പ്രീപ്രൈമറി വിദ്യാഭ്യാസം
ശൈശവമാണ് വ്യക്തിയുടെ സ്വഭാവരൂപീകരണത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടം. കുട്ടികളുടെ മാനസികമായ കഴിവുകൾ വികസിക്കുന്നതിൽ അവർ വളരുന്ന സാഹചര്യം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കുട്ടിയുടെ ജിജ്ഞാസയും പുതിയ കാര്യങ്ങൾ മനസിലാക്കാനുള്ള സ്വാഭാവിക പ്രേരകശക്തിയുമാണ് പഠനപ്രക്രിയയിലെ പ്രധാന ഘടകങ്ങൾ. ബുദ്ധിപരമായ സംവാദങ്ങളും ചർച്ചകളും നടക്കുന്ന വീടുകളിൽ വളരുന്ന കുട്ടികൾ ബുദ്ധിപരമായി ഉയർന്നവരായിരിക്കുമെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
പഠനം എങ്ങനെ രസകരവും ആസ്വാദ്യകരവും ആക്കാമെന്നതായിരിക്കണം നമ്മുടെ ആദ്യത്തെ ചിന്ത (പഠനം എന്നതുകൊണ്ട് പാഠപുസ്തക പഠനം മാത്രമല്ല ഉദ്ദേശിച്ചിരിക്കുന്നത്). വിവിധയിനം കളികളിലേർപ്പെടാൻ കുഞ്ഞിനെ പ്രേരിപ്പിക്കണം. ഇത്തരം വിനോദങ്ങൾ ജിജ്ഞാസയും വൈദഗ്ധ്യം നേടാനുള്ള ആഗ്രഹവും ഉണർത്തുന്നു.
കുഞ്ഞുങ്ങൾക്ക് ജന്മസിദ്ധമായ ചില കഴിവുകളുണ്ടായിരിക്കും. അവ ഏതെന്ന് കണ്ടെത്തി പരിപോഷിപ്പിച്ചാൽ അവർ മിടുക്കരായി തീരുമെന്നുറപ്പാണ്.
വളരെ ചെറുപ്രായത്തിൽ ശിശുക്കളുടെ തലച്ചോർ ബൗദ്ധികമായി ഉയർന്ന പ്രവർത്തികൾ ചെയ്യാൻ മാത്രം വികാസം പ്രാപിച്ചിട്ടുണ്ടാവില്ല. ഇളം പ്രായത്തിലേ പഠനഭാരം അവരിലടിച്ചേൽപ്പിച്ചാൽ അവരുടെ ജിജ്ഞാസയും സർഗാത്മകതയും നശിക്കുന്നു. ഭാവിയിൽ താല്പര്യക്കുറവിനും അനുസരണക്കുറവിനും ഇത് ഇടയാക്കിയേക്കാം.
പട്ടാളചിട്ടയുള്ള വിദ്യാഭ്യാസം കുട്ടികളുടെ ആത്മാഭിമാനം നശിപ്പിക്കുന്നു. ഈ ചെറുപ്രായത്തിലേതന്നെ ചിട്ടയോടെയുള്ള എഴുത്തും ഗൃഹപാഠവും മനഃപാഠം പഠിക്കലും കേട്ടെഴുത്തും കണ്ടെഴുത്തും സ്പെല്ലിങ്ങും വ്യാകരണവും എടുത്താൽ പൊങ്ങാത്ത സ്കൂൾബാഗും അവന് താങ്ങാവുന്നതിലുപരിയാണ്. ഇതിനോദനുബന്ധിച്ചുള്ള ശിക്ഷണ നടപടികൾ വേറെയും. നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങൾ അവന് നേടാനായെന്നുവരില്ല. അവന്റെ തലച്ചോർ അത്രക്ക് വികസിച്ചിട്ടുണ്ടാവില്ല. ആ താങ്ങാനാകാത്ത ഭാരം അവനെ പരാജയത്തിലേക്ക് നയിക്കുന്നു. പരാജയം ശിക്ഷയിൽ കലാശിച്ചേക്കാം. അവന്റെ അഭിമാനത്തിന് ക്ഷതം തട്ടുന്നു. മാതാപിതാക്കളോട് അവനോടുള്ള വാത്സല്യം കുറയുന്നു. മാർക്കിനോടും റാങ്കിനോടുമാണല്ലോ മാതാപിതാക്കൾക്ക് സ്നേഹം! ഇതിന്റെ ഫലമായി അവർ പരാജയത്തെ ഭയക്കുന്നു. കുട്ടിക്ക് പഠനമെന്ന വാക്കിനോടുതന്നെ വെറുപ്പ് തോന്നുന്നു.
ഇത് കുട്ടികളിൽ സ്കൂൾ ഫോബിയ എന്ന അവസ്ഥ സൃഷ്ടിക്കാം. സ്കൂൾ അവർക്കൊരു പേടിസ്വപ്നമാകും. ഇത് പല മനസികപ്രശ്നങ്ങൾക്കും ഇടയാക്കും.
കുട്ടികളെ അവർക്ക് താല്പര്യമുള്ള പ്രവർത്തികൾ ചെയ്യാനനുവദിക്കുന്നതിന് പകരം പുസ്തകങ്ങൾ മനഃപാഠമാക്കാൻ നിർബന്ധിക്കുമ്പോൾ പഠിക്കാനുള്ള താൽപര്യം തന്നെ അവർക്ക് നഷ്ടപ്പെടുന്നു. അതിന്റെ ഫലമായി ഏകാഗ്രതയും സ്വന്തമായി ആശയങ്ങൾ രൂപീകരിക്കാനുള്ള കഴിവും അവരിൽ വളർന്നുവരുന്നില്ല. നഴ്സറിപ്പാട്ടുകളോ അക്ഷരങ്ങളോ മനഃപാഠമാക്കുന്നതുകൊണ്ട് ആശയങ്ങൾ രൂപീകരിക്കാനുള്ള കഴിവ് ഉണ്ടാകണമെന്നില്ല. കുട്ടി തനിക്ക് ചുറ്റുമുള്ള വസ്തുക്കൾ നിരീക്ഷിക്കുമ്പോഴും പല തെറ്റുകൾ വരുത്തുമ്പോഴും ആ തെറ്റുകളിൽനിന്ന് പഠിക്കുമ്പോഴുമാണ് അവന് പുതിയ ആശയങ്ങൾ ഉണ്ടാകുന്നതും ആശയരൂപീകരണം നടക്കുന്നതും.
തങ്ങളുടെ കുട്ടികൾ ഒന്നാംറാങ്കുകാരാകണം എന്ന ആഗ്രഹമാണ് എല്ലാ മാതാപിതാക്കൾക്കും. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെ അവർ കുട്ടികളുടെമേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്നു.
ഭാവിയിലെ റാങ്കിനുവേണ്ടി മുലകുടിമാറാത്ത കുട്ടികളെപ്പോലും പഠിപ്പിക്കാൻ ഒരുമ്പെടുന്ന മാതാപിതാക്കൾ ഇന്ന് കുറവല്ല. ഇത് കുട്ടികളുടെ ആരോഗ്യത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കും എന്ന കാര്യം അവർ ഓർക്കുന്നില്ല.
കുട്ടികൾക്ക് നല്ല ഭാവിയുണ്ടാകണമെന്ന മാതാപിതാക്കളുടെ ആഗ്രഹത്തെ നമുക്ക് കുറ്റപ്പെടുത്താനാവില്ല. തങ്ങൾക്ക് നേടാനാവാത്തത് കുട്ടികൾക്കെങ്കിലും നേടാൻകഴിയണം എന്ന ആഗ്രഹമായിരിക്കാം ചിലപ്പോൾ അവരുടെ മനസ്സിൽ. പക്ഷെ ഈ പരിശ്രമങ്ങൾ കുട്ടികൾക്കുമേൽ വിപരീതഫലമാണുണ്ടാക്കുക എന്ന കാര്യം മാതാപിതാക്കൾ മനസിലാക്കേണ്ടതാണ്.
അമിതമായി സമ്മർദംചെലുത്തപ്പെട്ടിരുന്ന ചില കുട്ടികളിൽ ഛർദ്ദി, വയറിളക്കം, തലവേദന, വയറ്റിൽ വേദന, കിടക്കയിൽ മൂത്രമൊഴിക്കൽ, നഖം കടിക്കൽ, ഉറക്കമില്ലായ്മ, പേടിസ്വപ്നങ്ങൾ കണ്ട് ഞെട്ടിയുണരൽ, പേശിവേദന തുടങ്ങിയ അസുഖങ്ങൾ കാണപ്പെട്ടിട്ടുണ്ട്. ചില കുട്ടികൾക്ക് വിശപ്പില്ലായ്മയും തൂക്കക്കുറവും ക്ഷീണവും വരെ അനുഭവപ്പെടാറുണ്ട്. ഇത്തരം സമ്മർദ്ദങ്ങളുടെ മാനസികമായ പ്രത്യാഘാതങ്ങൾ ചിലപ്പോൾ കുഞ്ഞിന് പ്രായപൂർത്തിയായശേഷമാണ് കാണപ്പെടുക.
കുഞ്ഞിന്റെ തലച്ചോർ പക്വത പ്രാപിക്കുന്നതിനുമുമ്പ് അവനെ നടക്കാനോ വായിക്കാനോ എഴുതാനോ നഴ്സറിപ്പാട്ടുകൾ പാടാനോ പഠിപ്പിക്കുന്നത് വ്യർത്ഥമാണ്. ഇത് ദോഷഫലങ്ങൾ മാത്രമേ ഉളവാക്കു. തലച്ചോർ വികാസംപ്രാപിക്കുന്നത് സുനിശ്ചിതമായ വേഗതയിലാണ്. ഈ സ്വാഭാവികമായ വേഗത വർദ്ധിപ്പിക്കാൻ നമുക്ക് സാധ്യമല്ല.
അക്കങ്ങളുടെയും അക്ഷരങ്ങളുടെയും പ്രതീകങ്ങളുടെയും കോഡിങ്ങും ഡീകോഡിങ്ങും നടത്താൻമാത്രം ചെറിയ കുഞ്ഞുങ്ങളുടെ തലച്ചോറ് വികാസം പ്രാപിച്ചിട്ടുണ്ടാകില്ല. മൂന്നുമൂന്നര വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ക്രമമായി മുന്നോട്ടും പിറകോട്ടും എണ്ണുവാനും ചിട്ടയായി വരകൾക്കിടയിൽ മാത്രം എഴുതുവാനും വിഷമമുള്ള നഴ്സറിപ്പാട്ടുകൾ പാടുവാനും കാണുന്ന എല്ലാ വസ്തുക്കളുടെയും നിറങ്ങൾ പറയുവാനും സ്പെല്ലിങ് മനഃപാഠമാക്കുവാനും നിർബന്ധിക്കുന്നതെല്ലാം അവർക്ക് താങ്ങാവുന്നതിലേറെയാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുവാൻമാത്രം അവരുടെ തലച്ചോർ ഈ പ്രായത്തിൽ പക്വതപ്രാപിച്ചിരിക്കില്ല. പക്ഷെ ഇവയാണല്ലോ ഇന്നത്തെ ‘എൽ.കെ.ജി ഇന്റർവ്യൂ’ വിന്റെ ശൈലി എന്നു കാണുമ്പോൾ സഹതാപം തോന്നുന്നു.
കാര്യങ്ങൾ എങ്ങനെ രസകരമായി ഗ്രഹിക്കാം എന്നതാണ് കുഞ്ഞിന് നൽകാവുന്ന ഏറ്റവും വലിയ പാഠം. പുതിയ കാര്യങ്ങൾ ഈ രീതിയിൽ ഗ്രഹിക്കുന്നത് കുഞ്ഞിൽ ആത്മാഭിമാനം വളർത്താനുതകും. സ്വയം വായിക്കാനും എഴുതാനും ഒരു പ്രവണതയുണ്ടാകും. നിലത്തും ചുവരിലും കടലാസിലും കുത്തിക്കുറിച്ച് അവൻ തന്റെ വിജ്ഞാനം പ്രകടിപ്പിക്കും. ഇത് നമ്മൾ പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അവന് അത്യധികം സന്തോഷമുണ്ടാകും.
കേരളത്തിലെ കൗമാരപ്രായക്കാർക്കിടയിൽ ആത്മഹത്യാപ്രവണത വർദ്ധിച്ചുവരികയാണ്. സ്ഥിതിവിവരകണക്കുകൾ സൂചിപ്പിക്കുന്നത് കേരളത്തിലെ ആത്മഹത്യാനിരക്ക് പാശ്ചാത്യരാജ്യങ്ങളുടേതിന് തുല്യമാണ് എന്നാണ്. അതായത് ഇന്ത്യയുടെ ദേശീയ ശരാശരിയേക്കാൾ കൂടുതൽ. പിച്ചവയ്ക്കുന്നകാലം മുതൽ മനഃപാഠമെന്ന രീതി മാത്രം അവലംബിക്കുന്ന കുട്ടികൾക്ക് സമൂഹവുമായി ഇടപ്പെടാനുള്ള കഴിവും ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള കഴിവും നഷ്ടപ്പെടുന്നതാണ് വർദ്ധിച്ചുവരുന്ന ആത്മഹത്യകളുടെ മൂലകാരണം.
സന്തുഷ്ടരും കാര്യങ്ങൾ ഗ്രഹിക്കാൻ താല്പര്യമുള്ളവരുമായ കുട്ടികളെ സൃഷ്ടിക്കുക എന്നതായിരിക്കണം ചെറുപ്രായത്തിലെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം. കുട്ടികളുടെ വിജയം അവർ വാരിക്കൂട്ടുന്ന റാങ്കുകളിൽ മാത്രമല്ല, മറിച്ച് സ്വയം വളർത്തിയെടുക്കുന്ന ആത്മാവിശ്വാസത്തിലും കൂടിയാണെന്ന കാര്യം നാം മറക്കരുത്. ചെറിയപ്രായത്തിലേ താങ്ങാനാവാത്ത ബാഗുമായി കിന്റർഗാർഡനിലേക്ക് പോകുന്ന കുട്ടികൾക്ക് പലതും നഷ്ടമായേക്കാം. ബുദ്ധിപരമായ വികാസത്തിനും മാനസികാരോഗ്യത്തിനും നാം അവർക്ക് സൗകര്യം ഒരുക്കിക്കൊടുക്കണം.
ചുറ്റുംകാണുന്ന വസ്തുതകളിൽനിന്ന് അവർ പലതും പഠിക്കും. കുട്ടിക്ക് സുരക്ഷിതത്വബോധവും താൻ സ്നേഹിക്കപ്പെടുന്നുവെന്ന തോന്നലും അനുഭവപ്പെടണം. കുട്ടികളെ കുട്ടികളായി കാണുകയാണ് രക്ഷിതാക്കൾ ആദ്യം ചെയ്യേണ്ടത്. മറ്റുള്ള എല്ലാവരെക്കാളും മിടുക്കാരായിത്തീരണമെന്ന് നാം വാശിപിടിക്കരുത്. ആദ്യം അവർക്ക് വളരാനുള്ള നല്ല സാഹചര്യമൊരുക്കുക. ബാക്കി സ്വയം അവർ ആയിക്കൊള്ളും.
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.