ആശയവിനിമയത്തിന്റെ അഭാവം ജീവിതത്തെ ബാധിക്കുമ്പോൾ
ആശയവിനിമയം യഥാർത്ഥ സമയത്തും സ്ഥലത്തും വെച്ചു നടത്തിയില്ലെങ്കിൽ ജീവിതത്തിൽ സംഭവിക്കാവുന്ന കുഴപ്പങ്ങളെക്കുറിച്ചാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒരു പക്ഷെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തിനു മുന്നേയുള്ള നമ്മുടെ സങ്കല്പങ്ങൾ ഓരോന്നും വീട്ടിലുള്ളവരോട് തുറന്നു പറയേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ഈ കഥയിൽ ശരത്തിനും അഞ്ജുവിനും സംഭവിച്ചതു പോലെ ജീവിതം സങ്കടകരമായേക്കാം. പ്രശസ്ത എഴുത്തുകാരി ശ്രീമതി ശ്രീപാർവതി ജീവിതത്തിലെ ആരോഗ്യകരമായ ആശയവിനിമയത്തെക്കുറിച്ചാണ് ഇവിടെ വിശദമാക്കിയിരിക്കുന്നത്.
മനുഷ്യർ എല്ലായ്പോഴും ഒരുപാട് ആഗ്രഹങ്ങളുമായി ജീവിക്കുന്നവരാണ്. ഒരാളുടെ മുന്നിൽ മാത്രമായി നമുക്ക് നമ്മളെ പൂർണ്ണമായി തുറന്നു വയ്ക്കാനായി എന്നുവരില്ല. പലരിലേക്കായി അത് വീതിക്കപ്പെടും. അതായത് ഭർത്താവിനോ ഭാര്യക്കോ അറിയുന്ന നമ്മുടെ സ്വഭാവം, ഒരിക്കലും അമ്മയോ മക്കളോ സഹോദരങ്ങളോ എന്തിന്, സ്വന്തം സുഹൃത്തുക്കളോ പോലും അറിയണമെന്നില്ല. വിവാഹം കഴിക്കുന്നതിനു മുൻപ് എന്ത് നല്ല ആളാണെന്റെ മകൻ എന്ന് പറയുന്ന അമ്മമാർക്കിടയിൽ നിന്നും വിവാഹം കഴിഞ്ഞ് പെൺകുട്ടികൾ വരുമ്പോൾ മാത്രം, അവൻ അല്ലെങ്കിൽ അവൾ പൊരുത്തപ്പെടാൻ പറ്റാതെയായി മാറുന്നത് വല്ലാത്തൊരു ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഒരു കഥ പറയാം. അവരുടെ യഥാർഥ പേരുകൾക്ക് പകരം ഞാനൊരോ പേരു നൽകുന്നു. അഞ്ജുവും ശരത്തും. നന്നേ കറുത്തിട്ടാണ് ശരത്ത്. വീട്ടിലെ ഒരേയൊരു ആൺകുട്ടി. അഞ്ജുവാകട്ടെ നന്നായി വെളുത്ത ഒരു പെൺകുട്ടി. പണ്ടു മുതലേ കറുപ്പെന്നത് ഒരു അകറ്റി നിർത്തേണ്ട നിറമായി കണ്ടിരുന്നു അവൾ. പക്ഷെ ശരത്തിന്റെ ആലോചന വീട്ടുകാർക്കിഷ്ട്ടപ്പെട്ടു. നല്ല കുടുംബം, അതും എല്ലാവർക്കും അറിയാവുന്ന കുടുംബം, നല്ല ജോലി, വരുമാനം. കാണാനും വലിയ തെറ്റില്ല. ഇങ്ങോട്ട് സ്വർണമോ പണമോ അഞ്ജുവിന്റെ മാതാപിതാക്കളിൽ നിന്നും ആവശ്യപ്പെട്ടുമില്ല. പഠിക്കാൻ താൽപ്പര്യമില്ലാത്ത, ജോലിക്കു പോകാൻ മടിയുള്ള ഒരു പെൺകുട്ടിയുടെ വീട്ടുകാർ ചെയ്യുന്നതേ അവളുടെ വീട്ടുകാരും ചെയ്തുള്ളു. അഞ്ജുവിന്റെയും ശരത്തിന്റെയും കല്യാണം. ആദ്യത്തെ ഒരു എതിർപ്പിനു ശേഷം അഞ്ജു പതുക്കെ ആ കല്യാണവുമായി ഒത്തുപോകാൻ ധാരണയായി. അങ്ങനെ അവരുടെ കല്യാണം ആർഭാടമായിത്തന്നെ നടന്നു. പക്ഷെ ആദ്യ രാത്രി ആഘോഷിക്കാനെത്തിയ ശരത്തിന്റെ മുന്നിലെത്തിയ അഞ്ജു അവനോട് തുറന്നു പറഞ്ഞു.
"നിങ്ങൾ കറുപ്പാണ്, എനിക്ക് നിങ്ങളുമൊത്ത് ജീവിക്കാൻ ഒരു താൽപ്പര്യവുമില്ല"
സത്യത്തിൽ ശരത്ത് ഞെട്ടിപ്പോയിരുന്നു. അങ്ങനെയൊരു തുറന്നുപറച്ചിൽ അവനൊരിക്കലും പ്രതീക്ഷിച്ചതേയില്ല. എന്താണാ നിമിഷത്തിൽ അവളോട് പറയേണ്ടതെന്ന് അവന് മനസ്സിലായില്ല. ആ ഒരു നിമിഷത്തിൽ തന്നേക്കാൾ വലിയ പരാജിതൻ വേറെയില്ലെന്ന് അവന് തോന്നി. എല്ലാവരും അംഗീകരിച്ചു വിവാഹം കഴിച്ച് തന്റെ മുന്നിലെത്തി നിൽക്കുന്ന ഒരു പെൺകുട്ടി, ഇതാ ഈ നിമിഷത്തിൽ തന്റെ ഈ നിറത്തേപ്രതി തൊടാൻ പോലും അറച്ചു മാറിനിൽക്കുന്നു.
"നീയിതെന്താ എന്നോട് നേരത്തേ പറയാതിരുന്നത് ?"
അവൻ ചോദിച്ചു.
"അമ്മയും അച്ഛനും ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. അതുകൊണ്ടാണ് ഞാനീ കല്യാണത്തിന് സമ്മതിച്ചത്"
അവൾ പറഞ്ഞതുകേട്ട് ശരത്ത് വീണ്ടും തളർന്നു പോയി. അങ്ങനെ ആദ്യരാത്രി മുതൽ തന്നെ അവർ രണ്ടും വെറുക്കപ്പെട്ടവരായി. പക്ഷെ അഞ്ജുവിനോട് പ്രണയമുണ്ടായിരുന്ന ശരത്തിന് എത്രയൊക്കെ ശ്രമിച്ചിട്ടും അവളെ വെറുക്കാനായില്ല. അവൻ അവളോട് കൂടുതൽ അടുക്കാൻ ശ്രമിച്ചു കൊണ്ടേയിരുന്നു. പക്ഷെ ആ രാത്രിയോ ഒരിക്കൽ പോലുമോ അവൻ അവളേ തൊടാൻ പോലും ശ്രമിച്ചില്ല. എന്നാൽ അവൾക്കുവേണ്ടി അവൻ പുതിയ മൊബൈൽ വാങ്ങി നൽകി. അവൾ പറഞ്ഞ പുതിയ കോഴ്സിന് അവളെ പഠിപ്പിക്കാൻ കൊണ്ടു ചേർത്തു. അവനും അവന്റെ അമ്മയും ചേർന്ന് അവളെ സമയത്തിന് ഭക്ഷണവും പൊതിഞ്ഞുകെട്ടി കോളജിൽ കൊണ്ടാക്കാൻ സഹായിച്ചു. എന്നാൽ പതിയെപ്പതിയെ കയ്യിൽ കിട്ടിയ മൊബൈൽ അവൾക്കൊരു രക്ഷകനെ കൊടുത്തു. പണ്ട് അടുത്ത സുഹൃത്തായിരുന്ന ഒരു കളിക്കൂട്ടുകാരന്റെ വാട്ട്സാപ്പ് നമ്പർ കിട്ടിയപ്പോൾ വെറുതേ ഒരു മെസേജ് അയച്ച് തുടങ്ങിയതാണ്. എന്നാൽ ഒടുവിൽ കളി കാര്യമായി. അവനോട് അഞ്ജുവിന് അടക്കാൻ കഴിയാത്ത പ്രണയം തോന്നി. ഒളിച്ചോടാൻ തീരുമാനിക്കുന്നതിനു മുൻപ് അഞ്ജു ശരത്തിനോട് പരമാവധി വെറുപ്പോടെ സംസാരിക്കാൻ തുടങ്ങിയിരുന്നു. ഇടയ്ക്കെപ്പോഴോ അവൾക്ക് അവനോട് ഉണ്ടായിരുന്ന സോഫ്റ്റ്കോർണർ പോലും അപ്രത്യക്ഷമായിപ്പോയി. കളിക്കൂട്ടുകാരനുമായുള്ള പ്രണയത്തോടെ ശരത്ത് അവളുടെ ജീവിതത്തിൽ ഒരു വില്ലൻ മാത്രമായി. സത്യത്തിൽ ഇവിടെ ആർക്കാണ് ചികിത്സ നൽകേണ്ടത്? അഞ്ജുവിന് മാനസിക പ്രശ്നമുണ്ടെന്നും അതിന് ചികിത്സ വേണമെന്നും പറഞ്ഞുകൊണ്ടാണ് ശരത്ത് എന്റെ മുന്നിലെത്തിയത്. ആ ദിവസം ഞാനിന്നുമോർക്കുന്നു.
"എനിക്ക് അഞ്ജുവിനോട് ഒന്നു ഒറ്റക്കു സംസാരിക്കണം ശരത്ത്."
"ശരി ഡോക്ടർ, ഞാൻ പുറത്തു നിൽക്കാം"
ശരത്ത് മുറിക്കു പുറത്തിറങ്ങി.
"അഞ്ജു, എന്താ മിണ്ടാതിരിക്കുന്നത് ? ശരത്ത് പറഞ്ഞത് ഞാൻ കേട്ടു. ഇനി താൻ പറയ്. എന്താണ് തന്റെ പ്രശ്നം"
"എനിക്ക് ശരത്തിനോട് ഒട്ടും സ്നേഹം തോന്നുന്നില്ല ഡോക്ടർ. മാത്രമല്ല, തൊടുമ്പോൾ പോലും വല്ലാത്തൊരു മാനസിക പ്രയാസം"
"ആട്ടെ, തനിക്ക് മറ്റാരോടെങ്കിലും ഇഷ്ടമുണ്ടായിരുന്നോ? മാതാപിതാക്കൾ നിർബന്ധിച്ചിട്ടായിരുന്നോ ഈ വിവാഹം?"
ഞാൻ ചോദിച്ചു.
"ഏയ് അങ്ങനെ പ്രണയമൊന്നും ആരോടും തോന്നിയിരുന്നില്ല. ചില ഇഷ്ടങ്ങളൊക്കെ ആ പ്രായത്തിൽ തോന്നീട്ടുണ്ടെന്നല്ലാതെ. ശരത്തിന്റെ വിവാഹം വന്നപ്പോ ഞാനമ്മയോട് പറഞ്ഞിരുന്നു, എനിക്കിത് വേണ്ടാന്ന്. പക്ഷെ കുടുംബം, നല്ല ആളുകൾ, സമ്പത്ത് എല്ലാം നോക്കുമ്പോ അവർക്കിത് നല്ലതാണെന്ന് തോന്നി. പക്ഷെ ഡോക്ടറേ നമ്മൾ സ്ത്രീകൾക്ക് അതു മാത്രമല്ലല്ലോ പ്രധാനം. കൂടെക്കൊണ്ടുനടക്കാൻ പറ്റുമെന്ന് തോന്നുന്ന ആൾ വേണ്ടേ"
"ഇപ്പോ ശരത്തിനോട് പറഞ്ഞതു പോലെ തനിക്ക് വിവാഹത്തിന് മുൻപിത് പറയാമായിരുന്നല്ലേ?"
"എനിക്കെല്ലാവരോടും ദേഷ്യമായിരുന്നു. എന്റെ ഇഷ്ടങ്ങൾക്ക് ഒരു വിലയും തരാത്ത അമ്മയും അച്ഛനും, അതിനിടക്ക് കൊഞ്ചിക്കാൻ വരുന്ന ശരത്ത്. ഞാൻ അന്നും ഒന്നും അയാളോട് സംസാരിച്ചിട്ടില്ല"
"അല്ല, സംസാരിച്ചിരുന്നെങ്കിലേ, ശരത്ത് അന്നേ തന്നെ മനസിലാക്കിയേനേ. വിവാഹം കഴിച്ച് കഴിഞ്ഞ് പറയുന്നതിലും നല്ലത് അതായിരുന്നില്ലേ?"
ഞാൻ വീണ്ടും ചോദിച്ചു.
"ഡോക്ടറേ എനിക്കപ്പോ പേടിയുണ്ടായിരുന്നു. അമ്മ ആത്മഹത്യയെങ്ങാനും ചെയ്യുമോയെന്ന് ഒരു പേടി. പിന്നെ ദേഷ്യോം. പക്ഷെ, ഇപ്പോ കുറച്ചൂടെ ധൈര്യമായി എന്നൊരു തോന്നലുണ്ട്. എനിക്ക് തീരെ അയാൾക്കൊപ്പം പറ്റുന്നില്ല"
"അല്ല, തനിക്കെന്താ ഭയമുണ്ടോ ശരത്തിനെ?"
"ഇല്ല, ഭയമൊന്നുമില്ല. പക്ഷെ അടുത്തേക്ക് വരുമ്പോ എന്തൊ ഒരു അസ്വസ്ഥത തോന്നാറുണ്ട്"
"മറ്റെന്തെങ്കിലും മാനസികമായ അസ്വസ്ഥത തോന്നാറുണ്ടോ? വിഷാദമോ, ഉറക്കക്കുറവോ അങ്ങനെയൊക്കെ?"
"ആഹ്, ആദ്യത്തെ ഒന്നു രണ്ടു ദിവസം ഉറക്കം പ്രശ്നമായിരുന്നു. അയാൾ എന്നെ എന്തെങ്കിലും ചെയ്താലോയെന്ന് പേടിച്ചിട്ട്. ഇപ്പോ ഉറക്കമുണ്ട്. വിഷാദമൊന്നും അത്ര പ്രശ്നമായിട്ടില്ല. ശരത്തിന്റെ വീട്ടുകാരെന്നോട് നല്ല സ്നേഹം കാണിക്കുന്നുണ്ട്. ശരത്തും അതെ, പക്ഷെ എനിക്ക് അത് പറ്റുന്നില്ല, ഡോക്ടർ"
"ഉം, അഞ്ജുവിന്റെ പ്രശ്നം ഒരു മാനസിക അസുഖമാണെന്നു പറയാൻ എനിക്കാവില്ല"
ഓരോ മനുഷ്യനും ജനിച്ച്, ജീവിച്ച്, വളരുന്ന സാഹചര്യങ്ങൾ വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ അവൻ കാണുന്ന കാഴ്ചകളും വേറെ വേറെയാണ്. അഞ്ജു പറഞ്ഞതിൽ നിന്ന് എനിക്ക് മനസിലായ പ്രധാന കാരണങ്ങളിലൊന്ന് അവളുടെ കാഴ്ച്ചപ്പാടിന്റേതാണ്. പണ്ടുമുതലേ ചില കുട്ടികളുടെ ഒരു സ്വഭാവമുണ്ട്. കറുപ്പ് നിറത്തോടുള്ള ഒരു ഇഷ്ടക്കേട്. വെളുത്ത നിറമുള്ള ഒരാളും കറുത്ത നിറമുള്ള ഒരാളും നിന്നാൽ മിക്ക കുട്ടികളും ആദ്യം സ്നേഹം പ്രകടിപ്പിക്കുന്നതും പോകുന്നതും വെളുത്ത നിറമുള്ളവരോടായിരിക്കും. കറുപ്പിനോടും ഇരുട്ടിനോടും അവരുടെ ഓർമയിലെവിടെയോ വീട്ടുകാർ ഭയം നിറച്ചുവച്ചിരിക്കുന്നു. ഇരുട്ടിനെ ചൂണ്ടിക്കാട്ടി കോക്കാച്ചി അവിടെയുണ്ട്, അതു നിന്നേ പിടിച്ചു തിന്നും, വേഗം ഭക്ഷണം കഴിച്ചോ എന്നൊക്കെ പറയുമ്പോൾ കുഞ്ഞുങ്ങളുടെ മനസ്സിൽ ഇരുട്ടും കറുപ്പുമെല്ലാം ഭയത്തിന്റെ പര്യായമാവുകയാണ്. അതേത്തുടർന്ന് അതേ നിറമുള്ള മനുഷ്യരോടും അവർ അതേ വികാരം പ്രകടിപ്പിച്ചു തുടങ്ങും. ഒടുവിലത് അഞ്ജുവിന് സമ്മാനിച്ചതു പോലെ വിവാഹത്തിലേർപ്പെടുന്ന ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിക്കുന്നതിൽ വരെയെത്തിനിൽക്കും. ഇവിടെ പ്രതികൾ മാതാപിതാക്കൾ തന്നെയാണ്.
അഞ്ജുവിന് ശരത്തിനെ ഇഷ്ടമല്ല എന്നു പറഞ്ഞപ്പോഴെങ്കിലും അവളുടെ യഥാർത്ഥ പ്രശ്നം മനസ്സിലാക്കാൻ അവർ ശ്രമിച്ചിരുന്നുവെങ്കിൽ അവരുടെ രണ്ടു പേരുടേയും ജീവിതത്തിന്റെ നല്ലൊരു സമയം വെറുതേ നഷ്ടമായിപ്പോകുമായിരുന്നില്ല. പകരം അവർ ചെയ്തത് കുടുംബം, നാണക്കേട് എന്നിവയൊക്കെ ഓർത്ത് മകളേ ഇഷ്ടമില്ലാത്ത ഒരു വിവാഹത്തിന് പ്രേരിപ്പിക്കുകയായിരുന്നു. ഒരു പക്ഷെ മറ്റു പെൺകുട്ടികളേപ്പോലെ സ്വന്തം മകളും വിവാഹവും ആദ്യ രാത്രിയുമൊക്കെ കഴിയുമ്പോൾ എല്ലാം പൊറുത്തും സഹിച്ചും ഭർത്താവിനൊപ്പം ജീവിച്ചു തുടങ്ങുമെന്ന് അവളുടെ വീട്ടുകാരും കരുതിയിട്ടുണ്ടാകാം. എന്നാൽ അഞ്ജുവിനേപ്പോലെയുള്ള പെൺകുട്ടികളും നമ്മുടെ സമൂഹത്തിലുണ്ട് സ്വന്തം ജീവിതം മാത്രം പ്രധാനമായിക്കാണുന്നവർ. പക്ഷെ ഇവിടെ അഞ്ജുവിനെ ന്യായീകരിക്കാൻ കഴിയുമോയെന്ന ചോദ്യം പ്രസക്തമാണ്. ധാർമിക നീതിയിൽ നിന്നും ചോദ്യം ചെയ്യുമ്പോൾ ഒരു പക്ഷെ അഞ്ജുവിനെ ന്യായീകരിക്കാൻ എളുപ്പമായിരിക്കില്ല. കാരണം എന്തു വന്നാലും ആദ്യരാത്രി തന്നെ ശരത്തിന്റെ കറുപ്പിനേക്കുറിച്ച് പറയാൻ ധൈര്യം കാണിച്ച അഞ്ജുവിന് അതിന് വളരെ മുൻപേ തന്നെ അയാളോട് തന്റെ ഇഷ്ടം പറയാൻ സാധിക്കണമായിരുന്നു. അങ്ങനെയെങ്കിൽ വലിയൊരു പ്രശ്നം അവിടെ ഒഴിവായിപ്പോയേനേ. ശരത്ത് ഞാൻ മനസിലാക്കിയവരിൽ ഏറ്റവും നല്ല ഗുണങ്ങളുള്ള മിടുക്കനായ ഒരു ചെറുപ്പക്കാരനാണ്. പക്ഷെ തന്റെ മുഖത്തു നോക്കി ഇഷ്ടപ്പെടുന്നൊരു പെൺകുട്ടി തന്റെ നിറത്തേക്കുറിച്ച് പറഞ്ഞത് അയാളേ വല്ലാതെ മൗനിയാക്കിയിട്ടുണ്ട്. അനാവശ്യമായ ഒരു കോംപ്ലക്സ് അയാൾക്കുണ്ടായിട്ടുണ്ട്.
ഞാൻ ശരത്തിനേ അകത്തേക്ക് വിളിച്ചു.
"ശരത്തേ, വിവാഹത്തിനു മുൻപ് അഞ്ജുവിന് അവളുടെ മനസ്സിലെ പ്രശ്നങ്ങൾ ശരത്തിനോട് പറയാൻ കഴിഞ്ഞില്ല. വിവാഹത്തിലും ജീവിതത്തിലും നിറത്തിനോ സൗന്ദര്യത്തിനോ വലിയ പ്രസക്തിയൊന്നുമില്ലെന്ന് ജീവിച്ച് തുടങ്ങുമ്പോഴല്ലേ മനസിലാകൂ. പക്ഷെ അഞ്ജുവിന് ഒട്ടും ശരത്തിനോട് യോജിച്ച് പോകാൻ പറ്റുന്നില്ല. അവളുടെ ഉള്ളിലെ ഇഷ്ടക്കേടാണ് ഭീതിയും വെറുപ്പും ഒക്കെയായി മാറിക്കൊണ്ടിരിക്കുന്നത്"
"മരുന്നു കൊണ്ട് മാറില്ലേ ഡോക്ടർ?"
ശരത്ത് ചോദിച്ചു.
"മരുന്നും കൊണ്ട് മാറുന്നതിന് പരിധികളുണ്ട് ശരത്ത്, അഞ്ജു കണ്ടു വളർന്നതും കേട്ടു വളർന്നതുമൊക്കെ ഇതിന് കാരണമാണ്. അവളെ അതിൽ നിന്ന് തിരുത്താൻ അവളുടെ മാതാപിതാക്കളും ശ്രമിച്ചില്ല. വളർന്നപ്പോൾ ആ പക്വത കൈവരിക്കാൻ അഞ്ജുവിന് ഒട്ടു കഴിഞ്ഞതുമില്ല. അനുഭവങ്ങളാണ് ഏറ്റവും നല്ല ഗുരുക്കൻമാർ"
"എനിക്ക് മനസ്സിലാവുന്നുണ്ട് ഡോക്ടർ. പക്ഷെ ഞാൻ കാരണം ശരത്തിന്റെ ജീവിതം നഷ്ടപ്പെട്ടുവെന്ന് ഓർക്കുമ്പോൾ എനിക്ക് വിഷമമുണ്ട്. പക്ഷെ എനിക്ക് സ്നേഹിക്കാൻ പറ്റുന്നില്ല."
അഞ്ജു പറഞ്ഞു.
"പതുക്കെപ്പതുക്കെ നീയെന്നെ സ്നേഹിക്കും അഞ്ജു."
ശരത്ത് പ്രതീക്ഷ കൈവിടാതെ പറഞ്ഞു.
"ഇല്ല, എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല"
അഞ്ജു ഉറപ്പിച്ചു പറഞ്ഞപ്പോൾ ഞാനിടപെട്ടു.
"സാധാരണ ഞാനാരോടും ബന്ധമുപേക്ഷിക്കാൻ പറയാറില്ല ശരത്ത്, പക്ഷെ ഇത്, ഒരു ബിഹേവിയർ തെറാപ്പി എനിക്ക് നിർദേശിക്കണമെങ്കിൽ പോലും അതിൽ അഞ്ജുവിന്റെ പൂർണമായ സഹകരണം വേണം. എന്നാൽ അവൾക്ക് നിങ്ങളെ ഒട്ടും സ്വീകരിക്കാനാവില്ല. ഈ സാഹചര്യത്തിൽ അഞ്ജുവിനേ അവളുടെ താൽപ്പര്യത്തിനു വിടുന്നതാവും നല്ലതെന്നാണ് എന്റെ ഒരു അഭിപ്രായം"
"ഡോക്ടർ?" നിസ്സഹായതയോടെ ശരത്ത് എന്നേ നോക്കി.
"ശരത്ത്, സോറി, എനിക്ക് തീരെ പറ്റാത്തതു കൊണ്ടാ." അഞ്ജു പറഞ്ഞു.
"അഞ്ജു, ഇനിയെങ്കിലും എനിക്ക് പറയാനുള്ളതൊന്ന് ശ്രദ്ധിക്കൂ. മനസ്സിലൊന്ന് വച്ചു കൊണ്ട് മറ്റൊരാളുടെ ജീവിതം തകർക്കാനിറങ്ങിപ്പുറപ്പെടരുത്. താൻ പറയാനുള്ളത് ആദ്യമേ പറഞ്ഞിരുന്നെങ്കിൽ, ശരത്ത് തന്നെ മനസ്സിലാക്കി, വിവാഹത്തിൽ നിന്ന് അന്നേ പിൻമാറിയേനേ. ഇത്ര നിർബന്ധ ബുദ്ധിയോടെ ഇപ്പോൾ നിൽക്കാൻ തനിക്ക് കഴിയുന്നുണ്ടല്ലോ. അത് അപ്പോൾ കാണിക്കേണ്ടതായിരുന്നു.
"അല്ല ഡോക്ടർ, ഞാൻ"
"നിങ്ങളേ സ്നേഹിക്കുന്ന ഒരാളുടെ ജീവിതവും ഹൃദയവുമാണ് തകർത്തു നിങ്ങൾ ഇറങ്ങിപ്പോവുന്നത്. പക്ഷെ ജീവിതം മുന്നോട്ട് പോകുമ്പോൾ നിങ്ങൾക്കു മനസ്സിലാകും, നിറവും ജാതിയും ലുക്കും ഒന്നുമല്ല അതിനേ മുന്നോട്ട് നയിക്കുന്നതെന്ന്."
അഞ്ജുവും ശരത്തുമിപ്പോൾ ഡിവോഴ്സ്ഡ് ആയി എന്നാണ് ഞാനറിഞ്ഞത്. അഞ്ജു അവൾക്കിഷ്ടമുള്ള ഒരാളെ വിവാഹം കഴിച്ച് ജീവിക്കുന്നു. എന്നാൽ ശരത്തിന് അഞ്ജു നൽകിയ ആ പ്രഹരത്തിൽ നിന്നും ഇതുവരെ പുറത്തെത്താനും ജീവിക്കുവാനുള്ള ധൈര്യം നേടാനുമായിട്ടില്ല. വരുന്ന വിവാഹാലോചനകളെല്ലാം അവൻ തട്ടി നീക്കുകയാണ്. അകാരണമായ ഭയം അവനെ ബാധിച്ചിരിക്കുന്നു. അവനാണ് ഇപ്പോൾ എന്റെ മുന്നിലുള്ള രോഗി എന്ന് ഞാൻ തിരിച്ചറിയുന്നു. പക്ഷെ അവനെ രോഗിയാക്കിയത് അഞ്ജു മാത്രമല്ല, ഈ സമൂഹം കൂടിയാണെന്ന് തിരിച്ചറിയണം. കറുപ്പ് ഭയക്കേണ്ട ഒരു നിറമല്ലെന്നും, വെളുപ്പും പകലും പോലെ നിരുപദ്രവകരമായ ഒന്നാണ് രാത്രിയും ഇരുട്ടുമെന്നും നമ്മൾ കുട്ടികളെ പഠിപ്പിക്കണം. രാത്രിയിൽ മാത്രമല്ല പകലും കോക്കാച്ചി വരാൻ സാധ്യതയുണ്ടെന്ന് അവർ മനസ്സിലാക്കണം. കറുപ്പും ഇരുട്ടുമില്ലാതെ വെളുപ്പും പകലും പ്രസക്തമല്ലെന്നും രണ്ടും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണെന്നും അവരെ പറഞ്ഞു പഠിപ്പിച്ചു വളർത്തണം. അല്ലെങ്കിൽ അഞ്ജുവിനേപ്പോലെയുള്ള മക്കളും ശരത്തിനേപ്പോലെ നോവുന്ന മനുഷ്യരും ഉണ്ടായിക്കൊണ്ടേയിരിക്കും. ഇതൊരു പാഠമായിരിക്കട്ടെ, എല്ലാവർക്കും.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.