ദാമ്പത്യ ജീവിതത്തിൽ ആശയ വിനിമയത്തിന്റെ പങ്ക്
ഭാര്യാഭർത്താക്കന്മാർ തമ്മിൽ പറയുകയും കേൾക്കുകയും ചെയ്യുക എന്നത് ദാമ്പത്യത്തെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിർത്താൻ ആവശ്യമായ വസ്തുതയാണ്. ഒരു മനശാസ്ത്രജ്ഞയുടെ അനുഭവത്തിലൂടെ ഹഡിൽ ഇൻസ്റ്റിറ്റ്യൂട്ട് ഈ വിഷയം നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നു.
ഭാര്യയും ഭർത്താവും തമ്മിൽ സംസാരിക്കാത്ത എത്രയോ കുടുംബങ്ങളുണ്ട്. അവനവന്റെ ജോലി, കുട്ടികൾ, അടുക്കള, കിടപ്പുമുറി ഇവയിൽ തുടങ്ങി, അവിടെ തന്നെ തീരുന്നതാണ് അവരുടെ ജീവിതം. വളരെ യാന്ത്രികമാകുന്ന ഈ സന്ദർഭങ്ങളിൽ മടുപ്പ് തോന്നുന്നത് സ്വാഭാവികമായ ഒരു കാര്യമാണ്. പലപ്പോഴും ഒന്ന് സംസാരിച്ചാൽ തീർന്നു പോകാമായിരുന്ന ഒരു വിഷയമാകും ഒരു ജീവിതമില്ലാതാക്കുന്നതിനും കാരണമാകുന്നത്. ഭർത്താവിനും ഭാര്യക്കും ഇടയിൽ മാത്രമല്ല ബന്ധങ്ങളിൽ തന്നെ കമ്യൂണിക്കേഷനെന്നത് വളരെ പ്രധാനമായ ഒരു വിഷയമാണ്. ഈ വിഷയവുമായി ബന്ധപ്പെടുത്തി ഞാനൊരു ചെറിയ അനുഭവം പറയാനാഗ്രഹിക്കുന്നു. സുഹൃത്തായതു കൊണ്ടു തന്നെ ദമ്പതികളുടെ യഥാർത്ഥ പേരു പറഞ്ഞ് പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അവരെ നമുക്ക് റീനയെന്നും റാമെന്നും വിളിക്കാം.
റീന തന്റെ പ്രശ്നങ്ങൾ സുഹൃത്തും സൈക്കോളജിസ്റ്റുമായ നിമിഷയോട് ഫോണിലൂടെ പറയുകയാണ്.
"എടോ, ഞാൻ എന്താ ചെയ്യേണ്ടത്?"
റീനയുടെ ടെൻഷൻ അവളുടെ വാക്കുകളിൽ പ്രകടമായിരുന്നു.
"അതേ, താൻ ഇപ്പൊ പറഞ്ഞ പ്രശ്നമേ, നമ്മൾ തമ്മിൽ മാത്രം സംസാരിച്ചാൽ തീരുന്നതാണെന്ന് തോന്നുന്നുണ്ടോ?"
"ഇല്ല.''
റീന മറുപടി നൽകി.
"റാമിനോടും കൂടി സംസാരിക്കാതെ ഈ വിഷയത്തിൽ എങ്ങെനയാണൊരു തീരുമാനമെടുക്കുന്നത്?"
"പക്ഷെ നീ എന്റെ ഫ്രണ്ട് അല്ലേ?"
"അതൊക്കെ ശരിയാടാ, പക്ഷെ ഒരു പ്രശ്നം പരിഹരിക്കാൻ ആഗ്രഹമുണ്ടെങ്കിലെ രണ്ട് വശവും കേൾക്കാതെ നിന്നെ മാത്രം കേട്ടാൽ പ്രശ്നം യഥാർത്ഥത്തിൽ എന്താന്ന് ഞാനെങ്ങനെ കണ്ടുപിടിക്കും? ഞാൻ നിന്റെ അടുത്ത സുഹൃത്ത് മാത്രമല്ല കേട്ടോ, ഒരു സൈക്കോളജിസ്റ്റ് കൂടിയാണ്."
