Dec 20, 2021 • 5M

ദേഷ്യത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ

Anger Series Part Two

Rahul Nair
Comment
Share
 
1.0×
0:00
-5:05
Open in playerListen on);
Episode details
Comments

കഴിഞ്ഞ ഭാഗത്തിൽ ദേഷ്യം എന്താണെന്നതിനെക്കുറിച്ചും അതിൻ്റെ ചില ലക്ഷണങ്ങളെക്കുറിച്ചും നമ്മൾ ചർച്ച ചെയ്തു. ദേഷ്യത്തിൻ്റെ കാരണങ്ങളെക്കുറിച്ചും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചും നമുക്ക് ആഴത്തിൽ ചർച്ച ചെയ്യാം.

നമ്മൾ ഓരോ സന്ദർഭങ്ങളെയും എങ്ങനെ വ്യാഖ്യാനിക്കുന്നു, അതിനോട് എങ്ങനെ പ്രതികരിക്കുന്നു എന്നത് അനുസരിച്ചാണ് നമ്മുടെയുളളിൽ ദേഷ്യം ഉണ്ടാവുന്നത്. എല്ലാവർക്കും ദേഷ്യത്തിന് പ്രേരകമാവുന്ന അവരുടേതായ കാരണങ്ങളുണ്ട്. ആക്രമിക്കപ്പെടുമ്പോഴോ, ഭീഷണി നേരിടുമ്പോഴോ, നിരാശനാകുമ്പോഴോ, ശക്തനല്ലെന്ന തോന്നലുണ്ടാവുമ്പോഴോ, അവഗണിക്കപ്പെടുമ്പോഴോ, ആളുകൾ നമ്മുടെ വികാരങ്ങളെ മാനിക്കാതിരിക്കുമ്പോഴോ ഒക്കെ നമുക്ക് ദേഷ്യം ഉണ്ടാവാം.

നമ്മൾ പ്രധാനമായി ഓർക്കേണ്ട കാര്യം ഓരോരുത്തരും വിവിധ സന്ദർഭങ്ങളെ വ്യാഖ്യാനിക്കുന്ന രീതികൾ വ്യത്യസ്തമാണ്. എന്നാൽ വ്യാഖ്യാനിക്കുന്ന രീതികൾ വ്യത്യസ്തമായതു കൊണ്ടു മാത്രം നിങ്ങൾ ദേഷ്യപ്പെടുമ്പോൾ വ്യഖ്യാനിക്കുന്ന രീതികൾ തെറ്റാണെന്ന് അർത്ഥമില്ല.

നിങ്ങളുടെ കുട്ടിക്കാലം, വളർന്നു വന്ന ചുറ്റുപാടുകൾ, മുൻകാല അനുഭവങ്ങൾ, നിലവിലെ അവസ്ഥ എന്നിവയെല്ലാം നിങ്ങൾ ഒരു സന്ദർഭത്തെ എങ്ങനെ വ്യാഖ്യാനിക്കുകയും അതിനോട് എങ്ങനെ പ്രതികരിക്കുകയും ചെയ്യുമെന്നതിനെ സ്വാധീനിക്കുന്നു.

നിങ്ങളുടെ ദേഷ്യം മുൻപെപ്പോഴോ സംഭവിച്ച കാര്യത്തിലാണെങ്കിലും ഇപ്പോൾ നടക്കുന്ന എന്തെങ്കിലും കാര്യത്തിനാണെങ്കിലും നമ്മൾ ഒരു സന്ദർഭത്തിൽ എങ്ങനെ, എന്തുകൊണ്ട് പ്രതികരിക്കുന്നു എന്ന് ചിന്തിക്കുന്നത് നമ്മുടെ വികാരങ്ങളോട് പൊരുത്തപ്പെടാൻ നമ്മെ സഹായിക്കും. നമ്മുടെ ദേഷ്യം ഫലപ്രദമായി കൈകാര്യം ചെയ്യാനും അത് നമ്മെ സഹായിക്കും.

നിങ്ങളുടെ കുട്ടിക്കാലവും വളർച്ചാ രീതികളും

ദേഷ്യത്തെ നമ്മൾ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതിനെ വളർച്ചാ രീതികൾ വളരെയേറെ സ്വാധീനിക്കുന്നുണ്ട്. കുട്ടിക്കാലത്ത് ലഭിക്കുന്ന ദേഷ്യത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ വളരുമ്പോൾ ദേഷ്യം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാക്കാറുണ്ട്.

മാതാപിതാക്കളോ മറ്റു കുടുംബാംഗങ്ങളോ ദേഷ്യം വളരെ അക്രമ സ്വഭാവത്തോടെയും ആക്രോശങ്ങളോടെയും പ്രകടിപ്പിക്കുന്നത് കണ്ടു വളരുന്ന ഒരു കുട്ടി അങ്ങനെ ചെയ്യുന്നതാണ് ശരി എന്ന് വിചാരിക്കും. വളർന്നു വരുമ്പോൾ തനിക്ക് ഇഷ്ടമല്ലാത്ത രീതിയിൽ ആരെങ്കിലും പെരുമാറുമ്പോഴോ താൽപ്പര്യമില്ലാത്ത സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകുമ്പോഴോ ദേഷ്യം പണ്ട് മനസിലാക്കി വെച്ചിരുന്ന രീതിയിൽ പ്രകടിപ്പിക്കും.

ആ കുട്ടി നിങ്ങളാണെന്ന് സങ്കൽപ്പിക്കുക.

നിയന്ത്രണാതീതമായ രീതിയിൽ ദേഷ്യം പ്രകടിപ്പിക്കുന്നത് നിങ്ങൾ കണ്ടിട്ടുള്ളതിനാൽ ദേഷ്യമെന്നത് നിങ്ങളെ സംബന്ധിച്ച് വിനാശകരവും പേടിപ്പെടുത്തുന്നതുമായ വികാരമാണ്. ഇതു കൊണ്ടു തന്നെ ദേഷ്യം, പ്രത്യേകിച്ച് നിങ്ങളുടെ തന്നെ ദേഷ്യം ഭയപ്പെടുത്തുന്ന അനുഭവമായിരിക്കും. അതിനാൽ വികാരങ്ങൾ പ്രകടിപ്പിക്കുന്നത് സുരക്ഷിതമല്ലെന്ന ധാരണയിൽ നിങ്ങൾ അത് അടക്കിപ്പിടിക്കും.

അടിച്ചമർത്തിയ ഈ വികാരങ്ങൾ വിചിത്രവും പരസ്പര ബന്ധമില്ലാത്തതുമായ സാഹചര്യങ്ങളിൽ പ്രത്യക്ഷപ്പെടുകയും അത് നിങ്ങളെയും കൂടെയുള്ളവരെയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യും.

കാരണം ക്രമാനുസൃതമല്ലാത്ത ഇത്തരം വികാരങ്ങളും പെരുമാറ്റങ്ങളും വിശദീകരിക്കാൻ ബുദ്ധിമുട്ടായിരിക്കും.

ചിലപ്പോൾ നിങ്ങളെ ഒരു കാര്യത്തിലും പരാതിപ്പെടരുത് എന്ന് പഠിപ്പിച്ചായിരിക്കും വളർത്തിയിട്ടുണ്ടാവുക.

ദേഷ്യം പ്രകടിപ്പിച്ചതിന് കുട്ടിയായിരിക്കുമ്പോൾ നിങ്ങൾക്ക് ശിക്ഷ കിട്ടിയിട്ടുണ്ടാവാം. അങ്ങനെയുള്ള അനുഭവങ്ങൾ ദേഷ്യം മനസിൽ അടക്കിപ്പിടിക്കാനുള്ള പ്രവണതയുണ്ടാക്കും.

പിന്നീടുള്ള ജീവിതത്തിൽ ഇത് വലിയ ഒരു പ്രശ്നമായിത്തീരാം. ആരോഗ്യകരമായ രീതിയിൽ ദേഷ്യം പ്രകടിപ്പിക്കാൻ കഴിഞ്ഞില്ല എങ്കിൽ നിങ്ങൾ ആ ദേഷ്യം നിങ്ങളിലേക്ക് തന്നെ പ്രകടിപ്പിക്കാൻ സാധ്യതയുണ്ട്.

മുൻകാല അനുഭവങ്ങൾ

മുൻകാലങ്ങളിൽ ദേഷ്യമുണ്ടായിട്ടുള്ള സന്ദർഭങ്ങളുണ്ടായിട്ടും (ഉദാഹരണം- ബുള്ളിയിങ്, ട്രോമ, അധിക്ഷേപങ്ങൾ ) അത് സുരക്ഷിതമായി പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിൽ ഇപ്പോഴും അത് നിങ്ങളുടെ ഉള്ളിൽ കെടാതെ കിടക്കുന്നുണ്ടാകാം.

ചില പ്രത്യേക സന്ദർഭങ്ങൾ നിങ്ങൾക്ക് വെല്ലുവിളിയുയർത്താനും നിങ്ങളിൽ ദേഷ്യം വളർത്താനും കാരണമായിത്തീരാം എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്.

നിങ്ങൾക്ക് ഇപ്പോൾ അനുഭവപ്പെടുന്ന ദേഷ്യം നിലവിലെ പ്രശ്നം കൊണ്ടായിരിക്കണം എന്നില്ല. മുൻകാലങ്ങളിൽ നിങ്ങൾക്കുണ്ടായ പ്രശ്നങ്ങളുമായും അത് ബന്ധപ്പെട്ടിരിക്കാം. ഇതിനർത്ഥം നിങ്ങൾ ഇപ്പോഴനുഭവിക്കുന്ന കോപം നിങ്ങളുടെ മുൻകാല അനുഭവങ്ങളെയും പ്രതിഫലിപ്പിക്കുന്നുണ്ട്. ഈ ഒരു സാധ്യത മനസിലാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം ഇത് മനസിലാക്കിയാൽ നിലവിലെ സാഹചര്യങ്ങളോട് അമിത സമ്മർദ്ധമില്ലാതെ പ്രതികരിക്കാൻ കഴിയും.

നിലവിലെ സാഹചര്യങ്ങൾ

നിലവിൽ നിങ്ങൾ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ സാധാരണയിൽ നിന്നും പെട്ടെന്ന് ദേഷ്യം അനുഭവപ്പെടാം. ചിലപ്പോൾ യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലായിരിക്കും ദേഷ്യം അനുഭവപ്പെടുക.

നിങ്ങൾക്ക് ദേഷ്യം തോന്നുന്ന ഒരു പ്രത്യേക സാഹചര്യം ഉണ്ടായിരിക്കുകയും എന്നാൽ ആ സമയം അത് പ്രകടിപ്പിക്കാൻ കഴിയാതെയും വന്നാൽ നിങ്ങൾ ആ ദേഷ്യം യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളിലാവും പ്രകടിപ്പിക്കുക.

ദുഃഖത്തിൻ്റെ ഭാഗമായും ദേഷ്യം ഉണ്ടാകാം. നിങ്ങൾക്ക് വേണ്ടപ്പെട്ട വ്യക്തികളുടെ വിയോഗം ഉണ്ടായാൽ അപ്പോൾ അനുഭവിക്കുന്ന വികാരങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയും അത് ദേഷ്യത്തിന് വഴിവെക്കുകയും ചെയ്യാം.

ഓരോ സന്ദർഭങ്ങളിലെയും മനുഷ്യരുടെ പ്രതികരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളെക്കുറിച്ചാണ് ഈ ഭാഗത്തിൽ പറഞ്ഞത്. ദേഷ്യം എങ്ങനെ ഫലപ്രദമായി കൈകാര്യം ചെയ്യാമെന്ന് അടുത്ത ഭാഗത്തിൽ ആഴത്തിൽ ചർച്ച ചെയ്യാം.