Huddle

Share this post
കാവലൊരുക്കാം മനസ്സിന് - ഭാഗം 2
www.huddleinstitute.com

കാവലൊരുക്കാം മനസ്സിന് - ഭാഗം 2

മനസുതുറക്കാന്‍ മൂന്നാമിടം; എന്ത്, എങ്ങനെ?

Lakshmi Narayanan
Jul 15, 2021
Comment
Share

''എന്റെ അച്ഛനും അമ്മയും ഉമ്മ വയ്ക്കുന്നത് ഞാൻ കണ്ടിട്ടുണ്ടല്ലോ!'' അമ്മയുടെ സ്നേഹത്തെക്കുറിച്ചുള്ള ക്ലാസിനിടക്ക് ആറ് വയസുകാരൻ അദ്വൈത് നിഷ്കളങ്കമായി ചിരിച്ചുകൊണ്ട് , ഭാവവ്യത്യാസം ഒന്നും കൂടാതെ ഇത് പറഞ്ഞപ്പോൾ ക്ലാസിലെ മറ്റുകുട്ടികളും ചിരിച്ചു. എന്നാൽ ഇത് കേട്ട് നിന്ന ക്ലാസ് ടീച്ചറുടെ മുഖഭാവം മറ്റൊന്നായിരുന്നു. ആറ് വയസുകാരൻ എന്തോ വലിയ തെറ്റ് ചെയ്ത പോലെ, പറയാൻ പാടില്ലാത്ത എന്തോ കാര്യം പറഞ്ഞത് പോലെയാണ് അവർ ആ വിഷയത്തെ സമീപിച്ചത്. ക്ലാസിൽ മറ്റു കുട്ടികളുടെ മുന്നിൽ അവനെ എഴുന്നേൽപ്പിച്ചു നിർത്തി ആ അധ്യാപിക ചോദിച്ചത് 'എവിടെ നിന്നുമാണ് നീ ഇത്തരം വൃത്തികേടുകൾ പഠിച്ചത്' എന്നായിരുന്നു.

വൃത്തികേടുകൾ സംസാരിക്കാനും സഹപാഠികളെ തെറ്റിലേക്ക്‌ നയിക്കാനും വേണ്ടിയാണോ സ്‌കൂളിലേക്ക് വരുന്നത് എന്ന അധ്യാപികയുടെ ചോദ്യത്തിന്റെ അർത്ഥം പോലും മനസിലാകാതെ ആ ആറ് വയസുകാരൻ പകച്ചു നിന്നു. താൻ പറഞ്ഞതിലെ തെറ്റെന്താണ് എന്ന് മനസിലാക്കും മുൻപ് ചൂരൽ പ്രയോഗവും കഴിഞ്ഞിരുന്നു. ഇതെല്ലാം  വളർത്തുദോഷമാണെന്ന് പറഞ്ഞുകൊണ്ട് ക്ലാസ് വിട്ട് അധ്യാപിക പുറത്ത് പോയപ്പോൾ, കൂട്ടുകാരുടെ തുറിച്ചുനോട്ടത്തിനുള്ളിൽ ചൂളി നിൽക്കുകയായിരുന്നു അദ്വൈത്.

അന്ന് സ്റ്റാഫ്‌റൂമിലെ പ്രധാന ചർച്ചാ വിഷയം അദ്വൈത് കണ്ടെന്ന് പറഞ്ഞ കാര്യങ്ങളായിരുന്നു.  മക്കൾ കാൺകെയാണോ ഇതെല്ലാം ചെയ്യുന്നത് ? മോശമല്ലേ ഇതെല്ലാം...പലവിധ അഭിപ്രായങ്ങൾ സ്റ്റാഫ്‌റൂമിൽ ഉയർന്നു. ഒടുവിൽ മകനെ മര്യാദക്ക് വളർത്താനറിയാത്ത മാതാപിതാക്കളാണ് അദ്വൈതിന്റേത് എന്ന് സ്റ്റാഫ് റൂം കമ്മിറ്റി ഉറപ്പിച്ചു. ചർച്ചകൾ കാട് കയറിയതോടെ മറ്റ് അധ്യാപകരുടെ മുന്നിലും അദ്വൈത് നോട്ടപ്പുള്ളിയായി. മാതാപിതാക്കളെ അടിയന്തിരമായി സ്‌കൂളിലേക്ക് വിളിപ്പിക്കാനായിരുന്നു തീരുമാനം. അത് സ്‌കൂൾ ഡയറിയിൽ എഴുതി കൊടുത്തുവിട്ടതോടെ അദ്വൈത് ആകെ സമ്മർദത്തിലായി.

അടുത്ത ദിവസം മാതാപിതാക്കൾ വന്ന് അധ്യാപികയെ കണ്ടു. മകന്റെ ഭാഗത്ത് തെറ്റൊന്നും ഇല്ലെന്നും നിഷ്കളങ്കമായാണ് അവനത് പറഞ്ഞതെന്നും  അധ്യാപികയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും തന്റേതായ നിഗമനങ്ങളിൽ അവർ ഉറച്ചു നിന്നു. മകൻ അവിടെ തുടർന്ന് പഠിക്കേണ്ടതിനാലും അവന്റെ ഭാവിയെ ഓർത്തും ഇനി ഇത്തരം അവസ്ഥകൾ ഉണ്ടാകാതെ ശ്രദ്ധിക്കാം എന്ന് പറഞ്ഞുകൊണ്ട് മാതാപിതാക്കൾ ക്ഷമ ചോദിച്ചു പ്രശ്നം അവിടെ അവസാനിപ്പിച്ചു. എന്നാൽ പ്രശ്നം അവിടെ തീർന്നിരുന്നില്ല. അധ്യാപിക ഈ സംഭവം മനസ്സിൽ വച്ചുകൊണ്ടാണ് തുടർന്നങ്ങോട്ടും അദ്വൈതിനോട് പെരുമാറിയത്.

ഇവിടെ യഥാർത്ഥത്തിൽ സമ്മർദ്ദത്തിലായത് ആ ആറുവയസുകാരനാണ്. അവൻ അധ്യാപികയുടെയും സഹപാഠികളുടെയും ആവർത്തിച്ചുള്ള കളിയാക്കലുകൾക്ക് പാത്രമായി. ഇത് ആ മനസിനെ വല്ലാതെ നോവിച്ചു. ക്ലാസിൽ പോകാനും കൂട്ടുകാരോടൊത്ത് കളിക്കാനും താല്പര്യം ഇല്ലാതെയായി. പതിയെ അദ്വൈത് നിശ്ശബ്ദനായ ഒരു കുട്ടിയായി മാറി. ആ നിശ്ശബ്ദതയ്ക്ക് പിന്നിൽ ഒളിച്ചിരുന്ന ന്യൂറോട്ടിക് ഡിപ്രഷൻ എന്ന അവസ്ഥ മനസിലാക്കാൻ അദ്വൈതിന്റെ കുടുംബ സുഹൃത്തും ചൈൽഡ് സൈക്കോളജിസ്റ്റുമായ ഒരാൾ വേണ്ടി വന്നു. താൻ ചെയ്ത തെറ്റെന്താണ് എന്ന് മനസിലാകാതെ കളിയാക്കലുകൾക്കും ശകാരങ്ങൾക്കും പാത്രമായ അദ്വൈത് അനുഭവിച്ച മനഃസംഘർഷം ചെറുതായിരുന്നില്ല. തുടർച്ചയായ കൗൺസിലിംഗുകൾ ലഭിച്ചിട്ടും പ്രസ്തുത അധ്യാപിക ആ വിദ്യാലയത്തിൽ നിന്നും സ്ഥലം മാറി പോകുന്നത് വരെ അദ്വൈത് പൂർണമായും  പഴയപോലെ ആയില്ല എന്നതാണ് വാസ്തവം.

ഇനി നമുക്ക് അദ്വൈതിന്റെയും അധ്യാപികയുടെയും സാഹചര്യങ്ങൾ ഒന്ന് വിശകലനം ചെയ്യാം.....

വളരെ ഓപ്പൺ ആയി സംസാരിക്കുന്ന, മക്കളെ അങ്ങേയറ്റം മനസിലാക്കുന്ന, അവരിൽ നിന്നും ഒന്നും മറച്ചു വയ്ക്കാത്ത മാതാപിതാക്കളുടെ കുഞ്ഞാണ് അദ്വൈത്. പരസ്പരം ചുംബിക്കുക എന്നത് ആ കുഞ്ഞിനെ സംബന്ധിച്ചിടത്തോളം സ്നേഹം പ്രകടിപ്പിക്കുന്നതിനുള്ള ഒരു മാർഗം മാത്രമായിരുന്നു. അച്ഛനും അമ്മയും പരസ്പരം കുട്ടികളുടെ മുന്നിൽ ചുംബിച്ചിരുന്നതും ആ ഒരു തലത്തിൽ നിന്നുകൊണ്ടായിരുന്നു. കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ , അച്ഛൻ ഓഫീസിലേക്ക് പോകുമ്പോൾ , സന്തോഷം വരുമ്പോൾ സങ്കടം വരുമ്പോൾ ഒക്കെ അവർ പരസ്പരം ചുംബിച്ചിരുന്നു. സ്നേഹം, വാത്സല്യം, കരുതൽ എന്നിവ നിറഞ്ഞ ആ ചുംബനം ഒരിക്കലും ഒരു തെറ്റായി ആ കുടുംബം വ്യാഖ്യാനിച്ചിരുന്നില്ല. എന്തും ഏതും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ തങ്ങളുടെ മകൻ തുറന്ന ചിന്താഗതിയോടെ വളരട്ടെ എന്ന് തന്നെയാണ് ആ മാതാപിതാക്കൾ ആഗ്രഹിച്ചത്.

എന്നാൽ അധ്യാപികയുടെ സാഹചര്യം മറ്റൊന്നായിരുന്നു. കോൺവെന്റ് സ്‌കൂളിലെ പഠനവും അവർ വളർന്നു വന്ന രീതിയും സാഹചര്യവും ചുംബനം എന്നതിന് പ്രധാനമായും ലൈംഗികതയുടെ പരിവേഷമായിരുന്നു നൽകിയത്. അത് തീർത്തും സ്വകാര്യമായ ഒന്നാണെന്നും പൊതുമധ്യത്തിൽ അമ്മക്ക് മക്കളെ മാത്രമേ ചുംബിക്കാനാകൂ എന്നുമാണ് അവർ പഠിച്ചത്. അതിനാൽ തന്നെ അദ്വൈത് പറഞ്ഞ 'അമ്മയുടെയും അച്ഛന്റെയും ചുംബനം' തുറന്ന അർത്ഥത്തിൽ കാണാനായില്ല. തന്റെ ബാല്യത്തിലും  കൗമാരത്തിലും താൻ കണ്ടറിഞ്ഞ, മനസിലാക്കിയെടുത്ത വസ്തുതകളിൽ നിന്നുമാണ് അവർ ആ ചുംബനത്തെ വിലയിരുത്തിയത്. അത് അവരെ സംബന്ധിച്ചടത്തോളം പാപവും തെറ്റും ഒക്കെയായിരുന്നു. വിദ്യാഭ്യാസപരമായി ഉയർന്നു എങ്കിലും അടിസ്ഥാനപരമായി അവരുടെ മനസ്സിൽ ഉറച്ചു പോയ ചില കാര്യങ്ങളിൽ മാറ്റമുണ്ടായില്ല. അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വന്നതാകട്ടെ അദ്വൈതിനെ പോലുള്ള ഒരു കുട്ടിയും. വ്യത്യസ്തമായ രണ്ട് പാരന്റിംഗ് രീതികളാണ് അധ്യാപികയുടെയും അദ്വൈതിന്റെയും അവസ്ഥയ്ക്കുള്ള കാരണം.

അധ്യാപകരെന്നാൽ പരിപൂർണ്ണർ എന്നല്ല !

മാതാ പിതാ ഗുരു ദൈവം എന്ന ചൊല്ലാണ് ഇന്നും നാം പിന്തുടരുന്നത്. മാതാവിനേയും പിതാവിനേയും ഗുരുവിനേയും ദേവതുല്യരായി കാണണം എന്നാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. അല്ലാതെ ഒന്ന് മറ്റൊന്നിന് പകരമാകും എന്നല്ല. അധ്യാപകർ അമ്മയ്ക്ക് തുല്യരാണ് എന്നെല്ലാം അതിശയോക്തി കലർത്തി പലപ്പോഴും നാം പറഞ്ഞു കേൾക്കാറുണ്ട്. ഇവിടെയാണ്‌ പാരന്റിംഗ് രീതികൾ പ്രാധാന്യം അർഹിക്കുന്നത്. നന്നായി ക്ലാസ് എടുക്കുന്ന ഒരധ്യാപിക ഒരു നല്ല 'അമ്മ കൂടിയാണ്' എന്ന് പറയാനാവില്ല. അധ്യാപനവും പാരന്റിംഗുമായി ബന്ധപ്പെടുത്താനാവില്ല എന്ന് ചുരുക്കം.

പറഞ്ഞു വരുന്നത് വിദ്യാലയങ്ങളിൽ കുട്ടികൾ നേരിടുന്ന വിവിധങ്ങളായ പ്രതിസന്ധികൾക്ക് പരിഹാരം കണ്ടെത്തുന്നതിനായി അധ്യാപകരില്ലേ എന്ന ചോദ്യത്തെ പറ്റിയാണ്. വീട്ടിലെ പ്രശ്നങ്ങൾ, മാതാപിതാക്കൾ തമ്മിലുള്ള കലഹം, വിവിധതരം ചൂഷണങ്ങൾ തുടങ്ങിയ അവസ്ഥകൾ, കള്ളം പറയൽ, മോഷണം,  ധിക്കാരം നിറഞ്ഞ പെരുമാറ്റം, അമിതഭയം തുടങ്ങിയ സ്വഭാവ വ്യതിയാനങ്ങൾ, തന്നെ ആരും സ്നേഹിക്കുന്നില്ലെന്ന തോന്നൽ, കൂടെപ്പിറപ്പിനെ അംഗീകരിക്കാത്ത അവസ്ഥ തുടങ്ങിയ വൈകാരിക പ്രശ്നങ്ങൾ ഇവയ്‌ക്കെല്ലാം തന്നെ പരിഹാരം കണ്ടെത്താൻ അധ്യാപകർക്ക് ഒറ്റക്ക് കഴിഞ്ഞെന്നു വരില്ല. കാരണം അധ്യാപകർ ചിന്തിക്കുന്നതും പ്രശ്നങ്ങളെ വിലയിരുത്തുന്നതും തങ്ങളുടെ ഫ്രെയിം ഓഫ് റഫറൻസ് വഴിയാണ്. ചിലപ്പോൾ ഇത് അദ്വൈതിന്റെ കാര്യത്തിൽ സംഭവിച്ച പോലെ നെഗറ്റീവ് ആയ ഫലം ഉണ്ടാക്കിയെന്നും വരാം. അതിനാൽ തന്നെ കുട്ടികളുടെ പ്രശ്നപരിഹാരത്തിലുള്ള മാർഗമായി അധ്യാപകരെ കാണരുത്. അധ്യാപകർക്ക് ഒരു പക്ഷെ നല്ലൊരു മീഡിയേറ്റർ എന്ന നിലയിൽ മാതാപിതാക്കൾക്കും കുട്ടിക്കും ഇടയിൽ നിൽക്കാൻ കഴിഞ്ഞേക്കാം. അതിനപ്പുറമുള്ള പ്രശ്നപരിഹാരങ്ങൾക്ക് ചൈൽഡ് സൈക്കോളജിസ്റ്റുകളുടെ സേവനം അനിവാര്യമാണ്.

''കുട്ടികൾ അവർ നേരിടുന്ന വിഷമതകൾ, അവരുടെ തോന്നലുകൾ എന്നിവ തുറന്നു പറയുന്ന പക്ഷം കുട്ടികളുടെ സ്ഥാനത്ത് നിന്നും പ്രശ്നങ്ങളെ വിലയിരുത്തുകയാണ് വേണ്ടത്. ഓരോ പ്രശ്നങ്ങൾക്കും വ്യത്യസ്തങ്ങളായ പരിഹാരങ്ങൾ നിർദേശിക്കാൻ കഴിയും. എന്നാൽ തന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ട് കാര്യങ്ങളെ വിലയിരുത്താതെ യഥാർത്ഥ പ്രശ്‍നത്തിലേക്ക് ഇറങ്ങിചെന്നുകൊണ്ട് പ്രശ്ന പരിഹാരം തേടുകയാണ് ആവശ്യം. ഇതിനു കുട്ടികളെ മനസിലാക്കണം, അവരുടെ സാഹചര്യങ്ങൾ മനസിലാക്കണം. തുറന്ന ചർച്ചകളിലൂടെയും അവരുടെ സ്ഥാനത്ത് നിന്നും ചിന്തിക്കുന്നതിലൂടെയും ഉരുത്തിരിയുന്ന പരിഹാരങ്ങളാണ് ആവശ്യം. ഇതിനാവശ്യം കുട്ടികളുടെ മനഃശാസ്ത്രം അറിഞ്ഞിരിക്കുക എന്നതാണ്'' കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ കോർഡിനേറ്ററും കുട്ടികളുടെ മനഃശാസ്ത്ര വിദഗ്ധയുമായ ദിവ്യ ഗീത് പറയുന്നു.

മൂന്ന് വയസ്സ് വരെ നിർണായകം

കുട്ടികൾക്ക് ബുദ്ധിയും ഓർമ്മയും ഉറയ്ക്കാത്ത പ്രായത്തിൽ അവരോട് എന്ത് പറഞ്ഞാലും ചെയ്താലും കുഴപ്പമില്ലെന്നും സ്‌കൂളിൽ പോകാൻ തുടങ്ങുന്നതോടെയാണ് ഒരു കുട്ടി ബുദ്ധിപരമായി കാര്യങ്ങളെ വിലയിരുത്തുന്നതെന്നും അപ്പോഴുണ്ടാകുന്ന കാര്യങ്ങൾ അധ്യാപകർ നോക്കിക്കൊള്ളും എന്നൊരു ധാരണ നമ്മുടെ നാട്ടിലെ മാതാപിതാക്കൾക്കിടയിലുണ്ട്. എന്നാൽ അതല്ല വാസ്തവം. ഒരു കുട്ടിയുടെ സ്വഭാവ രൂപീകരണത്തിൽ മൂന്ന് വയസ് വരെയുള്ള പ്രായം മറ്റേത് പ്രായത്തെക്കാളും നിർണ്ണായകമാണ്. ഈ പ്രായത്തിൽ കുട്ടികളുടെ മനസിലേൽക്കുന്ന മുറിവുകൾ, ഭയങ്ങൾ, ധാരണകൾ എന്നിവ ഒരിക്കലും മാറുകയില്ല. ഉദാഹരണമായി പറഞ്ഞാൽ ഈ പ്രായത്തിൽ മാനസികവും ശാരീരികവുമായി ഒരു കുട്ടിക്ക് ഏൽക്കുന്ന മുറിവ് ആനയെ ചട്ടം പഠിപ്പിക്കുമ്പോൾ ഉണ്ടാക്കുന്ന ചട്ടവ്രണത്തിന് തുല്യമാണ്. ആഴത്തിൽ തോട്ടി കുത്തിയിറക്കി ഉണ്ടാക്കുന്ന മുറിവിൽ പാപ്പാൻ ഒരിക്കൽ കുത്തിയ വേദന പിന്നീടൊരിക്കലും ആന മറക്കില്ല. പിന്നെ ഓരോ തവണ ചട്ടം പഠിപ്പിക്കുമ്പോഴും മനസ്സിൽ ആ വേദന മാറാതെ നിൽക്കും. മൂന്ന് വയസ്സുവരെയുള്ള പ്രായത്തിൽ കുട്ടികൾക്ക് ഏൽക്കുന്ന മുറിവുകളും അത് പോലെ തന്നെയാണ്. അതിനാൽ പാരന്റിംഗിൽ ആണ് പ്രാഥമികമായും മികവ് പ്രകടമാകേണ്ടത്. വീട്ടിൽ നിന്നും പഠിച്ചെടുക്കുന്ന, അനുഭവിച്ചറിയുന്ന കാര്യങ്ങളാണ് കുട്ടികളുടെ മനസ്സിൽ ആദ്യം പതിയുന്നത്.

മാതാപിതാക്കൾ തമ്മിലെ ചുംബനം ശരിയായ ഒന്നാണെന്നാണ് വീട്ടിൽ നിന്നും അദ്വൈത് പഠിച്ചത്. എന്നാൽ അത് തെറ്റാണെന്ന് അധ്യാപിക പറഞ്ഞു. അങ്ങനെ വന്നപ്പോൾ അദ്വൈതിന്റെ മനസിലുണ്ടായത് ഒരു വലിയ ഇന്റേണൽ കോൺഫ്ലിക്റ്റ് ആണ്. ഇതിൽ ഏതാണ് ശരി? ഏതാണ് താൻ വിശ്വസിക്കേണ്ടത്? ആ കുഞ്ഞു മനസ് അസ്വസ്ഥമായതിൽ തെറ്റുപറയാനാകില്ല. ഇത് പരിഹരിക്കാൻ ഒരു ചൈൽഡ് സൈക്കോളജിസ്റ്റിന് മാത്രമേ സാധിക്കൂ. നിർഭാഗ്യകരമെന്ന് പറയട്ടെ, നമ്മുടെ വിദ്യാലയങ്ങൾ അത്തരത്തിലൊരു സേവനം ഇനിയും ലഭ്യമാക്കേണ്ടിയിരിക്കുന്നു. എന്തും ഏതും തുറന്നു പറയാനൊരു മൂന്നാമിടം ഇനിയും വിദ്യാർത്ഥികൾക്കായി രൂപപ്പെടുത്തേണ്ടിയിരിക്കുന്നു. ഇവിടെയാണ് വിദ്യാലയങ്ങളിൽ ചൈൽഡ് സൈക്കോളജിസ്റ്റ് ഉൾപ്പെടുന്ന മൂന്നാമിടങ്ങളുടെ അനിവാര്യത.

സോഷ്യൽ വർക്കിന്റെ ഭാഗമായ കൗൺസിലിംഗും ചൈൽഡ് സൈക്കോളജിയും

അധ്യാപകർക്ക് പുറമെ, കുട്ടികളെ മനസിലാക്കാനും അവരുടെ മാനസികമായ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായി സ്‌കൂൾ തലത്തിൽ ഒരു സംവിധാനം അനിവാര്യമാണെന്ന തിരിച്ചറിവിൽ നിന്നുമാണ് സർക്കാർ വിദ്യാലയങ്ങളിൽ സ്റ്റുഡന്റ് കൗൺസിലറിന്റെ പോസ്റ്റ് വന്നത്. പഠന സമ്മർദ്ദം താങ്ങാനാവാതെ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെയും  വീട്ടിലെ പ്രശ്നങ്ങൾ മൂലം പഠനം ഉപേക്ഷിച്ചവരുടെയും വിവിധങ്ങളായ ചൂഷണങ്ങൾക്ക് വിധേയരായി ഡിപ്രഷനിലേക്ക് വീണുപോയവരുടേയുമെല്ലാം കേസ് സ്റ്റഡികളിൽ നിന്നുമാണ് ഇത്തരത്തിലൊരു പോസ്റ്റിന്റെ അനിവാര്യതയിലേക്ക് വിദ്യാഭ്യാസരംഗം എത്തി ചേർന്നത്. സർക്കാർ വിദ്യാലയങ്ങളിലും ചില മുൻനിര പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത്തരത്തിലുള്ള പോസ്റ്റ് നിലവിലുണ്ട്. എന്നാൽ എന്തിനു വേണ്ടിയാണോ ഇത്തരമൊരു പോസ്റ്റ് ഉണ്ടാക്കിയത് അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിലേക്ക് കൃത്യമായി എത്തിച്ചേരാൻ ഇത് വരെ കഴിഞ്ഞിട്ടില്ല.

