അടിയുടെ കുറവല്ല, മനസിന്റെ താളം തെറ്റലാണ് !
കോവിഡ് മഹാമാരിയുടെ കാലമാണ്. കുട്ടികളുടെ പഠനം ഉൾപ്പെടെ എല്ലാക്കാര്യങ്ങളും ഡിജിറ്റലായി കഴിഞ്ഞു. ക്ലാസ്സ് മുറികളിൽ ദിവസവും കണ്ടും കളിച്ചും ചിരിച്ചും വളർന്നിരുന്ന കുട്ടികൾ ഓൺലൈൻ ക്ലാസുകളിലേക്ക് ചുരുങ്ങിയതോടെ കാര്യങ്ങൾ എളുപ്പമായെന്നു കരുതിയെങ്കിൽ തെറ്റി. കൂട്ടുകാരെയും അധ്യാപകരെയും കാണാതെ, വീടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടിക്കൊണ്ടുള്ള പഠനരീതി കുട്ടികളിൽ പലവിധത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ ഉണ്ടാക്കിത്തുടങ്ങി എന്നതാണ് വാസ്തവം. സമപ്രായക്കാരുമായുള്ള ആശയവിനിമയം കുട്ടികളുടെ വ്യക്തിത്വ വികസനത്തിൽ ഏറെ നിർണായകമാണ്. എന്നാൽ കഴിഞ്ഞ ഒന്നരവർഷത്തോളമായി കുട്ടികൾ അനുഭവിക്കുന്ന ഏകാന്തത ചികിത്സ അനിവാര്യമാകുന്ന തലത്തിലെ മാനസിക സമ്മർദ്ദത്തിലേക്കാണ് കുഞ്ഞുങ്ങളെ നയിക്കുന്നത്.
പഠനത്തിൽ താല്പര്യം നഷ്ടപ്പെടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് സ്വദേശിയായ അനന്തുവിനെ കുട്ടികളുടെ മനഃശാസ്ത്രജ്ഞനെ കാണിക്കുന്നത്. അധ്യാപികയുടെ നിർദേശപ്രകാരമായിരുന്നു ഇത്. ക്ലാസിൽ പഠനകാര്യങ്ങളിൽ ഏറെ മിടുക്കനായിരുന്നു അനന്തു. എന്നാൽ കഴിഞ്ഞ ആറേഴ് മാസമായി അനന്തുവിൻ്റെ പഠനം വളരെ മോശമാണ്. എട്ടാം ക്ളാസിലേക്ക് കടന്നെങ്കിലും പഠനത്തിൽ യാതൊരു പുരോഗതിയുമില്ല. മാതാപിതാക്കൾ പറഞ്ഞത് ഈ ഒരൊറ്റ പ്രശ്നമായിരുന്നു എങ്കിലും അനന്തുവിനെ പരിശോധിക്കുകയും രസകരമായ ചില മനഃശാസ്ത്ര പരിശോധനകൾ നടത്തുകയും ചെയ്ത ഡോക്റ്റർക്ക് ഒരു കാര്യം മനസിലായി, മാതാപിതാക്കൾ പറയും പോലെ പഠനത്തിൽ പിന്നോട്ടായത് മാത്രമല്ല അനന്തുവിൻ്റെ പ്രശ്നം. ഒറ്റപ്പെടലിനെ തുടർന്നുണ്ടായ വിഷാദരോഗം അനന്തുവിനെ ബാധിച്ചു കഴിഞ്ഞു.
എന്നാൽ ഡോക്റ്ററുടെ ഈ തുറന്നു പറച്ചിൽ ഒട്ടും തന്നെ ഉൾക്കൊള്ളാൻ അനന്തുവിന്റെ മാതാപിതാക്കൾക്ക് കഴിഞ്ഞില്ല. അങ്ങനെ വിഷാദം വരാനുള്ള ഒരു സാഹചര്യവും തങ്ങളുടെ വീട്ടിലില്ല എന്ന് അവർ തീർത്ത് പറഞ്ഞു. മാതാപിതാക്കൾക്ക് വേണ്ടി , അനന്തുവിൽ നിന്നും ചോദിച്ചറിഞ്ഞ കാര്യങ്ങൾ ഡോക്‌ടർ വിശദീകരിച്ചു. പ്രത്യക്ഷത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും നഗരത്തിലെ ഫ്ലാറ്റ് ജീവിതത്തിൽ അനന്തു തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥരായ മാതാപിതാക്കൾ ജോലിക്കായി പോയിക്കഴിഞ്ഞാൽ പിന്നെ അനന്തു വീട്ടിൽ ഒറ്റയ്ക്കാണ്. പഠനം തുടങ്ങിയ കാലം മുതൽക്ക് ഇത് തന്നെയാണ് അവസ്ഥ. എന്നാൽ അന്നൊക്കെ കാര്യങ്ങൾ മാനേജ് ചെയ്തു പോകാൻ അനന്തുവിന് കഴിഞ്ഞിരുന്നു. രാവിലെ സ്‌കൂളിൽ പോയാൽ വൈകിട്ട് മൂന്നു മണിവരെ കൂട്ടുകാരും അധ്യാപകരുമൊക്കെയായി മുഴുവൻ സമയം വ്യാപൃതനായിരിക്കും അനന്തു. സ്‌കൂൾ കഴിഞ്ഞാൽ സുഹൃത്തുക്കളുമായി കാന്റീനിൽ പോയി ഭക്ഷണം, അത് കഴിഞ്ഞു നേരെ ട്യൂഷൻ ക്‌ളാസിലേക്ക്. ഒന്നിടവിട്ട ദിവസങ്ങളിൽ കരാട്ടെ ക്ലാസ്, അവധി ദിവസങ്ങളിൽ നീന്തൽ ക്ലാസ്. എന്നാൽ കോവിഡ് മൂലം വീടിനുള്ളിൽ ഒറ്റപ്പെട്ടതോടെ ഈ അവസരങ്ങളെല്ലാം അനന്തുവിന് നഷ്ടമായി.
തൊട്ടടുത്ത ജില്ലയിൽ ജോലി ചെയ്യുന്ന മാതാപിതാക്കൾ രാവിലെ നേരത്തെയിറങ്ങും, അവർ മടങ്ങി എത്തുമ്പോൾ വൈകുകയും ചെയ്യും.സ്‌കൂളിലെ ഓൺലൈൻ ക്ലാസിനു പുറമെ, ട്യൂഷനും ഓൺലൈനായി.ഭക്ഷണം കഴിക്കാൻ പോലും കൂട്ടിനു ആരുമില്ല. മാതാപിതാക്കളെക്കാൾ ഏറെ അനന്തു സംസാരിച്ചിരുന്നത് അധ്യാപകരും കൂട്ടുകാരുമായിട്ടായിരുന്നു. ആ സാഹചര്യങ്ങളെല്ലാം ഇല്ലാതായതോടെ അനന്തുവിന് തീർത്തും ഒറ്റപ്പെട്ട അവസ്ഥയായി.പതിയെ പതിയെ ആരോടും സംസാരിക്കാനുള്ള താല്പര്യം പോലും കുട്ടിക്ക് നഷ്ടമായി. ഇനി പഴയപോലെ ഒരു ജീവിതം ഉണ്ടാകില്ല എന്ന തോന്നൽ കൂടുതൽ ഒറ്റപ്പെടലിലേക്കും വിഷാദത്തിലേക്കും കുഞ്ഞിനെ എത്തിച്ചു. ഇവിടെ പ്രത്യക്ഷത്തിൽ അനന്തുവിൻ്റെ മാതാപിതാക്കളെ കുറ്റം പറയാനാകില്ല. എന്നാൽ മകനിൽ വന്ന മാറ്റം അവരറിയാതെ പോയി എന്നത് തെറ്റുതന്നെയാണ്. കുട്ടികൾ സാധാരണ രീതിയിൽ സ്കൂളുകളിൽ സമപ്രായത്തിലുള്ള കുട്ടികളുമായി കളിച്ചു വളരേണ്ട പ്രായമാണ്. അത് അവരുടെ ബുദ്ധി വികാസത്തിനും മാനസികമായ വളർച്ചയ്ക്കും സഹായിച്ചിരുന്നു. പെട്ടെന്ന് വീട്ടിൽ അടച്ചിരിക്കേണ്ടി വരുമ്പോൾ മാതാപിതാക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും അവരെ സഹായിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതുമായ പെരുമാറ്റമാണ് വേണ്ടത്. കോവിഡ് കാലത്തു മിക്കവർക്കും ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. അതുമൂലം സാമ്പത്തികമായും മാനസികമായും ഒരുപാടു പ്രശ്നങ്ങൾ മാതാപിതാക്കളെ അലട്ടുന്നുണ്ടാവാം, പക്ഷെ അതൊന്നും കുട്ടികളോട് ഉള്ള ദേഷ്യമായി മാറരുത്.
ഡോക്‌ടർ അനന്തുവിൻ്റെ അവസ്ഥ വിവരിച്ച ശേഷവും തന്റെ മകന് കുഴപ്പമൊന്നും ഇല്ലെന്നും നല്ല തല്ലിന്റെ കുറവാണ് എന്നുമാണ് വിദ്യാസമ്പന്നനായ അച്ഛൻ പറഞ്ഞത്. കുട്ടികൾക്ക് എന്ത് മാനസിക പ്രശ്നം എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചോദ്യം. കുട്ടികളുടെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അജ്ഞതയാണ് ഇത്തരത്തിൽ ഒരു ചോദ്യം ചോദിയ്ക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം. ഇവിടെയാണ് മാറ്റം വരേണ്ടത്. അനന്തു കടുത്ത മാനസിക സമ്മർദ്ദവുമായി ജീവിതം തള്ളി നീക്കുന്ന അനേകം കുട്ടികളിൽ ഒരാൾ മാത്രമാണ്. വിഷാദത്തിന് പുറമെ, മാതാപിതാക്കൾ ശരിയായവിധത്തിൽ ഉൾക്കൊള്ളാത്ത നിരവധി മാനസിക പ്രശ്നങ്ങൾ കുട്ടികളെ അലട്ടുന്നുണ്ട്. ഏറെ പണിപ്പെട്ടാണ് ഡോക്ടർ അനന്തുവിൻ്റെ അച്ഛനമ്മമാരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിയത്. ഇത്തരത്തിൽ കുട്ടികൾക്ക് എന്ത് മാനസിക പ്രശ്നം എന്ന് ചിന്തിക്കുന്നവർ അറിഞ്ഞിരിക്കാൻ കുട്ടികൾ നേരിടുന്ന ചില പ്രശ്നങ്ങളെ അടുത്തറിയാം
കണ്ടക്റ്റ് ഡിസോര്‍ഡര്‍
വളർത്തുദോഷം എന്നൊക്കെ ഒറ്റവാക്കിൽ പറഞ്ഞൊതുക്കുന്ന ചില പ്രശ്നങ്ങൾ കുട്ടികളിൽ കാണാറുണ്ട്. എന്നാൽ അത് വളർത്തുദോഷം ആകുന്നത് എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ ? ആരോഗ്യകരമായ സാഹചര്യത്തിൽ വളരാനുള്ള അവസ്ഥ ഒരു കുട്ടിക്ക് നിഷേധിക്കുന്നതിന് ഫലമാണത്. കുടുംബത്തിലെ പൊരുത്തക്കേടുകള്‍, കുട്ടികളെ വളര്‍ത്തിയെടുക്കുന്ന രീതിയിലെ പിഴവുകള്‍, മാതാപിതാക്കള്‍ തമ്മിലുള്ള നിരന്തരമായ വഴക്കുകള്‍ എന്നിവ കണ്ടക്റ്റ് ഡിസോര്‍ഡറിനു കാരണമാവാറുണ്ട്. ഇത് മാത്രമല്ല, മാതാപിതാക്കളിലെ അമിതമദ്യപാനം, ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം, ആന്റിസോഷ്യല്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, സൈക്കോട്ടിക് അസുഖങ്ങള്‍ തുടങ്ങിയ മാനസികരോഗങ്ങളും അമ്മമാരിലെ വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍ തുടങ്ങിയ അസുഖങ്ങളും മക്കളില്‍ കണ്ടക്റ്റ് ഡിസോര്‍ഡറിനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കാറുണ്ട്. ഇത്തരം പ്രശ്നമുള്ള കുട്ടികൾ ഒന്നിനോടും പൊരുത്തപ്പെടുകയില്ല. നിഷേധാത്മക സമീപനമായിരിക്കും എല്ലാത്തിനോടും കാണിക്കുക. വിദ്യാലയത്തിലും പിയർ ഗ്രൂപ്പുകളിലും ഇവർക്ക് നല്ല സുഹൃത്തുക്കൾ ഉണ്ടാകില്ല. ഇനി സാമൂഹികമായ മറ്റു ചില അവസ്ഥകൾ കൂടി കണ്ടക്റ്റ് ഡിസോര്‍ഡറിനു കാരണമാകാറുണ്ട്. മാതാപിതാക്കളുടെ വിവാഹമോചനവും, അമ്മമാര്‍ക്ക് അധികം പ്രായമില്ലാതിരിക്കുന്നതും, അഛനമ്മമാരില്‍ ആരുടെയെങ്കിലും അസാന്നിധ്യം എന്നിവയും കുട്ടികളുടെ മാനസിക നില തകരാറിലാക്കാറുണ്ട്.
കുട്ടികളുടെ പെരുമാറ്റങ്ങൾ, ആവശ്യങ്ങൾ എന്നിവ മാതാപിതാക്കൾ അവഗണിക്കാതിരിക്കുക, അതീവകര്‍ക്കശമായി അച്ചടക്കം പാലിക്കുന്ന പ്രവണത ഒഴിവാക്കുക, അനാവശ്യമായി വീട്ടിൽ വഴക്കുകൾ ഉണ്ടാകുന്ന അവസ്ഥ ഒഴിവാക്കുക, കുട്ടികളെ ഇമോഷണലി ചൂഷണം ചെയ്യാതിരിക്കുക തുടങ്ങിയ നടപടികളിലൂടെ മാത്രമേ കണ്ടക്റ്റ് ഡിസോര്‍ഡര്‍ തടയാൻ കഴിയൂ. മാതാപിതാക്കൾ കുട്ടികളുടെ ഏറ്റവും മികച്ച സുഹൃത്തുക്കളായി മാറണം.
ഡിപ്രഷന്‍ (വിഷാദരോഗം)
മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾക്ക് വിഷാദരോഗം ഉണ്ടെങ്കിൽ അത് മക്കൾക്കും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.എന്നാൽ ഈ രോഗപ്പകർച്ച ജനിതകകാരണങ്ങളിലൂടെയല്ല.
രോഗബാധിതരായ മാതാപിതാക്കളുടെ വികലമായ ചിന്താരീതികള്‍ കുട്ടികള്‍ അനുകരിക്കുന്നതും, കുട്ടികളുമായുള്ള ഇടപെടലുകളില്‍ ഈ അഛനമ്മമാര്‍ നിസംഗതയോ നിര്‍വികാരതയോ ആക്രമണോത്സുകതയോ പ്രകടിപ്പിക്കുന്നതും ആ കുട്ടികളില്‍ വിഷാദരോഗത്തിന്റെ കാരണമായി മാറാം. എന്ന് കരുതി വിഷാദരോഗം മാതാപിതാക്കളിൽ നിന്ന് മാത്രമേ കുട്ടികളിലേക്ക് വരൂ എന്ന് കരുതരുത്. സാഹചര്യങ്ങളും ഒറ്റപ്പെടലും താങ്ങാനാവാത്ത ഡിപ്രഷനും ഇവിടെ വില്ലനാണ്. മാതാപിതാക്കളുടെ ക്രിമിനൽ സ്വഭാവം, മദ്യപാനം തുടങ്ങിയവ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയും കുട്ടികളിൽ വിഷാദരോഗത്തിനുള്ള കാരണമാകുന്നു.കുടുംബാംഗങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിലെ പ്രശ്നങ്ങള്‍ കുട്ടികളെ വിഷാദരോഗത്തിലേക്കു നയിക്കാറുണ്ട്.
തനിക്ക് അർഹിക്കുന്ന സ്നേഹം, പരിഗണന, എന്നിവ കുടുംബത്തിൽ നിന്നും ലഭിക്കുന്നില്ല എന്ന ചിന്തയും വിഷാദ രോഗത്തിന് കാരണമാകുന്നു. സ്നേഹനിധികളായ മാതാപിതാക്കളിൽ ഒരാളുടെയോ സഹോദരങ്ങളുടെയോ മരണം മൂലമുണ്ടാകുന്ന ശൂന്യതയും കുട്ടികളില്‍ വിഷാദരോഗത്തിനു കാരണമാവാറുണ്ട്. ഇതിനെല്ലാം പുറമെ, ശാരീരികമോ ലൈംഗികമോ ആയ ചൂഷണങ്ങള്‍ക്കു വിധേയരാകുന്ന കുട്ടികള്‍ക്ക് വിഷാദരോഗം വരാവുന്നതാണ്. കുടുംബവും സ്കൂളുമായുള്ള അടുത്ത ബന്ധം, പഠനത്തില്‍ മികവുകാണിക്കാനുള്ള ഉത്സാഹം, പെരുമാറ്റവൈകല്യങ്ങളില്ലാത്ത കുട്ടികളുമായുള്ള കൂട്ടുകെട്ട് എന്നിവ കുട്ടികളെ വിഷാദരോഗത്തില്‍ നിന്നും കരകയറ്റുന്ന ഘടകങ്ങളാണ്. ശരിയായ പരിഗണന ലഭിച്ചില്ലെങ്കിൽ ആത്മഹത്യയിലേക്ക് വരെ ചെന്നെത്താവുന്ന മാനസികാവസ്ഥയാണ് വിഷാദം.
ആല്‍ക്കഹോളിസം
കുട്ടികൾ ലഹരിക്ക് അടിമകളാകുന്ന അവസ്ഥ അതീവ ഗുരുതരമായ ഒരു മാനസിക രോഗം തന്നെയാണ്. ഇതിനുള്ള പ്രധാന കാരണം ലഹരി ഉപയോഗിക്കുന്ന മാതാപിതാക്കൾ ചെലുത്തുന്ന സ്വാധീനമാണ്.
അഛന്മാരുടെ മദ്യപാനത്തെക്കാള്‍ അമ്മമാരിലെ മദ്യപാനശീലമാണ് കുട്ടികള്‍ കൂടുതല്‍ അനുകരിക്കാറുള്ളത്. കലുഷിതമായ കുടുംബാന്തരീക്ഷം, കുട്ടികളെ ശരിയായ രീതിയില്‍ വളര്‍ത്തിയെടുക്കാനുള്ള കഴിവുകളുടെ അഭാവം , ശാരീരികമോ ലൈംഗികമോ ആയ പീഡനങ്ങള്‍, മക്കളുമായി ആഴമുള്ള ബന്ധത്തിന്റെ അഭാവം, ഫലപ്രദമല്ലാത്ത ആശയവിനിമയം,നല്ല സാമൂഹ്യമര്യാദകള്‍ കുട്ടികള്‍ക്ക് പകര്‍ന്നുകൊടുക്കാതിരിക്കുന്നത്, മാനസികസമ്മര്‍ദ്ദം നിയന്ത്രിക്കാനുള്ള വിദ്യകള്‍ കുട്ടികള്‍ക്കു പറഞ്ഞുകൊടുക്കാതിരിക്കുന്നത്, മക്കളെ തീരെ ശിക്ഷിക്കാതിരിക്കുകയോ അമിതമായി ശിക്ഷിക്കുകയോ ചെയ്യുന്ന രീതികളെല്ലാം തന്നെ ലഹരിക്ക് അടിമകളായ കുട്ടികളെ സൃഷ്ടിക്കുന്ന കാര്യങ്ങളാണ്. ലഹരിക്ക് അടിമകളായ കുട്ടികളുടെ ചിന്താശേഷി പ്രവർത്തനരഹിതമാകുകയും അവർ സമൂഹത്തിനു ബാധ്യതയാകുകയും ചെയ്യുന്നു.
ഓപ്പോസിഷണൽ ഡെഫിഷ്യന്റ് ഡിസോർഡർ
തനിക്ക് നേരെ വരുന്ന എന്തിനെയും എതിർക്കുന്ന സ്വഭാവമാണ് ഓപ്പോസിഷണൽ ഡെഫിഷ്യന്റ് ഡിസോർഡർ. 12 വയസ്സിൽ താഴെയുള്ള കുട്ടികളിൽ, പത്തിൽ ഒരാൾക്ക് ODD ഉണ്ടെന്നു കണക്കാക്കപ്പെടുന്നു. പെൺകുട്ടികളെ അപേക്ഷിച്ചു ആൺകുട്ടികളിലാണ് ODD കൂടുതലായി കണ്ടു വരുന്നത് . പെട്ടെന്ന് കോപം വരുക, അസസ്‌ഥരാകുക, സ്ഥിരമായി വാശി പ്രകടിപ്പിക്കുക, മുതിർന്നവരുമായി (പ്രധാനമായും മാതാപിതാക്കൾ) വാദപ്രതിവാദം നടത്തുക, സ്കൂളിലെയോ വീട്ടിലെയോ ചിട്ടകൾ അനുസരിക്കാൻ വിസമ്മതിക്കുക, മറ്റുള്ളവരെ അസ്വസ്‌ഥരാക്കുന്ന വിധം പ്രവർത്തിക്കുക, ആത്മാഭിമാനം ഇല്ലാതിരിക്കുക
സ്വന്തം പരാജയങ്ങൾക്ക് മറ്റുള്ളവരെ പഴി ചാരുക തുടങ്ങിയവ ഓപ്പോസിഷണൽ ഡെഫിഷ്യന്റ് ഡിസോർഡർ എന്ന അവസ്ഥയുടെ ലക്ഷണങ്ങളാണ്.എന്നാൽ നമ്മുടെ സാമൂഹികാന്തരീക്ഷം പലപ്പോഴും ഈ ലക്ഷണങ്ങളെ ഒരു രോഗമായി കാണുന്നില്ല. പകരം കുട്ടികളിലെ ഇത്തരം സ്വഭാവദൂഷ്യങ്ങൾ തല്ലിയും ശിക്ഷിച്ചും നേരെയാക്കാനുള്ള ശ്രമങ്ങളാണ് നടത്തുക.
അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD)
കേരളത്തിൽ ധാരാളം കുട്ടികൾക്ക് കണ്ടു വരുന്ന ഒരവസ്ഥയാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD). 2 മുതൽ 5 ശതമാനം വരെ കുട്ടികളിൽ ഈ വൈകല്യം കാണപ്പെടുന്നുണ്ട്. ഇവിടെയും ആൺകുട്ടികളിലാണ് പ്രശ്നം കൂടുതലായി കണ്ടുവരുന്നത് . ശ്രദ്ധക്കുറവ് ,പഠനവൈകല്യങ്ങൾ, നിർദ്ദേശങ്ങൾ പിന്തുടരുവാൻ ബുദ്ധിമുട്ട്, ഏറ്റെടുത്തിരിക്കുന്ന കൃത്യം പൂർത്തിയാക്കാതെ അടുത്തതിലേക്ക് കടക്കുക, അമിതമായ ആവേശപ്രകടനം, പെരുമാറ്റവൈകല്യങ്ങൾ തുടങ്ങിയവയാണ് അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD)എന്ന അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്നത്.
ഗർഭ കാലത്തെ സങ്കീർണതകൾ , പാരമ്പര്യ ഘടകങ്ങൾ, ശിഥിലമായ കുടുംബാന്തരീക്ഷം, അപൂർണ്ണമായ ബുദ്ധിവളർച്ച എന്നിവയാണ് ഇതിനുള്ള കാരണങ്ങൾ. അറ്റെൻഷൻ ഡെഫിസിറ്റ് ഹൈപ്പർആക്ടിവിറ്റി ഡിസോർഡർ (ADHD) ഉള്ള കുട്ടികൾ അതിന്റെ ലക്ഷണങ്ങൾ ചെറുപ്പം മുതൽക്ക് പ്രകടിപ്പിക്കുന്നു. ചെറുപ്പത്തിൽ പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ശ്രദ്ധിക്കാതെ പോയാൽ അത് ഭാവിയിൽ സങ്കീർണമാകുന്നു.
ഉത്കണ്ഠാരോഗങ്ങള്‍ (Anxiety disorders)
സംഘര്‍ഷങ്ങളോടനുബന്ധിച്ചുള്ള രോഗങ്ങള്‍ (Stress related disordres), മോഹാലസ്യ രോഗങ്ങള്‍ (Dissociative disorders), സൊമാറ്റോഫോം ഡിസോര്‍ഡര്‍ (Somatoform disorder) എന്നിവയാണ് പ്രധാനപ്പെട്ട ഉത്കണ്ഠാരോഗങ്ങള്‍ (Anxiety disorders). ഈ രോഗാവസ്ഥ പലപ്പോഴും കുടുംബങ്ങളിൽ നിന്ന് തന്നെയാണ് ലഭിക്കുന്നത്. ഉത്കണ്ഠാരോഗങ്ങള്‍ ഉള്ള കുട്ടികളുടെ കുടുംബങ്ങളില്‍ മാറാരോഗങ്ങളുള്ളവരും വിട്ടുമാറാത്ത ശാരീരികലക്ഷണങ്ങളുള്ളവരും ഉണ്ടാവാനുള്ള സാദ്ധ്യത കൂടുതലാണ്. പലപ്പോഴും ഇവരുടെ ലക്ഷണങ്ങളെ കുട്ടി അനുകരിച്ചു തുടങ്ങുകയാണു ചെയ്യുന്നത്. ഇത് കുട്ടിയുടെ മാനസികമായ ബലത്തെ ഇല്ലാതാക്കുന്നു. താൻ ഒരു രോഗിയാണ് എന്ന ചിന്ത വലിയ തരത്തിലുള്ള മാനസിക പ്രശ്നങ്ങളിലേക്ക് കുട്ടികളെ നയിക്കുന്നു. വീട്ടിൽ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങൾ നിലനിൽക്കുന്ന അവസ്ഥയാണ് ഉള്ളതെങ്കിൽ തങ്ങളുടെ ശാരീരികബുദ്ധിമുട്ടുകള്‍ കുടുംബത്തിലെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലികമായെങ്കിലും ശമനമുണ്ടാക്കുന്നതായി മനസ്സിലാക്കുന്ന കുട്ടികള്‍ ആ ലക്ഷണങ്ങളെ പെരുപ്പിച്ചുകാണിക്കാനും ശ്രമിക്കുന്നു. എന്നാൽ കുട്ടികൾ വളർന്നു കഴിഞ്ഞാലും പിന്നീട് ഈ അവസ്ഥയിൽ നിന്നും പുറത്ത് കടക്കാൻ അവർക്ക് കഴിയാതെ പോകുന്നു.
ബൈപോളാർ ഡിസോർഡർ
ഒരേ സമയം രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങൾ കാണിക്കുന്ന അവസ്ഥയാണ് ഇത്. ഈ അസുഖം ബാധിക്കുവരില്‍ ചെറുപ്പം തൊട്ടേ മുന്‍കോപം, വികാരങ്ങളെ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ തുടങ്ങിയ പ്രശ്നങ്ങള്‍ പ്രകടമാവാറുണ്ട്. വീടിനുള്ളിൽ നേരിടുന്ന അരക്ഷിതാവസ്ഥ, ഒറ്റപ്പെടൽ, മറ്റ് വേദനകൾ, മോശം അനുഭവങ്ങൾ എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകുന്നു. ഇവയ്‌ക്കെല്ലാം പുറമെ, ഈറ്റിങ്ങ് ഡിസോര്‍ഡേഴ്സ്, പാരാഫീലിയകള്‍, സ്കിസോഫ്രീനിയ, സ്കൂള്‍ റെഫ്യൂസല്‍,സ്ലീപ്പ് ഡിസോര്‍ഡേഴ്സ് ,സോഷ്യല്‍ ഫോബിയ തുടങ്ങിയ അവസ്ഥകളും കുട്ടികളെ ബാധിക്കാറുണ്ട്. കൃത്യമായ ചികിത്സയും പരിചരണവുമാണ് ഈ ഘട്ടത്തിൽ ഇത്തരം കുട്ടികൾക്ക് ആവശ്യം.
അടുത്തലക്കം : മനഃശാസ്ത്ര ചികിത്സ ഒളിക്കേണ്ട ഒന്നല്ല, മാറ്റണം ചിന്താഗതി !
Regards
Lakshmi Narayanan
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.