Huddle

Share this post
ആഘോഷങ്ങൾ മാത്രമല്ല ജീവിതം
www.huddleinstitute.com

ആഘോഷങ്ങൾ മാത്രമല്ല ജീവിതം

Dr. Jose Antony
May 24, 2021
Comment
Share

യുവജനങ്ങൾക്കിടയിൽ വിവാഹമോചനങ്ങൾ വർദ്ധിച്ചുവരുന്ന ഈ കാലത്ത്, യുവതീയുവാക്കൾ എങ്ങനെയാണ് ജീവിതത്തെ സമീപിക്കുന്നത്? നിസ്സാരമെന്ന്  തോന്നാവുന്ന വിഷയങ്ങൾ എങ്ങനെ ഗൗരവതരമാകുന്നു, തുടങ്ങിയ കാര്യങ്ങൾ രക്ഷിതാക്കളും യുവജനങ്ങളും അറിയേണ്ടതുണ്ട്.

സജ്നയും സുമോദും വിവാഹം കഴിഞ്ഞ് ഒന്നിച്ച് ജീവിക്കുവാൻ തുടങ്ങിയിട്ട് മൂന്നു വർഷത്തോളമായി. രണ്ടു പേരുടേയും വിവാഹം രണ്ടു വീട്ടുകാരുടേയും സമ്മതത്തോടെയായിരുന്നു. പഠനകാലത്തു തുടങ്ങിയ പരിചയം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കുമെത്തിയതാണ്.

നല്ല വിദ്യാഭ്യാസവും ഉയർന്ന ജോലികളുമുള്ളവരാണ് രണ്ടു പേരുടേയും മാതാപിതാക്കൾ. ഗ്രാമങ്ങളിൽ വേരുകളുള്ള, പട്ടണപ്രദേശത്തേക്ക് കുടിയേറിത്താമസിക്കുന്ന കുടുംബങ്ങളാണ്. രണ്ടു വീട്ടിലും രണ്ടു മക്കളാണ്. വലിയ പ്രശ്നങ്ങളൊന്നുമില്ലാതിരുന്ന ബാല്യവും കൗമാരവും യൗവ്വനവുമൊക്കെയാണ് രണ്ടുപേർക്കുമുള്ളത്. രണ്ടു പേരും വലിയ സ്ഥാപനങ്ങളിൽ നിന്ന് പ്രൊഫഷണൽ ബിരുദവും ക്യാമ്പസ് പ്ലേസ്മെന്റും നേടിയവർ. 23 - 24 വയസ്സായപ്പോഴേക്കും നല്ല ജോലിയും വരുമാനവും സ്വന്തമായുണ്ടായിരുന്നവർ. വീട്ടുകാർക്കറിയാവുന്ന, എതിർപ്പില്ലാത്ത സൗഹൃദവും പ്രണയവും. സമപ്രായക്കാർക്കും സഹപാഠികൾക്കും വീട്ടുകാർക്കും എല്ലാം നല്ല പിള്ളേരായിരുന്നു രണ്ടു പേരും. 

അവർ എപ്പോഴും പറയുമായിരുന്നു, സജ്നയും സുമോദും മെയ്ഡ് ഫോർ ഈച്ച് അദർ, സോൾമേറ്റ്സ് ഒക്കെ ആണെന്ന്. ക്യാമ്പസിലെ ചില കൂട്ടുകാർ അവരെ വലിയ അസൂയയോടെയാണ് ചിലപ്പോഴെങ്കിലും കണ്ടിരുന്നത്. ക്യാമ്പസിലും, ജോലിക്കിടയിൽ കിട്ടുന്ന അവധി ദിവസങ്ങളിലും അവർ സിനിമ, പാർക്ക്, നിരന്തര യാത്രകൾ, പാർട്ടികൾ, ഒത്തുചേരലുകൾ എന്നിങ്ങനെ ആഘോഷിച്ചാണ് ജീവിച്ചിരുന്നത്. മൊബൈൽ ഫോണുകൾ അവർക്കു വേണ്ടിയുണ്ടാക്കപ്പെട്ടവയാണെന്നാണ് അവർ കരുതിയിരുന്നത്. അത്ര സമയം അവർ അതിൽ ചെലവഴിച്ചിരുന്നു. ഒന്നിച്ചിരുന്ന്, കിട്ടിയ ലൈക്കുകളുടെയും കമന്റുകളുടേയും എണ്ണവും രസവും അവർ ആഘോഷിച്ചിരുന്നു. സുമോദിന്റെ മോഡേൺ സ്റ്റൈലിഷ് ബൈക്കിന്റെ പിന്നിലിരുന്നായിരുന്നു യാത്രകൾ മിക്കവാറും. ഇപ്പോഴും അവർക്ക് അക്കാര്യങ്ങൾ ഓർക്കുമ്പോൾ വല്ലാത്ത നൊസ്റ്റാൾജിയയാണ്. പുതുരുചികൾ, പുതുവഴികൾ, പുതിയ ലോകങ്ങൾ, എല്ലാം ഭയങ്കര കളർഫുൾ ആയിരുന്നു. വിവാഹവും ഒത്തിരി ആഘോഷപൂർവമാണ് നടത്തിയത്. നാട്ടുകാരും ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെയായി തകർത്തു തിമിർത്തു എന്നു പറയാവുന്ന പരിപാടികൾ. നിശ്ചയവും സേവ് ദ ഡേറ്റും ചരക്കെടുക്കലും ബാച്ച്‌ലർ പാർട്ടികളും വിവാഹവും ഹണി മൂണും വിരുന്നുപാർക്കലുകളുമൊക്കെ ഗംഭീരമായി, ആരവങ്ങളൊക്കെ കഴിഞ്ഞു. രണ്ടു പേരും വീണ്ടും ജോലി സ്ഥലങ്ങളിലേക്ക് മടങ്ങി. ജോലി സ്ഥലം കുറച്ചു ദൂരത്തിലായിരുന്നതു കൊണ്ട് രണ്ടു പേരും പഴയതു പോലെ രണ്ടിടത്താണു തങ്ങിയിരുന്നത്. അവസരം കിട്ടുമ്പോഴൊക്കെ രണ്ടു പേരും അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്തും ഒന്നിച്ച് താമസിച്ചും, പാർട്ടികളും കറക്കങ്ങളും സിനിമയും പുറത്തേ ഭക്ഷണവും പഴയതു പോലെ തുടർന്നു. ഇടക്കിടെ, പ്രത്യേകിച്ച് അവധിയുള്ളപ്പോൾ രണ്ടു പേരുടേയും വീടുകളിലും താമസിച്ചു. പതുക്കെ രണ്ടു സ്ഥലങ്ങളിൽ ജോലിയായിരുന്നവർ അടുത്തയിടങ്ങളിൽ ജോലി കണ്ടെത്തി ഒരിടത്തേക്ക് താമസം മാറ്റി. പുതിയൊരു അപ്പാർട്ട്മെന്റ് വാങ്ങി, അതിൽ താമസിക്കാൻ തുടങ്ങി. പഴയതു പോലെ യാത്രകൾ ഇല്ലാതെയായി, ആഘോഷങ്ങൾ കുറഞ്ഞു തുടങ്ങി. ജോലിയുടെ ഉത്തരവാദിത്തങ്ങൾ കൂടുതലായി. രണ്ടു പേർക്കുമിടയിലെ അടുപ്പത്തിന്റെ ഊഷ്മളത കുറഞ്ഞു വന്നു. പഴയ കളികളില്ല. ചിരികളില്ല, മൊബൈലിലെ ലൈക്കുകളും ചാറ്റുകളും കുറഞ്ഞു. ചിലപ്പോഴെങ്കിലും റേഞ്ചിനു