Huddle

Share this post
വഴി തെറ്റിപ്പോകുന്ന യൗവ്വനം
www.huddleinstitute.com

വഴി തെറ്റിപ്പോകുന്ന യൗവ്വനം

Deepa Janardhanan
Jul 27, 2021
Comment
Share

എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടി എൻജിനീയറിങ്ങിന് അഡ്‌മിഷൻ നേടിയ രാഹുലിനെ ഓർത്ത് അവന്റെ മാതാപിതാക്കൾക്ക് എന്നും അഭിമാനമായിരുന്നു. പത്തു വർഷത്തെ കാത്തിരിപ്പിന് ശേഷം ആറ്റുനോറ്റുണ്ടായ ഓമന പുത്രൻ.! ഒത്തിരി പ്രതീക്ഷയോടെ അവനെ ദൂരെയുള്ള എൻജിനീയറിങ് കോളേജിൽ ചേർത്തു. പക്ഷേ ഇപ്രാവശ്യം അവൻ അവധിക്ക് വീട്ടിൽ വന്നപ്പോൾ ആകെ മാറിയിരിക്കുന്നു. അലസമായ വേഷം, മുടി വളർന്നിരിക്കുന്നു. ചുവന്ന കണ്ണുകൾ. അമ്മയെ ഒന്നു നോക്കുക പോലും ചെയ്തില്ല. നേരെ അവന്റെ മുറിയിൽ കയറി വാതിലടച്ചു. ഇടയ്ക്ക് എപ്പോഴോ ഇറങ്ങി പുറത്തു പോയി. രാത്രി ഏറെ വൈകിയാണ് തിരികെ വന്നത്. ഒപ്പം പുതിയ കുറെ കൂട്ടുകാർ. പുസ്തകം വാങ്ങാൻ പതിനായിരം രൂപ വേണമെന്ന് അവൻ അമ്മയോട് പറഞ്ഞു. അവന്റെ ഷർട്ട് അലക്കാൻ എടുത്ത അമ്മക്ക് അതിന്റെ കീശയിൽ നിന്നും ലഹരിമരുന്നിന്റെ ഒരു "പൊതി" കിട്ടി.

ഇങ്ങനെ വഴി തെറ്റുന്ന യൗവ്വനങ്ങളും അത് കണ്ട് എരിതീയിൽ നീറുന്ന അച്ഛനമ്മമാരും നമ്മുടെ സമൂഹത്തിൽ ഒരു നിത്യ കാഴ്ച്ചയാവുകയാണ്. ഈ രാഹുലും അവന്റെ മാതാപിതാക്കളും നിങ്ങളുടെ ബന്ധുക്കളാകാം, സുഹൃത്തുക്കളാകാം, അയൽക്കാരാകാം, നിങ്ങൾ തന്നെയുമാകാം.

ഇന്ത്യയിൽ ഉയർന്ന ലഹരി ഉപയോഗനിരക്കുള്ള 272 ജില്ലകളിൽ 6 എണ്ണം നമ്മുടെ കൊച്ചു കേരളത്തിലാണ്. ഏറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, ഇടുക്കി, മലപ്പുറം, കൊല്ലം എന്നിവ. ലഹരിവേട്ട നമ്മുടെ പത്രങ്ങളിലെ സ്ഥിരം വാർത്തയാണല്ലോ.

ഒരു മനുഷ്യന്റെ മസ്തിഷ്കത്തിന്റെ വളർച്ചയും വികാസവും പൂർണമാകുന്നത് ഏകദേശം 25 വയസ്സാവുമ്പോൾ മാത്രമാണ്. അപ്പോൾ മാത്രമേ നമുക്ക് ഒരു പ്രവൃത്തിയുടെ ഭവിഷ്യത്തിനെക്കുറിച്ചു കാര്യമായി ചിന്തിക്കാൻ കഴിയുകയുള്ളൂ. എടുത്തു ചാട്ടം കുറയുകയുള്ളൂ. വിവേചനബുദ്ധിയും വകതിരിവും ഉണ്ടാവുകയുള്ളൂ. അതിനാൽ തന്നെ ലഹരി ഉപയോഗം പോലുള്ള അപകടങ്ങളിലേക്ക് എടുത്തു ചാടുന്നതിന് മുൻപ് അതിന്റെ ഭവിഷ്യത്തിനെ കുറിച്ചു ചിന്തിക്കാനോ ഉചിതമായ തീരുമാനം എടുക്കാനോ യുവാക്കൾക്ക് പലപ്പോഴും കഴിയുന്നില്ല. മാത്രമല്ല കൗമാരപ്രായക്കാർ പൊതുവെ സാഹസിക പ്രിയരായിരിക്കും. ജിജ്ഞാസുക്കളുമായിരിക്കും. സൗഹൃദങ്ങൾക്ക് അമിത പ്രാധാന്യം നൽകുന്നവരുമായിരിക്കും. ലഹരിമരുന്നിന്റെ ലഭ്യതയും സുഹൃത്തുക്കളുടെ സമ്മർദ്ദവും എന്തും പരീക്ഷിക്കാനുള്ള ഉത്സാഹവും സൗഹൃദങ്ങളിൽ ചേർന്നു നിൽക്കുവാനും മാധ്യമങ്ങളിലെ പരസ്യങ്ങളുമെല്ലാം യുവാക്കളെ ലഹരിയുടെ ഇരുണ്ടലോകത്തേക്ക് തള്ളി വിടുന്നു. കൂടാതെ തൊഴിലില്ലാഴ്മ, നിരക്ഷരത, ദാരിദ്ര്യം, മാനസിക രോഗങ്ങൾ, ലൈംഗിക പീഡനങ്ങൾ, ശാരീരിക പീഡനങ്ങൾ എന്നിവയെല്ലാം ലഹരിമരുന്നുകൾക്ക് അടിമപ്പെടാൻ നിമിത്തമാകാം.

ആഘോഷവേളകളിൽ പലപ്പോഴും നമ്മൾ കൗമാരപ്രായക്കാരായ മക്കളോടൊപ്പം ഇരുന്ന് മദ്യപാനം ചെയ്യാറുണ്ട്. പലപ്പോഴും കുട്ടികളുമായി കൂടുതൽ അടുക്കാൻ വേണ്ടിയായിരിക്കും നമ്മൾ അങ്ങനെ ചെയ്യുന്നത്. ഓർക്കുക! 15 വയസ്സിന് മുൻപ് മദ്യം സേവിച്ചു തുടങ്ങുന്ന ഒരു കുട്ടി വളരുമ്പോൾ മദ്യപാനി ആവാനുള്ള സാധ്യത 50% ആണ്.

ലഹരി ഉപയോഗിക്കുന്ന വ്യക്തിക്ക് ഓരോ ലഹരിമരുന്നിനും അനുസൃതമായ മാറ്റങ്ങൾ വരാം. ചിലതിന് മയക്കമാണെങ്കിൽ ചിലതിന് ഉത്തേജനമാകാം. വിവേചനബുദ്ധി, സ്ഥലകാലബോധം, ഓർമ്മശക്തി, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവ്, പ്രശ്ന പരിഹാരം ചെയ്യാനുള്ള കഴിവ്, ഇവയെല്ലാം ഗണ്യമായി കുറയാം. ഇവയുടെയെല്ലാം അനന്തര ഫലമായി പഠനത്തിൽ പിന്നോട്ട് പോകാം. തൊഴിലില്ലായ്മ, ദാരിദ്ര്യം, ശിഥിലമായ കുടുംബബന്ധങ്ങൾ, ആത്മഹത്യാ പ്രവണത തുടങ്ങിയവയെല്ലാം ഉണ്ടാകാം. കൂടാതെ വിവേചനബുദ്ധി നഷ്ടപ്പെട്ട ഇക്കൂട്ടർ മോഷണം, പീഡനം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങളിലും ചെന്നുപെടാം. സുഹൃത്തുക്കളുമായി ലഹരിമരുന്ന്, കുത്തിവെക്കാൻ ഉപയോഗിക്കുന്ന സൂചി പങ്കുവെയ്ക്കുക വഴി എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ് - ബി, ഹെപ്പറ്റൈറ്റിസ്-സി തുടങ്ങിയ മാരകരോഗങ്ങൾ വരെ വരാം.

തൻ്റെ മകനാ മകളോ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് അച്ഛനമ്മാർ സംശയിക്കേണ്ടത് എപ്പോഴാണ്?

പുതിയ കൂട്ടുകാർ - അവരോട് ചേർന്നു പോകുന്ന വേഷവിധാനവും താടിയും മുടിയും, ദൈനംദിന കാര്യങ്ങളിലെ ശ്രദ്ധക്കുറവ്, വിശപ്പിലും ഉറക്കത്തിലും മാറ്റം, അനാവശ്യമായ ദേഷ്യവും വാശിയും, മാതാപിതാക്കളുടെ മുഖത്ത് നോക്കാതിരിക്കുക, അവരിൽ നിന്നും അകലം പാലിക്കുക, ഒറ്റക്ക് ഇരിക്കാൻ താത്പര്യം കാണിക്കുക, ശുചി മുറിയിൽ കൂടുതൽ സമയം ചെലവഴിക്കുക, മുമ്പ് താത്പര്യമുണ്ടായിരുന്ന പ്രവൃത്തികളോട് വിമുഖത കാട്ടുക, പഠനത്തിൽ പിന്നോട്ട് പോവുക, വിദ്യാലയത്തിൽ ഹാജരാകാതിരിക്കുക, കൂടെക്കൂടെ പണം ആവശ്യപ്പെടുക, മോഷ്ടിക്കുക- ഇങ്ങനെയുള്ള ലക്ഷണങ്ങളെല്ലാം അച്ഛനമ്മമാർ ശ്രദ്ധിക്കേണ്ടതാണ്.

യുവാക്കളുടെ ലഹരി ഉപയോഗത്തിൽ കുടുംബത്തിൻ്റെ പങ്ക് എന്താണെന്ന് പരിശോധിക്കാം

ക്ഷമയോടെ കുട്ടികൾ പറയുന്നത് മുഴുവൻ കേട്ടതിന് ശേഷം അവർക്ക് വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നല്കാൻ കഴിയുന്ന മാതാപിതാക്കൾ, അച്ഛനമ്മമാരുടെ സ്നേഹം, വാത്സല്യം, മേൽനോട്ടം, പിന്തുണ, ശക്തമായ കുടുംബബന്ധം എന്നിവ ഒരു പരിധി വരെ ലഹരി ഉപയോഗത്തെ ചെറുക്കാൻ യുവാക്കളെ സഹായിക്കും. എന്നാൽ രക്ഷിതാക്കളുടെ ലഹരി ഉപയോഗം, രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള വഴക്ക്, കുടുംബത്തിലെ പ്രശ്നങ്ങൾ, സഹോദരങ്ങൾ തമ്മിലുള്ള വഴക്ക്, തകർന്ന കുടുംബബന്ധങ്ങൾ എന്നിവയെല്ലാം കുട്ടികളെ ലഹരി ഉപയോഗത്തിലേക്ക് നയിക്കാം.

ലഹരി ഉപയോഗത്തിന്റെ അഗാധ ഗർത്തങ്ങളിലേക്ക് നമ്മുടെ കുട്ടികൾ വീണുപോകാതിരിക്കാൻ അച്ഛനമ്മമാർ ചെയ്യേണ്ടതെന്തെല്ലാം?

1. ലഹരി ഉപയോഗത്തേക്കുറിച്ചും അതിന്റെ മാരകഫലങ്ങളേക്കുറിച്ചും അറിഞ്ഞിരിക്കുക.

2. കുടുംബത്തിൽ വ്യക്തവും സ്ഥിരതയുള്ളതുമായ നിയമങ്ങൾ ഉണ്ടായിരിക്കണം.

3. കുട്ടികളോടൊപ്പം സമയം ചെലവഴിക്കുക

4. കുട്ടികൾ പറയുന്ന കാര്യങ്ങൾ ക്ഷമയോടെയും താൽപര്യത്തോടെയും കേൾക്കുക. ലഹരിമരുന്നിന്റെ മാരക ഫലങ്ങളെക്കുറിച്ച് കുട്ടികളുമായി ചർച്ച ചെയ്യുക.

5. ലഹരി ഉപയോഗത്തേക്കുറിച്ചുള്ള കുട്ടികളുടെ തെറ്റിദ്ധാരണകൾ തിരുത്തുക. 'മരിജ്വാന നമ്മേ ഉപദ്രവിക്കില്ല' 'എല്ലാവരും മദ്യപിക്കും' തുടങ്ങിയവ ചില തെറ്റിദ്ധാരണകളാണ്.

6. ലഹരി ഉപയോഗത്തേ പ്രോൽസാഹിപ്പിക്കുന്ന ടി.വി. പരിപാടികളേയും സിനിമകളേയും വീഡിയോ ഗെയിമുകളേയും പറ്റി കുട്ടികളുമായി ചർച്ച ചെയ്യുക. കഴിവതും അത്തരം പരിപാടികളും ഗെയിമുകളും ഒഴിവാക്കുക.

7. ലഹരി ഉപയോഗിക്കാതിരിക്കുന്നതിൽ കുട്ടികൾക്ക് രക്ഷിതാക്കൾ മാതൃകയാകണം.

8. സ്നേഹവും അനുഭവവും മാധ്യമമാക്കി പ്രശംസയും വിമർശനവും ഇടകലർത്തി, കുട്ടിയുടെ തെറ്റുകൾ തിരുത്തുക. ഒരിക്കലും കുട്ടി മോശമാണെന്ന് പറയരുത്. കുട്ടിയുടെ പ്രവൃത്തിയെയാണ് 'മോശം' എന്ന് പറയേണ്ടത്. അങ്ങനെ ചെയ്യുന്നത് അവരുടെ ആത്മവിശ്വാസത്തെ സംരക്ഷിക്കും.

9. കുട്ടികളിൽ നമുക്ക് താൽപര്യം ഉണ്ടെന്ന് കുട്ടികൾ അറിയണം. സുരക്ഷിതരായി ഇരിക്കുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിക്കുക.

10. സ്വന്തം ജീവിതത്തിന്റെ മൂല്യം ഗ്രഹിക്കാൻ കഴിഞ്ഞാൽ, ശരിയും തെറ്റും വേർതിരിച്ചറിയാൻ കഴിഞ്ഞാൽ, കുട്ടികൾക്ക് ലഹരിമരുന്നിനോടും മറ്റ് അപകട പ്രവണതകളോടും 'വേണ്ട' അഥവാ 'അരുത്' എന്ന് പറയുവാൻ കഴിയും. കുട്ടികൾ ഇതിനായി നടത്തുന്ന ശ്രമങ്ങളെ ശ്രദ്ധിക്കുക, പ്രശംസിക്കുക.

11. നല്ല ശീലങ്ങളെയും ഉത്തമ സുഹൃത്തുക്കളെയും തിരഞ്ഞെടുക്കുന്നതിനെ പ്രോൽസാഹിപ്പിക്കുക. കുട്ടികൾ ഇടപഴകുന്ന കൂട്ടുകാരെയും അയൽക്കാരെയും ശ്രദ്ധിക്കുക. ആ ബന്ധങ്ങൾ സുരക്ഷിതമാണോ എന്നും നമ്മുടെ മൂല്യങ്ങളുമായി യോജിച്ചു പോകുന്നവയാണോ എന്നും പരിശോധിക്കുക.

12. യഥാർത്ഥ സുഹൃത്ത് എങ്ങനെയുള്ള ആളായിരിക്കണം എന്ന് കുട്ടികൾക്ക് നല്ല ബോധ്യം ഉണ്ടായിരിക്കണം. കൂട്ടത്തിൽ കൂടാൻ വേണ്ടി മാത്രം നമുക്ക് 'തെറ്റ്' എന്ന് തോന്നുന്ന ഒരു കാര്യം ഒരിക്കലും ചെയ്യരുത്. യഥാർത്ഥ സുഹ്രത്തുക്കൾ ഒരിക്കലും നമ്മെ അപകടകരമായ പ്രവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കില്ല. നമുക്ക് തെറ്റാണെന്ന് ഉറച്ച വിശ്വാസമുള്ള ഒരു കാര്യം ചെയ്യാതിരുന്നാൽ നമ്മെ അവഗണിക്കുകയുമില്ല.

13. കുട്ടികളെ കായികാഭ്യാസം, ആയോധനകലകൾ, സാമൂഹിക പ്രവൃത്തികൾ, കൂടാതെ അവർക്ക് അഭിരുചിയുള്ള എന്തെങ്കിലും പ്രവൃത്തികൾ എന്നിവ ചെയ്യാൻ പ്രോൽസാഹിപ്പിക്കുക. ഇവ നല്ല ബന്ധങ്ങൾ വളർത്താനും നല്ല സ്വഭാവ രൂപീകരണത്തിനും സഹായിക്കും. കുടുംബത്തിൽ എല്ലാവർക്കും ഒന്നിച്ച് ചെയ്യാവുന്ന പ്രവൃത്തികളിൽ ഏർപ്പെടുക.

14. ഉത്തരവാദിത്ത ബോധമുള്ള വ്യക്തികളാകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുക.

സൗഹൃദങ്ങളുടെ സമ്മർദ്ദത്തിൽപ്പെടാതെ ലഹരി ഉപയോഗത്തോട് 'വേണ്ട' എന്ന് പറയാൻ നാം നമ്മുടെ കുട്ടികളെ പഠിപ്പിക്കണം. എങ്ങനെയാണ് 'വേണ്ട' എന്ന് പറയേണ്ടത് എന്ന് നോക്കാം.

1. വിനീതമായി, പക്ഷെ ഉറച്ച ശബ്ദത്തിൽ പറയണം.

2. എന്ത് കൊണ്ട് 'വേണ്ട' എന്ന് വിശദീകരിക്കണം.

3. തർക്കിക്കരുത്.

4. ദേഷ്യപ്പെടരുത്.

5. മറ്റെന്തെങ്കിലും ചെയ്യാം എന്ന് നിർദ്ദേശിക്കുക.

6. തിരിഞ്ഞു നടക്കുക.

7. ഭാവിയിൽ സമാന സാഹചര്യങ്ങൾ ഒഴിവാക്കുക.

8. തെറ്റായ സൗഹൃദങ്ങളിൽ നിന്ന് വിട്ട് നിൽക്കുക.

9. നമുക്ക് പിന്തുണ നൽകാൻ സാധ്യതയുള്ളവരെ കണ്ടുപിടിക്കുക.

10. നിങ്ങളുടെ ചിന്തകളേക്കുറിച്ച് പറയുക.

11. 'വേണ്ട' എന്ന് പറയാൻ കഴിഞ്ഞതിൽ അഭിമാനിക്കുക, സ്വയം പ്രശംസിക്കുക.

ഡേറ്റ് റേപ്പ് ലഹരി മരുന്നുകൾ എന്നാലെന്താണ്?

മണവും നിറവും ഇല്ലാത്ത ഈ ലഹരി മരുന്നുകൾ ശീതള പാനീയങ്ങളിൽ ചേർത്ത് ഇരയ്ക്ക് കൊടുക്കുന്നു. ഇവ ഉള്ളിൽച്ചെന്നാൽ പെട്ടെന്ന് തന്നെ മയക്കം, തലകറക്കം എന്നിവ ഉണ്ടാകുന്നു. തുടർന്ന് ലൈംഗിക അതിക്രമങ്ങൾക്ക് ഇരയാക്കുന്നു. നമ്മൾ പലപ്പോഴും ഇങ്ങനെയുള്ള വിഷയങ്ങൾ കുട്ടികളോട് സംസാരിക്കാൻ മടിക്കാറുണ്ട്. എന്നാൽ ഇങ്ങനെയുള്ള അപായങ്ങളെക്കുറിച്ച് അറിഞ്ഞിരുന്നാൽ മാതമേ കുട്ടികൾക്ക് അവയേ ഫലപ്രദമായി നേരിടുവാൻ കഴിയുകയുള്ളു. ഇങ്ങനെയുള്ള അപകടങ്ങളിൽ നിന്ന് സ്വയം രക്ഷിക്കുവാനായി താഴെ കൊടുക്കുന്ന മാർഗ്ഗനിർദേശങ്ങൾ കുട്ടികളുമായി പങ്കു വയ്ക്കുക.

1. ഭക്ഷണശാലകളിലും പാർട്ടികളിലും മറ്റും പോകുമ്പോൾ തങ്ങളുടെ പാനീയങ്ങൾ അശ്രദ്ധമായി എവിടെയും വയ്ക്കരുത്.

2. അപരിചിതരിൽ നിന്നും തുറന്ന കുപ്പിയിലുള്ള പാനീയങ്ങൾ സ്വീകരിക്കാതിരിക്കുക.

3. പാനീയങ്ങൾക്ക് ഉപ്പ് രസം, കയ്പ്പ് രസം, നീല നിറം, കലർപ്പ് തുടങ്ങിയവ തോന്നിയാൽ അവ കഴിക്കാതിരിക്കുക.

4. സുഹൃത്തുക്കളെ സംരക്ഷിക്കുക. നിങ്ങളുടെ സുഹൃത്ത് മദ്യമോ മറ്റോ സേവിച്ചിട്ടുണ്ടെങ്കിൽ എത്രയും വേഗം അവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക.

മാനവ സമൂഹത്തെ ആകെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഒരു മഹാവിപത്താണ് യുവാക്കളിലെ ലഹരി ഉപയോഗം. അതിനെ മറികടക്കാൻ, രാജ്യത്ത് സുശക്‌തമായ നിയമങ്ങളും നിയമവാഴ്ച്ചയും വേണം. മാത്രമല്ല, ഓരോ കുടുംബത്തിലും മാതാപിതാക്കൾക്ക് ലഹരി ഉപയോഗത്തേക്കുറിച്ച് സമകാലികമായ അറിവ് വേണം. അവർ കുട്ടികളെ സസൂക്ഷ്മം നിരീക്ഷിക്കണം. കൃത്യ സമയത്ത് വേണ്ട രീതിയിലുള്ള ഇടപെടലുകളും നടത്തണം. എങ്കിൽ മാത്രമെ നമ്മുടെ വരും തലമുറയെ നമുക്ക് ഈ ആപത്തിൽ നിന്നും രക്ഷിക്കാൻ കഴിയുകയുള്ളു.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing