ഭർത്തൃഗൃഹത്തിലെ പീഡനവും ആത്മഹത്യകളും
ഈ തലക്കെട്ടുമായി ബന്ധപ്പെട്ട വിഷയം കേരളത്തിൽ ആരംഭം കുറിക്കുന്നത് പതിറ്റാണ്ടുകൾക്കും മുൻപാണ്. സ്ത്രീധനം കുറഞ്ഞുപോയതിന്റെയോ കിട്ടിയില്ലെന്നതിന്റെയോ പേരിൽ, ഒരുവന്റെ ഭാര്യയായി മറ്റൊരു വീട്ടിലേക്ക് ജീവിക്കാനെത്തുന്ന പെൺകുട്ടിയെ ഭർത്താവ് ഭർത്തൃവീട്ടുകാരോടൊപ്പമോ അല്ലാതെയോ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന സാഹചര്യം!
പെൺകുട്ടികൾക്ക് ആവശ്യത്തിന് പോലും വിദ്യാഭ്യാസം ലഭിക്കാതിരുന്ന, ജോലിയോ വരുമാനമോ ഇല്ലാതിരുന്ന, ആർത്തവമെത്തി മാസങ്ങൾക്കുള്ളിലൊ കുറഞ്ഞ വർഷങ്ങൾക്കുള്ളിലൊ പക്വതയെത്താത്ത പെൺകുഞ്ഞുങ്ങളെ വിവാഹം ചെയ്തു കൊടുത്തിരുന്ന കാലത്താണ് ഗാർഹികപീഡനങ്ങളും അതേ തുടർന്നുള്ള ആത്മഹത്യകളും കേരളീയർക്ക് പരിചിതമാകുന്നത് .
ഭർത്തൃഗൃഹത്തിലെ പീഡനങ്ങൾ തടയുന്നതിനുള്ള ഫലപ്രദമായ നിയമങ്ങൾ ഇല്ലാതിരുന്നതുകൊണ്ട് തന്നെ ഗാർഹികപീഡനങ്ങളും ആത്മഹത്യകളും തുടർക്കഥയായി. ഇതിനെല്ലാം ഹേതുവായ വിഷയം സ്ത്രീധനമാണെന്ന തിരിച്ചറിവിൽ 1961 ൽ സ്ത്രീധന നിരോധനനിയമം പാസാക്കി. ആ നിയമത്തിലൂടെ സ്ത്രീധനം ചോദിക്കുന്നതും, വാങ്ങുന്നതും, നൽകുന്നതും നിരോധിക്കപ്പെട്ടു.
എന്നാൽ മുന്നോട്ട് പോകുന്തോറും സ്ത്രീധനത്തെ തുടർന്നോ അല്ലാതെയോ ഉള്ള ഗാർഹിക പീഡനങ്ങൾ കുറയ്ക്കാൻ സ്ത്രീധന നിരോധനനിയമത്തിന് സാധിച്ചില്ല. അങ്ങനെ 2006 ഒക്ടോബർ മാസത്തിൽ ഗാർഹിക പീഡനനിരോധന നിയമം പ്രാപല്യത്തിൽ വന്നു.
പക്ഷെ, ഈ നിയമങ്ങളൊക്കെ നിലവിലുള്ളപ്പോഴും സ്ത്രീധനം എന്ന അനാചാരം അവസാനിച്ചില്ല. കാരണം, ആരും ആവശ്യപ്പെടാതെ വധൂവരന്മാർക്ക് സ്വന്തം ഇഷ്ടവും കഴിവും അനുസരിച്ച് വധുവിന്റെ മാതാപിതാക്കൾ നൽകുന്ന പാരിതോഷികങ്ങൾ സ്ത്രീധന നിരോധനനിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല എന്നതുകൊണ്ട് തന്നെ.
“നിങ്ങൾ മകൾക്ക് എന്ത് കൊടുക്കും? “ എന്ന ചോദ്യത്തിൽ നിന്ന് “നിങ്ങൾക്കിഷ്ടമുള്ളത് നിങ്ങളുടെ മകൾക്ക് കൊടുക്കുക” എന്ന വാചകത്തിലേക്ക് സ്ത്രീധനത്തിന്റെ രീതിമാറിയെന്ന് മാത്രം. അതുകൊണ്ട് തന്നെ വരന്റെയോ വീട്ടുകാരുടെയോ പ്രതീക്ഷയ്ക്കൊത്തുയരാത്ത സ്ത്രീധനമുതലുകൾ ഇന്നും പെൺകുട്ടികളുടെ മാനത്തിന് വില പറയുന്നു. അവർ അധിക്ഷേപിക്കപ്പെടുന്നു. ആക്രമിക്കപ്പെടുന്നു. ഒടുവിൽ ആത്മഹത്യയിൽ അഭയം തേടുന്നു. അല്ലെങ്കിൽ കൊല്ലപ്പെടുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം, ശാസ്ത്രലോകം ഇത്രയും വികസിച്ച, ജീവിതശൈലികൾ ഇത്രമേൽ പുരോഗമിച്ച, വസ്ത്രധാരണവും വ്യക്തിസ്വാതന്ത്ര്യവും കുതിച്ചുയർന്ന, പുരുഷനോടൊപ്പമോ അതിനുമുയരത്തിലോ പെൺകുട്ടികൾ/സ്ത്രീകൾ വിദ്യാഭ്യാസവും ജോലിയും പദവികളും നേടുന്ന ഈ കാലത്തും സ്ത്രീധനവും അതേ തുടർന്നുള്ള ഗാർഹിക പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും തുടരുന്നുവെങ്കിൽ അതിന്റെ കാരണങ്ങളിൽ പ്രധാനി സോഷ്യൽ കണ്ടീഷനിങ് തന്നെയാകുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ കണ്ണുകളെ ഈറനണിയിച്ച വിസ്മയ, അർച്ചന, സുചിത്ര, ലിജി, അഖില എന്നീ പെണ്മക്കൾ ഇന്നിന്റെ സ്വാർത്ഥതയുടെയും ക്രൂരതയുടെയും ഇരകളാണ്.
എന്താണ് സോഷ്യൽ കണ്ടീഷനിങ്?
നാം ജീവിക്കുന്ന സമൂഹത്തിന്റെ ഇച്ഛയ്ക്കും താൽപ്പര്യത്തിനും അനുസരിച്ചുള്ള അലിഖിത നിയമങ്ങളും ജീവിതരീതികളും പിന്തുടരുന്നതും, വ്യക്തി സ്വാതന്ത്ര്യത്തിന് പരിധികൾ തീർത്ത് അടുത്ത തലമുറയെ കൂടി അതിലേക്ക് ഉൾപ്പെടുത്തി അങ്ങനെ തന്നെ മുന്നോട്ട് പോകാൻ നിർബന്ധിക്കുന്നതോ, ആ രീതികളിൽ നിന്ന് പുറത്തുകടക്കാൻ കഴിയാത്ത വിധം രൂപപ്പെടുത്തി എടുത്തിട്ടുള്ളതോ ആകുന്നു.
സാധാരണ ജനങ്ങൾക്ക് മനസ്സിലാകുംവിധത്തിൽ അൽപ്പം കൂടി വ്യക്തമായി പറയാം..
നമ്മുടെ ജീവിതങ്ങൾ ഇത്രയേറെ പുരോഗമിക്കപ്പെട്ടപ്പോഴും, നാനാ വിധത്തിലുള്ള മനുഷ്യർ ഉൾപ്പെടുന്നതിനാൽ തന്നെ നമ്മുടെ ഇന്നത്തെ സാമൂഹിക സാഹചര്യത്തിലും മുൻപത്തേത് പോലെ തന്നെ ആൺകുട്ടികളുടെ വളർച്ചയുടെ ഘട്ടങ്ങളിൽ അവർ കാണുന്നതും, പഠിക്കുയ്ക്കുന്നതും, മുതിർന്നവർ അവർക്ക് പകർന്നു നൽകുന്നതും, മേൽക്കോയ്മയുടെ വശങ്ങളാണ്. എന്നാൽ പെൺകുട്ടികളാവട്ടെ തളർച്ചയുടെയും സഹനത്തിന്റെയും ഒത്തുതീർപ്പിന്റെയും അടിച്ചമർത്തലുകളുടെയും വശങ്ങളിൽ കുടുങ്ങിക്കിടക്കുന്നു.
ആൺകുഞ്ഞുങ്ങൾ സ്വാതന്ത്ര്യമറിഞ്ഞു വളരുമ്പോൾ പെൺകുഞ്ഞുങ്ങളിൽ ഉരുപ്പിടിപ്പിക്കുന്ന ചിന്ത 'ഞങ്ങൾക്കെന്തോ നഷ്ടപ്പെടാനുണ്ട്’-അത് കാത്ത് സൂക്ഷിച്ച് അടങ്ങിയൊതുങ്ങിക്കഴിയണമെന്നതാണ്.
ഭക്ഷണങ്ങളുടെ വ്യത്യസ്തത ആൺമക്കൾ ആസ്വദിക്കുമ്പോൾ, കിട്ടുന്ന ഒരു ഭാഗം കൊണ്ട് സന്തോഷിക്കാനാണ് ശ്രമിക്കേണ്ടതെന്ന് പെണ്മക്കളെ പഠിപ്പിക്കുന്നു . കൂടെ ‘പുട്ടിന് പീരപോലെ’ അന്യവീട്ടിൽ പോയി ജീവിക്കേണ്ടതാണെന്ന ഓർമ്മപ്പെടുത്തലും.
ഒരു ഘട്ടത്തിലും നിയന്ത്രിക്കപ്പെടാതെ ആൺമക്കൾ വളരുമ്പോൾ, അതേ പ്രായത്തിൽ നേട്ടങ്ങൾ സ്വന്തമാക്കി വളരുന്ന പെണ്മക്കൾ എല്ലാ ഘട്ടത്തിലും നിയന്ത്രിക്കപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യമില്ലാതെ വായടയ്ക്കുന്നു.
വിവാഹപ്രായമെത്തിയാൽ പെൺകുട്ടികളുടെ കുടുംബത്തിൽ നിന്നും പലതും അർഹിക്കുന്നവരാണ് തങ്ങൾ എന്ന കാഴ്ചപ്പാടിലേക്ക് കുടുംബവും സമൂഹവും തന്നെ ആൺകുട്ടികളെ എത്തിയ്ക്കുന്നു. മറുവശത്ത് പെൺകുട്ടികളാകട്ടെ അത് അവർക്ക് കൊടുക്കേണ്ടതാണെന്നും, എത്ര അഭ്യസ്ഥവിദ്യരാണെങ്കിലും വിവാഹശേഷം ഭർത്താവിന്റെ കാൽക്കലാണ് തങ്ങളുടെ ജീവിതമെന്ന ദുർവിധിയോട് പൊരുത്തപ്പെടാനും ശ്രമിക്കുന്നു..
ഇഷ്ടപ്പെട്ട വസ്ത്രം ധരിച്ചാലോ, ആൺസുഹൃത്തുക്കളുണ്ടായാലോ, ദൂരദേശത്ത് പോയി പഠിച്ചാലോ, ഇഷ്ടപ്പെട്ട ജോലിയ്ക്ക് പോയാലോ, രാത്രി അൽപ്പം വൈകി വീട്ടിലെത്തിയാലോ, ഇഷ്ടപ്പെട്ടവനോടൊത്ത് ജീവിക്കാൻ തീരുമാനിച്ചാലോ, ഇഷ്ടപ്പെടാൻ സാധിക്കാത്ത വിവാഹ ജീവിതത്തിൽ നിന്നും പുറത്തിറങ്ങാൻ ശ്രമിച്ചാലോ ഒക്കെ തങ്ങൾക്ക് നേരെ നീളുന്ന ഡിക്ടക്റ്റീവ് കണ്ണുകളെയും, അടക്കം പറച്ചിലുകളെയും, ഇരുട്ടിൽ ആക്രമിയ്ക്കാൻ കാത്തിരിക്കുന്ന നരാധമന്മാരെയും പേടിച്ച് മുന്നോട്ട് നടക്കാതെ ആഗ്രഹങ്ങളെ ചേർത്ത് പിടിച്ച് സമൂഹത്തിന്റെ വഴിയിലങ്ങനെ ജീവിച്ചു തീരുന്നു.
ഭർത്താവിൽ നിന്നും ഭർത്തൃഗൃഹത്തിൽ നിന്നും ഗാർഹികപീഡനങ്ങൾ ഏറ്റുവാങ്ങുമ്പോഴും പുറത്തു കടക്കുന്നതിൽ നിന്ന് പെൺകുട്ടികളെ/സ്ത്രീകളെ പിന്തിരിപ്പിക്കുന്നതെന്തൊക്കെ ആവാം?
സ്നേഹം/ശരിയാകുമെന്ന പ്രതീക്ഷ.
എത്ര മോശമായ പെരുമാറ്റങ്ങൾ ഉണ്ടായെന്നാലും, സത്യാവസ്ഥ ബോധ്യപ്പെടുമ്പോഴും, പങ്കാളിയോട് മുൻപ് ഉണ്ടായ അതിയായ സ്നേഹം മൂലം പിടിച്ചു നിൽക്കണമെന്ന നിലയ്ക്കുണ്ടാകുന്ന തോന്നലുകൾ. എല്ലാം എന്നെങ്കിലും ശരിയാകും, അതുവരെ കാത്തിരിക്കണമെന്ന തീരുമാനം.
സ്വന്തമായി കണ്ടെത്തുന്ന ന്യായീകരണങ്ങൾ.
ഭർത്താവിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്ന മോശം പെരുമാറ്റങ്ങൾക്ക് അദ്ദേഹത്തിന്റെ വശമെന്നോളം പൊള്ളയായ ന്യായീകരണങ്ങൾ തേടിപ്പിടിക്കുക. ചില അവസരങ്ങളിൽ സ്വന്തമായി കുറ്റപ്പെടുത്തുക.
ബ്രെഡ്ക്രമ്പിങ്
ഇത് പങ്കാളിയെ മാനിപുലേറ്റ് ചെയ്യുന്ന ഒരു തരം രീതിയാണ്. ഒട്ടും സ്നേഹമോ ആത്മാർഥതയോ ഇല്ലയെങ്കിലും പങ്കാളി തന്നിൽ നിന്ന് അകന്നു പോകാതിരിക്കാനായി വല്ലപ്പോഴും ഒരിക്കൽ ചുരുങ്ങിയ സമയത്തേക്ക് അമിത സ്നേഹവും കരുതലും പ്രകടിപ്പിക്കുക. മടുത്ത് തളർന്ന വ്യക്തിയ്ക്ക് ആ 'റോട്ടിപ്പൊടി’ വീണ്ടും പ്രതീക്ഷകൾ നൽകുന്നു.
സാധാരണവൽക്കരിക്കൽ.
തന്റെ കുറ്റകൃത്യങ്ങളുടെ അളവ് കുറക്കുന്നതിന്റെയോ നല്ലവനാണെന്ന് ബോധ്യപ്പെടുത്തുന്നതിന്റെയോ ഭാഗമായി ചെയ്ത പ്രവൃത്തികളൊന്നും വലിയ കാര്യങ്ങളല്ല എന്നരീതിയിൽ വരുത്തി തീർക്കുക. അതിന് വ്യത്യസ്തമായ രീതികളാവാം ആ വ്യക്തി കൈക്കൊള്ളുന്നത്.
ഭാര്യയുടെ പോരായ്മകളെ ചികഞ്ഞെടുത്ത് അവതരിപ്പിക്കുക, തന്റെ ജോലിഭാരത്തെ കുറിച്ച് വാചാലനാകുക, വീട്ടിലേക്ക് സമയാസമയങ്ങളിൽ വാങ്ങിയെത്തിയ്ക്കുന്ന പലചരക്കു സാധനങ്ങളെ കുറിച്ച് ഓർമ്മിപ്പിക്കുക, കഴിഞ്ഞ് പോയ സംഘർഷഭരിതമായ നിമിഷങ്ങളിൽ ഭാര്യ എങ്ങനെ പെരുമാരണമായിരുന്നു എന്ന് വിശദീകരിച്ചു കൊടുക്കുക, ഭാര്യയുടെ സ്വഭാവരീതിയെയും പെരുമാറ്റത്തെയും ആക്ഷേപിക്കുക, ഇതൊക്ക എല്ലാ കുടുംബങ്ങളിൽ ഉണ്ടാകുന്നതാണെന്നും ഭാര്യ അതിനെ സങ്കീർണ്ണമാക്കുകയാണെന്നും ആരോപിക്കുക തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്.
ഭീഷണി/ഭയം.
നീയെന്നെ വിട്ട് ഈ വീട്ടിൽ നിന്നും ഇറങ്ങിപ്പോയാൽ എനിക്ക് നാണക്കേടാണ്-അതുകൊണ്ട് തന്നെ ഞാൻ ആത്മഹത്യ ചെയ്യും, നിന്നെ സ്വസ്ഥമായി ജീവിക്കാൻ അനുവദിക്കില്ല, നിന്നെ ഞാൻ കൊല്ലും, മക്കളെ ഞാൻ കൊല്ലും മുതലായ ഭീഷണികളും അതേ തുടർന്ന് ഭാര്യമാരിൽ ജനിക്കുന്ന ഭയവും.
ഇരു വീട്ടുകാരുടെയും നിർദ്ദേശങ്ങളും/അപേക്ഷകളും.
പെൺകുട്ടികൾ ഈ വിധമുള്ള പ്രശ്നങ്ങൾ സ്വന്തം വീട്ടിലോ ഭർത്തൃവീട്ടുകാരുടെ മുന്നിലോ അവതരിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അനുകൂലമല്ലാത്ത നിലപാടുകൾ, അല്ലെങ്കിൽ സഹിച്ചും ക്ഷമിച്ചും നോക്കാനുള്ള നിർദ്ദേശങ്ങൾ. ഭർത്തൃഗൃഹത്തിൽ നിന്നുള്ള പൊള്ളയായ അപേക്ഷകളും പരിഹരിച്ചു തരാമെന്ന ഉറപ്പും.
സഹായം തേടാനുള്ള വിമുഖത.
തന്റെ ജീവിതത്തിലുണ്ടായ തകർച്ച മറ്റുള്ളവരെ അറിയിക്കുവാൻ താൽപ്പര്യം ഇല്ലാതിരിക്കുക, സമൂഹത്തിന്റെ മുന്നിൽ ഇങ്ങനെ ഒരു പ്രശ്നം എങ്ങനെ അവതരിപ്പിക്കും എന്ന ധാരണയില്ലായ്മ, അന്തർമുഖമായ പെരുമാറ്റം ഉള്ള ഒരു വ്യക്തിയെ സംബന്ധിച്ച് മറ്റുള്ളവരോട് സംസാരിക്കാനോ പ്രശ്നങ്ങൾ പങ്കുവയ്ക്കാനോ മുൻകൈ എടുക്കുവാനോ ഉള്ള ബുദ്ധിമുട്ട്, ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമസഹായം എങ്ങനെ തേടണമെന്ന അറിവില്ലായ്മ- മുന്നോട്ട് നീങ്ങാനുള്ള മടി.
പണം/മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ചുള്ള ആശങ്ക.
ആവശ്യത്തിന് പണമില്ലാത്തതുകൊണ്ടും, കൃത്യമായ വരുമാനമോ വിദ്യാഭ്യാസമോ ഇല്ലാത്തതുകൊണ്ടും മുന്നോട്ടുള്ള ജീവിതം എങ്ങനെയാകുമെന്ന ആശങ്ക.
നാണക്കേട്/മറ്റുള്ളവരുടെ പ്രതികരണം.
സുരക്ഷിതമല്ലാതിരുന്ന വിവാഹജീവിതം പോലും തകരുന്നത് മറ്റുള്ളവരുടെ മുന്നിൽ നാണക്കേടാണെന്ന ചിന്ത. കൂട്ടുകാരും നാട്ടുകാരും കുടുംബക്കാരും എങ്ങനെ പ്രതികരിക്കുമെന്നും അവ മറികടന്നെങ്ങനെ മുന്നോട്ട് പോകുമെന്നുമുള്ള ആശങ്ക.
മക്കളെ കുറിച്ചുള്ള ആകുലത.
മക്കളുടെ മുന്നോട്ടുള്ള ജീവിതം, വിദ്യാഭ്യാസം, അച്ഛനില്ലാതെ വളരേണ്ട സാഹചര്യം മുതലായ ആകുലത.
ഒറ്റപ്പെടൽ.
എല്ലാ പ്രശ്നങ്ങളും കൃത്യമായി അവതരിപ്പിച്ചാലും, ഭർത്തൃഗൃഹത്തിൽ നിന്നും കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാത്ത വീട്ടുകാരുടെയും സുഹൃത്തുകളുടെയും മറ്റു പ്രിയപ്പെട്ടവരുടെയും വശത്തുനിന്നും അനുഭവിക്കേണ്ടി വരുന്ന കുറ്റപ്പെടുത്തലുകൾളും, തുടർന്ന് ഉണ്ടാവാൻ സാധ്യതയുള്ള ഒറ്റപ്പെടലും.
സ്വന്തം വീട്ടിലെ സാഹചര്യം.
വിവാഹബന്ധം ഉപേക്ഷിച്ച് സ്വന്തം വീട്ടിലേക്ക് തിരികെ കയറിചെന്നാലുണ്ടാകാനിടയുള്ള മാനസിക ബുദ്ധിമുട്ടുകൾ!
വീട്ടുകാർ വേദനിക്കും, വിവാഹം ചെയ്തുവിട്ട പെൺകുട്ടി വീട്ടിൽ വന്നുനിൽക്കുകയാണെന്ന കാര്യം വീട്ടുകാർക്ക് നാണക്കേടുണ്ടാക്കും, മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബാധ്യതയാകും, വീട്ടിലെ സാമ്പത്തിക ബാധ്യതകൾക്കൊപ്പം വിവാഹച്ചെലവുകൾ വരുത്തിവച്ച ബാധ്യതകൾ കഴിഞ്ഞിട്ടില്ല, എന്നിങ്ങനെയുള്ള ചിന്തകൾ.
ഒബ്സെർവേഷണൽ ലേണിംഗ്.
ഒബ്സെർവേഷണൽ ലേണിംഗ് എന്നാൽ ചുറ്റിലുമുള്ളവ നിരീക്ഷിച്ച് അതിലൂടെ ആർജ്ജിയ്ക്കുന്ന പാഠങ്ങളാണ്.
സ്വന്തം വീട്ടിലോ ബന്ധുക്കളുടെ വീടുകളിലോ സമാനമായ സാഹചര്യം, പെൺകുട്ടിയുടെ സ്വഭാവരൂപീകരണത്തിന്റെ കാലത്തോ വിവാഹത്തിനു മുൻപോ കാണുകയും അതിനോട് ഇരയുടെ പ്രതികരണരീതി ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ടാവാം. നിസ്സഹായ ആയ ഇരയായ സ്ത്രീ പിന്തുടർന്ന അതേ രീതിയാണ് പ്രശ്നങ്ങൾ ഒഴിവാക്കാൻ നല്ലതെന്ന കാഴ്ചപ്പാടും രൂപപ്പെട്ടിരിക്കാം.
ലേൺഡ് ഹെൽപ്‌ലെസ്സ്നെസ്സ്.
സ്ഥിരമായി നിസ്സഹായവസ്ഥ(ഹെൽപ്‌ലെസ്സ്നെസ്സ്) അനുഭവിച്ച് അത് അങ്ങനെ തന്നെ തുടരാൻ പഠിക്കുക. മുന്നിൽ മറികടക്കാൻ വഴികൾ ഉണ്ടായിരുന്നാലും ഉപയോഗിക്കാതെ ആ നിസ്സഹായവസ്ഥ ശീലമാക്കുക.
ഈ വിധത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മാതാപിതാക്കൾക്കും മക്കൾക്കും വളർച്ചയുടെ എല്ലാ പ്രധാനഘട്ടങ്ങളിലും പെരുമാറ്റവും, മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണക്ലാസുകൾ നൽകുന്നത് ഒരു പരിധി വരെ പ്രയോജനപ്പെട്ടേക്കാം. വ്യക്തിത്വവും, വ്യക്തിത്വവികസനവും ഉൾപ്പെടുത്തിയ സെഷനുകൾ വ്യക്തിത്വവികസനത്തിന്റെ പാതയിൽ മക്കളെ സഹായിച്ചേക്കാം.
മാതാപിതാക്കളോട്- നിങ്ങളുടെ മക്കളുടെ സ്വഭാവപെരുമാറ്റവൈകല്ല്യങ്ങളുടെ പരിഹാരം കൃത്യമായ ചികിത്സയാണ്, വിവാഹമല്ല!
Psy. സ്വർഗ്ഗീയ ഡി പി
കൺസൾട്ടന്റ് സൈക്കോളജിസ്റ്റ്
Create your profile
Only paid subscribers can comment on this post
Check your email
For your security, we need to re-authenticate you.
Click the link we sent to , or click here to sign in.