കുട്ടികളും പ്രതിരോധചികിത്സയും
മഹാമാരിയുടേയും പകർച്ചവ്യാധികളുടേയും ഈ കാലത്ത് കുട്ടികളിലെ രോഗ പ്രതിരോധ ചികിത്സകളെക്കുറിച്ച്, ഡോ.എം.നാരായണനുമായുള്ള ഒരു അഭിമുഖം.
ഏതു പ്രായത്തിൽ ഏതൊക്കെ തരത്തിലുള്ള രോഗപ്രതിരോധ കുത്തിവെയ്പ്പുകൾ എടുക്കണം എന്നുള്ളതും അദ്ദേഹം വിശദമാക്കുന്നു.
സാൻ ചിൽഡ്രൻസ് ക്ലിനിക് മാമംഗലത്തെ കൺസൾട്ടന്റ് പീഡിയാട്രീഷ്യനും എറണാകുളം മെഡിക്കൽ സെന്റർ ശിശുരോഗ വിഭാഗം വിസിറ്റിംഗ് കൺസൾട്ടന്റുമാണ് ഡോ.എം.നാരായണൻ. കൂടാതെ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ബ്രാഞ്ച് പ്രസിഡന്റുമാണ്.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : ഡോക്ടർ, രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണെന്ന് പറയാറുണ്ട്.അപ്പോൾ ഈ പ്രതിരോധ ചികിത്സ, അതായത് വാക്സിനേഷൻ എങ്ങനെയാണ് രോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നത്?
ഡോ.എം.നാരായണൻ : തീർച്ചയായും. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ് എന്നുള്ളത് വളരെ പ്രസിദ്ധമായ ഒരു പഴഞ്ചൊല്ലാണ്. നമുക്കറിയാം ചില രോഗങ്ങൾ വന്നു കഴിഞ്ഞാൽ നമ്മുടെ ആരോഗ്യത്തിനു മാത്രമല്ല ജീവനു തന്നെ ഭീഷണിയാകാറുണ്ട്. അപ്പോൾ അങ്ങനെയുള്ള രോഗങ്ങൾക്കെതിരെ ഫലവത്തായ പ്രതിരോധ ചികിത്സ ഇന്ന് ലഭ്യമാണ്. ഉദാഹരണത്തിന് അഞ്ചാം പനി വരുന്നുവെന്ന് വിചാരിക്കുക. പലപ്പോഴും പത്തോ പതിനഞ്ചോ ദിവസത്തോളം കുട്ടിക്ക് ചികിത്സ വേണ്ടി വരും. ന്യൂമോണിയ വരാം. ചിലപ്പോൾ അത് മരണത്തിൽ തന്നെ കലാശിക്കാം. ഇതിനെതിരെ നമ്മൾ എങ്ങനെയാണ് പ്രതിരോധ ചികിത്സ നൽകുന്നത് എന്നു വെച്ചാൽ, അഞ്ചാം പനി ഉണ്ടാക്കുന്ന വൈറസിനേ നിർവീര്യമാക്കിയിട്ട്, അത് ഒരു ഇൻജക്ഷൻ വഴി നൽകുകയാണ് ചെയ്യുന്നത്. അത് കൊണ്ട് കുട്ടിക്ക് രോഗം ഉണ്ടാവുന്നില്ല. പക്ഷെ അഞ്ചാംപനി തടയാനുള്ള പ്രതിരോധ ശേഷി ലഭിക്കുന്നു. അങ്ങനെ വിവിധങ്ങളായ രോഗങ്ങൾക്കെതിരേ നിർവീര്യമാക്കപ്പെടുന്ന ബാക്ടീരിയയോ വൈറസോ അല്ലെങ്കിൽ അതിന്റെ ഘടകങ്ങളോ ഇൻജക്ഷനിലൂടെ ശരീരത്തിൽ പ്രവേശിപ്പിക്കുന്നു. ഇതിനെയാണ് നമ്മൾ വാക്സിനേഷൻ എന്ന് പറയുന്നത്. അതാണ് നമുക്ക് പ്രതിരോധശേഷി നൽകുന്നത്.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : പല അസുഖങ്ങൾക്കായി ഇത്തരം മരുന്നുകൾ ലഭ്യമാണെന്ന് ഇപ്പോൾ ഡോക്ടർ പറയുകയുണ്ടായി. ഈ പ്രതിരോധ മരുന്നുകൾ എത്രത്തോളം ഫലപ്രദമാണ് എന്നതിന് എന്താണ് തെളിവ്?
ഡോ.എം.നാരായണൻ : നമുക്ക് പ്രധാനപ്പെട്ട രണ്ട് തെളിവുകളാണ് എടുത്തു പറയാൻ പറ്റുന്നത്. സ്മോൾ പോക്സ് അല്ലെങ്കിൽ വസൂരി എന്ന രോഗം പഴയ തലമുറകളിലുള്ളവർക്കറിയാൻ പറ്റും, അത് പലപ്പോഴും മരണത്തിൽ കലാശിക്കുമായിരുന്നു. അല്ലെങ്കിൽ അന്ധതയ്ക്കു കാരണമാകുമായിരുന്നു. ശരീരം മുഴുവൻ പാടുകൾ ഉണ്ടാകുമായിരുന്നു. അങ്ങനെയുള്ളൊരു മാരകമായ രോഗമായിരുന്നു വസൂരി. അതിനെ ഈ ഭൂമുഖത്തു നിന്നും നിർമാർജനം ചെയ്തത് എല്ലാ ആളുകൾക്കും വസൂരിക്കെതിരേയുള്ള കുത്തിവെയ്പ്പ് നൽകിയാണ്. വേറൊരു രോഗമാണ് പോളിയോ. ആളുകളിൽ പരാലിസിസ്, കയ്യോ കാലോ തളർന്നു പോകുന്ന രീതിയിലുള്ള ഒരു രോഗമാണ്. അതിനെതിരെ ഫലവത്തായ തുള്ളി മരുന്നുകൾ നൽകിയിട്ട് ഇന്ന് ലോകത്തിൽ രണ്ടേ രണ്ടു രാജ്യങ്ങളിൽ മാത്രമേ പോളിയോ അവശേഷിക്കുന്നുള്ളു. അത് അഫ്ഗാനിസ്താനിലും പാക്കിസ്താനിലുമാണ്. മറ്റെല്ലാ രാജ്യങ്ങളിൽ നിന്നും പോളിയാ നിർമാർജനം ചെയ്തിരിക്കുകയാണ്. അതും ഇമ്യൂണൈസേഷൻ അല്ലെങ്കിൽ വാക്സിനേഷൻ ഫലവത്താണ് എന്നുള്ളതിന്റെ ഒരു തെളിവാണ്. മാത്രമല്ല നമ്മുടെ ഓരോ ആളുടെയും അനുഭവങ്ങളിൽ ഏതൊക്കെ രോഗങ്ങൾക്കെതിരേയാണോ നമ്മൾ വാക്സിനേഷൻ എടുത്തിട്ടുള്ളത്, ആ രോഗങ്ങൾ ആ കുട്ടിക്ക് വരുന്നില്ല എന്നും നമുക്ക് മനസിലാക്കാൻ കഴിയുന്നു.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : വിവിധ അസുഖങ്ങൾക്കായി പ്രതിരോധ മരുന്നുകൾ ലഭ്യമാണെന്ന് ഡോക്ടർ പറയുകയുണ്ടായി. ഈ പ്രതിരോധ മരുന്നുകൾ കുഞ്ഞുങ്ങളുടെ രോഗപ്രതിരോധശേഷിയേ ദുർബലമാക്കാറുണ്ടോ?
ഡോ.എം.നാരായണൻ : ഒരിക്കലുമില്ല. നേരേ മറിച്ച് കുട്ടികളുടെ രോഗപ്രതിരോധ ശേഷി കൂടുകയാണ് ചെയ്യുന്നത്.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : പണ്ടു കാലത്തെ അപേക്ഷിച്ച് കുട്ടികളിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞുവരുന്നതായി തോന്നുന്നുണ്ടോ ഡോക്ടർക്ക്?
ഡോ.എം.നാരായണൻ : ശരിക്കും അങ്ങനെയല്ല ഇപ്പോൾ സംഭവിക്കുന്നത്. രോഗപ്രതിരോധ ശേഷി കുറയുന്നില്ല. പക്ഷേ മുൻ വർഷങ്ങളിൽ സാധാരണയായിട്ട് കൂടുതലും ഇൻഫെക്ഷൻസ്, അതായത് ബാക്ടീരിയ അല്ലെങ്കിൽ വൈറസ് കൊണ്ടുള്ള അണുബാധയായിരുന്നു കൂടുതലും രോഗങ്ങൾക്ക് കാരണം. ഇന്നത് മാറിയിട്ട് കൂടുതലും അലർജി കൊണ്ടുള്ള രോഗങ്ങളാണ് കൂടുതലായിട്ട് വരുന്നത്.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : ഏതൊക്കെ രോഗങ്ങൾക്കെതിരേ ഇമ്യൂണൈസേഷൻ ലഭ്യമാണ്?
ഡോ.എം.നാരായണൻ : നമുക്ക് ഒരു കുട്ടി ജനിച്ചയുടൻ ഉള്ള കാര്യങ്ങൾ തൊട്ട് തുടങ്ങാം. പ്രസവിച്ച ഉടനെ തന്നെ ബിസിജി, ഹെപ്പറ്റൈറ്റിസ് ബി, ഓറൽ പോളിയോ ഈ മൂന്ന് വാക്സിനാണ് ഡിസ്ചാർജ് ചെയ്യുന്നതിന് മുൻപ് ആദ്യമായിട്ട് എടുക്കുന്നത്. അത് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ബാക്കി, ഏഴ് രോഗങ്ങൾക്കുള്ള പ്രതിരോധ ചികിത്സ കൂടി ലഭ്യമാണ്. പെന്റാവാക് എന്നൊരു വാക്സിനാണ് കൂടുതലായി ഉപയോഗിക്കുന്നത്. പെന്റാവാക് അഞ്ച് രോഗങ്ങൾക്ക് പ്രതിരോധശേഷി നൽകുന്ന വാക്സിനാണ്. പെന്റാ എന്നാൽ അഞ്ച് എന്നർഥമുണ്ടല്ലോ. ഡിഫ്തീരിയ അഥവാ തൊണ്ടമുള്ള്, പെർട്ടെസിസ് അഥവാ വില്ലൻചുമ, ടെറ്റനസ്, ഹെപ്പറ്റൈറ്റിസ് ബി വൈറസ് കൊണ്ടുള്ള മഞ്ഞപ്പിത്തം , ഹിബ് അഥവാ ഹിമോഫിലസ് ഇൻഫ്ലുവൻസാ ബാക്ടീരിയക്കെതിരേയുള്ള ഇൻജെക്ഷൻ, ഇവയെല്ലാം കൂടി അഞ്ച് രോഗങ്ങൾക്കുള്ള പെന്റാവാക് ആണ് പിന്നീട് ആറ് ആഴ്ചക്കുള്ളിൽ കുട്ടിക്ക് കൊടുക്കുന്നത്. അത് 10 ആഴ്ച്ച, പിന്നീട് പതിനാലാമത്തെ ആഴ്ച്ച, ഇങ്ങനെ മൂന്ന് ഡോസുകളായിട്ട് ഗവൺമെന്റ് സൗജന്യമായി എല്ലാവർക്കും ലഭ്യമാക്കുന്നുണ്ട്. അതോടൊപ്പം