Huddle

Share this post
ഉത്തരവാദിത്തമുള്ള മക്കൾ ഉത്തരവാദിത്തപൂർണമായ തലമുറ
www.huddleinstitute.com

ഉത്തരവാദിത്തമുള്ള മക്കൾ ഉത്തരവാദിത്തപൂർണമായ തലമുറ

Vipin Roldant
May 27, 2021
Comment
Share

നമ്മുടെ മക്കൾ ഉത്തരവാദിത്തമുള്ളവരോ? ഈ കാലഘട്ടത്തിന്റെ ആവശ്യമാണ് ഉത്തരവാദിത്തമുള്ള മക്കളും ഉത്തരവാദിത്തപൂർണമായ തലമുറയും. ഈ കാണുന്നതിനും കേൾക്കുന്നതിനും പറയുന്നതിനും ഞങ്ങൾ ഉത്തരവാദികളേയല്ല എന്ന ഭാവത്തോടെയാണ് ഇന്നത്തെ തലമുറയിൽ പലരും പെരുമാറുന്നത്. ഉത്തരവാദിത്തബോധം മക്കളിൽ സൃഷ്ടിക്കുക ഒരു വലിയ നന്മയാണ്, പുണ്യമാണ്. കുടുംബത്തിൽ മക്കളുടെ നേട്ടങ്ങൾക്കും കോട്ടങ്ങൾക്കും അവർ ചെയ്യുന്ന തെറ്റുകൾക്കുമൊക്കെ യഥാർത്ഥത്തിൽ ഉത്തരവാദികൾ ആരാണ്? അച്ഛനോ? അമ്മയോ? അതോ മക്കളോ? മക്കളുടെ നേട്ടങ്ങളുടെ ഉത്തരവാദിത്തവും അവകാശവും ഏറ്റെടുക്കാൻ മിടുക്കു കാട്ടുന്ന മാതാപിതാക്കൾ അവരുടെ കോട്ടങ്ങളുടെ ഉത്തരവാദിത്തം കൂടിയെടുക്കാൻ മറക്കരുത്. ഉത്തരവാദിത്തം എന്ന വാക്കിന് പല അർത്ഥങ്ങളാണ്. ഞാൻ മക്കളുടെ കാര്യങ്ങളിൽ ഉത്തരവാദിത്തമുള്ള വ്യക്തിയാണ് എന്നു പറയുന്നതു പോലെ തന്നെ പ്രധാനപ്പെട്ടതാണ് കൊച്ചുകൊച്ച് ഉത്തരവാദിത്തങ്ങൾ മക്കളെ ഏൽപ്പിക്കാനും അത് ചെയ്യിക്കാനും പഠിപ്പിക്കുക എന്നതും. ചെറുപ്പകാലം തൊട്ടേ മക്കൾക്ക് ചെയ്യേണ്ട കാര്യങ്ങളിൽ അവർ ഉത്തരവാദിത്തം വഹിക്കട്ടെ. എല്ലാത്തിലും നമ്മൾ മാതാപിതാക്കൾ തലയിടാൻ ചെല്ലരുത്. ഉദാഹരണം പറഞ്ഞാൽ കുട്ടികളായിരിക്കുമ്പോൾ തന്നെ മക്കൾക്ക് സ്വന്തം പഠനമുറിയും പഠനമേശയും വൃത്തിയാക്കി വെയ്ക്കുന്നതും വസ്ത്രങ്ങൾ മടക്കി വെച്ചിരിക്കുന്ന അലമാര ക്രമീകരിക്കുന്നതുമൊക്കെ അവരവരുടെ താല്പര്യങ്ങൾക്ക് വിട്ടുകൊടുക്കുക. ചിലപ്പോൾ മാതാപിതാക്കൾ ചെയ്യുന്ന പൂർണ്ണത ഇല്ലെന്നു വരാം. എങ്കിലും മക്കൾ ചെയ്തു പഠിക്കട്ടെ. പത്താം ക്ലാസുകാരനായ മകന് ഷൂവിന്റെ ലേസ് കെട്ടി കൊടുത്തു വിടുന്ന അമ്മമാരുണ്ട് ഇപ്പോഴും. ഊണു മേശയിൽ നിന്ന് പാത്രം മാത്രമല്ല അവർ ഭക്ഷിച്ചതിന്റെ അവശിഷ്ടങ്ങൾ കൂടി പെറുക്കിയെടുത്ത് പോരുന്ന അമ്മമാരുമുണ്ട്. മക്കൾ സ്കൂളിൽ നിന്ന് വന്നു കയറുമ്പോൾ വലിച്ചെറിയുന്ന ഷൂസും ബാഗും യൂണിഫോമും പെറുക്കി നടക്കുന്ന അമ്മമാരുമുണ്ട്. നിങ്ങൾ വലിയ ദ്രോഹമാണ് മക്കളോട് കാണിക്കുന്നത്. പല അമ്മമാരും ചെയ്യുന്ന ഒരു കാര്യം കുട്ടികളെ പരമാവധി ഇക്കാര്യങ്ങളിൽ വഴക്കു പറഞ്ഞു കൊണ്ടു തന്നെ ഇവയെല്ലാം ചെയ്തു കൊടുക്കും. കുറച്ചു കഴിയുമ്പോൾ രണ്ട് ചീത്ത പറഞ്ഞാലും ഇതെല്ലാം അമ്മ ചെയ്തു കൊള്ളുമെന്ന് വിചാരിക്കുന്ന മക്കളാണ് അധികവും. ശകാരിക്കുകയല്ല വേണ്ടത്. പകരം സ്നേഹത്തോടെ അവരെ തിരികെ വിളിച്ച് ഭക്ഷണം കഴിച്ച പാത്രം കഴുകി വെയ്ക്കുവാനും വലിച്ചു വാരിയിട്ട ഷൂസും ബാഗുമൊക്കെ അടുക്കി വെയ്ക്കുവാനും നിങ്ങൾ കൂടെ നിൽക്കുക. അത് അവരുടെ തന്നെ ജോലിയാണെന്ന് കുഞ്ഞുന്നാളിലേ അവർക്ക് ബോധ്യപ്പെടട്ടെ. വീടെന്നത് എല്ലാവരുടേതുമാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങളും എല്ലാവർക്കുമുണ്ട് എന്ന ബോധ്യം ചെറുപ്പത്തിലെ ഉണ്ടായാൽ കുഞ്ഞുങ്ങൾ അവരുടെ മുറികൾ വൃത്തിയായി സൂക്ഷിക്കാനും വീട്ടു ജോലികളിൽ മാതാപിതാക്കളെ സഹായിക്കുവാനും തീർച്ചയായും ശ്രമിക്കും. 

