ശാരീരിക-മാനസിക ആരോഗ്യത്തിന് മുൻതൂക്കം കൊടുത്തു് എങ്ങനെ വർക്ക് ഫ്രം ഹോം ചെയ്യാം ?
നാല്പതു വയസുള്ള പൗർണ്ണമി നല്ല ചുറുചുറുക്കുള്ള ഒരു അധ്യാപികയാണ്. വീട്ടിലെ കാര്യങ്ങളും, സ്കൂളിലെ ജോലിയും വളരെ ആസ്വദിച്ച് നോക്കി നടത്തിയിരുന്ന പൗർണ്ണമിക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്നാൽ ഒരാഴ്ച്ച മുന്നേ ചെറുതായി ഒരു നടുവേദന തുടങ്ങി, രണ്ടു ദിവസം കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്തു. ഡോക്ടറിനെ കണ്ടപ്പോൾ പറഞ്ഞത് കൃത്യമായ വ്യായാമവും, വിശ്രമവും ആണ് ആവശ്യമെന്നാണ്. എന്നാൽ പൗർണ്ണമിയെ സംബന്ധിച്ച് ലോക്ഡൗണിനു ശേഷം സമയമില്ലായ്മ ആണ് പ്രധാന വില്ലൻ . അപ്പോൾ എന്ത് ചെയ്യും!
ഇനി രോഹിതിന്റെയും അരുണിമയുടെയും കാര്യമെടുക്കാം. IT മേഖലയിൽ ഉയർന്ന ശമ്പളത്തിൽ ജോലിചെയ്യുന്ന ഉത്തമ ദമ്പതികൾ. എന്നാൽ വർക്ക് ഫ്രം ഹോം തുടങ്ങിയതിനു ശേഷം ആകെ പ്രശ്നമാണ്. കൗൺസിലിങ്ങിന് എത്തിയ അരുണിമ പറഞ്ഞത് രോഹിത് ഇപ്പോൾ ഒട്ടും സംസാരിക്കാറില്ല, ഒരുമിച്ചിരുന്ന് ഭക്ഷണം പോലും കഴിക്കാറില്ല, എപ്പോഴും ഓഫീസ് കോളിൽ ആണ്, ഞാൻ വിളിക്കാൻ ചെല്ലുമ്പോൾ ആംഗ്യം കാണിക്കും. യാന്ത്രികമായ ജീവിതമാണ് എനിക്ക് മടുത്തു. ഞാനും ജോലി ചെയുന്നുണ്ട്. പക്ഷേ രോഹിത്തിൻ്റെ കൂടെ ഇരിക്കാൻ ഞാൻ സമയം കണ്ടെത്താറുണ്ട്. ഇത് കേട്ടപ്പോൾ രോഹിത് പറഞ്ഞത് സ്നേഹമില്ലാത്തതു കൊണ്ടല്ല സമയം ഇല്ല എന്നാണ്.
വർക്ക് ഫ്രം ഹോം ശരിക്കും ഒരു വില്ലൻ ആണോ?
ഒരിക്കലുമല്ല !
കൃത്യമായ പ്ലാനിങ്ങും, ടൈം മാനേജ്മെന്റും ഉണ്ടേൽ വർക്ക് ഫ്രം ഹോം ശരിക്കും ഒരു അനുഗ്രഹമാണ്.
എന്നാൽ ഇവ രണ്ടുമില്ലെങ്കിൽ മാനസിക ശാരീരിക പ്രശ്നങ്ങൾക്കു പിന്നിലെ പ്രധാന വില്ലനായി വർക്ക് ഫ്രം ഹോം മാറാം.
അനുദിന ജീവിതത്തിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തിയാൽ വർക്ക് ഫ്രം ഹോം ആസ്വദിക്കാനും, ബന്ധങ്ങളിലെ ഊഷ്മളത നിലനിർത്താനും, ലൈഫ് ക്വാളിറ്റി ഉയർത്താനും സാധിക്കും.
അതെന്തൊക്കെയെന്നു നോക്കാം.
ഹോം ഓഫീസ് നിയുക്തമാക്കുക
ഏകദേശം 8 -10 മണിക്കൂർ നിങ്ങൾ ജോലി ചെയ്യാറുണ്ട്, അല്ലേ? നല്ല കാറ്റും വെളിച്ചവും ഉള്ള മുറി നിങ്ങളുടെ കാര്യക്ഷമതയ്‌ക്കൊപ്പം നിങ്ങളുടെ ശ്രദ്ധയും വർധിപ്പിക്കും. മാത്രമല്ല ഇങ്ങനെയൊരു മുറിയിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ നിങ്ങളുടെ സർക്കാഡിയൻ റിഥം കൃത്യമാവുകയും നിങ്ങൾക്ക് രാത്രിയിൽ നല്ല ഉറക്കം ലഭിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ നല്ല ഒരു മുറി തിരഞ്ഞെടുക്കുക
നല്ലൊരു വൈബ് ഉണ്ടാക്കിയെടുക്കാനും, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ വരാതിരിക്കാനും നല്ലൊരു കസേരയും മേശയും ഉപയോഗിക്കാൻ ശ്രദ്ധിക്കണം. താത്പര്യമുണ്ടെങ്കിൽ ഇൻഡോർ പ്ലാന്റ്സ് വെച്ച് മുറി അലങ്കരിക്കാം. ഈ മുറിയിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കഴിവതും ഒഴുവാക്കുക.
കൃത്യത പാലിക്കുക
ഓഫീസിൽ പോയിരുന്നു ജോലി എടുക്കുമ്പോൾ പാലിക്കുന്ന കൃത്യത വീട്ടിലും പാലിക്കുവാൻ ശ്രദിക്കണം. അങ്ങനെ ചെയ്താൽ നിങ്ങൾ ക്ഷീണിതരാവില്ല, മാത്രമല്ല സമയബന്ധിതമായി കാര്യങ്ങൾ ചെയ്തു തീർക്കാനും സാധിക്കും.
നിങ്ങളുടെ ജോലി സമയം ക്രമീകരിക്കുമ്പോൽ പരിഗണിക്കണ്ട പ്രധാന ഘടകങ്ങൾ ഇതാ:
നിങ്ങളുടെ സഹപ്രവർത്തകരുമായും ഉപഭോക്താക്കളുമായും ആശയവിനിമയം കൃത്യമായി നടക്കുന്നു എന്ന് വിലയിരുത്തുക.
നിങ്ങൾ ഏറ്റവും കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള ദിവസത്തിന്റെ സമയം കണ്ടെത്തി ആ സമയം പ്രധാന ജോലികൾ ചെയ്യുന്നു എന്ന് ഉറപ്പ് വരുത്തുക.
ജോലി സമയത്തിന് ശേഷം നിങ്ങൾക് ഇഷ്ടപെട്ട കാര്യങ്ങൾ ചെയ്യാനും, കുടുംബാംഗങ്ങൾക്ക് ഒപ്പം ചെലവഴിക്കാൻ സമയം കണ്ടെത്താനും ശ്രമിക്കണം. നിങ്ങൾ സന്തോഷമായിരുന്നാൽ മാത്രമേ നിങ്ങൾ കൂടുതൽ പ്രൊഡക്ടിവ് ആവുകയുള്ളൂ എന്നത് മറക്കരുത്.
ചെറിയ ഇടവേളകൾ എടുക്കുക
ഞാൻ എട്ടു പത്തു മണിക്കൂർ തുടർച്ചയായി ജോലി ചെയ്തു എന്ന് അഭിമാനത്തോടെ പലരും പറയുന്നത് കേൾക്കാറുണ്ട്. തുടർച്ചയായി ജോലി എടുക്കാതെ ഇടക്ക് വിശ്രമിക്കുന്നത് അത്യാവശ്യമാണ്.
മണിക്കൂറുകളോളം ഒരിടത്തുതന്നെയിരുന്നു ജോലി ചെയ്യുന്നത് ആരോഗ്യകരമല്ല. നിങ്ങളുടെ മേശയിൽ നിന്ന് എഴുന്നേറ്റ് കുറച്ച് ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതാണ് നല്ലത്. നിങ്ങൾ വീട്ടിൽ നിന്ന് ജോലി ചെയ്യുകയാണെങ്കിലും വീടിന് ചുറ്റും നടന്ന് അടുക്കളയിലേക്ക് പോയി നിങ്ങളുടെ കുപ്പി നിറയ്ക്കുക , ഓരോ മണിക്കൂറിലും ഒരു ചെറിയ ഇടവേള എടുത്ത് സ്ട്രെച്ചിംഗ് വ്യായാമങ്ങൾ ചെയ്യുവാനൊക്കെ ശ്രദിക്കണം.
മിനി ബ്രേക്കുകൾ എടുക്കുന്നത് വഴി നിങ്ങൾക്ക് നന്നായി നിങ്ങളുടെ ജോലിയിൽ ഫോക്കസ് ചെയ്യാൻ സഹായിക്കും. ഒരു ഇടവേള എടുക്കുമ്പോൾ, ജോലി ചെയുന്ന മുറിയിൽ നിന്ന് മാറുക. ഇത് അഞ്ച് മിനിറ്റാണെങ്കിൽ പോലും, കമ്പ്യൂട്ടർ/ലാപ്ടോപ്പ് എന്നിവയിൽ നിന്ന് മാറിനിൽക്കുക. ഒരു മിനി ഇടവേള എടുക്കുന്നതിനു വേണ്ടി നിങ്ങൾക് നിങ്ങളുടെ കുടുംബാംഗങ്ങളുമായി സംസാരിക്കാം, ഒരു പാട്ട് കേൾക്കാം, പഴമോ സാലഡോ ആസ്വദിച്ച് കഴിക്കുകയോ ചെയാം.
വിവരങ്ങൾ പ്രോസസ്സ് ചെയ്യാനും നിലനിർത്താനും ഇടവേളകൾ നിങ്ങളെ സഹായിക്കുന്നു. ഇതിലൂടെ
നിങ്ങൾ കൂടുതൽ ക്രിയാത്മകമായിരിക്കും.
ആരോഗ്യകരമായ ശീലങ്ങൾ വളർത്തിയെടുക്കാൻ ഇടവേളകൾ നിങ്ങളെ സഹായിക്കും.
പതിവായി ഇടവേളകൾ എടുക്കുന്നത് നിങ്ങളെ കൂടുതൽ ഉൽപ്പദനക്ഷമതയുള്ളവരാക്കാൻ സഹായിക്കുന്നു.
ഇതിനോടൊപ്പം തന്നെ നന്നായി ഭക്ഷണം കഴിക്കുവാനും സുഖമായി ഉറങ്ങുവാനും ശ്രമിക്കണം. പതിവായി വ്യായാമം ചെയ്യുന്നതിനും സമയം കണ്ടെത്തണം. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതും, വ്യക്തി -ജീവിതത്തിനും ജോലിക്കും ഇടയിൽ കൃത്യമായ ഒരു അതിർത്തി വെക്കുന്നതും വഴി വർക്ക് ഫ്രം ഹോം ഒരു അനുഗ്രഹമായി മാറും എന്നത് തീർച്ച.
🤝👏
Useful Article