ഇതിനുള്ള പ്രധാന കാരണം കുട്ടികളുടെ മനഃശാസ്ത്രം പഠിച്ചവരല്ല ഈ പോസ്റ്റുകളിൽ ഉള്ളത് എന്നതാണ്. എംഎസ്ഡബ്ള്യു  (മാസ്റ്റർ ഇൻ സോഷ്യൽ വർക്ക്സ് ) കഴിഞ്ഞവരെയാണ് സ്റ്റുഡന്റ് കൗൺസിലർ പോസ്റ്റുകളിലേക്ക് എടുത്തിരിക്കികുന്നത്. അതിനാൽ തന്നെ പ്രശ്ന പരിഹാരം യഥാർത്ഥത്തിൽ കുട്ടികൾക്ക് ഫലപ്രദമാകുന്നുണ്ടോ എന്ന് വിലയിരുത്തപ്പെടുന്നില്ല. കുട്ടികളുടെ മനഃശാസ്ത്രം മനസിലാക്കി, പ്രശ്നത്തെ സമീപിക്കുകയും കുട്ടികളിലൂടെ തന്നെ പ്രശ്നപരിഹാരം കണ്ടെത്തുകയും ചെയ്യുന്ന വിദഗ്ധരെയാണ് ഇത്തരം പോസ്റ്റുകളിലേക്ക് ആവശ്യം. എന്നാൽ അതല്ല നിലവിലെ സ്ഥിതി. ഒരു കുട്ടി താൻ അമ്മയെത്തല്ലി എന്ന് പറയുമ്പോൾ , അമ്മയെ തല്ലുന്നത് തെറ്റാണെന്നും മാപ്പ് പറയണം എന്നും മാത്രം ഉപദേശിച്ച് കുറ്റബോധത്തിന്റെ പടുകുഴിയിലേക്ക് അവരെ തള്ളിവിടാതെ അമ്മയെ തല്ലാൻ ഉണ്ടായ സാഹചര്യം, അതിന്റെ കാരണങ്ങൾ, ദേഷ്യത്തെ ട്രിഗർ ചെയ്യുന്ന ഘടകങ്ങൾ എന്നിവയെല്ലാം കൃത്യമായി വേർതിരിച്ചറിയുകയും ചെയ്തത് തെറ്റാണെന്ന് നേരിട്ട് പറയാതെ തന്നെ കുട്ടികൾക്ക് തന്റെ തെറ്റ് മനസിലാക്കി നൽകുകയും ചെയ്യാൻ ഒരു ചൈൽഡ് സൈക്കോളജിസ്റ്റിന് മാത്രമേ കഴിയൂ.

ഇത് മനസിലാക്കി ഈ അധ്യയന വർഷം മുതൽ ചൈൽഡ് സൈക്കോളജി പഠിച്ചവരെ ഈ പോസ്റ്റിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ സർക്കാർ സ്‌കൂളുകൾക്ക് പുറമെ എല്ലാ എയ്‌ഡഡ്‌, അൺഎയ്ഡഡ് വിദ്യാലയങ്ങളിലും ഈ സേവനം പ്രാബല്യത്തിൽ വന്നാൽ മാത്രമേ മാതാപിതാക്കൾക്കും അധ്യാപകർക്കും അപ്പുറത്തേക്ക് മാനസികാരോഗ്യത്തിന്റെ കാര്യത്തിൽ ഒരു മൂന്നാമിടം വിദ്യാർത്ഥികൾക്ക് യാഥാർഥ്യമാകൂ.

അടുത്ത ലക്കം: വിദ്യാലയങ്ങളിലെ മാനസികാരോഗ്യം; പോരായ്മകളും സാധ്യതകളും.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing