊർജ്ജം ഒരളവ് വരെ ആ രംഗത്ത് വിനിമയം ചെയ്ത് അംഗീകാരവും വിജയവും നേടാൻ കഴിയുകയും അതിനുശേഷം കുറേസമയം ശാന്തമായി ഇരിക്കാൻ സാധിക്കുകയും ചെയുന്നു. ഇത് വഴി ഈ വൈകല്യം മൂലം സ്ഥിരം ആത്മാഭിമാനം നഷ്ടപ്പെടുത്തുന്ന കുട്ടികൾക്ക് ആത്മാഭിമാനം വർധിക്കുവാൻ ഇത് സഹായകരമാകുന്നു.
കുട്ടിക്ക് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
കുട്ടിയുടെ ശ്രദ്ധ നമ്മുടെ നേരെയാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രം അങ്ങോട്ട് സംസാരിക്കുക. പറയാനുള്ള കാര്യങ്ങൾ വ്യക്തമായി, ചുരുങ്ങിയ വാക്കുകളില്‍ അവതരിപ്പിക്കുക. സംസാരിക്കുമ്പോള്‍ കുട്ടിയുടെ മുഖത്തേക്ക് തന്നെ നോക്കാന്‍ ശ്രദ്ധിക്കുക.
കഠിനമായ ഭാഷയിലോ വലിയ ഒച്ചയിലോ “ഇങ്ങനെ ചെയ്യരുത്” “അങ്ങനെ ചെയ്യരുത്” എന്നൊക്കെ വീണ്ടും വീണ്ടും ആജ്ഞാപിക്കാതെ എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി പറഞ്ഞ് കൊടുക്കുക. ഒറ്റയടിക്ക് കുറേയധികം നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് പകരം ചെയ്യാനുള്ള കാര്യങ്ങളെ ഓരോന്നായി അവതരിപ്പിക്കുക. നമ്മള്‍ എന്താണ് പറഞ്ഞതെന്ന് ആവര്‍ത്തിക്കാന്‍ കുട്ടിയോട് ആവശ്യപ്പെടുക, ശേഷം ആ കാര്യം അവന്‍ ഉള്‍ക്കൊണ്ടോ എന്ന് ഉറപ്പുവരുത്താവുന്നതാണ്.
ടൈം ഔട്ട് നല്‍കുക എന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. അതിനായി ഒരു മുറി തിരഞ്ഞെടുക്കുക. നശീകരണ സ്വഭാവം, ശാരീരിക ഉപദ്രവം, മോശമായ സംസാരം തുടങ്ങിയ കടുത്ത പ്രശ്നങ്ങള്‍ക്ക് ടൈം ഔട്ട് ഒരു നല്ല പ്രതിവിധിയാണ്. മൂര്‍ച്ചയുള്ള വസ്തുക്കള്‍, മരുന്നുകള്‍, വൈദ്യുതോപകരണങ്ങള്‍ തുടങ്ങിയ കുട്ടി അപകടങ്ങളുണ്ടാക്കാന്‍ ഉപയോഗിച്ചേക്കാവുന്ന വസ്തുക്കളൊന്നുമില്ലാത്ത ഒരു മുറിയാണ് ടൈം ഔട്ടിനായി തെരഞ്ഞെടുക്കേണ്ടത്. ഈ മുറിയില്‍ കളിപ്പാട്ടങ്ങള്‍, കഥാപുസ്തകങ്ങള്‍ തുടങ്ങിയ വിനോദോപാധികളും ഉണ്ടായിരിക്കരുത്. കുട്ടിയുടെ മുഖത്ത് നോക്കി “ഇനി ഇതാവര്‍ത്തിച്ചാല്‍ പതിനഞ്ചു മിനുട്ട് മുറിയില്‍ അടച്ചിടും” എന്ന് ഒരൊറ്റത്തവണ മുന്നറിയിപ്പ് കൊടുക്കണം. എന്നിട്ടും അവന്‍ ആ പെരുമാറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പറഞ്ഞത് പോലെ തന്നെ പ്രവര്‍ത്തിക്കുക. പല തവണ ടൈം ഔട്ട് ഉപയോഗിച്ചതിനു ശേഷം മാത്രമേ ഇത്തരം പെരുമാറ്റങ്ങളില്‍ കുറവ് കണ്ടുതുടങ്ങുകയുള്ളൂ.
കുഞ്ഞുങ്ങളുടെ നല്ല പെരുമാറ്റങ്ങളെ അഭിനന്ദിക്കാന്‍ ശ്രദ്ധിക്കുക. ചെറിയ ചെറിയ വികൃതികളെ അവഗണിക്കുക.
അടി പോലുള്ള ശാരീരികശിക്ഷകള്‍ക്ക് ഈ രോഗത്തിന്റെ ലക്ഷണങ്ങളില്‍ വലിയ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ലെന്നും ചീത്തവിളി കടുത്ത ശ്രദ്ധക്കുറവുള്ള ഈ കുട്ടികളുടെ തലച്ചോറില്‍ എത്തുക പോലുമില്ലെന്നും ഓര്‍ക്കുക.
തങ്ങുടെ വളര്‍ത്തുദോഷം കൊണ്ടാണോ കുട്ടിക്ക് ഈ അസുഖം വന്നതെന്നോര്‍ത്ത് വിഷമിക്കുന്ന മാതാപിതാക്കളുണ്ട്. എന്നാല്‍ കുട്ടികളെ വളര്‍ത്തുന്ന രീതിയിലെ പിഴവുകളോ ഗാര്‍ഹികാന്തരീക്ഷത്തിലെ അസ്വാരസ്യങ്ങളോ എ.ഡി.എച്ച്.ഡി.ക്ക് ഒരു പരിധിവരെ കാരണമാകുന്നില്ല എന്ന് ഗവേഷണങ്ങള്‍ നിസംശയം തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കുട്ടിക്ക് അസുഖം വന്നതിന്റെ പേരില്‍ ഒരു കുറ്റബോധം ഉള്ളില്‍ കൊണ്ടുനടക്കുന്നതിലോ മറ്റ് കുടുംബാംഗങ്ങളെ പഴിചാരുന്നതിലോ ഒരു കാര്യവുമില്ല.
കുട്ടിയുടെ പെരുമാറ്റരീതികളും പ്രവര്‍ത്തനശൈലികളും സമപ്രായക്കാരുടേതില്‍ നിന്ന് വിഭിന്നമാണെന്ന് തോന്നിത്തുടങ്ങുമ്പോള്‍ തന്നെ ഒരു വിദഗ്ദ്ധപരിശോധന ലഭ്യമാക്കുന്നതാണ് നല്ലത്. കഴിയുന്നത്ര നേരത്തേ രോഗനിര്‍ണയം നടത്തുന്നത് ചികിത്സകള്‍ ഉടൻ ആരംഭിക്കുന്നതിന് സഹായിക്കും. എ.ഡി.എച്ച്.ഡി ലക്ഷണങ്ങളെ മാതാപിതാക്കള്‍ വെറും കുസൃതിയായി തെറ്റിദ്ധരിക്കുന്നതും അവ സ്വയം മാറുമെന്ന പ്രതീക്ഷയില്‍ വിലപ്പെട്ട സമയം പാഴാക്കുന്നതും സര്‍വസാധാരണമാണ്. അസുഖം കൂടുതല്‍ സങ്കീര്‍ണമാവാനും, ചികിത്സ വൈകുന്നതിനും ഈ കാലതാമസം കാരണമാകാറുണ്ട്.
ബിഹേവിയര്‍ തെറാപ്പി, പാരന്റ് ട്രെയിനിംഗ്, മരുന്നുകള്‍ എന്നിവയാണ് ഗവേഷണങ്ങളില്‍ ഫലപ്രദമെന്നു തെളിഞ്ഞ പ്രധാന ചികിത്സാരീതികള്‍. ഈ ചികിത്സകള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് കുടുംബാംഗങ്ങള്‍, അദ്ധ്യാപകര്‍, ചൈല്‍ഡ് സ്പെഷ്യലിസ്റ്റുകള്‍, സൈക്ക്യാട്രിസ്റ്റുകള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍, കൗണ്‍സിലര്‍മാര്‍ തുടങ്ങിയവരുടെ കൂട്ടായ പ്രവര്‍ത്തനം അത്യാവശ്യമാണ്.
നമ്മുടെ കുഞ്ഞുങ്ങളുടെ കുട്ടിക്കുറുമ്പുകള്‍ ആസ്വദിക്കുമ്പോഴും അവരുടെ പെരുമാറ്റങ്ങളിലെ ഇത്തരം നേര്‍ത്ത അതിരുകളെ കുറിച്ച് നമുക്ക് കൂടുതല്‍ ശ്രദ്ധിക്കാം. ഭാവിയില്‍ കുട്ടികള്‍ വലിയ വ്യക്തിത്വ വൈകല്യങ്ങളിലേക്ക് പോകാതിരിക്കാന്‍ കരുതലാവാം.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.