"ഉം. ശരി. ഞാനെന്തായാലും നാളെ അയാളെ വിളിച്ചോണ്ട് നിന്റെ വീട്ടിലേക്ക് വരാം.''
"അതെ, അതാണ് ശരി. നീ വിഷമിക്കേണ്ടടാ. എല്ലാം ശരിയാക്കാം."
പറഞ്ഞ പോലെ രാവിലെ തന്നെ റാമും റീനയും നിമിഷയുടെ വീട്ടിലെത്തി.
"ആഹാ എത്തിയോ? വാ റീനെ... വാ, രണ്ടു പേരും വാ.... റാം... അകത്തേക്ക് വരൂ." നിമിഷ അവരെ സ്വീകരിച്ചു.
"എന്താ റീനേ ഇങ്ങനെ ടെൻഷനായിട്ടിരിക്കുന്നത്. രണ്ടു പേരെയും കൂടെ ഇരുത്തി സംസാരിച്ചാലേ എനിക്ക് അറിയാൻ പറ്റൂ. റാം പറയൂ, എന്താ പ്രശ്നം?" നിമിഷ ചോദിച്ചു.
"റീനയ്ക്കെന്താണ് പ്രശ്നം. നിന്നെ കാണാൻ വരണമെന്ന് മാത്രേ ഇവള് പറഞ്ഞിട്ടുള്ളൂ. എന്താ പ്രശ്നം?", റാം രണ്ട് പേരെയും മാറി മാറി നോക്കി.
"ഏ... റീനേ, നീ ഒന്നും ഇതുവരെ റാമിനോട് സംസാരിച്ചില്ലേ?"
"പറഞ്ഞിട്ടാണോ നിമിഷ നമ്മുടെ ഭർത്താവ് ഇതൊക്കെ അറിയേണ്ടത്."
" എന്തറിയേണ്ടത്. നിങ്ങൾ എന്താ ഈ സംസാരിക്കുന്നത്? കാര്യം പറയൂ." റാം പറഞ്ഞു.
"അതേ റാം, റീന കുറച്ചു നാളായി വല്ലാത്ത ഡിപ്രഷനിലാണ്. കാര്യങ്ങൾ നിങ്ങൾക്ക് പറഞ്ഞാൽ മനസ്സിലാവുമെന്ന് ഞാൻ വിചാരിക്കുന്നു."
"എന്താ കാര്യം?"
"നോക്ക് നിമിഷ, ഞാനൊരുപാട് സങ്കടം അനുഭവിക്കുന്നുണ്ട്. ഇതൊക്കെ റാം കാണുന്നുമുണ്ട്. എന്നിട്ടും എന്റെ മാറ്റം പോലും മനസിലാക്കാനായില്ല്യാന്ന് വെച്ചാ."
"സത്യമാണ്. ഈയിടെ ആയിട്ട് ദേഷ്യം കുറച്ചു കൂടുതലാണ്. അത് അവൾക്ക് പീരീഡ്സിന്റെ ടൈമിൽ ദേഷ്യം കൂടും. അങ്ങനെ ആയിരിക്കുമെന്നാണ് ഞാൻ കരുതിയത്." റാം പറഞ്ഞു.
"കൊള്ളാം എനിക്കെപ്പോഴാണ് പീരീഡ്സ് വരുന്നത് എന്ന് പോലും റാമിന് അറിയില്ല. അത്രേയുള്ളൂ."
" റീനേ, നീയൊന്ന് മിണ്ടാതിരിക്ക്. റാമിന് പറയാൻ അവസരം കൊടുക്കൂ."
"നിങ്ങളെന്താണ് പറയാൻ ഉദ്ദേശിക്കുന്നത്. ഞാനിവളെ ശ്രദ്ധിക്കുന്നില്ലെന്നാണോ?"
"റാം. അവൾക്ക് അവളുടെതായ ഡ്രീംസ് ഉണ്ടായിരുന്നു. അതൊക്കെ വേണ്ടെന്നു വെച്ചിട്ടാണ് അവൾ ഇപ്പോൾ റാമിനൊപ്പം താമസിക്കുന്നത്. "
"അതൊന്നും വേണ്ടാന്ന് ഞാൻ പറഞ്ഞിട്ടില്ല. അവൾക്ക് പെയിന്റിംഗ് പഠിക്കാൻ ഇഷ്ടമായതുകൊണ്ട് ഓൺലൈൻ കോഴ്സിനുള്ള ആപ്ലിക്കേഷനൊക്കെ ഞാനാണ് പൂരിപ്പിച്ചു രജിസ്റ്റർ ചെയ്തു കൊടുത്തത്. ക്യാൻവാസും പെയിന്റും ബ്രഷുമൊക്കെ വാങ്ങിക്കൊടുത്തു. അതൊന്നും ഞാൻ കണ്ടില്ലെന്ന് എങ്ങനെ പറയാനാവും." റാം മറുപടി നൽകി.
"ആണോ റീനേ?"
"ആ ശരിയാണ്. വാങ്ങിത്തന്നിട്ടുണ്ട്. പക്ഷെ ഞാൻ വരച്ച പടങ്ങൾ കൊണ്ടു കാണിച്ചാ തിരിഞ്ഞു പോലും നോക്കില്ല. അതൊന്നു വിൽക്കാൻ സഹായിക്കണമെന്നു പറഞ്ഞാൽ അതൊന്നും എന്റെ ജോലിയല്ലാന്ന് പറഞ്ഞ് ദേഷ്യപ്പെട്ടങ്ങ് പോവും."
"എനിക്കതിനെ കുറിച്ച് ഒന്നും അറിയില്ല നിമിഷ. പിന്നെന്ത് പറയാൻ. അവളാ ഫീൽഡിൽ നിൽക്കുമ്പോ അവൾക്കല്ലെ അതിന്റെ മാർക്കറ്റിംഗിനെ കുറിച്ചൊക്കെ അറിയൂ. അത് അവള് കണ്ടെത്തുകയല്ലേ വേണ്ടത്. "
"എനിക്കൊന്ന് ബിനാലെക്ക് പോണമെന്ന് പറഞ്ഞാ അതൊക്കെ ഭ്രാന്തന്മാർക്ക് പറ്റിയ പണിയാണ്, എന്നെക്കൊണ്ട് പറ്റില്ല എന്ന് പറയും." റീന തന്റെ പരാതികൾ ഒന്നൊന്നായി പറഞ്ഞു.
"എന്റെ നിമിഷ, എനിക്ക് അത്തരം കാര്യങ്ങളിൽ തീരെ താൽപ്പര്യമില്ല. കാണുന്നത് തന്നെ അസ്വസ്ഥതയുമാണ്. ഓഫീസിൽ അതിനും മാത്രം തിരക്കുണ്ട്. റീനയ്ക്ക് എവിടെ വേണെങ്കിലും പോവാല്ലോ. ആരാണവളെ കെട്ടിയിട്ടിരിക്കുന്നത്. "
" പക്ഷെ നിങ്ങൾ വരുന്ന പോലെയല്ലല്ലോ ഒറ്റയ്ക്കോ ഒരു ഫ്രണ്ടിന്റെ കൂടെയോ പോണത്. "
" പക്ഷെ എന്നെക്കൊണ്ട് സഹിക്കാൻ പറ്റിയില്ലെങ്കി ഞാനെന്ത് ചെയ്യും. കുറെയൊക്കെ കാര്യങ്ങൾ നീ തന്നെ ചെയ്യാൻ പഠിക്ക്. കുട്ടിക്കാലം മുതൽ ഓരോരുത്തർ ഓരോന്ന് ചെയ്തു കൊടുത്ത് പഠിപ്പിച്ചു. തന്നെയൊന്നും ചെയ്യാനുമറിയില്ല."