പുറത്താകാൻ തുടങ്ങി. ഒന്നിച്ചു സമയം ചിലവഴിക്കുന്നതിൽ താൽപ്പര്യമില്ലാതായി. രണ്ടു പേരും അവരുടെ ലോകത്ത് കൂടുതൽ സമയം ചിലവഴിക്കാൻ തുടങ്ങി. ആകെ മൊത്തം ഒരു രസമില്ലാത്ത അവസ്ഥ. എല്ലാം ചടങ്ങ് പരിപാടികൾ. ഇതിനിടയിൽ വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും വിശേഷമായില്ലേ എന്ന പതിവ് അനാവശ്യ അന്വേഷണവുമായി. ഇതിനിടയിൽ ഒന്നാം വിവാഹ വാർഷികം വീട്ടുകാരുടെ താൽപര്യപ്രകാരം ആഘോഷമായി നടന്നു. വീണ്ടും അപ്പാർട്ട്മെന്റിലെ ഒന്നിച്ചുള്ള ഏകാന്തവാസം തുടങ്ങി. ഭക്ഷണത്തിന്റേതടക്കം പല കാര്യങ്ങളിലും തമ്മിൽ പലപ്പോഴും വഴക്കുകളുണ്ടായിരുന്നു. പലപ്പോഴും ലൈംഗികബന്ധങ്ങളേക്കുറിച്ചും അവർക്കിടയിൽ പൊട്ടിത്തെറികളുണ്ടായി. പഴയ താൽപര്യവും ത്രില്ലും നഷ്ടപ്പെട്ടിരുന്നു. പക്ഷെ അപ്രതീക്ഷിതമായി സജ്ന ഗർഭിണിയായി. ഇതുവരെ ഇത്തരം കാര്യങ്ങളൊന്നുമറിയാത്ത, ശ്രദ്ധിച്ചിട്ടില്ലാത്ത രണ്ടു പേർക്കും സാഹചര്യങ്ങളോട് ഒട്ടും പൊരുത്തപ്പെടാൻ കഴിയാതെയായി. സജ്നയ്ക്ക് വല്ലാത്ത ഒറ്റപ്പെടലും വിഷമങ്ങളുമായി. ഒടുവിൽ വീട്ടുകാർ സജ്നയേ വീട്ടിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചു. സുമോദ് കുറച്ചു ദിവസം അപ്പാർട്ട്മെന്റിലും പിന്നെ സ്വന്തം വീട്ടിലും മാറി മാറി താമസിച്ചു. ഇടക്കിടെ ബൈക്കിൽ കൂട്ടുകാർക്കൊപ്പം കറങ്ങുവാനും പാർട്ടികൾക്കും പോയിത്തുടങ്ങി. ഇൻസ്റ്റയും ഫേസ്ബുക്കും ടെലഗ്രാമുമൊക്കെ യാത്രകളുടെ ഫോട്ടോസ് അപ്‌ലോഡ് ചെയ്യാനുള്ള ഇടങ്ങളായി. സജ്ന അത് കാണാറുമുണ്ട്. പണ്ടത്തേപ്പോലെ ലൈക്കടിക്കാനോ കമന്റിടാനോ അവൾക്ക് കഴിഞ്ഞില്ല. എന്ന് മാത്രമല്ല, അവ സജ്നയേ വല്ലാതെ തളർത്തിക്കളഞ്ഞു. സുമോദിന് ഭാര്യയുടെ വിഷമങ്ങളോ ബുദ്ധിമുട്ടുകളോ മനസ്സിലാക്കാൻ കഴിഞ്ഞതുമില്ല. ഒരു സ്ത്രീക്ക് ജീവിതത്തിൽ ഏറ്റവും കൂടുതൽ സപ്പോർട്ടും കരുതലും ആവശ്യമായ സമയങ്ങളിൽ അത് മനസ്സിലാക്കാൻ കഴിയാത്ത പുരുഷൻമാർ നമ്മുടെ നാട്ടിൽ കൂടിവരികയാണ്. കാരണം കുടുംബങ്ങളിൽ നടക്കുന്ന സാധാരണ ജീവിതാനുഭവങ്ങളൊന്നുമില്ലാതെ, അവ അനുഭവിക്കാതെയും മനസ്സിലാക്കാതെയും അവയിലൂടെ കടന്നു പോകാതെയും, പഠനവും ജോലിയും ആഘോഷങ്ങളും മാത്രമായി തിമിർക്കുന്ന കുട്ടിക്കാലവും യൗവ്വനവും പുതുതലമുറയേ കൊണ്ടെത്തിച്ചിരുന്നത് ഒരു ഗതികേടിലേക്കാണ്. സുമോദ് എന്തു തെറ്റാണ് ചെയ്തതെന്ന് ചോദിച്ചാൽ ഒരുത്തരമില്ല താനും.

ആരുമില്ലാതെ ഒറ്റയ്ക്കിരുന്നു ബോറടിക്കുമ്പോൾ കൂട്ടുകാർക്കൊപ്പം കറങ്ങുവാനും ആഘോഷിക്കുവാനും ഒന്നു പോയതാണോ? അതോ ഭാര്യയേ സഹായിക്കാൻ കൂടെ നിൽക്കാത്തതാണോ?

അവന്റെ ന്യായം അവൾ അവളുടെ വീട്ടിൽ സുഖമായിട്ടിരിക്കുകയല്ലേ എന്നതാണ്. ഭർത്താവിനേ കൂടെ കൂട്ടുന്നതിൽ സജ്നയ്ക്കും വല്ലാത്ത പിഴവുകൾ വന്നിരുന്നു. ആദ്യ കാലത്തെ ത്രില്ലു നഷ്ടപ്പെടാൻ തുടങ്ങിയപ്പോൾ അവളും നിർവികാരതയാണ് പ്രകടിപ്പിച്ചത്.

തുറന്ന സംസാരങ്ങളും ഉത്തരവാദിത്തങ്ങളുടെ പങ്കുവയ്ക്കലും അവർക്കിടയിൽ ഒട്ടുമില്ലായിരുന്നു. ഒരു തരത്തിലുള്ള അടുക്കും ചിട്ടയും ലക്ഷ്യങ്ങളുമില്ലാത്ത ജീവിത രീതികളായിരുന്നു. കുടുംബം, ഗർഭധാരണം, പ്രസവം, കുഞ്ഞിനേ വളർത്തൽ തുടങ്ങി ഒരുത്തരവാദിത്തവും തിരിച്ചറിയാതെ ജീവിതം ആഘോഷമാണെന്നു മാത്രം കരുതുന്നവർക്ക് മറ്റെന്തു മനസിലാകാൻ. സജ്നയ്ക്കു പഴയതു പോലെ ആഘോഷിക്കണമെന്നുണ്ട്. പക്ഷെ ഇപ്പോഴത്തെ അവസ്ഥ ഒട്ടും സമ്മതിക്കുന്നില്ല. ഒന്നിനും തനിച്ച് കഴിയുന്നുമില്ല. ജോലിയുടെ ടെൻഷൻ, ശാരീരിക അവശതകൾ, മാനസിക സംഘർഷങ്ങൾ എല്ലാം കൂടി സജ്ന വല്ലാതെ തളർന്നു. സജ്നയുടെ സുമോദുമായുള്ള അകലം വല്ലാതെ കൂടിവന്നു. സുമോദിനാകട്ടെ, അതൊട്ടു മനസിലായതുമില്ല. മനസിലായത് കാര്യമായി പരിഗണിച്ചുമില്ല. കാരണം അയാൾ നേരത്തേ തന്നെ മടുക്കാൻ തുടങ്ങിയിരുന്നു. വിവാഹത്തിനു മുൻപുണ്ടായിരുന്ന ത്രില്ലൊന്നും വിവാഹത്തിനു ശേഷമില്ലാതെ പോയി. പ്രണയകാലത്തെ ആഘോഷങ്ങൾ പിന്നീടുള്ള ജീവിതത്തിന്റെ അടിത്തറയാക്കാൻ അയാൾക്കും സജ്നയ്ക്കും കഴിഞ്ഞില്ല. സുമോദ് പിന്നീട് സജ്‌നയുടെ അടുത്തേക്കുള്ള വരവ് വല്ലാതെ കുറച്ചു. ടെലിഫോൺ വിളികളിൽ വഴക്കും വെല്ലുവിളിയുമായി. വീട്ടുകാർ പല പ്രാവശ്യം മധ്യസ്ഥ ശ്രമങ്ങൾ നടത്തി. കാര്യമായ ഫലമുണ്ടായില്ല. 

സജ്‌ന പ്രസവിച്ചു. പെൺകുട്ടിയായിരുന്നു. ആദ്യ ചടങ്ങുകളിലും എല്ലാവരും കൂടെയുണ്ടായിരുന്നു. പിന്നീട് സുമോദ് തീർത്തും അകലത്തിലായി. ദൂരത്തേക്ക് ട്രാൻസ്ഫർ വാങ്ങാനുള്ള ശ്രമമായി. പുതിയ കൂട്ടുകാരുണ്ടായി. സജ്‌ന വല്ലാതെ തകർന്ന അവസ്ഥയിൽ കുറേക്കാലം ജീവിച്ചു. പിന്നീട് മെറ്റേണിറ്റി ലീവൊക്കെ കഴിഞ്ഞ് ജോലിക്ക് പോയിത്തുടങ്ങി. ഇപ്പോൾ സ്വന്തം വീട്ടിൽ അത്ര സുഖകരമല്ലാത്ത അവസ്ഥയിൽ മുന്നോട്ട് പോകുന്നു. മകളേ വളർത്തണം. നല്ല നിലയിലാക്കണം. ഒരുപാട് ആദർശപരമായി ലക്ഷ്യങ്ങളോടെ ജീവിക്കാൻ പാടുപെടുന്നു. സുമോദാകട്ടെ, ഒരു നാടോടിയേപ്പോലെ സന്തോഷവും ആഘോഷവും തേടി അലഞ്ഞുതിരിയുന്നു എന്നു വേണം പറയാൻ. ഒരിടത്തും സ്വസ്ഥതയില്ലാതെ പല തരത്തിലുള്ള പെരുമാറ്റശീല പ്രശ്നങ്ങളും ഇപ്പോൾ കൂട്ടിനുണ്ടെന്നാണറിയുന്നത്. 

രണ്ടു വീട്ടുകാരും മക്കളുടെ ദുരവസ്ഥയിൽ വല്ലാതെ ദുഃഖിതരാണ്. ഒന്നിപ്പിക്കാനോ അവരെ അവരുടെ വഴികളിൽ വിട്ടുകളയാനോ അവർക്ക് കഴിയുന്നില്ല. ഇവർക്കിടയിൽ എന്താണ് സംഭവിച്ചതെന്ന് വീട്ടുകാർക്കും കൂട്ടുകാർക്കും അറിയില്ല. നാട്ടുകാർക്കുമറിയില്ല. ഇനിയെന്താവുമെന്നും ഒരെത്തും പിടിയുമില്ല. സജ്നയ്ക്കും സുമോദിനും തങ്ങളുടെ പ്രശ്നങ്ങളേക്കുറിച്ചോ അവസ്ഥയേക്കുറിച്ചോ ഒരു ധാരണയുമില്ല. സ്വയം ശപിക്കാനും അങ്ങോട്ടുമിങ്ങോട്ടും പരസ്പരം പരാതി പറയുവാനും വാശിയോടെയും ദേഷ്യത്തോടെയും വഴക്കിടാനുമല്ലാതെ ഉള്ളിൽ ഉണ്ടായിരുന്ന സുന്ദര പ്രണയം വിവാഹത്തിനു ശേഷം നന്നായി വളർത്തിയെടുക്കുവാൻ കഴിഞ്ഞില്ല എന്നതാണ് പ്രധാനം.

അവർ പരസ്പരം പ്രണയിക്കുകയായിരുന്നില്ല. മറിച്ച് ജീവിതത്തിന്റെ ആഘോഷങ്ങളിൽ മതിമറക്കുകയായിരുന്നു. എല്ലാം ഒരു ത്രില്ലിനപ്പുറം ആഴമില്ലാത്ത അനുഭവങ്ങളായിരുന്നു. പ്രശ്നങ്ങളേ ഒഴിവാക്കിക്കൊണ്ടുള്ള ആഘോഷങ്ങൾ. വീട്ടിൽ നിന്നും കൂട്ടുകാരിൽ നിന്നും എന്നും നല്ല സപ്പോർട്ടും ആഘോഷത്തിനുള്ള ലൈക്കും കമന്റും ത്രില്ലുമെല്ലാം കൂടി ജീവിതം ആകെയൊരാഘോഷത്തിന്റെ കെട്ടു കാഴ്ച്ചയാണെന്ന് അവർ കരുതി. അതിൽ കുടുംബത്തിന്റെ ഉത്തരവാദിത്തം, കുടുംബങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ, അവയേക്കുറിച്ചുള്ള അറിവുകൾ, അവ പരിഹരിക്കാനുള്ള കഴിവുകൾ, അനുഭവങ്ങൾ, പാഠങ്ങൾ, മറ്റുള്ളവരെ കേൾക്കുവാൻ, അതിൽ നിന്നും ജീവിക്കാനുള്ള നൈപുണ്യം സ്വയം തിരിച്ചറിയാൻ ശ്രമിക്കൽ, തുടങ്ങി ഒന്നും തന്നെ ഇത്തരം കുട്ടികൾക്ക് ലഭിക്കാറില്ല. ഒന്നുമറിയാത്തവരായി അവർ ഒന്നിച്ചു ജീവിക്കാൻ തുടങ്ങുന്നു.

വളരെപ്പെട്ടെന്ന് ജീവിതത്തിന്റെ ത്രില്ലുകൾ ഇല്ലാതാകുന്നു. പരസ്പരം മനസിലാക്കി സഹായിക്കുന്നതിനു പകരം അവർ തമ്മിൽ വഴക്കിടുവാനും കുറ്റപ്പെടുത്താനും തുടങ്ങുന്നു.. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവയേ നേരിടുന്നതിനു പകരം വാശി പിടിച്ച് അകലുകയും സ്വന്തം കാര്യങ്ങളിലും സുഖങ്ങളിലും രക്ഷപ്പെടുവാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു ഇവരുടെ രീതി. പ്രണയകാലത്തെ മാനസിക നിലപാടുകളും കാഴ്ച്ചപ്പാടുകളുമെല്ലാമാണ് ഒരു കുടുംബമായി ജീവിക്കാൻ തുടങ്ങുമ്പോൾ വേണ്ടത്. പ്രണയകാലത്തേ പ്രണയം ഉപയോഗിച്ച് ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളേ കൂട്ടായി നേരിടാൻ ശ്രമിക്കലും അവയിലുണ്ടാകുന്ന പരാജയങ്ങളേ ആരുടേയും ഉത്തരവാദിത്തമായി ഏൽപ്പിച്ചു കൊടുക്കാതെ പരസ്പരം മനസിലാക്കലും കുടുംബത്തിലൊന്നിച്ചു ജീവിക്കാൻ ഇന്ന് വളരെ ആവശ്യമാണ്. ആഘോഷങ്ങൾക്കും യാത്രകൾക്കും സൗഹൃദക്കൂട്ടായ്മകൾക്കും ഒക്കെ ജീവിതത്തിൽ നല്ല പങ്കുണ്ടെങ്കിലും അവ മാത്രമല്ല ജീവിതം. അവയ്ക്കു വേണ്ടി മാത്രം അല്ല ജീവിതം. ഇതിനൊക്കെ അപ്പുറത്ത് വളരെ ബുദ്ധിമുട്ടേറിയ ജീവിതാനുഭവങ്ങളേയും നാം നേരിടണം. അതിന് കഴിയണമെങ്കിൽ സ്വന്തമായി അനുഭവങ്ങളുണ്ടാകണം. മറ്റുള്ളവരുടെ അനുഭവങ്ങളിലും തിരിച്ചറിവുകളിലും പങ്കാളിത്തമുണ്ടാകണം. പഠനവും ആഘോഷങ്ങളും ജോലിയും സമ്പാദ്യവും സൗകര്യങ്ങളും മാത്രമല്ല ജീവിതം, മറിച്ച് ഉത്തരവാദിത്തങ്ങളേ ഏറ്റെടുത്തു കൊണ്ട്, അവ നിറവേറ്റാനുള്ള മനസ്സും കഴിവും പരിശ്രമവും ഉണ്ടാവുക എന്നതും വളരെ പ്രധാനപ്പെട്ടതാണ്. നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾക്ക് മറ്റുള്ളവരിൽ ഉത്തരം തേടുന്നതിന് പകരം അവരേ ചേർത്ത് പിടിച്ച് ഒന്നിച്ച് മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിക്കലാണ് കൂടുതൽ ശരി.

ജീവിതം ഉത്തരവാദിത്തങ്ങളോടെ ആഘോഷിക്കാൻ കഴിഞ്ഞാൽ, ഉള്ളിലെ പ്രണയം പങ്കു വെച്ചു വളർത്താൻ കഴിഞ്ഞാൽ ത്രില്ലിനുമപ്പുറം യാഥാർഥ്യങ്ങളുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞാൽ, ജീവിതത്തിൽ എപ്പോൾ വേണമെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അവയേ നേരിടുന്നതു തന്നെ ത്രില്ലിങ് ആണെന്നും തിരിച്ചറിയാൻ കഴിഞ്ഞാൽ, മറ്റുള്ളവരുടെ സഹായം ശരിയാംവിധം കണ്ടെത്തുവാനും ഉപയോഗിക്കുവാനും കഴിഞ്ഞാൽ, ഒന്നിച്ചു ജീവിക്കാൻ കുറച്ചു കൂടി എളുപ്പമാകും

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing