ഫ്രീ ഫയറില്‍ കത്തിയമരുന്ന കുട്ടികള്‍
കഴിഞ്ഞ ദിവസമാണ് ഒരു പത്രവാര്‍ത്ത ശ്രദ്ധിച്ചത്. ജീവനൊടുക്കിയ കൗമാരക്കാരനായ ഏകമകനേക്കുറിച്ചുള്ള അമ്മയുടെ വാക്കുകള്‍: '' വെള്ളമോ ഭക്ഷണമോ വേണ്ട. പുലര്‍ച്ചെ മൂന്നുമണിവരെ മൊബൈല്‍ ഫോണില്‍ തന്നെ നോക്കിയിരുന്ന് ഫ്രീ ഫയര്‍ വീഡിയോ ഗെയിം കളിക്കും. ചോദ്യം ചെയ്താല്‍ അക്രമാസക്തനാകും. 2000 രൂപയ്ക്ക് മൊബൈല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്തുകൊടുക്കണമെന്നായിരുന്നു അവസാനത്തെ ആവശ്യം. 500 രൂപയ്ക്ക് ചാര്‍ജ് ചെയ്തു നല്‍കി. ബാക്കി പണം കൂട്ടുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടു ബഹളം വച്ചു. പിന്നാലെ മുറിക്കുള്ളില്‍ കയറി. ഒരു കുറിപ്പുപോലും എഴുതി വയ്ക്കാതെ അവന്‍ പോയി.'' മൂത്തമകന്റെ മരണശേഷം ഏറെ ലാളിച്ചുവളര്‍ത്തിയ രണ്ടാമത്തെ മകന്റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടുന്ന അമ്മയുടെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍. തിരുവനന്തപുരം സ്വദേശിയും ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയുമായ അനുജിത്ത് അനിലാണ് ജീവനൊടുക്കിയത്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ പബ്ജിയിലാണ് ഗെയിമില്‍ ഹരിശ്രീ കുറിച്ചത്. പിന്നീട് പബ്ജി നിരോധിച്ചതോടെയാണ് ഫ്രീ ഫയറിലേക്ക് തിരിഞ്ഞത്. പതിയെ പതിയെ അതില്ലാതെ പറ്റില്ലെന്നായി. അതോടെ ദിവസം മുഴുവനും ഗെയിമിലായി കണ്ണ്. ഇടയ്ക്ക് വെള്ളം കുടിക്കാനോ ഭക്ഷണം കഴിക്കാനോ കുളിക്കാനോ പോലും തയാറാകാതെ ഗെയിമില്‍ തന്നെയായി പല ദിവസവും ജീവിതം. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മുറിയടച്ചിരുന്ന് ഗെയിം കളിക്കുമായിരുന്നു. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി ഫോണ്‍ റീച്ചാര്‍ജ് ചെയ്തു നല്‍കിയിരുന്നു. പക്ഷെ ക്ലാസുകളുടെ സമയത്തും ഗെയിമിലായതോടെ ദിവസവും 2 ജിബി ഡേറ്റപോലും തികയാതെ വന്നു. 33000 രൂപയുടെ ഫോണ്‍ വാങ്ങി നല്‍കിയില്ലെങ്കില്‍ വണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതോടെ അതും വാങ്ങി നല്‍കി. ഒടുവില്‍ കൈവിട്ടുപോകുമെന്ന് തോന്നിയ ഘട്ടത്തില്‍ മാനസിക ചികില്‍സയ്ക്കായി ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അനുജിത്ത് അതിനെ എതിര്‍ത്തതോടെ അതും നടന്നില്ലെന്ന് അമ്മയുടെ വാക്കുകള്‍.
ഇത് കേരളത്തിലെ ആദ്യസംഭവമല്ല. ഓണ്‍ലൈന്‍ ഗെയിമുകളുടെ കുരുക്കില്‍കുടുങ്ങി ഇതിനുമുന്‍പും പല കുട്ടികളും ജീവനൊടുക്കിയ സംഭവങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുറച്ചു നാള്‍ മുന്‍പാണ് ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ കൗമാരക്കാരന്‍ ആത്മഹത്യ ചെയ്തത്. ഓണ്‍ലൈന്‍ ഗെയിം അഡിക്ഷന്‍ ഒരു മാനസിക പ്രശ്‌നമാണെന്ന് പലരും മനസ്സിലാക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ യാഥാര്‍ത്ഥ്യം. ആല്‍ക്കഹോളിക് അഡിക്ഷന്‍, ഡ്രഗ് അഡിക്ഷന്‍ പോലെ ചികില്‍സിക്കേണ്ട മാനസിക പ്രശ്‌നമാണ് ഗെയിം അഡിക്ഷനും. കാരണം, യഥാര്‍ത്ഥ ലോകത്ത് ചെയ്യുന്ന കാര്യങ്ങള്‍ പകരം മറ്റൊരു വിര്‍ച്വല്‍ ലോകത്ത് നിങ്ങള്‍ ഗെയിമിലൂടെ പൂര്‍ത്തീകരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അക്കാര്യം ചെയ്യുമ്പോള്‍ ഉള്ളതുപോലെ തന്നെ നിങ്ങളുടെ വികാരങ്ങളും ചിന്തയും തീരുമാനങ്ങളുമെല്ലാം വിര്‍ച്വല്‍ ഗെയിമിലും സജീവമായി നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ടാണ് മോട്ടോര്‍ റെയ്‌സിങ്ങിന്റെയും മറ്റും ഗെയിം സ്ഥിരമായി കളിക്കുന്നവര്‍ റോഡിലിറങ്ങി യഥാര്‍ത്ഥ ബൈക്കോടിച്ചാലും ഗെയിമിലേതു പോലെ വേഗത്തില്‍ പായിക്കാന്‍ ശ്രമിക്കുന്നത്. കാരണം, വിര്‍ച്വല്‍ ഗെയിമില്‍ അമിത വേഗത്തില്‍ ബൈക്കോടിച്ച് കണ്ടീഷന്‍ഡ് ആയ മനസ്സ് യഥാര്‍ത്ഥ ബൈക്ക് ഓടിക്കുമ്പോഴും അതേ പോലെ പ്രതികരിക്കുന്നു.
സാധാരണ ഗെയിമുകള്‍ മുതല്‍ എങ്ങനെ റേപ്പ് ചെയ്യാം എന്ന് കാണിക്കുന്ന, എങ്ങനെ കൊലപ്പെടുത്താം എന്ന് കാണിക്കുന്ന ഭീകരമായ ഗെയിമുകള്‍ വരെ ഇന്ന് ഓണ്‍ലൈനിലുണ്ട്. ഇത്തരം ഗെയിമുകള്‍ക്ക് അഡിക്ടായി അതില്‍ പരിശീലനം നേടുന്നവര്‍ യഥാര്‍ത്ഥ ജീവിതത്തിലും അത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ മടിക്കില്ല.
രണ്ടാമതായുള്ളതാണ് ഗെയിം അഡിക്ഷന്‍ വഴിയുണ്ടാകുന്ന മാനസിക പ്രശ്‌നങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പെരുമാറ്റ പ്രശ്‌നങ്ങള്‍. മുന്‍പ് മിടുക്കനായി പഠിച്ചിരുന്ന അനുജിത്ത് അഡിക്ടായതോടെ പഠനത്തോടുള്ള താല്പര്യം കുറഞ്ഞ്, ദിവസം മുഴുവന്‍ കതകടച്ചിരുന്ന് ഗെയിമില്‍ മാത്രമായി. അമ്മയേയും ചേച്ചിയേയും അനുസരിക്കാതെയായി. തെറ്റ് ചൂണ്ടിക്കാണിക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്താല്‍ അക്രമാസക്തനാകുന്നു. സെല്‍ഫ് ഡിസിപ്ലിന്‍ ഇല്ലാതാകുന്നു. കുളി, ഷേവിംഗ്, ഭക്ഷണം കഴിക്കല്‍, പല്ലു തേക്കല്‍, ഉറക്കം, പഠനം.. എല്ലാം താളം തെറ്റുന്നു. അമിത ദേഷ്യം നിറയുന്നു. ആരോടും അടുപ്പമില്ലാതെ മുറിക്കുള്ളില്‍ ഒറ്റയ്ക്ക് കഴിച്ചുകൂട്ടാന്‍ ഇഷ്ടപ്പെടുന്നു. ആത്മവിശ്വാസം കുറയുന്നു. ഇത്രയൊക്കെ ലക്ഷണങ്ങളിലെത്തിയിട്ടും തുടക്കത്തിലെ തന്നെ ഒരു സൈക്കോളജിസ്റ്റിനെയോ സൈക്യാട്രിസ്റ്റിനെയോ കാണിക്കാന്‍ എത്ര മാതാപിതാക്കള്‍ തയാറാകുന്നുണ്ട് എന്ന് പരിശോധിച്ചാല്‍ വളരെ ചുരുക്കമെന്നേ പറയാന്‍ കഴിയൂ. അനുജിത്തിനേപ്പോലും, വളരെ വൈകിയ വേളയിലാണ് സൈക്കോളജിസ്റ്റിനെ കാണിക്കുന്ന കാര്യത്തേക്കുറിച്ചുപോലും ബന്ധുക്കള്‍ ചിന്തിക്കുന്നത്. പക്ഷെ, അതും സാധ്യമായില്ല.
ഇവിടെ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കോവിഡും ലോക്ക്ഡൗണും ഓണ്‍ലൈന്‍ ക്ലാസുകളും വഴി സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കാന്‍ കൊച്ചുകുട്ടികള്‍ക്ക് വരെ നാം പരിശീലനം നല്‍കി. ഏവരുടെയും കൈയ്യില്‍ മണിക്കൂറുകളോളം ഫോണുമുണ്ട്. അച്ഛനമ്മമാര്‍ വീട്ടിലില്ലാത്ത സാഹചര്യത്തിലും ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണ്‍ കുട്ടികളുടെ കൈയില്‍ കൊടുത്തിട്ടുപോകുന്നു. ഇത് പതിയെ പതിയെ ക്ലാസിനിടയിലും ക്ലാസില്ലാത്തപ്പോഴും ഫോണിലെ മറ്റ് സാധ്യതകള്‍ തേടാന്‍ അവര്‍ക്ക് അവസരമാകുന്നു. ഇന്റര്‍നെറ്റിന്റെ ലോകത്ത് നല്ലതും ചീത്തയുമെല്ലാമുള്ളപ്പോള്‍ നല്ലത് തിരഞ്ഞെടുക്കാന്‍ അവരെ വീടുകളില്‍ തന്നെ പരിശീലിപ്പിക്കണം. ഫോണ്‍ അവര്‍ക്ക് ആവശ്യമുള്ളപ്പോള്‍ മാത്രം കൊടുക്കുക.
സാധാരണ ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജിബി ഡേറ്റ ഉപയോഗിച്ചാല്‍ അത് എന്തിനാണെന്ന് പരിശോധിക്കുക. യൂട്യൂബിലും മറ്റും അനാവശ്യ വീഡിയോകളിലേക്ക് കുട്ടികള്‍ പോകുന്നില്ലെന്ന് ഉറപ്പുവരുത്തുക. അതില്‍ മോശമായതുണ്ടെന്ന മുന്നറിയിപ്പ് കൊടുക്കുക. ഫോണില്‍ ആവശ്യമില്ലാത്ത ഗെയിമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവദിക്കാതിരിക്കുക. മുറിയടച്ചിരുന്ന് ഫോണില്‍ തിരയുന്നത് പ്രോല്‍സാഹിപ്പിക്കാതിരിക്കുക. ക്ലാസുകളിലും മറ്റും പങ്കെടുക്കുന്നത് ഇടയ്ക്ക് നിരീക്ഷിക്കുക. അവരുടെ ഫോണിലെ സ്‌ക്രീനില്‍ സ്പ്ലിറ്റ് സ്‌ക്രീന്‍ ഓപ്ഷന്‍ വഴി മറ്റെന്തെങ്കിലും നോക്കുന്നുണ്ടോയെന്ന് ഇടയ്ക്ക് നോക്കുക. സ്‌കൂളില്‍/കോളേജില്‍ പോകണ്ട, ഓണ്‍ലൈന്‍ ക്ലാസല്ലേ എന്നു കരുതി രാവിലെ 10 വരെ കിടന്നുറങ്ങുന്നത് അനുവദിക്കരുത്.
രാവിലെ സാധാരണ സമയത്ത് എഴുന്നേല്‍ക്കാന്‍ ശീലിപ്പിക്കുക. രാത്രി വൈകി കിടന്നുറങ്ങുന്നത് ശീലമാവാതിരിക്കാന്‍ 11ന് മുമ്പ് ഉറങ്ങുന്നുവെന്ന് ഉറപ്പുവരുത്തുക. ഓരോ ദിവസവും എന്തു ചെയ്യണമെന്നതിന് ഒരു ഡെയ്‌ലി ഷെഡ്യൂള്‍ തയാറാക്കുക. ജീവിതത്തിന് ഒരു ലക്ഷ്യം ഉണ്ടാക്കുക. എന്തിന് പഠിക്കണം, ഭാവിയില്‍ ആരായിത്തീരണം, അതെങ്ങനെ നേടിയെടുക്കണം എന്നതിനേക്കുറിച്ച് മക്കളുമായി സംസാരിച്ച് അവരുടെയുള്ളില്‍ ലക്ഷ്യബോധം ഉറപ്പിക്കുക. ഇത് മറ്റുള്ള തരത്തില്‍ സമയം കളയുന്ന ഗെയിമുകളുടെ പിന്നാലെ പോകുന്നതില്‍ നിന്ന് ഒരു പരിധി വരെ അകറ്റി നിര്‍ത്തും. ദിവസവും രാവിലെയോ വൈകുന്നേരമോ വ്യായാമം ശീലിപ്പിക്കുക. പ്രാര്‍ത്ഥന ജീവിതത്തിന്റെ ഭാഗമാക്കുക. നല്ല പുസ്തകങ്ങള്‍ വായിക്കുന്നത് പ്രോല്‍സാഹിപ്പിക്കുക.
ചിത്രരചന, വായന, രചന, ഗാര്‍ഡനിംഗ്, പെറ്റ് കെയറിംഗ്, കുക്കിംഗ് തുടങ്ങിയ ഹോബികള്‍ വികസിപ്പിക്കുക. നല്ല ചിന്തകള്‍ പകര്‍ന്നു നല്‍കുക. കൂട്ടുകാരുമായി ഫോണിലും സാധിക്കുമ്പോള്‍ നേരിട്ടും സംസാരിക്കാനും വിശേഷങ്ങള്‍ പങ്കുവയ്ക്കാനും അനുവദിക്കുക. ഇടയ്ക്ക് സാമൂഹിക പരിപാടികളില്‍ പങ്കെടുപ്പിക്കുക. വൈകിട്ട് കിടക്കുമ്പോള്‍ ബെഡ്‌റൂമില്‍ കുട്ടികള്‍ക്ക് എളുപ്പം എടുക്കാന്‍ സാധിക്കുന്ന തരത്തില്‍ മൊബൈല്‍ ഫോണുകള്‍ വയ്ക്കാതിരിക്കുക. കൂടുതലായി വീഡിയോ ഗെയിമുകള്‍ക്ക് അഡിക്ടാകുന്ന സാഹചര്യത്തില്‍ സൈക്കോളജിസ്റ്റിനെ കണ്ട് കൗണ്‍സിലിംഗ്, സൈക്കോതെറപ്പി എന്നിവയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.