കോവിഡ് മൂന്നാം തരംഗവും കുട്ടികളും
കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതൽ ബാധിക്കുക എന്ന വാർത്തയിൽ യാഥാർത്ഥ്യമുണ്ടോ? കോവിഡ് 19 രോഗത്തിന് കാരണമായ കൊറോണ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അതിവേഗം പടരുന്ന ഒരു പകർച്ചവ്യാധിയാണ്. വൈറസിനെതിരെ പ്രതിരോധശക്തി ആർജ്ജിക്കുവാൻ രണ്ട് വഴികളുണ്ട്. ഒരിക്കൽ അസുഖം വന്നവർക്ക് പ്രതിരോധശേഷി ലഭിക്കുന്നതുകൊണ്ട് വീണ്ടും രോഗം വരാൻ സാധ്യത വളരെ കുറവാണ്. വാക്സിനേഷൻ എടുക്കുന്നവർക്കും പ്രതിരോധശേഷി ലഭിക്കുന്നു. ഇന്നത്തെ സ്ഥിതി വെച്ച് നോക്കുമ്പോൾ 18 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമാണ് വാക്സിൻ ലഭിക്കുന്നത്. അതുകൊണ്ട് അടുത്ത തരംഗത്തിൽ വൈറസ് ബാധ കുട്ടികളിൽ താരതമ്യേന കൂടുതൽ ആയിരിക്കും. ഒന്നും രണ്ടും തരംഗങ്ങൾ കുട്ടികളിൽ പൊതുവെ ഗുരുതരമായ രോഗബാധ ഉണ്ടാക്കിയിരുന്നില്ല. മരണനിരക്ക് വളരെ കുറവുമായിരുന്നു. മൂന്നാം തരംഗത്തിൽ കൂടുതൽ കുട്ടികളും കൗമാരക്കാരും വൈറസ് ബാധിതരാവുമെങ്കിലും ഗുരുതരമായ ഒരു അവസ്ഥ പ്രതീക്ഷിക്കുന്നില്ല. രോഗലക്ഷണങ്ങളെക്കുറിച്ച് അറിവുണ്ടാകുന്നത് രോഗനിർണയം എളുപ്പമാകും.
കുട്ടികളിൽ കോവിഡ് 19 ന്റെ ലക്ഷണങ്ങൾ
★പനി
★ക്ഷീണം
★തലവേദന
★പേശിവേദന
★ചുമ
★മൂക്കൊലിപ്പ്
★മണമില്ലായ്മ
★രുചിക്കുറവ്
★തൊണ്ടവേദന
★ശ്വാസംമുട്ടൽ
★വയറുവേദന
★അതിസാരം
★ഓക്കാനം അല്ലെങ്കിൽ ഛർദ്ദി
★വിശപ്പില്ലായ്മ
ബഹുഭൂരിഭാഗം രോഗികളെയും വീട്ടിൽ ചികിത്സിക്കാവുന്നതാണ്. രോഗം മൂർച്ഛിക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. കടുത്ത പനി, പാല് കുടിക്കാതിരിക്കുക, ശ്വാസംമുട്ടൽ, ക്ഷീണം, മൂത്രം കുറയുക, വെറുതെ കരയുക ഇവയൊക്കെ രോഗം തീവ്രമാകുന്നതിന്റെ ലക്ഷണങ്ങളാണ്. പൾസ് ഓക്സിമീറ്റർ ഉപയോഗിച്ച് ഓക്സിജൻ അളവ് തിട്ടപ്പെടുത്താം. രോഗവിവരങ്ങൾ ഓൺലൈൻ കൺസൾട്ടേഷൻ വഴി ആരോഗ്യപ്രവർത്തകരെ അറിയിക്കണം. അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് ടെസ്റ്റിംഗ്, ചികിത്സ, ക്വാറന്റൈൻ തുടങ്ങിയ കാര്യങ്ങൾ ക്രമീകരിക്കണം.
കോവിഡനന്തര ആരോഗ്യപ്രശ്നങ്ങൾ
കൊറോണ വൈറസ് ചിലരിൽ ശരീരത്തിന്റെ പ്രതിരോധവ്യവസ്ഥയിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഇവരിൽ രോഗം മാറി ഏതാനും ആഴ്ചകൾ കഴിയുമ്പോൾ Multisystemic Inflammatory Syndrome-Covid 19 (MISC) എന്ന രോഗാവസ്ഥ പ്രത്യക്ഷപ്പെടാം. കടുത്ത പനി, ക്ഷീണം, ചെങ്കണ്ണ്, ശരീരം ചുവന്നു തടിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഇവരെ അടിയന്തരമായി ഡോക്ടറെ കാണിക്കേണ്ടതാണ്. രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും വ്യക്തമായ മാർഗ്ഗരേഖകൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കാലതാമസം വരുത്താതെ കണ്ടുപിടിച്ചു ചികിത്സിച്ചില്ലെങ്കിൽ ഈ രോഗം ജീവനു തന്നെ ഭീഷണിയാകാം.
പ്രതിരോധ കുത്തിവെപ്പുകൾ
കുട്ടികൾക്ക് നൽകാറുള്ള പ്രതിരോധ കുത്തിവെപ്പുകളും തുള്ളിമരുന്നുകളും ലോക്ക്ഡൗൺ കാലത്ത് മുടങ്ങിയിട്ടുണ്ടാകാം. ലോക്ക്ഡൗൺ തീരുന്ന മുറയ്ക്ക് വിട്ടുപോയ വാക്സിനുകൾ എടുക്കേണ്ടതാണ്. കോവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവർ രോഗം മാറി 2-4 ആഴ്ച കഴിഞ്ഞ് കുത്തിവെപ്പെടുക്കണം. എന്നാൽ കോവിഡ് വാക്സിൻ 3 മാസം കഴിഞ്ഞേ എടുക്കാവൂ...
കോവിഡും നവജാതശിശുക്കളും
പ്രസവസമയത്ത് അമ്മ പോസിറ്റീവാണെങ്കിൽ കുഞ്ഞിന് രോഗം പകരാൻ സാധ്യതയുണ്ട്. കുഞ്ഞിനെ അമ്മയുടെ മുറിയിൽത്തന്നെ കിടത്താവുന്നതാണ്. സഹായത്തിനു നിൽക്കുന്നയാൾ 60 വയസിൽ താഴെയുള്ളവരായിരിക്കണം. കുഞ്ഞിനെ മുലയൂട്ടണം. കൈകൾ സോപ്പിട്ട് കഴുകി മാസ്ക് ധരിച്ചു വേണം മുലയൂട്ടാൻ. പാൽ കൊടുത്ത ശേഷം കുഞ്ഞിനെ മാറ്റിക്കിടത്തണം. അമ്മയും കുഞ്ഞും തമ്മിൽ ആറടി അകലം പാലിക്കണം.
മൂന്നാം തരംഗത്തെയോർത്ത് പരിഭ്രാന്തരാവേണ്ടതില്ല. ശരിയായ ആസൂത്രണവും ജാഗ്രതയുമാണ് വേണ്ടത്. വാക്സിനേഷന് പ്രഥമ പരിഗണന നൽകണം. മുതിർന്നവർ വാക്സിൻ എടുക്കുന്നത് കുട്ടികളിലെ രോഗവ്യാപനം തടയുന്നതിനു സഹായിക്കും. വാക്സിൻ എടുത്താലും മാസ്ക്, സാനിറ്റൈസേഷൻ, സാമൂഹിക അകലം - ഇവയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും പാടില്ല.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.