Huddle

Share this post
അച്ഛൻ അറിയാൻ - ഭാഗം 2
www.huddleinstitute.com

അച്ഛൻ അറിയാൻ - ഭാഗം 2

George Koshy
Jul 9, 2021
Comment
Share

അച്ഛൻ മകനോട് സംസാരിക്കേണ്ടതുണ്ട്...

"എന്റെ അച്ഛന് എന്നും തിരക്കാണ്, തിരക്കോട് തിരക്ക്.  കുഞ്ഞുന്നാളിൽ ഞാൻ അച്ഛനെ നേരാംവണ്ണം ഒന്ന് കണ്ടിട്ട് കൂടെ ഇല്ല ," പല ആൺകുട്ടികളും മുതിർന്ന് കഴിയുമ്പോൾ പരാതി പറയുന്നത് കേട്ടിട്ടുണ്ട്.  

ബാല്യത്തിൽ തങ്ങൾക്ക് കിട്ടാതെപോയ അച്ഛന്റെ സമയത്തെക്കുറിച്ച് ആണ് ഈ പരിദേവനം. 

കുട്ടികളായിരിക്കുമ്പോൾ അവർ ഈ നഷ്ടത്തെക്കുറിച്ച് അത്ര ബോധവാന്മാർ ആയിരിക്കണമെന്നില്ല. 

ആണെങ്കിൽ തന്നെ, തങ്ങൾക്ക് കിട്ടാതെ പോയതിനെപ്പറ്റി അച്ഛനോട് പരാതിപ്പെടാനോ  പിടിച്ചു വാങ്ങാനോ അവർക്ക് അന്ന് സാധിച്ചെന്നും വരില്ല. പക്ഷേ മുതിർന്നു വരുമ്പോഴാണ് അവൻ അതിനെപ്പറ്റി ബോധവാനാകുന്നത്. അപ്പോഴേക്കും വലിയ നഷ്ടങ്ങളുടെ പട്ടികയിൽ ഇത് സ്ഥാനം പിടിക്കും. ആ നഷ്ടം അപരിഹാര്യമായി മാറുകയും ചെയ്യും.

പിതാക്കന്മാർ ഇക്കാര്യത്തെക്കുറിച്ച് നന്നേ ബോധവാന്മാരായിരിക്കേണ്ടതുണ്ട്. എത്ര തിരക്കുണ്ടായാലും ബാലനായ മകനോടൊപ്പം ഓരോ ദിവസവും ഒരു മണിക്കൂറെങ്കിലും ചെലവഴിക്കാൻ അച്ഛന്മാർക്ക് കഴിയണം. 

അതും നിലവാരമുള്ള സമയം (Quality Time) തന്നെ ആയിരിക്കണം മകന് നൽകേണ്ടത്. 

നിലവാരമുള്ള  സമയം

ഒരിക്കൽ ഒരു കാഴ്ച കണ്ടു. അച്ഛനും മകനും വീടിന്റെ ഉമ്മറത്തെ തറയിലിരുന്ന് പന്തുരുട്ടി കളിക്കുകയാണ്. മൂന്നു വയസ്സുകാരൻ മകൻ അച്ഛന്റെ അടുത്തേക്ക് പന്തുരുട്ടി കൊടുക്കുന്നു. അച്ഛൻ അത് തിരികെ മകന്റെ അടുത്തേക്ക് തട്ടി വിടുകയും ചെയ്യുന്നു.  എന്നാൽ ഏറെ വൈകാതെ മകൻ കളി നിർത്തി പന്തും എടുത്തു കൊണ്ട് അകത്തേക്ക് പോയി. കാരണമെന്തെന്നോ ?

അച്ഛൻ പത്രം വായനയിൽ മുഴുകി ഇരിക്കുകയായിരുന്നു. തന്റെ അടുത്തേക്ക് പന്ത് ഉരുണ്ടു വരുമ്പോഴും, അത് തിരികെ തട്ടി വിടുമ്പോഴും അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ വാർത്തയിൽ മാത്രമാണ്. ഇത് കുട്ടിക്ക് പെട്ടെന്ന് മനസ്സിലായി. അവന് വേണ്ടിയിരുന്നത് അച്ഛന്റെ വിഭജിക്കപ്പെടാത്ത ശ്രദ്ധ ( undivided attention) ആണ്.

അച്ഛന്റെ കേവലം ഒരു കരചലനം മകനെ സംതൃപ്തിപ്പെടുത്തുകയില്ല. മറിച്ച്, പിതാവിന്റെ കണ്ണും കാതും മനസ്സും എല്ലാം അവൻ പ്രതീക്ഷിക്കുകയാണ്. അതിൽ കുറഞ്ഞതൊന്നും അവനെ സംതൃപ്തനാക്കുകയില്ല. നാം കുഞ്ഞുങ്ങളോടൊപ്പം ചെലവഴിക്കുന്ന സമയം, ഒരു പക്ഷേ ദൈർഘ്യം കുറവാണെങ്കിലും നിലവാരം (ക്വാളിറ്റി ടൈം) ഉള്ളതാവണം.

തന്റെ കാര്യത്തിൽ അച്ഛൻ തൽപരനാണ് എന്ന ചിന്ത മകന് ലഭിക്കണം. 

താൻ പറയുന്നത് അച്ഛൻ കേൾക്കും, തന്നോട് തിരിച്ചു സംസാരിക്കും  എന്നിങ്ങനെയൊക്കെയുള്ള ബോധ്യങ്ങൾ അവന്റെ മനസ്സിൽ രൂഢമൂലമാകണം.

സംസാര വിഷയങ്ങൾ

എന്തൊക്കെയാണ് അച്ഛൻ മകനോട് ചോദിക്കുകയും പറയുകയും ചെയ്യേണ്ടത് ?

പരീക്ഷയുടെ മാർക്കും സമാനഗൗരവമുള്ള ചില കാര്യങ്ങളും മാത്രമാണ് സാധാരണ പിതൃ - പുത്ര ചർച്ചാവിഷയങ്ങൾ ആകാറുള്ളത്. എന്നാൽ അച്ഛൻ മകനോടും തിരിച്ചും സംസാരിക്കുന്ന വിഷയങ്ങൾക്ക് യാതൊരു പരിധിയും ഉണ്ടാകുവാൻ പാടില്ല. സ്കൂളിലും കളി സ്ഥലങ്ങളിലും ഓരോ ദിവസവും സംഭവിച്ചതെല്ലാം വിശദമായി ചോദിച്ചറിയാൻ പിതാവിന് സാധിക്കണം. മകന്റെ കൂട്ടുകാരുടെ കാര്യങ്ങളും അച്ഛൻ ചോദിച്ചറിയേണ്ടതുണ്ട്.

ചിലപ്പോൾ മകൻ സ്കൂളിലോ വഴിയാത്രയിലോ ഉണ്ടായ സംഭവങ്ങൾ മൂലം വൃണിത ഹൃദയനായിട്ടുണ്ടാവാം. "ഓ! കുഞ്ഞിന് എന്ത് പ്രശ്നം?" എന്നായിരിക്കും അച്ഛന്റെ ചിന്ത. എന്നാൽ ആനയ്ക്ക് തടിയും ഉറുമ്പിന് അരിയും ഭാരമാണെന്ന് നാം മറക്കരുത്. ഇത്തരം  കുഞ്ഞുഭാരങ്ങളുടെ ചുമടുതാങ്ങികൾ ആകണം അച്ഛൻമാർ. പിതാവിനോടൊപ്പമുള്ള സമയം മകന്, അവൻ പോലുമറിയാതെ ഒരു സേഫ്റ്റി വാൽവ് ആകണം.

കുട്ടികൾ സ്വാനുഭവങ്ങൾ പറയുമ്പോൾ ചിലപ്പോൾ ഭാവന കൂട്ടിക്കലർത്തി പറഞ്ഞു എന്ന് വരാം. എന്നാൽ അതിൽ അച്ഛൻ അമിതമായി അസ്വസ്ഥനാകരുത്. അല്പസ്വല്പം വിട്ടുവീഴ്ചകൾ ആവാം. ആവശ്യമായ ഘട്ടങ്ങളിൽ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാം. പഠനവും സ്വഭാവവും ഒക്കെ മെച്ചപ്പെടുത്തുവാനുള്ള കാര്യങ്ങൾ പങ്കുവെക്കാം. നല്ലത് ചെയ്യുമ്പോൾ പ്രോത്സാഹിപ്പിക്കണം. 

അപ്പോൾ തന്നെ അമിതമായി മകനെ പ്രശംസിക്കരുത്. തിരുത്തണം. പക്ഷേ വല്ലാതെ കുറ്റപ്പെടുത്തുന്ന രീതിയിൽ ആകരുത് എന്ന് മാത്രം. അതാത് പ്രായത്തിൽ സ്വീകരിക്കാവുന്ന അളവിൽ ആയിരിക്കണം ഈ പങ്കു വയ്ക്കലെല്ലാം.   

നെഗറ്റീവ് വാക്കുകൾ അരുത്

മക്കളെപ്പറ്റി മറ്റുള്ളവരോട് പറയുന്ന കമന്റുകളിലും വളരെ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ഒരിക്കൽ ഒരു പിതാവ് തന്റെ മകനെ പറ്റി പറഞ്ഞത് ഞാൻ ഓർമിക്കുന്നു.

"എന്റെ അപ്പന്റെ ഗന്ധമാണ് ഇവന്. അപ്പൻ ശരിയല്ലായിരുന്നു. അതുപോലെ ഇവനും 'കൊണം' പിടിക്കാൻ പോകുന്നില്ല." 

ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്. എന്നാൽ ഇത് കേട്ടുകൊണ്ട് അടുത്തുനിന്ന മകന്റെ മുഖത്ത് യാതൊരു വികാരവും ഞാൻ കണ്ടില്ല. കാരണം, സമാനമായ പ്രസ്താവനകൾ അവൻ എത്രയോ തവണ കേട്ടു കഴിഞ്ഞിരിക്കുന്നു. അവന്റെ കർണങ്ങൾ തഴമ്പിച്ചിരിക്കുന്നു. 

 ഇത്തരം പ്രസ്താവനകൾ പിൻതലമുറയെ എത്ര വല്ലാതെ ബാധിക്കും എന്ന് പലരും ചിന്തിക്കാറില്ല. മക്കളുടെ മുൻപിലിരുന്ന് അവരെക്കുറിച്ചുള്ള നെഗറ്റീവ് കമൻറുകൾ പറയുന്നത് പൂർണ്ണമായും ഒഴിവാക്കണം.  

ചിലപ്പോൾ അവർ അറിഞ്ഞോ അറിയാതെയോ ചില കുസൃതികൾ കാട്ടി എന്ന് വരാം. പഠനത്തിൽ പിന്നാക്കം പോയെന്ന് വരാം. എന്തുതന്നെ സംഭവിച്ചാലും അവർ നിങ്ങളുടെ മക്കൾ അല്ലാതാകുന്നില്ല. അവരെ മനസ്സു കൊണ്ടോ വാക്കുകൊണ്ടോ നിരാകരിക്കുകയും നിസ്സാരവൽക്കരിക്കുകയുമരുത്. അത്തരം സമീപനങ്ങൾ കുട്ടികളെ വളരെ മാരകമായി ബാധിക്കും. ശാപവാക്കുകളോ അവജ്ഞയോടെയുള്ള ഒരു നോട്ടമോ കുഞ്ഞിനെ വല്ലാതെ തളർത്തും.  അവന്റെ മനസ്സിലേക്ക് കടന്നു കൂടുന്ന ഇത്തരം ശാപവാക്കുകൾ സൃഷ്ടിക്കുന്ന സന്ദേശം ബോധ / ഉപബോധ മനസുകളിൽ ഭ്രമണം ചെയ്തുകൊണ്ടേയിരിക്കും. ക്രമേണ അതൊരു സത്യമായി പരിണമിച്ചേക്കാം.

കുഞ്ഞു മനസ്സിൽ ചില പരാജയങ്ങളും പോരായ്മകളും സൃഷ്ടിക്കുന്ന മുറിവുകളെ വലിച്ചുകീറി വലിയ വൃണങ്ങളാക്കി മാറ്റാനേ പിതാവിന്റെ ഇത്തരം വാക്കുകളും മനോഭാവവും ഉപകരിക്കൂ.  

മകന്റെ പ്രതീക്ഷകൾ

മക്കൾക്ക് പിതാക്കന്മാരിൽ നിന്നും ചില പ്രതീക്ഷകളുണ്ട് എന്നു നാം മനസിലാക്കിയിട്ടുണ്ടോ?

എന്താണ് ഒരു മകൻ പിതാവിൽ നിന്ന് പ്രതീക്ഷിക്കുന്നത് ? ഏതു ഘട്ടത്തിലും തന്നെ വിശ്വസിക്കുന്നവൻ, എപ്പോഴും തനിക്ക് വിശ്വസിക്കാവുന്നവൻ...

അത്തരം ഒരു അച്ഛനാണ് ഇളംപ്രായത്തിൽ മകന്റെ പ്രതീക്ഷയിലുള്ള്. അവർക്കാണ് കുഞ്ഞുങ്ങളുടെ ആത്മവിശ്വാസം ശക്തമാക്കുവാൻ കഴിയുന്നത്.  

പ്രതിസന്ധി ഘട്ടങ്ങളെ നേരിടുവാൻ തക്കവണ്ണം, തന്റെ മനസ്സിന് ശക്തിയും ചൈതന്യവും പകരുന്ന ഒരു പിതാവിനെയാണ് ഏതു മകനും ആഗ്രഹിക്കുന്നത്.  ഏതൊരു പിതാവിന്റെയും പരിശ്രമം ഈ വഴിക്ക് ആയിരിക്കണം. 'അച്ഛനാണ് എന്റെ  ആത്മശക്തി' എന്ന് മകന് പറയുവാൻ സാധിക്കണം.

പിതാക്കന്മാർ ആഗ്രഹിക്കേണ്ടത്

തന്റെ കർമമാർഗത്തിൽ താൻ കീഴടക്കിയ ഗിരിശൃംഗങ്ങൾ എല്ലാം മകനും താണ്ടണം. അപ്പോൾ തന്നെ, താൻ പതറിപ്പോയ പടവുകളിൽ അവൻ പറന്നു കയറുകയും വേണം. തനിക്ക് നേടാനായതും നേടാനാകാത്തതുമെല്ലാം മകൻ സ്വന്തമാക്കണം.  ഇങ്ങനെയൊക്കെ ആഗ്രഹിക്കുന്ന അച്ഛൻമാർ ഉണ്ടാകും. പക്ഷേ ഇത് സാർത്ഥകമാകുന്ന ഒരു സ്വപ്നം ആകണമെന്നില്ല.  ഒരു കുട്ടിയെ ശരിയായി മനസ്സിലാക്കി അവനുള്ള കഴിവുകളെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നവനായിരിക്കണം പിതാവ്. മകന്റെ കഴിവുകളിലും പരിമിതികളിലും പൂർണമായും വിശ്വസിച്ച്, അവനെ പ്രോത്സാഹിപ്പിക്കുന്ന ഒരു പിതാവിനെയാണ് മകൻ  പ്രതീക്ഷിക്കുന്നത്. അത്തരം പിതാക്കന്മാരാണ് മക്കളിൽ ആത്മവിശ്വാസം പകരുന്നത്. ഈ ബോധ്യമാണ് ഓരോ പിതാവിനും ഉണ്ടാകേണ്ടത്. 

( ശേഷം അടുത്ത ലക്കത്തിൽ )

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing