Huddle

Share this post
കളിയാക്കലിൽ തളരാതിരിക്കാൻ
www.huddleinstitute.com

കളിയാക്കലിൽ തളരാതിരിക്കാൻ

Dr Sebin S Kottaram
Sep 14, 2021
Comment
Share

ഏഴാം ക്ലാസിൽ പഠിക്കുന്ന ജിയോ ഒരു ദിവസം കരഞ്ഞു കൊണ്ടാണ് വീട്ടിലെത്തിയത്. ചോദിച്ചപ്പോൾ, നിന്റെ മൂക്ക് ചൈനക്കാരുടേത് പോലെയാണ് എന്നു പറഞ്ഞ് കൂട്ടുകാർ കളിയാക്കിയെന്ന് ഏങ്ങലടിച്ചുകൊണ്ട് ജിയോ പറഞ്ഞു. പലപ്പോഴും തമാശയ്ക്കായി കൂട്ടുകാർ കളിയാക്കി സംസാരിക്കാറുണ്ട്. നിരുപദ്രവമായ നർമ്മമായിരിക്കും അതിലുണ്ടാവുക. എന്നാൽ, ഒരാളുടെ മനസ്സിനേ മുറിപ്പെടുത്തുന്ന രീതിയിൽ ആ കളിയാക്കൽ മാറിയാൽ അത് സാമൂഹിക തിന്മയായി മാറുന്നു. നിറം, പേര്, അവയവത്തിന്റെ രൂപം (മൂക്ക്, ചെവി, കണ്ണ്), ശരീരപ്രകൃതി (വണ്ണം, പൊക്കക്കുറവ്), കുടുംബം, ജാതി തുടങ്ങിയവയുമൊക്കെയും ബന്ധപ്പെടുത്തിയുള്ള കളിയാക്കലുകൾ അതിരു വിടുമ്പോൾ അത് ഇരയാകുന്നവരുടെ മനസ്സിൽ മുറിപ്പാടുകൾ വീഴ്ത്തുന്നു. കുട്ടികളേയാണ് കളിയാക്കലുകൾ വലിയ രീതിയിൽ നിഷേധാത്മകമായി സ്വാധീനിക്കുന്നത്. കാരണം, വ്യക്തിത്വം വികസിക്കുന്ന പ്രായത്തിൽ ശരിയായ അവബോധം തന്നേക്കുറിച്ച് തന്നെ രൂപപ്പെടേണ്ടതുണ്ട്. തന്നേക്കുറിച്ച് ശരിയായ അവബോധവും ഇല്ലാതിരിക്കുകയും ആത്മാഭിമാനം കുറവായിരിക്കുകയും ചെയ്യുന്ന കുട്ടികളെയാണ് കളിയാക്കലുകൾ വളരെ പെട്ടെന്ന് മുറിവേൽപിക്കുന്നത്. കളിയാക്കലുകളെ ഫലപ്രദമായി നേരിടാൻ ഇവിടെ ആദ്യം വേണ്ടത് തന്നേക്കുറിച്ചു തന്നെ ശരിയായ അവബോധം വളർത്തുകയും താൻ ആയിരിക്കുന്ന അവസ്ഥയിൽ ആത്മാഭിമാനമുള്ള വ്യക്തിയായി മാറുകയുമാണ്. സ്വന്തം കുറവുകളെ അംഗീകരിക്കുകയും കഴിവുകളെ പോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് വഴി കഴിവു തെളിയിക്കുന്ന മേഖലകളിൽ അംഗീകാരങ്ങളും പ്രോൽസാഹനങ്ങളും നേട്ടങ്ങളും തേടി വരുന്നു. പരിഹരിക്കാൻ സാധിക്കുന്ന കുറവുകളേ (ഉദാഹരണത്തിന്, ഇംഗ്ലീഷ് സംസാരിക്കാനുള്ള പേടി ) പരിഹരിക്കാൻ ശ്രമിക്കുക.

കളിയാക്കലുകൾക്ക് ഇരയാകേണ്ടി വരുന്ന ഘടകങ്ങളേ അംഗീകരിക്കുക. അതിനേ കുറവായി കാണാതിരിക്കുക. ഉദാഹരണത്തിന്, ഉണ്ടക്കണ്ണ്, ചൈനാ മൂക്ക്, ആനച്ചെവി, കുടവയർ, കറുത്ത നിറം എന്നിവ ചൂണ്ടിക്കാട്ടി ചിലർ കളിയാക്കുമ്പോൾ ഓർക്കുക. ഉരുണ്ട കണ്ണുകൾ സൗന്ദര്യത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഓരോ വംശജരുടേയും സൗന്ദര്യ സങ്കൽപം വേറിട്ടു നിൽക്കുന്നു. ചിലർക്കത് നീണ്ട മൂക്കാണെങ്കിൽ ചിലർക്കത് പതിഞ്ഞ മൂക്കാണ്. വലിയ ചെവിയുള്ളവൻ പൊതുവേ നിരീക്ഷണ പാടവം കൂടുതലുള്ളവരാണെന്ന് പറയാറുണ്ട്. നടൻ ജയസൂര്യയ്ക്കും മറ്റും വലിയ ചെവി കാണാം. കുടവയറും വണ്ണമുള്ള ശരീരവും പഴയ കാലത്ത് ആഢ്യത്വത്തിന്റെ ലക്ഷണമായിരുന്നു. ആഫ്രിക്കൻ വംശജരായ എത്രയോ കറുത്ത സുന്ദരികളാണ് വിവിധ മേഖലകളിൽ തിളങ്ങുകയും സൗന്ദര്യറാണിപ്പട്ടം നേടുകയും ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന് ഒരു കാലത്ത് കറുത്ത വർഗക്കാരി, കാപ്പിരി മുടിക്കാരി എന്നൊക്കെ ആക്ഷേപം കേട്ട ഓപ്ര വിൻഫ്രിയാണ് പിന്നീട് തന്റെ ടി.വി. ഷോയിലൂടെ പ്രശസ്തയായത്. ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നയായ ആഫ്രിക്കൻ വംശജയാണ് ഓപ്ര.

മറ്റുള്ളവർ കളിയാക്കുമ്പോഴല്ല, മറിച്ച് നമ്മൾ അതിനെ നമ്മുടെ കുറവായി കണ്ട്, അപകർഷതാ ബോധത്തിലേക്ക് വീഴുമ്പോഴാണ് കളിയാക്കലുകൾ മുറിവായി മാറുന്നത്. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ ഇനിഷ്യൽ മാറിയിരിക്കുന്നത് കണ്ട് ടീച്ചർ ചോദിച്ചു. നേരത്തേ വീട്ടു പേരാണ് ഇനിഷ്യലായി പേരിന്റെ ഒപ്പമുണ്ടായിരുന്നത്. എന്നാൽ വീട്ടുപേര് വിളിച്ച് കൂട്ടുകാർ കളിയാക്കുന്നുവെന്നാണ് അവന്റെ പരാതി. വീട്ടുപേർ വിളിക്കുന്നത് അഭിമാനമല്ലേ എന്ന ചോദ്യത്തിന് അവന്റെ മറുപടി : പിന്നെയെന്തിനാ പേരിട്ടിരിക്കുന്നത് ? ഇവിടെ വീട്ടുപേര് മോശമായതു കൊണ്ടല്ല, മറിച്ച് തന്റെ പേരിന് പകരം വീട്ടുപേര് വിളിക്കുന്നത് തന്നെ കളിയാക്കാനാണെന്ന തെറ്റായ ചിന്ത ആ കുട്ടി പുലർത്തുന്നതാണ് കാരണം. ഇവിടെ നമ്മുടെ തെറ്റായ ധാരണകളെ തിരുത്തുകയാണ് വേണ്ടത്. നിങ്ങളുടെ കുട്ടിയേ മറ്റൊരാൾ കളിയാക്കിയെന്ന് പറയുമ്പോൾ, നിസാര മട്ടിൽ അതിനെ ചിരിച്ചു തള്ളാതെ, കുട്ടി പറയുന്നത് ശ്രദ്ധാപൂർവ്വം കേൾക്കാൻ തയ്യാറാവുക. നിങ്ങൾക്ക് നിസാരമെന്നു തോന്നുന്ന ഒരു കാര്യം കുട്ടികളുടെ മനസ്സിൽ വലിയ വേദനയായിരിക്കും സൃഷ്ടിക്കുക. കുട്ടിയുടെ ആത്മാഭിമാനവും ആത്മവിശ്വാസവും വർധിപ്പിക്കുന്ന രീതിയിൽ സംസാരിക്കുക. തിരിച്ചും അതേ പോലെ പെരുമാറണം എന്ന രീതിയിൽ എരിതീയിൽ എണ്ണയൊഴിക്കുന്ന ഉപദേശം കൊടുക്കാതിരിക്കുക. ഇക്കാര്യം നിങ്ങളോട് തുറന്നു പറഞ്ഞതിന് കുട്ടിയെ അഭിനന്ദിക്കുക. കളിയാക്കുന്നവർ അവരുടെ ചില അപകർഷതാ ബോധങ്ങൾ മറയ്ക്കാൻ നടത്തുന്ന ശ്രമമാണെന്ന യാഥാർഥ്യം കുട്ടിയോട് പറയാം. തുടർച്ചയായി കളിയാക്കലുകൾ തുടർന്നാൽ അധ്യാപകരോടൊ, സ്കൂൾ കൗൺസിലറോടോ, പ്രിൻസിപ്പലിനോടോ ഭയക്കാതെ പരാതിപ്പെടാൻ പറയാം. തനിക്കു നേരേ ഒരു അതിക്രമമുണ്ടായാൽ അതിനു നേർക്കുള്ള പ്രതികരണം കൂടിയാണ് പരാതിപ്പെടൽ. അതിനാൽ ആ കാര്യം തനിയെ നിർവഹിക്കാൻ കുട്ടിയേ പ്രേരിപ്പിക്കണം.

• കളിയാക്കുന്ന വ്യക്തിയെ അവഗണിക്കുകയാണ് അടുത്ത പടി. കളിയാക്കുന്നയാൾ ഉപയോഗിക്കുന്ന ബാത്റൂം, കളിസ്ഥലം എന്നിവയിൽ നിന്ന് മാറി നിൽക്കുക.

• കളിയാക്കുമ്പോൾ ഉടനെ കരയുന്ന സ്വഭാവം, അമിതമായി ദേഷ്യപ്പെടുന്ന സ്വഭാവം എന്നിവ നിയന്ത്രിക്കുക. ആ സമയം അവിടെ നിന്ന് മാറുക. മനസ്സിൽ 25 മുതൽ താഴേക്ക് എണ്ണുക. മുഖം ശാന്തമാക്കി നിർത്താൻ ശ്രമിക്കുക. ചിരിക്കുന്നത് കളിയാക്കിയ വ്യക്തിയെ പ്രകോപിപ്പിച്ചേക്കാം.

• കളിയാക്കിയ വ്യക്തിയോട് വ്യക്തമായും ഉറച്ച ശബ്ദത്തിലും 'ഇനി എന്നെ കളിയാക്കരുത്' എന്ന് പറഞ്ഞ ശേഷം അവിടെ നിന്ന് മാറിപ്പോവുക.

• കുട്ടിയുടെ ആത്മവിശ്വാസം കുറയ്ക്കാൻ കളിയാക്കൽ ഇടയാക്കുന്നു. അതിനാൽ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കുന്ന നല്ല കൂട്ടുകാരുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുകയും അതിനു പ്രേരിപ്പിക്കുകയും ചെയ്യുക.

CommentComment
ShareShare

Create your profile

0 subscriptions will be displayed on your profile (edit)

Skip for now

Only paid subscribers can comment on this post

Already a paid subscriber? Sign in

Check your email

For your security, we need to re-authenticate you.

Click the link we sent to , or click here to sign in.

TopNewCommunity

No posts

Ready for more?

© 2022 Storiyoh
Privacy ∙ Terms ∙ Collection notice
Publish on Substack Get the app
Substack is the home for great writing