മുറിവുകൾ ഉണങ്ങട്ടെ...
സമൂഹത്തിൽ നല്ലൊരു ശതമാനം ആളുകൾ പലതരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാകുന്നുണ്ട്. ചിലതൊക്കെ വാർത്തകളാകും. മറ്റു ചില സംഭവങ്ങൾ വളരെ നിശ്ശബ്ദമായി വീടുകളിൽ ഒതുങ്ങിപ്പോകും. മറ്റുള്ളവർ ഇതെല്ലാം പെട്ടെന്ന് മറക്കും. പക്ഷെ അനുഭവിച്ചവരിൽ എത്രകാലം കഴിഞ്ഞാലും മുറിവുകൾ അവശേഷിയ്ക്കും. ശരീരത്തിലെ മുറിവുകൾ പെട്ടെന്ന് ഉണങ്ങും. മാനസികമായും വൈകാരികമായും ഏറ്റ മുറിവുകൾ കാലങ്ങളോളം അവരെ നീറ്റും. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോന്നവർക്ക് സ്വന്തം ശരീരത്തെയും മനസ്സിനെയും കുറിച്ച് പലതരത്തിലുള്ള തെറ്റിദ്ധാരണകളും കുറ്റബോധങ്ങളും നിഗമനങ്ങളും ഉണ്ടാകും. അതെല്ലാം അതിജീവിച്ച് വേണം അവർ സ്വന്തം ജീവിതവും സന്തോഷവും തിരികെപ്പിടിക്കാൻ. ഈ ദുരനുഭവങ്ങളുടെ തുടർച്ചകളായി വരുന്ന മാനസിക പിരിമുറുക്കങ്ങളെ അവർ എങ്ങനെ കൈകാര്യം ചെയ്യും? എങ്ങനെ അവർ സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ചുവരും? അത്തരം കാര്യങ്ങളാണ് നമ്മൾ പരിശോധിക്കുന്നത്.
ശാരീരികമായി ഉപദ്രവിയ്ക്കപ്പെട്ടവരിൽ കുറ്റബോധമുളവാക്കുന്ന ചില തെറ്റിദ്ധാരണകൾ എന്തൊക്കെയാണ്?
● താൻ നശിച്ചുപോയി അല്ലെങ്കിൽ കളങ്കപ്പെട്ടു എന്ന തോന്നൽ : നിസ്സഹായതയും ആത്മനിന്ദയും നാണക്കേടുമെല്ലാം ഇത്തരം അനുഭവങ്ങളുടെ തുടർച്ചയായി ഉണ്ടാകും. എന്നാൽ പീഡനവിധേയരായ ആരും എന്നേക്കുമായി നിസ്സഹായരും നശിപ്പിക്കപ്പെട്ടവരുമാവുന്നില്ല എന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ശ്രമിയ്ക്കുക. ശാരീരികമായി മാത്രം ഒരു ശുദ്ധിയില്ല. ശാരീരികമായി ആക്രമിയ്ക്കപ്പെടുന്നതുകൊണ്ട് വ്യക്തികൾ കളങ്കപ്പെടുന്നില്ല.
● താൻ പീഡനത്തിൻ്റെ ഇരയാണ് എന്ന തോന്നൽ :ഈ ലേബൽ സ്വയം എടുത്തണിയുന്നതിനു പകരം ആ സംഭവവുമായി ബന്ധപ്പെട്ട ഓർമ്മകളും കുറ്റബോധങ്ങളും എത്രയും വേഗത്തിൽ മാറ്റിയെടുക്കാൻ മനപ്പൂർവ്വം ശ്രമിക്കുന്നത് വേഗത്തിൽ ആശ്വാസമേകും.
● പീഡനസാധ്യത മുൻകൂട്ടിക്കാണാനായില്ല എന്ന കുറ്റബോധം : ഇത് വ്യക്തികളുടെ കഴിവിൻ്റെ പരിധിക്കുമപ്പുറത്തുള്ള കാര്യമാണിത്.പീഡകരെ പെരുമാറ്റം കൊണ്ടോ വസ്ത്രധാരണരീതികൊണ്ടോ തിരിച്ചറിയാനാവില്ല. സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ പോലും ചിലപ്പോൾ പീഡകരാകും.
● താൻ പ്രതികരിച്ചില്ല എന്ന കുറ്റബോധം : ഇത്തരം സന്ദർഭങ്ങളിൽ ഭയം കൊണ്ട് ശരീരവും തലച്ചോറും തരിച്ചു പോകുന്ന അവസ്ഥയുണ്ടാകാറുണ്ട്. ഞാൻ തികച്ചും നിസ്സഹായാവസ്ഥയിലാണ് എന്നൊക്കെ അനുമാനിച്ചു പോകുന്ന “learned helplessness” എന്നറിയപ്പെടുന്ന ഒരു ഘട്ടം ദീർഘകാലം പീഡിപ്പിക്കപ്പെട്ടവരിൽ സംജാതമാകാറുണ്ട്.
● തൻ്റെ കുറ്റം കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്: തന്റെ വസ്ത്രധാരണമോ പെരുമാറ്റമോ കൊണ്ട് പ്രകോപനമുണ്ടായി എന്ന കുറ്റബോധം. ഇതൊരു തെറ്റിദ്ധാരണയാണ്. പീഡകർ നോട്ടമിടുന്നത് ആ സമയത്തെ ഇരയുടെ നിസ്സഹായാവസ്ഥയെയാണ്. അല്ലാതെയുള്ള പ്രകോപനങ്ങൾ കൊണ്ടാകണം എന്നില്ല.
● മറ്റുള്ളവർ തന്നെ മോശമെന്നുകരുതും: അതാണോ പ്രധാനം?അതിനേക്കാൾ പ്രധാനപ്പെട്ടതാണ് സ്വയം എന്തുകരുതണമെന്നു തീരുമാനിക്കുന്നത്. സംഭവിച്ച അത്യാഹിതത്തെപ്പറ്റി വിശകലനം ചെയ്യുകയും സ്വന്തം നിരപരാധിത്വം തിരിച്ചറിയുകയുമാണ് ആദ്യം വേണ്ടത്. മറ്റൊരാൾ ചെയ്ത കുറ്റകൃത്യം ഒരിക്കലും സ്വന്തം തെറ്റാകുകയില്ല.
● പുറത്തു പറഞ്ഞാൽ നാണക്കേടാകും : വിവരം പുറത്തുപറയാതിരുന്നാൽ പീഡനം ഇല്ലാതായിപ്പോകില്ല; മറിച്ച് തുടർപീഡനത്തിനുള്ള സാധ്യതകൾ വർദ്ധിക്കുകയേ ഉള്ളൂ. അവർ മറ്റൊരു ഇരയെ തേടി പോകും.
● ആർക്കുമെന്നെ സഹായിക്കാനാവില്ല : അങ്ങനെ വിചാരിയ്ക്കരുത്. വിശ്വസ്തരായവരോട് എല്ലാം തുറന്നു പറയുക. വീട്ടിലാരെയും ആശ്രയിക്കാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ കുട്ടികൾക്ക് അധ്യാപകരുടെയോ സ്കൂൾ കൗൺസലർമാരുടെയോ ചൈൽഡ് ലൈനിന്നെയോ സഹായം തേടാം, മുതിർന്നവർക്ക് സുഹൃത്തുക്കളുടെയോ സഹപ്രവർത്തകരുടെയോ മാനസികാരോഗ്യപ്രവർത്തകരുടെയോ സഹായമോ ഹെൽപ്പ് ലൈനുകളോ ഉപയോഗപ്പെടുത്താം.
● പുറത്തിറങ്ങുന്നത് നാണക്കേടാണ്: പുറത്തിറങ്ങുകയാണ് വേണ്ടത്. പ്രിയപ്പെട്ടവരുമായി ഇടപഴകുന്നത്, കഴിയുന്നത്ര വേഗം സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനും സ്വന്തം ശക്തി മനസ്സിലാക്കാനും സഹായിക്കും. മറ്റുള്ളവരെ സഹായിക്കുകയോ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചിലവഴിയ്ക്കുകയോ ചെയ്യുമ്പോൾ കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചു കൂടുതൽ ചിന്തിക്കുന്നത് ഒരുപരിധി വരെ ഒഴിവാക്കാനാകും. കൂടുതൽ ആത്മധൈര്യവും നേടാനാകും.
ഇത്തരം കുറ്റബോധങ്ങളിൽ നിന്നോ തെറ്റിദ്ധാരണകളിൽ നിന്നോ മോചിതരായാൽ അടുത്ത ഘട്ടം കയ്പ്പുള്ള ഓർമ്മകളെ കൈകാര്യംചെയ്ത് എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേയ്ക്ക് തിരിച്ച് വരിക എന്നുള്ളതാണ്. അതിനായി എന്തെല്ലാം കരുതലുകൾ വേണം എന്ന് നോക്കാം.
● ഓർമ്മകളുണർത്തുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക: സംഭവവുമായി ഏതെങ്കിലും രീതിയിൽ ബന്ധമുള്ള സ്ഥലങ്ങളോ വ്യക്തികളോ ശബ്ദങ്ങളോ ഗന്ധങ്ങളോ എല്ലാം അസ്വസ്ഥതയുണർത്തുന്ന ഓർമ്മകൾക്ക് കാരണമാകും. ഇത്തരം സാഹചര്യങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കുന്നത് ഈയനുഭവങ്ങളെ അകറ്റിനിർത്താനും പെട്ടെന്ന് മറക്കാനും സഹായിക്കും.
● ആഴത്തിൽ ശ്വസിക്കുക: നീട്ടി ശ്വാസോച്ഛാസം ചെയ്യുന്നത് ഉത്കണ്‍ഠയുടെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും. ഇത് നിത്യവും ചെയ്തു പരിശീലിച്ചാൽ അസ്വസ്ഥതകളുടെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുമ്പോൾ തന്നെ സ്വയം റിലാക്സുചെയ്യാൻ സഹായകമാകും
● ഗ്രൗണ്ടിംഗ് : കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന നിമിഷത്തിലേക്ക് ശ്രദ്ധയെ തിരിക്കുന്ന രീതിയാണിത്. സ്വന്തം കയ്യിൽ തൊടുകയോ തട്ടുകയോ ചുറ്റുപാടുകളെ വിവരിക്കുകയോ (ഉദാ:ഇന്നത്തെ ദിവസം,ചുറ്റും കാണുന്ന മൂന്നു വസ്തുക്കൾ) എല്ലാം ചെയ്തു ശ്രദ്ധ തിരിച്ച് ഭൂതകാല ഓർമ്മകളുടെ പ്രഭാവത്തെ കുറയ്ക്കാം.
ശരീരത്തിനെയും ചിന്തകളെയും ചേർത്തുപിടിക്കാം
● സ്വശരീരത്തെ സ്നേഹിക്കുക: പീഡനം സ്വന്തം ശരീരത്തെ ശത്രുവാക്കാനിടയാകരുത്. ശരീരത്തിനും മനസ്സിനും ആവശ്യമായ പരിചരണവും വിശ്രമവും നല്‍കുക. പോഷകാഹാരവും ശരീരശുചിത്വവും ഉറപ്പുവരുത്തുക. വ്യായാമത്തിൽ ശ്രദ്ധിക്കുക.
● സ്വയം വെറുപ്പുണ്ടാകാതെ നോക്കുക: ദുരനുഭവത്തിൻ്റെ ഓർമ്മകളിൽ നിന്നും സംരക്ഷിക്കാൻ മനസ്സിനെ സ്വയം മരവിപ്പിക്കാറുണ്ട് ചിലരെല്ലാം. എല്ലാറ്റിനോടും നിർവ്വികാരമായ പ്രതികരണമായിരിക്കും ഇവരുടേത്. അസഹ്യമായ ഓർമ്മകളിൽ നിന്നും മാത്രമല്ല എല്ലാത്തരത്തിലുള്ള സന്തോഷങ്ങളിൽ നിന്നും ഇത്തരക്കാർ അകന്നുമാറും. ഇത് നല്ല പ്രവണതയല്ല. ചുറ്റുപാടുകളിൽ നിന്നും അവരവരിൽ നിന്നും തന്നെയും വേർപെട്ടെന്ന തോന്നലായോ, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ടായോ, ഒന്നിനോടും താല്പര്യമില്ലാത്ത അവസ്ഥയായോ ഇതനുഭവപ്പെടാം. ചിലരെല്ലാം സ്വപ്നലോകത്തോ ടിവിയിലോ വീഡിയോ ഗെയ്മുകളിലോ ആപത്കരമായ പ്രവൃത്തികളിലോ മുഴുകാൻ ശ്രമിക്കാറുണ്ട്. ലഹരിയുപയോഗവും സ്വയം വേദനിപ്പിക്കുന്ന ശീലവും ചിലർ കാണിക്കാം. സ്വയം സഹായിക്കുക. സാമൂഹ്യബന്ധങ്ങൾ മെച്ചപ്പെടുത്തുക. പുതിയ കൂട്ടുകാരെയുണ്ടാക്കുക.
● താളാത്മകമായ ചലനങ്ങൾ: നൃത്തം പോലുള്ള, ശരീരത്തിൻ്റെ താളത്തിലുള്ള ചലനങ്ങൾ ശരീരത്തെ റിലാക്സു ചെയ്യാനും ശരീരത്തിനു മേൽ സ്വന്തം നിയന്ത്രണം കൂടുതലനുഭവപ്പെടാനും സഹായിക്കും. താളവും ചലനവും ചേർന്ന എന്തും, മാർച്ച് ചെയ്യുന്നതുപോലും സഹായകമാണ്.
● മെഡിറ്റേഷൻ: മൈൻഡ് ഫുൾനെസ്സ്, യോഗ പോലുള്ള മെഡിറ്റേഷൻ രീതികൾ ശീലിക്കുന്നത് ശരീരത്തെയും ചിന്തകളെയും പീഡനത്തിൻ്റെ മരവിപ്പിൽ നിന്നും ഉണർത്തിയെടുക്കാൻ സഹായിക്കും
● മസാജ് തെറാപ്പി: പീഡനശേഷം പ്രത്യേകിച്ചും മുതിർന്ന കുട്ടികൾക്ക് മനുഷ്യസ്പർശത്തോട് തോന്നാവുന്ന വെറുപ്പിന് മസാജ് തെറാപ്പി ഒരു നല്ല പ്രതിവിധിയാണ്.
● സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗം: മാനസികാശ്വാസത്തിനായി സാമൂഹിക മാധ്യമങ്ങളിൽ അഭയം തേടുന്നതിനു മുൻപ് അത് ഉപദ്രവകരമായി ഭവിക്കാനുള്ള സാധ്യതയും വിലയിരുത്തണം. ഓൺലൈൻ പീഡനങ്ങളുടെ സാധ്യത മുതൽ ദുരോർമ്മകളെ ഇളക്കിവിടുന്ന പോസ്റ്റുകൾവരെ സോഷ്യൽമീഡിയയിലുണ്ട്. സൂക്ഷിച്ചുമാത്രം തീരുമാനമെടുക്കുക. അസ്വസ്ഥത അനുഭവപ്പെടുമ്പോൾ മനസ്സിൽ തോന്നുന്ന കാര്യങ്ങളും അനുഭവങ്ങളും കുറിച്ചുവയ്ക്കുന്നതും ആശ്വാസം നല്‍കും.
ലൈംഗികാതിക്രമങ്ങൾക്കു വിധേയരായവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ മാതാപിതാക്കൾക്കും ബന്ധുമിത്രാദികൾക്കും എന്തെല്ലാം ചെയ്യാനാകും?
● പീഡനമുണ്ടായതായി വെളിപ്പെടുത്തിയാൽ സമചിത്തതയോടെ അവർക്കു പറയാനുള്ളത് കേൾക്കുക. അല്ലാതെ, ചെവികൊള്ളാതെ ഇരിക്കുന്നതും നിഷേധിക്കുന്നതും (നിനക്ക് തോന്നിയതാകും, അവർ അങ്ങനെ ഒന്നും ചെയ്യത്തില്ല തുടങ്ങിയ വാചകങ്ങൾ) നിസ്സാരവത്കരിക്കുന്നതും ലഘൂകരിക്കുന്നതും ഭൂഷണമല്ല. അങ്ങനെ ഉള്ളവരോട് കുട്ടികൾ പങ്ക് വയ്ക്കുന്നതിന് മടി കാണിക്കും.
● ധൈര്യം പകരുകയും വൈകാരികമായി പിന്തുണയ്ക്കുകയും ചെയ്യുക.
● വലിയ എന്തോ അത്യാഹിതം സംഭവിച്ചു എന്ന മട്ടിൽ അവർക്കു മുന്നിൽ വച്ചു പ്രതികരിക്കാതിരിക്കുക;ചെറിയ കുട്ടികളാണെങ്കിൽ പ്രത്യേകിച്ചും.
● അവരെ കുറ്റപ്പെടുത്താതിരിക്കാനും ശിക്ഷിക്കാതെ ഇരിക്കാനും ശ്രദ്ധിക്കുക.
● എനിക്ക് മാത്രം സംഭവിച്ചു എന്നുള്ള ചിന്ത കൊണ്ടാകാം പലപ്പോഴും അവർ തുറന്നു പറയാൻ മടിക്കുന്നത്. അത്കൊണ്ട് സമനാനുഭവങ്ങളിലൂടെ കടന്നു പോയവരുമായി കണ്ടുമുട്ടുന്നതും പങ്ക് വയ്ക്കുന്നതും സഹായകരമാകും. അതു കൊണ്ട് തന്നെ ഇത് വളരെ ഏറെ ആളുകൾ നേരിടുന്ന പ്രശ്നമാണെന്നുള്ള ചിന്തയുണ്ടാകാം.
● സംഭവിച്ചതിന് ഉത്തരവാദി അല്പം പോലും അവരല്ലെന്നും ഇങ്ങനെയൊക്കെ സംഭവിച്ചത് അവരുടെ പിഴവുകൊണ്ടല്ലെന്നും ബോധ്യപ്പെടുത്താൻ ശ്രമിക്കുക.
● വൈകാതെ വൈദ്യപരിശോധനയ്ക്കു വിധേയരാകാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുക.
● സംഭവം പോലീസിലറിയിക്കുന്നതിനും നിയമനടപടികൾ സ്വീകരിക്കുന്നതിനും സഹായിക്കാൻ മടി കാണിക്കരുത്.
● പീഡനശേഷം അവർക്കുണ്ടാകാനിടയുള്ള വൈകാരിക പ്രശ്നങ്ങളെക്കുറിച്ചും പെരുമാറ്റവ്യത്യാസങ്ങളെക്കുറിച്ചും അറിവുനേടുക.
● പീഡകരിൽ നിന്നും പീഡനം ആവർത്തിക്കപ്പെടാനുള്ള സാഹചര്യങ്ങളിൽ കുട്ടികളെ സംരക്ഷിക്കുക.
● പരിചയക്കാരായ പീഡകരോട് ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിൽ തുടർന്നും ഇടപെടുന്നത് ഒഴിവാക്കുക.
● ആവശ്യമെങ്കിൽ മാനസികാരോഗ്യ പ്രവർത്തകരുടെ സഹായം സ്വീകരിക്കുക.
പീഡനത്തിന്റെ തീവ്രത അനുസരിച്ചു മാനസിക-വൈകാരിക ആഘാതത്തിന്റെ ആഴവും വർധിക്കും. അത് ദീർഘകാല മാനസികാവൈകാരിക പ്രശ്നങ്ങളിലേക്ക് നയിക്കും എന്ന് പഠനങ്ങൾ കാണിക്കുന്നു. കൊച്ചു കുട്ടികളിൽ പീഡനമുണ്ടാകുമ്പോൾ ഉളവാകുന്നതിനേക്കാൾ വൈകാരികപ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പിന്നീട് സംഭവത്തിന്റെ ഗൗരവം അവർ മനസിലാക്കുമ്പോഴാണ്. അത്കൊണ്ട് തന്നെ അത് ഉളവാക്കിയ മുറിവുകൾ വിദഗ്ദ്ധ സഹായത്തോടെ ഉണക്കി എടുക്കേണ്ടതുണ്ട്. ഇത്തരം കാര്യങ്ങളിൽ വിദഗ്ദ്ധരുടെ സഹായം തേടുന്നതാണ് ഉചിതം. പലപ്പോഴും ഇത്തരം സംഭവങ്ങൾ മറച്ചു വയ്ക്കുവാനാണ് ഇരകളും ബന്ധുക്കളും ശ്രമിക്കാറുള്ളത്. മാത്രമല്ല, ഇപ്പോഴും സമൂഹത്തിൽ പീഡകരേക്കാൾ അവജ്ഞയും കുറ്റപ്പെടുത്തലുകളും അനുഭവിക്കുന്നത് ഇരകളാണ്. സംരക്ഷണവും കരുതലും ലഭിക്കാത്ത സമൂഹത്തിലും കുടുംബത്തിലും നിന്ന് കുട്ടിയെ സംരക്ഷണവും കരുതലും ഉള്ളവരുടെ സാന്നിധ്യത്തിലേക്ക് മാറ്റി പാർപ്പിക്കേണ്ട സാഹചര്യങ്ങളും പലപ്പോഴും ഉളവാക്കാറുണ്ട്. പലപ്പോഴും അന്യരിൽ നിന്ന് ഉണ്ടാകുന്ന പീഡയേക്കാൾ സംരക്ഷിക്കുകയും കരുതുകയും ചെയ്യേണ്ട പ്രിയപെട്ടവരിൽ നിന്നും അടുപ്പക്കാരിൽ നിന്നും ഉളവാകുന്ന പീഡകൾ കുട്ടികളിൽ കൂടുതൽ ആഘാതം ഉണ്ടാക്കുകയും അതോടൊപ്പം പങ്ക് വയ്ക്കുന്നതിൽ വിമുഖത ഉളവാക്കുകയും ചെയ്യും. പീഡനത്തിന്റെ തീവ്രതയും അതിന്റെ കാലദൈർഘ്യവും ആരിൽ നിന്ന് ഉളവായി എന്നതും അതിന്റെ ആഘാതത്തെ ബാധിക്കാറുണ്ട്. പഠനങ്ങൾ കാണിക്കുന്നത് 30%-50% വരെ ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികൾ ഏതെങ്കിലും അതിക്രമത്തിന് വിധേയമാകറുണ്ടെന്നാണ്. അതിൽ നല്ല ശതമാനവും കുടുംബബന്ധങ്ങളിൽ നിന്നോ ബന്ധുമിത്രാദികളിൽ നിന്നോ കുട്ടി ഏറ്റവും വിശ്വസിച്ച് അടുത്തിടപെടുന്നവരിൽ നിന്നോ ആണ്. ഇത്തരം സന്ദർഭങ്ങളിൽ പങ്ക് വയ്ക്കുവാനുള്ള വിമുഖത കൂടുകയും പങ്ക് വച്ചാൽ തന്നെ അടുത്തവരായത് കൊണ്ട് റിപ്പോർട്ട് ചെയ്യപ്പെടാൻ ഉള്ള സാധ്യത കുറയുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിൽ പീഡ ആവർത്തിക്കപ്പെടാനുള്ള സാധ്യത ഏറുന്നു. ഇന്നും പീഡകരേക്കാൾ ഇരകളെ മോശമായി കാണുകയും പ്രതികരിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. പെൺകുട്ടികളെ പോലെ തന്നെ ആൺകുട്ടികളും പീഡിപ്പിക്കപെടുന്നു എന്ന യാഥാർഥ്യം സമൂഹം ഇപ്പോഴും ഉൾകൊള്ളാൻ തയ്യാറായിട്ടില്ല. മാത്രമല്ല, പെൺകുട്ടികൾക്ക് ഉണ്ടാകുന്നത് പോലെയുള്ള ആഘാതം ആൺകുട്ടികൾക്കും ഉണ്ടാകും എന്ന സത്യാവസ്ഥ മനസിലാക്കാതെ ഒട്ടും ഗൗരവം ഇല്ലാതെ ലാഘവത്തോടെ ആൺകുട്ടികളുടെ പീഡയെ സമൂഹം വീക്ഷിക്കാറുമുണ്ട്. നമ്മുടെ കുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരകളാകാതെ നോക്കുന്നതിലും ഇരകളായവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിലും സമൂഹത്തിന്റെ മനോഭാവവും പ്രതികരണങ്ങളും ഏറെ പ്രാധാന്യമുള്ളതാണ്. ഇരകളെയാണ് സംരക്ഷിക്കേണ്ടത്, പീഡകരെയല്ല
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.