പെൺമക്കളെ മാത്രമല്ല ആൺമക്കളെയും പാചകം പഠിപ്പിക്കണം. അമ്മയടെ മാത്രമല്ല അടുക്കളയെന്ന് അവർക്ക് മനസിലായാൽ വലുതാവുമ്പോൾ ജോലിക്കായി ലോകത്തെവിടെ താമസിക്കാനിടയായാലും ഭക്ഷണം സ്വയം ഉണ്ടാക്കി കഴിച്ച് അവർ ആരോഗ്യം സംരക്ഷിച്ചു കൊള്ളും. കടയിൽ പോയി സാധനം വാങ്ങാനും അരിയുടേയും ഉപ്പിൻ്റെയും ഉള്ളിയുടെയുമൊക്കെ വില മനസ്സിലാക്കാൻ സാധിച്ചാൽ ഒരു കുടുംബം സാമ്പത്തിക തകർച്ചയില്ലാതെ കൈപിടിച്ചു നടത്താൻ മക്കൾക്ക് സാധിക്കും. വഴിവിട്ടു ചെലവു ചെയ്യാതിരിക്കാനും അനാവശ്യ ധൂർത്തൊഴിവാക്കാനും അവർ ചെറുപ്പത്തിലേ പഠിക്കട്ടെ. അതിനായി നമ്മുടെ സാമ്പത്തിക ഭദ്രതയെക്കുറിച്ച് മക്കളെ ബോധവൽക്കരിക്കാനും മാതാപിതാക്കൾ മറക്കണ്ട. മക്കൾക്കു വേണ്ടി മാതാപിതാക്കൾ മുടക്കുന്ന ഓരോ ചില്ലിക്കാശും വിലപ്പെട്ടതാണെന്ന വലിയ ബോധ്യം അവരെ മഹാന്മാരാക്കും. മാതാപിതാക്കളുടെ അധ്വാനവും വിയർപ്പും മനസിലാക്കുന്നതു വഴി തങ്ങളുടെ പഠനത്തോടും ജീവിതത്തോടും ഉത്തരവാദിത്തബോധം പുലർത്താൻ മക്കൾക്ക് കഴിയും. അതു കൊണ്ടു തന്നെ നമ്മൾ മാതാപിതാക്കൾ ഒരു തുറന്ന പുസ്തകമായിരിക്കട്ടെ. എന്റെ മക്കളെ ഞാൻ ഒരു കഷ്ടപ്പാടും അറിയിക്കാതെയാണ് വളർത്തിയത് എന്ന് പറയുന്ന മാതാപിതാക്കളോട് നിങ്ങളുടെ മക്കളെ ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങൾ ഒന്നും ഏൽപ്പിക്കാതെയാണ് നിങ്ങൾ വളർത്തിയതെന്ന് പറയേണ്ടിവരും. ഭാവിയിൽ ഒരു കുടുംബത്തെ, സമൂഹത്തെ വാർത്തെടുക്കാൻ എങ്ങനെ ആ കുട്ടിക്ക് കഴിയും. സ്വന്തം കുടുംബത്തിൽ മാത്രമല്ല സമൂഹത്തിലും നമുക്ക് ഉത്തരവാദിത്തം ഉണ്ടെന്ന് മക്കൾ മനസിലാക്കണം. 

ചെറുപ്പകാലത്ത് ഭക്ഷണം പാഴാക്കി കളയരുതെന്ന് പറയുമ്പോൾ ഭക്ഷണമില്ലാത്തവരോട് അനുഭാവം പ്രകടിപ്പിക്കാൻ നിങ്ങൾ മക്കളെ പഠിപ്പിക്കുകയാണ്. പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ വലിച്ചെറിയരുതെന്ന് അവരോട് പറയുമ്പോൾ, പ്ലാസ്റ്റിക് നിരോധിക്കാൻ മക്കളെ പ്രോത്സാഹിപ്പിക്കുമ്പോൾ പ്രകൃതിയോടു തന്നെ ഉത്തരവാദിത്തമുള്ളവരാവാൻ പഠിപ്പിക്കുകയാണ്. പുതിയ ഉടുപ്പുകൾ വാങ്ങുമ്പോൾ പഴയ വസ്ത്രങ്ങൾ അലമാരിയിൽ തന്നെ തിക്കി നിറച്ച് വെയ്ക്കാതെ ഇല്ലാത്തവർക്കായി നൽകുമ്പോൾ പങ്കുവെക്കലിന്റെ വലിയ ഉത്തരവാദിത്തമാണ് നിങ്ങൾ മക്കളെ പഠിപ്പിക്കുക. അയൽക്കാരുടെയും അധ്യാപകരുടെയും കുറ്റങ്ങളും കുറവുകളും മക്കളുടെ മുൻപിൽ വെച്ച് പറയാതിരുന്നാൽ മറ്റുള്ളവരുടെ നന്മ കാണാനുള്ള ഒരു വലിയ ഹൃദയമാണ് നിങ്ങൾ അവർക്ക് സമ്മാനിക്കുക. വീട്ടിലെ മുതിർന്ന കുട്ടികൾ അനുജനെയും അനുജത്തിയെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്നതു വഴി വലുതാവുമ്പോഴും ആർക്കെങ്കിലും ഒരു കുറവുണ്ടെങ്കിൽ അവരെ ചേർത്തു പിടിക്കാൻ മക്കൾ പഠിക്കും. നമ്മുടെ ജീവിത സാഹചര്യങ്ങളെ മാറ്റാൻ സാധിച്ചില്ലെങ്കിലും മനോഭാവത്തെ നമുക്ക് മാറ്റാനാവും. അതു വഴി കൂടുതൽ ഉത്തരവാദിത്തമുള്ള മാതാപിതാക്കളാകാൻ നമുക്ക് ശ്രമിക്കാം, മക്കളോടും പരസ്പരവും. നമ്മുടെ മക്കൾ മിടുക്കരാവട്ടെ.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing