നമ്മുടെയൊക്കെ വീടുകളിൽ കാണാറുള്ള ഒരു കൂട്ടം മാതാപിതാക്കളെയും കുട്ടികളെയും ഓർമ്മപ്പെടുത്തും വിധമുള്ള ഒരു വിഷയമാണ് ഇന്ന് മുന്നിലുള്ളത്. അച്ഛനും-അമ്മയും ആകാൻ പോകുന്നു എന്ന് തിരിച്ചറിയുന്ന ആദ്യ ഘട്ടത്തിലേക്കൊന്ന് നോക്കാം. എങ്ങനെയൊക്കെ ആവാം തങ്ങളുടെ കുഞ്ഞിനെ വരവേൽക്കാൻ അവർ തയ്യാറെടുപ്പ് നടത്തുന്നത്...
ആ കുഞ്ഞുജീവൻ വയറിനുള്ളിൽ മുളപൊട്ടുമ്പോഴേ അവർക്ക് വേണ്ട കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും വാങ്ങിക്കൂട്ടി കാത്തിരിക്കുന്നവർ, പുതിയ കാലമനുസരിച്ച് നിറവയർ എല്ലാകാലത്തും ഓർത്തിരിക്കാനെന്നവണ്ണം വിവാഹചടങ്ങിലെന്ന പോലെ ‘മെറ്റേണിറ്റി ഫോട്ടോ ഷൂട്ട്’ ആഘോഷമാക്കുന്നവർ, മറ്റ് ചിലരാകട്ടെ കുഞ്ഞ് ആദ്യം ആരോഗ്യത്തോടെ പുറത്ത് വരട്ടെ ബാക്കിയൊക്കെ പിന്നെ എന്ന് തീരുമാനമെടുത്ത് കാത്തിരിക്കുന്നവർ!
ആഘോഷങ്ങളുടെ, കാത്തിരിപ്പിന്റെ, മുന്നൊരുക്കത്തിന്റെ എല്ലാ വഴികളും മനോഹരം തന്നെ! കാരണം തങ്ങളുടെ കുഞ്ഞ്/മക്കൾ ജന്മമെടുക്കുന്നത് എങ്ങനെ ആഘോഷിക്കണമെന്നത് ഓരോ വ്യക്തികളുടെയും സ്വകാര്യതയും അവകാശവും സ്വാതന്ത്ര്യവുമൊക്കെയാണ്. എന്നിട്ടും ഞാൻ ഇവയൊക്കെ ഇവിടെ ഓർമ്മപ്പെടുത്താൻ കാരണമെന്താണെന്നോ... കുഞ്ഞുങ്ങളുടെ ജനനത്തിന് മുൻപ് വ്യത്യസ്ത കാഴ്ചപ്പാടുകളും രീതികളുമൊക്കെ വച്ചു പുലർത്തിയിരുന്ന മനുഷ്യർ ഒരുപരിധി വരെ അവരുടെ ജനന ശേഷം ഒന്നിച്ച് ചേരുന്ന ഒരു കാലത്തെ കുറിച്ചോർമ്മപ്പെടുത്തുന്നതിനാണ്.
അതെ, കുഞ്ഞുങ്ങളുടെ ജനനശേഷം ഒരുപക്ഷെ മക്കളുടെ ജീവിതവുമായി ബന്ധപ്പെട്ട നിമിഷങ്ങളെല്ലാം തന്നെ മുകളിൽ പറഞ്ഞ എല്ലാത്തരം മാതാപിതാക്കൾക്കും ഒന്നുപോലെ ആഘോഷമാണ്. മധുരം നുകർന്നും, ഭക്ഷണമൊരുക്കിയും, വീടലങ്കരിച്ചും, കേക്ക് മുറിച്ചുമൊക്കെ കൊണ്ടാടുന്ന ഒരുപാട് ആഘോഷങ്ങൾ.
എന്നാൽ ആദ്യത്തെ ആഘോഷങ്ങളുടെ ഘട്ടം കഴിഞ്ഞാൽ പിന്നെയോ, തങ്ങളുടെ കുഞ്ഞുമക്കളുടെ വിശാലമായ ഭാവി സ്വപ്നം കണ്ട് അവർക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നവർ, മികച്ച വിദ്യാഭ്യാസം സ്വപ്നം കണ്ട് മികച്ച വിദ്യാലയങ്ങളെ തേടിപ്പിടിക്കുന്നവർ, ചുറ്റിനുമുള്ളവരിലേക്ക് നോക്കി മക്കൾ അവരെക്കാളേറെ മികച്ച് നിൽക്കാൻ ആഗ്രഹിക്കുന്നവർ, മക്കൾ വളർന്ന് ആരായിത്തീരണമെന്ന ആഗ്രഹവും പേറി നടക്കുന്നവർ!
അതെ, ഈ ആഗ്രഹങ്ങളിൽ നിന്നും സ്വപ്നങ്ങളിൽ നിന്നും തന്നെയാണ് ഭാവിയിൽ വിധിയെ പഴിചാരും വിധം രൂക്ഷമാകുന്ന പ്രശ്നങ്ങളുടെ അടിത്തറ ഒരുങ്ങുന്നതെന്ന് നമുക്ക് അടിവരയിട്ട് പറയാം.
തങ്ങൾക്ക് നേടാൻ കഴിയാതിരുന്ന സ്ഥാനങ്ങളും, പഠനത്തിലെ ഉയർച്ചയും, തങ്ങൾ പരാജയപ്പെട്ട വഴികളിൽ മക്കളുടെ വിജയങ്ങളും, സുരക്ഷിതമായ ഗവണ്മെന്റ് ജോലിയും, വിദേശത്ത് വലിയ ശമ്പളവും ഒപ്പം സുഖലോലുപത നിറഞ്ഞ ജീവിതവും, അങ്ങനെ പലതും അവർ മക്കളിലൂടെ സ്വപ്നം കണ്ട് തുടങ്ങുന്നു. ഒരുപരിധിവരെ കുഞ്ഞുനാളുകളിലെ പ്രകടനങ്ങളും വിജയങ്ങളും വിലയിരുത്തി മുന്നോട്ടുള്ള കാലങ്ങളിലും ഇതേ വിജയങ്ങൾ അവർ ആവർത്തിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. സങ്കീർണ്ണത നിറഞ്ഞ തുടർ പഠനകാലങ്ങളിലും ഇതേ നേട്ടം പ്രതീക്ഷിച്ച് അവർ യാഥാർത്ഥ്യത്തെ മനപ്പൂർവ്വം മറന്ന് കളയുന്നു.
ചിലർ, വളർന്ന് വരുന്ന കുഞ്ഞുങ്ങളുടെ അഭിരുചികളും(അപ്റ്റിറ്റ്യൂഡ്), കഴിവുകളും, ഇഷ്ടങ്ങളും, ഇന്റലിജൻസും തിരിച്ചറിയാതെ “ചെറുപ്പത്തിൽ എന്ത് മിടുക്കൻ/മിടുക്കി ആയിരുന്നു. ഇപ്പോൾ കണ്ടില്ലേ.. “ എന്ന് നിരാശപ്പെടുന്നു.
മറ്റുചിലരാകട്ടെ മുകളിൽ പറഞ്ഞ അതേ വസ്തുതകൾ തിരിച്ചറിയാതെ മക്കളിലേക്ക് വലിയ മോഹങ്ങൾ പകർന്നു നൽകുന്നു അല്ലെങ്കിൽ അടിച്ചേൽപ്പിക്കുന്നു. അവരുടെ ഇഷ്ടങ്ങളെയും താൽപ്പര്യങ്ങളെയും മറന്ന് അവരിലേക്ക് ‘ഇൻജെക്ട്’ ചെയ്ത സ്വപ്നങ്ങൾക്ക് പിന്നാലെ പോകുന്നതിനുള്ള വഴികളും സൗകര്യങ്ങളും ഒരുക്കി നൽകുന്നു. പരാജയങ്ങൾ നേരിടുമ്പോഴും വഴിമാറി സഞ്ചരിക്കാൻ അനുവദിക്കാതെ കുറ്റപ്പെടുത്തലുകൾ കൊണ്ട് മൂടുന്നു. കഴിവുകെട്ടവനോ/കഴിവുകെട്ടവളോ ആണെന്ന് ആക്ഷേപിക്കുന്നു.
ഒടുവിലെന്താണ് സംഭവിക്കുന്നത്…?
നിരാശയുടെ പടുകുഴിയിലേക്ക് മക്കളും നിങ്ങൾ മാതാപിതാക്കളും ഒന്നു പോലെ കൂപ്പുകുത്തുന്നു.
എന്നിട്ടോ…
എന്നിട്ട് നിങ്ങൾ പറയും “ചെയ്യാനുള്ളതൊക്കെ ചെയ്തുകൊടുത്തു, ഇല്ലാത്ത പൈസ മുടക്കി പഠിപ്പിച്ചു അല്ലെങ്കിൽ സമ്പാദിച്ചതിന്റെ ഒരുഭാഗം മുടക്കി പഠിപ്പിച്ചു, എല്ലാ സൗകര്യങ്ങളുമൊരുക്കി കൊടുത്തു, എന്തിന്റെ കുറവായിരുന്നു ഇവിടെ.. എന്നിട്ടും പഠിക്കാൻ വയ്യെങ്കിൽ ഇനി വിധിപോലെ വരട്ടെ” എന്ന്.
എവിടെയാണ് പാളിച്ച പറ്റുന്നതെന്ന് നിങ്ങൾ തിരിച്ചറിയണം!
ഒരു ഉദാഹരണം, നിങ്ങളുടെ മകനെ നിങ്ങൾ IPS കാരൻ ആയിക്കാണാൻ ആഗ്രഹിക്കുന്നു. അവന്റെ ഇഷ്ടങ്ങളിലേക്കും താൽപ്പര്യങ്ങളിലേക്കും തിരിഞ്ഞു നോക്കാൻ ഇടം കൊടുക്കാതെ IPS നേടണമെന്ന ആഗ്രഹത്തിലേക്ക് മകനെ വഴിതിരിച്ച് വിടാൻ നിങ്ങൾ ശ്രമിക്കുന്നു. പക്ഷെ സിവിൽ സർവീസ് എക്സാം എഴുതുന്നതിന് പ്രായമാകുമ്പോഴും നിങ്ങളുടെ മകന്റെ ഉയരം 165 സെന്റി മീറ്ററിൽ താഴെയാണെങ്കിൽ, IPS നേടുന്നതിനുള്ള അടിസ്ഥാനപരമായ ഫിസിക്കൽ റിക്വയർമെന്റ് മകന് ഇല്ലാതെ വരുന്നു. എന്നാൽ അങ്ങനെയൊരു സാഹചര്യം വന്നാലെങ്കിലും നിങ്ങൾ സ്വന്തം താൽപ്പര്യം ഉപേക്ഷിച്ച് മകന്റെ ഇഷ്ടങ്ങളിലേക്ക് നോക്കാൻ ശ്രമിക്കുമോ? ഇല്ല!
മറിച്ച് IPS ൽ നിന്ന് നിങ്ങളുടെ സ്വപ്നം IAS ലേക്ക് തിരിച്ചുവിടും. എന്നിട്ടോ വർഷങ്ങൾ പിന്നിട്ട് എക്സാം എഴുതുന്നതിനുള്ള അവസരങ്ങളുടെ കാലം അവസാനിച്ചാൽ പിന്നെ നിങ്ങൾ psc പരീക്ഷകളിലേക്ക് തിരിയും. പരീക്ഷകളെഴുതി കാത്തിരിപ്പ് തുടർന്ന് ‘മുന്തിയ’ ഉദ്യോഗങ്ങൾ കിട്ടാതാകുമ്പോൾ, എന്തെങ്കിലും ഒരു സർക്കാർ ജോലിയെന്നും, ഒടുവിൽ എവിടെയെങ്കിലും എന്തെങ്കിലും ഒരു ജോലിയെന്ന തലത്തിലേക്കും നിങ്ങൾ എത്തും.
എന്നിട്ട്പോലും കാത്തിരിപ്പ് വീണ്ടും തുടരേണ്ടി വന്നാലോ.. നിങ്ങളുടെ വാചകങ്ങൾ ഇങ്ങനെ തന്നെയാകും- “ചെയ്തുകൊടുക്കാവുന്നതിന്റെ പരമാവധി ചെയ്തു. ആഹ്, ഇനിയെല്ലാം വിധിപോലെ വരട്ടെ!”
എന്നാൽ, യഥാർഥത്തിൽ ചെയ്യേണ്ടത് നിങ്ങൾ ചെയ്തുവോ?
ഇല്ല!
പിന്നെയെന്താണ് നിങ്ങൾ ചെയ്തത്?
മക്കളുടെ സ്വപ്നങ്ങളെ, താൽപ്പര്യങ്ങളെ, ഇഷ്ടങ്ങളെ, അഭിരുചികളെ, കഴിവുകളെ, ഇന്റലിജൻസിനെ കണ്ടില്ലെന്ന് നടിച്ച്, നിങ്ങളുടെ സ്വപ്നങ്ങൾക്ക് മുകളിൽ അനാവശ്യ നിക്ഷേപം നടത്തി. ഒടുവിൽ പരാജയം സംഭവിച്ചപ്പോൾ നഷ്ടങ്ങൾ നിരത്തി വ്യാകുലപ്പെട്ടു.
ഓർക്കുക-
ഭാവി നിങ്ങളുടെയല്ല, മക്കളുടെയാണ്!
ജീവിതം നിങ്ങളുടെയല്ല, മക്കളുടെയാണ്!
ഒടുവിൽ പരാജയം വിധിക്കു വിട്ട് കൊടുക്കുമ്പോഴും തോൽക്കുന്നത് നിങ്ങളല്ല, മക്കൾ തന്നെയാണ്!
അതുകൊണ്ട്, അവർ അവരിലേക്ക് നോക്കട്ടെ!
അധ്വാനിക്കട്ടെ!
തോൽവിയിലൂടെ തിരിച്ചറിവുകളുണ്ടാകട്ടെ!
തെറ്റ് തിരുത്തട്ടെ!
വീണ്ടും പരിശ്രമിക്കട്ടെ!
ഒടുവിൽ വിജയിക്കട്ടെ!
മനസ്സറിഞ്ഞ് സന്തോഷിക്കട്ടെ!
നേട്ടങ്ങളുണ്ടാകട്ടെ!
വിധിയെ പഴിക്കാതെ ജീവിക്കട്ടെ!
ഇനിയും നിങ്ങളൊരുക്കിനൽകുന്ന സാഹചര്യങ്ങളും സൗകര്യങ്ങളും നിങ്ങൾ പകർന്നു നൽകുന്ന സ്നേഹവും തിരിച്ചറിവുകളും ‘അവരുടെ ലക്ഷ്യത്തിലേക്കുള്ള വഴികളെ’ കൂടുതൽ സുഗമമാക്കട്ടെ…
ആശംസകൾ!
Well said 👍🏻💖
Excellent... 🔥👌