"ഇനിയെന്റെ വീട്ടുകാരെ പറഞ്ഞോ." റീന ദേഷ്യപ്പെട്ടു.
"കുറ്റപ്പെടുത്തുന്നതല്ല റീന. നീ ചെയ്യേണ്ടത് നീ തന്നെ ചെയ്യണം. എനിക്ക് ചെയ്തു തരാൻ പറ്റുന്നതിന് ഒരു പരിധിയുണ്ട്. "
" മതി, മതി. രണ്ടു പേരും നിർത്തിക്കേ. നിങ്ങൾക്കു രണ്ടു പേർക്കും നിങ്ങളുടേതായ ലോകമുണ്ട്. അത് രണ്ടും രണ്ടാണ്. റാമിന്റെ ഓഫീസ് ജോലികൾ റീനയ്ക്ക് മനസിലാവാത്തതുപോലെ റീനയുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും റാമിനും താൽപ്പര്യമില്ല. ഈ വൈരുദ്ധ്യം പരസ്പരം അംഗീകരിക്കുകയാണ് ആദ്യം വേണ്ടത്. ഓരോരുത്തർക്കും ഓരോ ഇഷ്ടങ്ങളുണ്ട്. അവരെ അതുമായി ജീവിക്കാൻ അനുവദിക്കുക. റാമിനതിൽ ഒരു ഇഷ്ടക്കുറവും ഇല്ല. പക്ഷെ റാം ഒപ്പമില്ല എന്ന തോന്നലാണ് റീനയുടെ പ്രശ്നം. പക്ഷെ റീന, എന്റെ പൊന്നു മോളെ, നമ്മുടെ സ്വപ്നം നമ്മുടേതാണ്. അമിതമായ ഡിപ്പൻഡൻസി ഒരു സ്വപ്നത്തിനൊപ്പവും ചേർന്നു പോകില്ല. നമ്മുടെ ലക്ഷ്യങ്ങൾ നമ്മൾ ഒറ്റയ്ക്ക് ചെയ്തെടുക്കുമ്പോൾ ഉള്ള ഒരു സുഖമില്ലേ, ഒരു സംതൃപ്തിയില്ലേ, അതൊന്ന് വേറെ തന്നെയാണ്."
"ശരിയാണ് നിമിഷ, പക്ഷെ റാം ഒപ്പമുള്ളതാണ് എന്റെ സന്തോഷം."
" പക്ഷെ റാമിന് റാമിന്റെതായ ഇഷ്ടങ്ങളും തിരക്കുകളുമുണ്ട്. എങ്കിലും കുറെയൊക്കെ റാം ഇവളുടെ ഇഷ്ടങ്ങളിൽ ഒപ്പം നിൽക്കണമെന്നാണ് എന്റെ ഒരഭിപ്രായം. ഇൻസ്പിറേഷൻ. അതാണ് നമുക്ക് ഒരാൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം."
"ഞാൻ സപ്പോർട്ട് ചെയ്യാം നിമിഷ. എപ്പോഴും ഓരോ സ്ഥലത്തേക്കിങ്ങനെ വിളിക്കാതിരുന്നാ മതി." റാം പറഞ്ഞു.
"റീനേ, ഒരു ചിത്രകാരിയാവുക എന്നത് നിന്റെ സ്വപ്നമാണ്. അതിന് റാം എല്ലാ പിന്തുണയും തരുന്നുണ്ട്. പക്ഷെ അയാളൊരു ആർട്ടിസ്റ്റല്ല. മനസിലാക്കാനും ബുദ്ധിമുട്ടുണ്ട്. നീ അത് മനസിലാക്കി കുറച്ച് സമയം കൊടുക്ക്. നീ സ്വയം ഒരു ചിത്രകാരിയാണെന്ന് വിശ്വസിക്കുകയും അങ്ങനെയാവാൻ ശ്രമിക്കുകയും ചെയ്യ്. പതുക്കെ പതുക്കെ റാം എല്ലാം മനസിലാക്കിയെടുത്തോളും. അല്ലെ റാം?"
"ഞാൻ ശ്രമിക്കാം. പക്ഷെ ഇതൊക്കെ ഇവൾക്ക് എന്നോട് തുറന്ന് പറഞ്ഞൂടെ."
"കേട്ടോ റീന, നീ നിന്റെ ഒരു പ്രശ്നങ്ങളും റാമിനോട് തുറന്ന് പറയാറില്ല. ബന്ധങ്ങൾ നിലനിൽക്കണമെങ്കിലേ ആശയവിനിമയം മാത്രമാണ് ഒരു വഴി. മിണ്ടാതിരുന്നാലെ എങ്ങനെയാ സ്നേഹം ഉണ്ടാവുക."
"പറയാതേം ചിലതൊക്കെ മനസിലാക്കണ്ടെ." നിമിഷ പറഞ്ഞു.
"അതേ, ഒരു കാര്യം മാത്രം ആലോചിച്ചിട്ടല്ല ഞാൻ ഓരോ ദിവസവും മുന്നോട്ട് പോവുന്നത്. ഇന്നലെ തന്നെ ഓഫീസിൽ ഓഡിറ്റിംഗ് ഉണ്ടായിരുന്നു. കണക്കിൽ ചില പ്രശ്നങ്ങൾ. അതിന്റെ പേരിൽ പാതിരാത്രി വരെ ഓഫീസിൽ നിന്ന് വിളികൾ, അതിന്റെ ഇടയിൽ ഇന്നലെ ഇവൾ യാത്ര പോവുന്നതിനെ കുറിച്ച് പറഞ്ഞു. സത്യത്തിൽ ആ വാക്ക് മാത്രേ ഞാൻ കേട്ടിട്ടുള്ളൂ. മറ്റൊന്നും ശ്രദ്ധിക്കാൻ പറ്റിയില്ല. അതിൽ പിടിച്ചാണിപ്പൊ പ്രശ്നം ഇത് വരെയെത്തിയത്."
"ഓഫീസിൽ അങ്ങനെയൊരു പ്രശ്നമുണ്ടെങ്കിൽ നീ എന്താ റാം എന്നോട് പറയാതിരുന്നത്. പറഞ്ഞാൽ അല്ലെ ഞാനറിയു. അപ്പൊ അതുപോലെ ഓരോന്ന് പറഞ്ഞ് ഞാൻ നിന്നെ ശല്യം ചെയ്യില്ലാരുന്നല്ലോ."
"തല പുകഞ്ഞിരിക്കുമ്പോ ചിലപ്പോ പറയാൻ പറ്റിയില്ലന്ന് വരും. കാര്യങ്ങൾ അറിഞ്ഞ് നീ മനസിലാക്കണം."
"അത് തന്നെയാണ് ഞാനും പറഞ്ഞത് ഞാൻ മാത്രമല്ല നീയും കാര്യങ്ങൾ പറയാതെ അറിഞ്ഞ് മനസിലാക്കണമെന്ന്."
"അല്ല നിങ്ങൾ രണ്ടാളും വല്ല ജ്യോത്സ്യവും പഠിച്ചിട്ടുണ്ടോ? പരസ്പരം പറയാതെ ഗണിച്ചെടുക്കണം എന്ന് പറയുന്നതു കൊണ്ട് ചോദിച്ചു പോയതാ കേട്ടോ.... അതേ രണ്ടു പേരും ഒന്ന് നോക്കിയെ. നമുക്കാർക്കും മറ്റൊരാളുടെ ഉള്ളിൽ എന്താ നടക്കുന്നതെന്ന് അറിയാൻ പറ്റില്ല. അത് പറയുക തന്നെ വേണം. പറയാതെ അറിയട്ടെ എന്നൊക്കെ വിചാരിക്കാൻ മാത്രേ കൊള്ളാവൂ. പക്ഷെ സീരിയസ് ആയ ഒരു കാര്യമുണ്ടെങ്കിൽ അത് പരസ്പരം ഷെയർ ചെയ്യണം. ഇന്നലെ തന്നെ റാമിന്റെ പ്രശ്നം റീനയോട് പറഞ്ഞിരുന്നെങ്കിലെ ആ പ്രശ്നം അവിടെ തീരുമായിരുന്നു. ദാ നോക്കിക്കേ ദാമ്പത്യം ആരോഗ്യത്തോടെ ഇരിക്കണമെങ്കിലെ ആദ്യം വേണ്ടത് കമ്യൂണിക്കേഷനാണ്. ഒരാളുടെ ഇഷ്ടങ്ങൾ, പ്രശ്നങ്ങൾ എല്ലാം തുറന്ന് സംസാരിക്കണം. അല്ലാതെ ഗണിച്ചറിയട്ടെ എന്ന് കരുതരുത്. റീനേ, അമിതമായ ഡിപ്പൻഡൻസി ഒരു പ്രൊഫഷണലിന് ചേർന്നതല്ല. നിന്റെ കാര്യങ്ങൾ നീ തനിച്ച് ഹാൻഡിൽ ചെയ്യാൻ പഠിക്കണം. എന്തെങ്കിലും ആവശ്യങ്ങൾ നിനക്കുണ്ടെങ്കിൽ റാമിനോട് തുറന്ന് സംസാരിക്കണം. റാം, റീന പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക് മനസിലാവുന്നില്ല എങ്കിൽ കൂടി അവളെ ഒന്ന് പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് ഒരു തെറ്റുമില്ല. അവൾക്കൊപ്പമുണ്ടെന്ന് ചെറിയ ചെറിയ പ്രോത്സാഹനങ്ങളിലൂടെ അവൾ മനസിലാക്കിക്കൊള്ളും. അങ്ങനെയല്ലേ അവരവരുടെ സ്വപ്നങ്ങളുമായി ജീവിക്കുക."
" നിമിഷ പറയുന്നത് ശരിയാ, ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ട് കുറച്ചു നാളായി. "
" ശരിയാണ്. പക്ഷേ ഞാൻ സംസാരിക്കാൻ വരുമ്പോ റാം നല്ല തിരക്കിലാവും. പിന്നെ എന്റെ മൂഡ് പോവും."
" റീന, സോറി. എനിക്ക് നിന്നെ മനസ്സിലാവുന്നുണ്ട്. ഇനി ഞാൻ ശ്രദ്ധിച്ചോളാം."
"ആഹാ, പെണ്ണിന്റെ മുഖമങ്ങ് തെളിഞ്ഞല്ലോ. എനിക്കിത് മതി. എടോ, ഈ ജീവിതമൊക്കെ ഇത്ര സീരിയസാക്കാനൊന്നുമില്ല. ഇങ്ങനെ മുഖത്ത് ഗൗരവം കൊണ്ടു വന്ന് ജീവിക്കേണ്ട കാര്യവുമില്ല. കുറേ കാര്യങ്ങളൊക്കെ സിംപിൾ ആയി കാണാൻ പഠിക്കണം."
"റാം. നിന്നോട് ചോദിക്കാതെ ഇങ്ങോട്ട് കൊണ്ടുവന്നതിന് സോറി. എനിക്ക് മരിച്ചാ മതിയെന്ന് തോന്നി. അതാ ഞാൻ..."
"ഏയ്. എടീ നീ എന്താ ഇങ്ങനെ." റാം അവളെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു.
"ആഹാ, ഇനിയിപ്പൊ കെട്ടിപ്പിടിക്കലൊക്കെയായി. ഞാനിവിടുന്ന് പൊക്കോളാവേ. അതേ, ചായ തണുത്തു പോവും മുമ്പെ കുടിച്ചിട്ട് രണ്ടു പേരും വേഗം സ്ഥലം കാലിയാക്കാൻ നോക്കിയേ. അതേ റീനേ, ഇനി ഇങ്ങനെ മരിച്ചാൽ മതീ എന്ന് തോന്നേണ്ട ഒരു കാര്യവുമില്ല കേട്ടോ. എന്തു തോന്നിയാലും ആ നിമിഷം റാമിനോട് തുറന്നു സംസാരിക്കണം. റാമിനോടും എനിക്ക് അതു തന്നെയാ പറയാനുള്ളത്. നിങ്ങൾ ടെൻഷനിലാണെങ്കിൽ അത് അവളോട് തുറന്ന് സംസാരിക്കൂ. അതനുസരിച്ച് രണ്ടു പേർക്കും അടുത്ത കാര്യങ്ങൾ ചെയ്യാൻ പറ്റും."
"ഉറപ്പായും ഞാനിനി എല്ലാം റാമിനോട് തുറന്ന് സംസാരിക്കും."
"ഞാനും. നിമിഷ, അപ്പൊ ശരി. താങ്ക്യു സൊ മച്ച്. താങ്ക്സ് ഫോർ ദ ടീ ആൻഡ് യുവർ അഡ്വൈസസ്. "
" ആയിക്കോട്ടെ. എനിക്കും സന്തോഷമായി. " നിമിഷ ചിരിച്ചു കൊണ്ട് മറുപടി നൽകി.
റീനയും റാമും സാങ്കൽപ്പികമായ രണ്ടു പേരാണ്. എന്നാൽ അവരുടെ ജീവിതവും പരിഭവങ്ങളും സങ്കൽപ്പമല്ല. കുടുംബ ജീവിതത്തിൽ പരസ്പരം സംസാരിക്കാൻ സമയം കണ്ടെത്തുന്ന ബന്ധങ്ങളിൽ നിന്ന് പ്രശ്നങ്ങൾ അകന്ന് നിൽക്കും എന്നതാണ് സത്യം. ദേഷ്യമായാലും വിഷമമായാലും പലപ്പോഴും ഈഗോ മനസിൽ വെച്ച് തുറന്ന് പറയാൻ മടിക്കുന്നവരാണ് ഏറെയും.അതിൽ സ്ത്രീ, പുരുഷൻ ഇങ്ങനെ വ്യത്യാസമൊന്നുമില്ല. ആദ്യം ആര് സംസാരിക്കും എന്ന പ്രശ്നത്തെ മറികടക്കാൻ പലർക്കും ബുദ്ധിമുട്ടാണ്. എന്നാലൊന്ന് സംസാരിച്ച് തുടങ്ങിയാലോ അലിഞ്ഞു പോകാനുള്ളതേയുള്ളൂ അവർക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങൾ. അതു കൊണ്ട് എന്തിന് കാത്തിരിക്കുന്നു. റീനയേയും റാമിനേയും പോലെ കാര്യങ്ങൾ തുറന്ന് സംസാരിച്ചു തുടങ്ങൂ. ഈഗോ ബന്ധങ്ങളെ മുറിവേൽപ്പിക്കും. വിട്ടുകൊടുക്കുക എന്നത് ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതല്ല എന്നു കൂടി പറയട്ടെ. സ്നേഹത്തിന് വേണ്ടി തുറന്ന് സംസാരിക്കുന്നിടത്ത് അല്ലെങ്കിലും എന്തിനാണ് ഈഗോ. തുറന്ന് സംസാരിക്കുകയും കേൾക്കുകയും ചെയ്യൂ. പരസ്പരം തിരിച്ചറിയാൻ അത് നിങ്ങളെ സഹായിക്കട്ടെ.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.