കാവലൊരുക്കാം മനസ്സിന് - ഭാഗം 4
മക്കളുടെ മനസ്സറിയാത്ത മാതാപിതാക്കളേ, എങ്ങോട്ടാണീ പരക്കം പാച്ചിൽ ?
2020 ആഗസ്റ്റ് മാസത്തിലാണ് കോളിളക്കം സൃഷ്ടിച്ച ആന്‍മരിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നത്.കാസര്‍ഗോഡ് ബളാല്‍ സ്വദേശിയായ ആന്‍മരിയ എന്ന പതിനാലുകാരി വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചതിനെത്തുടര്‍ന്നുണ്ടായ അന്വേഷണത്തിലാണ് 19 വയസുള്ള സഹോദരന്‍ ആല്‍ബിന്‍ ബെന്നി പിടിയിലാകുന്നത്.അച്ഛനും അമ്മയും രണ്ടു മക്കളും അടങ്ങുന്ന ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. പിടിയിലായ പ്രതിയില്‍ നിന്നും പോലീസ് വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞതോടെ നാട് ഒന്നടങ്കം ഞെട്ടി.
നാലരയേക്കറോളം വരുന്ന കുടുംബസ്വത്ത് അനിയത്തിക്ക് ഭാഗിച്ചു പോകാതിരിക്കാന്‍ വേണ്ടിയായിരുന്നു ആല്‍ബിന്‍ എന്ന കൗമാരക്കാരന്‍ അവള്‍ക്ക് ഐസ്‌ക്രീമില്‍ വിഷം ചേര്‍ത്തു നല്‍കിയത്. അനിയത്തിക്കൊപ്പം അച്ഛന്‍ ബെന്നിയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായി. തുടരന്വേഷണത്തില്‍ മറ്റൊന്ന് കൂടി മനസിലായി. ആല്‍ബിന്‍ തന്റെ അനിയത്തിയുടെ കൊലപാതകത്തിനായുള്ള ശ്രമങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇറച്ചിക്കറിയില്‍ എലിവിഷം ചേര്‍ത്തായിരുന്നു ആദ്യ ശ്രമം. എന്നാല്‍ അത് വീര്യം കുറവായ വിഷമായതിനാല്‍ ലക്ഷ്യം കണ്ടില്ല. പിന്നീടാണ് ഉയര്‍ന്ന വീര്യമുള്ള വിഷം സംഘടിപ്പിച്ച് ഐസ്‌ക്രീമില്‍ ചേര്‍ത്ത് നല്‍കിയത്. മാത്രമല്ല, കൊലപാതകത്തിന് ശേഷം തെളിവുകള്‍ നശിപ്പിക്കാനും പ്രതി മറന്നില്ല.
സ്വത്തിനോടുള്ള അമിതമായ ആഗ്രഹം മാത്രമായിരുന്നില്ല ഈ കുറ്റകൃത്യത്തിന് പിന്നില്‍. താന്‍ അശ്ളീല വീഡിയോകള്‍ കാണുന്നത് അനിയത്തി കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ദേഷ്യവും തന്റെ വ്യത്യസ്തമായ ജീവിതരീതികളോട് യോജിക്കാത്ത മാതാപിതാക്കളോടുള്ള ഏതിര്‍പ്പുമെല്ലാം കൊലപാതകത്തിനുള്ള കാരണമായി. അനിയത്തിയെ കൊലപ്പെടുത്തി സ്വത്തെല്ലാം സ്വന്തമാക്കി നാടുവിടാനായിരുന്നു ആല്‍ബിന്റെ പദ്ധതി. പ്രായപൂര്‍ത്തി ആയതിനാല്‍ ആല്‍ബിന്‍ ചെയ്തകുറ്റം ഒരു ജുവനൈല്‍ ക്രൈം ആയിരുന്നില്ല. തെളിവെടുപ്പിനും മറ്റുമായി വീട്ടിലേക്ക് കൊണ്ടുപോയപ്പോള്‍ ഒന്നുംതന്നെ ആല്‍ബിന്റെ മുഖത്ത് യാതൊരുവിധ കുറ്റബോധവും കണ്ടില്ല. തന്റെ മകന്റെ മനസ്സില്‍ ഇത്രയും വിഷമുണ്ടാകുമെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് പറഞ്ഞാണ് അന്ന് ആല്‍ബിന്റെ മാതാപിതാക്കള്‍ കരഞ്ഞത്.
ചെറുപ്രായത്തില്‍ തന്നെ കുറ്റകൃത്യങ്ങളിലേക്കും അപകര്‍ഷതാബോധത്തിലേക്കും, അക്രമവാസനയിലേക്കുമെല്ലാം തിരിയുന്ന കുട്ടികളുടെ ഒരു പ്രതിനിധി മാത്രമാണ് ആല്‍ബിന്‍. ഇത് പോലെ എത്രയോ കുട്ടികള്‍ നമുക്കിടയില്‍ കലങ്ങിമറിഞ്ഞ മനസും ചിന്തകളുമായി നിശബ്ദം ജീവിക്കുന്നു. ഇതില്‍ വിഷാദത്തിന് അടിമയായവര്‍, പലവിധത്തിലുള്ള ചൂഷണങ്ങള്‍ക്ക് ഇരയായവര്‍, പഠനവൈകല്യങ്ങള്‍ ഉള്ളവര്‍ എന്നിങ്ങനെ പലരും കാണും. ഇവരില്‍ ഭൂരിഭാഗം കുട്ടികളും തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടി വലിയ ദുരന്തങ്ങളില്‍ എത്തിച്ചേരുന്നവരാണ്. അതിനുള്ള പ്രധാന കാരണം തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, അരക്ഷിതാവസ്ഥകള്‍ എന്നിവ തുറന്നു പറയാനും അത് കേള്‍ക്കാനും ഒരാളില്ല എന്നതാണ്.
മക്കളെ അറിയാത്ത, മക്കളുടെ മനസ്സറിയാത്ത, അവരുടെ പ്രശ്‌നങ്ങളറിയാത്ത മാതാപിതാക്കള്‍ ഇവിടെയുണ്ടെന്നതിനുള്ള തെളിവാണ് ചൈല്‍ഡ് സൈക്കോളജിസ്റ്റുകളുടെ അരികിലേക്കെത്തുന്ന ഓരോ കേസുകളും. ഞാന്‍ എന്റെ മക്കളെ സ്‌നേഹിക്കുന്നു, അവര്‍ക്കായി ഞാന്‍ വിലയേറിയ സൗകര്യങ്ങള്‍ ചെയ്തുകൊടുക്കുന്നു എന്ന് പറയുന്നതില്‍ മാത്രം കാര്യമില്ല. നിങ്ങള്‍ നിങ്ങളുടെ മക്കളെ സംബന്ധിച്ച് നല്ലൊരു ശ്രോതാവാണോ? അവര്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ നിങ്ങളോട് തുറന്നു പറയാറുണ്ടോ ? നിങ്ങള്‍ അത് കേള്‍ക്കാന്‍ ഇരുന്നുകൊടുക്കാറുണ്ടോ ? കുറഞ്ഞപക്ഷം നിങ്ങളുടെ മകന്റെ / മകളുടെ ഏറ്റവും അടുത്ത സുഹൃത്താരാണ്, ഏത് വിഷയമാണ് പഠിക്കാന്‍ വിഷമം ? തുടങ്ങിയ ചെറിയ കാര്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നുണ്ടോ ? ഇല്ലെങ്കില്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ ഒരു പുനര്‍വിചിന്തനം ആവശ്യമാണ്.
പേരന്റിംഗ് എന്നാല്‍ ഉണ്ണാനും ഉടുക്കാനും നല്‍കലല്ല.
കേരളത്തിലെ ജുവനൈല്‍ ഹോമുകളിലേക്കും ചൈല്‍ഡ് സൈക്കോളജിസ്റ്റുകളുടെ പേഷ്യന്റ് ലിസ്റ്റിലേക്കും നോക്കിയാല്‍ മനസിലാകുന്ന ഒന്നുണ്ട്. അവിടെയെത്തുന്ന കുട്ടികള്‍ ആരും തന്നെ യഥാര്‍ത്ഥത്തില്‍ അവിടെ എത്തേണ്ടവരല്ല. സാഹചര്യമാണ് ഇവിടെ വില്ലനായി മാറുന്നത്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം പലകുറി മനസ് താളം തെറ്റുമ്പോള്‍ മുന്നോട്ട് നയിക്കാനുള്ള പ്രേരകശക്തിയായി, തെറ്റില്‍ നിന്നും ശരിയിലേക്ക് വഴിതിരിച്ചുവിടാനുള്ള ചാത്രശക്തിയായി, മനസ് ഇടറുമ്പോള്‍ കൈപിടിച്ചു നടത്താനുള്ള താങ്ങായി കൂടെ ആരുമില്ല എന്നതാണ് കുട്ടികളെ അബ്‌നോര്‍മല്‍ ആക്കിമാറ്റുന്നത്. അടുത്തിടപഴകത്തക്കരീതിയില്‍ മാതാപിതാക്കളെ അരികില്‍ കിട്ടിയിരുന്നെങ്കില്‍ ഇക്കൂട്ടരില്‍ പലരുടെയും പ്രശ്‌നങ്ങളും തുടക്കത്തിലേ കണ്ടെത്തി പരിഹരിക്കാന്‍ സാധിക്കുമായിരുന്നു. എന്ത്‌കൊണ്ട് അതിനു സാധിക്കുന്നില്ല എന്നിടത്ത് നിന്നുമാകണം മാറ്റം പ്രവര്‍ത്തികമാകേണ്ടത്.
പലപ്പോഴും കുട്ടികള്‍ ഒരു പ്രശ്‌നത്തില്‍ അകപ്പെടുമ്പോള്‍ അല്ലെങ്കില്‍ അവര്‍ക്ക് സൈക്യാട്രിസ്റ്റിന്റെ സഹായം ആവശ്യമാകുന്ന ഘട്ടം വരുമ്പോള്‍ മാതാപിതാക്കള്‍ ചോദിക്കുന്ന ഒന്നാണ്, ''അവര്‍ക്ക് എന്തിന്റെ കുറവായിരുന്നു ? ഞാന്‍ രാപകലില്ലാതെ അധ്വാനിക്കുന്നതും എല്ലാവിധ സൗകര്യങ്ങളോടും കൂടി അവരെ വളര്‍ത്തുന്നതും ഇതിനായിരുന്നോ''! ശരിയാണ് നിങ്ങള്‍ അവര്‍ക്ക് എല്ലാവിധ സൗകര്യങ്ങളും നല്‍കി, എന്നാല്‍ കുട്ടികളോടൊപ്പം കളിച്ചിട്ടുണ്ടോ ? മനസ് തുറന്നു സംസാരിച്ചിട്ടുണ്ടോ ? തമാശകള്‍ പങ്കുവച്ചിട്ടുണ്ടോ ? ഇല്ലെങ്കില്‍ അത് തന്നെയാണ് ഏറ്റവും വലിയ കുറവ്.
ശ്രദ്ധക്കുറവ് എന്ന വില്ലന്‍
മകള്‍ ശിവാനിയുടെ മൊബൈല്‍ ഉപയോഗം അതിരുകടക്കുന്നു എന്ന് പറഞ്ഞാണ് കൊച്ചിയിലെ ഒരു പ്രമുഖ സൈക്യാട്രിസ്റ്റിനെ തേടി 12 കാരിയുടെ മാതാപിതാക്കള്‍ എത്തിയത്. ശരിയാണ് പബ്ജിയും മറ്റ് വീഡിയോ ഗെയിമുകളും ഒക്കെയായി കുട്ടി മുഴുവന്‍ സമയം മൊബൈലിലാണ്. ഇതേപ്പറ്റി അച്ഛമ്മയുടെ പരാതി സ്ഥിരമായപ്പോഴാണ് എന്‍ജിനീയര്‍ ദമ്പതിമാരായ മാതാപിതാക്കള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത്. ഫോണ്‍ ഉപയോഗം കുറയ്ക്കണം എന്ന് പറഞ്ഞതോടെ കുട്ടി വയലന്റ് ആയി. ഉറക്കെ കരഞ്ഞു, മാതാപിതാക്കളോട് കയര്‍ത്തു സംസാരിച്ചു. കുട്ടിയുമായി കൂടുതല്‍ സംസാരിച്ചപ്പോള്‍ ആണ് ഡോക്റ്റര്‍ക്ക് ഒരുകാര്യം മനസിലായത്. രാവിലെ ജോലിക്ക് പോകുന്ന മാതാപിതാക്കള്‍ തിരികെയെത്താന്‍ ഏറെ വൈകും. വീട്ടില്‍ ആകെയുള്ളത് അച്ഛമ്മയാണ്. അവരാണെങ്കില്‍ ഭക്തിപരമായ കാര്യങ്ങളില്‍ മുഴുകി ജീവിക്കുന്നു. കുട്ടിക്ക് സംസാരിക്കാന്‍ പോലും വീട്ടില്‍ ആരുമില്ലാത്ത അവസ്ഥ. അത്തരത്തിലുണ്ടായ ഏകാന്തതയാണ് അവളെ ഗെയിമുകള്‍ക്ക് അടിമയാക്കിയത്. ഇക്കാര്യം മനസിലാക്കാന്‍ പോലും മാതാപിതാക്കള്‍ക്ക് കഴിഞ്ഞില്ല.
നിയന്ത്രിക്കേണ്ട സമയത്ത് മകളുടെ മൊബൈല്‍ ഉപയോഗം നിയന്ത്രിച്ചില്ല എന്ന് മാത്രമല്ല, മൊബൈലിന് അടിമയാകുന്ന തലത്തിലേക്ക് ആ കുട്ടിയെ നയിച്ചത് മാതാപിതാക്കളുടെ അശ്രദ്ധയാണുതാനും. തന്നെ ശ്രദ്ധിക്കാനും സ്‌നേഹിക്കാനും ആരുമില്ല എന്ന തോന്നലിലാണ് ശിവാനി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാകുന്നത്. ഉണ്ണാനും ഉടുക്കാനും കൊടുക്കുന്നത് കൊണ്ട് മാത്രം ഒരു വ്യക്തി പൂര്‍ണ അര്‍ത്ഥത്തില്‍ അമ്മയോ അച്ഛനോ ആകുന്നില്ല.
എന്തിനിങ്ങനെ അമിത സമ്മര്‍ദ്ദം ?
മാതാപിതാക്കളില്‍ നിന്നും ലഭിക്കുന്ന അവഗണന മാത്രമല്ല, അമിതമായ സമ്മര്‍ദ്ദങ്ങളും കുട്ടികളെ മാനസികമായി ബാധിക്കാറുണ്ട്. കുട്ടികളുടെ ആത്മഹത്യയിലേക്ക് വരെ മാതാപിതാക്കളുടെ സമ്മര്‍ദ്ദം കൊണ്ടെത്തിക്കാറുണ്ടെന്നാണ് കൗണ്‍സിലിംഗ് വിദഗ്ധര്‍ പറയുന്നത്. പ്രശ്‌നപരിഹാരത്തിന് പ്രതിവിധി മരുന്നല്ലെന്നും കുട്ടികളെ അടുത്തറിയുക മാത്രമാണ് വേണ്ടതെന്നുമാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. പഠനകാര്യങ്ങളിലാണ് പ്രധാനമായും സമ്മര്‍ദ്ദം ഉണ്ടാകുന്നത്. ഓരോ കുട്ടിക്കും പഠിക്കാനുള്ള കഴിവ് വ്യത്യസ്തമായിരിക്കും. അത് മനസിലാക്കാതെ കുട്ടികളെ തമ്മില്‍ താരതമ്യം ചെയ്യുന്നത് വലിയ രീതിയിലുള്ള മാനസിക പിരിമുറുക്കങ്ങള്‍ക്ക് ഇടയാക്കും. മക്കള്‍ നല്ല രീതിയില്‍ വളരണമെന്ന് മാതാപിതാക്കള്‍ക്ക് ആഗ്രഹിക്കാം. എന്നാല്‍ മക്കള്‍ മാതാപിതാക്കള്‍ ആഗ്രഹിക്കുന്ന രീതിയില്‍ മാത്രമേ വളരാവൂ എന്ന നിര്‍ബന്ധ ബുദ്ധി നല്ലതല്ല. ഇതിലൂടെ ഇല്ലാതാകുന്നത് കുട്ടികളുടെ സര്‍ഗാത്മകമായ പല കഴിവുകളുമാണ്. കുട്ടികളെ അവരായി തന്നെ വളരാന്‍ അനുവദിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
അണുകുടുംബങ്ങളിലേക്ക് ജീവിതം മാറിയതോടെയാണ് കുട്ടികളില്‍ മാനസിക പരിമുറക്കം വര്‍ദ്ധിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒരു കുട്ടി ജനിക്കുമ്പോള്‍ തന്നെ മാതാപിതാക്കള്‍ അവന്റെ പാത നിശ്ചയിക്കുന്നു എന്നത് തന്നെയാണ് ഇതിനുള്ള കാരണം. അവര്‍ വരച്ച വഴിയേ നടക്കാന്‍ പ്രേരിപ്പിക്കുന്നു. അങ്ങനെ നടക്കാതെ വരുമ്പോള്‍ മാതാപിതാക്കള്‍ അവര്‍ക്ക് മേല്‍ അധിക സമ്മര്‍ദ്ദം ചെലുത്തുന്നു. എല്ലാ രംഗത്തും മുന്‍പന്തിയിലെത്തണമെന്ന മാതാപിതാക്കളുടെ ആഗ്രഹം കുട്ടികളില്‍ അമിത ഭാരം അടിച്ചേല്‍പ്പിക്കുന്നു. താല്പര്യമുള്ള വിഷയങ്ങള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ പല മാതാപിതാക്കളും ഇന്ന് ശ്രമിക്കാറില്ല. പലപ്പോഴും ഇത് കുട്ടികളുടെ ആത്മഹത്യവരെ എത്തിക്കുന്നു.
അമിതമായ പ്രതീക്ഷകളും അതുമൂലമുണ്ടാക്കുന്ന സമ്മര്‍ദ്ദവും പോലെ തന്നെ പ്രധാനമാണ് അമിതമായ ലാളന കൊണ്ടുള്ള പ്രശ്‌നങ്ങളും. ഇത് സമൂഹവുമായി പൊരുത്തപ്പെടാന്‍ പോലും സാധിക്കാതെ അവസ്ഥയിലേക്ക് കുട്ടികളെ ചില മാതാപിതാക്കളുടെ ലാളനകള്‍ കൊണ്ടെത്തിക്കുന്നുമുണ്ട്.
അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറുള്ള കുട്ടികളില്‍ അവരുടെ അവസ്ഥയ്ക്ക് ആക്കം കൂട്ടുന്നതിന് കാരണമാകുന്നത് മാതാപിതാക്കളുടെ അശ്രദ്ധമായ പെരുമാറ്റങ്ങള്‍ കൂടിയാണ്. സ്വഭാവവൈകല്യവും എ.ഡി.എച്ച്.ഡിയുമുള്ള കുട്ടികളുടെ മാതാപിതാക്കള്‍ ചെയ്യേണ്ടത് ഇതു ചികിത്സിച്ചാല്‍ ഭേദമാകുന്ന രോഗമാണെന്നു തിരിച്ചറിയലാണ് മാതാപിതാക്കള്‍ക്ക് ആദ്യം വേണ്ടത്.പലപ്പോഴും കുട്ടികളുടെ സ്വഭാവവൈകല്യങ്ങള്‍ അവരെ തല്ലി നികത്താനുള്ള വിഫല ശ്രമമാണ് മാതാപിതാക്കള്‍ നടത്തുന്നത്. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കും. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ വീട് വിട്ടൊരുങ്ങാന്‍ കുട്ടികള്‍ തയ്യാറാകുന്നത് ഇക്കൂട്ടത്തില്‍ ഏറെ ഭയക്കേണ്ട ഒന്നാണ്. രക്ഷിതാക്കള്‍ കുട്ടികളെ മനസിലാക്കുകയെന്നതാണ് കുട്ടികള്‍ വീടുവിട്ടിറങ്ങുന്നതു തടയാന്‍ ഏറ്റവും നല്ല മാര്‍ഗമെന്നു ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം പറയുന്നു. കുട്ടികളുടെ മാനസികപ്രശ്നം പരിഹരിക്കാന്‍ ഡ്രോപ് ബോക്സ്, സൗഹൃദക്ലബ്, അവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ തുടങ്ങിയ പദ്ധതികളുണ്ട്.എന്നാല്‍ ഇവയ്ക്കെല്ലാം മുകളിലാണ് മാതാപിതാക്കളുടെ സാമീപ്യവും അവര്‍ നല്‍കുന്ന പിന്തുണയും.
ഇങ്ങനെയല്ല ശിക്ഷിക്കേണ്ടത്!
അമ്മ പെറ്റ് അച്ഛന്‍ വളര്‍ത്തണം എന്നാണ് പഴമൊഴി. അമ്മയുടെ അളവില്ലാത്ത സ്‌നേഹവും അച്ഛന്റെ സ്‌നേഹശിക്ഷണങ്ങളുമാണ് മക്കളെ വളര്‍ത്തുന്നതില്‍ പ്രധാനം എന്നര്‍ത്ഥം. മാതാപിതാക്കളുടെ ബന്ധത്തിന്റെ ഇഴയടുപ്പവും ഇതില്‍ പ്രധാനമാണ്.മക്കളുടെ ആവശ്യങ്ങളെക്കുറിച്ച് ഒട്ടും വിവേചനബുദ്ധി പ്രകടിപ്പിക്കാത്ത വികലമായ സ്‌നേഹപ്രകടനങ്ങള്‍ മക്കളെ നശിപ്പിക്കുകയേ ഉള്ളൂ. ഒരു ലോപവുമില്ലാതെ കുട്ടികളെ പ്രോല്‍സാഹിപ്പിക്കണം എന്നു പറയുന്നതിനര്‍ത്ഥം അവര്‍ക്ക് ശിക്ഷയോ ശിക്ഷണമോ പാടില്ല എന്നല്ല. ശിക്ഷണം വേണം. എന്നാല്‍ ശാരീരികമായി ഉപദ്രവിക്കുന്ന ശിക്ഷകള്‍ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്.
കുട്ടികള്‍ തെറ്റുചെയ്താല്‍ ശാരീരികമായും മാനസികമായും പീഡിപ്പിക്കരുത്. ശിക്ഷ പരമാവധി കുറയ്ക്കുക. അവരില്‍ ഭയമില്ലാതാക്കുക. ചെയ്ത തെറ്റിന്റെ ഗൗരവം കാര്യകാരണ സഹിതം വിശദീകരിച്ചു പറയുക. മാനസികപ്രശ്നങ്ങളുള്ള കുട്ടികള്‍ക്കു പ്രത്യേക ശ്രദ്ധ നല്‍കുക. ശാരീരികമായ ശിക്ഷാ നടപടികളില്‍ കുട്ടികള്‍ ആദ്യം ഭയക്കുമെങ്കിലും പിന്നീട് ആ ഭയം ഇല്ലാതാകും അതോടെ എന്ത് ചെയ്താലും ഇത്രയൊക്കെത്തന്നെയല്ലേ സംഭവിക്കൂ എന്ന് ഒരു വിഭാഗം കരുതും. മറ്റൊരു വിഭാഗം കരുതുന്നത് തന്നെ ആര്‍ക്കും വേണ്ട, താന്‍ ഒറ്റയ്ക്കാണ് എന്ന നിലയ്ക്കായിരിക്കും. ഫലത്തില്‍ ഈ രണ്ട് ചിന്താഗതിയും ദോഷഫലങ്ങളുണ്ടാക്കും.
കുട്ടികളില്‍ തെറ്റുകള്‍ കണ്ടെത്തിയാല്‍ അരികില്‍ പിടിച്ചിരുത്തി അവരോടു ഒന്ന് സംസാരിച്ചു നോക്കൂ, അപ്പോള്‍ കാണാം അവരില്‍ വരുന്ന മാറ്റത്തിന്റെ തോത് എത്രയാണെന്ന്. തെറ്റുകള്‍ സ്വാഭാവികമാണ്, അത് സംഭവിച്ചാല്‍ മക്കളെ കുറ്റപ്പെടുത്തി അവരെ തേജോവധം ചെയ്യാതെ പറഞ്ഞു മനസിലാക്കുവാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. തെറ്റില്‍ തുടരുന്ന ജീവിതസാഹചര്യം ഉണ്ടെങ്കില്‍ അത് വേണ്ട ശിക്ഷണം സ്‌നേഹത്തോടെ നല്‍കി മടക്കികൊണ്ടുവരണം. അതാണ് ഏറ്റവും മികച്ച പ്രതിവിധി.മൂല്യങ്ങള്‍ അന്യമായ ഒരു സമൂഹത്തിലാണ് ഇന്നത്തെ തലമുറ വളരുന്നത്.സ്വയകേന്ദ്രീകൃതമായ (Self centered) ജീവിതമാണ് ഇന്നത്തെ അപകടകരമായ പ്രവണത. മറ്റുള്ളവരുടെ വേദന കാണുവാനും അവന്റെ സന്തോഷത്തില്‍ ഭാഗമാകുവാനും ഇന്നത്തെ തലമുറയ്ക്ക് കഴിയുന്നില്ല. ധാര്‍മികത (Ethics) അന്യമായ തലമുറ തകര്‍ച്ചയിലേക്കാണ് നടന്ന് നീങ്ങുന്നത് എന്ന് മനസിലാക്കി ധാര്‍മിക മൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു തലമുറയെ സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പുകള്‍ മാതാപിതാക്കള്‍ നടത്തണം.
മാതാപിതാക്കള്‍ മാറണം
മക്കളെ വളര്‍ത്തുമ്പോഴും അവരെ ശിക്ഷിക്കുമ്പോഴും ആരോഗ്യകരമായ രീതിയില്‍ മിതത്വം പാലിക്കുക. വഴക്കു പറയുമ്പോള്‍ എന്തിനു വഴക്കു പറയുന്നു എന്ന കാര്യം കൃത്യമായി ഓര്‍മിപ്പിക്കുക. വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ മക്കളെ സ്‌നേഹിക്കുകയില്ല എന്ന മട്ടില്‍ പെരുമാറരുത്. മാതാപിതാക്കളുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കും മുന്‍പ് മക്കളുടെ ഇഷ്ടങ്ങള്‍ അറിയാന്‍ ശ്രമിക്കുക. കുഞ്ഞുങ്ങളെ മറ്റുള്ളവരോടു താരതമ്യപ്പെടുത്തി താഴ്ത്തിക്കെട്ടാതിരിക്കുക. കുട്ടികളുടെ ആവശ്യങ്ങളെയെല്ലാം നിസ്സാരമെന്ന് കരുതി അവഗണിക്കരുത്. ആവശ്യങ്ങളുടെ പ്രാധാന്യം അനുസരിച്ചായിരിക്കണം പരിഗണന കിട്ടേണ്ടത്. കുട്ടികളുടെ കൂടെ സമയം ചെലവഴിക്കാനും മികച്ച വ്യക്തിബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ അവരെ സഹായിക്കാനും മാതാപിതാക്കള്‍ മുന്നിട്ടിറങ്ങണം.
അടുത്തലക്കം; പാരന്റിംഗ് പിഴവുകളും കുട്ടികളിലെ വ്യക്തിത്വ വികസനവും
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.