തന്നെ പ്രോട്ടാവൈറൽ എന്ന ഡയറിയക്കെതിരേയുള്ള, അതായത് വയറിളക്ക രോഗങ്ങൾക്കെതിരേയുള്ള പ്രോട്ടാവൈറൽ വാക്സിനും ഇതിന്റെ കൂടെ നൽകുന്നുണ്ട്. കൂടാതെ പോളിയോ വരാതിരിക്കാനായി ഇൻജക്റ്റബിൾ രൂപത്തിലുള്ള പോളിയോ ഈ മൂന്ന് മാസങ്ങൾക്കുള്ളിൽ രണ്ടു ഡോസുകളിൽ നൽകിയിരിക്കും. പിന്നെ അടുത്ത ഇൻജക്ഷൻ വരുന്നത് ഒമ്പതാമത്തെ മാസത്തിലാണ്. മീസിൽസ്, റൂബെല്ല എന്ന ജർമൻ വൈറസ് മൂലമുണ്ടാകാവുന്ന രോഗങ്ങൾ വരാതിരിക്കാനുള്ള ഇൻജക്ഷൻ കൊടുക്കുന്നു. കുഞ്ഞിന് ഒരു വയസ്സാകുമ്പോഴേക്കും പത്തു രോഗങ്ങൾക്കുള്ള പ്രതിരോധ വാക്സിനുകൾ ഗവൺമെന്റ് തലത്തിൽ നൽകുന്നു. ഇതോടൊപ്പം നമുക്ക് നൽകാനാവുന്ന മറ്റൊരു വാക്സിനുണ്ട്. ന്യൂമോകോക്കൽ വാക്സിൻ. ഇത് ഇപ്പോൾ കേരളത്തിൽ ഗവൺമെന്റ് തലത്തിൽ ലഭ്യമല്ല. ഈ വാക്സിൻ കൊടുക്കുന്നത് ന്യൂമോണിയ, മെനിൻജൈറ്റിസ് തുടങ്ങി ന്യൂമോകോക്കസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന മാരകമായ രോഗങ്ങളേ തടയാനാണ്. മിക്കവാറും പ്രൈവറ്റ് ആശുപത്രികളിലും ക്ലിനിക്കുകളിലും ന്യൂമോകോക്കൽ വാക്സിൻ ലഭ്യമാണ്. അത് കുറച്ച് വിലകൂടിയ വാക്സിനായത് കൊണ്ട് ഗവൺമെന്റ് തലത്തിൽ വന്നിട്ടില്ല. പിന്നെ ചില കുട്ടികൾക്ക് ഫ്ലു വാക്സിൻ അതായത് പ്രത്യേകിച്ചും ജൻമനാ ഉള്ള ഹൃദയ സംബന്ധമായ രോഗങ്ങളുള്ള കുട്ടികൾ, അല്ലെങ്കിൽ തുടർച്ചയായിട്ട് ആസ്ത്മയൊക്കെ പോലെ അലർജി രോഗങ്ങളുള്ള കുട്ടികൾക്കും, ഹൈ റിസ്ക്ക് ആയിട്ടുള്ള കുട്ടികൾക്കുമൊക്കെ ഫ്ളൂ വാക്സിൻ ആറാമത്തെയും ഏഴാമത്തെയും മാസങ്ങളിൽ കൊടുക്കാവുന്നതാണ്. ആദ്യത്തെ ഒരു വർഷമാണ് ഇത്രയും രോഗങ്ങൾക്കുള്ള വാക്സിനേഷൻ നമ്മൾ കൊടുക്കുന്നത്. അത് കഴിഞ്ഞ് പിന്നെ പതിനഞ്ച് മാസത്തിലാണ് ഒരു ഇൻജെക്ഷൻ വരുന്നത്. എംഎംആർ വാക്സിൻ. അത് ഗവൺമെന്റ് തലത്തിൽ ചിലപ്പോൾ ലഭ്യമാകും, ചിലപ്പൊൾ ഷോർട്ടേജ് വരാറുണ്ട്. ഒന്നര വയസിൽ ഒരു ബൂസ്റ്റർ ഉണ്ട്. അത് നേരത്തേ എടുത്ത ഡിപിറ്റി, പെന്റാവാക്ക് അതിന്റെയൊക്കെ ഒരു ബൂസ്റ്റർ ഇൻജെക്ഷൻ ആയിട്ട് കൊടുക്കുന്നവയാണ്. ഇതല്ലാതെ പ്രൈവറ്റ് മേഖലയിൽ ലഭ്യമായ മറ്റു വാക്സിനുകളേ നമുക്ക് വേണമെങ്കിൽ ഓപ്ഷണൽ എന്നു പറയാം. നല്ല വാക്സിനുകളാണ്, രോഗപ്രതിരോധ ശേഷി കൂട്ടുന്ന വാക്സിനുകളാണ്. ഹെപ്പറ്റൈറ്റിസ് എ അതായത് വെള്ളത്തിൽക്കൂടി വരുന്ന മഞ്ഞപ്പിത്തം, അതു തടയാനുള്ള വാക്സിനേഷൻ ലഭ്യമാണ്. അതുപോലെ തന്നെ ടൈഫോയിഡ് തടയാനുള്ള ഒരു വാക്സിനും ലഭ്യമാണ്. ഇത് ഒരു വയസിലോ അതു കഴിഞ്ഞ് എപ്പോൾ വേണമെങ്കിലോ എടുക്കാവുന്ന വാക്സിനുകളാണ്. ഇതു രണ്ടും ഇപ്പോൾ ഗവൺമെന്റ് ആശുപത്രികളിൽ ലഭ്യമല്ല. അതുപോലെ തന്നെ ചിക്കൻപോക്സ് വാക്സിൻ ഒരു വയസ് കഴിഞ്ഞ് എപ്പോൾ വേണമെങ്കിലും എടുക്കാം. രണ്ടു ഡോസുകൾ ആണ് എടുക്കേണ്ടത്. ഒന്നര വയസാകുമ്പോഴേക്കും ഇത്രയും രോഗങ്ങളെ നമുക്ക് തടയാനുള്ള ഇൻജെക്ഷനുകൾ ലഭ്യമാണ്. അത് കഴിഞ്ഞ് ഇതിലുള്ള ബൂസ്റ്റർ ഡോസുകൾ, ടൈഫോയ്ഡിന്റെത് ചിലപ്പൊൾ ഒരു വർഷം കഴിഞ്ഞ് എടുക്കേണ്ടിവരും. അതു കൂടാതെ അഞ്ചു വയസ്സാകുമ്പോഴാണ് സെക്കന്റ് ബൂസ്റ്റർ ആയിട്ട് നേരത്തേ പറഞ്ഞ രോഗങ്ങൾക്കെതിരേയുള്ള ബൂസ്റ്റർ വാക്സിൻ ലഭ്യമാകുന്നത്. തുടർന്നും ഈ പ്രതിരോധ ശേഷി നില നിർത്താൻ വേണ്ടി 15 വയസിൽ ഒരു ബൂസ്റ്റർ എടുക്കാറുണ്ട്. കൂടാതെ മറ്റു പല രോഗങ്ങൾക്കെതിരേയും. ഹ്യൂമൻ പാപ്പിലോമ വൈറസ് ഗർഭാശയ കാൻസറിനു കാരണമാകുന്നു എന്ന് കണ്ടെത്തിയതു കൊണ്ട് പെൺകുട്ടികൾക്ക് മാത്രം 10 വയസാകുമ്പോൾ ഇതിനെതിരേയുള്ള വാക്സിൻ ഇപ്പോൾ ലഭ്യമാണ്. അത് രണ്ടോ മൂന്നോ ഡോസ് ഡോക്ടറുടെ നിർദേശപ്രകാരവും എടുക്കാവുന്നതാണ്. ഇത്രയും രോഗങ്ങൾക്കുള്ള വാക്സിനാണ് റുട്ടീൻ ആയിട്ട് എല്ലാ സ്ഥലത്തും എടുക്കേണ്ടത്. ജപ്പാൻ ജ്വരം എന്ന് പൊതുവെ അറിയപ്പെടുന്ന ജാപ്പനീസ് ബി എൻസഫലൈറ്റിസ് കൂടുതലായിട്ടുള്ള ഇന്ത്യയിലെ തന്നെ ചില തിരഞ്ഞെടുത്ത ജില്ലകളിൽ അതിനെതിരേ തന്നെ ചില വാക്സീനുകൾ ലഭ്യമാണ്. പിന്നെ ചില കോളറ തുടങ്ങിയ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമ്പോൾ അവിടെ അതിനെതിരേയുള്ള വാക്സിൻ എടുക്കാവുന്നതാണ്. ചില ഹൈ റിസ്ക് ഗ്രൂപ്പിലുള്ള ആളുകൾക്ക് മെലിൻജോ കോക്കൽ എന്ന വാക്സിൻ എടുക്കാവുന്നതാണ്. അങ്ങനെ വിവിധങ്ങളായ ഏകദേശം ഒരു ഇരുപത് രോഗങ്ങൾക്കുള്ള വാക്സിനുകൾ ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : അപ്പോൾ ഒരു കുഞ്ഞ് തന്റെ ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിനു മുൻപായിട്ട് വിവിധ തരം അസുഖങ്ങൾക്കെതിരേ പത്തു തരം വാക്സിനുകൾ എടുത്തിരിക്കണം എന്നല്ലേ ഡോക്ടർ പറഞ്ഞു വരുന്നത്?
ഡോ.എം.നാരായണൻ : തീർച്ചയായിട്ടും.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : ഡോക്ടർ, ഈ കുത്തിവെയ്പുകൾ ക്രമമായി എടുത്ത കുട്ടികൾക്ക് പൾസ് പോളിയോ നൽകേണ്ടതുണ്ടൊ?
ഡോ.എം.നാരായണൻ : തീർച്ചയായും. എല്ലാ കുത്തിവെയ്പുകളും ക്രമമായി എടുത്തിരിക്കുന്ന കുട്ടിയാണെങ്കിലും അഞ്ചു വയസിൽ താഴെയാണെങ്കിൽ ഗവൺമെന്റ് നൽകുന്ന പൾസ് പോളിയോ എടുക്കേണ്ടതാണ്. 2021-ൽ ജനുവരി പതിനേഴാം തീയതി ഞായറാഴ്ച്ചയായിരുന്നു പൾസ് പോളിയോ ദിവസം.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : ഇത്തരം വാക്സിനുകൾ മൂലം എന്തെങ്കിലും തരത്തിലുള്ള പാർശ്വഫലങ്ങൾ കുഞ്ഞുങ്ങൾക്കുണ്ടാകാറുണ്ടോ?
ഡോ.എം.നാരായണൻ : നമ്മൾ നേരത്തേ പറഞ്ഞ വാക്സിനുകൾ എടുത്തു കഴിഞ്ഞാൽ പാർശ്വ ഫലങ്ങൾ വളരെ കുറവാണ്. ചെറിയ രീതിയിലുള്ള പനി, അല്ലെങ്കിൽ ഇൻജക്ഷനെടുത്ത ഭാഗത്ത് വേദനയുണ്ടാകുക എന്നതൊഴിച്ച് ഗുരുതരമായ പാർശ്വഫലങ്ങൾ വളരെ കുറവാണ്. ഉദാഹരണത്തിന് ഒരു ലക്ഷം കുട്ടികൾക്ക് വാക്സിനെടുക്കുമ്പോൾ ഒരാൾക്കോ മറ്റോ അപൂർവമായിട്ട് ചില സൈഡ് ഇഫക്ട്സ് വരാം. ഇപ്പോൾ വാക്സിനുകൾ വളരെ സുരക്ഷിതമാണ്, കാരണം ഒരുപാട് ട്രയൽസ് കഴിഞ്ഞ് ഒരുപാട് ആളുകളിൽ പരീക്ഷിച്ച് മാത്രമാണവ മാർക്കറ്റിലേക്ക് ഇറങ്ങുന്നത്. എന്നിട്ട് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ തന്നെ മാർക്കറ്റിൽ നിന്നും പിൻവലിക്കാറുണ്ട്. അതുകൊണ്ടാണ് നമ്മൾ ഈ കോവിഡ് വാക്സിനൊക്കെ തയാറാക്കാൻ വേണ്ടി ഇത്രയും മാസങ്ങളെടുക്കുന്നത്.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : ഓരോ വാക്സിനുകൾ കുഞ്ഞുങ്ങളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും എടുക്കേണ്ടുന്നവയാണെന്ന് ഡോക്ടർ നേരത്തേ പറയുകയുണ്ടായി. ഈ കൊറോണക്കാലത്ത് കുഞ്ഞുങ്ങളെ അധികം പുറത്ത് ഇറക്കാതെയും ആശുപത്രി സന്ദർശനങ്ങൾ കഴിവതും ഒഴിവാക്കിക്കൊണ്ടിരിക്കുന്നതുമായ അവസരത്തിൽ പലർക്കും നിർദിഷ്ട സമയത്ത് എടുക്കേണ്ടിയിട്ടുള്ള കുത്തിവെയ്പുകൾ മുടങ്ങിപ്പോയിട്ടുണ്ടാവാൻ സാധ്യതയുണ്ട്. ഈ മുടങ്ങിപ്പോയ കുത്തിവെയ്പുകൾ പിന്നീട് നൽകാവുന്നതാണോ?
ഡോ.എം.നാരായണൻ : തീർച്ചയായിട്ടും. ഇതു പോലുള്ള മഹാമാരി ഉണ്ടാകുമ്പോൾ എല്ലാ രാജ്യങ്ങളിലും അവിടത്തെ വാക്സിനേഷൻ സിസ്റ്റം ഒന്നു ബ്രേക്കൗട്ട് ചെയ്യും. കാരണം ഈ വാക്സിനേഷൻ സിസ്റ്റത്തിൽ വർക്ക് ചെയ്യുന്ന ആളുകളായിരിക്കും മഹാമാരിയുടെ നിയന്ത്രണത്തിനായി പ്രവർത്തിക്കുന്നത്. മാത്രമല്ല നമ്മുടെ ഗവൺമെന്റ് പ്രഖ്യാപിച്ചത് 2020 മാർച്ചിന് ശേഷം 10 വയസ്സിൽ താഴെയുള്ള കുട്ടികൾ കഴിയുന്നതും വീട്ടിൽത്തന്നെയിരിക്കുക. അവർ പുറത്തു പോകരുത് എന്നുള്ള നിർദേശമായിരുന്നു. അത് കൊണ്ട് തന്നെ ആദ്യത്തെ മാസങ്ങളിൽ ഒരുപാട് വാക്സിനേഷനുകൾ മുടങ്ങിപ്പോയിട്ടുണ്ടായിരുന്നു. പിന്നെ കേരള സർക്കാർ തന്നെ കൃത്യമായ സുരക്ഷിത മാനദണ്ഡങ്ങൾ ഉപയോഗിച്ചു കൊണ്ട് ഈ വാക്സിനേഷനുകൾ എടുക്കേണ്ടതാണ് എന്ന് അറിയിക്കുകയുണ്ടായി. എന്നിരുന്നാലും പല അമ്മമാരും കുട്ടികളെ വാക്സിനേഷൻ എടുക്കുന്നതിൽ നിന്നും വിമുഖത കാണിക്കുന്നുണ്ട്. നമുക്കറിയാം ഒരു സമൂഹത്തിൽ 85% കുട്ടികൾക്ക് വാക്സിനേഷൻ ലഭിച്ചാൽ മാത്രമേ രോഗങ്ങൾക്ക് ഒരു നിയന്ത്രണം ഉണ്ടാവുകയുള്ളു. ഈ കോവിഡ് കാലഘട്ടത്തിൽ ആ 85% എന്നത് താഴോട്ടു വന്ന് അമ്പതോ അറുപതോ ശതമാനമാണ് പല സ്ഥലങ്ങളിലും എത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ നമുക്ക് എത്രയും പെട്ടെന്ന് കുട്ടികൾക്ക് വിട്ടുപോയിട്ടുള്ള വാക്സിനുകൾ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ പോയിട്ട് അതു സ്വകാര്യ ആശുപത്രിയായാലും ഗവൺമെന്റ് ആശുപത്രിയായാലും ചെയ്യാം. വിട്ടുപോയിട്ടുള്ള വാക്സിനുകൾ എത്രയും പെട്ടെന്ന് എടുത്തില്ലെങ്കിൽ ആ വാക്സിന്റെ അഭാവത്തിൽ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് എല്ലാ മാതാപിതാക്കളും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതാണ്.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : അപ്പോൾ കോവിഡ് കാലത്ത് മുടങ്ങിപ്പോയ വാക്സിനുകൾ കുട്ടികൾക്ക് ലഭ്യമാക്കാൾ മാതാപിതാക്കൾ ശ്രദ്ധിക്കണം അല്ലേ ഡോക്ടർ?
ഡോ.എം.നാരായണൻ : തീർച്ചയായും.
ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് : കോവിഡ് വാക്സിൻ കുട്ടികൾക്ക് എപ്പോൾ ലഭ്യമാകും?
ഡോ.എം.നാരായണൻ : കോവിഡ് വാക്സിന്റെ മുൻഗണനാ പട്ടികയിൽ കുട്ടികൾ പെടുന്നില്ല. ആരോഗ്യ പ്രവർത്തകർ, പോലീസ് സേനാംഗങ്ങൾ, മുതിർന്ന പൗരൻമാർ തുടങ്ങിയ മുൻഗണനയിലുള്ളവർക്ക് മുഴുവൻ വാക്സിൻ ലഭ്യമായ ശേഷമാകും കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. അതിന്റെ പ്രധാന കാരണം പൊതുവേ പറയുകയാണെങ്കിൽ കോവിഡ് രോഗം കുട്ടികളിൽ ചെറിയ രീതിയിലുള്ള ഒരു രോഗമായിട്ടാണ് പലപ്പോഴും അവസാനിക്കുന്നതായിട്ട് കാണുന്നത്. ഈ ഹൈറിസ്ക് ഗ്രൂപ്പിലുള്ള ആളുകൾക്കൊക്കെ വാക്സിൻ എടുത്തതിനു ശേഷമായിരിക്കും കുട്ടികളേ കോവിഡ് വാക്സിനു വേണ്ടി തിരഞ്ഞെടുക്കുക.
അതുകൊണ്ട് തന്നെ സമൂഹത്തിലെ ഈ ഹൈറിസ്ക് വിഭാഗത്തിനു മുഴുവൻ വാക്സിൻ ലഭ്യമായിക്കഴിഞ്ഞാൽ കുട്ടികൾക്ക് പുറത്തിറങ്ങാനും ഉള്ള ഒരു സ്വാതന്ത്ര്യം ഉണ്ടാകും. ഇപ്പോൾ റിവേഴ്സ് ക്വാറന്റൈൻ, അതായത് കുട്ടികൾ വഴി വീട്ടിലുള്ള മുതിർന്ന പൗരൻമാർക്ക് അസുഖം വരാനുള്ള ഒരു സാധ്യതയുള്ളതുകൊണ്ടാണ് സ്കൂളുകൾ തുറക്കാതെയിരുന്നത്. മറ്റുള്ള ഏജ് ഗ്രൂപ്പുകളിലുള്ള ആളുകൾ സംരക്ഷിക്കപ്പെടുമ്പോൾ തീർച്ചയായിട്ടും കുട്ടികൾക്ക് കുറച്ചു കൂടി സ്വാതന്ത്ര്യം ലഭിക്കും.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.